വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എളിയവരെ സത്യത്തിലേക്ക്‌ ആകർഷിക്കുന്നു

യഹോവ എളിയവരെ സത്യത്തിലേക്ക്‌ ആകർഷിക്കുന്നു

ജീവിത കഥ

യഹോവ എളിയവരെ സത്യത്തിലേക്ക്‌ ആകർഷിക്കുന്നു

ആസാനോ കോസിനോ പറഞ്ഞപ്രകാരം

വർഷം 1949. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട്‌ ഏതാനും വർഷം കഴിഞ്ഞിരുന്നു. കോബെ നഗരത്തിൽ ഞാൻ ജോലിക്കു നിന്നിരുന്ന വീട്ടിൽ നല്ല പൊക്കമുള്ള, സൗഹൃദ പ്രകൃതക്കാരനായ ഒരു വിദേശി വന്നു. ജപ്പാനിൽ എത്തിയ, യഹോവയുടെ സാക്ഷികളുടെ ആദ്യ മിഷനറി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആ സന്ദർശനം ബൈബിൾ സത്യം കേൾക്കുന്നതിനുള്ള അവസരം എനിക്കു തുറന്നുതന്നു. എന്നാൽ അതിനെ കുറിച്ചു കൂടുതൽ പറയുന്നതിനു മുമ്പ്‌ എന്റെ പശ്ചാത്തലത്തെ കുറിച്ച്‌ ഞാൻ നിങ്ങളോടു പറയട്ടെ.

വടക്കൻ ഓക്കയാമ പ്രിഫെക്‌ച്ചറിലുള്ള ഒരു കൊച്ചു ഗ്രാമത്തിലാണ്‌ ഞാൻ ജനിച്ചത്‌, 1926-ൽ. എട്ടു മക്കളിൽ അഞ്ചാമത്തവൾ ആയിരുന്നു ഞാൻ. പ്രാദേശിക ഷിന്റോ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ദേവന്റെ വലിയ ഭക്തനായിരുന്നു എന്റെ പിതാവ്‌. അതുകൊണ്ട്‌ വർഷത്തിലുടനീളം മതപരമായ ഉത്സവവേളകളിലെ ആഘോഷങ്ങളും കുടുംബാംഗങ്ങളുടെ ഒത്തുചേരലുമൊക്കെ ഞങ്ങൾ കുട്ടികൾ ആസ്വദിച്ചു.

വളർന്നുവരവേ, എനിക്ക്‌ ജീവിതത്തെ കുറിച്ചു വളരെയധികം ചോദ്യങ്ങൾ ഉണ്ടായിരുന്നു. മരണമാണ്‌ എന്നെ ഏറ്റവുമധികം അലട്ടിയിരുന്നത്‌. വ്യക്തികൾ മരിക്കുന്നത്‌ തങ്ങളുടെ വീട്ടിൽവെച്ചായിരിക്കണം എന്നും കുട്ടികൾ അവരുടെ മരണശയ്യയ്‌ക്കരികിൽ ഉണ്ടായിരിക്കണമെന്നും പാരമ്പര്യം അനുശാസിച്ചിരുന്നു. എന്റെ മുത്തശ്ശിയുടെയും ഒരു വയസ്സുപോലും ആകാഞ്ഞ കുഞ്ഞനുജന്റെയും മരണം എന്നെ ദുഃഖത്തിലാഴ്‌ത്തി. എന്റെ മാതാപിതാക്കൾ മരിക്കുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും എനിക്കു കഴിയുമായിരുന്നില്ല. ‘ജീവിതം എന്നു പറയുന്നത്‌ ഇത്രയൊക്കെയേ ഉള്ളോ? വേറെയൊന്നും നമുക്കു പ്രതീക്ഷിക്കാനില്ലേ?’ ഇതിനൊക്കെയുള്ള ഉത്തരം കിട്ടാൻ ഞാൻ വളരെ ആഗ്രഹിച്ചു.

ഞാൻ ആറാം ക്ലാസ്സിൽ ആയിരിക്കുമ്പോൾ, അതായത്‌ 1937-ൽ ചൈനയും ജപ്പാനും തമ്മിലുള്ള യുദ്ധം തുടങ്ങി. പുരുഷന്മാരെ നിർബന്ധപൂർവം സൈന്യത്തിൽ ചേർത്ത്‌ യുദ്ധത്തിനായി ചൈനയിലേക്ക്‌ അയച്ചു. ചക്രവർത്തി നീണാൾ വാഴട്ടെ (“ബാൻസായ്‌”) എന്ന്‌ ആർത്തുവിളിച്ചുകൊണ്ട്‌ സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾ യുദ്ധമുന്നണിയിലേക്കു പോകുന്ന തങ്ങളുടെ പിതാക്കന്മാരെയും ജ്യേഷ്‌ഠന്മാരെയും യാത്രയാക്കി. ജപ്പാൻ ജയിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ലായിരുന്നു. ജീവിക്കുന്ന ദൈവമായ അവിടത്തെ ചക്രവർത്തി വാഴുന്ന ദിവ്യ രാഷ്‌ട്രമായിരുന്നല്ലോ അത്‌.

