പരിശോധനകളിന്മധ്യേ സഹിച്ചുനിൽക്കുന്നത് യഹോവയ്‌ക്ക് സ്‌തുതി കരേറ്റുന്നു
പരിശോധനകളിന്മധ്യേ സഹിച്ചുനിൽക്കുന്നത് യഹോവയ്‌ക്ക് സ്‌തുതി കരേറ്റുന്നു
“നിങ്ങൾ . . . നന്മചെയ്‌തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.”—1 പത്രൊസ് 2:20.
1. സത്യക്രിസ്‌ത്യാനികൾ തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ഏതു ചോദ്യം പരിചിന്തിക്കണം?
ക്രിസ്‌ത്യാനികൾ യഹോവയ്‌ക്ക് സമർപ്പിതരാണ്, അവർ അവന്റെ ഹിതം ചെയ്യാൻ ആഗ്രഹിക്കുന്നു. സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനായി, തങ്ങളുടെ മാതൃകാപുരുഷനായ യേശുക്രിസ്‌തുവിന്റെ കാൽച്ചുവടുകളെ പിന്തുടരാനും സത്യത്തിനു സാക്ഷ്യം വഹിക്കാനും അവർ തങ്ങളുടെ പരമാവധി ചെയ്യുന്നു. (മത്തായി 16:24; യോഹന്നാൻ 18:37; 1 പത്രൊസ് 2:21) എന്നിരുന്നാലും, യേശുവും വിശ്വസ്‌തരായ മറ്റുള്ളവരും തങ്ങളുടെ വിശ്വാസത്തെ പ്രതി രക്തസാക്ഷി മരണം വരിച്ചു. ക്രിസ്‌ത്യാനികളായ എല്ലാവർക്കും വിശ്വാസത്തിന്റെ പേരിൽ മരണം പ്രതീക്ഷിക്കാമെന്നാണോ അതിനർഥം?
2. ക്രിസ്‌ത്യാനികൾ പരിശോധനകളെയും കഷ്ടപ്പാടിനെയും എങ്ങനെ വീക്ഷിക്കുന്നു?
2 ക്രിസ്‌ത്യാനികളായ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത് മരണപര്യന്തം വിശ്വസ്‌തരായിരിക്കാനാണ്, വിശ്വാസത്തിനുവേണ്ടി അവശ്യം മരിക്കാനല്ല. (2 തിമൊഥെയൊസ് 4:7; വെളിപ്പാടു 2:10) വിശ്വാസത്തിനുവേണ്ടി കഷ്ടം അനുഭവിക്കാൻ, ആവശ്യമെങ്കിൽ മരിക്കാനും, തയ്യാറാണെങ്കിലും അതിനായി നാം ആഗ്രഹിക്കുന്നില്ല എന്നാണ് ഇതിനർഥം. കഷ്ടപ്പെടുന്നതിൽ നാം സന്തോഷിക്കുന്നില്ല, വേദനയോ അപമാനമോ സഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുമില്ല. എന്നിരുന്നാലും, പരിശോധനകളും പീഡനവും പ്രതീക്ഷിക്കേണ്ടതിനാൽ, അവയുണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നതു സംബന്ധിച്ച് നാം ശ്രദ്ധാപൂർവം പരിചിന്തിക്കേണ്ടത് ആവശ്യമാണ്.
പരിശോധനയിൻ കീഴിൽ വിശ്വസ്‌തർ
3. പീഡനത്തോടു ബന്ധപ്പെട്ട ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കു പറയാനാകും? (അടുത്ത പേജിലെ “അവർ പീഡനത്തെ നേരിട്ട വിധം” എന്ന ചതുരം കാണുക.)
3 ജീവനു ഭീഷണി ഉയർത്തുന്ന സാഹചര്യങ്ങൾ അഭിമുഖീകരിച്ചപ്പോൾ കഴിഞ്ഞകാലത്തെ ദൈവദാസർ എങ്ങനെ പ്രതികരിച്ചു എന്നതു സംബന്ധിച്ച ധാരാളം വിവരണങ്ങൾ നമുക്ക് ബൈബിളിൽ കാണാനാകും. വ്യത്യസ്‌ത വിധത്തിലുള്ള അവരുടെ പ്രതികരണം, സമാനമായ സാഹചര്യങ്ങളെ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്നെങ്കിൽ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് ക്രിസ്‌ത്യാനികൾക്കു മാർഗനിർദേശം പ്രദാനം ചെയ്യുന്നു. “അവർ പീഡനത്തെ നേരിട്ട വിധം” എന്ന ചതുരത്തിലെ വിവരണങ്ങൾ വായിച്ച് അവയിൽനിന്നു നിങ്ങൾക്ക് എന്തു പഠിക്കാനാകുമെന്നു നോക്കുക.
4. പരിശോധനയിന്മധ്യേ യേശുവും മറ്റ് വിശ്വസ്‌ത ദാസരും പ്രതികരിച്ച വിധത്തെ കുറിച്ച് എന്തു പറയാൻ കഴിയും?
