വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വസ്‌ത ക്രിസ്‌തീയ സ്‌ത്രീകൾ ദൈവത്തിന്റെ വിലപ്പെട്ട ആരാധകർ

വിശ്വസ്‌ത ക്രിസ്‌തീയ സ്‌ത്രീകൾ ദൈവത്തിന്റെ വിലപ്പെട്ട ആരാധകർ

വിശ്വസ്‌ത ക്രിസ്‌തീയ സ്‌ത്രീകൾ ദൈവത്തിന്റെ വിലപ്പെട്ട ആരാധകർ

“ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള [“യഹോവാഭയമുള്ള,” NW] സ്‌ത്രീയോ പ്രശംസിക്കപ്പെടും.”​—⁠സദൃശവാക്യങ്ങൾ 31:30.

1. സൗന്ദര്യത്തെ കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തെ ലോകത്തിന്റെ വീക്ഷണവുമായി എങ്ങനെ താരതമ്യം ചെയ്യാം?

ലോകം ബാഹ്യ സൗന്ദര്യത്തിന്‌ വളരെയധികം ഊന്നൽ നൽകുന്നു, വിശേഷിച്ചും സ്‌ത്രീകളുടെ കാര്യത്തിൽ. എന്നിരുന്നാലും, യഹോവയ്‌ക്കു താത്‌പര്യമുള്ളത്‌ മുഖ്യമായി ആന്തരിക വ്യക്തിയിലാണ്‌. പ്രായം ചെല്ലുന്തോറും അതിനു കൂടുതൽ സൗന്ദര്യമുള്ളത്‌ ആയിത്തീരാൻ കഴിയും. (സദൃശവാക്യങ്ങൾ 16:31, NW) അതുകൊണ്ട്‌ ബൈബിൾ സ്‌ത്രീകളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്‌ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.”​—⁠1 പത്രൊസ്‌ 3:3, 4.

2, 3. ഒന്നാം നൂറ്റാണ്ടിൽ സുവാർത്തയുടെ ഉന്നമനത്തിൽ സ്‌ത്രീകൾ പങ്കുവഹിച്ചത്‌ എങ്ങനെ, ഇത്‌ എങ്ങനെ മുൻകൂട്ടി പറഞ്ഞിരുന്നു?

2 ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഒട്ടനവധി സ്‌ത്രീകൾ പ്രശംസാർഹമായ അത്തരമൊരു മനോഭാവം പ്രകടമാക്കിയിട്ടുണ്ട്‌. ഒന്നാം നൂറ്റാണ്ടിൽ അവരിൽ ചിലർക്ക്‌ യേശുവിനും അവന്റെ അപ്പൊസ്‌തലന്മാർക്കും ശുശ്രൂഷ ചെയ്യാനുള്ള പദവി ലഭിച്ചു. (ലൂക്കൊസ്‌ 8:1-3) പിന്നീട്‌, ക്രിസ്‌തീയ സ്‌ത്രീകൾ തീക്ഷ്‌ണരായ സുവാർത്താഘോഷകർ ആയിത്തീർന്നു; മറ്റുചില സ്‌ത്രീകൾ അപ്പൊസ്‌തലനായ പൗലൊസ്‌ ഉൾപ്പെടെ നേതൃത്വം നൽകിയ ക്രിസ്‌തീയ പുരുഷന്മാർക്ക്‌ ഗണ്യമായ പിന്തുണ നൽകുകയുണ്ടായി; ഇനിയും വേറെ ചില സ്‌ത്രീകളാകട്ടെ അന്യാദൃശമായ അതിഥിപ്രിയം കാണിച്ചു, തങ്ങളുടെ ഭവനങ്ങൾ സഭായോഗങ്ങൾ നടത്തുന്നതിനു ലഭ്യമാക്കിക്കൊണ്ടുപോലും.

3 യഹോവ തന്റെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ സ്‌ത്രീകളെ വലിയ ഒരു വിധത്തിൽ ഉപയോഗിക്കുമെന്ന്‌ തിരുവെഴുത്തുകളിൽ മുൻകൂട്ടി പറഞ്ഞിരുന്നു. ദൃഷ്ടാന്തത്തിന്‌, പുരുഷന്മാർക്കും സ്‌ത്രീകൾക്കും യുവാക്കൾക്കും പ്രായമായവർക്കും പരിശുദ്ധാത്മാവ്‌ ലഭിക്കുമെന്നും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിൽ അവർ പങ്കുചേരുമെന്നും യോവേൽ 2:28, 29 പ്രവചിച്ചു. ആ പ്രവചനം പൊ.യു. 33-ലെ പെന്തെക്കൊസ്‌തു മുതൽ നിറവേറാൻ തുടങ്ങി. (പ്രവൃത്തികൾ 2:1-4, 16-18) ആത്മാഭിഷിക്തരായ ചില സ്‌ത്രീകൾക്ക്‌ പ്രവചന വരം പോലുള്ള അത്ഭുത വരങ്ങൾ നൽകപ്പെട്ടു. (പ്രവൃത്തികൾ 21:8, 9) വിശ്വസ്‌ത സഹോദരിമാരുടെ ഈ വലിയ ആത്മീയ സൈന്യം ശുശ്രൂഷയിലെ തങ്ങളുടെ തീക്ഷ്‌ണത നിമിത്തം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിത്വത്തിന്റെ അതിശീഘ്ര വ്യാപനത്തിൽ ഗണ്യമായ പങ്കുവഹിച്ചു. വാസ്‌തവത്തിൽ, പൊ.യു. 60-നോട്‌ അടുത്ത്‌ സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷി”ച്ചിരിക്കുന്നു എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി.—കൊലൊസ്സ്യർ 1:23.

