വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കൽ

ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കൽ

ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കൽ

“ശിക്ഷണം” എന്ന പദം കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌ എന്താണ്‌? ആളുകളെക്കൊണ്ട്‌ നിയമങ്ങൾ അല്ലെങ്കിൽ പെരുമാറ്റച്ചട്ടങ്ങൾ അനുസരിപ്പിക്കുകയും അവർ അതിനു തയ്യാറാകാത്തപക്ഷം അവരെ ശിക്ഷിക്കുകയും ചെയ്യുന്ന രീതി എന്ന്‌ ഒരു നിഘണ്ടു ശിക്ഷണത്തെ നിർവചിക്കുന്നു. അംഗീകൃത നിർവചനങ്ങൾ വേറെയുമുണ്ടെങ്കിലും ഇന്ന്‌ പല ആളുകളും ശിക്ഷണത്തോടു ബന്ധപ്പെട്ടു വരുന്ന ഏതു കാര്യങ്ങൾക്കും ഇതുപോലുള്ള നിഷേധാത്മക അർഥമാണ്‌ കൽപ്പിക്കുന്നത്‌.

എന്നാൽ ബൈബിൾ വ്യത്യസ്‌തമായ ഒരു രീതിയിലാണ്‌ ശിക്ഷണത്തെ കുറിച്ചു പറയുന്നത്‌. “മകനേ, യഹോവയുടെ ശിക്ഷയെ [“ശിക്ഷണത്തെ,” NW] നിരസിക്കരുത്‌” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതി. (സദൃശവാക്യങ്ങൾ 3:11) ഈ വാക്കുകൾ ശിക്ഷണത്തെ പൊതുവായല്ല പിന്നെയോ “യഹോവയുടെ ശിക്ഷണത്തെ” അതായത്‌ ദൈവത്തിന്റെ ഉന്നത തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിക്ഷണത്തെ ആണ്‌ പരാമർശിക്കുന്നത്‌. അത്തരം ശിക്ഷണം മാത്രമാണ്‌ ആത്മീയമായി ഫലപ്രദവും പ്രയോജനകരവും ആയിരിക്കുന്നത്‌, അത്‌ അഭിലഷണീയം പോലുമാണ്‌. ഇതിൽനിന്നു വ്യത്യസ്‌തമായി യഹോവയുടെ ഉന്നത തത്ത്വങ്ങൾക്കു വിരുദ്ധമായ മാനുഷ ചിന്തയെ ആസ്‌പദമാക്കിയുള്ള ശിക്ഷണം പലപ്പോഴും ദ്രോഹകരവും ഹാനികരവുമാണ്‌. പലർക്കും ശിക്ഷണത്തോട്‌ നിഷേധാത്മക മനോഭാവം ഉള്ളത്‌ എന്തുകൊണ്ടാണെന്ന്‌ അതു വ്യക്തമാക്കുന്നു.

യഹോവയുടെ ശിക്ഷണം സ്വീകരിക്കാൻ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? തിരുവെഴുത്തുകളിൽ ദിവ്യ ശിക്ഷണം, ദൈവത്തിന്‌ തന്റെ മനുഷ്യ സൃഷ്ടികളോടുള്ള സ്‌നേഹത്തിന്റെ ഒരു പ്രകടനമായിട്ടാണ്‌ വർണിക്കപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ട്‌ ശലോമോൻ തുടർന്ന്‌ ഇങ്ങനെ പറയുകയുണ്ടായി: “അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു [“ശാസിക്കുന്നു,” പി.ഒ.സി. ബൈബിൾ].”​—⁠സദൃശവാക്യങ്ങൾ 3:12.

ശിക്ഷണമോ ശിക്ഷയോ?

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന പ്രകാരമുള്ള ശിക്ഷണത്തിന്‌ പല വശങ്ങളുണ്ട്‌​—⁠മാർഗദർശനം, പ്രബോധനം, പരിശീലനം, ശാസന, തിരുത്തൽ, എന്തിന്‌ ശിക്ഷപോലും. എന്നിരുന്നാലും മേൽപ്പറഞ്ഞ ഓരോ സന്ദർഭത്തിലും യഹോവയുടെ ശിക്ഷണത്തിന്റെ പ്രചോദക ഘടകം സ്‌നേഹമാണ്‌, ലക്ഷ്യമോ അതിനു വിധേയനാകുന്ന വ്യക്തിക്ക്‌ പ്രയോജനം ചെയ്യുക എന്നതും. തെറ്റുതിരുത്താനായി യഹോവ ശിക്ഷണം നൽകുമ്പോൾ അതിന്റെ ഉദ്ദേശ്യം ഒരിക്കലും ശിക്ഷ നൽകുക എന്നതു മാത്രമായിരിക്കുന്നില്ല.

