വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീതി നിമിത്തം പീഡിപ്പിക്കപ്പെടുന്നു

നീതി നിമിത്തം പീഡിപ്പിക്കപ്പെടുന്നു

നീതി നിമിത്തം പീഡിപ്പിക്കപ്പെടുന്നു

“നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ [“പീഡിപ്പിക്കപ്പെട്ടിരിക്കുന്നവർ സന്തുഷ്ടർ,” NW].”​—⁠മത്തായി 5:10.

1. പൊന്തിയൊസ്‌ പീലാത്തൊസിന്റെ മുമ്പാകെ യേശു സന്നിഹിതനായത്‌ എന്തുകൊണ്ട്‌, അവൻ എന്തു പറഞ്ഞു?

“സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) യേശു അതു പറഞ്ഞപ്പോൾ, അവൻ യഹൂദ്യയിലെ റോമൻ ഗവർണറായിരുന്ന പൊന്തിയൊസ്‌ പീലാത്തൊസിന്റെ മുമ്പാകെ ആയിരുന്നു. സ്വന്ത ഇഷ്ടത്താലോ പീലാത്തൊസ്‌ ക്ഷണിച്ചിട്ടോ അല്ല യേശു അവിടെ സന്നിഹിതനായത്‌. മറിച്ച്‌, മരണശിക്ഷ അർഹിക്കുന്ന കുറ്റം അവൻ ചെയ്‌തുവെന്ന യഹൂദ മതനേതാക്കന്മാരുടെ വ്യാജാരോപണത്തിന്റെ ഫലമായിട്ടായിരുന്നു.—യോഹന്നാൻ 18:29-31.

2. യേശു ഏതു നടപടി സ്വീകരിച്ചു, ഫലം എന്തായിരുന്നു?

2 തന്നെ വിട്ടയയ്‌ക്കാനോ വധിക്കാനോ ഉള്ള അധികാരം പീലാത്തൊസിന്‌ ഉണ്ടെന്ന്‌ യേശുവിനു നന്നായി അറിയാമായിരുന്നു. (യോഹന്നാൻ 19:10) എന്നാൽ അത്‌, രാജ്യത്തെ കുറിച്ച്‌ പീലാത്തൊസിനോടു ധൈര്യപൂർവം സംസാരിക്കുന്നതിൽനിന്ന്‌ അവനെ തടഞ്ഞില്ല. ജീവൻ അപകടത്തിലായിരുന്നെങ്കിലും പ്രദേശത്തെ ഏറ്റവും ഉയർന്ന ഗവൺമെന്റ്‌ അധികാരിക്ക്‌ സാക്ഷ്യം നൽകാൻ യേശു പ്രസ്‌തുത അവസരം വിനിയോഗിച്ചു. ആ സാക്ഷ്യം ഉണ്ടായിരുന്നിട്ടും, യേശു കുറ്റംവിധിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌തു. ദണ്ഡനസ്‌തംഭത്തിലെ അങ്ങേയറ്റം വേദനാകരമായ ഒരു രക്തസാക്ഷി മരണമായിരുന്നു അവന്റേത്‌.​—⁠മത്തായി 27:24-26; മർക്കൊസ്‌ 15:15; ലൂക്കൊസ്‌ 23:24, 25; യോഹന്നാൻ 19:13-16.

സാക്ഷിയോ രക്തസാക്ഷിയോ?

3. ബൈബിൾ കാലങ്ങളിൽ “രക്തസാക്ഷി” എന്നതിന്റെ അർഥം എന്തായിരുന്നു, ഇക്കാലത്ത്‌ അത്‌ എന്തർഥമാക്കുന്നു?