താമസിയാതെ ഒന്നിനുപുറകേ ഒന്നായി, യുദ്ധത്തിനു പോയവരുടെ മരണവിവരം ലഭിച്ചുതുടങ്ങി. അത്‌ കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്‌ത്തി. അവരുടെ ഹൃദയങ്ങളിൽ പക വർധിച്ചുകൊണ്ടിരുന്നു. ശത്രുപക്ഷത്ത്‌ അനേകർ മരിക്കുകയോ അവർക്കു പരിക്കേൽക്കുകയോ ചെയ്യുമ്പോൾ അവർ ആനന്ദിച്ചു. എന്നാൽ ‘നമ്മുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ നമ്മൾ ദുഃഖിക്കുന്നതുപോലെതന്നെ ശത്രുപക്ഷത്തുള്ളവരും ദുഃഖിക്കുന്നുണ്ടാവുമല്ലോ’ എന്ന്‌ ഞാൻ ചിന്തിച്ചു. എന്റെ പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോഴേക്കും യുദ്ധം ചൈനയുടെ ഉൾപ്രദേശങ്ങളിലേക്കു വ്യാപിക്കാൻ തുടങ്ങിയിരുന്നു.

ഒരു വിദേശിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്‌ച

എന്റേത്‌ ഒരു കർഷക കുടുംബം ആയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി എന്നും മോശമായിരുന്നു. എന്നിരുന്നാലും പണച്ചെലവൊന്നും ഉൾപ്പെട്ടിട്ടില്ലാത്തിടത്തോളം വിദ്യാഭ്യാസം തുടരാൻ എന്റെ പിതാവ്‌ എന്നെ അനുവദിച്ചു. അങ്ങനെ 1941-ൽ ഞാൻ ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഓക്കയാമ നഗരത്തിലെ പെൺകുട്ടികൾക്കുള്ള ഒരു വിദ്യാലയത്തിൽ ചേർന്നു. പെൺകുട്ടികളെ നല്ല ഭാര്യമാരും അമ്മമാരും ആയിത്തീരാൻ പരിശീലിപ്പിക്കുക എന്നതായിരുന്നു അവിടത്തെ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം. വീട്ടുജോലികളിൽ പരിശീലനം നേടാൻ തക്കവണ്ണം വിദ്യാർഥിനികളെ നഗരത്തിലുള്ള സമ്പന്ന വീടുകളിൽ കൊണ്ടാക്കിയിരുന്നു. രാവിലെതോറും ഈ വീടുകളിൽ ജോലി ചെയ്‌ത്‌ വിദ്യാർഥിനികൾ പരിശീലനം നേടി. ഉച്ചകഴിഞ്ഞ്‌ അവർ സ്‌കൂളിൽ പോയിരുന്നു.

പ്രവേശന ചടങ്ങ്‌ കഴിഞ്ഞശേഷം കിമോണോ ധരിച്ച എന്റെ ടീച്ചർ എന്നെ ഒരു വലിയ വീട്ടിലേക്കു കൊണ്ടുപോയി. എന്നാൽ എന്തുകൊണ്ടോ അവിടത്തെ സ്‌ത്രീ എന്നെ അവിടെ നിറുത്താൻ തയ്യാറായില്ല. ‘എന്നാൽ പിന്നെ നമുക്കു ശ്രീമതി കോഡായുടെ വീട്ടിലേക്കു പോയാലോ?’ ടീച്ചർ എന്നോടു ചോദിച്ചു. പാശ്ചാത്യ രീതിയിലുള്ള ഒരു വീട്ടിലാണ്‌ ഞങ്ങൾ എത്തിയത്‌. ടീച്ചർ ഡോർബെൽ അമർത്തി. കുറച്ചുകഴിഞ്ഞപ്പോൾ നല്ല പൊക്കമുള്ള വെള്ളി നിറത്തിലുള്ള മുടിയുള്ള ഒരു സ്‌ത്രീ വാതിൽ തുറന്നു. ഞാൻ അന്തിച്ചു നിന്നുപോയി! ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ ഒരു പാശ്ചാത്യനാട്ടുകാരിയെ കാണുന്നത്‌. ടീച്ചർ എന്നെ ശ്രീമതി മോഡ്‌ കോഡായ്‌ക്കു പരിചയപ്പെടുത്തികൊടുത്തശേഷം വേഗം തിരിച്ചുപോയി. എന്റെ ബാഗുകൾ വലിച്ചിഴച്ചുകൊണ്ട്‌ ഞാൻ ആ വീട്ടിലേക്കു പ്രവേശിച്ചു. എന്റെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. ശ്രീമതി മോഡ്‌ കോഡാ ഒരു അമേരിക്കക്കാരിയാണെന്നും ഐക്യനാടുകളിൽ വിദ്യാഭ്യാസം ചെയ്‌ത ഒരു ജപ്പാൻകാരനെ വിവാഹംകഴിച്ച്‌ ഇവിടെ എത്തിയതാണെന്നും ഞാൻ പിന്നീട്‌ മനസ്സിലാക്കി. വാണിജ്യ വിഷയങ്ങൾ പഠിപ്പിക്കുന്ന സ്‌കൂളുകളിൽ അവർ ഇംഗ്ലീഷ്‌ അധ്യാപികയായിരുന്നു.

