വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങളേ, യഹോവയ്‌ക്ക്‌ യോഗ്യമാംവിധം നടക്കുവിൻ

യുവജനങ്ങളേ, യഹോവയ്‌ക്ക്‌ യോഗ്യമാംവിധം നടക്കുവിൻ

യുവജനങ്ങളേ, യഹോവയ്‌ക്ക്‌ യോഗ്യമാംവിധം നടക്കുവിൻ

ചില ക്രിസ്‌തീയ യുവജനങ്ങൾക്ക്‌ തങ്ങളുടെ സ്വന്തം വീടും സഭയും വിട്ട്‌ താത്‌കാലികമായി മറ്റിടങ്ങളിൽ പോയി കഴിയേണ്ടിവന്നിട്ടുണ്ട്‌. ശുശ്രൂഷ വിപുലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ചിലർ അങ്ങനെ ചെയ്‌തിരിക്കുന്നത്‌. മറ്റു ചിലരാകട്ടെ ലൗകിക കാര്യങ്ങളിലുള്ള നിഷ്‌പക്ഷ നിലപാടു നിമിത്തം അങ്ങനെ ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു. (യെശയ്യാവു 2:4; യോഹന്നാൻ 17:16) ചില ദേശങ്ങളിൽ, ദൃഢവിശ്വസ്‌തതാ പാലകരായ യുവജനങ്ങളെ തടവിലാക്കാനോ അവരെക്കൊണ്ട്‌ നിർബന്ധിത സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യിക്കാനോ “കൈസർ” വിധിച്ചിരിക്കുന്നു. *​—⁠മർക്കൊസ്‌ 12:17; തീത്തൊസ്‌ 3:1, 2.

നിഷ്‌പക്ഷത നിമിത്തം തടവുശിക്ഷ അനുഭവിക്കെ ഈ യുവജനങ്ങളെ കുറ്റവാളികളുടെ കൂടെ ദീർഘകാലം ഇട്ടേക്കാം. സമാനമായി, മറ്റു കാരണങ്ങളാൽ വീട്ടിൽനിന്ന്‌ അകലെ ആയിരിക്കുന്ന യുവജനങ്ങളും അസാന്മാർഗിക ചുറ്റുപാടുകളിൽ ജോലി ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്‌. അത്തരമൊരു ചുറ്റുപാടിൽ ആയിരിക്കുന്ന യുവ ക്രിസ്‌ത്യാനികൾക്കും മറ്റുള്ളവർക്കും ‘ദൈവത്തിനു യോഗ്യമായി നടക്കാൻ’ ശ്രമിക്കുമ്പോൾ തങ്ങൾ അഭിമുഖീകരിക്കുന്ന സമ്മർദങ്ങളെയും പ്രശ്‌നങ്ങളെയും എപ്രകാരം വിജയകരമായി കൈകാര്യംചെയ്യാനാകും? (1 തെസ്സലൊനീക്യർ 2:11) ഉണ്ടാകാനിടയുള്ള ഏതു മോശമായ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാൻ സജ്ജരാകുന്നതിന്‌ അവരെ മാതാപിതാക്കൾക്ക്‌ എങ്ങനെ സഹായിക്കാം?​—⁠സദൃശവാക്യങ്ങൾ 22:⁠3.