3 രക്തസാക്ഷി എന്നു കേട്ടാൽ മതഭ്രാന്തൻ എന്നോ തീവ്രവാദി എന്നോ ഒക്കെയാകാം ഇക്കാലത്തെ അനേകരും ചിന്തിക്കുക. തങ്ങളുടെ വിശ്വാസത്തിനുവേണ്ടി, പ്രത്യേകിച്ച്‌ മതവിശ്വാസത്തിനുവേണ്ടി, മരണം വരിക്കാൻ സന്നദ്ധരാകുന്നവർ ഭീകരരാണെന്ന്‌ അല്ലെങ്കിൽ കുറഞ്ഞപക്ഷം സമൂഹത്തിനു ഭീഷണിയാണെന്ന്‌ മിക്കപ്പോഴും സംശയിക്കപ്പെടുന്നു. എന്നിരുന്നാലും, രക്തസാക്ഷി എന്നതിന്റെ ഇംഗ്ലീഷ്‌ പദം വന്നിരിക്കുന്ന ഗ്രീക്കു പദത്തിനു (മാർട്ടിസ്‌) ബൈബിൾ കാലങ്ങളിൽ, “സാക്ഷി,” ഒരുപക്ഷേ കോടതിവിചാരണയുടെ സമയത്ത്‌, താൻ വിശ്വസിക്കുന്ന കാര്യങ്ങളുടെ സത്യതയ്‌ക്കു സാക്ഷ്യം നൽകുന്നവൻ എന്ന അർഥമാണ്‌ ഉണ്ടായിരുന്നത്‌. “സാക്ഷ്യംവഹിക്കുന്നതു നിമിത്തം ജീവൻ വെടിയുന്നവൻ” എന്നോ “ജീവൻ വെടിഞ്ഞുകൊണ്ട്‌ സാക്ഷ്യം വഹിക്കുന്നവൻ” എന്നോ ഉള്ള അർഥം പിൽക്കാലത്താണ്‌ ആ പദത്തിനു കൈവന്നത്‌.

4. മുഖ്യമായും ഏത്‌ അർഥത്തിലാണ്‌ യേശു ഒരു രക്തസാക്ഷി ആയിരുന്നത്‌?

4 മേൽപ്പറഞ്ഞ വാക്കിന്റെ ആദ്യകാല അർഥത്തിലാണ്‌ യേശു മുഖ്യമായും ഒരു രക്തസാക്ഷി ആയിരുന്നത്‌. പീലാത്തൊസിനോടു പറഞ്ഞപ്രകാരം, ‘സത്യത്തിനു സാക്ഷി നിൽക്കേണ്ടതിനാണ്‌’ അവൻ വന്നത്‌. അവന്റെ സാക്ഷ്യം വളരെ വ്യത്യസ്‌തമായ പ്രതികരണങ്ങളാണ്‌ ആളുകളിൽ ഉളവാക്കിയത്‌. സാധാരണക്കാരായ ചിലർ തങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങളാൽ അത്യധികം പ്രചോദിതരായി യേശുവിൽ വിശ്വാസമർപ്പിച്ചു. (യോഹന്നാൻ 2:23; 8:30) കൂടാതെ, ജനക്കൂട്ടം പൊതുവിലും മതനേതാക്കന്മാർ പ്രത്യേകിച്ചും വളരെ ശക്തമായി പ്രതികരിച്ചു, നിഷേധാത്മകമായിട്ടായിരുന്നു എന്നു മാത്രം. തന്റെ അവിശ്വാസികളായ ബന്ധുക്കളോട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.” (യോഹന്നാൻ 7:7) സത്യത്തിനു സാക്ഷ്യം വഹിച്ചതു നിമിത്തം യേശു ദേശീയ നേതാക്കന്മാരുടെ ക്രോധപാത്രമായി. അത്‌ അവന്റെ മരണത്തിൽ കലാശിച്ചു. തീർച്ചയായും, അവൻ “വിശ്വസ്‌തനും സത്യവാനുമായ സാക്ഷി (മാർട്ടിസ്‌)” ആയിരുന്നു.​—⁠വെളിപ്പാടു 3:14.

“നിങ്ങളെ പകെക്കും”

5. തന്റെ ശുശ്രൂഷയുടെ പ്രാരംഭഘട്ടത്തിൽ, പീഡനത്തെ കുറിച്ച്‌ യേശു എന്തു പറഞ്ഞു?

5 യേശുതന്നെ ഉഗ്രമായ പീഡനത്തിനു വിധേയനായെന്നു മാത്രമല്ല, തന്റെ അനുഗാമികൾക്ക്‌ അതു സംഭവിക്കുമെന്ന്‌ അവൻ മുന്നറിയിപ്പു നൽകുകയും ചെയ്‌തു. തന്റെ ശുശ്രൂഷയുടെ പ്രാരംഭഘട്ടത്തിലായി യേശു നടത്തിയ ഗിരിപ്രഭാഷണത്തിൽ അവൻ ശ്രോതാക്കളോട്‌ ഇങ്ങനെ പറഞ്ഞു: “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ [“പീഡിപ്പിക്കപ്പെട്ടിരിക്കുന്നവർ,” NW] ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും [“പീഡിപ്പിക്കുകയും,” NW] നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ.”​—⁠മത്തായി 5:10-12.

