വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവവചനം ശരിയായി കൈകാര്യം ചെയ്യുവിൻ’

‘ദൈവവചനം ശരിയായി കൈകാര്യം ചെയ്യുവിൻ’

‘ദൈവവചനം ശരിയായി കൈകാര്യം ചെയ്യുവിൻ’

“സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്‌തുകൊണ്ട്‌ ഒന്നിനെക്കുറിച്ചും ലജ്ജിക്കാൻ വകയില്ലാത്ത ഒരു വേലക്കാരനായി, ദൈവത്തിന്‌ അംഗീകാരമുള്ളവനായി സ്വയം അർപ്പിക്കാൻ നിന്റെ പരമാവധി പ്രവർത്തിക്കുക.”​—⁠2 തിമൊഥെയൊസ്‌ 2:​15, NW.

1, 2. (എ) പണിക്കാർക്ക്‌ ഉപകരണങ്ങൾ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ക്രിസ്‌ത്യാനികൾ ഏതു വേലയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌, മുമ്പേ രാജ്യം അന്വേഷിക്കുന്നുവെന്ന്‌ അവർ എങ്ങനെ പ്രകടമാക്കുന്നു?

പണിക്കാർക്കു വേല ചെയ്യാൻ ഉപകരണങ്ങൾ ആവശ്യമാണ്‌. എന്തെങ്കിലുമൊക്കെ ഉപകരണങ്ങൾ ഉണ്ടായിട്ടു കാര്യമില്ല. ഓരോ വേലയ്‌ക്കും അതതിനു യോജിച്ച ഉപകരണംതന്നെ വേണം. പണിക്കാരൻ അത്‌ ശരിയായ വിധത്തിൽ ഉപയോഗിക്കുകയും ചെയ്യണം. ഉദാഹരണത്തിന്‌, നിങ്ങൾ ഒരു ഷെഡ്‌ കെട്ടാനുള്ള ശ്രമത്തിൽ ആണെന്നിരിക്കട്ടെ. പലകകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന്‌ ചുറ്റികയും ആണികളും മാത്രം ഉണ്ടായാൽ പോരാ. ആണി വളഞ്ഞു പോകാതെ പലകയിൽ തറയ്‌ക്കാൻ നിങ്ങൾക്ക്‌ അറിയാമായിരിക്കണം. ചുറ്റിക എങ്ങനെ ഉപയോഗിക്കണമെന്ന്‌ അറിയാതെ ആണി അടിച്ചു കയറ്റാൻ ശ്രമിച്ചാൽ വിഷമിച്ചു പോകുകയേയുള്ളൂ, ഒടുവിൽ ശ്രമം ഉപേക്ഷിച്ചു പോയെന്നും വരാം. എന്നാൽ പണിയായുധങ്ങൾ വേണ്ടവിധം ഉപയോഗിച്ചാൽ തൃപ്‌തികരമായ വിധത്തിൽ പണി ചെയ്‌തുതീർക്കാനാവും.