പ്രത്യേക വെല്ലുവിളികൾ

“മാതാപിതാക്കളുടെ സംരക്ഷണവും പരിപാലനവും എന്നെ നന്നായി അറിയാവുന്ന സ്‌നേഹനിധികളായ മൂപ്പന്മാരുടെ മേൽനോട്ടവും ഇല്ലാതെ അകലെ ആയിരിക്കുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതും ഭയജനകവുമായിരുന്നു” എന്ന്‌ 37 മാസം വീട്ടിൽനിന്ന്‌ അകലെ കഴിയാൻ നിർബന്ധിതനായ 21-കാരൻ റ്റാകെസ്‌ പറയുന്നു. * അവൻ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ഞാൻ തീർത്തും നിസ്സഹായനാണെന്ന്‌ ചിലപ്പോഴൊക്കെ എനിക്കു തോന്നി.” ഇരുപതുകാരനായ പെട്രോസിന്‌ രണ്ടു വർഷത്തിലേറെ വീട്ടിൽനിന്ന്‌ അകലെ കഴിയേണ്ടിവന്നു. അവൻ പറയുന്നു: “ജീവിതത്തിൽ ആദ്യമായി എനിക്ക്‌ വിനോദത്തിന്റെയും സഹകാരികളുടെയും കാര്യത്തിൽ സ്വന്ത തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. അവ എല്ലായ്‌പോഴുമൊന്നും ശരിയായിരുന്നില്ല.” അവൻ തുടരുന്നു: “വർധിച്ച സ്വാതന്ത്ര്യം ലഭിച്ചതു മൂലം ഉണ്ടായ കൂടുതലായ ഉത്തരവാദിത്വത്തെ ഞാൻ ചിലപ്പോഴൊക്കെ ഭയപ്പെട്ടിരുന്നു.” മേൽപ്രസ്‌താവിച്ചതുപോലുള്ള സാഹചര്യങ്ങളിൽ ആയിരിക്കേണ്ടിവരുന്ന ക്രിസ്‌തീയ യുവജനങ്ങളെ നിരന്തരം കണ്ടുമുട്ടുന്ന റ്റാസോസ്‌ എന്ന ഒരു ക്രിസ്‌തീയ മൂപ്പൻ ഇങ്ങനെ പറഞ്ഞു: “വിശ്വാസികളല്ലാത്ത സമപ്രായക്കാരുടെ അസഭ്യ സംസാരം, മത്സര മനോഭാവം, അക്രമാസക്ത പെരുമാറ്റം എന്നിവ ജാഗ്രതയില്ലാത്തവരും ദുർബലരുമായ യുവജനങ്ങളെ സ്വാധീനിച്ചേക്കാം.”

ബൈബിൾ തത്ത്വങ്ങളെ ആദരിക്കാത്തവരോടൊത്ത്‌ താമസിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും അവരുടെ അസാന്മാർഗികവും തിരുവെഴുത്തുവിരുദ്ധവുമായ വഴികളെ അനുകരിക്കാനുള്ള പ്രലോഭനത്തിനെതിരെ ക്രിസ്‌തീയ യുവജനങ്ങൾ ജാഗ്രത പാലിക്കണം. (സങ്കീർത്തനം 1:1; 26:4; 119:9) വ്യക്തിപരമായ നല്ല പഠന ശീലവും യോഗഹാജരും നിലനിറുത്തുന്നതും വയൽസേവനത്തിനു പോകുന്നതും ബുദ്ധിമുട്ടായി തോന്നിയേക്കാം. (ഫിലിപ്പിയർ 3:16) ആത്മീയ ലക്ഷ്യങ്ങൾ വെച്ച്‌ അതിനായി പ്രവർത്തിക്കുന്നതും എളുപ്പമല്ലായിരിക്കാം.

നടത്തയാലും സംസാരത്താലും യഹോവയെ പ്രസാദിപ്പിക്കാൻ വിശ്വസ്‌തരായ ക്രിസ്‌തീയ യുവജനങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു. ഇവർ തങ്ങളുടെ സ്വർഗീയ പിതാവിന്റെ പിൻവരുന്ന ക്ഷണം പിൻപറ്റാൻ വിശ്വസ്‌തതയോടെ ശ്രമിക്കുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:11) തങ്ങളുടെ വസ്‌ത്രധാരണവും ചമയവും പെരുമാറ്റവുമൊക്കെ മറ്റുള്ളവർ യഹോവയെയും അവന്റെ ജനത്തെയും വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കും എന്ന തിരിച്ചറിവ്‌ അവർക്കുണ്ട്‌.—1 പത്രൊസ്‌ 2:12.