4 യേശുവും മറ്റ് വിശ്വസ്‌ത ദൈവദാസരും പീഡനത്തോട് സാഹചര്യമനുസരിച്ച് വ്യത്യസ്‌ത വിധത്തിൽ പ്രതികരിച്ചെങ്കിലും, അവർ തങ്ങളുടെ ജീവൻ അനാവശ്യമായി അപകടത്തിലാക്കിയില്ല എന്നതു വ്യക്തമാണ്. അപകടകരമായ സാഹചര്യങ്ങളിൽ അവർ ധീരരും അതേസമയംതന്നെ ജാഗ്രതയുള്ളവരും ആയിരുന്നു. (മത്തായി 10:16, 23) പ്രസംഗവേലയെ ഉന്നമിപ്പിക്കുകയും യഹോവയോട് ദൃഢവിശ്വസ്‌തത പാലിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വ്യത്യസ്‌ത സാഹചര്യങ്ങളിലെ അവരുടെ പ്രതികരണം, ഇക്കാലത്ത് പരിശോധനകളും പീഡനവും അനുഭവിക്കുന്ന ക്രിസ്‌ത്യാനികൾക്കു മാതൃകയാണ്.
5. മലാവിയിൽ 1960-കളിൽ എന്തു പീഡനമുണ്ടായി, അവിടത്തെ സാക്ഷികൾ എങ്ങനെ പ്രതികരിച്ചു?
5 ആധുനിക കാലത്ത് യഹോവയുടെ ജനത്തിന് യുദ്ധങ്ങൾ, നിരോധനം, നേരിട്ടുള്ള പീഡനം എന്നിവ നിമിത്തം പലപ്പോഴും അങ്ങേയറ്റം ക്ലേശകരമായ സാഹചര്യങ്ങളും ദാരിദ്ര്യവും അനുഭവിക്കേണ്ടി വന്നിരിക്കുന്നു. ഉദാഹരണത്തിന്, 1960-കളിൽ മലാവിയിലെ യഹോവയുടെ സാക്ഷികൾ ക്രൂരമായ പീഡനത്തിന് ഇരകളായി. അവരുടെ രാജ്യഹാളുകൾ, വീടുകൾ, ഭക്ഷ്യശേഖരം, ബിസിനസ്സുകൾ തുടങ്ങി അവർക്കുണ്ടായിരുന്ന മിക്കവാറും എല്ലാം നശിപ്പിക്കപ്പെട്ടു. പ്രഹരവും വേദനാജനകമായ മറ്റ് അനുഭവങ്ങളും അവർക്ക് സഹിക്കേണ്ടിവന്നു. ആ സഹോദരങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്? ആയിരക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ഗ്രാമംവിട്ട്
ഓടിപ്പോകേണ്ടിവന്നു. അനേകർ കാടുകളിൽ അഭയംതേടി. മറ്റു ചിലർ അയൽരാജ്യമായ മൊസാമ്പിക്കിൽ താത്‌കാലികമായി ചെന്നു പാർത്തു. വിശ്വസ്‌തരായ നിരവധി പേർക്ക് ജീവഹാനി നേരിട്ടെങ്കിലും, മറ്റനേകർ അപകട മേഖലയിൽനിന്നു പലായനം ചെയ്‌തു. അത്തരം സാഹചര്യങ്ങളിൻ കീഴിൽ പ്രത്യക്ഷത്തിൽ അത് ന്യായമായ ഒരു തീരുമാനം ആയിരുന്നു. അങ്ങനെ ആ സഹോദരങ്ങൾ യേശുവും പൗലൊസും വെച്ച കീഴ്‌വഴക്കം പിൻപറ്റി.6. കടുത്ത പീഡനം നേരിട്ടിട്ടും മലാവിയിലെ സാക്ഷികൾ എന്ത് ഉപേക്ഷിച്ചില്ല?
6 ഓടിപ്പോകുകയോ ഒളിവിൽ കഴിയുകയോ ചെയ്യേണ്ടിവന്നെങ്കിൽപ്പോലും മലാവിയിലെ സഹോദരങ്ങൾ ദിവ്യാധിപത്യ മാർഗനിർദേശം ആരായുകയും പിൻപറ്റുകയും തങ്ങളുടെ കഴിവനുസരിച്ച് ഏറ്റവും മെച്ചപ്പെട്ട വിധത്തിൽ ക്രിസ്‌തീയ പ്രവർത്തനങ്ങൾ രഹസ്യമായി തുടരുകയും ചെയ്‌തു. ഫലമോ? 1967-ലെ നിരോധനത്തിനു തൊട്ടുമുമ്പായി രാജ്യപ്രസാധകരുടെ എണ്ണം 18,519 എന്ന അത്യുച്ചത്തിലെത്തി. നിരോധനം നിലവിലിരിക്കുകയും അനേകർ മൊസാമ്പിക്കിലേക്ക് ഓടിപ്പോകുകയും ചെയ്‌തിട്ടും 1972-ഓടെ അവർ 23,398 എന്ന ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. അവരുടെ ശരാശരി പ്രതിമാസ വയൽസേവന മണിക്കൂർ 16-ൽ അധികമായിരുന്നു. അവരുടെ പ്രവർത്തനം യഹോവയ്‌ക്ക് സ്‌തുതി കരേറ്റി എന്നതിനും അത്യന്തം ക്ലേശകരമായ ആ സമയത്തുടനീളം വിശ്വസ്‌തരായ ആ സഹോദരങ്ങളുടെമേൽ *
യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു എന്നതിനും സംശയമില്ല.7, 8. എതിർപ്പു മൂലം പ്രശ്‌നങ്ങളുണ്ടെങ്കിലും മറ്റൊരിടത്തേക്കു പലായനം ചെയ്യാതിരിക്കാൻ ചിലർ തീരുമാനിക്കുന്നതിന്റെ കാരണങ്ങൾ ഏവ?
