വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

എലീശാ ഏലീയാവിന്റെ ആത്മാവിൽ “ഇരട്ടി പങ്ക്‌” ചോദിച്ചത്‌ എന്തുകൊണ്ട്‌?

ഏലീയാവ്‌ ഇസ്രായേലിലെ പ്രവാചകൻ എന്ന നിലയിലുള്ള തന്റെ നിയമനം പൂർത്തീകരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌, യുവ പ്രാവാചകനായ എലീശാ, “നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ” എന്ന്‌ അവനോട്‌ അപേക്ഷിച്ചു. (2 രാജാക്കന്മാർ 2:9) ആത്മീയ അർഥത്തിൽ പറഞ്ഞാൽ, ആദ്യജാതനു നൽകുന്നതുപോലുള്ള രണ്ടു പങ്ക്‌ ആയിരുന്നിരിക്കണം എലീശാ ആവശ്യപ്പെട്ടത്‌. (ആവർത്തനപുസ്‌തകം 21:17) വിവരണം ഹ്രസ്വമായി പരിചിന്തിക്കുന്നത്‌ ഇതു വ്യക്തമാക്കും; സംഭവിച്ചതിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും.

യഹോവയുടെ മാർഗനിർദേശത്തിനു ചേർച്ചയിൽ ഏലീയാ പ്രവാചകൻ തന്റെ പിൻഗാമിയായി എലീശായെ അഭിഷേകം ചെയ്‌തിരുന്നു. (1 രാജാക്കന്മാർ 19:19-21) ഏകദേശം ആറു വർഷം എലീശാ ഏലീയാവിന്റെ വിശ്വസ്‌ത ശുശ്രൂഷകനായി സേവിച്ചു. അവസാനംവരെ അങ്ങനെ തുടരാൻ അവൻ ദൃഢചിത്തനായിരുന്നു. ഇസ്രായേലിലെ പ്രവാചകൻ എന്ന നിലയിലുള്ള ഏലീയാവിന്റെ അവസാന ദിവസവും എലീശാ തന്റെ ഗുരുവിനോടു പറ്റിനിന്നു. തന്നെ അനുഗമിക്കുന്നതു നിറുത്താൻ ഏലീയാവ്‌ എലീശായോടു പറഞ്ഞെങ്കിലും, “ഞാൻ നിന്നെ വിടുകയില്ല” എന്ന്‌ യുവ പ്രവാചകൻ മൂന്നു തവണ പ്രസ്‌താവിച്ചു. (2 രാജാക്കന്മാർ 2:2, 4, 6; 3:11) പ്രായംചെന്ന പ്രവാചകനെ തന്റെ ആത്മീയ പിതാവായാണ്‌ എലീശാ വീക്ഷിച്ചത്‌.​—⁠2 രാജാക്കന്മാർ 2:12.

എന്നിരുന്നാലും, എലീശാ ഏലീയാവിന്റെ ഏക ആത്മീയ പുത്രൻ ആയിരുന്നില്ല. ഏലീയാവും എലീശായും “പ്രവാചകശിഷ്യന്മാർ” [“പ്രവാചകപുത്രന്മാർ,” NW] എന്നറിയപ്പെട്ടിരുന്ന ഒരുകൂട്ടം പുരുഷന്മാരോടൊപ്പം സഹവസിച്ചിരുന്നു. (2 രാജാക്കന്മാർ 2:​3) ഈ ‘പുത്രന്മാർക്കും’ തങ്ങളുടെ ആത്മീയ പിതാവായ ഏലീയാവുമായി ഒരു ഉറ്റ ബന്ധം ഉണ്ടായിരുന്നു എന്നാണ്‌ രണ്ടു രാജാക്കന്മാരിലെ വിവരണം സൂചിപ്പിക്കുന്നത്‌. (2 രാജാക്കന്മാർ 2:3, 5, 7, 15-17) എങ്കിലും അഭിഷിക്ത പിൻഗാമി എന്ന നിലയിൽ എലീശാ ആയിരുന്നു ഏലീയാവിന്റെ ആത്മീയ പുത്രന്മാരിൽ ഒന്നാമൻ​—⁠ഒരു ആദ്യജാതനെപ്പോലെ ആയിരുന്നു അവൻ. പുരാതന ഇസ്രായേലിൽ, അക്ഷരീയ ആദ്യജാതന്മാർക്ക്‌ പിതൃസ്വത്തിന്റെ രണ്ടു വീതം ലഭിച്ചിരുന്നു. അതേസമയം മറ്റു പുത്രന്മാർക്കാകട്ടെ ഒരു വീതമേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട്‌, എലീശാ ഏലീയാവിന്റെ ആത്മീയ അവകാശത്തിൽ ഇരട്ടി പങ്ക്‌ ചോദിച്ചു.