2 ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമുക്ക്‌ ഒരു വേല ചെയ്യാനുണ്ട്‌. അത്‌ അതിപ്രധാനമായ ഒരു വേലയാണ്‌. ‘മുമ്പെ രാജ്യം അന്വേഷിപ്പിൻ’ എന്ന്‌ യേശുക്രിസ്‌തു തന്റെ അനുഗാമികളെ ഉദ്‌ബോധിപ്പിച്ചു. (മത്തായി 6:33) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ തീക്ഷ്‌ണതയുള്ളവർ ആയിരിക്കുക എന്നതാണ്‌ ഒരു മാർഗം. മറ്റൊന്ന്‌, നമ്മുടെ ശുശ്രൂഷയെ ദൈവവചനത്തിൽ ദൃഢമായി വേരൂന്നിയതാക്കുകയാണ്‌. നല്ല നടത്ത ഉള്ളവരായിരിക്കുക എന്നതാണ്‌ മൂന്നാമത്തെ വിധം. (മത്തായി 24:14; 28:19, 20; പ്രവൃത്തികൾ 8:25; 1 പത്രൊസ്‌ 2:12) ഈ ക്രിസ്‌തീയ നിയോഗത്തിൽ ഫലപ്രദരും സന്തുഷ്ടരും ആയിരിക്കുന്നതിന്‌, അനുയോജ്യമായ ഉപകരണങ്ങളും അവ ഉചിതമായി ഉപയോഗിക്കേണ്ടത്‌ എങ്ങനെ എന്നതു സംബന്ധിച്ച പരിജ്ഞാനവും നമുക്ക്‌ ആവശ്യമാണ്‌. ഒരു ക്രിസ്‌തീയ വേലക്കാരൻ എന്ന നിലയിൽ അപ്പൊസ്‌തലനായ പൗലൊസ്‌ ഇക്കാര്യത്തിൽ ഒരു മികച്ച മാതൃക വെക്കുകയുണ്ടായി. തന്നെ അനുകരിക്കാൻ അവൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. (1 കൊരിന്ത്യർ 11:1; 15:10) അങ്ങനെയെങ്കിൽ, നമ്മുടെ കൂട്ടുവേലക്കാരനായ പൗലൊസിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

പൗലൊസ്‌​—⁠ഒരു തീക്ഷ്‌ണ രാജ്യഘോഷകൻ

3. അപ്പൊസ്‌തലനായ പൗലൊസ്‌ തീക്ഷ്‌ണതയുള്ള ഒരു രാജ്യവേലക്കാരൻ ആയിരുന്നു എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

3 പൗലൊസ്‌ എങ്ങനെയുള്ള ഒരു വേലക്കാരൻ ആയിരുന്നു? അവൻ തീർച്ചയായും തീക്ഷ്‌ണതയുള്ളവൻ ആയിരുന്നു. മധ്യധരണ്യാഴിക്കു ചുറ്റുമുള്ള വിശാലമായ പ്രദേശത്ത്‌ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ പൗലൊസ്‌ കഠിനാധ്വാനം ചെയ്‌തു. താൻ ഉത്സാഹത്തോടെ രാജ്യഘോഷണത്തിൽ ഏർപ്പെടുന്നതിന്റെ ഒരു കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അശ്രാന്ത പരിശ്രമിയായ ഈ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” (1 കൊരിന്ത്യർ 9:16) തന്റെ മാത്രം ജീവൻ രക്ഷിക്കുന്നതിലായിരുന്നോ പൗലൊസിന്റെ താത്‌പര്യം? ആയിരുന്നില്ല. അവൻ സ്വാർഥനായ ഒരു വ്യക്തി അല്ലായിരുന്നു. മറിച്ച്‌, സുവിശേഷത്തിൽനിന്നു മറ്റുള്ളവരും പ്രയോജനം നേടണമെന്ന്‌ അവൻ ആഗ്രഹിച്ചു. അവൻ ഇങ്ങനെ എഴുതി: “സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു [“മറ്റുള്ളവരോടൊപ്പം ഒരു പങ്കാളിയാകേണ്ടതിന്‌, NW”] ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.”​—⁠1 കൊരിന്ത്യർ 9:23.

4. ക്രിസ്‌തീയ വേലക്കാർ ഏറ്റവും വിലമതിക്കുന്ന ഉപക രണം ഏത്‌?

4 സ്വന്തം കഴിവുകളിൽ മാത്രം ആശ്രയിച്ചു പ്രവർത്തിക്കാൻ തനിക്കു സാധിക്കുകയില്ല എന്നു തിരിച്ചറിഞ്ഞ വിനീതനായ ഒരു വേലക്കാരനായിരുന്നു അപ്പൊസ്‌തലനായ പൗലൊസ്‌. ആശാരിക്ക്‌ കൊട്ടുവടി ആവശ്യമായിരിക്കുന്നതുപോലെതന്നെ, തന്റെ ശ്രോതാക്കളുടെ ഹൃദയത്തിൽ ദൈവിക സത്യം ഉൾനടാൻ അവനു ശരിയായ ഉപകരണം ആവശ്യമായിരുന്നു. ഏത്‌ ഉപകരണമാണ്‌ അവൻ പ്രധാനമായും ഉപയോഗിച്ചത്‌? അത്‌ ദൈവവചനം, അതായത്‌ വിശുദ്ധ തിരുവെഴുത്തുകൾ ആയിരുന്നു. സമാനമായി, ശിഷ്യരെ ഉളവാക്കാൻ നാം ഉപയോഗിക്കുന്ന മുഖ്യ ഉപകരണം ബൈബിളാണ്‌.