7 അതേസമയംതന്നെ, എതിർപ്പു മൂലം പ്രശ്‌നങ്ങളുണ്ടാകുന്ന രാജ്യങ്ങളിലെ ചില സഹോദരങ്ങൾക്ക് അവിടം വിട്ടുപോകാൻ കഴിയുമെങ്കിലും അവർ അങ്ങനെ ചെയ്യാതിരുന്നേക്കാം. മറ്റൊരു സ്ഥലത്തേക്കു പോകുന്നത് ചില പ്രശ്‌നങ്ങൾക്ക് പരിഹാരമായേക്കാം. എങ്കിലും അത് വേറെ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ഉദാഹരണത്തിന്, ക്രിസ്‌തീയ സഹോദരവർഗവുമായി സമ്പർക്കം നിലനിറുത്താനും ആത്മീയമായി ഒറ്റപ്പെടാതിരിക്കാനും അവർക്കു കഴിയുമോ? പുതിയ സ്ഥലത്ത്, ഒരുപക്ഷേ കൂടുതൽ സമ്പന്നമായതോ അല്ലെങ്കിൽ ഭൗതികമായി മുന്നേറാൻ കൂടുതൽ അവസരങ്ങൾ ഉള്ളതോ ആയ ഒരു രാജ്യത്ത് വേരുറപ്പിക്കാൻ പാടുപെടുമ്പോൾ തങ്ങളുടെ ആത്മീയ ചര്യ നിലനിറുത്താൻ അവർക്കാകുമോ?—1 തിമൊഥെയൊസ് 6:9.
8 മറ്റുചിലർ, സഹോദരങ്ങളുടെ ആത്മീയ ക്ഷേമത്തെ കുറിച്ചു ചിന്തയുള്ളതിനാൽ വേറൊരു സ്ഥലത്തേക്കു പോകാതിരിക്കുന്നു. സ്വന്തം പ്രദേശത്ത് പ്രസംഗപ്രവർത്തനം തുടരാനും സഹ ആരാധകർക്കു പ്രോത്സാഹനത്തിന്റെ ഉറവായിരിക്കാനുമായി അവിടെത്തന്നെ പാർത്തുകൊണ്ട് പ്രശ്‌നങ്ങളെ നേരിടാൻ അവർ തീരുമാനിക്കുന്നു. (ഫിലിപ്പിയർ 1:14) അത്തരമൊരു തിരഞ്ഞെടുപ്പ് നടത്തിയതിലൂടെ, തങ്ങളുടെ രാജ്യത്ത് നിയമവിജയങ്ങൾ നേടിയെടുക്കുന്നതിൽ പങ്കുവഹിക്കാൻ പോലും ചിലർക്കു കഴിഞ്ഞിട്ടുണ്ട്. *
9. പീഡനം നിമിത്തം മാറിപ്പോകണമോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ ഒരു വ്യക്തി ഏതു ഘടകങ്ങൾ കണക്കിലെടുക്കണം?
9 മറ്റ് എവിടേക്കെങ്കിലും മാറിപ്പോകണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണ്. പ്രാർഥനാപൂർവം യഹോവയുടെ മാർഗനിർദേശം ആരാഞ്ഞ ശേഷമേ അത്തരം തീരുമാനങ്ങൾ എടുക്കാവൂ. ഏതു ഗതി സ്വീകരിച്ചാലും അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ നാം മനസ്സിൽ പിടിക്കണം: “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.” (റോമർ 14:12) നാം നേരത്തേ കണ്ടുകഴിഞ്ഞതുപോലെ, ഏതു സാഹചര്യത്തിൻ കീഴിലും വിശ്വസ്‌തത പാലിക്കാൻ യഹോവ തന്റെ ഓരോ ദാസനിൽനിന്നും ആവശ്യപ്പെടുന്നു. അവന്റെ ദാസരിൽ ചിലർ ഇപ്പോൾ പരിശോധനകളും പീഡനവും അഭിമുഖീകരിക്കുന്നുണ്ട്; മറ്റുള്ളവർക്ക് ഭാവിയിൽ അതുണ്ടായേക്കാം. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാവർക്കും പരിശോധന നേരിടും, താൻ ഒഴിവാക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കരുത്. (യോഹന്നാൻ 15:19, 20) യഹോവയുടെ സമർപ്പിത ദാസരെന്ന നിലയിൽ നമുക്ക്, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണവും അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനവും ഉൾപ്പെടുന്ന സാർവത്രിക വിവാദവിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല.—യെഹെസ്‌കേൽ 38:23; മത്തായി 6:9, 10.