ധീരതയ്‌ക്കും തീക്ഷ്‌ണതയ്‌ക്കും അതിഥിപ്രിയത്തിനും പുകഴ്‌ത്തപ്പെട്ടു

4. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തീയ സഭയിലെ നിരവധി സ്‌ത്രീകളെ അഭിനന്ദിക്കാൻ പൗലൊസിനു തക്ക കാരണം ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

4 ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പൗലൊസ്‌ വിശേഷാൽ ചില സ്‌ത്രീകൾ നിർവഹിച്ചുകൊണ്ടിരുന്ന ശുശ്രൂഷയെ വിലമതിച്ചു​—⁠തീക്ഷ്‌ണരായ സ്‌ത്രീകൾ ചെയ്യുന്ന വേലയെ ഇന്നത്തെ ക്രിസ്‌തീയ മേൽവിചാരകന്മാർ മൂല്യവത്തായി കരുതുന്നതുപോലെതന്നെ. അപ്പൊസ്‌തലനായ പൗലൊസ്‌ പേരെടുത്തു പരാമർശിക്കുന്നവരിൽ ‘കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെയും ത്രുഫോസെയും,’ അതുപോലെതന്നെ ‘കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസും’ ഉൾപ്പെടുന്നു. (റോമർ 16:12) യുവൊദ്യയും സുന്തുകയും “[അവനോടുകൂടെ] സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു” എന്ന്‌ പൗലൊസ്‌ എഴുതി. (ഫിലിപ്പിയർ 4:2, 3) കൂടാതെ, പ്രിസ്‌കില്ലയും അവളുടെ ഭർത്താവ്‌ അക്വിലാസും പൗലൊസിനോടൊപ്പം വേല ചെയ്‌തു. അവളും അക്വിലാസും പൗലൊസിനുവേണ്ടി “തങ്ങളുടെ കഴുത്തു വെച്ചുകൊടുത്ത”തു നിമിത്തം ഇങ്ങനെ എഴുതാൻ അവൻ പ്രേരിതനായി: “അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളുംകൂടെ നന്ദിപറയുന്നു.”​—⁠റോമർ 16:3, 4; പ്രവൃത്തികൾ 18:2.

5, 6. പ്രിസ്‌കില്ല ഇന്നത്തെ സഹോദരിമാർക്ക്‌ ഏതു വിധങ്ങളിൽ മാതൃക വെച്ചു?

5 പ്രിസ്‌കില്ലയുടെ തീക്ഷ്‌ണതയ്‌ക്കും ധീരതയ്‌ക്കും എന്തായിരുന്നു കാരണം? ഇതു സംബന്ധിച്ച്‌ പ്രവൃത്തികൾ 18:24-26-ൽ നമുക്ക്‌ ഒരു സൂചന ലഭിക്കുന്നുണ്ട്‌. വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ കാലിക പരിജ്ഞാനം സമ്പാദിക്കുന്നതിന്‌ പ്രഗത്ഭ പ്രസംഗകനായിരുന്ന അപ്പൊല്ലോസിനെ സഹായിക്കുന്നതിൽ അവൾ തന്റെ ഭർത്താവിനെ പിന്തുണച്ചു എന്ന്‌ നാം അവിടെ വായിക്കുന്നു. വ്യക്തമായും, പ്രിസ്‌കില്ല ദൈവവചനവും അപ്പൊസ്‌തലന്മാരുടെ ഉപദേശങ്ങളും നന്നായി പഠിച്ചിരുന്ന വ്യക്തി ആയിരുന്നു. തത്‌ഫലമായി, അവളെ ദൈവത്തിനും ഭർത്താവിനും പ്രിയങ്കരിയാക്കിയ, ആദിമ സഭയുടെ വിലതീരാത്ത ഒരു അംഗമാക്കിയ, വിശിഷ്ട ഗുണങ്ങൾ അവൾ വികസിപ്പിച്ചെടുത്തു. ബൈബിൾ ശുഷ്‌കാന്തിയോടെ പഠിക്കുകയും ‘വിശ്വസ്‌ത ഗൃഹവിചാരകൻ’ മുഖാന്തരം യഹോവ പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരം ഭക്ഷിക്കുകയും ചെയ്യുന്ന ഇന്നത്തെ കഠിനാധ്വാനികളായ ക്രിസ്‌തീയ സഹോദരിമാരുടെ വലിയ കൂട്ടവും അതുപോലെതന്നെ വിലപ്പെട്ടവരാണ്‌.​—⁠ലൂക്കൊസ്‌ 12:42.

6 അക്വിലാസും പ്രിസ്‌കില്ലയും അസാധാരണമാംവിധം അതിഥിപ്രിയർ ആയിരുന്നു. പൗലൊസ്‌ കൊരിന്തിൽവെച്ച്‌ അവരോടൊപ്പം കൂടാരപ്പണി ചെയ്‌തിരുന്നപ്പോൾ അവരുടെ ഭവനത്തിലാണു താമസിച്ചത്‌. (പ്രവൃത്തികൾ 18:1-3) എഫെസൊസിലേക്കും പിന്നീട്‌ റോമിലേക്കും മാറിപ്പാർത്തപ്പോൾ ആ ദമ്പതികൾ ക്രിസ്‌തീയ അതിഥിപ്രിയം തുടർന്നും പ്രകടിപ്പിച്ചുപോന്നു. അവർ തങ്ങളുടെ ഭവനം സഭായോഗങ്ങൾക്കു ലഭ്യമാക്കുകപോലും ചെയ്‌തു. (പ്രവൃത്തികൾ 18:18, 19; 1 കൊരിന്ത്യർ 16:8, 19) അതുപോലെതന്നെ, നുംഫയും യോഹന്നാൻ മർക്കൊസിന്റെ അമ്മ മറിയയും സഭായോഗങ്ങൾക്കായി തങ്ങളുടെ ഭവനങ്ങൾ തുറന്നുകൊടുത്തു.​—⁠പ്രവൃത്തികൾ 12:12; കൊലൊസ്സ്യർ 4:15.

ഇന്ന്‌ ഒരു മുതൽക്കൂട്ട്‌

7, 8. ഇക്കാലത്തെ അനേകം ക്രിസ്‌തീയ സ്‌ത്രീകൾക്ക്‌ വിശുദ്ധ സേവനത്തിന്റെ അഭിനന്ദനാർഹമായ എന്തു രേഖയുണ്ട്‌, അവർക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