അതേസമയം ദൈവം ശിക്ഷ നൽകുമ്പോൾ അത്‌ എപ്പോഴും, അതിനു വിധേയനാകുന്ന വ്യക്തിയെ തിരുത്തുകയോ പ്രബോധിപ്പിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തിലുമായിരിക്കുന്നില്ല. ഉദാഹരണത്തിന്‌, ആദാമും ഹവ്വായും പാപം ചെയ്‌ത അന്നുമുതൽ തങ്ങളുടെ അനുസരണക്കേടിന്റെ ഭവിഷ്യത്തുകൾ അവർ അനുഭവിക്കാൻ തുടങ്ങി. യഹോവ അവരെ ഏദെൻ എന്ന പറുദീസാ ഉദ്യാനത്തിൽനിന്നു പുറത്താക്കി, അവർ അപൂർണതയുടെയും രോഗത്തിന്റെയും വാർധക്യത്തിന്റെയും പിടിയിലമർന്നു. നൂറുകണക്കിനു വർഷം വേദന തിന്നു ജീവിച്ചശേഷം അവർ എന്നേക്കുമായി മണ്ണടിഞ്ഞു. ഇതെല്ലാം ദൈവത്തിൽനിന്നുള്ള ശിക്ഷയായിരുന്നു, എന്നാൽ അത്‌ തെറ്റു തിരുത്താനുള്ള ശിക്ഷണമല്ലായിരുന്നു. ആദാമും ഹവ്വായും മനഃപൂർവം അനുസരണക്കേടു കാണിക്കുകയായിരുന്നു, അവർ അനുതാപം പ്രകടിപ്പിച്ചതുമില്ല. അതുകൊണ്ടുതന്നെ അവരെ തിരുത്താൻ കഴിയുമായിരുന്നില്ല.

നോഹയുടെ നാളിലെ പ്രളയം, സൊദോമിന്റെയും ഗൊമോരയുടെയും നാശം, ചെങ്കടലിൽവെച്ച്‌ ഈജിപ്‌ഷ്യൻ സൈന്യത്തിനു വരുത്തിയ ഉന്മൂലനാശം തുടങ്ങിയവയാണ്‌ യഹോവ നടപ്പിലാക്കിയ മറ്റു ശിക്ഷകൾ. യഹോവയുടെ ഈ നടപടികളൊന്നും അതിനു വിധേയരായവർക്ക്‌ മാർഗദർശനമോ പ്രബോധനമോ പരിശീലനമോ നൽകുക എന്ന ലക്ഷ്യത്തോടു കൂടിയത്‌ ആയിരുന്നില്ല. ദൈവത്തിന്റെ ഈ ശിക്ഷാനടപടികളെ കുറിച്ച്‌ അപ്പൊസ്‌തലനായ പത്രൊസ്‌ ഇങ്ങനെ പറഞ്ഞു: ‘ദൈവം പുരാതനലോകത്തെ ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്‌മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കിവെക്കയും ചെയ്‌തു [“വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ ഭക്തികെട്ട ആളുകൾക്ക്‌ ഒരു മാതൃക സ്ഥാപിച്ചു,” NW].’—2 പത്രൊസ്‌ 2:​4-8.

ഈ ശിക്ഷാനടപടികൾ ‘വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ ഭക്തികെട്ട ആളുകൾക്ക്‌ ഒരു മാതൃക സ്ഥാപിച്ചത്‌’ എങ്ങനെയാണ്‌? തെസ്സലൊനീക്യർക്കുള്ള ലേഖനത്തിൽ പൗലൊസ്‌, ‘ദൈവത്തെ അറിയാത്തവർക്കും സുവിശേഷം അനുസരിക്കാത്തവർക്കും’ ദൈവം തന്റെ പുത്രനായ യേശുക്രിസ്‌തു മുഖാന്തരം ‘പ്രതികാരം കൊടുക്കുന്ന’ കാലമെന്ന നിലയിൽ നമ്മുടെ നാളിനെ ചൂണ്ടിക്കാട്ടുന്നു. തുടർന്ന്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സുവിശേഷം അനുസരിക്കാത്തവർ . . . നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.” (2 തെസ്സലൊനീക്യർ 1:​7, 10) അത്തരം ശിക്ഷ അതിനു വിധേയമാകുന്നവരെ പഠിപ്പിക്കാനോ ശുദ്ധീകരിക്കാനോ വേണ്ടിയുള്ളതല്ലെന്നു വ്യക്തമാണ്‌. എന്നിരുന്നാലും, തന്റെ ശിക്ഷണം സ്വീകരിക്കാൻ യഹോവ തന്റെ ആരാധകരെ ക്ഷണിക്കുമ്പോൾ അവൻ അനുതാപമില്ലാത്ത പാപികൾക്കുള്ള ശിക്ഷയെ കുറിച്ചല്ല പരാമർശിക്കുന്നത്‌.