6. തന്റെ 12 അപ്പൊസ്‌തലന്മാരെ അയയ്‌ക്കവേ യേശു ഏതു മുന്നറിയിപ്പു നൽകി?

6 പിന്നീട്‌, 12 അപ്പൊസ്‌തലന്മാരെ അയച്ച സന്ദർഭത്തിൽ യേശു അവരോടു പറഞ്ഞു: “മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്‌പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കൻമാർക്കുംമുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.” എന്നാൽ, ശിഷ്യന്മാരെ പീഡിപ്പിക്കുന്നത്‌ മത അധികാരികൾ മാത്രമായിരിക്കില്ല. യേശു ഇങ്ങനെയും പറഞ്ഞു: “സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്‌പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേററു അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവനോ രക്ഷിക്കപ്പെടും.” (മത്തായി 10:17, 18, 21, 22) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ ചരിത്രം ആ വാക്കുകളുടെ സത്യതയ്‌ക്ക്‌ അടിവരയിടുന്നു.

വിശ്വസ്‌തമായ സഹിച്ചുനിൽപ്പിന്റെ ഒരു രേഖ

7. സ്‌തെഫാനൊസ്‌ രക്തസാക്ഷി ആകുന്നതിലേക്കുനയിച്ചതെന്ത്‌?

7 യേശു മരിച്ചതിനുശേഷം ഉടനെ, സത്യത്തിനു സാക്ഷ്യം വഹിച്ചതിന്റെ പേരിൽ മരണം വരിച്ച ആദ്യത്തെ ക്രിസ്‌ത്യാനി ആയിത്തീർന്നു സ്‌തെഫാനൊസ്‌. അവൻ “കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും” ചെയ്‌തുപോന്നിരുന്നു. അവന്റെ മത വൈരികൾക്ക്‌ ‘അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്‌പാൻ കഴിഞ്ഞില്ല.’ (പ്രവൃത്തികൾ 6:8, 10) അസൂയ നിറഞ്ഞ അവർ സ്‌തെഫാനൊസിനെ യഹൂദ ഹൈക്കോടതിയായ സെൻഹെദ്രിമിന്റെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. അവിടെ, തന്റെ വ്യാജാരോപകരുടെ മുമ്പാകെ അവൻ ശക്തമായ സാക്ഷ്യം നൽകി. എന്നിരുന്നാലും, ഒടുവിൽ ശത്രുക്കൾ ഈ വിശ്വസ്‌ത സാക്ഷിയെ കൊലചെയ്‌തു.—പ്രവൃത്തികൾ 7:59, 60.

8. സ്‌തെഫാനൊസിന്റെ മരണത്തെ തുടർന്നു തങ്ങൾക്കുണ്ടായ പീഡനത്തോട്‌ യെരൂശലേമിലെ ശിഷ്യർ പ്രതികരിച്ചത്‌ എങ്ങനെ?

8 സ്‌തെഫാനൊസിന്റെ വധത്തെ തുടർന്ന്‌, “യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം [“പീഡനം,” NW] നേരിട്ടു; അപ്പൊസ്‌തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.” (പ്രവൃത്തികൾ 8:1) സാക്ഷ്യം നൽകുന്നതിൽനിന്ന്‌ ആ പീഡനം ക്രിസ്‌ത്യാനികളെ പിന്തിരിപ്പിച്ചോ? ഇല്ല. നേരെ മറിച്ച്‌, “ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു” എന്നു വിവരണം നമ്മോടു പറയുന്നു. (പ്രവൃത്തികൾ 8:4) “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന്‌ മുമ്പൊരിക്കൽ പ്രസ്‌താവിച്ചപ്പോൾ പത്രൊസ്‌ അപ്പൊസ്‌തലനു തോന്നിയതുപോലെ അവർക്കു തോന്നിയിരിക്കാം. (പ്രവൃത്തികൾ 5:29) പീഡനത്തിന്മധ്യേയും, വിശ്വസ്‌തരും ധീരരുമായ ആ ശിഷ്യർ സത്യത്തിനു സാക്ഷ്യം വഹിക്കുകയെന്ന വേലയോടു പറ്റിനിന്നു, അത്‌ കൂടുതൽ പീഡനത്തിന്‌ ഇടയാക്കുമെന്ന്‌ അറിയാമായിരുന്നിട്ടുകൂടി.​—⁠പ്രവൃത്തികൾ 11:19-21.