‘കർത്താവിന്നു യോഗ്യമാകുംവിധം ജീവിച്ച്‌ അവനെ പ്രീതിപ്പെടുത്താൻ നിങ്ങൾക്കു കഴിയട്ടെ; അപ്പോൾ സർവവിധ സൽപ്രവൃത്തികളുമാകുന്ന ഫലം ഉണ്ടാകും. അങ്ങനെ എല്ലാം സസന്തോഷം സഹിക്കാനും ക്ഷമിക്കാനും നിങ്ങൾക്കു കഴിയട്ടെ’ എന്ന്‌ പൗലൊസ്‌ ആർക്കുവേണ്ടി പ്രാർഥിച്ചോ ഒന്നാം നൂറ്റാണ്ടിലെ ആ സഹോദരന്മാരെ പോലെ ആയിരിക്കാൻ അത്തരം യുവജനങ്ങളിൽ മിക്കവരും പരമാവധി ശ്രമിക്കുന്നു എന്നത്‌ അഭിനന്ദനാർഹമാണ്‌. (കൊലൊസ്സ്യർ 1:9-11, ഓശാന ബൈബിൾ) അപരിചിതവും പ്രതികൂലവും വിഗ്രഹാരാധനാപരവുമായ ചുറ്റുപാടിൽ യഹോവയ്‌ക്ക്‌ യോഗ്യമാംവിധം വിജയകരമായി നടന്ന ദൈവഭക്തരായ നിരവധി യുവജനങ്ങളുടെ ദൃഷ്ടാന്തങ്ങൾ നമുക്കു ബൈബിളിൽ കാണാൻ കഴിയും.​—⁠ഫിലിപ്പിയർ 2:​14, 15.

“യഹോവ യോസേഫിനോടുകൂടെ ഇരുന്നു”

യാക്കോബിന്റെയും റാഹേലിന്റേയും പ്രിയ മകനായ യോസേഫ്‌ ചെറുപ്രായത്തിൽ ദൈവഭക്തനായ തന്റെ പിതാവിന്റെ സംരക്ഷണത്തിൽനിന്നും വേർപെടുത്തപ്പെട്ടു. അവൻ ഈജിപ്‌തിലേക്ക്‌ ഒരു അടിമയായി വിൽക്കപ്പെട്ടു. കഠിനാധ്വാനിയും ആശ്രയയോഗ്യനും ശ്രേഷ്‌ഠമായ ധാർമിക നിലവാരങ്ങൾ ഉള്ളവനുമായ ഒരു ചെറുപ്പക്കാരനെന്ന നിലയിൽ യോസേഫ്‌ അത്യുത്തമ മാതൃക വെച്ചു. യഹോവയുടെ ആരാധകനല്ലാത്ത പോത്തീഫറിന്‌ അടിമവേല ചെയ്യുകയായിരുന്നെങ്കിലും, യോസേഫ്‌ മനസ്സാക്ഷിയുള്ളവനും തന്റെ ജോലിയിൽ ഉത്സാഹിയും ആയിരുന്നു. തത്‌ഫലമായി, അവന്റെ യജമാനൻ ഒടുവിൽ മുഴു ഗൃഹവിചാരണയും അവനെ ഏൽപ്പിച്ചു. (ഉല്‌പത്തി 39:2-6) യോസേഫ്‌ യഹോവയോടു ദൃഢവിശ്വസ്‌തത പാലിച്ചു. അതുനിമിത്തം തടവിലാക്കപ്പെട്ടപ്പോൾപ്പോലും “വിശ്വസ്‌തത പാലിക്കുന്നതുകൊണ്ട്‌ എന്താണ്‌ പ്രയോജനം?” എന്ന്‌ അവൻ ചോദിച്ചില്ല. തടവിൽ ആയിരിക്കെപോലും അവൻ നല്ല ഗുണങ്ങൾ പ്രകടമാക്കി. താമസിയാതെ ജയിലിലെ നിരവധി കാര്യങ്ങളുടെ മേൽവിചാരണ അവനു ലഭിച്ചു. (ഉല്‌പത്തി 39:17-22) യഹോവ അവനെ അനുഗ്രഹിച്ചു. ഉല്‌പത്തി 39:23 പ്രസ്‌താവിക്കുന്ന പ്രകാരം, “യഹോവ അവനോടുകൂടെ [“യോസേഫിനോടുകൂടെ,” NW] ഇരുന്നു.”

