വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വസിക്കാൻ കൊള്ളാവുന്ന ആരെങ്കിലുമുണ്ടോ?

വിശ്വസിക്കാൻ കൊള്ളാവുന്ന ആരെങ്കിലുമുണ്ടോ?

വിശ്വസിക്കാൻ കൊള്ളാവുന്ന ആരെങ്കിലുമുണ്ടോ?

ബർലിൻ മതിലിന്റെ 1989-ലെ പതനത്തെ തുടർന്ന്‌, ഭദ്രമായി അടക്കിസൂക്ഷിച്ചിരുന്ന പല രഹസ്യങ്ങളും വെളിച്ചത്തുവന്നു. ഉദാഹരണത്തിന്‌, പൂർവ ജർമനിയിലെ സോഷ്യലിസ്റ്റ്‌ ഭരണകാലത്ത്‌ ഷ്‌റ്റാസി അഥവാ സ്റ്റേറ്റ്‌ സെക്യൂരിറ്റി സർവീസ്‌ തന്റെ സ്വകാര്യ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ ഒരു ഫയൽ തയ്യാറാക്കി സൂക്ഷിച്ചിരുന്നതായി ലിഡിയ * മനസ്സിലാക്കി. ആ ഫയലിനെ കുറിച്ച്‌ അറിഞ്ഞപ്പോൾ അവൾക്ക്‌ അതിശയംതോന്നിയെങ്കിലും ഷ്‌റ്റാസിക്ക്‌ വിവരങ്ങൾ നൽകിയത്‌ ആരാണെന്ന്‌ അറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി​—⁠സ്വന്തം ഭർത്താവ്‌. പൂർണമായി വിശ്വാസം അർപ്പിക്കാൻ കഴിയേണ്ടിയിരുന്ന വ്യക്തിയാണ്‌ അവളെ ചതിച്ചത്‌.

പ്രായംചെന്ന മാന്യനായ ഒരു വ്യക്തിയായിരുന്നു റോബർട്ട്‌. അദ്ദേഹം തന്റെ ഡോക്ടറെ “വളരെയേറെ ആദരിക്കുകയും ബഹുമാനിക്കുകയും വിശ്വസിക്കുകയും” ചെയ്‌തിരുന്നു എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. “ദയയോടും സഹാനുഭൂതിയോടും” കൂടെ ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയിലാണ്‌ ആ ഡോക്ടർ അറിയപ്പെട്ടിരുന്നത്‌. ഒരു ദിവസം റോബർട്ട്‌ അപ്രതീക്ഷിതമായി മരിച്ചു. ഹൃദയാഘാതമോ മസ്‌തിഷ്‌കാഘാതമോ ആയിരുന്നോ കാരണം? അല്ല. റോബർട്ടിന്റെ വീട്ടിൽ ഡോക്ടർ വന്നിരുന്നെന്നും അദ്ദേഹത്തിന്റെയോ കുടുംബാംഗങ്ങളുടെയോ അറിവില്ലാതെ മാരകമായ ഒരു ഇഞ്ചക്ഷൻ നൽകിയെന്നും ഉള്ള നിഗമനത്തിൽ അധികാരികൾ എത്തിച്ചേർന്നു. തെളിവനുസരിച്ച്‌, റോബർട്ട്‌ പൂർണ വിശ്വാസമർപ്പിച്ചിരുന്ന ഒരു വ്യക്തിയാണ്‌ അദ്ദേഹത്തെ വധിച്ചത്‌.

