കുറ്റകൃത്യങ്ങളില്ലാത്ത ഒരു ലോകം മുന്നിൽ
കുറ്റകൃത്യങ്ങളില്ലാത്ത ഒരു ലോകം മുന്നിൽ
കുറ്റവാളികൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് സാധ്യമെങ്കിൽ സങ്കൽപ്പിക്കുക! പോലീസിന്റെയോ ജയിലുകളുടെയോ ചെലവേറിയതും സങ്കീർണവുമായ കുറ്റകൃത്യ-വ്യവഹാര സംവിധാനങ്ങളുടെയോ ആവശ്യം അവിടെ ഉണ്ടായിരിക്കുകയില്ല. ഓരോരുത്തരും മറ്റുള്ളവരുടെ ജീവനെയും വസ്‌തുവകകളെയും ആദരിക്കുന്ന ഒരു ലോകമായിരിക്കും അത്. അങ്ങനെയൊന്ന് അസാധ്യമാണെന്നു തോന്നുന്നുണ്ടോ? നിങ്ങൾ അപ്രകാരം ചിന്തിച്ചേക്കാം. എന്നാൽ വിസ്‌മയാവഹമായ ഈ നല്ല മാറ്റം വരുമെന്നു തന്നെയാണ് ബൈബിൾ വാഗ്‌ദാനം ചെയ്യുന്നത്. ഈ ഭൂമിയിലെ കുറ്റകൃത്യത്തെയും മറ്റു തിന്മകളെയും കുറിച്ച് തിരുവെഴുത്തുകൾ മുൻകൂട്ടി പറയുന്നത് എന്തെന്ന് എന്തുകൊണ്ട് പരിചിന്തിച്ചുകൂടാ?
സങ്കീർത്തന പുസ്‌തകത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു. അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:1, 2, 11) ഈ വാഗ്‌ദാനവും പ്രോത്സാഹജനകമായ മറ്റെല്ലാ വാഗ്‌ദാനങ്ങളും നിവർത്തിക്കുന്നതിൽനിന്ന് ദൈവത്തെ തടയാൻ വാസ്‌തവത്തിൽ ആർക്കും കഴിയില്ല.
തന്റെ രാജ്യം മുഖാന്തരമാണ് ദൈവം ഈ അനുഗ്രഹങ്ങൾ കൊണ്ടുവരുന്നത്. കർത്താവിന്റെ പ്രാർഥനയിൽ യേശുക്രിസ്‌തു, ദൈവത്തിന്റെ രാജ്യം വരാനും അവന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” ചെയ്യപ്പെടാനും വേണ്ടി പ്രാർഥിക്കാൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9, 10) പെട്ടെന്നുതന്നെ ആ രാജ്യം ഭൂമിയുടെമേൽ ഭരണം തുടങ്ങും. അപ്പോൾ ഭൂമിയിൽ ആരുംതന്നെ, ദാരിദ്ര്യമോ അടിച്ചമർത്തലോ സ്വാർഥതയോ നിമിത്തം കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കപ്പെടുകയില്ല, നേരെ മറിച്ച്, ദൈവവചനം പ്രസ്‌താവിക്കുന്ന പ്രകാരം “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) യഥാർഥത്തിൽ, ഭൂമിയിൽ എല്ലാവർക്കും വേണ്ടി യഹോവയാം ദൈവം നല്ല കാര്യങ്ങളുടെ ഒരു അനന്ത ശേഖരംതന്നെ പ്രദാനംചെയ്യും. അതിലും പ്രധാനമായി, മാനവസമൂഹം ദൈവത്തോടും അയൽക്കാരനോടുമുള്ള സ്‌നേഹത്തിൽ അധിഷ്‌ഠിതമായിരിക്കും. മേലാൽ ഒരിക്കലും കുറ്റകൃത്യം ലോകത്തിന്റെ സമാധാനം കെടുത്തുകയില്ല.