വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുവാർത്ത ഫലം കായ്‌ക്കുന്നു സാവോടോമിലും പ്രിൻസിപ്പെയിലും

സുവാർത്ത ഫലം കായ്‌ക്കുന്നു സാവോടോമിലും പ്രിൻസിപ്പെയിലും

സുവാർത്ത ഫലം കായ്‌ക്കുന്നു സാവോടോമിലും പ്രിൻസിപ്പെയിലും

സാവോടോം-പ്രിൻസിപ്പെ ദ്വീപുകളെ കുറിച്ച്‌ മിക്കവരും കേട്ടിട്ടുണ്ടാവില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരം നൽകുന്ന ലഘുപത്രികകളിൽ സാധാരണമായി ഈ ദ്വീപുകളുടെ പരസ്യം കാണാറില്ല. ലോക ഭൂപടത്തിൽ നോക്കിയാൽ, ആഫ്രിക്കയുടെ പശ്ചിമ തീരത്തുനിന്ന്‌ അകന്ന്‌ ഗിനി ഉൾക്കടലിൽ ചെറിയ പൊട്ടുകൾ പോലെ അവയെ കാണാം, ഏതാണ്ട്‌ ഭൂമധ്യരേഖയിലായി സാവോടോമും അൽപ്പം വടക്കുകിഴക്കായി പ്രിൻസിപ്പെയും. 2,000 മീറ്ററിലേറെ ഉയരമുള്ള മലകളുടെ ചെരുവുകളിലെങ്ങും, മഴയും ഈർപ്പം നിറഞ്ഞ കാലാവസ്ഥയും നിമിത്തം മഴവനങ്ങൾ തഴച്ചുവളരുന്നു.

നീലക്കടലും പനകൾ അതിരിട്ട മണൽത്തീരങ്ങളും ചുറ്റിയ ഈ ഉഷ്‌ണമേഖലാ ദ്വീപുകളിൽ സൗഹാർദരും ഊഷ്‌മള ഹൃദയരുമായ ഒരു ജനത അധിവസിക്കുന്നു. ആഫ്രിക്കക്കാരുടെയും യൂറോപ്യന്മാരുടെയും സങ്കരസന്താനങ്ങളാണ്‌ ഇവർ. ഇത്‌ ഹൃദ്യമായ ഒരു സാംസ്‌കാരിക സങ്കലനത്തിന്‌ ഇടയാക്കിയിരിക്കുന്നു. കൊക്കോയുടെ​—⁠അവിടത്തെ മുഖ്യ കയറ്റുമതി ഉത്‌പന്നമാണ്‌ ഇത്‌​—⁠കയറ്റുമതി, കൃഷി, മത്സ്യബന്ധനം എന്നിവയാണ്‌ 1,70,000 വരുന്ന ഈ ജനതയുടെ ഉപജീവനമാർഗങ്ങൾ. അടുത്ത കാലത്തായി, അഷ്ടിക്കുള്ള വക കണ്ടെത്തുകപോലും ഇവിടെ ബുദ്ധിമുട്ടായി തീർന്നിട്ടുണ്ട്‌.

എന്നിരുന്നാലും, ഈ ദ്വീപുകളിലെ കൂടുതൽക്കൂടുതൽ ആളുകളുടെ ജീവിതത്തിൽ കാര്യമായ പ്രഭാവം ചെലുത്തിയിട്ടുള്ള ഒരു സംഭവവികാസത്തിന്‌ 20-ാം നൂറ്റാണ്ടിന്റെ അന്ത്യദശകം സാക്ഷ്യം വഹിക്കുകയുണ്ടായി. 1993 ജൂണിൽ, സാവോടോം-പ്രിൻസിപ്പെയിൽ യഹോവയുടെ സാക്ഷികൾ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടു. അത്‌ ഈ ദ്വീപുകളിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലെ സുദീർഘവും മിക്കപ്പോഴും ദുർഘടവുമായിരുന്ന ഒരു അധ്യായത്തിന്‌ വിരാമമിട്ടു.

