വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മരിച്ചവർക്കു വേണ്ടിയുള്ള സ്നാപനം എന്താണ്?
സ്വർഗീയ പുനരുത്ഥാനത്തെ കുറിച്ച് എഴുതവേ അപ്പൊസ്തലനായ പൗലൊസ് വളരെ താത്പര്യജനകമായ ഒരു കാര്യം പറഞ്ഞു. സത്യവേദ പുസ്തകത്തിൽ അത് ഇങ്ങനെ വായിക്കുന്നു: “മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്ന്?” ഓശാന ബൈബിളിൽ ഈ ഭാഗം വായിക്കുന്നത് ഇങ്ങനെയാണ്: “അല്ലെങ്കിൽ, മരിച്ചവർക്കുവേണ്ടി സ്നാപനം സ്വീകരിക്കുക എന്നതിന്റെ അർഥം എന്താണ്? മരിച്ചവർ ഉയിർപ്പിക്കപ്പെടുകയില്ലെങ്കിൽ പിന്നെ എന്തിന്നു മരിച്ചവർക്കുവേണ്ടി സ്നാപനം ഏല്ക്കണം?”—1 കൊരിന്ത്യർ 15:29.
സ്നാപനമേൽക്കാതെ മരിച്ചുപോയവർക്കുവേണ്ടി, ജീവിച്ചിരിക്കുന്നവർ സ്നാപനം ഏൽക്കാൻ നിർദേശിക്കുകയായിരുന്നോ പൗലൊസ്? മേലുദ്ധരിച്ചതുപോലുള്ള ബൈബിൾ പരിഭാഷകളിൽനിന്ന് ഈ വാക്യം വായിക്കുന്ന ഒരു വ്യക്തി അങ്ങനെ കരുതിയേക്കാം. എന്നാൽ തിരുവെഴുത്തുകളുടെയും പൗലൊസ് ഉപയോഗിച്ച മൂല ഗ്രീക്കിന്റെയും സൂക്ഷ്മ പരിശോധന മറ്റൊരു നിഗമനത്തിലേക്കു നയിക്കുന്നു. ക്രിസ്തുവിനെ പോലെ നിർമലതാ പാലകരെന്ന നിലയിൽ മരിക്കേണ്ടിവരുന്ന ഒരു ജീവിതഗതിയിലേക്ക് അഭിഷിക്ത ക്രിസ്ത്യാനികൾ സ്നാപനമേൽക്കുന്നു എന്നാണ് പൗലൊസ് അർഥമാക്കിയത്. പിന്നീട് ക്രിസ്തുവിനെ പോലെ അവർ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമായിരുന്നു.
തിരുവെഴുത്തുകൾ ഈ വിശദീകരണത്തെ പിന്താങ്ങുന്നു. റോമർക്കുള്ള ലേഖനത്തിൽ പൗലൊസ് ഇങ്ങനെ എഴുതി: “യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏററവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏററിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?” (റോമർ 6:3) ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ്, താൻ ‘വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ച്’ ക്രിസ്തുവിന്റെ ‘മരണത്തോട് അനുരൂപപ്പെട്ട് [‘അവന്റേതിനോടു സമാനമായ മരണത്തിന് തന്നെത്തന്നെ വിട്ടുകൊടുത്ത്,’ NW] അവന്റെ കഷ്ടാനുഭവങ്ങളിൽ കൂട്ടായ്മ അനുഭവിക്കുന്ന’തിനെ കുറിച്ചു പറയുന്നു. (ഫിലിപ്പിയർ 3:10, 11) ക്രിസ്തുവിന്റെ ഒരു അഭിഷിക്ത അനുഗാമിയുടെ ജീവിതത്തിൽ, പരിശോധനകൾക്കുമധ്യേ ദൃഢവിശ്വസ്തത കാത്തുസൂക്ഷിക്കുന്നതും സദാ മരണത്തെ മുന്നിൽ കാണുന്നതും ഒടുവിൽ നിർമലതാ പാലകനെന്ന നിലയിൽ മരിക്കുന്നതും സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു എന്ന് പൗലൊസ് ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഇവയും സ്നാപനമേറ്റവരോടുള്ള ബന്ധത്തിൽ മരണത്തെ കുറിച്ച് നേരിട്ടു പരാമർശിക്കുന്ന മറ്റു തിരുവെഴുത്തുകളും സ്നാപനമേറ്റിരുന്ന ജീവിച്ചിരിക്കുന്ന വ്യക്തികളെ കുറിച്ചാണ് അല്ലാതെ മരിച്ചുപോയിരുന്നവരെ കുറിച്ചല്ല പറയുന്നത് എന്നത് ശ്രദ്ധാർഹമാണ്. പൗലൊസ് സഹ അഭിഷിക്ത ക്രിസ്ത്യാനികളോട് ഇങ്ങനെയും പറഞ്ഞു: “സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു.”—കൊലൊസ്സ്യർ 2:12.
പല ബൈബിൾ പരിഭാഷകളും 1 കൊരിന്ത്യർ 15:29-ൽ “വേണ്ടി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് ഗതി (preposition) ആയ ഹൈപറിന് “ആയിരിക്കാൻ വേണ്ടി,” അല്ലെങ്കിൽ “എന്ന ഉദ്ദേശ്യത്തിൽ” എന്നും അർഥമുണ്ട്. അതുകൊണ്ട് മറ്റു ബൈബിൾ വാക്യങ്ങൾക്കു ചേർച്ചയിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഈ തിരുവെഴുത്ത് ശരിയായി ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “മരിച്ചവർ ആയിരിക്കുക എന്ന ഉദ്ദേശ്യത്തിൽ സ്നാപനം ഏൽക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ ഉയിർപ്പിക്കപ്പെടുകയേ ഇല്ലെങ്കിൽ പിന്നെ അവർ അങ്ങനെ ആയിരിക്കാൻ വേണ്ടി സ്നാപനം ഏൽക്കുന്നത് എന്തിന്?”