9. യേശുവിന്റെ അനുഗാമികൾക്ക്‌ തുടർന്നും എന്തെല്ലാം പീഡനങ്ങൾ ഉണ്ടായി?

9 തീർച്ചയായും, പീഡനത്തിനു യാതൊരു അയവും ഇല്ലായിരുന്നു. ഒന്നാമതായി, സ്‌തെഫാനൊസിനെ കല്ലെറിഞ്ഞുകൊല്ലുന്നതിനു മൗനസമ്മതം നൽകിയ ശൗൽ, “കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്‌കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്‌ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി”യതായി നാം മനസ്സിലാക്കുന്നു. (പ്രവൃത്തികൾ 9:1, 2) തുടർന്ന്‌, പൊ.യു. ഏകദേശം 44-ൽ “ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈനീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.”​—⁠പ്രവൃത്തികൾ 12:1, 2.

10. പീഡനത്തെ കുറിച്ചുള്ള എന്തു രേഖയാണ്‌ പ്രവൃത്തികളിലും വെളിപ്പാടിലും നാം കാണുന്നത്‌?

10 പ്രവൃത്തികളുടെ പുസ്‌തകത്തിന്റെ തുടർന്നുള്ള ഭാഗത്ത്‌, അപ്പൊസ്‌തലനായിത്തീർന്ന മുൻ പീഡകനായ പൗലൊസിനെ പോലുള്ള വിശ്വസ്‌തർ അഭിമുഖീകരിച്ച വിചാരണകളെയും അവർ സഹിച്ച തടവുകളെയും പീഡനത്തെയും കുറിച്ചുള്ള മായാത്ത രേഖയാണുള്ളത്‌. പൊ.യു. ഏകദേശം 65-ൽ റോമൻ ചക്രവർത്തിയായ നീറോയുടെ കൈകളാൽ പൗലൊസ്‌ രക്തസാക്ഷിത്വം വരിച്ചിരിക്കാനാണ്‌ സാധ്യത. (2 കൊരിന്ത്യർ 11:23-27; 2 തിമൊഥെയൊസ്‌ 4:6-8) അവസാനമായി, ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിൽ എഴുതപ്പെട്ട വെളിപ്പാടു പുസ്‌തകത്തിൽ, “ദൈവവചനവും യേശുവിന്റെ സാക്ഷ്യവും” നിമിത്തം വൃദ്ധ അപ്പൊസ്‌തലനായ യോഹന്നാൻ പത്മൊസ്‌ ദ്വീപിൽ തടവിലാക്കപ്പെട്ടിരിക്കുന്നതായി നാം വായിക്കുന്നു. പെർഗ്ഗമൊസിൽവെച്ച്‌ ‘കൊല്ലപ്പെട്ട’ “എന്റെ സാക്ഷിയും വിശ്വസ്‌തനുമായ അന്തിപ്പാസിനെ” കുറിച്ചുള്ള ഒരു പരാമർശവും വെളിപ്പാടിലുണ്ട്‌.​—⁠വെളിപ്പാടു 1:9; 2:13.

11. പീഡനത്തെ കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ സത്യമാണെന്ന്‌ ആദിമ ക്രിസ്‌ത്യാനികളുടെ പ്രവർത്തനഗതി തെളിയിച്ചത്‌ എങ്ങനെ?

11 ഇതെല്ലാം, ശിഷ്യന്മാരോടുള്ള യേശുവിന്റെ പിൻവരുന്ന വാക്കുകൾ സത്യമാണെന്നു തെളിയിച്ചു: “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹന്നാൻ 15:20) ഏറ്റവും വലിയ പരിശോധനയെ, അതായത്‌, ദണ്ഡനത്താലോ വന്യമൃഗങ്ങളുടെ മുന്നിലേക്ക്‌ എറിഞ്ഞുകൊടുത്തോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള മരണത്തെ നേരിടാൻ വിശ്വസ്‌തരായ ആദിമ ക്രിസ്‌ത്യാനികൾ ഒരുക്കമുള്ളവരായിരുന്നു. കർത്താവായ യേശുക്രിസ്‌തു നൽകിയ പിൻവരുന്ന നിയോഗം നിർവഹിക്കാനായിരുന്നു അത്‌: ‘നിങ്ങൾ യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.’​—⁠പ്രവൃത്തികൾ 1:⁠8.