കഷ്ടപ്പാടിൻ മധ്യേ വിത്തു വിതയ്‌ക്കപ്പെടുന്നു

രാജ്യത്തെ ആദ്യ സാക്ഷി ഇവിടെ എത്തിയത്‌, 1950-കളുടെ തുടക്കത്തിൽ, ഈ ദ്വീപുകളിലെ തൊഴിൽപ്പാളയങ്ങളിൽ വേല ചെയ്യിക്കുന്നതിനായി ആഫ്രിക്കയിലെ മറ്റു പോർച്ചുഗീസ്‌ കോളനികളിൽനിന്ന്‌ തടവുകാരെ ഇങ്ങോട്ട്‌ കൊണ്ടുവന്നപ്പോഴാണെന്നു തോന്നുന്നു. ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചതിന്‌ മൊസാമ്പിക്കിൽനിന്നു നാടുകടത്തപ്പെട്ടതായിരുന്നു മുഴുസമയ ശുശ്രൂഷകൻ അഥവാ പയനിയർ ആയിരുന്ന ഈ ആഫ്രിക്കക്കാരൻ സാക്ഷി. ഒറ്റപ്പെട്ടുപോയെങ്കിലും അദ്ദേഹം വേലയിൽ തിരക്കോടെ ഏർപ്പെട്ടു. തത്‌ഫലമായി, ആറുമാസത്തിനുള്ളിൽ 13 പേർ അവിടെ സുവാർത്ത പ്രസംഗകരായിത്തീർന്നു. പിന്നീട്‌, അതേ സാഹചര്യങ്ങളിൻ കീഴിൽ മറ്റു സാക്ഷികൾ അംഗോളയിൽനിന്നു വന്നുചേർന്നു. തടവുകാരായിരുന്ന കാലത്തൊക്കെയും തദ്ദേശവാസികളുമായി സുവാർത്ത പങ്കുവെക്കാൻ കിട്ടിയ ഓരോ അവസരവും അവർ ഉപയോഗപ്പെടുത്തി.

സാവോടോമിലെ തൊഴിൽപ്പാളയങ്ങളിൽ കഴിഞ്ഞിരുന്ന സഹോദരന്മാരെല്ലാം 1966 ആയപ്പോഴേക്കും ആഫ്രിക്കൻ വൻകരയിലേക്കു തിരികെപ്പോയിരുന്നു. രാജ്യ പ്രസാധകരുടെ അവശേഷിച്ച ചെറിയ കൂട്ടം സധൈര്യം പ്രവർത്തനം തുടർന്നു. ബൈബിൾ പഠനത്തിനുവേണ്ടി കൂടിവന്നതിന്റെ പേരിൽ അവർ പീഡിപ്പിക്കപ്പെട്ടു, മർദനവും തടവും സഹിച്ചു, അവരെ സന്ദർശിക്കാനോ ബലപ്പെടുത്താനോ ആരും ഉണ്ടായിരുന്നില്ല. 1975-ൽ പോർച്ചുഗലിൽനിന്ന്‌ ഈ ദ്വീപുകൾ സ്വാതന്ത്ര്യം നേടി. ക്രമേണ രാജ്യ സത്യത്തിന്റെ വിത്ത്‌ ഫലം പുറപ്പെടുവിക്കാൻ തുടങ്ങി.

വികസനവും നിർമാണവും

നിയമപരമായ രജിസ്‌ട്രേഷൻ നടന്ന 1993 ജൂണിൽത്തന്നെ പ്രസാധകരുടെ എണ്ണം 100 എന്ന അത്യുച്ചത്തിലെത്തി. ആ വർഷംതന്നെ പോർച്ചുഗലിൽനിന്ന്‌ പ്രത്യേക പയനിയർമാർ വന്നുചേർന്നു. പോർച്ചുഗീസ്‌ ക്രയോൾ പഠിക്കാൻ നടത്തിയ ശ്രമം നിമിത്തം അവർ തദ്ദേശീയർക്കു പ്രിയങ്കരരായി. ഒരു രാജ്യഹാളിനുള്ള സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്ത മുൻഗണന. ഇതിനെ കുറിച്ചു കേട്ടപ്പോൾ മാരീയ എന്നു പേരുള്ള ഒരു സഹോദരി തന്റെ കൊച്ചു വീടിരുന്ന സ്ഥലത്തിന്റെ പകുതി സംഭാവന ചെയ്യാൻ തയ്യാറായി. ഒരു വലിയ രാജ്യഹാൾ പണിയാൻ മാത്രം വലുപ്പമുള്ളതായിരുന്നു ആ സ്ഥലം. മാരീയയ്‌ക്ക്‌ അനന്തരാവകാശികൾ ആരും ഇല്ലായിരുന്നതിനാൽ സ്ഥലം വാങ്ങി കെട്ടിടങ്ങൾ പണിതു വിൽക്കുന്ന ലാഭക്കൊതിയന്മാരായ ചിലർ ആ വസ്‌തുവിന്മേൽ നോട്ടമിട്ടിരുന്നു. ഇക്കാര്യം മാരീയയ്‌ക്ക്‌ അറിയില്ലായിരുന്നു. ഒരു ദിവസം മാരീയയെ കണ്ടു സംസാരിക്കാൻ ഒരു പ്രമുഖ വ്യാപാരി വീട്ടിലെത്തി.