5. ഫലപ്രദരായ ശുശ്രൂഷകർ ആയിരിക്കുന്നതിന്‌ നാം തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നതിനു പുറമേ മറ്റെന്തുകൂടെ ചെയ്യണം?

5 ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നതിൽ, തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു എന്ന്‌ പൗലൊസിന്‌ അറിയാമായിരുന്നു. അവൻ ‘‘പ്രേരണാശക്തി’ പ്രയോഗിച്ചു അഥവാ ശ്രോതാക്കളെ സമ്മതിപ്പിക്കുംവിധം സംസാരിച്ചു. (പ്രവൃത്തികൾ 28:23, NW) എങ്ങനെ? ദൈവത്തിന്റെ ലിഖിത വചനം വിജയകരമായി ഉപയോഗിച്ചുകൊണ്ട്‌ രാജ്യസത്യം സ്വീകരിക്കാൻ തക്കവണ്ണം പൗലൊസ്‌ അനേകരെ ബോധ്യപ്പെടുത്തി. അവൻ അവരുമായി ന്യായവാദം ചെയ്‌തു. പൗലൊസ്‌ എഫെസൊസിലെ ഒരു സിനഗോഗിൽ “ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.” “ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ” പോയെങ്കിലും മറ്റുള്ളവർ ശ്രദ്ധിച്ചു. പൗലൊസിന്റെ എഫെസൊസിലെ ശുശ്രൂഷയുടെ ഫലമായി “കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.”—പ്രവൃത്തികൾ 19:8, 9, 20.

6, 7. പൗലൊസ്‌ തന്റെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തിയത്‌ എങ്ങനെ, നമുക്ക്‌ അത്‌ എങ്ങനെ സാധിക്കും?

6 ഒരു തീക്ഷ്‌ണ രാജ്യഘോഷകൻ എന്ന നിലയിൽ പൗലൊസ്‌ ‘തന്റെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തി.’ (റോമർ 11:13, NW) എങ്ങനെ? അവൻ തന്റെ ശുശ്രൂഷയെ അത്യുത്‌കൃഷ്ടമായ ഒരു പദവിയായി വീക്ഷിച്ചു. തനിക്കുതന്നെ പേരുംപെരുമയും ഉണ്ടാക്കാൻ അവൻ ആഗ്രഹിച്ചില്ല; ദൈവത്തിന്റെ ഒരു കൂട്ടുവേലക്കാരൻ എന്ന നിലയിൽ പരസ്യമായി അറിയപ്പെടുന്നതിൽ അവൻ ലജ്ജിച്ചുമില്ല. കൂടാതെ, പൗലൊസ്‌ പ്രാഗത്ഭ്യത്തോടെ, ഫലപ്രദമായി ദൈവവചനം കൈകാര്യംചെയ്‌തു. അവന്റെ ഫലകരമായ പ്രവർത്തനം മറ്റുള്ളവർക്ക്‌ ഒരു പ്രോത്സാഹനമായിരുന്നു. തങ്ങളുടെ ശുശ്രൂഷ ഏറെ നന്നായി നിവർത്തിക്കാൻ അത്‌ അവരെ പ്രചോദിപ്പിച്ചു. അങ്ങനെയും അവന്റെ ശുശ്രൂഷ മഹത്ത്വപ്പെട്ടു.