7 ദൈവോദ്ദേശ്യം നിവർത്തിക്കുന്നതിൽ, വിശേഷിച്ചും സുവിശേഷ വേലയിൽ, ഒന്നാം നൂറ്റാണ്ടിലേതുപോലെതന്നെ ഇന്നും വിശ്വസ്‌ത ക്രിസ്‌തീയ സ്‌ത്രീകൾ നിർണായകമായ പങ്കുവഹിക്കുന്നു. എത്ര നല്ല ഒരു രേഖയാണ്‌ ഈ സഹോദരിമാർക്കുള്ളത്‌! ഗ്വെൻ സഹോദരിയുടെ കാര്യമെടുക്കുക. 2002-ൽ മരിക്കുന്നതുവരെ 50-ലധികം വർഷം സഹോദരി യഹോവയെ വിശ്വസ്‌തമായി സേവിച്ചു. “ഒരു സുവിശേഷക എന്ന നിലയിൽ ഗ്വെനിന്റെ തീക്ഷ്‌ണത ഞങ്ങളുടെ നാട്ടിൽ പ്രസിദ്ധമായിരുന്നു” എന്ന്‌ സഹോദരിയുടെ ഭർത്താവ്‌ പറയുന്നു. “യഹോവയുടെ സ്‌നേഹവും വാഗ്‌ദാനങ്ങളും ലഭിക്കാൻതക്ക യോഗ്യത പ്രാപിച്ചേക്കാവുന്നവരായിട്ടാണ്‌ അവൾ ഓരോ വ്യക്തിയെയും കണ്ടിരുന്നത്‌. ദൈവത്തോടും അവന്റെ സംഘടനയോടും കുടുംബത്തോടും അവൾക്കുണ്ടായിരുന്ന വിശ്വസ്‌തതയും, ഞങ്ങൾ [മറ്റു കുടുംബാംഗങ്ങൾ] നിരുത്സാഹിതർ ആയിരുന്നപ്പോഴൊക്കെ സ്‌നേഹപുരസ്സരം അവൾ നൽകിയ പ്രോത്സാഹനവും, എനിക്കും മക്കൾക്കും ഞങ്ങളുടെ സംതൃപ്‌തവും പ്രതിഫലദായകവുമായ ജീവിതത്തിൽ ഉടനീളം വലിയൊരു പിന്തുണ ആയിരുന്നു. അവളുടെ അഭാവം ഞങ്ങൾക്ക്‌ ഇപ്പോൾ വല്ലാതെ അനുഭവപ്പെടുന്നു.” ഗ്വെനും ഭർത്താവും വിവാഹിതരായിട്ട്‌ 61 വർഷമായിരുന്നു.

8 ജനത്തിരക്കുള്ള നഗരങ്ങളിൽ മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽവരെ രാജ്യ സന്ദേശം പ്രസംഗിക്കവേ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിൽ തൃപ്‌തരായിരുന്നുകൊണ്ട്‌, വിവാഹിതരും അവിവാഹിതരുമായ പതിനായിരക്കണക്കിന്‌ സ്‌ത്രീകൾ പയനിയർ ശുശ്രൂഷകരും മിഷനറിമാരും ആയി സേവിക്കുന്നു. (പ്രവൃത്തികൾ 1:8) യഹോവയെ കൂടുതൽ പൂർണമായി സേവിക്കുക എന്ന ലക്ഷ്യത്തിൽ, സ്വന്തമായി ഭവനവും കുട്ടികളും ഉണ്ടായിരിക്കുന്നത്‌ അനേകർ വേണ്ടെന്നു വെച്ചിരിക്കുന്നു. ചിലർ സഞ്ചാര മേൽവിചാരകന്മാരായി സേവിക്കുന്ന ഭർത്താക്കന്മാർക്ക്‌ വിശ്വസ്‌ത പിന്തുണ നൽകുമ്പോൾ, വേറെ ആയിരക്കണക്കിനു സഹോദരിമാർ ലോകത്തിനു ചുറ്റുമുള്ള ബെഥേൽ കുടുംബങ്ങളിൽ സേവിക്കുന്നു. യഹോവയുടെ ആലയത്തെ മഹത്ത്വംകൊണ്ടു നിറയ്‌ക്കുന്ന “സകല ജാതികളുടെയും മനോഹരവസ്‌തു”ക്കളുടെ ഭാഗമാണ്‌ ഈ ആത്മത്യാഗികളായ സ്‌ത്രീകൾ എന്നതിന്‌ രണ്ടുപക്ഷമില്ല.​—⁠ഹഗ്ഗായി 2:7.

9, 10. ക്രിസ്‌തീയ ഭാര്യമാരും അമ്മമാരും വെച്ചിരിക്കുന്ന നല്ല മാതൃകയ്‌ക്ക്‌ ചില കുടുംബാംഗങ്ങൾ വിലമതിപ്പു പ്രകടിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ?

9 അനേകം ക്രിസ്‌തീയ സ്‌ത്രീകൾക്ക്‌ കുടുംബ ഉത്തരവാദിത്വങ്ങളുണ്ട്‌ എന്നതു ശരിയാണ്‌; എങ്കിൽപ്പോലും രാജ്യ താത്‌പര്യങ്ങൾക്ക്‌ അവർ ഒന്നാം സ്ഥാനം നൽകുന്നു. (മത്തായി 6:33) വിവാഹിതയല്ലാത്ത ഒരു പയനിയർ സഹോദരി ഇങ്ങനെ എഴുതി: “ഞാൻ ഒരു സാധാരണ പയനിയർ ആയിത്തീരുന്നതിൽ എന്റെ അമ്മയുടെ അചഞ്ചലമായ വിശ്വാസവും നല്ല മാതൃകയും നിർണായകമായ പങ്കുവഹിച്ചു. വാസ്‌തവത്തിൽ, എന്റെ ഏറ്റവും നല്ല പയനിയർ സഹകാരികളിൽ ഒരാൾ അമ്മയായിരുന്നു.” അഞ്ചു പെൺമക്കളെ വളർത്തിയ തന്റെ ഭാര്യയെ കുറിച്ച്‌ ഒരു ഭർത്താവ്‌ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ ഭവനം എല്ലായ്‌പോഴും വൃത്തിയും വെടിപ്പും ഉള്ളതായിരുന്നു. അനാവശ്യ സാധനങ്ങൾ കൊണ്ട്‌ ബോണി വീട്‌ നിറച്ചില്ല. ജീവിതം ലളിതമാക്കി സൂക്ഷിച്ചതുനിമിത്തം, ഞങ്ങളുടെ കുടുംബത്തിന്‌ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞു. ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവം നോക്കിനടത്തുന്നതിൽ അവൾ നൽകിയ സഹായം നിമിത്തമാണ്‌ കുടുംബപരവും ആത്മീയവുമായ കാര്യങ്ങൾക്കു കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുംവിധം 32 വർഷം എനിക്ക്‌ അംശകാല ജോലി ചെയ്യുക സാധ്യമായത്‌. കൂടാതെ, കഠിനാധ്വാനത്തിന്റെ മൂല്യം എന്റെ ഭാര്യ കുട്ടികളെ പഠിപ്പിച്ചു. അവൾ എന്റെ പ്രശംസ പൂർണമായും അർഹിക്കുന്നു.” ഇന്ന്‌ ഈ ദമ്പതികൾ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത്‌ സേവിക്കുന്നു.