പിറ്റേന്ന്‌ രാവിലെതന്നെ തിരക്കിട്ട എന്റെ പരിശീലന ജീവിതം ആരംഭിച്ചു. ശ്രീമതി കോഡായുടെ ഭർത്താവ്‌ ഒരു അപസ്‌മാര രോഗിയായിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിൽ ഞാൻ സഹായിക്കേണ്ടിയിരുന്നു. ഇംഗ്ലീഷ്‌ ഒട്ടും അറിയില്ലാഞ്ഞതിനാൽ എനിക്ക്‌ കുറച്ച്‌ ഉത്‌കണ്‌ഠയുണ്ടായിരുന്നു. എന്നാൽ ശ്രീമതി കോഡാ എന്നോട്‌ ജാപ്പനീസിൽ സംസാരിച്ചപ്പോൾ എനിക്ക്‌ ആശ്വാസമായി. ദിവസവും അവർ പരസ്‌പരം ഇംഗ്ലീഷ്‌ സംസാരിക്കുന്നത്‌ കേട്ട്‌ ക്രമേണ എന്റെ കാതുകൾ ആ ഭാഷയുമായി പരിചയത്തിലായി. ആ വീട്ടിലെ ഹൃദ്യമായ അന്തരീക്ഷം എനിക്ക്‌ ഇഷ്ടമായി.

തന്റെ ഭർത്താവിനെ ശുശ്രൂഷിക്കുന്നതിലെ മോഡിന്റെ അർപ്പണ മനോഭാവം എന്നിൽ വളരെ മതിപ്പുളവാക്കി. അദ്ദേഹത്തിന്‌ ബൈബിൾ വായന വലിയ ഇഷ്ടമായിരുന്നു. പഴയ പുസ്‌തകങ്ങൾ വിൽക്കുന്ന ഒരു കടയിൽനിന്ന്‌ അവർക്ക്‌ യുഗങ്ങളുടെ ദൈവിക നിർണയം (മലയാളത്തിൽ ലഭ്യമല്ല) എന്ന പുസ്‌തകത്തിന്റെ ജാപ്പനീസ്‌ പതിപ്പ്‌ ലഭിച്ചിരുന്നു എന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. അതുപോലെ പല വർഷങ്ങളായി അവർ ഇംഗ്ലീഷ്‌ വീക്ഷാഗോപുരം മാസിക തപാലിൽ വരുത്തുന്നുമുണ്ടായിരുന്നു.

ഒരു ദിവസം എനിക്ക്‌ ഒരു ബൈബിൾ സമ്മാനമായി ലഭിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു ബൈബിൾ സ്വന്തമായി കിട്ടിയതിൽ ഞാൻ സന്തോഷിച്ചു. സ്‌കൂളിലേക്കു പോകുകയും വരികയും ചെയ്യുന്ന വഴിക്ക്‌ ഞാൻ അതു വായിക്കുമായിരുന്നു. എന്നാൽ കാര്യമായൊന്നും മനസ്സിലായിരുന്നില്ല. ഒരു ജാപ്പനീസ്‌ ഷിന്റോമത വിശ്വാസിയായി വളർത്തപ്പെട്ട എനിക്ക്‌ തീരെ പരിചയമില്ലാത്ത ഒരു കഥാപാത്രമായിരുന്നു യേശുക്രിസ്‌തു. ഞാൻ ഒടുവിൽ ബൈബിൾ സത്യം സ്വീകരിക്കാനും അങ്ങനെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താനും എന്നെ സഹായിക്കുമായിരുന്ന സംഭവപരമ്പരയുടെ തുടക്കമായിരുന്നു അതെന്ന്‌ അപ്പോൾ ഞാൻ ഒട്ടും വിചാരിച്ചില്ല.

ദുഃഖത്തിന്റെ കരിനിഴൽ വീഴ്‌ത്തിയ മൂന്നു സംഭവങ്ങൾ

രണ്ട്‌ വർഷം എത്ര പെട്ടെന്നാണു കടന്നുപോയത്‌. പരിശീലന കാലം അവസാനിച്ചു, കോഡാ കുടുംബത്തോടു യാത്രപറഞ്ഞു പിരിഞ്ഞു. പിന്നീട്‌ ഞാൻ പെൺകുട്ടികളുടെ ഒരു സന്നദ്ധസംഘത്തിൽ ചേർന്ന്‌ നാവിക സേനാ യൂണിഫോറങ്ങൾ ഉണ്ടാക്കുന്നതിൽ പങ്കുചേർന്നു. ബി-29 ബോംബറുകൾ ഉപയോഗിച്ച്‌ അമേരിക്കക്കാർ വ്യോമാക്രമണം തുടങ്ങി. 1945 ആഗസ്റ്റ്‌ 6-ന്‌ അവർ ഹിരോഷിമയിൽ അണുബോംബിട്ടു. കുറച്ചു ദിവസം കഴിഞ്ഞ്‌ എന്റെ അമ്മയ്‌ക്ക്‌ തീരെ സുഖമില്ലെന്നു പറഞ്ഞ്‌ എനിക്ക്‌ ഒരു ടെലഗ്രാം കിട്ടി. അടുത്ത ട്രെയിനിൽത്തന്നെ ഞാൻ വീട്ടിലേക്കു തിരിച്ചു. എന്നാൽ ട്രെയിനിൽനിന്ന്‌ ഇറങ്ങിയപ്പോൾ അമ്മ മരിച്ചുപോയി എന്ന വിവരം ഒരു ബന്ധു എന്നെ അറിയിച്ചു. ആഗസ്റ്റ്‌ 11-ന്‌ ആയിരുന്നു മരണം. വർഷങ്ങളായി ഞാൻ ഭയപ്പെട്ടിരുന്നത്‌ സംഭവിച്ചിരുന്നു! ഇനി ഒരിക്കലും എന്റെ അമ്മ എന്നെ നോക്കി ചിരിക്കുകയോ എന്നോടു സംസാരിക്കുകയോ ചെയ്യില്ലല്ലോ എന്ന്‌ ഞാൻ ഓർത്തു.

