വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തീരുമാനങ്ങൾ എടുക്കൽ ഒഴിവാക്കാനാവാത്ത ഒരു വെല്ലുവിളി

തീരുമാനങ്ങൾ എടുക്കൽ ഒഴിവാക്കാനാവാത്ത ഒരു വെല്ലുവിളി

തീരുമാനങ്ങൾ എടുക്കൽ ഒഴിവാക്കാനാവാത്ത ഒരു വെല്ലുവിളി

“തീരുമാനങ്ങൾ എടുക്കുന്ന⁠തിനെക്കാൾ ബുദ്ധിമുട്ടുനിറഞ്ഞ മറ്റൊന്നുമില്ലാത്തതുകൊണ്ട്‌ തീരുമാനശേഷി ഉണ്ടായിരിക്കുന്നതിനെക്കാൾ വിലപ്പെട്ട വേറൊന്നുമില്ല” എന്ന്‌ 19-ാം നൂറ്റാണ്ടിൽ ഫ്രാൻസിന്റെ ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട്‌ ഒരിക്കൽ പ്രസ്‌താവിച്ചു. അദ്ദേഹത്തിന്റെ പ്രസ്‌താവനയിൽ ഉൾപ്പെട്ടിരുന്ന രണ്ട്‌ ആശയങ്ങളോടും നിങ്ങൾ യോജിക്കാൻ സാധ്യതയുണ്ട്‌. കാരണം, സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം സ്വന്തം കൈകളിൽത്തന്നെ ആയിരിക്കാനാണ്‌ സാധാരണമായി ആളുകൾ ആഗ്രഹിക്കുന്നത്‌. അതേസമയം, ചില സന്ദർഭങ്ങളിൽ തീരുമാനം എടുക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും അവർ മനസ്സിലാക്കിയിട്ടുണ്ട്‌.

എളുപ്പമായാലും ബുദ്ധിമുട്ടായാലും തീരുമാനങ്ങൾ എടുക്കുന്നത്‌ ഒഴിവാക്കാനാവില്ല. ദിവസവും നമുക്കു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്‌. രാവിലെ എഴുന്നേറ്റുകഴിഞ്ഞാൽ, ഏതു വസ്‌ത്രം ധരിക്കണം, പ്രാതലിന്‌ എന്തു കഴിക്കണം, അന്നേ ദിവസം മറ്റനേകം കാര്യങ്ങൾ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണം എന്നിങ്ങനെ പലതും നമുക്കു തീരുമാനിക്കേണ്ടതുണ്ട്‌. ഇവയിൽ മിക്കതുംതന്നെ പ്രാധാന്യം കുറഞ്ഞ കാര്യങ്ങളാണ്‌. മിക്കപ്പോഴും അത്തരം കാര്യങ്ങളെ കുറിച്ചൊന്നും നാം രണ്ടുവട്ടം ആലോചിക്കാറില്ല. അവ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന ചിന്ത നമ്മുടെ ഉറക്കം കെടുത്താറുമില്ല.

അതേസമയം, ചില തീരുമാനങ്ങൾക്ക്‌ ദൂരവ്യാപക ഫലമുണ്ട്‌. എന്തു ജീവിതവൃത്തി തിരഞ്ഞെടുക്കണം എന്ന്‌ ഇന്നത്തെ ലോകത്തിൽ അനേകം യുവജനങ്ങൾക്ക്‌ തീരുമാനിക്കേണ്ടതുണ്ട്‌. ഏതുതരം വിദ്യാഭ്യാസമാണു വേണ്ടത്‌, എത്ര വരെ പഠിക്കണം എന്നെല്ലാം അവർക്കു തീരുമാനിക്കേണ്ടതുണ്ടായിരിക്കാം. ഇന്നല്ലെങ്കിൽ നാളെ, വിവാഹം കഴിക്കണോ വേണ്ടയോ എന്ന തീരുമാനത്തെ അവർ അഭിമുഖീകരിക്കും. വിവാഹം കഴിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നവർ പിൻവരുന്ന കാര്യങ്ങൾ തീരുമാനിക്കണം: ‘വിവാഹം കഴിക്കാനുള്ള പ്രായവും പക്വതയും എനിക്കുണ്ടോ? എങ്ങനെയുള്ള ഒരു ഇണയെ ലഭിക്കാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌, അല്ലെങ്കിൽ അതിലും പ്രധാനമായി എങ്ങനെയുള്ള ഒരു ഇണയെയാണ്‌ എനിക്ക്‌ ആവശ്യം?’ വിവാഹ ഇണയെ തിരഞ്ഞെടുക്കുന്നതുപോലെ നമ്മുടെ ജീവിതത്തെ അത്ര ശക്തമായി ബാധിക്കുന്ന തീരുമാനങ്ങൾ അധികമൊന്നുമില്ല.

പ്രാധാന്യമേറിയ സംഗതികളിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്‌ മർമപ്രധാനമാണ്‌. എന്തുകൊണ്ടെന്നാൽ സന്തുഷ്ടി വലിയൊരു അളവുവരെ അതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ചിലയാളുകൾ, അത്തരം തീരുമാനങ്ങൾ എടുക്കാൻ തക്ക പ്രാപ്‌തി തങ്ങൾക്കുണ്ട്‌ എന്നു ചിന്തിക്കുകയും തന്മൂലം, സഹായം തിരസ്‌കരിക്കുകയും ചെയ്‌തേക്കാം. അത്‌ ജ്ഞാനമാണോ? നമുക്കു നോക്കാം.

[3 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

നെപ്പോളിയൻ: ലോകത്തിന്റെ ചിത്രാവിഷ്‌കൃത ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽനിന്ന്‌