വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊടുക്കൽ മനോഭാവം നട്ടുവളർത്തുവിൻ

കൊടുക്കൽ മനോഭാവം നട്ടുവളർത്തുവിൻ

കൊടുക്കൽ മനോഭാവം നട്ടുവളർത്തുവിൻ

കൊടുക്കൽ മനോഭാവം ജന്മസിദ്ധമല്ല. ഒരു ശിശുവിന്റെ സ്വാഭാവിക ചായ്‌വ്‌ സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും തൃപ്‌തിപ്പെടുത്തുക എന്നതാണ്‌. തന്നെ പരിചരിക്കുന്നവരുടെ പോലും താത്‌പര്യങ്ങളെ കുറിച്ച്‌ ശിശു ചിന്തിക്കുന്നില്ല. എന്നാൽ, കാലംകടന്നുപോകവേ, തനിക്കു മാത്രമല്ല ആവശ്യങ്ങൾ ഉള്ളതെന്ന്‌ അവൻ മനസ്സിലാക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുംകൂടെ ശ്രദ്ധനൽകാനും സ്വീകരിക്കാൻ മാത്രമല്ല കൊടുക്കാനും പങ്കുവെക്കാനും അവൻ പഠിക്കേണ്ടതുണ്ട്‌. കൊടുക്കൽ മനോഭാവം നട്ടുവളർത്തേണ്ട ഒന്നാണ്‌.

കൊടുക്കുന്ന എല്ലാവരും, വാരിക്കോരി കൊടുക്കുന്നവർപോലും, കൊടുക്കൽ മനോഭാവം ഉള്ളവർ ആയിരിക്കണമെന്നില്ല. സ്വന്തം താത്‌പര്യങ്ങൾ ഉന്നമിപ്പിക്കാനായി ചിലർ ധർമസ്ഥാപനങ്ങൾക്കു സംഭാവന നൽകിയേക്കാം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനായിരിക്കാം ചിലർ അങ്ങനെ ചെയ്യുന്നത്‌. എന്നിരുന്നാലും, യഥാർഥ ക്രിസ്‌ത്യാനികളുടെ കൊടുക്കൽ ഇതിൽനിന്നെല്ലാം വ്യത്യസ്‌തമാണ്‌. അപ്പോൾ, ദൈവവചനം പ്രോത്സാഹിപ്പിക്കുന്ന കൊടുക്കലിന്റെ പ്രത്യേകത എന്താണ്‌? ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അനുവർത്തിച്ചിരുന്ന കൊടുക്കലിനെ കുറിച്ച്‌ ഹ്രസ്വമായ ഒരു അവലോകനം നടത്തുന്നത്‌ ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ സഹായിക്കും.

ക്രിസ്‌തീയ കൊടുക്കലിന്റെ ദൃഷ്ടാന്തങ്ങൾ

ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ക്രിസ്‌തീയ കൊടുക്കൽ പൊതുവേ, യഥാർഥ ആവശ്യമുള്ളവരുമായുള്ള ‘പങ്കുവെയ്‌ക്കൽ’ ആയിരുന്നു. (എബ്രായർ 13:16, പി.ഒ.സി. ബൈബിൾ; റോമർ 15:26) നിർബന്ധത്താലല്ല അത്‌ ചെയ്യേണ്ടിയിരുന്നത്‌. അതു സംബന്ധിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഉദ്ദേശ്യത്തോടെയും കൊടുക്കാൻ പാടില്ലായിരുന്നു. അനന്യാസും സഫീരയും അതാണ്‌ ചെയ്‌തത്‌. അതിന്‌ അവർക്ക്‌ കനത്ത വില ഒടുക്കേണ്ടതായി വന്നു.​—⁠പ്രവൃത്തികൾ 5:1-10.