7 പൗലൊസിനെ പോലെ, ദൈവവചനം കൂടെക്കൂടെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട്‌ നമുക്കും ശുശ്രൂഷകരെന്ന നിലയിലുള്ള നമ്മുടെ വേലയെ മഹത്ത്വപ്പെടുത്താൻ സാധിക്കും. ദൈവവചനത്തിൽ നിന്നുള്ള ഏതെങ്കിലും ആശയം സാധ്യമാകുന്നത്ര ആളുകളുമായി പങ്കുവെക്കുക എന്നതായിരിക്കണം വയൽശുശ്രൂഷയുടെ എല്ലാ മണ്ഡലങ്ങളിലും നമ്മുടെ ലക്ഷ്യം. നമുക്ക്‌ ഇത്‌ പ്രേരണാത്മകമായ വിധത്തിൽ എങ്ങനെ ചെയ്യാൻ കഴിയും? മൂന്നു സുപ്രധാന വിധങ്ങൾ പരിചിന്തിക്കുക: (1) ദൈവവചനത്തോട്‌ ആദരവ്‌ ഉളവാക്കുംവിധം അതിലേക്കു ശ്രദ്ധ ആകർഷിക്കുക. (2) ബൈബിൾ എന്തു പറയുന്നുവെന്നും ചർച്ചചെയ്‌തു വരുന്ന ആശയവുമായി അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നയപൂർവം വിശദീകരിച്ചുകൊടുക്കുക. (3) ബോധ്യം വരുത്തുന്ന വിധത്തിൽ തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുക.

8. രാജ്യപ്രസംഗ വേലയിൽ നമ്മെ സഹായിക്കുന്ന ഏത്‌ ഉപകരണങ്ങൾ ഇന്നു ലഭ്യമാണ്‌, നിങ്ങൾ അവ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?

8 പൗലൊസിനു തന്റെ ശുശ്രൂഷക്കാലത്ത്‌ ലഭ്യമല്ലാതിരുന്ന ഉപകരണങ്ങൾ ഇന്നത്തെ രാജ്യഘോഷകർക്കു ലഭ്യമാണ്‌. ഇതിൽ പുസ്‌തകങ്ങൾ, മാസികകൾ, ലഘുപത്രികകൾ, നോട്ടീസുകൾ, ലഘുലേഖകൾ, ഓഡിയോ-വീഡിയോ റെക്കോർഡിങ്ങുകൾ എന്നിവ ഉൾപ്പെടുന്നു. സാക്ഷ്യ കാർഡുകൾ, ഗ്രാമഫോണുകൾ, ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങൾ, റേഡിയോ പ്രക്ഷേപണങ്ങൾ എന്നിവ കഴിഞ്ഞ നൂറ്റാണ്ടിൽ ഉപയോഗപ്പെടുത്തിയിരുന്നു. തീർച്ചയായും നമ്മുടെ ഏറ്റവും മികച്ച ഉപകരണം ബൈബിളാണ്‌. ഒഴിച്ചുകൂടാനാവാത്ത ഈ ഉപകരണത്തെ നാം ഉചിതമായി പ്രയോജനപ്പെടുത്തണം.

നമ്മുടെ ശുശ്രൂഷ ദൈവവചനത്തിൽ വേരൂന്നിയതായിരിക്കണം

9, 10. ദൈവവചനം ഉപയോഗിക്കുന്നതു സംബന്ധിച്ച്‌, തിമൊഥെയൊസിനുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

9 ദൈവവചനത്തെ ഫലപ്രദമായ ഒരു ഉപകരണമായി നമുക്ക്‌ എങ്ങനെ ഉപയോഗിക്കാൻ കഴിയും? തന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസിനോടുള്ള പൗലൊസിന്റെ ഈ വാക്കുകൾക്കു ചെവി കൊടുക്കുന്നതിനാൽ നമുക്ക്‌ അതിനു കഴിയും: “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്‌തുകൊണ്ട്‌ ഒന്നിനെക്കുറിച്ചും ലജ്ജിക്കാൻ വകയില്ലാത്ത ഒരു വേലക്കാരനായി, ദൈവത്തിന്‌ അംഗീകാരമുള്ളവനായി സ്വയം അർപ്പിക്കാൻ നിന്റെ പരമാവധി പ്രവർത്തിക്കുക.” (2 തിമൊഥെയൊസ്‌ 2:15, NW) ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യുന്നതിൽ’ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