“ഞാൻ നിങ്ങളെ കുറിച്ചു കേട്ട കാര്യം ഏതായാലും നിങ്ങളുടെ നന്മയ്‌ക്കാണെന്നു തോന്നുന്നില്ല,” അയാൾ മുന്നറിയിപ്പു നൽകി. “നിങ്ങളുടെ സ്ഥലമെല്ലാം ദാനം ചെയ്‌തെന്നു കേട്ടല്ലോ. നഗരത്തിന്റെ കണ്ണായ സ്ഥലത്തു കിടക്കുന്ന നിങ്ങളുടെ വസ്‌തുവിന്‌ നല്ല വില കിട്ടുമെന്നുള്ള കാര്യം അറിയാൻ പാടില്ലേ?”

“ശരി, ഞാൻ എന്റെ വസ്‌തു നിങ്ങൾക്കു തന്നാൽ, നിങ്ങൾ എന്തു വില തരും?” മാരീയ ചോദിച്ചു. അയാൾ ഉത്തരം പറയാൻ വൈകിയപ്പോൾ മാരീയ ഇങ്ങനെ തുടർന്നു: “ലോകത്തിലുള്ള പണം മുഴുവനും തരാമെന്നു പറഞ്ഞാലും അതു മതിയാവില്ല, കാരണം അതുകൊണ്ടൊന്നും ജീവൻ വിലയ്‌ക്കു വാങ്ങാനാവില്ലല്ലോ.”

“നിങ്ങൾക്കു മക്കളുണ്ടോ, ഇല്ലല്ലോ?” അയാൾ ചോദിച്ചു.

സംഭാഷണത്തിന്‌ അവസാനം കുറിച്ചുകൊണ്ട്‌ മാരീയ ഇങ്ങനെ പറഞ്ഞു: “സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥൻ യഹോവയാണ്‌. ഇത്രയും കാലം യഹോവ എനിക്കത്‌ ഉപയോഗിക്കാൻ തന്നു. ഇപ്പോൾ ഞാനത്‌ തിരിച്ചേൽപ്പിച്ചിരിക്കുന്നു, അത്രേയുള്ളൂ. എന്നേക്കും ജീവിക്കാനാണ്‌ എന്റെ പ്രത്യാശ.” എന്നിട്ട്‌ സഹോദരി ആ മനുഷ്യനോടു ചോദിച്ചു: “എന്താ, എനിക്കു നിത്യജീവൻ തരാൻ താങ്കളെക്കൊണ്ടാകുമോ?” ഒന്നും പറയാനില്ലാതെ അയാൾ തിരിഞ്ഞു നടന്നു.

ഫലമോ? പോർച്ചുഗലിൽനിന്നെത്തിയ പ്രാപ്‌തരായ സഹോദരന്മാരുടെ സഹായത്തോടെ മനോജ്ഞമായ ഒരു ഇരുനിലക്കെട്ടിടം അവിടെ ഉയർന്നു. അതിൽ വലിയ ഒരു ബേസ്‌മെന്റും വിശാലമായ ഒരു രാജ്യഹാളും താമസസൗകര്യങ്ങളും പണിതീർത്തിട്ടുണ്ട്‌. മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും പയനിയർമാർക്കുമുള്ള സ്‌കൂളുകൾ നടത്താനുള്ള ക്ലാസ്‌ മുറികളും അവിടെയുണ്ട്‌. ഇപ്പോൾ രണ്ടു സഭകൾ അവിടെ യോഗങ്ങൾ നടത്തുന്നു. അങ്ങനെ അത്‌ തലസ്ഥാന നഗരിയിലെ സത്യാരാധനയുടെ ഒരു ഉത്തമ വിദ്യാഭ്യാസ കേന്ദ്രം ആയിത്തീർന്നിരിക്കുന്നു.