പൊ.യു. 33-ലെ പെന്തെക്കൊസ്‌ത്‌ പെരുന്നാളിനായി ദൂരസ്ഥലങ്ങളിൽനിന്നുള്ള യഹൂദന്മാരും മതപരിവർത്തിതരും യെരൂശലേമിൽ കൂടിവന്ന അവസരത്തിൽ, കൊടുക്കൽ മനോഭാവം പ്രകടമാക്കേണ്ടതിന്റെ വലിയൊരു ആവശ്യം സംജാതമായി. അവിടെവെച്ചാണ്‌ യേശുവിന്റെ അനുഗാമികൾ ‘പരിശുദ്ധാത്മാവു നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങിയത്‌.’ ജനക്കൂട്ടം യേശുക്രിസ്‌തുവിനെ കുറിച്ചുള്ള പത്രൊസിന്റെ ആവേശജനകമായ പ്രസംഗം കേട്ടു. പിന്നീട്‌ അവർ, ആലയ കവാടത്തിങ്കൽവെച്ച്‌ പത്രൊസും യോഹന്നാനും ഒരു മുടന്തനെ സൗഖ്യമാക്കിയത്‌ കാണുകയും യേശുവിനെയും അനുതപിക്കേണ്ടതിന്റെ ആവശ്യത്തെയും കുറിച്ച്‌ പത്രൊസ്‌ വീണ്ടും ഒരിക്കൽക്കൂടി പ്രസംഗിക്കുന്നത്‌ കേൾക്കുകയും ചെയ്‌തു. തത്‌ഫലമായി, ആയിരങ്ങൾ അനുതപിച്ച്‌ സ്‌നാപനമേറ്റു ക്രിസ്‌തുവിന്റെ അനുഗാമികളായിത്തീർന്നു.​—⁠പ്രവൃത്തികൾ 2, 3 അധ്യായങ്ങൾ.

ഈ പുതുവിശ്വാസികൾ യെരൂശലേമിൽത്തന്നെ തങ്ങാനും യേശുവിന്റെ അപ്പൊസ്‌തലന്മാരിൽനിന്നു കൂടുതൽ കാര്യങ്ങൾ പഠിക്കാനും ആഗ്രഹിച്ചു. എന്നാൽ, അത്രയും സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപ്പൊസ്‌തലന്മാർക്ക്‌ എങ്ങനെ കഴിയുമായിരുന്നു? ബൈബിൾ വിവരണം നമ്മോട്‌ ഇങ്ങനെ പറയുന്നു: “നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിററു വില കൊണ്ടുവന്നു അപ്പൊസ്‌തലന്മാരുടെ കാല്‌ക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.” (പ്രവൃത്തികൾ 4:33-35) യെരൂശലേമിലെ പുതുസഭയ്‌ക്ക്‌ തീർച്ചയായും കൊടുക്കൽ മനോഭാവം ഉണ്ടായിരുന്നു!

പിൽക്കാലത്ത്‌, മറ്റു സഭകളും അതേ മനോഭാവം പ്രകടമാക്കി. ഉദാഹരണത്തിന്‌, മക്കെദോന്യയിലെ ദരിദ്ര ക്രിസ്‌ത്യാനികൾ സഹായം ആവശ്യമുണ്ടായിരുന്ന യഹൂദ്യയിലെ സഹോദരങ്ങൾക്കു സംഭാവന ചെയ്യുന്ന കാര്യത്തിൽ തങ്ങളുടെ കഴിവിനപ്പുറം പോയി. (റോമർ 15:26; 2 കൊരിന്ത്യർ 8:1-7) പൗലൊസിന്റെ ശുശ്രൂഷയെ പിന്തുണയ്‌ക്കുന്നതിൽ ഫിലിപ്പിയിലെ സഭ ശ്രദ്ധേയമായ പങ്കുവഹിച്ചു. (ഫിലിപ്പിയർ 4:15, 16) ദരിദ്രരായ വിധവമാർക്കു യെരൂശലേം സഭ ദിവസവും ആഹാരസാധനങ്ങൾ വിതരണം ചെയ്‌തുവെന്നു മാത്രമല്ല അർഹതയുള്ള ഒരു വിധവപോലും അവഗണിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ അപ്പൊസ്‌തലന്മാർ യോഗ്യരായ ഏഴു പുരുഷന്മാരെ നിയമിക്കുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 6:1-6.