10 ‘ശരിയായി കൈകാര്യം ചെയ്യുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “നേരേ മുറിക്കുക” അല്ലെങ്കിൽ “നേർരേഖയിൽ വഴിവെട്ടുക” എന്നാണ്‌. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, തിമൊഥെയൊസിനുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിൽ മാത്രമാണ്‌ ആ പദപ്രയോഗം ഉപയോഗിച്ചിട്ടുള്ളത്‌. വയലിൽ, നേർരേഖയിൽ ഉഴവുചാൽ കീറുന്നതിനെ കുറിച്ചു വർണിക്കാനും ഇതേ പ്രയോഗംതന്നെ ഉപയോഗിക്കാൻ കഴിയും. ഉഴുന്നത്‌ വളഞ്ഞുപുളഞ്ഞു പോയാൽ അത്‌ പരിചയസമ്പന്നനായ ഒരു കർഷകന്‌ തീർച്ചയായും ലജ്ജയ്‌ക്കു കാരണമായിത്തീരും. “ലജ്ജിക്കാൻ വകയില്ലാത്ത ഒരു വേലക്കാരനായി”രിക്കുന്നതിന്‌ ദൈവവചനത്തിന്റെ സത്യോപദേശങ്ങളിൽനിന്ന്‌ യാതൊരു വ്യതിചലനവും അനുവദനീയമല്ല എന്ന്‌ തിമൊഥെയൊസ്‌ ഓർമിപ്പിക്കപ്പെട്ടു. വ്യക്തിപരമായ വീക്ഷണങ്ങൾ തന്റെ പഠിപ്പിക്കലിനെ സ്വാധീനിക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. അവൻ തന്റെ പ്രസംഗവും പഠിപ്പിക്കലും നിർബന്ധമായും തിരുവെഴുത്തുകളെ മാത്രം ആധാരമാക്കി നടത്തണമായിരുന്നു. (2 തിമൊഥെയൊസ്‌ 4:2-4) കാര്യങ്ങൾ സംബന്ധിച്ച്‌ യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കാനും ലോകത്തിന്റെ തത്ത്വജ്ഞാനത്തെ സ്വീകരിക്കാതിരിക്കാനും പരമാർഥഹൃദയരായ ആളുകൾ ഈ വിധത്തിൽ നയിക്കപ്പെടുമായിരുന്നു. (കൊലൊസ്സ്യർ 2:4, 8) അത്‌ ഇന്നും സത്യമാണ്‌.

നമ്മുടെ നടത്ത മാതൃകായോഗ്യമായിരിക്കണം

11, 12. ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ നടത്തയ്‌ക്ക്‌ എന്തു ഫലമുണ്ട്‌?

11 ദൈവവചനത്തിലെ സത്യങ്ങൾ ഘോഷിച്ചുകൊണ്ട്‌ അതിനെ ശരിയായി കൈകാര്യം ചെയ്യുന്നതിനു പുറമേ നാം മറ്റൊന്നുകൂടെ ചെയ്യേണ്ടതുണ്ട്‌. നമ്മുടെ നടത്ത അതിനു ചേർച്ചയിലായിരിക്കണം. നാം “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആണ്‌; തന്നിമിത്തം നാം കപട വേലക്കാർ ആയിരിക്കരുത്‌. (1 കൊരിന്ത്യർ 3:9) ദൈവവചനം ഇങ്ങനെ പറയുന്നു: “ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരംചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?” (റോമർ 2:21, 22) അതുകൊണ്ട്‌, ദൈവത്തിന്റെ ആധുനികകാല വേലക്കാർ എന്ന നിലയിൽ നാം ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്ന ഒരു വിധം പിൻവരുന്ന ബുദ്ധിയുപദേശം അനുസരിക്കുന്നതാണ്‌: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”​—⁠സദൃശവാക്യങ്ങൾ 3:5, 6.