മിസോഷിയിൽ തീക്ഷ്‌ണരായ 60 പ്രസാധകരുള്ള ഒരു സഭയുണ്ടായിരുന്നു. ഒരു വാഴത്തോപ്പിലെ താത്‌കാലിക രാജ്യഹാളിലായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്‌. അവിടെയും ഉചിതമായ ഒരു രാജ്യഹാളിന്റെ ആവശ്യം പ്രകടമായി. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അധികൃതർ പരിഗണനാപൂർവം പ്രധാന വീഥിയിൽത്തന്നെ നല്ല ഒരു സ്ഥലം അനുവദിച്ചു. ശീഘ്ര നിർമാണ രീതി ഉപയോഗിച്ച്‌, പോർച്ചുഗലിൽനിന്നുള്ള സഹോദരന്മാരുടെ സഹായത്തോടെ രണ്ടു മാസംകൊണ്ട്‌ മനോഹരമായ ഒരു രാജ്യഹാൾ പണിതീർത്തു. നാട്ടുകാർക്ക്‌ തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. നമ്മുടെ സഹോദരന്മാരും സഹോദരിമാരും നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതു കണ്ട്‌ നഗരത്തിലെ ഒരു നിർമാണ പദ്ധതിയിൽ ഏർപ്പെട്ടിരുന്ന ഒരു സ്വീഡിഷ്‌ എഞ്ചിനീയർ വിസ്‌മയിച്ചുപോയി. “ഇവിടെ മിസോഷിയിൽ, യഹോവയുടെ സാക്ഷികൾ ശീഘ്ര നിർമാണ രീതി അവലംബിക്കുന്നെന്നോ! എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല! ഇങ്ങനെ വേണം നമ്മുടെ പദ്ധതിയും നടപ്പിലാക്കാൻ,” അദ്ദേഹം അഭിപ്രായപ്പെട്ടു. 1999 ജൂൺ 12-ന്‌ രാജ്യഹാളിന്റെ സമർപ്പണം നടന്നു, 232 പേർ ഹാജരായി. ഇന്നിപ്പോൾ മിസോഷിയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്‌ ഈ രാജ്യഹാൾ.

ചരിത്രപ്രധാനമായ ഒരു കൺവെൻഷൻ

സാവോടോം-പ്രിൻസിപ്പെയിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രധാനമായ ഒരു സംഭവമായിരുന്നു 1994 ജനുവരിയിൽ നടന്ന മൂന്നു ദിവസത്തെ “ദിവ്യബോധന” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ. ഈ ദ്വീപുകളിൽ നടന്ന ആദ്യത്തെ കൺവെൻഷൻ ആയിരുന്നു അത്‌. രാജ്യത്തെ എയർകണ്ടീഷൻ ചെയ്‌ത ഏറ്റവും മികച്ച ഓഡിറ്റോറിയത്തിലാണ്‌ അതു നടത്തപ്പെട്ടത്‌. 405 പേരടങ്ങുന്ന ഒരു കൂട്ടത്തെ കണ്ടപ്പോൾ, ജീവിതത്തിൽ ആദ്യമായി ബൈബിൾ നാടകങ്ങൾ കണ്ടപ്പോൾ, കൺവെൻഷനിൽ പ്രകാശനം ചെയ്‌ത പ്രസിദ്ധീകരണങ്ങളുടെ പ്രതികൾ ലഭിച്ചപ്പോൾ അവിടത്തെ 116 രാജ്യ പ്രസാധകർക്കുണ്ടായ സന്തോഷം നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? ഒരു ഉഷ്‌ണമേഖലാ കടൽത്തീരത്തു വെച്ചായിരുന്നു സ്‌നാപനം. 20 പേർ തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാപനമേറ്റു.

കൺവെൻഷൻ പ്രതിനിധികൾ ധരിച്ചിരുന്ന ലാപ്പൽ കാർഡുകൾ പൊതുജനത്തിന്‌ ഒരു പുതുമയായിരുന്നു. പോർച്ചുഗലിൽനിന്നും അംഗോളയിൽനിന്നും വന്ന 25 സന്ദർശകരുടെ സാന്നിധ്യം ആ കൂടിവരവിന്‌ ഒരു അന്താരാഷ്‌ട്ര കൺവെൻഷന്റെ പരിവേഷം പകർന്നു. ഊഷ്‌മളമായ ക്രിസ്‌തീയ സ്‌നേഹം പെട്ടെന്നുതന്നെ അവരെ തമ്മിൽ അടുപ്പിച്ചു. അവസാന സെഷനിൽ വിടപറയുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.​—⁠യോഹന്നാൻ 13:35.