ബുദ്ധിമുട്ടേറിയ സമയങ്ങൾ ഉണ്ടായേക്കാമെന്ന സൂചന ലഭിച്ചപ്പോൾപ്പോലും ആദിമ ക്രിസ്‌തീയ സഭകൾ സത്വരം പ്രതികരിച്ചു. ഉദാഹരണത്തിന്‌, ഒരു മഹാക്ഷാമം വരുന്നതിനെ കുറിച്ച്‌ അഗബൊസ്‌ എന്ന പ്രവാചകൻ മൂൻകൂട്ടി പറഞ്ഞപ്പോൾ, സിറിയയിലെ അന്ത്യോക്യയിലുള്ള ശിഷ്യന്മാർ “യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്‌തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു.” (പ്രവൃത്തികൾ 11:28, 29) മറ്റുള്ളവരുടെ ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട്‌ പ്രവർത്തിക്കുന്നതിൽ അവർ എത്ര വിശിഷ്ടമായ മനോഭാവമാണു പ്രകടമാക്കിയത്‌!

ഇത്രയധികം ഔദാര്യവും സ്‌നേഹവും പ്രകടമാക്കാൻ ആദിമ ക്രിസ്‌ത്യാനികളെ പ്രേരിപ്പിച്ചത്‌ എന്താണ്‌? വാസ്‌തവത്തിൽ, ഒരുവൻ എങ്ങനെയാണ്‌ കൊടുക്കൽ മനോഭാവം ആർജിക്കുന്നത്‌? ദാവീദ്‌ രാജാവിന്റെ ദൃഷ്ടാന്തം ഹ്രസ്വമായൊന്നു പരിചിന്തിക്കുന്നതിൽനിന്ന്‌ നമുക്ക്‌ ധാരാളം കാര്യങ്ങൾ പഠിക്കാനാകും.

സത്യാരാധനയെ ദാവീദ്‌ നിർല്ലോഭം പിന്തുണയ്‌ക്കുന്നു

യഹോവയുടെ സാന്നിധ്യത്തെ പ്രതിനിധാനം ചെയ്‌ത വിശുദ്ധ പേടകം അഥവാ നിയമപെട്ടകം വെക്കാൻ ഏകദേശം 500 വർഷത്തേക്ക്‌ സ്ഥിരമായ ഒരു സ്ഥലമില്ലായിരുന്നു. അക്കാലത്ത്‌, ഒരു കൂടാരത്തിൽ, അതായത്‌ തിരുനിവാസത്തിൽ ആണ്‌ അതു സൂക്ഷിച്ചിരുന്നത്‌. ഇസ്രായേലിന്റെ മരുപ്രയാണകാലത്തുടനീളം അത്‌ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു വഹിച്ചുകൊണ്ടുപോയിരുന്നു. തുടർന്ന്‌ വാഗ്‌ദത്ത ദേശത്തേക്കും അത്‌ കൊണ്ടുപോയി. ആ പെട്ടകം സൂക്ഷിച്ചിരുന്ന കൂടാരത്തിൽനിന്ന്‌ അതിനെ മാറ്റാനും വിശുദ്ധ പെട്ടകം വെക്കാൻ തക്ക ഒരു ആലയം യഹോവയ്‌ക്കായി പണിയാനും ദാവീദ്‌ രാജാവ്‌ അതിയായി ആഗ്രഹിച്ചു. നാഥാൻ പ്രവാചകനോടു സംസാരിക്കവേ ദാവീദ്‌ ഇപ്രകാരം പറഞ്ഞു: “ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു.”​—⁠1 ദിനവൃത്താന്തം 17:⁠1.