12 ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നതിൽനിന്ന്‌ എന്തു ഫലങ്ങൾ നമുക്കു പ്രതീക്ഷിക്കാം? പരമാർഥഹൃദയരായ വ്യക്തികളുടെ ജീവിതത്തിൽ ദൈവത്തിന്റെ ലിഖിത വചനത്തിനു ചെലുത്താൻ കഴിയുന്ന ശക്തിയെ കുറിച്ചു പരിചിന്തിക്കുക.

ദൈവവചനത്തിന്‌ പരിവർത്തനം വരുത്താനുള്ള ശക്തിയുണ്ട്‌

13. ദൈവവചനം ബാധകമാക്കുന്നത്‌ ഒരു വ്യക്തിയിൽ എന്ത്‌ ഫലമുളവാക്കും?

13 ദൈവവചനത്തിലെ സന്ദേശത്തെ ആധികാരികമായ ഒന്നായി സ്വീകരിക്കുമ്പോൾ, ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ ആളുകളെ സഹായിച്ചുകൊണ്ട്‌ ശക്തമായ സ്വാധീനം ചെലുത്താൻ അതിനു സാധിക്കുന്നു. ദൈവവചനം പ്രവർത്തനത്തിൽ ആയിരിക്കുന്നത്‌ പൗലൊസ്‌ കണ്ടിരുന്നു. പുരാതന തെസ്സലൊനീക്യയിൽ ക്രിസ്‌ത്യാനികൾ ആയിത്തീർന്നവരിൽ അത്‌ ഉളവാക്കിയ നല്ല ഫലത്തിന്‌ അവൻ സാക്ഷ്യം വഹിച്ചിരുന്നു. അതുകൊണ്ട്‌ അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്‌തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1 തെസ്സലൊനീക്യർ 2:13) ആ ക്രിസ്‌ത്യാനികളെ​—⁠വാസ്‌തവത്തിൽ, ക്രിസ്‌തുവിന്റെ എല്ലാ യഥാർഥ അനുഗാമികളെയും​—⁠സംബന്ധിച്ചിടത്തോളം മനുഷ്യന്റെ ഇത്തിരിപ്പോന്ന യുക്തി ദൈവത്തിന്റെ അളവറ്റ ജ്ഞാനത്തോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. (യെശയ്യാവു 55:9) തെസ്സലൊനീക്യയിൽ ഉണ്ടായിരുന്നവർ “ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും . . . പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു.” അങ്ങനെ അവർ മറ്റു വിശ്വാസികൾക്കു മാതൃകയായിത്തീർന്നു.​—⁠1 തെസ്സലൊനീക്യർ 1:5-8എ.

14, 15. ദൈവവചനത്തിന്റെ സന്ദേശം എത്ര ശക്തമാണ്‌, എന്തുകൊണ്ട്‌?

14 ദൈവത്തിന്റെ വചനത്തിന്‌ അതിന്റെ ഉറവിടമായ യഹോവയെപ്പോലെതന്നെ ശക്തിയുണ്ട്‌. തന്റെ വചനത്താൽ ‘ആകാശം ഉളവാക്കിയ’ ‘ജീവനുള്ള ദൈവത്തിൽനിന്നാണ്‌’ അതു വരുന്നത്‌. ആ വചനം എല്ലായ്‌പോഴും “അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (എബ്രായർ 3:12; സങ്കീർത്തനം 33:6; യെശയ്യാവു 55:11) ഒരു ബൈബിൾ പണ്ഡിതൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ദൈവം തന്റെ വചനത്തിൽനിന്ന്‌ തന്നെത്തന്നെ മാറ്റിനിറുത്തുന്നില്ല. തനിക്ക്‌ അന്യമെന്നവണ്ണം അവൻ അതിനെ നിരാകരിക്കുന്നുമില്ല. . . . അതുകൊണ്ട്‌, ഒരിക്കൽ ഉച്ചരിക്കപ്പെട്ടു കഴിഞ്ഞാൽ, പിന്നെ അതിന്‌ എന്തു സംഭവിക്കുന്നു എന്നതിനാൽ ബാധിക്കപ്പെടാത്ത ഒരു നിർജീവ സംഗതിയല്ല അത്‌; കാരണം ജീവനുള്ള ദൈവവുമായി അത്‌ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.”