ദേശീയ റേഡിയോയുടെ വാർത്താലേഖകർ വന്ന്‌ കൺവെൻഷൻ മേൽവിചാരകനുമായി അഭിമുഖം നടത്തി. നിരവധി പ്രസംഗ ഭാഗങ്ങൾ അവർ പ്രക്ഷേപണം ചെയ്‌തു. ചരിത്രം കുറിച്ച ഒരു കൺവെൻഷൻതന്നെ ആയിരുന്നു അത്‌. കാലങ്ങളായി മറ്റുള്ളവരിൽനിന്നും ഒറ്റപ്പെട്ട്‌ കഴിയുകയായിരുന്ന വിശ്വസ്‌തരായ ആ സാക്ഷികൾക്ക്‌ യഹോവയുടെ ദൃശ്യ സംഘടനയെ കൂടുതൽ അടുത്തറിയുന്നതിന്‌ അതു സഹായകമായി.

യഹോവയുടെ സ്‌തുതിക്കായി ഫലം കായ്‌ക്കുന്നു

രാജ്യ സന്ദേശം ഫലം കായ്‌ക്കുമ്പോൾ, അത്‌ യഹോവയ്‌ക്കു സ്‌തുതിയും ബഹുമാനവും കൈവരുത്തുന്ന നല്ല പെരുമാറ്റം ഉളവാക്കുന്നു. (തീത്തൊസ്‌ 2:​9, 10) ഒരു കൗമാര പ്രായക്കാരി പ്രതിവാര ബൈബിളധ്യയനത്തിലൂടെ താൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ നന്നായി ആസ്വദിച്ചു. എന്നാൽ, ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന്‌ അവളുടെ പിതാവ്‌ അവളെ വിലക്കി. ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ പ്രാധാന്യവും, അതിനുള്ള അവളുടെ ആഗ്രഹവും അവൾ ആദരവോടെ പിതാവിനോടു വിശദീകരിച്ചു. ഉടനെതന്നെ അദ്ദേഹം അവളെ വീട്ടിൽനിന്ന്‌ ഇറക്കിവിട്ടു. മറ്റനേകം ചെറുപ്പക്കാരെപ്പോലെ, ചെലവിനുകൊടുക്കാൻ സന്നദ്ധനാകുന്ന ഏതെങ്കിലും പുരുഷന്റെ കൂടെ അവൾ പോയി താമസിക്കും എന്ന്‌ അദ്ദേഹം കരുതിയിട്ടുണ്ടാവണം. ഒരു ക്രിസ്‌ത്യാനി എന്ന നിലയിൽ അവൾ മാതൃകായോഗ്യമായ ഒരു നിർമല ജീവിതം നയിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ, അവളെ തിരികെ വീട്ടിൽ കൊണ്ടുവരാനും യഹോവയെ സേവിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകാനും അവളുടെ പിതാവ്‌ പ്രേരിതനായി.

ഒരു ഗായകസംഘ നേതാവിന്റെ ദൃഷ്ടാന്തമാണ്‌ മറ്റൊന്ന്‌. തന്റെ അധാർമിക ജീവിതത്തിൽ അയാൾക്കു വിരക്തി അനുഭവപ്പെടാൻ തുടങ്ങി. ജീവിതത്തിൽ ഒരുദ്ദേശ്യം തേടിയലയുമ്പോഴാണ്‌ സാക്ഷികൾ അദ്ദേഹത്തെ സമീപിച്ചത്‌. അദ്ദേഹം ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ആരംഭിച്ചപ്പോൾ, അതു നഗരത്തിലെ സംസാരവിഷയമായി. മോശമായ എല്ലാ സഹവാസങ്ങളും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത താമസിയാതെ അദ്ദേഹം തിരിച്ചറിഞ്ഞു. (1 കൊരിന്ത്യർ 15:​33, NW) തുടർന്ന്‌ തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചുകൊണ്ട്‌ അദ്ദേഹം സ്‌നാപനമെന്ന നിർണായക പടി സ്വീകരിച്ചു.

നിരവധി യുവാക്കൾ സത്യമതത്തിനായി അന്വേഷിക്കുകയായിരുന്നു. ആ അന്വേഷണം വ്യത്യസ്‌ത ഇവാൻജലിക്കൽ ഗ്രൂപ്പുകളിലെ പാസ്റ്റർമാരുമായുള്ള ചർച്ചകളിലേക്കു നയിച്ചു, പക്ഷേ കൂടുതൽ കുഴയ്‌ക്കുന്ന ചോദ്യങ്ങളും നിരാശയുമായിരുന്നു ഫലം. തത്‌ഫലമായി അവർ കറങ്ങി നടക്കുന്ന ചട്ടമ്പികളും മതപരമായ എന്തിനെയും പരിഹസിക്കുന്നവരും ആയിത്തീർന്നു.