10 മുതിർന്ന മക്കളുള്ള ഒരു സഹോദരിയെ കുറിച്ച്‌ അവരുടെ ഭർത്താവ്‌ ഇങ്ങനെ എഴുതുന്നു: “ദൈവത്തോടും ആളുകളോടുമുള്ള സൂസന്റെ ആഴമായ സ്‌നേഹവും അവളുടെ സമാനുഭാവവും സത്യസന്ധതയുമാണ്‌ അവളിൽ ഞാൻ ഏറ്റവും അധികമായി വിലമതിക്കുന്ന ഗുണങ്ങൾ. നമുക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ലതുതന്നെ യഹോവ അർഹിക്കുന്നു എന്ന വീക്ഷണം എല്ലായ്‌പോഴും അവൾക്കുണ്ടായിരുന്നിട്ടുണ്ട്‌. ഒരു അമ്മയെന്ന നിലയിലും ദൈവത്തിന്റെ ദാസിയെന്ന നിലയിലും ഈ തത്ത്വം അവൾ തനിക്കുതന്നെ ബാധകമാക്കുന്നു.” തന്റെ ഭാര്യയുടെ പിന്തുണയോടെ, ഈ ഭർത്താവിന്‌ ഒരു മൂപ്പൻ, പയനിയർ, പകര സർക്കിട്ട്‌ മേൽവിചാരകൻ, ആശുപത്രി ഏകോപന സമിതി അംഗം എന്നിങ്ങനെ ക്രിസ്‌തീയ സഭയിലെ നിരവധി സേവന പദവികൾ സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട്‌. ഇത്തരം സ്‌ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്കും സഹക്രിസ്‌ത്യാനികൾക്കും സർവോപരി യഹോവയ്‌ക്കും എത്ര വിലപ്പെട്ടവരാണ്‌!​—⁠സദൃശവാക്യങ്ങൾ 31:28, 30.

ഭർത്താക്കന്മാർ ഇല്ലാത്ത സ്‌ത്രീരത്‌നങ്ങൾ

11. (എ) വിശ്വസ്‌ത സ്‌ത്രീകളുടെ, വിശേഷിച്ചും വിധവമാരുടെ ക്ഷേമത്തിലുള്ള തന്റെ താത്‌പര്യം യഹോവ വെളിപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെ? (ബി) ക്രിസ്‌തീയ വിധവമാർക്കും ഭർത്താക്കന്മാർ ഇല്ലാത്ത മറ്റു വിശ്വസ്‌ത സ്‌ത്രീകൾക്കും എന്തിനെ കുറിച്ച്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും?

11 വിധവമാരുടെ ക്ഷേമത്തിലുള്ള തന്റെ താത്‌പര്യം യഹോവ കൂടെക്കൂടെ പ്രകടിപ്പിച്ചിട്ടുണ്ട്‌. (ആവർത്തനപുസ്‌തകം 27:19; സങ്കീർത്തനം 68:5; യെശയ്യാവു 10:1, 2) അവനു മാറ്റം വന്നിട്ടില്ല. വിധവമാരുടെ മാത്രമല്ല ഏകാകികളായ അമ്മമാരുടെയും അവിവാഹിതരായി തുടരാൻ തീരുമാനിച്ചിട്ടുള്ള അല്ലെങ്കിൽ അനുയോജ്യനായ ഒരു ക്രിസ്‌തീയ ഭർത്താവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സ്‌ത്രീകളുടെയും ക്ഷേമത്തിൽ അവന്‌ ഇപ്പോഴും ആഴമായ താത്‌പര്യമുണ്ട്‌. (മലാഖി 3:6; യാക്കോബ്‌ 1:27) ഒരു ക്രിസ്‌തീയ ഇണയുടെ പിന്തുണ കൂടാതെ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെങ്കിൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ നിങ്ങൾ വിലപ്പെട്ടവളാണ്‌ എന്ന്‌ ഉറപ്പുണ്ടായിരിക്കുക.

12. (എ) ചില ക്രിസ്‌തീയ സ്‌ത്രീകൾ യഹോവയോടുള്ള തങ്ങളുടെ വിശ്വസ്‌തത പ്രകടിപ്പിക്കുന്നത്‌ എങ്ങനെ? (ബി) നമ്മുടെ സഹോദരിമാരിൽ ചിലർ എതുതരം വികാരങ്ങളെ തരണം ചെയ്‌തുകൊണ്ടിരിക്കുന്നു?

12 ദൃഷ്ടാന്തത്തിന്‌, ‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കാനുള്ള യഹോവയുടെ ബുദ്ധിയുപദേശം വിശ്വസ്‌തമായി അനുസരിക്കുന്ന അവിവാഹിതരായ നമ്മുടെ ക്രിസ്‌തീയ സഹോദരിമാരുടെ കാര്യമെടുക്കുക. (1 കൊരിന്ത്യർ 7:39; സദൃശവാക്യങ്ങൾ 3:1) ദൈവവചനം അവർക്ക്‌ ഈ ഉറപ്പു നൽകുന്നു: “വിശ്വസ്‌തനോട്‌ അവിടുന്നു [യഹോവ] വിശ്വസ്‌തത പുലർത്തുന്നു.” (2 ശമൂവേൽ 22:​26, പി.ഒ.സി. ബൈബിൾ) എന്നാൽ അനേകരെയും സംബന്ധിച്ചിടത്തോളം അവിവാഹിതരായി നിലകൊള്ളുക എന്നത്‌ ഒരു വെല്ലുവിളിയാണ്‌. ഒരു സഹോദരി ഇങ്ങനെ പറയുന്നു: “കർത്താവിൽ മാത്രമേ വിവാഹം കഴിക്കൂ എന്ന്‌ ഞാൻ ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ട്‌. പക്ഷേ ഞാൻ അവിവാഹിതയായി തുടരവേ, എന്റെ കൂട്ടുകാരികൾ വളരെ നല്ല ക്രിസ്‌തീയ പുരുഷന്മാരെ വിവാഹം ചെയ്യുന്നതു കണ്ട്‌ ഞാൻ പലപ്പോഴും കരഞ്ഞിട്ടുണ്ട്‌.” മറ്റൊരു സഹോദരി ഇങ്ങനെ പറയുന്നു: “25 വർഷം ഞാൻ യഹോവയെ സേവിച്ചിരിക്കുന്നു. തുടർന്നും അവനോടു വിശ്വസ്‌തയായിരിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. പക്ഷേ, ഏകാന്തത പലപ്പോഴും എന്നെ ദുഃഖത്തിലാഴ്‌ത്തുന്നു.” തുടർന്ന്‌ ആ സഹോദരി ഇങ്ങനെ പറയുന്നു: “എന്നെപ്പോലുള്ള സഹോദരിമാർ പ്രോത്സാഹനത്തിനായി വാഞ്‌ഛിക്കുന്നു.” അത്തരം വിശ്വസ്‌ത സ്‌ത്രീകളെ നമുക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

13. (എ) യിഫ്‌താഹിന്റെ പുത്രിയെ സന്ദർശിച്ചവർ വെച്ച മാതൃകയിൽനിന്ന്‌ നാം എന്തു പഠിക്കുന്നു? (ബി) സഭയിലെ അവിവാഹിത സഹോദരിമാരുടെ ക്ഷേമത്തിൽ കൂടുതലായ മറ്റേതു വിധങ്ങളിൽ നമുക്കു താത്‌പര്യം പ്രകടിപ്പിക്കാൻ കഴിയും?