12. ക്രിസ്‌ത്യാനികളുടെ മേലുള്ള പീഡനം കേവലം ഒരു കഴിഞ്ഞകാല സംഗതി അല്ലാത്തത്‌ എന്തുകൊണ്ട്‌?

12 യേശുവിന്റെ അനുഗാമികളോടുള്ള അത്തരം ക്രൂരമായ പെരുമാറ്റം കഴിഞ്ഞകാലത്തു മാത്രമേ സംഭവിച്ചിട്ടുള്ളുവെന്ന്‌ ആരെങ്കിലും കരുതുന്നെങ്കിൽ, അയാൾക്ക്‌ അങ്ങേയറ്റം തെറ്റുപറ്റിയിരിക്കുന്നു. ധാരാളം കഷ്ടപ്പാടുകൾ സഹിച്ചതായി നാം കണ്ട പൗലൊസ്‌ ഇപ്രകാരം എഴുതി: “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ്‌ 3:12) പീഡനത്തെ കുറിച്ച്‌ പത്രൊസ്‌ പറഞ്ഞു: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ്‌ 2:21) വ്യവസ്ഥിതിയുടെ ഈ ‘അന്ത്യകാലം’ വരെയും യഹോവയുടെ ജനം വിദ്വേഷത്തിനും ശത്രുതയ്‌ക്കും പാത്രമായിക്കൊണ്ടാണിരിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) ഭൂമിയിലുടനീളം, സ്വേച്ഛാധിപത്യത്തിൻ കീഴിലും ജനാധിപത്യ രാജ്യങ്ങളിലും, യഹോവയുടെ സാക്ഷികൾ ഏതെങ്കിലുമൊരു സമയത്ത്‌ വ്യക്തികളോ കൂട്ടമോ എന്ന നിലയിൽ പീഡനത്തിനു വിധേയരായിട്ടുണ്ട്‌.

വിദ്വേഷത്തിനും പീഡനത്തിനും പാത്രമാകുന്നത്‌ എന്തുകൊണ്ട്‌?

13. പീഡനത്തോടുള്ള ബന്ധത്തിൽ യഹോവയുടെ ആധുനികകാല ദാസർ എന്തു മനസ്സിൽ പിടിക്കണം?

13 നമ്മിൽ മിക്കവർക്കും ഇന്ന്‌ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനും സമാധാനപരമായി കൂടിവരാനും ഒരു പരിധിവരെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും, “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്‌” എന്ന ബൈബിളിന്റെ ഓർമിപ്പിക്കലിന്‌ നാം ചെവികൊടുക്കണം. (1 കൊരിന്ത്യർ 7:​31, NW) നാം മാനസികവും വൈകാരികവും ആത്മീയവുമായി സജ്ജരല്ലാത്തപക്ഷം എളുപ്പം ഇടറിപ്പോയേക്കാവുന്ന വിധത്തിൽ കാര്യങ്ങൾക്കു വളരെ പെട്ടെന്ന്‌ മാറ്റംഭവിച്ചേക്കാം. അങ്ങനെയെങ്കിൽ, നമ്മെത്തന്നെ സംരക്ഷിക്കാനായി നമുക്ക്‌ എന്തു ചെയ്യാനാകും? അതിനുള്ള ഫലപ്രദമായ ഒരു വിധം, സമാധാന സ്‌നേഹികളും നിയമം അനുസരിക്കുന്നവരുമായ ക്രിസ്‌ത്യാനികൾ വിദ്വേഷത്തിനും പീഡനത്തിനും പാത്രമാകുന്നതിന്റെ കാരണം വ്യക്തമായി മനസ്സിൽ പിടിക്കുക എന്നതാണ്‌.

14. ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെട്ടതിന്റെ കാരണം സംബന്ധിച്ച്‌ പത്രൊസ്‌ എന്തു പറഞ്ഞു?