ആഗസ്റ്റ്‌ 15-ന്‌ ജപ്പാൻ യുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങി. അങ്ങനെ വെറും പത്തു ദിവസത്തിനുള്ളിൽ ദുഃഖകരമായ മൂന്ന്‌ സംഭവങ്ങളെയാണ്‌ എനിക്കു നേരിടേണ്ടി വന്നത്‌: ആദ്യം അണുബോംബ്‌ ആക്രമണം, പിന്നെ അമ്മയുടെ മരണം, ഒടുവിൽ ജപ്പാന്റെ ചരിത്രപ്രധാനമായ തോൽവി. യുദ്ധത്തിൽ ഇനി ആളുകൾ മരിക്കേണ്ടിവരില്ലല്ലോ എന്നതായിരുന്നു ഏക ആശ്വാസം. തേങ്ങുന്ന ഹൃദയത്തോടെ ഞാൻ ജോലി ഉപേക്ഷിച്ച്‌ വീട്ടിൽ തിരിച്ചെത്തി.

സത്യത്തിലേക്ക്‌ ആകർഷിക്കപ്പെടുന്നു

ഒരു ദിവസം അപ്രതീക്ഷിതമായി എനിക്ക്‌ ഓക്കയാമയിൽനിന്ന്‌ ഒരു കത്ത്‌ കിട്ടി. മോഡ്‌ കോഡായുടേതായിരുന്നു അത്‌. താൻ ഒരു ഇംഗ്ലീഷ്‌ സ്‌കൂൾ തുടങ്ങാൻ പോകുകയായിരുന്നതിനാൽ വീട്ടുജോലിയിൽ തന്നെ സഹായിക്കാൻ വരാമോ എന്ന്‌ അതിൽ ചോദിച്ചിരുന്നു. അൽപ്പം ചിന്തിച്ചശേഷം ഞാൻ ചെല്ലാമെന്നു സമ്മതിച്ചു. ഏതാനും വർഷത്തിനുശേഷം കോഡാ ദമ്പതികളോടൊപ്പം ഞാൻ കോബെയിലേക്കു താമസംമാറി.

നല്ല പൊക്കമുള്ള സൗഹൃദപ്രകൃതക്കാരനായ ഒരു മാന്യ വ്യക്തി 1949-ലെ വേനൽക്കാല ആരംഭത്തിൽ കോഡാ കുടുംബത്തെ സന്ദർശിച്ചു. ജപ്പാനിൽ എത്തിയ, യഹോവയുടെ സാക്ഷികളുടെ ആദ്യ മിഷനറി ആയ ഡോണൾഡ്‌ ഹാസ്‌ലെറ്റ്‌ ആയിരുന്നു അത്‌. കോബെയിൽ മിഷനറിമാർക്കുവേണ്ടി ഒരു വീട്‌ അന്വേഷിച്ച്‌ ടോക്കിയോയിൽനിന്ന്‌ എത്തിയതായിരുന്നു അദ്ദേഹം. ഒരു വീട്‌ കണ്ടെത്തിയതിനെ തുടർന്ന്‌ 1949 നവംബറിൽ ഏതാനും മിഷനറിമാർ കോബെയിൽ എത്തി. ഒരു ദിവസം അവരിൽ അഞ്ചുപേർ കോഡാ ദമ്പതികളുടെ വീട്ടിൽ വന്നു. അവരിൽ രണ്ടു പേർ, ലോയ്‌ഡ്‌ ബാരിയും പെഴ്‌സി ഇസ്‌ലോബും ഏതാണ്ട്‌ പത്തു മിനിട്ടു വീതം അവിടെ കൂടിവന്നിരുന്നവരോട്‌ ഇംഗ്ലീഷിൽ സംസാരിച്ചു. മിഷനറിമാർ മോഡിനെ സഹോദരി എന്നാണു വിളിച്ചത്‌. മിഷനറിമാരുടെ സഹവാസം അവരെ പ്രോത്സാഹിപ്പിച്ചു എന്നത്‌ വളരെ വ്യക്തമായിരുന്നു. ഇംഗ്ലീഷ്‌ പഠിക്കാൻ ഈ സംഭവം എനിക്കു പ്രചോദനമായി.

തീക്ഷ്‌ണതയുള്ള മിഷനറിമാരുടെ സഹായത്തോടെ ഞാൻ ക്രമേണ അടിസ്ഥാന ബൈബിൾ സത്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യം നേടി. കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്നിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എനിക്കു കിട്ടി. അതേ, ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുക എന്ന പ്രത്യാശയും “സ്‌മാരക കല്ലറകളിൽ ഉള്ളവർ എല്ലാവരും” ഉയിർത്തെഴുന്നേറ്റുവരും എന്ന വാഗ്‌ദാനവും ബൈബിൾ നൽകുന്നു. (യോഹന്നാൻ 5:​28, 29, NW; വെളിപ്പാടു 21:​1, 4, 5) യഹോവ തന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ മറുവില യാഗത്തിലൂടെ അത്തരമൊരു പ്രത്യാശ സാധ്യമാക്കിയതിൽ എനിക്ക്‌ അവനോടു നന്ദി തോന്നി.