എന്നാൽ അനേകം യുദ്ധങ്ങൾ നടത്തിയിട്ടുള്ള ഒരു യോദ്ധാവായിരുന്നു ദാവീദ്‌. അതുകൊണ്ട്‌, നിയമപെട്ടകം വെക്കാനായി ദാവീദിന്റെ മകനായ ശലോമോനായിരിക്കും അവന്റെ സമാധാനപൂർണമായ ഭരണകാലത്ത്‌ ആലയം നിർമിക്കുകയെന്നു യഹോവ അരുളിച്ചെയ്‌തു. (1 ദിനവൃത്താന്തം 22:7-10) എന്നിരുന്നാലും, ഈ സംഗതി ദാവീദിന്റെ കൊടുക്കൽ മനോഭാവത്തെ കെടുത്തിക്കളഞ്ഞില്ല. അവൻ ഒരു വലിയ കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ട്‌, ആലയ നിർമാണ സാമഗ്രികൾ പ്രദാനം ചെയ്യാൻ തുടങ്ങി. പിൽക്കാലത്ത്‌ അവൻ ശലോമോനോട്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത്‌ പൊന്നും പത്തു ലക്ഷം താലന്ത്‌ വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു.” (1 ദിനവൃത്താന്തം 22:14) അതിൽ തൃപ്‌തനാകാഞ്ഞ ദാവീദ്‌, സ്വർണവും വെള്ളിയും വ്യക്തിപരമായി സംഭാവന ചെയ്‌തു. അതിന്‌ ഇക്കാലത്ത്‌, 6,000,00,00,000-യിലധികം രൂപ വിലവരും. മാത്രമല്ല, പ്രഭുക്കന്മാരും ഉദാരമായി സംഭാവന ചെയ്‌തു. (1 ദിനവൃത്താന്തം 29:3-9) തീർച്ചയായും, ദാവീദ്‌ ഉദാരമായ ഒരു കൊടുക്കൽ മനോഭാവം പ്രകടമാക്കി.

ഇത്ര ഉദാരമായി നൽകാൻ ദാവീദിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌? താൻ ആർജിച്ചതും നേടിയതുമായ സകലവും യഹോവയുടെ അനുഗ്രഹമാണെന്ന്‌ അവൻ തിരിച്ചറിഞ്ഞിരുന്നു. അവൻ പ്രാർഥനയിൽ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു. എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്‌തു പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവ്വമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.” (1 ദിനവൃത്താന്തം 29:16, 17) യഹോവയുമായുള്ള ബന്ധത്തെ ദാവീദ്‌ വിലയേറിയതായി കണക്കാക്കിയിരുന്നു. “പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ” ദൈവത്തെ സേവിക്കേണ്ടതിന്റെ ആവശ്യം അവൻ മനസ്സിലാക്കിയിരുന്നു. അവൻ അതിൽ സന്തോഷിക്കുകയും ചെയ്‌തിരുന്നു. (1 ദിനവൃത്താന്തം 28:9) ഇതേ ഗുണങ്ങൾതന്നെയാണ്‌ കൊടുക്കൽ മനോഭാവം പ്രകടമാക്കാൻ ആദിമ ക്രിസ്‌ത്യാനികളെയും പ്രേരിപ്പിച്ചത്‌.

യഹോവ​—⁠ഏറ്റവും വലിയ ദാതാവ്‌

കൊടുക്കൽ സംബന്ധിച്ച ഏറ്റവും നല്ല ദൃഷ്ടാന്തം യഹോവയാണ്‌. “ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും” ചെയ്യുന്ന അളവോളം സ്‌നേഹവാനും കരുതലുള്ളവനുമാണ്‌ അവൻ. (മത്തായി 5:45) മുഴു മനുഷ്യവർഗത്തിനും അവൻ ‘ജീവനും ശ്വാസവും സകലവും കൊടുക്കുന്നു.’ (പ്രവൃത്തികൾ 17:25) വാസ്‌തവത്തിൽ, ശിഷ്യനായ യാക്കോബ്‌ ചൂണ്ടിക്കാട്ടിയ പ്രകാരം, ‘എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നാണ്‌ ഇറങ്ങിവരുന്നത്‌.’​—⁠യാക്കോബ്‌ 1:17.

“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു” അവനെ അയച്ചതാണ്‌ യഹോവ നമുക്കു നൽകിയിട്ടുള്ള ഏറ്റവും വലിയ ദാനം. (യോഹന്നാൻ 3:16) താൻ അത്തരമൊരു ദാനം അർഹിക്കുന്നുവെന്ന്‌ ആർക്കും അവകാശപ്പെടാനാവില്ല. കാരണം, ‘എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നിരിക്കുന്നവരാണ്‌.’ (റോമർ 3:23, 24; 1 യോഹന്നാൻ 4:9, 10) ദൈവത്തിന്റെ ‘പറഞ്ഞുതീരാത്ത ദാന’ത്തിന്‌ അതായത്‌ “അതിമഹത്തായ ദൈവകൃപ”യ്‌ക്കുള്ള അടിസ്ഥാനവും സരണിയും ക്രിസ്‌തുവിന്റെ മറുവിലയാണ്‌. (2 കൊരിന്ത്യർ 9:14, 15) ദൈവത്തിന്റെ ദാനത്തോട്‌ വിലമതിപ്പുണ്ടായിരുന്ന പൗലൊസ്‌, ‘ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയുക’ എന്നത്‌ തന്റെ ജീവിതത്തിലെ പ്രഥമ സംഗതിയാക്കി. (പ്രവൃത്തികൾ 20:24) ‘സകലമനുഷ്യരും രക്ഷപ്രാപിക്കുകയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുകയും’ ചെയ്യണം എന്നത്‌ ദൈവഹിതമാണെന്ന്‌ അവൻ തിരിച്ചറിഞ്ഞിരുന്നു.​—⁠1 തിമൊഥെയൊസ്‌ 2:⁠4.