13 അതിനുള്ള ഒരു വിധം ഒരു പുരാതന ദൃഷ്ടാന്തത്തിൽ കാണാൻ കഴിയും. യിഫ്‌താഹിന്റെ പുത്രി, ഭർത്തൃമതി ആയി ജീവിക്കുന്നതിനുള്ള അവസരം പരിത്യജിച്ചപ്പോൾ അവൾ ഒരു ത്യാഗം ചെയ്യുകയാണ്‌ എന്ന്‌ ആളുകൾ തിരിച്ചറിഞ്ഞു. അവളെ പ്രോത്സാഹിപ്പിക്കാൻ അവർ എന്തു ചെയ്‌തു? “ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്‌താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്‌തീർന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (ന്യായാധിപന്മാർ 11:30-40) സമാനമായി, വിശ്വസ്‌തതയോടെ ദൈവ നിയമം അനുസരിക്കുന്ന അവിവാഹിതരായ സഹോദരിമാരെ നാം ആത്മാർഥമായി അഭിനന്ദിക്കേണ്ടതാണ്‌. * അവരുടെ ക്ഷേമത്തിലുള്ള നമ്മുടെ താത്‌പര്യം പ്രകടമാക്കുന്നതിനുള്ള മറ്റൊരു മാർഗം എന്താണ്‌? പ്രിയപ്പെട്ട അത്തരം വിശ്വസ്‌ത സഹോദരിമാർ തങ്ങളുടെ സേവനത്തിൽ തുടർന്നും നിർമലതയോടെ തുടരാൻ തക്കവണ്ണം അവരെ തുണയ്‌ക്കേണമേ എന്ന്‌ നാം പ്രാർഥനകളിൽ യഹോവയോട്‌ അപേക്ഷിക്കണം. യഹോവയും മുഴു ക്രിസ്‌തീയ സഭയും അവരെ ആർദ്രമായി സ്‌നേഹിക്കുകയും ആഴമായി വിലമതിക്കുകയും ചെയ്യുന്നുണ്ടെന്നുള്ള ഉറപ്പ്‌ അവർ അർഹിക്കുകതന്നെ ചെയ്യുന്നു.​—⁠സങ്കീർത്തനം 37:​28, NW.

ഒറ്റയ്‌ക്കു മക്കളെ വളർത്തേണ്ടിവരുന്ന അമ്മമാർ വിജയിക്കുന്ന വിധം

14, 15. (എ) ഒറ്റയ്‌ക്കു മക്കളെ വളർത്തുന്ന ക്രിസ്‌തീയ അമ്മമാർ യഹോവയുടെ സഹായത്തിനായി അപേക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) അങ്ങനെയുള്ള ഒരാൾക്ക്‌ തന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാം?

14 ഒറ്റയ്‌ക്കു മക്കളെ വളർത്തേണ്ടിവരുന്ന ക്രിസ്‌തീയ സ്‌ത്രീകളും നിരവധി വെല്ലുവിളികൾ നേരിടുന്നു. എന്നിരുന്നാലും, ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ മക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ സഹായത്തിനായി അവർക്കു യഹോവയിലേക്കു തിരിയാൻ കഴിയും. ഒറ്റയ്‌ക്കു മക്കളെ വളർത്തുന്ന ഒരാളാണു നിങ്ങളെങ്കിൽ മാതാവിന്റെയും പിതാവിന്റെയും എല്ലാ കടമകളും തനിയെ നിർവഹിക്കാൻ നിങ്ങൾക്കു സാധിക്കില്ല എന്നതു ശരിയാണ്‌. എങ്കിലും, വിശ്വാസത്തോടെ യഹോവയോട്‌ അപേക്ഷിക്കുന്നെങ്കിൽ നിരവധിയായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ അവൻ നിങ്ങളെ സഹായിക്കും. ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: ഒരു ബഹുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള നിങ്ങളുടെ ഭവനത്തിലേക്ക്‌ ഒരു ചാക്ക്‌ പലചരക്കു സാധനങ്ങൾ നിങ്ങൾക്കു കൊണ്ടുപോകണമെന്നു കരുതുക. കെട്ടിടത്തിൽ ലിഫ്‌റ്റ്‌ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ ചാക്കും ചുമന്നുകൊണ്ട്‌ നിങ്ങൾ കഷ്ടപ്പെട്ട്‌ പടി കയറിപ്പോകുമോ? തീർച്ചയായുമില്ല! സമാനമായി, സഹായത്തിനായി നിങ്ങൾക്ക്‌ യഹോവയോട്‌ അപേക്ഷിക്കാൻ കഴിയും എന്നിരിക്കെ ഭാരിച്ച വൈകാരിക ചുമടുകൾ ഒറ്റയ്‌ക്കു വഹിക്കാൻ ശ്രമിക്കരുത്‌. വാസ്‌തവത്തിൽ, തന്നെ വിളിച്ചപേക്ഷിക്കാൻ അവൻ നിങ്ങളെ ക്ഷണിക്കുന്നു. സങ്കീർത്തനം 68:19 ഇപ്രകാരം പറയുന്നു: “നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു [“യഹോവ,” NW] വാഴ്‌ത്തപ്പെടുമാറാകട്ടെ.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) അതുപോലെ, “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ” നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളാൻ 1 പത്രൊസ്‌ 5:7 നിങ്ങളെ ക്ഷണിക്കുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) അതുകൊണ്ട്‌ പ്രശ്‌നങ്ങളും ഉത്‌കണ്‌ഠകളും നിങ്ങളെ ഭാരപ്പെടുത്തുമ്പോൾ, നിങ്ങളുടെ ഭാരങ്ങൾ സ്വർഗീയ പിതാവിന്മേൽ ഇറക്കിവെക്കുക, അതേ, “ഇടവിടാതെ” അങ്ങനെ ചെയ്യുക.​—⁠1 തെസ്സലൊനീക്യർ 5:17; സങ്കീർത്തനം 18:6; 55:22.