15 ദൈവവചനത്തിൽനിന്നു നിർഗമിക്കുന്ന സന്ദേശം എത്ര ശക്തമാണ്‌? അതിന്‌ അത്യധികമായ ശക്തിയുണ്ട്‌. ഇതിനോടുള്ള ചേർച്ചയിൽ പൗലൊസ്‌ എഴുതി: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.”​—⁠എബ്രായർ 4:12.

16. ദൈവവചനത്തിന്‌ ഒരു വ്യക്തിയിൽ എത്ര സമഗ്രമായി മാറ്റം വരുത്താൻ കഴിയും?

16 ദൈവത്തിന്റെ ലിഖിത വചനത്തിലെ സന്ദേശം ‘ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതാണ്‌.’ അതുകൊണ്ട്‌, മനുഷ്യന്റെ ഏത്‌ ഉപകരണത്തെയും കടത്തിവെട്ടുന്ന തരത്തിൽ തുളച്ചിറങ്ങാനുള്ള ശക്തി അതിനുണ്ട്‌. ദൈവവചനം ഒരു വ്യക്തിയുടെ ഉള്ളിന്റെ ഉള്ളിലേക്കു തുളച്ചിറങ്ങി അകമേ മാറ്റം വരുത്തുന്നു. വ്യക്തിയുടെ ചിന്ത, ഇഷ്ടാനിഷ്ടങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ സ്വാധീനിച്ചുകൊണ്ട്‌ അത്‌ അയാളെ സ്വീകാര്യയോഗ്യനായ ഒരു ദൈവിക വേലക്കാരൻ ആക്കിത്തീർക്കുന്നു. എത്ര ശക്തമായ ഉപകരണം!

17. പരിവർത്തനം വരുത്താനുള്ള ദൈവവചനത്തിന്റെ ശക്തിയെ കുറിച്ചു വിശദീകരിക്കുക.

17 ഒരു വ്യക്തി തന്നെക്കുറിച്ചുതന്നെ എങ്ങനെ ചിന്തിക്കുന്നു, അല്ലെങ്കിൽ മറ്റുള്ളവരുടെ മുമ്പാകെ എങ്ങനെ കാണപ്പെടാൻ ശ്രമിക്കുന്നു എന്നതിനോടുള്ള താരതമ്യത്തിൽ, അയാൾ ഉള്ളിന്റെയുള്ളിൽ യഥാർഥത്തിൽ എങ്ങനെയുള്ളവനാണ്‌ എന്ന്‌ ദൈവവചനം തുറന്നു കാട്ടുന്നു. (1 ശമൂവേൽ 16:7) ദുഷ്ടനായ ഒരു വ്യക്തിപോലും ദയയുടെയോ ഭക്തിയുടെയോ പരിവേഷം അണിഞ്ഞുകൊണ്ട്‌ തന്റെ ആന്തരിക വ്യക്തിത്വം മൂടിവെച്ചേക്കാം. ദുഷ്ട ലാക്കുള്ള നീചന്മാർ തങ്ങളുടെ യഥാർഥ മുഖം മറച്ചുപിടിക്കുന്നു. മറ്റുള്ളവരുടെ കയ്യടി വാങ്ങാൻ ശ്രമിക്കുന്ന അഹങ്കാരികൾ കപടമായ താഴ്‌മയുടെ മുഖംമൂടി ധരിക്കുന്നു. എന്നിരുന്നാലും, ഹൃദയത്തിൽ യഥാർഥത്തിൽ എന്താണുള്ളത്‌ എന്ന്‌ വെളിപ്പെടുത്തുക വഴി ദൈവവചനത്തിന്‌, പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാനും ‘ദൈവേഷ്ടത്തിന്‌ അനുസൃതമായി യഥാർഥ നീതിയിലും വിശ്വസ്‌തതയിലും സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിക്കാനും’ താഴ്‌മയുള്ള ഒരു വ്യക്തിയെ ശക്തമായി പ്രചോദിപ്പിക്കാൻ കഴിയും. (എഫെസ്യർ 4:22-24, NW) സങ്കോചമോ അധൈര്യമോ ഉള്ള വ്യക്തികളെ യഹോവയുടെ സുധീര സാക്ഷികളും തീക്ഷ്‌ണ രാജ്യഘോഷകരും ആക്കി മാറ്റാനും ദൈവവചനത്തിന്റെ പഠിപ്പിക്കലുകൾക്കു കഴിയും.​—⁠യിരെമ്യാവു 1:6-9.