ഒരു ദിവസം യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മിഷനറി ഒരു ബൈബിളധ്യയനത്തിനു പോകുന്ന വഴിക്ക്‌ ഈ യുവാക്കളുടെ അടുത്തുകൂടി കടന്നു പോകാൻ ഇടയായി. തങ്ങളുടെ ചില ചോദ്യങ്ങൾക്ക്‌ ഉത്തരം തരണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ അവർ അദ്ദേഹത്തെ ഒരു വീടിനു പിന്നിലേക്കു കൂട്ടിക്കൊണ്ടുപോയിട്ട്‌ ഇരിക്കാൻ ഒരു ചെറിയ സ്റ്റൂൾ ഇട്ടുകൊടുത്തു. ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു പിന്നെ. ആത്മാവ്‌, നരകാഗ്നി, സ്വർഗത്തിലെ ജീവിതം, ലോകാവസാനം എന്നിവയെ കുറിച്ചെല്ലാം അവർ ചോദിച്ചുകൊണ്ടിരുന്നു. സംഘനേതാവു നൽകിയ ഒരു ബൈബിളിൽനിന്ന്‌ ആ സാക്ഷി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. ഒരു മണിക്കൂറിനു ശേഷം, ലോ എന്നു പേരുള്ള ആ സംഘനേതാവ്‌ മിഷനറിയോട്‌ ഇങ്ങനെ പറഞ്ഞു: “വന്ന്‌ ഞങ്ങളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകണമെന്നു പറഞ്ഞപ്പോൾ താങ്കളെ ഒന്നു കളിയാക്കി വിടുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം, മറ്റു മതങ്ങളിൽനിന്നു വന്നവരോടൊക്കെ ഞങ്ങൾ അങ്ങനെയാണ്‌ ചെയ്‌തിട്ടുള്ളത്‌. ആ ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാൻ ആരെക്കൊണ്ടും സാധ്യമല്ല എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്‌. പക്ഷേ താങ്കൾക്ക്‌ അതിനു കഴിഞ്ഞു, അതും ബൈബിൾ മാത്രമുപയോഗിച്ച്‌! ഇതു പറയൂ, ബൈബിളിനെ കുറിച്ച്‌ കൂടുതൽ അറിയാൻ എന്താണു മാർഗം?” ലോയുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. വൈകാതെ അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. അതിനുശേഷം പെട്ടെന്നുതന്നെ അദ്ദേഹം സംഘം വിടുകയും തന്റെ അക്രമാസക്ത ജീവിതം ഉപേക്ഷിക്കുകയും ചെയ്‌തു. ഒരു വർഷത്തിനുള്ളിൽ, അദ്ദേഹം തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാപനമേറ്റു. ഇന്ന്‌ അദ്ദേഹം ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു.

നിയമപരമായി വിവാഹിതരാകാതെ സ്‌ത്രീയും പുരുഷനും ഒരുമിച്ചു പാർക്കുന്നത്‌ തദ്ദേശീയമായി വേരുറച്ചു പോയിരിക്കുന്ന ഒരു നാട്ടുനടപ്പാണ്‌. അനേകം വർഷങ്ങൾതന്നെ ചിലർ അങ്ങനെ ജീവിച്ചിരിക്കുന്നു. അവർക്ക്‌ മക്കളുമുണ്ട്‌. ഇക്കാര്യത്തിൽ ദൈവത്തിന്റെ വീക്ഷണം സ്വീകരിക്കുന്നതു വളരെ ബുദ്ധിമുട്ടായി അവർക്കു തോന്നുന്നു. ഈ കടമ്പ കടക്കാൻ ദൈവവചനം ഒരു വ്യക്തിയെ സഹായിച്ചതിന്റെ ഹൃദയോഷ്‌മളമായ ഒരു അനുഭവം പറയാം.​—⁠2 കൊരിന്ത്യർ 10:4-6; എബ്രായർ 4:12.