ലിഡിയയും റോബർട്ടും കടുത്ത വിശ്വാസവഞ്ചനയ്‌ക്ക്‌ ഇരകളായി. അതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായിരുന്നു. മറ്റു സാഹചര്യങ്ങളിൽ അതിന്റെ ഫലങ്ങൾ അത്ര ഗുരുതരമല്ല. എന്തുതന്നെയായാലും, നാം വിശ്വസിക്കുന്ന ഒരു വ്യക്തി നമ്മെ നിരാശനാക്കുന്നത്‌ അസാധാരണമല്ല. ജർമനിയിലെ ഒരു പ്രമുഖ വോട്ടെടുപ്പ്‌ സ്ഥാപനം പ്രസിദ്ധീകരിച്ച അലെൻസ്‌ബാഹർ യാർബൂഹ്‌ ഡെർ ഡാമൊസ്‌കൊപീ 1998-2002 എന്ന പുസ്‌തകത്തിലെ റിപ്പോർട്ട്‌ അനുസരിച്ച്‌, ഒരു സർവേയിൽ പങ്കെടുത്ത 86 ശതമാനം പേരും തങ്ങൾ വിശ്വാസമർപ്പിച്ചിരുന്ന ആരെങ്കിലും തങ്ങളെ നിരാശരാക്കിയിട്ടുള്ളതായി വെളിപ്പെടുത്തി. ഒരുപക്ഷേ നിങ്ങൾക്കും സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകാം. അക്കാരണത്താൽ, “പാശ്ചാത്യ വ്യാവസായിക രാജ്യങ്ങളിൽ ദശാബ്ദങ്ങളായി പരസ്‌പരവിശ്വാസത്തിൽ അധിഷ്‌ഠിതമായ ബന്ധങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌” എന്നു സ്വിസ്‌ വർത്തമാനപത്രമായ നോയിയെ റ്റ്‌സ്യൂർഹെർ റ്റ്‌സൈറ്റുങ്‌ 2000-ൽ റിപ്പോർട്ടു ചെയ്‌തത്‌ നമ്മെ അതിശയിപ്പിക്കരുത്‌.

ക്രമേണ വളരുന്നു, ക്ഷണത്തിൽ തകരുന്നു

ആരെയെങ്കിലും വിശ്വസിക്കുക എന്നാൽ എന്താണ്‌ അർഥം? ഒരു നിഘണ്ടു അനുസരിച്ച്‌, മറ്റുള്ളവരെ വിശ്വസിക്കുക എന്നാൽ അവർ സത്യസന്ധരും ആത്മാർഥരും ആണെന്നും നിങ്ങൾക്ക്‌ ദ്രോഹകരമായ ഒന്നും അറിഞ്ഞുകൊണ്ടു ചെയ്യുകയില്ലെന്നും ബോധ്യമുണ്ടായിരിക്കുക എന്നാണ്‌. വിശ്വാസം വളർന്നുവരുന്നത്‌ ക്രമേണയാണ്‌, എന്നാൽ ക്ഷണനേരംകൊണ്ട്‌ അതിനെ നശിപ്പിക്കാനും കഴിയും. വിശ്വാസത്തെ മുതലെടുത്തിരിക്കുന്നതായുള്ള നിരവധി അനുഭവങ്ങൾ ഉള്ളതിനാൽ മറ്റുള്ളവരിൽ വിശ്വാസമർപ്പിക്കാൻ ആളുകൾ മടിക്കുന്നതിൽ എന്തെങ്കിലും അതിശയമുണ്ടോ? 2002-ൽ ജർമനിയിൽ പ്രസിദ്ധീകരിച്ച ഒരു കണക്കനുസരിച്ച്‌, “യുവജനങ്ങളിൽ മൂന്നിൽ ഒന്നിൽ താഴെ പേർക്കു മാത്രമേ മറ്റുള്ളവരിൽ അടിസ്ഥാനപരമായി വിശ്വാസമുള്ളൂ.”

നാം സ്വയം ഇങ്ങനെ ചോദിച്ചേക്കാം: ‘നമുക്ക്‌ ആരെയെങ്കിലും യഥാർഥത്തിൽ വിശ്വസിക്കാനാകുമോ? വഞ്ചിക്കപ്പെടാൻ സാധ്യത ഉണ്ടെന്നിരിക്കെ ആരെയെങ്കിലും വിശ്വസിക്കുന്നത്‌ ബുദ്ധിയായിരിക്കുമോ?’

[അടിക്കുറിപ്പ്‌]

^ ഖ. 2 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[3 -ാം പേജിലെ ആകർഷക വാക്യം]

ഒരു സർവേയിൽ പങ്കെടുത്ത 86 ശതമാനം പേരും തങ്ങൾ വിശ്വാസമർപ്പിച്ചിരുന്ന ആരെങ്കിലും തങ്ങളെ നിരാശരാക്കിയിട്ടുള്ളതായി വെളിപ്പെടുത്തി