സന്തോഷകരമായ ദിവ്യാധിപത്യ പ്രവർത്തനങ്ങൾ

ജപ്പാനിലെ ആദ്യത്തെ ദിവ്യാധിപത്യ സമ്മേളനം 1949 ഡിസംബർ 30 മുതൽ 1950 ജനുവരി 1 വരെ കോബെയിലുള്ള മിഷനറി ഭവനത്തിൽവെച്ചു നടത്തപ്പെട്ടു. മോഡിനോടൊപ്പം ഞാനും അതിനു പോയി. മുമ്പ്‌ ഒരു നാസിയുടേതായിരുന്ന ആ വലിയ വീട്ടിൽനിന്നു നോക്കിയാൽ ഉൾക്കടലും അവാജി ദ്വീപും വളരെ നന്നായി കാണാമായിരുന്നു. ബൈബിളിനെ കുറിച്ച്‌ വലിയ അറിവൊന്നും ഇല്ലായിരുന്നതിനാൽ അവിടെ പറഞ്ഞ പല കാര്യങ്ങളും എനിക്കു മനസ്സിലായില്ല. എന്നാലും മിഷനറിമാർ ജപ്പാൻകാരുമായി വളരെ സ്വതന്ത്രമായി ഇടപെട്ടത്‌ എന്നിൽ ആഴമായ മതിപ്പുളവാക്കി. ആ സമ്മേളനത്തിലെ പരസ്യപ്രസംഗത്തിന്‌ മൊത്തം 101 പേർ ഹാജരായി.

അതുകഴിഞ്ഞ്‌ പെട്ടെന്നുതന്നെ ഞാൻ വയൽശുശ്രൂഷയിൽ പങ്കുപറ്റാൻ തീരുമാനിച്ചു. എന്നാൽ സ്വതവേ നാണംകുണുങ്ങി ആയിരുന്നതിനാൽ വീടുതോറും പോകാനുള്ള ധൈര്യം സംഭരിക്കാൻ എനിക്കു വളരെ പണിപ്പെടേണ്ടി വന്നു. ഒരു ദിവസം രാവിലെ ലോയ്‌ഡ്‌ ബാരി സഹോദരൻ എന്നെ വയൽശുശ്രൂഷയ്‌ക്കു കൊണ്ടുപോകാൻ കോഡാ സഹോദരിയുടെ വീട്ടിൽവന്നു. തൊട്ടടുത്ത വീട്ടിൽത്തന്നെ അദ്ദേഹം പ്രവർത്തനം ആരംഭിച്ചു. അദ്ദേഹം പറയുന്നത്‌ കേട്ടുകൊണ്ട്‌ ഞാൻ അദ്ദേഹത്തിന്റെ പുറകിൽ ഒളിച്ചുനിൽക്കുകയായിരുന്നു എന്നുതന്നെ പറയാം. അടുത്ത പ്രാവശ്യം വേറെ രണ്ടു മിഷനറിമാരോടൊപ്പമാണ്‌ ഞാൻ പ്രവർത്തിച്ചത്‌. പ്രായമുള്ള ഒരു ജപ്പാൻകാരി ഞങ്ങളെ അകത്തേക്കു വിളിച്ച്‌ ഞങ്ങൾ പറഞ്ഞതെല്ലാം ശ്രദ്ധിച്ചു. പിന്നെ ഓരോ ഗ്ലാസ്സ്‌ പാലും തന്നു. അവർ ഒരു ഭവന ബൈബിളധ്യയനം സ്വീകരിക്കുകയും പിന്നീട്‌ സ്‌നാപനമേറ്റ ഒരു ക്രിസ്‌ത്യാനിയായിത്തീരുകയും ചെയ്‌തു. അവരുടെ പുരോഗതി കാണുന്നത്‌ പ്രോത്സാഹജനകമായിരുന്നു.

ബ്രുക്ലിൻ ലോകാസ്ഥാനത്തുനിന്നുള്ള നേഥൻ എച്ച്‌. നോർ സഹോദരൻ 1951 ഏപ്രിലിൽ ആദ്യമായി ജപ്പാൻ സന്ദർശിച്ചു. ടോക്കിയോയിലെ കാൻഡായിലുള്ള ക്യോരിറ്റ്‌സൂ ഓഡിറ്റോറിയത്തിൽ അദ്ദേഹം നടത്തിയ പരസ്യപ്രസംഗം കേൾക്കാൻ ഏകദേശം 700 പേർ കൂടിവന്നു. ഈ പ്രത്യേക യോഗത്തിനു വന്ന എല്ലാവരും വീക്ഷാഗോപുരത്തിന്റെ ജാപ്പനീസ്‌ പതിപ്പിന്റെ പ്രകാശനത്തിൽ സന്തോഷിച്ചു. പിറ്റേ മാസം നോർ സഹോദരൻ കോബെ സന്ദർശിച്ചു. അവിടെ നടത്തപ്പെട്ട പ്രത്യേക യോഗത്തിൽ ഞാൻ യഹോവയ്‌ക്കുള്ള എന്റെ സമർപ്പണം സ്‌നാപനത്തിലൂടെ പ്രതീകപ്പെടുത്തി.

ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ പയനിയറിങ്‌ അതായത്‌ മുഴുസമയ ശുശ്രൂഷ തുടങ്ങാനുള്ള പ്രോത്സാഹനം എനിക്കു ലഭിച്ചു. ആ സമയത്ത്‌ ജപ്പാനിൽ കുറച്ചു പയനിയർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണപരമായ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റുമെന്നും എന്റെ വിവാഹക്കാര്യം എന്താകുമെന്നുമൊക്കെ ഞാൻ ചിന്തിച്ചു. എന്നാൽ യഹോവയുടെ സേവനത്തിനാണ്‌ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകേണ്ടതെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ 1952-ൽ ഞാൻ പയനിയറിങ്‌ തുടങ്ങി. സന്തോഷകരമെന്നു പറയട്ടെ, കോഡാ സഹോദരിക്കുവേണ്ടി കുറച്ചുസമയം ജോലി ചെയ്‌തുകൊണ്ടുതന്നെ പയനിയറിങ്‌ നടത്താൻ എനിക്കു കഴിഞ്ഞു.

ഏതാണ്ട്‌ ആ സമയത്ത്‌, യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന്‌ ഞാൻ കരുതിയിരുന്ന എന്റെ ജ്യേഷ്‌ഠൻ തന്റെ കുടുംബത്തോടൊപ്പം തായ്‌വാനിൽനിന്നു വീട്ടിൽ തിരിച്ചെത്തി. എന്റെ വീട്ടിലാരും ഒരിക്കലും ക്രിസ്‌ത്യാനിത്വത്തിൽ താത്‌പര്യം കാണിച്ചിട്ടില്ലായിരുന്നു. എങ്കിലും പയനിയർ എരിവിനാൽ ജ്വലിക്കുകയായിരുന്ന ഞാൻ അവർക്ക്‌ മാസികകളും ചെറുപുസ്‌തകങ്ങളും അയച്ചുകൊടുക്കാൻ തുടങ്ങി. പിന്നീട്‌, ജോലി സംബന്ധമായി ജ്യേഷ്‌ഠൻ കുടുംബവുമൊത്ത്‌ കോബെയിലേക്കു താമസം മാറി. ‘ഞാൻ അയച്ചുതന്ന മാസികകൾ വായിച്ചോ?’ ഞാൻ നാത്തൂനോടു ചോദിച്ചു. “അവ നല്ല മാസികകളാണ്‌,” എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ നാത്തൂൻ ഉത്തരം പറഞ്ഞു. തുടർന്ന്‌, മിഷനറിമാരിൽ ഒരാൾ നാത്തൂനെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. അവരോടൊപ്പം താമസിച്ചിരുന്ന എന്റെ അനുജത്തിയും പഠനത്തിൽ പങ്കുചേർന്നു. കാലക്രമത്തിൽ അവർ ഇരുവരും സ്‌നാപനമേറ്റ ക്രിസ്‌ത്യാനികൾ ആയിത്തീർന്നു.

സാർവദേശീയ സാഹോദര്യം മതിപ്പുളവാക്കുന്നു

ഏറെ താമസിയാതെ, എന്നെ അങ്ങേയറ്റം ആശ്ചര്യപ്പെടുത്തിക്കൊണ്ട്‌ അപ്രതീക്ഷിതമായ ഒന്നു സംഭവിച്ചു. എനിക്ക്‌ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 22-ാം ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. ജപ്പാനിൽനിന്ന്‌ ഈ സ്‌കൂളിലേക്കു ക്ഷണം ലഭിച്ച ആദ്യ വ്യക്തികളായിരുന്നു റ്റ്‌സുട്ടോമൂ ഫൂക്കാസേ സഹോദരനും ഞാനും. 1953-ൽ, ക്ലാസ്സ്‌ തുടങ്ങുന്നതിനു മുമ്പ്‌ ഞങ്ങൾക്ക്‌ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന പുതിയലോക സമുദായം കൺവെൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞു. യഹോവയുടെ ജനത്തിന്റെ സാർവദേശീയ സാഹോദര്യത്തിൽ എനിക്കു വളരെ മതിപ്പു തോന്നി.

കൺവെൻഷന്റെ അഞ്ചാം ദിവസം ജാപ്പനീസ്‌ പ്രതിനിധികൾ​—⁠മിക്കവരും മിഷനറിമാർ ആയിരുന്നു​—⁠കിമോണോ ധരിക്കണമായിരുന്നു. ഞാൻ നേരത്തേ കയറ്റി അയച്ചിരുന്ന കിമോണോ സമയത്ത്‌ എത്താതിരുന്നതിനാൽ നോർ സഹോദരി എനിക്കൊന്ന്‌ കടംതന്നു. സെഷന്റെ സമയത്ത്‌ മഴ പെയ്യാൻ തുടങ്ങി. കിമോണോ നനയുമല്ലോ എന്നോർത്ത്‌ ഞാൻ വിഷമിച്ചു. അപ്പോൾ പിന്നിൽനിന്ന്‌ ഒരാൾ ഒരു മഴക്കോട്ട്‌ എന്റെ മേലിട്ടു. “അത്‌ ആരാണെന്ന്‌ അറിയാമോ?” എന്റെ അടുത്ത്‌ ഉണ്ടായിരുന്ന സഹോദരി എന്നോടു ചോദിച്ചു. ഭരണസംഘാംഗമായിരുന്ന ഫ്രെഡറിക്‌ ഡബ്ല്യു. ഫ്രാൻസ്‌ സഹോദരനായിരുന്നു അതെന്ന്‌ ഞാൻ പിന്നീട്‌ അറിഞ്ഞു. യഹോവയുടെ സംഘടനയുടെ ഊഷ്‌മളത ഞാൻ അനുഭവിച്ചറിഞ്ഞ ഒരു നിമിഷം ആയിരുന്നു അത്‌!