ആന്റോണ്യൂവിന്‌ തന്റെ വിവാഹം നിയമപരമാക്കേണ്ടതാണെന്ന്‌ ബോധ്യപ്പെട്ടു, ചോളക്കൊയ്‌ത്തിനു ശേഷം വിവാഹ സദ്യയ്‌ക്കുള്ള പണം കൈയിൽ വരുമ്പോൾ അതു നടത്താനുള്ള ആസൂത്രണവും ചെയ്‌തു. കൊയ്‌ത്തിന്റെ തലേന്നു രാത്രി കള്ളന്മാർ വന്ന്‌ അദ്ദേഹത്തിന്റെ വിള മുഴുവൻ മോഷ്ടിച്ച്‌ കടന്നുകളഞ്ഞു. പിന്നത്തെ വർഷത്തെ വിളവെടുപ്പുവരെ കാത്തിരിക്കാൻ അദ്ദേഹം തീരുമാനിച്ചു, ആ വർഷവും വിള കളവുപോയി. വിവാഹ സദ്യയ്‌ക്കായി പണം സ്വരൂപിക്കാനുള്ള മറ്റൊരു ശ്രമവുംകൂടി വിഫലമായതോടെ തന്റെ യഥാർഥ ശത്രു ആരാണെന്ന്‌ ആന്റോണ്യൂവിന്‌ പിടികിട്ടി. “സാത്താൻ അങ്ങനെ ഇനി എന്നെ പറ്റിക്കണ്ട, സദ്യകൊടുക്കാൻ സാധിച്ചാലും ഇല്ലെങ്കിലും ശരി, ഒന്നര മാസത്തിനുള്ളിൽ ഞങ്ങൾ വിവാഹിതരായിരിക്കും!” അദ്ദേഹം പറഞ്ഞു. അങ്ങനെ അവർ വിവാഹിതരായി. അവരെ അതിശയിപ്പിച്ചുകൊണ്ട്‌ അവരുടെ സുഹൃത്തുക്കൾ വിവാഹ സദ്യയ്‌ക്കായി കോഴി, താറാവ്‌, ആട്‌ എന്നിവ കൊണ്ടുവന്നു. വിവാഹം രജിസ്റ്റർ ചെയ്‌ത ശേഷം ആന്റോണ്യൂവും ഭാര്യയും തങ്ങളുടെ ആറു മക്കളോടൊപ്പം യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാപനമേറ്റു.

പ്രിൻസിപ്പെ ദ്വീപിലേക്ക്‌

സമീപ വർഷങ്ങളിൽ സാവോടോമിൽനിന്ന്‌ സർക്കിട്ട്‌ മേൽവിചാരകനും പയനിയർമാരും 6,000-ത്തോളം പേർ വസിക്കുന്ന പ്രിൻസിപ്പെ ഇടയ്‌ക്കൊക്കെ സന്ദർശിച്ചിട്ടുണ്ട്‌. ദ്വീപുവാസികൾ അങ്ങേയറ്റത്തെ അതിഥിപ്രിയവും സാക്ഷികളെ ശ്രദ്ധിക്കാൻ താത്‌പര്യവും കാണിച്ചിരിക്കുന്നു. ഒരു മനുഷ്യൻ, തനിക്കു കിട്ടിയ ലഘുലേഖ വായിച്ച ശേഷം, പിറ്റേദിവസം പയനിയർമാരെ തേടിപ്പിടിച്ച്‌ കൂടുതൽ ലഘുലേഖകൾ വിതരണം ചെയ്യാൻ സഹായം വാഗ്‌ദാനം ചെയ്‌തു. ഈ വേല തങ്ങൾതന്നെ ചെയ്യേണ്ട ഒന്നാണെന്ന്‌ പയനിയർമാർ അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി. എന്നാൽ വീടുതോറും താനും കൂടെ അവരെ അനുഗമിച്ച്‌ വീട്ടുകാർക്ക്‌ അവരെ പരിചയപ്പെടുത്താമെന്നും ശ്രദ്ധിച്ചുകേൾക്കാൻ വീട്ടുകാരെ പ്രോത്സാഹിപ്പിക്കാമെന്നുമായി അദ്ദേഹം. ഒടുവിൽ അദ്ദേഹം തിരിച്ചുപോയെങ്കിലും, പയനിയർമാർ ചെയ്യുന്ന സുപ്രധാന വേലയെ പ്രതി അവരെ പ്രശംസിക്കാൻ അദ്ദേഹം മറന്നില്ല.

സാവോടോമിൽനിന്ന്‌ 1998-ൽ രണ്ടു പയനിയർമാർ പ്രിൻസിപ്പെയിലേക്കു മാറിത്താമസിച്ചു. പെട്ടെന്നുതന്നെ അവർക്ക്‌ 17 ബൈബിളധ്യയനങ്ങൾ ലഭിച്ചു. വേല പുരോഗമിച്ചുകൊണ്ടിരുന്നു. വൈകാതെ, സഭാ പുസ്‌തകാധ്യയനത്തിന്‌ ശരാശരി 16 പേർ ഹാജരായിത്തുടങ്ങി, 30-ലധികം പേർ പരസ്യപ്രസംഗത്തിനും. സന്തോഷകരമെന്നു പറയട്ടെ, യോഗങ്ങൾ നടത്താൻ ഒരു സ്ഥലം ആവശ്യമുണ്ടെന്ന്‌ നഗരസഭയെ അറിയിച്ചപ്പോൾ, രാജ്യഹാൾ പണിയാനുള്ള സ്ഥലം അനുവദിച്ചുകിട്ടി. ഒരു ചെറിയ രാജ്യഹാളും അതിനോടു ചേർന്ന്‌ രണ്ടു പ്രത്യേക പയനിയർമാർക്കുള്ള താമസസൗകര്യവും നിർമിക്കുന്നതിന്‌ സാവോടോമിൽനിന്നുള്ള സഹോദരങ്ങൾ സ്വമേധയാ മുന്നോട്ടു വന്നു.