14 അപ്പൊസ്‌തലനായ പത്രൊസ്‌ പൊ.യു. ഏകദേശം 62-64 കാലഘട്ടത്തിൽ എഴുതിയ തന്റെ ആദ്യ ലേഖനത്തിൽ ഇതേക്കുറിച്ച്‌ അഭിപ്രായപ്പെടുകയുണ്ടായി. അന്ന്‌ റോമാ സാമ്രാജ്യത്തിൽ ഉടനീളമുള്ള ക്രിസ്‌ത്യാനികൾക്ക്‌ പരിശോധനകളും പീഡനവും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അവൻ പറഞ്ഞു: “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷെക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവെച്ചു അതിശയിച്ചുപോകരുത്‌.” താൻ എന്താണ്‌ ഉദ്ദേശിക്കുന്നതെന്നു വിശദീകരിച്ചുകൊണ്ട്‌ അവൻ തുടർന്നു: “നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; ക്രിസ്‌ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്‌.” അവർ കഷ്ടം അനുഭവിക്കുന്നത്‌ ഏതെങ്കിലും ദുഷ്‌പ്രവൃത്തി ചെയ്‌തിട്ടല്ല മറിച്ച്‌ ക്രിസ്‌ത്യാനികൾ ആയിരിക്കുന്നതിന്റെ പേരിലാണെന്നു പത്രൊസ്‌ ചൂണ്ടിക്കാട്ടി. തങ്ങൾക്കു ചുറ്റുമുള്ള ആളുകളെ പോലെ, “ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ” മുഴുകിയിരുന്നെങ്കിൽ അവർ ക്രിസ്‌ത്യാനികളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. എന്നാൽ, ക്രിസ്‌തുവിന്റെ അനുഗാമികളെന്ന നിലയിലുള്ള തങ്ങളുടെ ധർമം നിറവേറ്റാൻ യത്‌നിച്ചതിനാൽ അവർക്കു പീഡനം സഹിക്കേണ്ടിവന്നു. സത്യക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ഇന്നും കാര്യങ്ങൾക്കു മാറ്റം വന്നിട്ടില്ല.​—⁠1 പത്രൊസ്‌ 4:4, 12, 15, 16.

15. യഹോവയുടെ സാക്ഷികളോടുള്ള പെരുമാറ്റത്തിൽ ഇക്കാലത്ത്‌ കാണുന്ന വൈരുദ്ധ്യമെന്ത്‌?

15 യഹോവയുടെ സാക്ഷികൾ അവരുടെ കൺവെൻഷനുകളിലും നിർമാണ പ്രവർത്തനങ്ങളിലും പ്രകടമാക്കുന്ന ഐക്യവും സഹകരണവും, അവരുടെ സത്യസന്ധത, ശുഷ്‌കാന്തി, മാതൃകാപരമായ ധാർമിക നടത്തയും കുടുംബജീവിതവും, നല്ല വസ്‌ത്രധാരണം, ചമയം, പെരുമാറ്റം എന്നിവയെപ്രതി അവർക്ക്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും പരസ്യമായി പ്രശംസ ലഭിക്കുന്നുണ്ട്‌. * അതേസമയംതന്നെ, ഈ ലേഖനം തയ്യാറാക്കുന്ന സമയത്ത്‌ അവരുടെ പ്രവർത്തനത്തിന്‌ 28 ദേശങ്ങളിലെങ്കിലും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്‌, മാത്രമല്ല സാക്ഷികളിൽ അനേകർക്കും വിശ്വാസത്തെ പ്രതി ശാരീരിക ദ്രോഹവും പല തരത്തിലുള്ള നഷ്ടവും അനുഭവിക്കേണ്ടി വരുന്നു. ഈ വൈരുദ്ധ്യത്തിന്‌ കാരണമെന്താണ്‌? ദൈവം അത്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

16. തന്റെ ജനം പീഡനം അനുഭവിക്കാൻ ദൈവം അനുവദിക്കുന്നതിന്റെ ഏറ്റവും പ്രമുഖ കാരണം എന്ത്‌?