ഇക്കാലത്ത്‌ 234 ദേശങ്ങളിലേക്കു വ്യാപിച്ചിരിക്കുന്ന ഒരു വൻ പ്രസംഗ-പഠിപ്പിക്കൽ വേല മുഖാന്തരമാണ്‌ ഇതു നിർവഹിക്കപ്പെടുന്നത്‌. പിൻവരുംവിധം പറഞ്ഞപ്പോൾ യേശു ഈ വികസനം മുൻകൂട്ടി പറയുകയുണ്ടായി: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അതേ, “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.” (മർക്കൊസ്‌ 13:10) കഴിഞ്ഞവർഷം സുവാർത്തയുടെ 60-ലക്ഷത്തിലധികം വരുന്ന ഘോഷകർ ഈ വേലയിൽ 120,23,81,302 മണിക്കൂർ ചെലവഴിക്കുകയും 53,00,000 ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്‌തു. ആളുകളുടെ ജീവൻ അപകടത്തിൽ ആയതിനാൽ, ഈ പ്രബോധന പരിപാടി ജീവത്‌പ്രധാനമാണ്‌.​—⁠റോമർ 10:13-15; 1 കൊരിന്ത്യർ 1:21.

ബൈബിൾസത്യത്തിനായി വിശക്കുന്നവരെ സഹായിക്കാനായി ബൈബിളുകൾ, പുസ്‌തകങ്ങൾ, ലഘുപത്രികകൾ എന്നിവ ഉൾപ്പെടെ ദശലക്ഷക്കണക്കിനു പ്രസിദ്ധീകരണങ്ങൾ ഓരോ വർഷവും അച്ചടിക്കുന്നുണ്ട്‌. അതിനുപുറമേ, വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ 100 കോടിയിലധികം പ്രതികളും ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ആളുകൾ സുവാർത്തയോട്‌ പ്രതികരിക്കുമ്പോൾ, ബൈബിൾ പ്രബോധന കേന്ദ്രങ്ങളായി വർത്തിക്കുന്ന യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളും സമ്മേളന ഹാളുകളും കൂടുതലായി നിർമിക്കപ്പെടുന്നു. ഓരോ വർഷവും സർക്കിട്ട്‌ സമ്മേളനങ്ങളും പ്രത്യേക സമ്മേളന ദിനങ്ങളും അതുപോലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്‌. മിഷനറിമാർ, സഞ്ചാര മേൽവിചാരകന്മാർ, മൂപ്പന്മാർ, ശുശ്രൂഷാദാസന്മാർ എന്നിവർക്കുള്ള പരിശീലന പരിപാടികളും സദാ നടന്നുകൊണ്ടിരിക്കുന്നു. “വിശ്വസ്‌തനും വിവേകിയുമായ അടമ”യിലൂടെ ഈ കരുതലുകൾ ലഭ്യമാക്കുന്നതിൽ നാം യഹോവയോട്‌ നന്ദിയുള്ളവരാണ്‌. (മത്തായി 24:45-47, NW) തീർച്ചയായും ആ നന്ദി പ്രകടിപ്പിക്കാൻ നാം എത്രയധികം ആഗ്രഹിക്കുന്നു!