ദൈവഭക്തിയുള്ള തന്റെ കുടുംബത്തിൽനിന്ന്‌ ഒറ്റപ്പെട്ട യോസേഫിന്‌ എത്ര എളുപ്പം ചുറ്റുമുണ്ടായിരുന്ന പുറജാതികളുടെ നടത്ത പിൻപറ്റാനും ഈജിപ്‌തിലെ അധാർമിക ജീവിതശൈലി അനുകരിക്കാനും കഴിയുമായിരുന്നു! എന്നാൽ, കടുത്ത പ്രലോഭനം നേരിട്ടപ്പോൾപ്പോലും, അവൻ ദൈവിക തത്ത്വങ്ങൾ മുറുകെ പിടിക്കുകയും തന്റെ ശുദ്ധമായ നില കാത്തുസൂക്ഷിക്കുകയും ചെയ്‌തു. താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പോത്തീഫറിന്റെ ഭാര്യ ആവർത്തിച്ചാവർത്തിച്ച്‌ നിർബന്ധിച്ചപ്പോൾ അവന്റെ ഉറച്ച മറുപടി ഇതായിരുന്നു: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ”?​—⁠ഉല്‌പത്തി 39:7-9.

ഇക്കാലത്ത്‌, മോശമായ സഹവാസം, അധാർമിക വിനോദങ്ങൾ, അശ്ലീലം, അധമമായ സംഗീതം എന്നിവയ്‌ക്കെതിരെയുള്ള ബൈബിളധിഷ്‌ഠിത മുന്നറിയിപ്പിന്‌ സാക്ഷികളായ യുവജനങ്ങൾ ചെവികൊടുക്കേണ്ടതുണ്ട്‌. “യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു” എന്ന വസ്‌തുത അവർക്ക്‌ അറിയാം.​—⁠സദൃശവാക്യങ്ങൾ 15:⁠3.

“പാപത്തിന്റെ തല്‌ക്കാലഭോഗത്തെ” മോശെ തള്ളിക്കളഞ്ഞു

ഫറവോന്റെ കൊട്ടാരത്തിലെ വിഗ്രഹാരാധനാപരവും സുഖലോലുപവുമായ ചുറ്റുപാടിലാണ്‌ മോശെ വളർന്നുവന്നത്‌. അവനെ കുറിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: ‘വിശ്വാസത്താൽ മോശെ പാപത്തിന്റെ തല്‌ക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിച്ചു.’​—⁠എബ്രായർ 11:24, 25.

ലോകവുമായുള്ള സഖിത്വം നിമിത്തം ചില പ്രയോജനങ്ങൾ ലഭിച്ചേക്കാം, എന്നാൽ അതു ക്ഷണികമാണ്‌. കൂടിപ്പോയാൽ, ഈ ലോകത്തിനു ശേഷിച്ചിരിക്കുന്ന പരിമിത സമയത്തേക്കു മാത്രമേ അതു നിലനിൽക്കുകയുള്ളൂ. (1 യോഹന്നാൻ 2:15-17) മോശെയുടെ മാതൃക പിൻപറ്റുന്നതായിരിക്കില്ലേ നല്ലത്‌? ‘അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (എബ്രായർ 11:27) ദൈവഭക്തരായ പൂർവപിതാക്കന്മാരുടെ ആത്മീയ പൈതൃകത്തിൽ അവൻ തന്റെ മനസ്സിനെ കേന്ദ്രീകരിച്ചു. ദൈവേഷ്ടം ചെയ്യുക എന്നതു സ്വന്ത ലക്ഷ്യമാക്കിക്കൊണ്ട്‌ അവൻ യഹോവയുടെ ഉദ്ദേശ്യത്തെ തന്റെ ഉദ്ദേശ്യമാക്കി.​—⁠പുറപ്പാടു 2:11; പ്രവൃത്തികൾ 7:23, 25.

അഭക്തവും പ്രതികൂലവുമായ ഒരു ചുറ്റുപാടിൽ ആയിരിക്കുന്ന ദൈവഭക്തരായ യുവജനങ്ങൾക്ക്‌ വ്യക്തിപരമായ പഠനത്തിലൂടെ ‘അദൃശ്യനായവനെ’ മെച്ചമായി അറിഞ്ഞുകൊണ്ട്‌ യഹോവയുമായുള്ള തങ്ങളുടെ വ്യക്തിപരമായ ബന്ധം ശക്തിപ്പെടുത്താനാകും. നിരന്തരമായ യോഗഹാജരും വയൽസേവനവും ഉൾപ്പെടെയുള്ള എല്ലാ ക്രിസ്‌തീയ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത്‌, ആത്മീയ കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിക്കാൻ ഈ യുവജനങ്ങളെ സഹായിക്കും. (സങ്കീർത്തനം 63:5; 77:12) മോശെയ്‌ക്ക്‌ ഉണ്ടായിരുന്നത്ര ശക്തമായ വിശ്വാസവും പ്രത്യാശയും നട്ടുവളർത്താൻ അവർ ശ്രമിക്കണം. മാത്രമല്ല, ചിന്തയും പ്രവർത്തനങ്ങളും യഹോവയിൽ കേന്ദ്രീകരിക്കുകയും അവന്റെ സുഹൃത്തായിരിക്കുന്നതിൽ സന്തോഷിക്കുകയും വേണം.