‘ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യരുത്’
10. സമ്മർദങ്ങളെയും എതിർപ്പുകളെയും കൈകാര്യം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ യേശുവും അപ്പൊസ്‌തലന്മാരും നമുക്ക് എന്തു സുപ്രധാന മാതൃക വെച്ചു?
10 യേശുവും അപ്പൊസ്‌തലന്മാരും സമ്മർദത്തിൻ കീഴിൽ പ്രതികരിച്ച വിധത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന മറ്റൊരു സുപ്രധാന തത്ത്വം, നമ്മെ പീഡിപ്പിക്കുന്നവരോട് ഒരിക്കലും പ്രതികാരം ചെയ്യരുത് എന്നതാണ്. യേശുവോ അവന്റെ അനുഗാമികളോ അവരെ പീഡിപ്പിച്ചവർക്കെതിരെ പോരാടാനായി ഏതെങ്കിലും പ്രതിരോധ പ്രസ്ഥാനം സംഘടിപ്പിക്കുകയോ അക്രമത്തിന്റെ മാർഗം സ്വീകരിക്കുകയോ ചെയ്‌തതായുള്ള എന്തെങ്കിലും സൂചന ബൈബിളിൽ ഒരിടത്തും നാം കാണുന്നില്ല. നേരെ മറിച്ച്, അപ്പൊസ്‌തലനായ പൗലൊസ് ക്രിസ്‌ത്യാനികൾക്ക് പിൻവരുന്ന ബുദ്ധിയുപദേശം നൽകി: ‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു.’ കൂടാതെ, “തിന്മയോടു തോല്‌ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.”—റോമർ 12:17-21; സങ്കീർത്തനം 37:1-4; സദൃശവാക്യങ്ങൾ 20:22.
11. ഗവൺമെന്റിനോടുള്ള ആദിമ ക്രിസ്‌ത്യാനികളുടെ മനോഭാവത്തെ കുറിച്ച് ഒരു ചരിത്രകാരൻ എന്തു പറയുന്നു?
11 ആദിമ ക്രിസ്‌ത്യാനികൾ ആ ബുദ്ധിയുപദേശത്തിനു ചെവികൊടുത്തു. പൊ.യു. 30-70 കാലഘട്ടത്തിൽ ക്രിസ്‌ത്യാനികൾക്ക് ഗവൺമെന്റിനോട് ഉണ്ടായിരുന്ന മനോഭാവത്തെ ആദിമ സഭയും ലോകവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്‌തകത്തിൽ ചരിത്രകാരനായ സിസിൽ ജെ. കാഡൂ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: “ഈ കാലഘട്ടത്തിലെ ക്രിസ്‌ത്യാനികൾ എപ്പോഴെങ്കിലും ബലപ്രയോഗത്തിലൂടെ പീഡനത്തെ ചെറുക്കാൻ ശ്രമിച്ചതായുള്ള വ്യക്തമായ യാതൊരു തെളിവും നമുക്കില്ല. അവർ പരമാവധി ചെയ്യുമായിരുന്നത്, തങ്ങളുടെ ഭരണാധികാരികളെ നിശിതമായി കുറ്റപ്പെടുത്തുകയോ ഓടിരക്ഷപ്പെട്ടുകൊണ്ട് അവരെ കുഴപ്പിക്കുകയോ മാത്രമാണ്. എന്നിരുന്നാലും, പീഡനത്തോടുള്ള ക്രിസ്‌ത്യാനികളുടെ പൊതുവെയുള്ള പ്രതികരണം, ക്രിസ്‌തുവിനോടുള്ള അനുസരണത്തിന് വിഘാതമെന്നു കരുതിയിരുന്ന ഗവൺമെന്റ് ഉത്തരവുകളെ ആത്മസംയമനത്തോടെ ശക്തമായി നിരാകരിക്കുന്നതിന് അപ്പുറം പോയില്ല.”
12. പ്രതികാരം ചെയ്യുന്നതിനെക്കാൾ കഷ്ടം സഹിക്കുന്നത് മെച്ചമായിരിക്കുന്നത് എന്തുകൊണ്ട്?