ഗിലെയാദിന്റെ 22-ാം ക്ലാസ്സിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർ ഉണ്ടായിരുന്നു. 37 രാജ്യങ്ങളിൽനിന്നുള്ള 120 വിദ്യാർഥികൾ അടങ്ങുന്നതായിരുന്നു അത്‌. ഭാഷ കുറച്ചൊക്കെ പ്രശ്‌നം സൃഷ്ടിച്ചെങ്കിലും ആ സാർവദേശീയ സാഹോദര്യം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. 1954 ഫെബ്രുവരിയിലെ മഞ്ഞുള്ള ഒരു ദിവസമായിരുന്നു ബിരുദദാനം. ജപ്പാനിലേക്കു തന്നെയാണ്‌ എനിക്കു നിയമനം ലഭിച്ചത്‌. എന്നോടൊപ്പം ക്ലാസ്സിൽ ഉണ്ടായിരുന്ന സ്വീഡനിൽനിന്നുള്ള ഇംഗർ ബ്രാന്റ്‌ എന്ന സഹോദരി ആയിരുന്നു എന്റെ മിഷനറി പങ്കാളി. ഞങ്ങളൊരുമിച്ച്‌ ജപ്പാനിലുള്ള നാഗൊയാ നഗരത്തിൽ സേവനം ആരംഭിച്ചു. അവിടെ, യുദ്ധം നിമിത്തം കൊറിയ വിടേണ്ടിവന്ന ഒരു കൂട്ടം മിഷനറിമാരോടൊത്ത്‌ ഞങ്ങൾ പ്രവർത്തിച്ചു. മിഷനറി സേവനത്തിൽ ഞാൻ ചെലവഴിച്ച ഏതാനും വർഷങ്ങൾ എനിക്കു വളരെ വിലപ്പെട്ടതാണ്‌.

ദമ്പതികളെന്ന നിലയിലുള്ള സന്തുഷ്ട സേവനം

എനിക്ക്‌ 1957 സെപ്‌റ്റംബറിൽ ടോക്കിയോ ബെഥേലിൽ സേവിക്കാനുള്ള ക്ഷണം ലഭിച്ചു. തടികൊണ്ടുള്ള ഒരു രണ്ടുനില വീടായിരുന്നു ജപ്പാനിലെ ബ്രാഞ്ച്‌ ഓഫീസ്‌. ബ്രാഞ്ച്‌ മേൽവിചാരകൻ ആയിരുന്ന ബാരി സഹോദരൻ ഉൾപ്പെടെ നാല്‌ അംഗങ്ങളേ ബ്രാഞ്ചിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാവരും മിഷനറിമാർ ആയിരുന്നു. പരിഭാഷയും പ്രൂഫ്‌വായനും ചെയ്‌തിരുന്നതിനു പുറമേ ശുചീകരണം, വസ്‌ത്രം കഴുകൽ, പാചകം തുടങ്ങിയ നിയമനങ്ങളും എനിക്കു ലഭിച്ചിരുന്നു.

ജപ്പാനിലെ വേല മുന്നേറുകയായിരുന്നു. കൂടുതൽ സഹോദരങ്ങളെ ബെഥേലിലേക്കു ക്ഷണിച്ചു. അവരിലൊരാൾ ഞാൻ സഹവസിച്ചിരുന്ന സഭയിൽ ഒരു മേൽവിചാരകനായി നിയമിക്കപ്പെട്ടു. 1966-ൽ ജൂൻജി കോഷിനോ എന്ന ആ സഹോദരനും ഞാനും വിവാഹിതരായി. വിവാഹശേഷം ജൂൻജിക്ക്‌ സർക്കിട്ട്‌ മേൽവിചാരകനായി നിയമനം ലഭിച്ചു. വ്യത്യസ്‌ത സഭകൾ സന്ദർശിച്ച്‌ അനേകം സഹോദരീസഹോദരന്മാരെ പരിചയപ്പെടാൻ സാധിച്ചത്‌ വളരെ വലിയ സന്തോഷമായിരുന്നു. പരിഭാഷ ചെയ്യാൻ എനിക്കു നിയമനം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ഓരോ വാരവും താമസിച്ചിരുന്ന വീട്ടിൽവെച്ച്‌ ഞാൻ അതു ചെയ്‌തിരുന്നു. യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ സാധനങ്ങൾക്കു പുറമേ ഭാരമുള്ള ഡിക്‌ഷണറികളും കൂടെ കൊണ്ടുപോകേണ്ടിയിരുന്നു.