യഹോവയെ സ്‌തുതിക്കാൻ അവൾ തന്റെ നാവ്‌ ഉപയോഗിച്ചു

ഭവനത്തിൽനിന്ന്‌ അകലെ ആയിരുന്നപ്പോൾ നല്ല മാതൃകവെച്ച മറ്റൊരു യുവവ്യക്തി ദൈവത്തിന്റെ പ്രവാചകനായ എലീശയുടെ നാളിൽ അരാമ്യർ പിടിച്ചുകൊണ്ടുപോയ ഒരു ഇസ്രായേല്യ പെൺകുട്ടി ആയിരുന്നു. അരാമ്യ സേനാധിപതിയും കുഷ്‌ഠരോഗിയുമായ നയമാന്റെ ഭാര്യയ്‌ക്ക്‌ അവൾ ശുശ്രൂഷക്കാരിയായി. ഈ പെൺകുട്ടി തന്റെ യജമാനത്തിയോട്‌ ഇങ്ങനെ പറഞ്ഞു: “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്‌ഠരോഗം മാററിക്കൊടുക്കുമായിരുന്നു.” അവളുടെ സാക്ഷ്യം നിമിത്തം നയമാൻ ഇസ്രായേലിലുള്ള എലീശായുടെ അടുക്കൽ പോയി. അങ്ങനെ അവന്റെ കുഷ്‌ഠം പൂർണമായി മാറി. കൂടാതെ, നയമാൻ യഹോവയുടെ ഒരു ആരാധകൻ ആയിത്തീരുകയും ചെയ്‌തു.​—⁠2 രാജാക്കന്മാർ 5:1-3, 13-19.

മാതാപിതാക്കളിൽനിന്ന്‌ അകലെ ആയിരിക്കുമ്പോൾപ്പോലും, യുവജനങ്ങൾ തങ്ങളുടെ നാവിനെ ദൈവത്തിനു ബഹുമതി കൈവരുത്തുന്ന വിധത്തിൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യത്തിന്‌ ഈ പെൺകുട്ടിയുടെ ദൃഷ്ടാന്തം അടിവരയിടുന്നു. “വ്യർഥഭാഷണ”മോ “അശ്ലീലഫലിത”മോ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടിക്ക്‌ പ്രസ്‌തുത സാഹചര്യത്തിൽ യാതൊരു സങ്കോചവും കൂടാതെ തന്റെ നാവിനെ ഫലകരമായി ഉപയോഗിക്കാൻ കഴിയുമായിരുന്നോ? (എഫെസ്യർ 5:​4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; സദൃശവാക്യങ്ങൾ 15:2) നിഷ്‌പക്ഷ നിലപാടു നിമിത്തം തടവിലാക്കപ്പെട്ട, തന്റെ 20-കളുടെ ആരംഭത്തിൽ ആയിരിക്കുന്ന നീക്കൊസ്‌ എന്ന യുവാവ്‌ ഇങ്ങനെ പറയുന്നു: “മാതാപിതാക്കളുടെയും സഭാമൂപ്പന്മാരുടെയും മേൽനോട്ടത്തിൽനിന്നും അകലെ, തടവുകാർ വേല ചെയ്യുന്ന ഒരു കൃഷിയിടത്തിൽ മറ്റുചില യുവ സഹോദരന്മാരോടൊത്ത്‌ ആയിരുന്നപ്പോൾ ഞങ്ങളുടെ സംഭാഷണത്തിന്റെ നിലവാരം ഇടിഞ്ഞതായി ഞാൻ ശ്രദ്ധിച്ചു. അത്‌ തീർച്ചയായും യഹോവയ്‌ക്ക്‌ സ്‌തുതി കരേറ്റിയില്ല.” സന്തോഷകരമെന്നു പറയട്ടെ, നീക്കൊസിനും മറ്റുള്ളവർക്കും പിൻവരുന്ന കാര്യം സംബന്ധിച്ച പൗലൊസിന്റെ ബുദ്ധിയുപദേശം ബാധകമാക്കാൻ സഹായം ലഭിച്ചു: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്‌.”​—⁠എഫെസ്യർ 5:⁠3.