12 ഇങ്ങനെ പ്രത്യക്ഷത്തിൽ നിഷ്‌ക്രിയമായിരിക്കുന്നത് യഥാർഥത്തിൽ പ്രായോഗികമാണോ? അങ്ങനെ ചെയ്യുന്ന ഏതൊരാളും അവരെ തുടച്ചുനീക്കണമെന്ന് ഉറച്ചിരിക്കുന്നവർക്ക് എളുപ്പത്തിൽ ഇരയാകുകയല്ലേ ഉള്ളൂ? സ്വയം ചെറുത്തുനിൽക്കുന്നതല്ലേ ബുദ്ധി? മാനുഷികമായ വിധത്തിൽ വീക്ഷിക്കുമ്പോൾ അങ്ങനെ തോന്നിയേക്കാം. എന്നാൽ, സകല കാര്യങ്ങളിലും യഹോവയുടെ മാർഗനിർദേശം പിൻപറ്റുന്നതാണ് ഉത്തമമെന്ന് യഹോവയുടെ ദാസർ എന്ന നിലയിൽ നമുക്കു ബോധ്യമുണ്ട്. അപ്പൊസ്‌തലനായ പത്രൊസിന്റെ വാക്കുകൾ നാം മനസ്സിൽ പിടിക്കുന്നു: “നന്മചെയ്‌തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.” (1 പത്രൊസ് 2:20) യഹോവയ്‌ക്ക് സാഹചര്യം നന്നായി അറിയാമെന്നും കാര്യങ്ങൾ അനിശ്ചിതമായി നീണ്ടുപോകാൻ അവൻ അനുവദിക്കില്ലെന്നും നമുക്ക് ഉറച്ച വിശ്വാസമുണ്ട്. അതു സംബന്ധിച്ച് ഉറപ്പുള്ളവർ ആയിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? ബാബിലോണിൽ അടിമത്തത്തിലായിരുന്ന തന്റെ ജനത്തോട് യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്മണിയെ തൊടുന്നു.’ (സെഖര്യാവു 2:8) സ്വന്തം കണ്മണിയെ തൊടാൻ ആരെങ്കിലും എത്രനേരം അനുവദിക്കും? തക്കസമയത്ത് യഹോവ ആശ്വാസം പ്രദാനം ചെയ്യും. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല.—2 തെസ്സലൊനീക്യർ 1:5-8.
13. തന്നെ അറസ്റ്റു ചെയ്യാൻ എത്തിയ ശത്രുക്കൾക്ക് യേശു കീഴടങ്ങിയത് എന്തുകൊണ്ട്?
മത്തായി 26:53, 54) കഷ്ടം അനുഭവിക്കേണ്ടി വന്നെങ്കിലും, യഹോവയുടെ ഹിതം നിറവേറ്റുക എന്നതിനായിരുന്നു യേശു ഏറ്റവുമധികം പ്രാധാന്യം നൽകിയത്. ദാവീദ് എഴുതിയ പിൻവരുന്ന പ്രാവചനിക സങ്കീർത്തനത്തിൽ അവനു പൂർണവിശ്വാസം ഉണ്ടായിരുന്നു: “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീർത്തനം 16:10) വർഷങ്ങൾക്കുശേഷം അപ്പൊസ്‌തലനായ പൗലൊസ് യേശുവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്‌തു.”—എബ്രായർ 12:2.
13 ഇക്കാര്യത്തിൽ, നമുക്ക് യേശുവിനെ മാതൃകയായി എടുക്കാൻ കഴിയും. ഗെത്ത്‌ശെമന തോട്ടത്തിൽവെച്ച് തന്നെ അറസ്റ്റ് ചെയ്യാൻ അവൻ ശത്രുക്കളെ അനുവദിച്ചത് അവനു ചെറുത്തുനിൽക്കാൻ കഴിവില്ലാതിരുന്നതുകൊണ്ടല്ല. വാസ്‌തവത്തിൽ, അവൻ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവിനോട് ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും.” (യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുന്നതിന്റെ സന്തോഷം
14. പരിശോധനകളിൽ ഉടനീളം യേശുവിനെ താങ്ങിനിറുത്തിയ സന്തോഷം എന്തായിരുന്നു?
14 സങ്കൽപ്പിക്കാവുന്നതിൽവെച്ച് ഏറ്റവും കഠിനമായ പരിശോധനയിൽ യേശുവിനെ താങ്ങിനിറുത്തിയ ആ സന്തോഷം എന്തായിരുന്നു? യഹോവയുടെ സകല ദാസരിലും വെച്ച് ദൈവത്തിന്റെ പ്രിയ പുത്രനായ യേശുവായിരുന്നു തീർച്ചയായും സാത്താന്റെ പ്രഥമ ലക്ഷ്യം. അതുകൊണ്ട്, പരിശോധനയിൻ കീഴിലെ യേശുവിന്റെ ദൃഢവിശ്വസ്‌തത യഹോവയ്‌ക്കെതിരെയുള്ള സാത്താന്റെ നിന്ദയ്‌ക്കുള്ള ആത്യന്തിക മറുപടി ആകുമായിരുന്നു. (സദൃശവാക്യങ്ങൾ 27:11) പുനരുത്ഥാനം പ്രാപിച്ചപ്പോൾ യേശുവിന് തോന്നിയ സന്തോഷവും സംതൃപ്‌തിയും നിങ്ങൾക്കു ഭാവനയിൽ കാണാനാകുമോ? യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തോടും അവന്റെ നാമ വിശുദ്ധീകരണത്തോടുമുള്ള ബന്ധത്തിൽ ഒരു പൂർണ മനുഷ്യൻ എന്ന നിലയിൽ തനിക്ക് ലഭിച്ച പങ്ക് നിറവേറ്റിയെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൻ എത്രമാത്രം സന്തോഷിച്ചിരിക്കണം! കൂടാതെ, “ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത്” ഇരിക്കുന്നത് തീർച്ചയായും യേശുവിന് ശ്രേഷ്‌ഠമായ ഒരു ബഹുമതിയും സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണവുമാണ്.—സങ്കീർത്തനം 110:1, 2; 1 തിമൊഥെയൊസ് 6:15, 16.