യഹോവയോട്‌ നന്ദി പ്രകടിപ്പിക്കൽ

ആലയനിർമാണത്തോടും ആദിമ ക്രിസ്‌തീയ സഭകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനോടുമുള്ള ബന്ധത്തിൽ സംഭവിച്ചതുപോലെ തന്നെ ഇതിനെല്ലാമുള്ള പണവും പൂർണമായും സ്വമേധയാ ഉള്ള സംഭാവനകളിലൂടെ ആണ്‌ ലഭിക്കുന്നത്‌. എന്നിരുന്നാലും, സകലത്തിന്റെയും ഉടയവനായ യഹോവയെ സമ്പന്നനാക്കാൻ ആർക്കുമാവില്ല എന്ന കാര്യം നാം ഓർക്കണം. (1 ദിനവൃത്താന്തം 29:14; ഹഗ്ഗായി 2:8) അതുകൊണ്ട്‌, യഹോവയോടുള്ള നമ്മുടെ സ്‌നേഹത്തിന്റെയും സത്യാരാധനയെ ഉന്നമിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെയും തെളിവാണ്‌ സംഭാവനകൾ. ഈ ഔദാര്യ പ്രകടനങ്ങൾ ‘ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുന്നു’ എന്ന്‌ പൗലൊസ്‌ പറയുന്നു. (2 കൊരിന്ത്യർ 9:8-13, പി.ഒ.സി. ബൈ.) അത്തരം കൊടുക്കലിനെ യഹോവ പ്രോത്സാഹിപ്പിക്കുന്നു. കാരണം, നമുക്ക്‌ കൊടുക്കൽ മനോഭാവം ഉണ്ടെന്നും അവനോടു സ്‌നേഹം ഉണ്ടെന്നുമാണ്‌ അതു പ്രകടമാക്കുന്നത്‌. ഔദാര്യം പ്രകടമാക്കുകയും തന്നിൽ ആശ്രയിക്കുകയും ചെയ്യുന്നവരെ യഹോവ അനുഗ്രഹിക്കും, അവർ ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. (ആവർത്തനപുസ്‌തകം 11:13-15; സദൃശവാക്യങ്ങൾ 3:9, 10; 11:25) അങ്ങനെ ചെയ്യുന്നതിന്റെ ഫലം സന്തോഷമായിരിക്കുമെന്ന്‌ യേശു ഉറപ്പുനൽകി. അവൻ പിൻവരുംവിധം പറഞ്ഞു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.”—പ്രവൃത്തികൾ 20:35, NW.

കൊടുക്കൽ മനോഭാവമുള്ള ക്രിസ്‌ത്യാനികൾ ഒരു ആവശ്യഘട്ടം സംജാതമാകുന്നതുവരെ കാത്തിരിക്കുന്നില്ല. മറിച്ച്‌, അവർ ‘എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ’ ചെയ്യാനുള്ള അവസരങ്ങൾക്കായി തിരയുന്നു. (ഗലാത്യർ 6:10) ദൈവിക ഔദാര്യത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പൗലൊസ്‌ ഇപ്രകാരം എഴുതി: “നൻമ ചെയ്യുന്നതിലും നിങ്ങൾക്കുള്ളവ പങ്കുവെക്കുന്നതിലും ഉപേക്ഷ വരുത്തരുത്‌. അത്തരം ബലികൾ ദൈവത്തിനു പ്രീതികരമാണ്‌.” (എബ്രായർ 13:​16, പി.ഒ.സി. ബൈ.) നമുക്കുള്ള ആസ്‌തികൾ​—⁠സമയം, ഊർജം, പണം എന്നിവ​—⁠മറ്റുള്ളവരെ സഹായിക്കാനും നിർമലാരാധന ഉന്നമിപ്പിക്കാനുമായി ഉപയോഗിക്കുന്നത്‌ യഹോവയ്‌ക്ക്‌ വളരെ പ്രസാദകരമാണ്‌. തീർച്ചയായും, കൊടുക്കൽ മനോഭാവത്തെ ദൈവം പ്രിയപ്പെടുന്നു.

[28, 29 പേജുകളിലെ ചതുരം/ചിത്രം]

ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.

ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കുന്നു. സ്വമേധയാ സംഭാവനകൾ ഈ ഓഫീസുകളിലേക്ക്‌ നേരിട്ടും അയയ്‌ക്കാവുന്നതാണ്‌. ബ്രാഞ്ച്‌ ഓഫീസുകളുടെ മേൽവിലാസം ഈ മാസികയുടെ 2-ാം പേജിലുണ്ട്‌. ചെക്കുകൾ “Watch Tower”-ന്‌ മാറിയെടുക്കാവുന്നത്‌ ആയിരിക്കണം. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.