എന്തുകൊണ്ടാണ്‌ ആ പ്രത്യേക സമയത്ത്‌ എലീശാ ഈ അപേക്ഷ നടത്തിയത്‌? എന്തുകൊണ്ടെന്നാൽ, ഇസ്രായേലിലെ പ്രവാചകൻ എന്ന നിലയിൽ ഏലീയാവിന്റെ പിൻഗാമി ആയിരിക്കുക എന്ന ഭാരിച്ച വേല അവൻ ഏറ്റെടുക്കാൻ പോകുകയായിരുന്നു. ബൃഹത്തായ ഈ നിയമനത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന്‌, തന്റെ സ്വന്തം പ്രാപ്‌തികൾക്ക്‌ അതീതമായ, യഹോവയ്‌ക്കു മാത്രം നൽകാൻ കഴിയുന്ന ആത്മീയ ബലം ആവശ്യമാണ്‌ എന്ന്‌ എലീശാ തിരിച്ചറിഞ്ഞു. അവൻ ഏലീയാവ്‌ ആയിരുന്നതുപോലെതന്നെ നിർഭയൻ ആയിരിക്കേണ്ടിയിരുന്നു. (2 രാജാക്കന്മാർ 1:3, 4, 15, 16) തന്നിമിത്തം, അവൻ ഏലീയാവിന്റെ ആത്മാവിന്റെ​—⁠യഹോവയുടെ ആത്മാവ്‌ ഉളവാക്കുന്ന അഭികാമ്യ ഗുണങ്ങളായ ധൈര്യത്തിന്റെയും ‘യഹോവയ്‌ക്കുവേണ്ടിയുള്ള [തികഞ്ഞ] ശുഷ്‌കാന്തിയുടെയും’ ആത്മാവിന്റെ​—⁠രണ്ടു പങ്ക്‌ ആവശ്യപ്പെട്ടു. (1 രാജാക്കന്മാർ 19:10, 14) ഏലീയാവ്‌ എങ്ങനെ പ്രതികരിച്ചു?

എലീശാ ചോദിച്ച സംഗതി നൽകാനുള്ള അവകാശം തനിക്കില്ലെന്നും യഹോവയ്‌ക്കു മാത്രമേയുള്ളു എന്നും ഏലീയാവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ ഏലീയാവ്‌ എളിമയോടെ ഇങ്ങനെ മറുപടി പറഞ്ഞു: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും.” (2 രാജാക്കന്മാർ 2:10) ഏലീയാവ്‌ ചുഴലിക്കാറ്റിൽ എടുക്കപ്പെടുന്നത്‌ കാണാൻ യഹോവ എലീശായെ അനുവദിക്കുകതന്നെ ചെയ്‌തു. (2 രാജാക്കന്മാർ 2:11, 12) എലീശായുടെ അഭ്യർഥന അനുവദിച്ചു കൊടുക്കപ്പെട്ടു. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാനും വരാനിരുന്ന പരിശോധനകളെ അഭിമുഖീകരിക്കാനും ആവശ്യമായ ആത്മാവിനെ യഹോവ അവനു നൽകി.

ഇന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും (ചിലപ്പോൾ അവരെ ഏലീശാ വർഗം എന്നു വിളിച്ചിരിക്കുന്നു) ദൈവദാസന്മാർക്ക്‌ മൊത്തത്തിലും ഈ ബൈബിൾ വിവരണത്തിൽനിന്ന്‌ വലിയ പ്രോത്സാഹനം നേടാൻ കഴിയും. ഒരു പുതിയ നിയമനം ലഭിക്കുമ്പോൾ ഭയമോ, നമുക്ക്‌ അതിനുള്ള പ്രാപ്‌തിയില്ല എന്ന ചിന്തയോ ചിലപ്പോഴൊക്കെ നമുക്ക്‌ അനുഭവപ്പെട്ടേക്കാം. അതുമല്ലെങ്കിൽ, നമ്മുടെ പ്രദേശത്തെ ആളുകളുടെ വർധിച്ചുവരുന്ന നിസ്സംഗതയോ എതിർപ്പോ രാജ്യ പ്രസംഗ വേല തുടരാനുള്ള നമ്മുടെ ധൈര്യം ക്ഷയിപ്പിക്കുന്നതായി ഒരുപക്ഷേ നമുക്കു തോന്നിയേക്കാം. എന്നാൽ, യഹോവയുടെ പിന്തുണയ്‌ക്കായി നാം യാചിക്കുന്നെങ്കിൽ വെല്ലുവിളികളെയും മാറിവരുന്ന സാഹചര്യങ്ങളെയും വിജയകരമായി നേരിടുന്നതിന്‌ ആവശ്യം അനുസരിച്ച്‌ അവൻ തന്റെ ആത്മാവിനെ നമുക്കു നൽകും. (ലൂക്കൊസ്‌ 11:13; 2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:13) അതേ, ഭാരമേറിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ യഹോവ എലീശായെ ശക്തീകരിച്ചതുപോലെ, നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ പ്രായഭേദമെന്യെ നമ്മെ എല്ലാവരെയും അവൻ സഹായിക്കും.​—⁠2 തിമൊഥെയൊസ്‌ 4:5.