യഹോവ അവർക്കു യഥാർഥമായിരുന്നു

പുരാതന ബാബിലോനിലെ ദാനീയേലിന്റെ മൂന്ന്‌ എബ്രായ സുഹൃത്തുക്കളുടെ അനുഭവം, അത്യൽപ്പത്തിൽ വിശ്വസ്‌തനായവൻ അധികത്തിലും വിശ്വസ്‌തൻ എന്ന യേശു പറഞ്ഞ തത്ത്വത്തിന്റെ സത്യതയെ സാക്ഷ്യപ്പെടുത്തുന്നു. (ലൂക്കൊസ്‌ 16:10) മോശൈക ന്യായപ്രമാണം വിലക്കിയിരുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുക എന്ന പ്രശ്‌നത്തെ അഭിമുഖീകരിച്ചപ്പോൾ, തങ്ങൾ അന്യദേശത്ത്‌ ബന്ദികളാണെന്നും അതിനാൽ അത്തരം ഭക്ഷണം കഴിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും അവർക്കു ന്യായവാദം ചെയ്യാമായിരുന്നു. എന്നാൽ, ചെറുതെന്നു തോന്നിയേക്കാവുന്ന കാര്യത്തെപ്പോലും ഗൗരവമായി വീക്ഷിച്ചപ്പോൾ അവർക്ക്‌ എത്ര വലിയ അനുഗ്രഹമാണു ലഭിച്ചത്‌! അവർ, രാജഭോജനം കഴിച്ചുകൊണ്ടിരുന്ന സകല ബന്ദികളെക്കാളും ആരോഗ്യവാന്മാരും ബുദ്ധിമാന്മാരും ആണെന്നു തെളിഞ്ഞു. ഇത്തരം ചെറിയ കാര്യങ്ങളിലെ വിശ്വസ്‌തത അവരെ ശക്തിപ്പെടുത്തി എന്നതിനു സംശയമില്ല. അതുകൊണ്ട്‌, ഒരു വിഗ്രഹത്തിന്‌ മുമ്പാകെ കുമ്പിടുകയെന്ന വലിയ പരിശോധനയെ അഭിമുഖീകരിച്ചപ്പോൾ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകാതിരിക്കാൻ അവർക്കു കഴിഞ്ഞു.​—⁠ദാനീയേൽ 1:3-21; 3:1-30.

ഈ മൂന്നു യുവാക്കൾക്ക്‌ യഹോവ വളരെ യഥാർഥമായിരുന്നു. ഭവനത്തിൽനിന്നും ദൈവാരാധനയുടെ കേന്ദ്രത്തിൽനിന്നും ദൂരെ ആയിരുന്നെങ്കിലും, ലോകത്തിന്റെ കളങ്കമേൽക്കാതിരിക്കാൻ അവർ ദൃഢതീരുമാനം എടുത്തിരുന്നു. (2 പത്രൊസ്‌ 3:14) യഹോവയുമായുള്ള ബന്ധത്തെ അങ്ങേയറ്റം വിലയേറിയതായി വീക്ഷിച്ചിരുന്നതിനാൽ അതിനുവേണ്ടി ജീവൻ ത്യജിക്കാൻപോലും അവർ സന്നദ്ധരായിരുന്നു.