16 ഒന്നാമതായി, സദൃശവാക്യങ്ങൾ 27:​11-ലെ പിൻവരുന്ന വാക്കുകൾ നാം മനസ്സിൽ പിടിക്കണം: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” അതേ, അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച യുഗപ്പഴക്കമുള്ള വിവാദവിഷയം നിമിത്തമാണ്‌ അത്‌. നൂറ്റാണ്ടുകളിൽ ഉടനീളം യഹോവയോടു ദൃഢവിശ്വസ്‌തത പുലർത്തിയിട്ടുള്ള സകലരും നൽകിയിരിക്കുന്ന തെളിവുകളുടെ ഒരു കൂമ്പാരംതന്നെ ഉണ്ടായിരുന്നിട്ടും, നീതിമാനായ ഇയ്യോബിന്റെ കാലത്ത്‌ ചെയ്‌തതുപോലെ സാത്താൻ യഹോവയെ ഇപ്പോഴും നിന്ദിച്ചുകൊണ്ടിരിക്കുന്നു. (ഇയ്യോബ്‌ 1:9-11; 2:4, 5) തന്റെ അവകാശവാദം തെളിയിക്കാനുള്ള അവസാന ശ്രമത്തിൽ സാത്താൻ ഇപ്പോൾ മുമ്പെന്നത്തെക്കാളും ഭ്രാന്തമായി പ്രവർത്തിക്കുകയാണ്‌ എന്നതിനു സംശയമില്ല, പ്രത്യേകിച്ചും ഭൂമിയിലെമ്പാടും വിശ്വസ്‌തരായ പ്രജകളും പ്രതിനിധികളും സഹിതം ദൈവരാജ്യം ഉറപ്പോടെ സ്ഥാപിതമായിരിക്കുന്ന സ്ഥിതിക്ക്‌. തങ്ങളുടെമേൽ വന്നേക്കാവുന്ന ഏത്‌ കഷ്ടപ്പാടിനെയും ബുദ്ധിമുട്ടിനെയും വകവെക്കാതെ ഇവർ ദൈവത്തോടു വിശ്വസ്‌തരായി നിലകൊള്ളുമോ? യഹോവയുടെ ഓരോ ദാസനും വ്യക്തിപരമായി ഉത്തരം നൽകേണ്ട ഒരു ചോദ്യമാണ്‌ അത്‌.​—⁠വെളിപ്പാടു 12:12, 17.

17. “അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും” എന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌?

17 ‘വ്യവസ്ഥിതിയുടെ സമാപനകാലത്തു’ (NW) സംഭവിക്കുന്ന കാര്യങ്ങൾ ശിഷ്യരോടു പറയവേ, തന്റെ ദാസർ പീഡിപ്പിക്കപ്പെടാൻ യഹോവ അനുവദിക്കുന്നതിന്റെ മറ്റൊരു കാരണം യേശു സൂചിപ്പിക്കുകയുണ്ടായി. അവൻ അവരോടു പറഞ്ഞു: ‘എന്റെ നാമം നിമിത്തം അവർ നിങ്ങളെ രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോകും. അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.’ (മത്തായി 24:3, 9; ലൂക്കൊസ്‌ 21:12, 13) യേശുതന്നെയും ഹെരോദാവിനും പൊന്തിയൊസ്‌ പീലാത്തൊസിനും മുമ്പാകെ സാക്ഷ്യം വഹിച്ചു. അപ്പൊസ്‌തലനായ പൗലൊസും ‘രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പാകെ കൊണ്ടുപോകപ്പെട്ടു.’ “ഞാൻ കൈസരെ അഭയംചൊല്ലുന്നു” എന്നു പ്രഖ്യാപിച്ചുകൊണ്ട്‌ പൗലൊസ്‌ കർത്താവായ യേശുക്രിസ്‌തുവിന്റെ മാർഗനിർദേശപ്രകാരം അക്കാലത്തെ ഏറ്റവും ശക്തനായ ഭരണാധികാരിക്ക്‌ സാക്ഷ്യം നൽകാൻ ശ്രമിച്ചു. (പ്രവൃത്തികൾ 23:11; 25:8-12) സമാനമായി ഇക്കാലത്തും, വെല്ലുവിളിപരമായ സാഹചര്യങ്ങൾ പലപ്പോഴും അധികാരികൾക്കും പൊതുജനത്തിനും നല്ല സാക്ഷ്യം ലഭിക്കുന്നതിൽ കലാശിച്ചിട്ടുണ്ട്‌. *

18, 19. (എ) പരിശോധനകൾ സഹിച്ചുനിൽക്കുന്നത്‌ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ? (ബി) അടുത്ത ലേഖനത്തിൽ ഏതു ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും?