ബൈബിൾ പ്രമുഖമായും യഹോവയെ ഒരു ശിക്ഷകൻ ആയിട്ടല്ല വർണിക്കുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌. പകരം, സ്‌നേഹവാനായ ഒരു ഉപദേഷ്ടാവും ക്ഷമാശീലനായ ഒരു പരിശീലകനുമായിട്ടാണ്‌ അവൻ ഒട്ടുമിക്കപ്പോഴും വർണിക്കപ്പെട്ടിരിക്കുന്നത്‌. (ഇയ്യോബ്‌ 36:22; സങ്കീർത്തനം 71:17; യെശയ്യാവു 54:13) അതേ, തിരുത്തുക എന്ന ഉദ്ദേശ്യത്തിൽ നൽകപ്പെടുന്ന ദൈവിക ശിക്ഷണത്തോടൊപ്പം എല്ലായ്‌പോഴും സ്‌നേഹവും ക്ഷമയും പ്രകടമാകുന്നു. ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുകവഴി, ശരിയായ മനോഭാവത്തോടെ അതു സ്വീകരിക്കാനും നൽകാനും ക്രിസ്‌ത്യാനികൾക്കു കഴിയും.

സ്‌നേഹസമ്പന്നരായ മാതാപിതാക്കൾ നൽകുന്ന ശിക്ഷണം

കുടുംബത്തിനുള്ളിലും ക്രിസ്‌തീയ സഭയ്‌ക്കുള്ളിലും, എല്ലാവരും ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കേണ്ടതുണ്ട്‌. മാതാപിതാക്കളെ പോലെ അധികാരസ്ഥാനങ്ങളിൽ ആയിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതു വിശേഷാൽ പ്രധാനമാണ്‌. സദൃശവാക്യങ്ങൾ 13:24 (ഓശാന ബൈ.) ഇപ്രകാരം പറയുന്നു: “വടി പ്രയോഗിക്കാത്തവൻ തന്റെ പുത്രനെ വെറുക്കുന്നു. പുത്രനെ സ്‌നേഹിക്കുന്നവനോ പുത്രന്ന്‌ ശിക്ഷണം നല്‌കുന്നതിൽ ശ്രദ്ധാലുവാണ്‌.”

മാതാപിതാക്കൾ ശിക്ഷണം നൽകേണ്ടത്‌ എങ്ങനെയാണ്‌? ബൈബിൾ വിവരിക്കുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.” (എഫെസ്യർ 6:4, NW) ഈ ബുദ്ധിയുപദേശം പിൻവരുന്ന വാക്യത്തിൽ വീണ്ടും എടുത്തുപറഞ്ഞിരിക്കുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുത്‌.”​—⁠കൊലൊസ്സ്യർ 3:21.

ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്ന ക്രിസ്‌തീയ മാതാപിതാക്കൾ പരുഷമായി പെരുമാറുകയില്ല. 2 തിമൊഥെയൊസ്‌ 2:​24-ൽ (പി.ഒ.സി. ബൈബിൾ) പറഞ്ഞിരിക്കുന്ന തത്ത്വം, മാതാപിതാക്കൾ ശിക്ഷണം നൽകുന്ന രീതിയുടെ കാര്യത്തിൽ ബാധകമാക്കാൻ കഴിയും. ‘കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്‌; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും’ ആയിരിക്കണം എന്ന്‌ പൗലൊസ്‌ അവിടെ എഴുതി. കോപംകൊണ്ട്‌ പൊട്ടിത്തെറിക്കുന്നതും ആക്രോശിക്കുന്നതും നിന്ദാപൂർവം അല്ലെങ്കിൽ ഇടിച്ചുതാഴ്‌ത്തുന്ന തരത്തിൽ സംസാരിക്കുന്നതും തീർച്ചയായും സ്‌നേഹനിർഭരമായ ശിക്ഷണം ആയിരിക്കുന്നില്ല, ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിൽ അവയ്‌ക്കു സ്ഥാനമില്ല.​—⁠എഫെസ്യർ 4:31; കൊലൊസ്സ്യർ 3:⁠8.