15, 16. സാക്‌സെൻഹൗസെനിലെ സാക്ഷികൾ നിഷ്‌ഠുരമായ എന്തു പീഡനമാണു സഹിച്ചത്, അതിനുള്ള ശക്തി അവർക്കു ലഭിച്ചത് എവിടെനിന്ന്?
15 ക്രിസ്‌ത്യാനികളുടെ കാര്യത്തിലും, യേശുവിന്റെ മാതൃക പിൻപറ്റി പീഡനങ്ങളും പരിശോധനകളും സഹിച്ചുനിന്നുകൊണ്ട് യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുന്നതിൽ ഒരു പങ്ക് ഉണ്ടായിരിക്കുന്നത് സന്തോഷത്തിന്റെ ഉറവാണ്. അതിനുള്ള നല്ല ഒരു ഉദാഹരണം, കുപ്രസിദ്ധ സാക്‌സെൻഹൗസെൻ തടങ്കൽപ്പാളയത്തിൽ കഷ്ടം അനുഭവിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിന് ഒടുവിലെ യാതനാനിർഭരമായ മരണ പ്രയാണത്തെ അതിജീവിക്കുകയും ചെയ്‌ത സാക്ഷികളുടെ അനുഭവമാണ്. ആ പ്രയാണത്തിനിടെ ആയിരക്കണക്കിന് തടവുകാർ തണുപ്പ്, രോഗം, വിശപ്പ് എന്നിവ നിമിത്തം മരണമടയുകയോ എസ്‌എസ് ഗാർഡുകളാൽ വഴിവക്കിൽവെച്ചു തന്നെ മൃഗീയമായി വധിക്കപ്പെടുകയോ ചെയ്‌തു. എന്നാൽ, സാക്ഷികളായി ഉണ്ടായിരുന്ന 230 പേരും അതിജീവിച്ചു. കാരണം, അവർ ഒന്നിച്ചുനിൽക്കുകയും ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും അന്യോന്യം സഹായിക്കുകയും ചെയ്‌തു.
16 നിഷ്‌ഠുരമായ അത്തരം പീഡനം സഹിച്ചുനിൽക്കാനുള്ള ശക്തി ഈ സാക്ഷികൾക്ക് എവിടെനിന്നാണു ലഭിച്ചത്? സുരക്ഷിത സ്ഥാനത്ത് എത്തിച്ചേർന്ന ഉടൻ അവർ, “മെക്‌ലെൻബുർഗിലെ ഷ്‌ഫേറിനടുത്ത് ഒരു വനത്തിൽ കൂടിവന്ന ആറു രാജ്യക്കാരായ 230 യഹോവയുടെ സാക്ഷികളുടെ പ്രമേയം” എന്ന ശീർഷകത്തോടുകൂടിയ ഒരു രേഖയിൽ തങ്ങളുടെ സന്തോഷവും യഹോവയ്‌ക്കുള്ള നന്ദിയും രേഖപ്പെടുത്തി. അതിൽ അവർ ഇങ്ങനെ പ്രസ്‌താവിച്ചു: “ദീർഘവും കഠിനവുമായ ഒരു പരിശോധനാ കാലഘട്ടം അവസാനിച്ചിരിക്കുന്നു. അതിജീവിച്ചിരിക്കുന്നവർക്ക്, തീച്ചുളയിൽനിന്ന് എന്നപോലെ വലിച്ചെടുക്കപ്പെട്ടിരിക്കുന്നവർക്ക്, തീയുടെ മണം പോലും തട്ടിയിട്ടില്ല. (ദാനീയേൽ 3:27 കാണുക.) നേരെ മറിച്ച്, യഹോവയിൽനിന്ന് നിറയെ ശക്തിയും ബലവും ലഭിച്ചിരിക്കുന്ന അവർ ദിവ്യാധിപത്യ താത്‌പര്യങ്ങൾ ഉന്നമിപ്പിക്കാനായി രാജാവിൽനിന്ന് പുതിയ കൽപ്പനകൾ ലഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.” *
17. ഏതെല്ലാം തരത്തിലുള്ള പരിശോധനകളാണ് ഇക്കാലത്ത് ദൈവജനം നേരിടുന്നത്?