യഹോവ നിങ്ങളെ കൈവിടുകയില്ല

തങ്ങൾ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരിൽനിന്ന്‌ അകലെ ആയിരിക്കുമ്പോൾ യുവജനങ്ങൾക്ക്‌ സ്വാഭാവികമായും അരക്ഷിതത്വ ബോധവും അനിശ്ചിതത്വവും ഭയവും തോന്നിയേക്കാം. എങ്കിലും, തങ്ങളെ ‘യഹോവ കൈവിടുകയില്ല’ എന്ന പൂർണ ബോധ്യത്തോടെ അവർക്കു പരിശോധനകളെയും പരീക്ഷകളെയും നേരിടാനാകും. (സങ്കീർത്തനം 94:14) അത്തരം യുവജനങ്ങൾ ‘നീതി നിമിത്തം കഷ്ടം സഹിക്കുന്നെ’ങ്കിൽ, ‘നീതിയുടെ മാർഗത്തിൽ’ നടക്കുന്നതിൽ തുടരാൻ യഹോവ നിശ്ചയമായും അവരെ സഹായിക്കും.​—⁠1 പത്രൊസ്‌ 3:14; സദൃശവാക്യങ്ങൾ 8:21.

യോസേഫിനെയും മോശെയെയും ഇസ്രായേല്യ അടിമപ്പെൺകുട്ടിയെയും മൂന്ന്‌ എബ്രായ യുവാക്കളെയും യഹോവ എല്ലായ്‌പോഴും ശക്തീകരിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്‌തു. ‘വിശ്വാസത്തിന്റെ നല്ല പോർ പൊരുതുന്ന’വരെ താങ്ങാനായി ഇക്കാലത്ത്‌ അവൻ തന്റെ പരിശുദ്ധാത്മാവിനെയും വചനത്തെയും സംഘടനയെയും ഉപയോഗിക്കുന്നു. ‘നിത്യജീവൻ’ എന്ന പ്രതിഫലം അവൻ അവർക്കു മുമ്പാകെ വെച്ചിരിക്കുന്നു. (1 തിമൊഥെയൊസ്‌ 6:11, 12) അതേ, യഹോവയ്‌ക്ക്‌ യോഗ്യമാംവിധം നടക്കുക സാധ്യമാണ്‌, അതാണ്‌ നമുക്കു സ്വീകരിക്കാനാകുന്ന ജ്ഞാനപൂർവകമായ ഗതി.—⁠സദൃശവാക്യങ്ങൾ 23:15, 19.

[അടിക്കുറിപ്പുകൾ]

^ ഖ. 2 വീക്ഷാഗോപുരത്തിന്റെ 1996 മേയ്‌ 1 ലക്കത്തിലെ 18-20 പേജുകൾ കാണുക.

^ ഖ. 5 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[25 -ാം പേജിലെ ചതുരം]

മാതാപിതാക്കളേ​—⁠നിങ്ങളുടെ കുട്ടികളെ സജ്ജരാക്കുക!

“വീരന്റെ കയ്യിലെ അസ്‌ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ.” (സങ്കീർത്തനം 127:4) ഒരു അസ്‌ത്രം യാദൃച്ഛികമായി അതിന്റെ ലക്ഷ്യത്തിൽ കൊള്ളുകയില്ല. വിദഗ്‌ധമായ രീതിയിൽ ഉന്നംപിടിക്കേണ്ടത്‌ ആവശ്യമാണ്‌. സമാനമായി, വീട്ടിൽനിന്ന്‌ അകലെ കഴിയുമ്പോഴുണ്ടാകുന്ന യാഥാർഥ്യങ്ങളെ നേരിടാൻ മാതാപിതാക്കളുടെ ഉചിതമായ മാർഗനിർദേശം ഇല്ലാതെ മക്കൾ സജ്ജരാകില്ല.​—⁠സദൃശവാക്യങ്ങൾ 22:⁠6.

എടുത്തുചാടി പ്രവർത്തിക്കുന്നതിനോ ‘യൗവനമോഹങ്ങൾ’ക്ക്‌ അടിപ്പെടുന്നതിനോ ചായ്‌വുള്ളവരാണ്‌ യുവജനങ്ങൾ. (2 തിമൊഥെയൊസ്‌ 2:22) ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “വടിയും ശാസനയും ജ്ഞാനത്തെ നല്‌കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.” (സദൃശവാക്യങ്ങൾ 29:15) യുവജനങ്ങളുടെ പെരുമാറ്റത്തിന്മേൽ യാതൊരു നിയന്ത്രണവും വെക്കാതിരുന്നാൽ, വീട്ടിൽനിന്ന്‌ അകലെ ആയിരിക്കുമ്പോഴുള്ള പ്രശ്‌നങ്ങളെയും സമ്മർദങ്ങളെയും തരണം ചെയ്യാൻ കുട്ടി സജ്ജനാകില്ല.