15 ഉദാഹരണത്തിന്‌, നിങ്ങൾ ഒരു അമ്മയാണെങ്കിൽ, സ്‌കൂളിലെ സഹപാഠികൾ നിങ്ങളുടെ കുട്ടികളുടെമേൽ ചെലുത്തിയേക്കാവുന്ന സ്വാധീനത്തെ കുറിച്ചും അവർക്ക്‌ അഭിമുഖീകരിക്കേണ്ടിവന്നേക്കാവുന്ന നിർമലതയുടെ പരിശോധനകൾ സംബന്ധിച്ചും നിങ്ങൾ തീർച്ചയായും ചിന്തയുള്ളവൾ ആയിരിക്കും. (1 കൊരിന്ത്യർ 15:33, NW) ഇവ ഉചിതമായ ചിന്തകൾ തന്നെയാണ്‌. എന്നാൽ അവ പ്രാർഥനയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളുമാണ്‌. കുട്ടികൾ സ്‌കൂളിലേക്കു പുറപ്പെടുന്നതിനുമുമ്പ്‌, ഒരുപക്ഷേ ഒരുമിച്ച്‌ ദിനവാക്യം പരിചിന്തിച്ചതിനു ശേഷം ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്‌ അവരോടൊപ്പം എന്തുകൊണ്ടു പ്രാർഥിച്ചുകൂടാ? കാര്യങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ടുള്ള ഹൃദയംഗമമായ പ്രാർഥനകൾക്ക്‌ കുട്ടികളുടെ മനസ്സിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കാൻ കഴിയും. സർവോപരി, മക്കളുടെ ഹൃദയത്തിൽ യഹോവയുടെ വചനം നട്ടുവളർത്താൻ നിങ്ങൾ ക്ഷമാപൂർവം പരിശ്രമിക്കുമ്പോൾ നിങ്ങൾ യഹോവയുടെ അനുഗ്രഹത്തിനു പാത്രമാവുകയാണ്‌. (ആവർത്തനപുസ്‌തകം 6:6, 7; സദൃശവാക്യങ്ങൾ 22:6) “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു” എന്ന്‌ ഓർക്കുക.​—⁠1 പത്രൊസ്‌ 3:12; ഫിലിപ്പിയർ 4:6, 7.

16, 17. (എ) ഒരു മകൻ തന്റെ അമ്മ പ്രകടമാക്കിയ സ്‌നേഹത്തെ കുറിച്ച്‌ എന്തു പറഞ്ഞു? (ബി) അമ്മയുടെ ആത്മീയ കാഴ്‌ചപ്പാട്‌ മക്കളെ എങ്ങനെ സ്വാധീനിച്ചു?

16 ആറു മക്കളുടെ അമ്മയായ ഒലിവിയയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. ഒടുവിലത്തെ കുട്ടി ജനിച്ചു കഴിഞ്ഞയുടനെ അവളുടെ അവിശ്വാസിയായ ഭർത്താവ്‌ കുടുംബത്തെ ഉപേക്ഷിച്ചു പോയി. എന്നാൽ മക്കളെ ദൈവത്തിന്റെ വഴികളിൽ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം അവൾ ഉടൻതന്നെ ഏറ്റെടുത്തു. ഒലിവിയയുടെ പുത്രനായ, ഇപ്പോൾ 31 വയസ്സുള്ള, ഒരു ക്രിസ്‌തീയ മൂപ്പനും പയനിയറും ആയി സേവിക്കുന്ന, ഡാരെന്‌ അന്ന്‌ ഏതാണ്ട്‌ 5 വയസ്സായിരുന്നു പ്രായം. ഒലിവിയയുടെ ആകുലതകൾ വർധിപ്പിച്ചുകൊണ്ട്‌, ഡാരെനു ഗുരുതരമായ ആരോഗ്യ പ്രശ്‌നം നേരിട്ടു. ഇന്നും ഡാരെൻ അതിന്റെ പിടിയിൽനിന്നു മോചിതനായിട്ടില്ല. തന്റെ കുട്ടിക്കാലത്തെ കുറിച്ച്‌ ഡാരെൻ ഇങ്ങനെ എഴുതുന്നു: “മമ്മി വരുന്നതും കാത്ത്‌ ആശുപത്രി കിടക്കയിൽ എഴുന്നേറ്റിരിക്കുന്നത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു. മമ്മി എന്റെ അരികിൽ ഇരുന്ന്‌ എന്നും ബൈബിൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. എന്നിട്ട്‌, ‘യഹോവെ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു’ എന്ന രാജ്യഗീതം മമ്മി പാടും. * ഇന്നും എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള രാജ്യഗീതം അതാണ്‌.”

17 യഹോവയിലുള്ള ആശ്രയവും അവനോടുള്ള സ്‌നേഹവും, ഒറ്റയ്‌ക്കു മക്കളെ വിജയകരമായി വളർത്താൻ ഒലിവിയയെ സഹായിച്ചു. (സദൃശവാക്യങ്ങൾ 3:5, 6) അവൾ തന്റെ മക്കളുടെ മുമ്പിൽ വെച്ച ലക്ഷ്യങ്ങളിൽ അവൾക്കുണ്ടായിരുന്ന നല്ല മനോഭാവം പ്രതിഫലിച്ചു. “മുഴുസമയ ശുശ്രൂഷ ലക്ഷ്യമാക്കാൻ മമ്മി എല്ലായ്‌പോഴും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു” എന്ന്‌ ഡാരെൻ പറയുന്നു. “തത്‌ഫലമായി ഞാനും നാലു പെങ്ങന്മാരും മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു. എങ്കിലും ഇക്കാര്യങ്ങളെ കുറിച്ച്‌ മമ്മി ഒരിക്കലും മറ്റുള്ളവരോട്‌ പൊങ്ങച്ചം പറഞ്ഞിട്ടില്ല. മമ്മിയുടെ ഉത്തമ ഗുണങ്ങൾ പകർത്താൻ ഞാൻ പരിശ്രമിക്കുന്നു.” വളർന്നു വരുമ്പോൾ എല്ലാവരും ഒലിവിയയുടെ മക്കളെപ്പോലെ ദൈവദാസർ ആയിത്തീരുന്നില്ല എന്നതു ശരിയാണ്‌. എന്നാൽ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ഒരു അമ്മ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമ്പോൾ, യഹോവയുടെ നടത്തിപ്പും സ്‌നേഹപൂർവകമായ പിന്തുണയും സംബന്ധിച്ച്‌ അവൾക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌.​—⁠സങ്കീർത്തനം 32:8.