നാലു വർഷത്തിലധികം ഞങ്ങൾ സർക്കിട്ട്‌ വേല ആസ്വദിച്ചു. സംഘടനയുടെ തുടർച്ചയായ വളർച്ചയ്‌ക്കു ഞങ്ങൾ സാക്ഷ്യം വഹിച്ചു. ബ്രാഞ്ച്‌ ആദ്യം നൂമാസൂവിലേക്കും പല വർഷങ്ങൾക്കു ശേഷം ഇപ്പോൾ സ്ഥിതിചെയ്യുന്ന എബിനയിലേക്കും മാറ്റി സ്ഥാപിച്ചു. ഞാനും ജൂൻജിയും ഇപ്പോൾ ദീർഘകാലമായി ബെഥേൽ സേവനം ആസ്വദിക്കുന്നു. ഇപ്പോൾ ബെഥേലിൽ ഏകദേശം 600 പേർ ഉണ്ട്‌. 2002 മേയിൽ, ഞാൻ മുഴുസമയ സേവനത്തിൽ 50 വർഷം പൂർത്തിയാക്കിയപ്പോൾ ബെഥേലിലെ നല്ലവരായ സുഹൃത്തുക്കൾ അത്‌ ആഘോഷിച്ചു.

വർധനയ്‌ക്കു സാക്ഷ്യം വഹിക്കാൻ കഴിയുന്നതിന്റെ സന്തോഷം

ഞാൻ 1950-ൽ യഹോവയെ സേവിക്കാൻ തുടങ്ങിയ സമയത്ത്‌ ജപ്പാനിൽ വളരെ കുറച്ചു പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 2,10,000-ത്തിലധികം രാജ്യപ്രസാധകർ ഉണ്ട്‌. ആയിരക്കണക്കിന്‌ ചെമ്മരിയാടുതുല്യർ എന്നെപ്പോലെതന്നെ യഹോവയിലേക്ക്‌ ആകർഷിക്കപ്പെട്ടിരിക്കുന്നു.

കോഡാ സഹോദരിയുടെ ഭവനത്തിൽ 1949-ൽ ഞങ്ങളെ സന്ദർശിച്ച നാലു മിഷനറി സഹോദരന്മാരും സഹോദരിയും മോഡ്‌ കോഡാ സഹോദരിയുമെല്ലാം വിശ്വസ്‌തരായി തങ്ങളുടെ ജീവിതം പൂർത്തീകരിച്ചിരിക്കുന്നു, അതുപോലെ ശുശ്രൂഷാദാസൻ ആയിരുന്ന എന്റെ ജ്യേഷ്‌ഠനും ഏകദേശം 15 വർഷം പയനിയർ സേവനം ആസ്വദിച്ച നാത്തൂനും. കുട്ടിക്കാലത്ത്‌ ഞാൻ എന്റെ മാതാപിതാക്കളുടെ മരണത്തെ അങ്ങേയറ്റം ഭയപ്പെട്ടിരുന്നല്ലോ. എന്റെ മാതാപിതാക്കളെ സംബന്ധിച്ച്‌ എന്തു ഭാവി പ്രത്യാശയാണ്‌ ഉള്ളത്‌? ബൈബിളിന്റെ പുനരുത്ഥാന വാഗ്‌ദാനം എനിക്ക്‌ പ്രത്യാശയും ആശ്വാസവും നൽകുന്നു.​—⁠പ്രവൃത്തികൾ 24:15.

തിരിഞ്ഞു നോക്കുമ്പോൾ, 1941-ൽ മോഡ്‌ സഹോദരിയെ കണ്ടുമുട്ടിയത്‌ എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന്‌ എനിക്കു തോന്നുന്നു. അന്ന്‌ ഞാൻ അവരെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ, യുദ്ധത്തിനു ശേഷം അവരെ സഹായിക്കാനുള്ള ക്ഷണം സ്വീകരിച്ചില്ലായിരുന്നെങ്കിൽ മിക്കവാറും ഞാൻ ഉൾനാടൻ ഗ്രാമത്തിലുള്ള ഞങ്ങളുടെ കൃഷിയിടത്തിൽ സ്ഥിരതാമസമാക്കുകയേ ഉണ്ടായിരുന്നുള്ളൂ. എങ്കിൽ ആ ആദ്യ കാലങ്ങളിൽ മിഷനറിമാരുമായി സമ്പർക്കത്തിൽ വരാൻ യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. മോഡിനെയും ആ ആദ്യകാല മിഷനറിമാരെയും ഉപയോഗിച്ച്‌ എന്നെ സത്യത്തിലേക്ക്‌ ആകർഷിച്ചതിൽ ഞാൻ യഹോവയോട്‌ എത്രമാത്രം നന്ദിയുള്ളവൾ ആണെന്നോ!

[25 -ാം പേജിലെ ചിത്രം]

 മാഡ്‌ കോഡായോടും ഭർത്താവിനോടുമൊപ്പം. മുന്നിൽ ഇടതുവശത്ത്‌ ഞാൻ

[27 -ാം പേജിലെ ചിത്രം]

യാങ്കീ സ്റ്റേഡിയത്തിൽ ജപ്പാനിൽനിന്നുള്ള മിഷനറിമാരോടൊപ്പം, 1953-ൽ. ഇടത്തേയറ്റത്ത്‌ ഞാൻ

[28 -ാം പേജിലെ ചിത്രങ്ങൾ]

ബെഥേലിൽ ഭർത്താവ്‌ ജൂൻജിയോടൊപ്പം