മാതാപിതാക്കൾ നൽകുന്ന തിരുത്തലിൽ ഉൾപ്പെട്ടിരിക്കുന്നത്‌ കേവലം രണ്ടാമതൊന്ന്‌ ആലോചിക്കാതെ തിടുക്കത്തിൽ നൽകുന്ന ശിക്ഷയല്ല. മിക്ക കുട്ടികൾക്കും അവരുടെ ചിന്തയെ തിരുത്താൻ ആവർത്തിച്ചുള്ള ബുദ്ധിയുപദേശം ആവശ്യമാണ്‌. അതുകൊണ്ട്‌ മാതാപിതാക്കൾ ശിക്ഷണം നൽകാനായി സമയം ചെലവഴിക്കേണ്ടതുണ്ട്‌, ക്ഷമ പ്രകടമാക്കേണ്ടതുണ്ട്‌. കൂടാതെ, ഏതു രീതിയിലുള്ള ശിക്ഷണം നൽകണം എന്നതിനെ കുറിച്ച്‌ മാതാപിതാക്കൾ സമയമെടുത്തു ചിന്തിക്കേണ്ടതും ആവശ്യമാണ്‌. കുട്ടികളെ ‘യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലുമാണ്‌ വളർത്തിക്കൊണ്ടുവരേണ്ടത്‌’ എന്ന കാര്യം അവർ മനസ്സിൽ പിടിക്കണം. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു പരിശീലനത്തെ അത്‌ അർഥമാക്കുന്നു.

ക്രിസ്‌തീയ ഇടയന്മാർ സൗമ്യതയോടെ ശിക്ഷണം നൽകുന്നു

ഇതേ തത്ത്വങ്ങൾ ക്രിസ്‌തീയ മൂപ്പന്മാരുടെ കാര്യത്തിലും ബാധകമാണ്‌. സ്‌നേഹസമ്പന്നരായ ഇടയന്മാർ എന്നനിലയിൽ അവർ പ്രബോധനവും മാർഗനിർദേശവും, ആവശ്യമായിരിക്കുന്നിടത്ത്‌ ശാസനയും നൽകിക്കൊണ്ട്‌ ആട്ടിൻകൂട്ടത്തെ ബലപ്പെടുത്താൻ ശ്രമിക്കുന്നു. ശിക്ഷണം നൽകുമ്പോൾ അതിന്റെ യഥാർഥ ഉദ്ദേശ്യം അവർ മനസ്സിൽ പിടിക്കുന്നു. (എഫെസ്യർ 4:11, 13) ശിക്ഷ നൽകുന്ന കാര്യത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്നവരായിരുന്നെങ്കിൽ തെറ്റു ചെയ്യുന്നവർക്ക്‌ കേവലം ശിക്ഷ കൊടുത്തിട്ട്‌ അവർ അവിടംകൊണ്ട്‌ നിറുത്തുമായിരുന്നു. എന്നാൽ ദൈവിക ശിക്ഷണത്തിൽ അതിലുമധികം ഉൾപ്പെടുന്നതുകൊണ്ട്‌ സ്‌നേഹത്താൽ പ്രചോദിതരായി മൂപ്പന്മാർ, തെറ്റു ചെയ്യുന്ന വ്യക്തിയെ സഹായിക്കാനുള്ള അവരുടെ ശ്രമം തുടരുന്നു. അയാളിൽ യഥാർഥ താത്‌പര്യം ഉള്ളതിനാൽ അവർ പലപ്പോഴായി സമയം ക്രമീകരിച്ച്‌ ആവശ്യമായ പ്രോത്സാഹനവും സഹായവും നൽകുന്നു.