18. ക്രിസ്‌തീയ സഭ എന്ന യഹോവയുടെ കരുതലിനെ വിലമതിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

18 ദൈവത്തിന്റെ പിന്തുണയുടെ ഏറിയപങ്കും ക്രിസ്‌തീയ സഭയിലൂടെയാണ്‌ ലഭ്യമാകുന്നത്‌. ക്രമമായ ആത്മീയ പോഷണ പരിപാടി, ക്രിസ്‌തീയ സാഹോദര്യം, സഭയിലെ ആത്മീയ പക്വതയുള്ള ‘മനുഷ്യരാം ദാനങ്ങൾ’ എന്നിവയെല്ലാം അതിന്റെ ഭാഗമാണ്‌. (എഫെസ്യർ 4:​8, NW) ‘അനാഥർക്കും വിധവമാർക്കും അവരുടെ സങ്കടത്തിൽ’ ആവശ്യമായ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്‌, മുഴുസഭയെയും കെട്ടുപണി ചെയ്യാൻ വിശ്വസ്‌തരായ മൂപ്പന്മാർ കഠിനാധ്വാനം ചെയ്യുന്നു. (യാക്കോബ്‌ 1:27) അതുകൊണ്ട്‌, ഒരിക്കലും നിങ്ങളെത്തന്നെ ഒറ്റപ്പെടുത്താതെ, ദൈവജനത്തോടു പറ്റിനിൽക്കുക.​—⁠സദൃശവാക്യങ്ങൾ 18:1; റോമർ 14:7.

കീഴ്‌പെടൽ മനോഭാവത്തിന്റെ സൗന്ദര്യം

19. ഭർത്താവിനു കീഴ്‌പെട്ടിരിക്കുന്നത്‌ സ്‌ത്രീയുടെ വില കുറയ്‌ക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌, ഏതു ബൈബിൾ ദൃഷ്ടാന്തം ഇതിനെ പിന്താങ്ങുന്നു?

19 പുരുഷന്‌ ഒരു പൂരകം എന്ന നിലയിലാണ്‌ യഹോവ സ്‌ത്രീയെ സൃഷ്ടിച്ചത്‌. (ഉല്‌പത്തി 2:​18, NW) തന്നിമിത്തം, ഭർത്താവിനോടുള്ള ഭാര്യയുടെ കീഴ്‌പെടൽ സ്‌ത്രീ വില കുറഞ്ഞവളാണെന്ന്‌ യാതൊരു പ്രകാരത്തിലും സൂചിപ്പിക്കുന്നില്ല. മറിച്ച്‌, ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ തന്റെ കഴിവുകളും പ്രാപ്‌തികളും ഉപയോഗിക്കാൻ സ്‌ത്രീയെ അനുവദിച്ചുകൊണ്ട്‌ അത്‌ സ്‌ത്രീയുടെ അന്തസ്സ്‌ ഉയർത്തുന്നതേയുള്ളൂ. പുരാതന ഇസ്രായേലിലെ സാമർഥ്യമുള്ള ഒരു ഭാര്യയുടെ വിപുലമായ പ്രവർത്തന മണ്ഡലത്തിന്റെ ചിത്രം സദൃശവാക്യങ്ങൾ 31-ാം അധ്യായം വരച്ചുകാട്ടുന്നു. അവൾ ദരിദ്രരെ സഹായിച്ചു, മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിച്ചു, നിലങ്ങൾ വാങ്ങി. അതേ, ‘ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിച്ചു; അവന്റെ ലാഭത്തിന്നു ഒരു കുറവും’ വന്നില്ല.​—⁠11, 16, 20 വാക്യങ്ങൾ.

20. (എ) ഒരു ക്രിസ്‌തീയ സ്‌ത്രീ തന്റെ ദൈവദത്ത കഴിവുകളെ അഥവാ പ്രാപ്‌തികളെ എങ്ങനെ വീക്ഷിക്കണം? (ബി) എസ്ഥേർ ഏതു നല്ല ഗുണങ്ങൾ പ്രകടിപ്പിച്ചു, അതിന്റെ ഫലമായി യഹോവയ്‌ക്ക്‌ അവളെ എങ്ങനെ ഉപയോഗിക്കാൻ കഴിഞ്ഞു?

20 എളിമയും ദൈവഭയവുമുള്ള ഒരു സ്‌ത്രീ അതിമോഹത്തോടെ തന്നെത്തന്നെ ഉയർത്തുകയോ ഭർത്താവിനോട്‌ ഒരു കിടമത്സരത്തിനു മുതിരുകയോ ചെയ്യുന്നില്ല. (സദൃശവാക്യങ്ങൾ 16:18) മുഖ്യമായും ലൗകിക അനുധാവനങ്ങളിലൂടെ ആത്മസംതൃപ്‌തിക്കായി പരക്കം പായുന്നതിനു പകരം, അവൾ തന്റെ ദൈവദത്ത പ്രാപ്‌തികൾ പ്രധാനമായും മറ്റുള്ളവരെ​—⁠കുടുംബത്തെയും, സഹ ക്രിസ്‌ത്യാനികളെയും, അയൽക്കാരെയും, സർവോപരി യഹോവയെയും​—⁠സേവിക്കുന്നതിനായി ഉപയോഗിക്കുന്നു. (ഗലാത്യർ 6:10; തീത്തൊസ്‌ 2:3-5) ബൈബിളിൽ പരാമർശിച്ചിരിക്കുന്ന എസ്ഥേർ രാജ്ഞിയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. ശാരീരിക സൗന്ദര്യം ഉണ്ടായിരുന്നെങ്കിലും എളിമയും കീഴ്‌പെടൽ മനോഭാവവും അവൾ പ്രകടമാക്കി. (എസ്ഥേർ 2:​13, 15) വിവാഹിത ആയപ്പോൾ, മുൻ രാജ്ഞിയായിരുന്ന വസ്ഥിയിൽനിന്നു വ്യത്യസ്‌തമായി ഭർത്താവായ അഹശ്വേരോശ്‌ രാജാവിനോട്‌ അവൾ ആഴമായ ബഹുമാനം പ്രകടമാക്കി. (എസ്ഥേർ 1:10-12; 2:16, 17) രാജ്ഞി ആയതിനുശേഷംപോലും ഉചിതമായ കാര്യങ്ങളിൽ തന്റെ പിതാവിന്റെ സഹോദര പുത്രനും തന്നെക്കാൾ ഏറെ പ്രായമുണ്ടായിരുന്നവനുമായ മൊർദ്ദെഖായിയുടെ അഭിപ്രായം എസ്ഥേർ ആദരവോടെ സ്വീകരിച്ചു. എന്നാൽ അവൾ ദുർബലയായിരുന്നില്ല! യഹൂദന്മാരെ വകവരുത്താൻ കരുക്കൾ നീക്കിയ ശക്തനും നീചനുമായ ഹാമാനെ അവൾ ധീരതയോടെ തുറന്നു കാട്ടി. തന്റെ ജനത്തിന്റെ സംരക്ഷണത്തിനായി യഹോവ വലിയൊരു വിധത്തിൽ എസ്ഥേറിനെ ഉപയോഗിച്ചു.​—⁠എസ്ഥേർ 3:8-4:17; 7:1-10; 9:13.