17 നാം ഇതുവരെ “പ്രാണത്യാഗത്തോളം എതിർത്തുനിന്നിട്ടില്ല” എങ്കിലും വിശ്വസ്‌തരായ ആ 230 പേരെപ്പോലെ, നമ്മുടെയും വിശ്വാസം പരിശോധിക്കപ്പെട്ടേക്കാം. (എബ്രായർ 12:4) എന്നാൽ പരിശോധനകൾ പല രൂപത്തിൽ ഉണ്ടാകാം. അത് സഹപാഠികളുടെ പരിഹാസമായിരിക്കാം അല്ലെങ്കിൽ അധാർമികതയിലും മറ്റ് ദുഷ്‌പ്രവൃത്തികളിലും ഏർപ്പെടുന്നതിന് മറ്റുള്ളവരിൽനിന്നുള്ള സമ്മർദമായിരിക്കാം. അതുമല്ലെങ്കിൽ, രക്തം വർജിക്കാനോ കർത്താവിൽ മാത്രം വിവാഹം കഴിക്കാനോ ഭിന്നിച്ച കുടുംബത്തിൽ കുട്ടികളെ വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവരാനോ ഉള്ള തീരുമാനം ചിലപ്പോൾ കഠിനമായ സമ്മർദങ്ങൾക്കും പരിശോധനകൾക്കും ഇടയാക്കിയേക്കാം.—പ്രവൃത്തികൾ 15:28, 29; 1 കൊരിന്ത്യർ 7:39; എഫെസ്യർ 6:4; 1 പത്രൊസ് 3:1, 2.
18. അങ്ങേയറ്റം അസാധാരണമായ പരിശോധനകൾ ഉണ്ടാകുമ്പോൾ പോലും നമുക്കു സഹിച്ചുനിൽക്കാൻ കഴിയും എന്നതിന് എന്ത് ഉറപ്പാണുള്ളത്?
18 നമുക്ക് എന്തു പരിശോധനകൾ നേരിട്ടാലും, യഹോവയെയും അവന്റെ രാജ്യത്തെയും ഒന്നാമതു വെക്കുന്നതുകൊണ്ടാണ് നാം കഷ്ടം അനുഭവിക്കുന്നതെന്ന് നമുക്കറിയാം. നാം അതിനെ ഒരു യഥാർഥ പദവിയായും സന്തോഷമായും കണക്കാക്കുന്നു. പത്രൊസിന്റെ ഉറപ്പേകുന്ന വാക്കുകളിൽനിന്ന് നാം ധൈര്യം ഉൾക്കൊള്ളുന്നു: “ക്രിസ്‌തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW]; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.” (1 പത്രൊസ് 4:14) യഹോവയുടെ ആത്മാവിന്റെ ശക്തിയാൽ, അതികഠിന പരിശോധനകളിൻ കീഴിൽപ്പോലും അവന്റെ മഹത്ത്വത്തിനും സ്‌തുതിക്കുമായി സഹിച്ചുനിൽക്കാനുള്ള ബലം നമുക്കുണ്ട്.—2 കൊരിന്ത്യർ 4:7; എഫെസ്യർ 3:16; ഫിലിപ്പിയർ 4:13.
[അടിക്കുറിപ്പുകൾ]
^ ഖ. 6 മൂന്നു ദശാബ്ദത്തോളം മലാവിയിലെ യഹോവയുടെ സാക്ഷികൾ അനുഭവിക്കേണ്ടിവന്ന ക്രൂരവും ഹിംസാത്മകവുമായ പീഡന പരമ്പരയുടെ തുടക്കം മാത്രമായിരുന്നു 1960-കളിലെ സംഭവങ്ങൾ. പൂർണമായ വിവരണം യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1999 പേജ് 171-212-ൽ കാണാവുന്നതാണ്.
^ ഖ. 8 വീക്ഷാഗോപുരത്തിന്റെ 2003 ഏപ്രിൽ 1 ലക്കത്തിലെ 11-14 പേജുകളിലുള്ള “‘അരാരാത്ത് ദേശത്ത്’ പരമോന്നത നീതിപീഠം സത്യാരാധനയ്‌ക്കു പിന്തുണയേകുന്നു” എന്ന ലേഖനം കാണുക.
^ ഖ. 16 ഈ പ്രമേയത്തിന്റെ പൂർണരൂപം യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1974 (ഇംഗ്ലീഷ്) പേജ് 208-9-ൽ കാണാം. മരണ പ്രയാണത്തെ അതിജീവിച്ച ഒരു അനുഭവസ്ഥന്റെ വിവരണം 1998 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 25-9 പേജുകളിൽ വായിക്കാവുന്നതാണ്.
നിങ്ങൾക്കു വിശദീകരിക്കാമോ?
• കഷ്ടപ്പാടിനെയും പീഡനത്തെയും ക്രിസ്‌ത്യാനികൾ എങ്ങനെ വീക്ഷിക്കുന്നു?
• പരിശോധനയിൽ ആയിരുന്നപ്പോൾ യേശുവും മറ്റ് അപ്പൊസ്‌തലന്മാരും പ്രതികരിച്ച വിധത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
• പീഡിപ്പിക്കപ്പെടുമ്പോൾ നാം പ്രതികാരം ചെയ്യാതിരിക്കുന്നത് ബുദ്ധിയായിരിക്കുന്നത് എന്തുകൊണ്ട്?