18 അവസാനമായി, പരിശോധനകളും പീഡനങ്ങളും സഹിച്ചുനിൽക്കുന്നത്‌ നമുക്കു വ്യക്തിപരമായി പ്രയോജനം ചെയ്യുന്നു. ഏതു വിധത്തിൽ? ശിഷ്യനായ യാക്കോബ്‌ സഹക്രിസ്‌ത്യാനികളെ ഇപ്രകാരം ഓർമിപ്പിച്ചു: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” അതേ, പീഡനത്തിന്‌ നമ്മുടെ വിശ്വാസത്തെ സ്‌ഫുടം ചെയ്യാനും സഹിഷ്‌ണുതയെ ബലപ്പെടുത്താനും കഴിയും. അതുകൊണ്ട്‌ നാം പീഡനത്തെ അങ്ങേയറ്റം ഭയപ്പെടുകയോ അത്‌ ഒഴിവാക്കാനോ അവസാനിപ്പിക്കാനോ വേണ്ടി തിരുവെഴുത്തുവിരുദ്ധ മാർഗങ്ങൾ തേടുകയോ ചെയ്യുന്നില്ല. മറിച്ച്‌ യാക്കോബിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിനു നാം ശ്രദ്ധകൊടുക്കുന്നു: “നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.”​—⁠യാക്കോബ്‌ 1:2-4.

19 ദൈവത്തിന്റെ വിശ്വസ്‌ത ദാസർ പീഡിപ്പിക്കപ്പെടുന്നതും യഹോവ അത്‌ അനുവദിക്കുന്നതും എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ദൈവവചനം നമ്മെ സഹായിക്കുന്നുണ്ടെങ്കിലും, അത്‌ പീഡനം സഹിക്കുക എന്നത്‌ അവശ്യം എളുപ്പമാക്കിത്തീർക്കുന്നില്ല. പീഡനം സഹിച്ചുനിൽക്കാൻ തക്കവണ്ണം നമ്മെ ശക്തിപ്പെടുത്താൻ എന്തിനു കഴിയും? പീഡനം നേരിടുമ്പോൾ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? അടുത്ത ലേഖനത്തിൽ നാം ഈ സുപ്രധാന കാര്യങ്ങൾ പരിചിന്തിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 15 വീക്ഷാഗോപുരത്തിന്റെ 1995 ഡിസംബർ 15 ലക്കത്തിന്റെ 27-9 പേജുകളും 1994 ഏപ്രിൽ 15  ലക്കം വീക്ഷാഗോപുരത്തിന്റെ 16-17 പേജുകളും 1993 ഡിസംബർ 22  ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 6-13 പേജുകളും കാണുക.

^ ഖ. 17 ഉണരുക!യുടെ 2003 ജനുവരി 8 ലക്കത്തിന്റെ 3-11 പേജുകൾ (ഇംഗ്ലീഷ്‌) കാണുക.

നിങ്ങൾക്ക്‌ വിശദീകരിക്കാമോ?

• മുഖ്യമായി ഏത്‌ അർഥത്തിലാണ്‌ യേശു ഒരു രക്തസാക്ഷി ആയിരുന്നത്‌?

• ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെമേൽ പീഡനത്തിന്‌ എന്തു ഫലമാണ്‌ ഉണ്ടായിരുന്നത്‌?

• പത്രൊസ്‌ വിശദീകരിച്ചതനുസരിച്ച്‌, ആദിമ ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെട്ടത്‌ എന്തുകൊണ്ട്‌?

• ഏതു കാരണങ്ങളാലാണ്‌ തന്റെ ദാസർ പീഡിപ്പിക്കപ്പെടാൻ യഹോവ അനുവദിക്കുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[10, 11  പേജുകളിലെ ചിത്രങ്ങൾ]

ഏതെങ്കിലും ദുഷ്‌പ്രവൃത്തി ചെയ്‌തിട്ടല്ല, ക്രിസ്‌ത്യാനികളാണ്‌ എന്നതിന്റെ പേരിലാണ്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ കഷ്ടം അനുഭവിച്ചത്‌

പൗലൊസ്‌

യോഹന്നാൻ

അന്തിപ്പാസ്‌

യാക്കോബ്‌

സ്‌തെഫാനൊസ്‌