ശിക്ഷണം പെട്ടെന്ന്‌ സ്വീകരിക്കാത്തവരുമായി ഇടപെടുമ്പോൾ പോലും മൂപ്പന്മാർ ‘സൗമ്യതയോടെ’ ആയിരിക്കണം പ്രബോധനം നൽകേണ്ടത്‌ എന്ന്‌ 2 തിമൊഥെയൊസ്‌ 2:25, 26 പറയുന്നു. ശിക്ഷണത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചുകൂടെ ആ തിരുവെഴുത്ത്‌ സംസാരിക്കുന്നു. ‘വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്‌കുകയും അവർ സുബോധം പ്രാപിച്ചു [പിശാചിന്റെ] കെണിയിൽനിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുകയും [ചെയ്‌തേക്കാം]’ എന്ന്‌ അതു പറയുന്നു.

ചിലപ്പോൾ, അനുതാപമില്ലാത്ത ദുഷ്‌പ്രവൃത്തിക്കാരെ സഭയിൽനിന്നു പുറത്താക്കേണ്ടത്‌ ആവശ്യമായിരിക്കും. (1 തിമൊഥെയൊസ്‌ 1:18-20) അത്തരം കടുത്ത നടപടിപോലും ഒരു ശിക്ഷണം ആയിട്ടാണ്‌ വീക്ഷിക്കപ്പെടേണ്ടത്‌, അല്ലാതെ വെറും ശിക്ഷ ആയിട്ടല്ല. പുറത്താക്കപ്പെട്ടവരെങ്കിലും മനഃപൂർവം ദുഷ്‌പ്രവൃത്തിയുടേതായ ഗതിയിൽ തുടരുന്നില്ലാത്ത വ്യക്തികളെ മൂപ്പന്മാർ ഇടയ്‌ക്കിടെ സന്ദർശിക്കാൻ ശ്രമിക്കുന്നു. അത്തരം സന്ദർശനങ്ങളുടെ സമയത്ത്‌, ക്രിസ്‌തീയ സഭയിലേക്കു മടങ്ങിവരാൻ ഒരു വ്യക്തി സ്വീകരിക്കേണ്ടതായ പടികളെ കുറിച്ചു പറഞ്ഞുകൊണ്ട്‌ ശിക്ഷണത്തിന്റെ യഥാർഥ ഉദ്ദേശ്യത്തിനു ചേർച്ചയിൽ മൂപ്പന്മാർ പ്രവർത്തിക്കുന്നു.

യഹോവ​—⁠പൂർണതയുള്ള ന്യായാധിപൻ

മാതാപിതാക്കളും ക്രിസ്‌തീയ ഇടയന്മാരും ശിക്ഷണം നൽകാൻ തിരുവെഴുത്തുപരമായി അധികാരമുള്ള മറ്റുള്ളവരും തങ്ങളുടെ ആ ഉത്തരവാദിത്വത്തെ ഗൗരവമായി കാണേണ്ടതുണ്ട്‌. ‘ഒരിക്കലും നേരെയാക്കാൻ സാധിക്കാത്തവൻ’ എന്ന്‌ അവർ ആരെയും വിധിക്കരുത്‌. അതുകൊണ്ട്‌, അവർ നൽകുന്ന ശിക്ഷണം ഒരിക്കലും പ്രതികാരത്തോടെയോ ശത്രുതയോടെയോ നൽകുന്ന ഒരു ശിക്ഷയായിരിക്കാൻ പാടില്ല.

കടുത്ത, ആത്യന്തികമായ ശിക്ഷ നൽകുന്നവനായി ബൈബിൾ യഹോവയെ വർണിക്കുന്നുണ്ട്‌ എന്നതു ശരിയാണ്‌. “ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കര”മാണ്‌ എന്ന്‌ തിരുവെഴുത്തു പറയുന്നു. (എബ്രായർ 10:31) എന്നാൽ ഒരു മനുഷ്യനും ഇക്കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ ഒരിക്കലും തന്നെത്തന്നെ യഹോവയുമായി താരതമ്യപ്പെടുത്താൻ പാടില്ല. പിതാവിന്റെയോ മാതാവിന്റെയോ സഭയിലെ ഒരു മൂപ്പന്റെയോ ‘കയ്യിൽ വീഴുന്നതു ഭയങ്കര’മാണെന്ന്‌ ഒരു വ്യക്തിക്കും തോന്നാൻ ഇടയാകരുത്‌.