ഈ വ്യവസ്ഥിതിയിലെ ബുദ്ധിമുട്ടുകളെയും സമ്മർദങ്ങളെയും ജീവിത യാഥാർഥ്യങ്ങളെയും കുറിച്ച്‌ ക്രിസ്‌തീയ മാതാപിതാക്കൾ വ്യക്തമായും ഉത്തരവാദിത്വത്തോടുകൂടെയും തങ്ങളുടെ മക്കൾക്കു പറഞ്ഞുകൊടുക്കണം. വീട്ടിൽനിന്ന്‌ അകലെ താമസിക്കേണ്ടിവന്നാൽ ഒരു യുവവ്യക്തിക്കു നേരിടേണ്ടിവന്നേക്കാവുന്ന മോശമായ അവസ്ഥകളെ കുറിച്ച്‌ നിരുത്സാഹപ്പെടുത്തുന്നതോ നിഷേധാത്മകമോ അല്ലാത്ത രീതിയിൽ മാതാപിതാക്കൾക്കു വിശദീകരിക്കാവുന്നതാണ്‌. ഈ പരിശീലനവും ഒപ്പം ദൈവദത്ത ജ്ഞാനവും, “അല്‌പബുദ്ധികൾക്കു [“അനുഭവപരിചയം ഇല്ലാത്തവർക്ക്‌,” NW] സൂക്ഷ്‌മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും” നൽകും.​—⁠സദൃശവാക്യങ്ങൾ 1:⁠4.

തങ്ങളുടെ കുട്ടികളിൽ ദൈവിക മൂല്യങ്ങളും ധാർമിക തത്ത്വങ്ങളും ഉൾനടുന്ന മാതാപിതാക്കൾ ജീവിതത്തിലെ വെല്ലുവിളികളെ വിജയകരമായി നേരിടാൻ അവരെ പ്രാപ്‌തരാക്കുകയാണ്‌ ചെയ്യുന്നത്‌. അവരുടെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പങ്കുവഹിക്കുന്ന ഘടകങ്ങളാണ്‌ ക്രമമായ കുടുംബ ബൈബിളധ്യയനം, തുറന്ന ആശയവിനിമയം, കുട്ടികളുടെ ക്ഷേമത്തിലുള്ള ആത്മാർഥമായ താത്‌പര്യം എന്നിവ. പിൽക്കാലത്ത്‌ സ്വന്തം കാലിൽ നിൽക്കാൻ കുട്ടികൾ സജ്ജരാകത്തക്കവിധം സന്തുലിതവും അതേസമയം ക്രിയാത്മകവും ന്യായയുക്തവുമായ വിധത്തിൽ മാതാപിതാക്കൾ അവർക്ക്‌ ദൈവിക പരിശീലനം നൽകേണ്ടതാണ്‌. ലോകത്തിൽ ആയിരിക്കുമ്പോൾത്തന്നെ അതിന്റെ ഭാഗമല്ലാതിരിക്കുക സാധ്യമാണ്‌ എന്നു സ്വന്തം മാതൃകയാൽ മാതാപിതാക്കൾക്ക്‌ കുട്ടികളെ പഠിപ്പിക്കാവുന്നതാണ്‌.​—⁠യോഹന്നാൻ 17:15, 16.

[23 -ാം പേജിലെ ചിത്രം]

ചില ക്രിസ്‌തീയ യുവജനങ്ങൾക്ക്‌ വീടുവിട്ട്‌ പോകേണ്ടിവന്നിട്ടുണ്ട്‌

[24 -ാം പേജിലെ ചിത്രങ്ങൾ]

പ്രലോഭനങ്ങളെ ചെറുത്തുകൊണ്ട്‌ യുവജനങ്ങൾക്ക്‌ യോസേഫിനെ അനുകരിക്കാനും ധാർമിക ശുദ്ധി പാലിക്കാനും കഴിയും

[26 -ാം പേജിലെ ചിത്രങ്ങൾ]

യഹോവയ്‌ക്ക്‌ മഹത്ത്വം കരേറ്റാൻ തന്റെ നാവ്‌ ഉപയോഗിച്ച ഇസ്രായേല്യ അടിമപ്പെൺകുട്ടിയെ അനുകരിക്കുക