ഈ വിദൂരസ്ഥ ദ്വീപുകളിൽ സുവാർത്ത ഫലം കായ്‌ക്കുകയും വർധിക്കുകയും ചെയ്യുന്നതിൽ തുടരുകയാണെന്നതിൽ തെല്ലും സംശയമില്ല. (കൊലൊസ്സ്യർ 1:5, 6) 1990 ജനുവരിയിൽ സാവോടോം-പ്രിൻസിപ്പെയിൽ 46 പ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. സേവനവർഷം 2002-ൽ രാജ്യ ഘോഷകരുടെ എണ്ണം 388 എന്ന അത്യുച്ചത്തിലെത്തി! പ്രസാധകരുടെ 20 ശതമാനത്തിലധികവും മുഴുസമയ ശുശ്രൂഷയിലാണ്‌. കൂടാതെ ഏതാണ്ട്‌ 1,400 ബൈബിളധ്യയനങ്ങൾ നടത്തപ്പെടുന്നു. 2001-ലെ സ്‌മാരക ഹാജർ 1,907 എന്ന സർവകാല അത്യുച്ചത്തിലെത്തി. അതേ, ഈ ഉഷ്‌ണമേഖലാ ദ്വീപുകളിൽ യഹോവയുടെ വചനം അതിവേഗം വ്യാപിച്ച്‌ മഹത്ത്വപ്പെട്ടുകൊണ്ടിരിക്കുന്നു.​—⁠2 തെസ്സലൊനീക്യർ 3:1.

[12 -ാം പേജിലെ ചതുരം/ചിത്രം]

ജനപ്രിയ റേഡിയോ പരിപാടികൾ

ഈ ദ്വീപുകളിൽ അങ്ങേയറ്റം വിലമതിക്കപ്പെടുന്ന ഒരു പ്രസിദ്ധീകരണമാണ്‌ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും. * അതേ പേരിൽത്തന്നെ 15 മിനിട്ടുള്ള ഒരു പരിപാടി രണ്ടാഴ്‌ചകൂടുമ്പോൾ ദേശീയ റേഡിയോയിൽ അവതരിപ്പിക്കപ്പെടുന്നു. “യുവജനങ്ങളേ, അത്‌ യഥാർത്ഥ സ്‌നേഹമാണോ അതോ വെറും ഭ്രമമാണോ എന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാം?” എന്ന്‌ അവതാരകൻ ചോദിക്കുന്നതും തുടർന്ന്‌ പുസ്‌തകത്തിൽനിന്നുള്ള ഒരു ഭാഗം വായിക്കുന്നതും മറ്റും കേൾക്കുന്നത്‌ വളരെ ചാരിതാർഥ്യം പകരുന്ന ഒന്നാണ്‌. (അധ്യായം 31 കാണുക.) സമാനമായ മറ്റൊരു പരിപാടി കുടുംബസന്തുഷ്ടിയുടെ രഹസ്യം * എന്ന പുസ്‌തകത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ അവതരിപ്പിക്കുന്നുണ്ട്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 33 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 33 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[9 -ാം പേജിലെ ചിത്രം]

1994-ൽ നിർമിച്ച സാവോടോമിലെ ആദ്യത്തെ രാജ്യഹാൾ

[10 -ാം പേജിലെ ചിത്രങ്ങൾ]

1. മിസോഷിയിലെ ശീഘ്ര നിർമിത രാജ്യഹാൾ

2. ഈ ഓഡിറ്റോറിയത്തിൽ ചരിത്രപ്രധാനമായ ഒരു കൺവെൻഷൻ നടന്നു

3. കൺവെൻഷനിലെ സന്തുഷ്ടരായ സ്‌നാപനാർഥികൾ

[8 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ഭൂഗോളം: Mountain High Maps® Copyright © 1997 Digital Wisdom, Inc.