ശിക്ഷണം നൽകുമ്പോൾ പൂർണമായ സമനില പാലിക്കാനുള്ള പ്രാപ്‌തി യഹോവയ്‌ക്കുണ്ട്‌. എന്നാൽ മനുഷ്യർക്ക്‌ അതില്ല. ഹൃദയങ്ങളെ വായിച്ച്‌, തിരുത്താനാകാത്ത ഒരവസ്ഥയിൽ ഒരു വ്യക്തി എത്തിച്ചേർന്നിട്ടുണ്ടോയെന്നും അങ്ങനെ അയാൾ മാറ്റമില്ലാത്തവിധം ആത്യന്തിക ശിക്ഷയ്‌ക്ക്‌ അർഹനാണോയെന്നും നിർണയിക്കാൻ യഹോവയ്‌ക്കു സാധിക്കും. മനുഷ്യർ പക്ഷേ അത്തരം ന്യായത്തീർപ്പു നടത്താൻ പ്രാപ്‌തരല്ല. അതുകൊണ്ട്‌ ശിക്ഷണം നൽകേണ്ടതുള്ളപ്പോൾ തിരുത്തൽ നൽകുക എന്ന ഉദ്ദേശ്യത്തിൽ ആയിരിക്കണം അധികാരസ്ഥാനത്തുള്ളവർ എല്ലായ്‌പോഴും അതു ചെയ്യേണ്ടത്‌.

യഹോവയുടെ ശിക്ഷണം സ്വീകരിക്കൽ

നമുക്കെല്ലാം യഹോവയിൽനിന്നുള്ള ശിക്ഷണം ആവശ്യമാണ്‌. (സദൃശവാക്യങ്ങൾ 8:​33, NW) വാസ്‌തവത്തിൽ, ദൈവവചനത്തിൽ അടിസ്ഥാനപ്പെട്ട ശിക്ഷണത്തിനായി നാം അതിയായി വാഞ്‌ഛിക്കേണ്ടതുണ്ട്‌. നാം ദൈവവചനം പഠിക്കുമ്പോൾ തിരുവെഴുത്തിലൂടെ യഹോവയിൽനിന്നു നേരിട്ടു ലഭിക്കുന്ന ശിക്ഷണം നമുക്കു സ്വീകരിക്കാൻ കഴിയും. (2 തിമൊഥെയൊസ്‌ 3:16, 17) എന്നാൽ ചില സമയങ്ങളിൽ സഹക്രിസ്‌ത്യാനികളിൽനിന്ന്‌ നമുക്കു ശിക്ഷണം ലഭിച്ചേക്കാം. അത്തരം ശിക്ഷണത്തിനു പിന്നിലെ യഥാർഥ ആന്തരം തിരിച്ചറിയുന്നത്‌ അതു മനസ്സോടെ സ്വീകരിക്കാൻ നമ്മെ സഹായിക്കും.

“ഏതു ശിക്ഷയും തല്‌ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു. എന്നിട്ട്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” (എബ്രായർ 12:11) യഹോവയുടെ ശിക്ഷണം അവനു നമ്മോടുള്ള അഗാധമായ സ്‌നേഹത്തിന്റെ പ്രകടനമാണ്‌. നാം ശിക്ഷണം സ്വീകരിക്കുകയോ നൽകുകയോ ആണെങ്കിലും ശരി, ദിവ്യ ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിൽ പിടിച്ചുകൊണ്ട്‌ ബൈബിളിന്റെ ഈ ജ്ഞാനമൊഴിക്കു ശ്രദ്ധ നൽകാം: “പ്രബോധനം [“ശിക്ഷണം,” NW] മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.”​—⁠സദൃശവാക്യങ്ങൾ 4:13.

[21 -ാം പേജിലെ ചിത്രങ്ങൾ]

അനുതാപമില്ലാത്ത പാപികൾക്ക്‌ ദൈവത്തിൽനിന്നു ശിക്ഷാവിധിയാണ്‌ ലഭിക്കുക, അല്ലാതെ തിരുത്തൽ നൽകുന്ന ശിക്ഷണമല്ല

[22 -ാം പേജിലെ ചിത്രങ്ങൾ]

സ്‌നേഹത്താൽ പ്രേരിതരായി, തെറ്റു ചെയ്യുന്നവർക്ക്‌ ആത്മീയ സഹായം നൽകാനും അതിനായി തങ്ങളെത്തന്നെ സജ്ജരാക്കാനും മൂപ്പന്മാർ സമയം ചെലവിടുന്നു

[23 -ാം പേജിലെ ചിത്രങ്ങൾ]

മാതാപിതാക്കൾ സ്‌നേഹ ത്തോടും ക്ഷമയോടും കൂടി “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” മക്കളെ വളർത്തുന്നു