സോപാധിക ദാന ക്രമീകരണം

ദാതാവ്‌ ആവശ്യപ്പെട്ടാൽ തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥയിൽ പണം സംഭാവന ചെയ്യാവുന്ന ക്രമീകരണം ചില രാജ്യങ്ങളിലുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്‌, പ്രാദേശിക ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ആസൂത്രിത കൊടുക്കൽ

നിരുപാധിക ദാനമായും സോപാധിക സംഭാവനയായും പണം നൽകുന്നതിനു പുറമേ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ആശ്രയിച്ച്‌, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി വേറെയും കൊടുക്കൽ രീതികൾ ഉണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്‌ ടവർ സൊസൈറ്റിയുടെ പേര്‌ വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ, ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച്‌ ടവർ സൊസൈറ്റിയിൽ ട്രസ്റ്റ്‌ ആയി അല്ലെങ്കിൽ മരണത്തിങ്കൽ സൊസൈറ്റിക്കു ലഭിക്കാവുന്നത്‌ ആയി ഏൽപ്പിക്കാവുന്നതാണ്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്‌ ടവർ സൊസൈറ്റിക്കു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌.

സ്ഥാവര വസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവര വസ്‌തു ആധാരം ചെയ്യുന്നതിനു മുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ഗിഫ്‌റ്റ്‌ അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ വാച്ച്‌ ടവർ സൊസൈറ്റിക്ക്‌ നൽകുന്ന ക്രമീകരണമാണ്‌ ഗിഫ്‌റ്റ്‌ അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷംതോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ്‌ അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന്‌ വരുമാന നികുതിയിൽ ഇളവ്‌ ലഭിക്കും.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ വാച്ച്‌ ടവർ സൊസൈറ്റിക്ക്‌ അവകാശമായി നൽകാവുന്നതാണ്‌. അല്ലെങ്കിൽ, ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച്‌ ടവർ സൊസൈറ്റിയുടെ പേര്‌ വെക്കാവുന്നതാണ്‌. ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവ്‌ ഒരു മതസംഘടന ആയിരിക്കുമ്പോൾ ചില നികുതിയിളവുകൾ ലഭിച്ചേക്കാം.

“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവെ ദാതാവിന്റെ ഭാഗത്തുനിന്ന്‌ കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable Planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനീഷിലുമായി തയ്യാറാക്കിയിട്ടുണ്ട്‌. ദാനങ്ങൾ, വിൽപ്പത്രങ്ങൾ, ട്രസ്റ്റുകൾ എന്നിവ സംബന്ധിച്ച്‌ ഞങ്ങൾക്കു ലഭിച്ച അനേകം ചോദ്യങ്ങൾക്കുള്ള മറുപടി ആയിട്ടാണ്‌ ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്‌. ഭൂസ്വത്ത്‌, ധനകാര്യം, നികുതി ആസൂത്രണം എന്നിവയെ കുറിച്ച്‌ പ്രയോജനകരമായ കൂടുതൽ വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇപ്പോഴോ, മരണത്തിങ്കൽ ഒരു ഒസ്യത്ത്‌ മുഖേനയോ ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതിലുണ്ട്‌. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായും ആസൂത്രിത കൊടുക്കൽ ഓഫീസുമായും ചർച്ച നടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായി യഹോവയുടെ സാക്ഷികളെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്കു കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌, താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിലോ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ഓഫീസുമായോ കത്തുമുഖേന അല്ലെങ്കിൽ ടെലിഫോണിലൂടെ ബന്ധപ്പെടുക.

Jehovah’s Witnesses of India,

Post Box 6440,

Yelahanka,

Bangalore 560 064,

Karnataka.

Telephone: (080) 8468072

[26 -ാം പേജിലെ ചിത്രം]

ഉദാരമതികൾ ആയിരിക്കാൻ ആദിമ ക്രിസ്‌ത്യാനികളെ പ്രേരിപ്പിച്ചത്‌ എന്ത്‌?