• പരിശോധനയിൽ ഉടനീളം യേശുവിനെ താങ്ങിനിറുത്തിയ സന്തോഷം എന്തായിരുന്നു, നമുക്ക് അതിൽനിന്ന് എന്തു പഠിക്കാനാകും?
[അധ്യയന ചോദ്യങ്ങൾ]
[15 -ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അവർ പീഡനത്തെ നേരിട്ട വിധം
• രണ്ടു വയസ്സും അതിനു താഴെയുമുള്ള ആൺകുഞ്ഞുങ്ങളെ വധിക്കാനായി ഹെരോദാവിന്റെ പടയാളികൾ ബേത്ത്‌ലേഹെമിൽ എത്തുന്നതിനു മുമ്പായി ദൂത മാർഗനിർദേശപ്രകാരം യോസെഫും മറിയയും ശിശുവായിരുന്ന യേശുവിനെയുംകൊണ്ട് ഈജിപ്‌തിലേക്കു പലായനം ചെയ്‌തു.—മത്തായി 2:13-16.
• യേശുവിന്റെ ശുശ്രൂഷക്കാലത്ത് അവന്റെ ശക്തമായ സാക്ഷ്യം നിമിത്തം നിരവധി തവണ ശത്രുക്കൾ അവനെ കൊല്ലാൻ ശ്രമിച്ചു. ഓരോ സന്ദർഭത്തിലും യേശു വഴുതിമാറി.—മത്തായി 21:45, 46; ലൂക്കൊസ് 4:28-30; യോഹന്നാൻ 8:57-59.
• യേശുവിനെ അറസ്റ്റു ചെയ്യാനായി പടയാളികളും ഉദ്യോഗസ്ഥരും ഗെത്ത്‌ശെമന തോട്ടത്തിൽ എത്തിയപ്പോൾ “ഞാൻ തന്നേ” എന്നു രണ്ടു പ്രാവശ്യം പറഞ്ഞുകൊണ്ട് അവൻ പരസ്യമായി സ്വയം തിരിച്ചറിയിച്ചു. ഏതെങ്കിലും വിധത്തിൽ ചെറുത്തുനിൽക്കുന്നതിൽനിന്ന് അവൻ തന്റെ അനുഗാമികളെ തടയുകയും തന്നെ പിടിച്ചുകൊണ്ടുപോകാൻ ആൾക്കൂട്ടത്തെ അനുവദിക്കുകയും ചെയ്‌തു.—യോഹന്നാൻ 18:3-12.
• യെരൂശലേമിൽവെച്ച് പത്രൊസും കൂട്ടരും അറസ്റ്റു ചെയ്യപ്പെട്ടു. അവർക്ക് അടികൊണ്ടു, യേശുവിനെ കുറിച്ച് മേലാൽ സംസാരിക്കരുത് എന്ന താക്കീതും ലഭിച്ചു. എന്നാൽ, മോചിതരായപ്പോൾ “അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.”—പ്രവൃത്തികൾ 5:40-42.
• പിൽക്കാലത്ത് അപ്പൊസ്‌തലനായ പൗലൊസ് ആയിത്തീർന്ന ശൗൽ, തന്നെ കൊന്നുകളയാനുള്ള ദമസ്‌കൊസിലെ യഹൂദന്മാരുടെ പദ്ധതി മനസ്സിലാക്കിയപ്പോൾ, രാത്രിയിൽ സഹോദരന്മാർ അവനെ ഒരു കൊട്ടയിലാക്കി നഗര മതിൽ വഴിയായി ഇറക്കി, അവൻ രക്ഷപെട്ടു.—പ്രവൃത്തികൾ 9:22-25.
• വർഷങ്ങൾക്കുശേഷം, ഗവർണറായ ഫെസ്‌തൊസിനും അഗ്രിപ്പാ രാജാവിനും “മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും” പൗലൊസിൽ കണ്ടെത്താനായില്ലെങ്കിലും, അവൻ ‘കൈസരെ അഭയം ചൊല്ലി.’—പ്രവൃത്തികൾ 25:10-12, 24-27; 26:30-32.
[16, 17 പേജുകളിലെ ചിത്രങ്ങൾ]
കഠിന പീഡനം നിമിത്തം പലായനം ചെയ്യാൻ നിർബന്ധിതരായെങ്കിലും, മലാവിയിലെ ആയിരക്കണക്കിന് വിശ്വസ്‌ത സാക്ഷികൾ സന്തോഷപൂർവം തങ്ങളുടെ രാജ്യസേവനം തുടർന്നു
[17 -ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുന്നതിന്റെ സന്തോഷം നാസി മരണ പ്രയാണത്തിലും തടങ്കൽപ്പാളയങ്ങളിലും ഈ വിശ്വസ്‌തരെ താങ്ങിനിറുത്തി
[കടപ്പാട്]
മരണ പ്രയാണം: KZ-Gedenkstätte Dachau, courtesy of the USHMM Photo Archives
[18 -ാം പേജിലെ ചിത്രങ്ങൾ]
പരിശോധനകളും സമ്മർദങ്ങളും പല രൂപത്തിലും ഉണ്ടാകാം