21. ഒരു ക്രിസ്‌തീയ സ്‌ത്രീ യഹോവയുടെ ദൃഷ്ടിയിൽ എങ്ങനെ പൂർവാധികം വിലപ്പെട്ടവൾ ആയിത്തീർന്നേക്കാം?

21 വ്യക്തമായും, പുരാതന നാളുകളിലും ഇന്നും ദൈവഭക്തരായ സ്‌ത്രീകൾ യഹോവയ്‌ക്ക്‌ അനന്യഭക്തി നൽകിക്കൊണ്ട്‌ അവന്റെ ആരാധനയോടു വിശ്വസ്‌തരായി പറ്റിനിന്നിട്ടുണ്ട്‌. അതുകൊണ്ട്‌, ദൈവഭയമുള്ള സ്‌ത്രീകൾ യഹോവയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണ്‌. ക്രിസ്‌തീയ സഹോദരിമാരേ, “നല്ലവേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന” പൂർവാധികം അഭികാമ്യമായ “മാനപാത്ര”മായി പരിശുദ്ധാത്മാവു മുഖാന്തരം നിങ്ങളെ രൂപപ്പെടുത്താൻ യഹോവയെ അനുവദിക്കുക. (2 തിമൊഥെയൊസ്‌ 2:21; റോമർ 12:2) വിലപ്പെട്ട അത്തരം ആരാധകരെ കുറിച്ച്‌ ദൈവവചനം ഇപ്രകാരം പറയുന്നു: “അവളുടെ കൈകളുടെ ഫലം അവൾക്കുകൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്‌ക്കൽ അവളെ പ്രശംസിക്കട്ടെ.” (സദൃശവാക്യങ്ങൾ 31:31) നിങ്ങളെ ഓരോരുത്തരെയും സംബന്ധിച്ച്‌ അത്‌ സത്യമായിരിക്കട്ടെ.

[അടിക്കുറിപ്പുകൾ]

^ ഖ. 13 അത്തരം അഭിനന്ദനം എങ്ങനെ നൽകാം എന്നതിനെ കുറിച്ച്‌ അറിയുന്നതിന്‌, 2002 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-8 പേജുകൾ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌തീയ സ്‌ത്രീകൾ യഹോവയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവരെന്ന്‌ തെളിഞ്ഞത്‌ എങ്ങനെ?

• നമ്മുടെ നാളിൽ അനേകം സഹോദരിമാർ തങ്ങളെത്തന്നെ ദൈവത്തിന്‌ വിലപ്പെട്ടവരാക്കിയിരിക്കുന്നത്‌ എങ്ങനെ?

• ഒറ്റയ്‌ക്കു കുട്ടികളെ വളർത്തേണ്ടി വരുന്ന അമ്മമാരെയും ഭർത്താക്കന്മാരില്ലാത്ത മറ്റു സഹോദരിമാരെയും യഹോവ ഏതു വിധങ്ങളിൽ താങ്ങുന്നു?

• ഒരു സ്‌ത്രീക്ക്‌ ശിരഃസ്ഥാന ക്രമീകരണത്തോട്‌ എങ്ങനെ ഹൃദയംഗമമായ ആദരവ്‌ കാണിക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[17 -ാം പേജിലെ ചതുരം]

ധ്യാനിക്കാനുള്ള മാതൃകകൾ

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന വിശ്വസ്‌ത സ്‌ത്രീകളുടെ കൂടുതലായ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, താഴെ നൽകിയിരിക്കുന്ന തിരുവെഴുത്തുകൾ ദയവായി വായിക്കുക. പട്ടികപ്പെടുത്തിയിരിക്കുന്ന വ്യക്തികളെ കുറിച്ച്‌ ധ്യാനിക്കവേ, ജീവിതത്തിൽ നിങ്ങൾക്കു കൂടുതലായി ബാധകമാക്കാൻ കഴിഞ്ഞേക്കാവുന്ന തത്ത്വങ്ങൾ വിവേചിക്കാൻ ശ്രമിക്കുക.​—⁠റോമർ 15:4.

സാറാ: ഉല്‌പത്തി 12:​1, 5; 21:​9-12; എബ്രായർ 11:9; 1 പത്രൊസ്‌ 3:5, 6.

ഉദാരമതികളായ ഇസ്രായേല്യ സ്‌ത്രീകൾ: പുറപ്പാടു 35:5, 22, 25, 26; 36:3-7; ലൂക്കൊസ്‌ 21:1-4.

ദെബോരാ: ന്യായാധിപന്മാർ 4:1-5:31.

രൂത്ത്‌: രൂത്ത്‌ 1:4, 5, 16, 17; 2:2, 3, 11-13; 4:15.

ശൂനേമിലെ സ്‌ത്രീ: 2 രാജാക്കന്മാർ 4:8-37.

ഫൊയ്‌നിക്യക്കാരി സ്‌ത്രീ: മത്തായി 15:22-28, NW.

മാർത്തായും മറിയയും: മർക്കൊസ്‌ 14:3-9; ലൂക്കൊസ്‌ 10:38-42; യോഹന്നാൻ 11:17-29; 12:1-8.

തബീഥാ: പ്രവൃത്തികൾ 9:36-41.

ഫിലിപ്പൊസിന്റെ നാലു പുത്രിമാർ: പ്രവൃത്തികൾ 21:9.

ഫേബ: റോമർ 16:1, 2.

[15 -ാം പേജിലെ ചിത്രം]

വിശ്വസ്‌തതയോടെ ദൈവനിയമം അനുസ രിക്കുന്ന അവിവാഹിതരായ സഹോദരി മാരെ നിങ്ങൾ അഭിനന്ദിക്കുന്നുവോ?

[16 -ാം പേജിലെ ചിത്രം]

കുട്ടികൾ സ്‌കൂളിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ പ്രാർഥനയിൽ ഏതു പ്രത്യേക അപേക്ഷകൾ ഉൾപ്പെടുത്താൻ കഴിയും?