18, 19. ഈ ഖണ്ഡികകളോ വയൽശുശ്രൂഷയിൽ ഉണ്ടായ വ്യക്തിപരമായ ഒരു അനുഭവമോ ഉപയോഗിച്ച്‌, തിരുവെഴുത്തു സത്യത്തിന്‌ ഒരു വ്യക്തിയുടെ മനോഭാവത്തിൽ എങ്ങനെ മാറ്റം വരുത്താനാകും എന്ന്‌ വിശദമാക്കുക.

18 പരിവർത്തനം വരുത്താനുള്ള ദൈവവചനത്തിന്റെ ശക്തിക്ക്‌ എല്ലായിടത്തുമുള്ള ആളുകളുടെമേൽ ക്രിയാത്മകമായ ഒരു ഫലമുണ്ട്‌. ദൃഷ്ടാന്തത്തിന്‌, കംബോഡിയയിലെ പനോം പെനിൽനിന്നുള്ള രാജ്യഘോഷകർ കാംപോങ്‌ ചാം പ്രവിശ്യയിൽ മാസത്തിൽ രണ്ടു തവണ പ്രസംഗവേല നടത്തിയിരുന്നു. യഹോവയുടെ സാക്ഷികൾക്കെതിരെ മറ്റു പാസ്റ്റർമാർ സംസാരിക്കുന്നതു കേട്ട ഒരു പ്രാദേശിക വനിതാ പാസ്റ്റർ യഹോവയുടെ സാക്ഷികൾ അടുത്ത പ്രാവശ്യം അവിടം സന്ദർശിച്ചപ്പോൾ അവരുമായി കൂടിക്കാണാനുള്ള ക്രമീകരണം ചെയ്‌തു. വിശേഷദിവസങ്ങൾ കൊണ്ടാടുന്നതിനെ കുറിച്ച്‌ അവർ ധാരാളം ചോദ്യങ്ങൾ ചോദിക്കുകയും സാക്ഷികൾ തിരുവെഴുത്തുകൾ ഉപയോഗിച്ച്‌ ന്യായവാദം ചെയ്യവേ നന്നായി ശ്രദ്ധിക്കുകയും ചെയ്‌തു. ഒടുവിൽ ആശ്ചര്യപൂർവം അവർ ഇങ്ങനെ പറഞ്ഞു: “എന്റെ സഹ പാസ്റ്റർമാർ നിങ്ങളെ കുറിച്ചു പറഞ്ഞതൊന്നും സത്യമല്ലെന്ന്‌ എനിക്കിപ്പോൾ മനസ്സിലായി! നിങ്ങൾ ബൈബിൾ ഉപയോഗിക്കില്ല എന്നായിരുന്നു അവരുടെ ആരോപണം, പക്ഷേ, ഇന്നു രാവിലെ നിങ്ങൾ അതു മാത്രമാണല്ലോ ഉപയോഗിച്ചത്‌!”

19 ഈ സ്‌ത്രീ സാക്ഷികളുമൊത്തുള്ള ബൈബിൾ ചർച്ച തുടർന്നു. തന്നെ പാസ്റ്റർ സ്ഥാനത്തുനിന്നു നീക്കുമെന്നുള്ള ഭീഷണിക്കൊന്നും അവർ വഴങ്ങിയില്ല. തന്റെ തിരുവെഴുത്തു ചർച്ചകളെ കുറിച്ച്‌ ഒരു കൂട്ടുകാരിയോട്‌ അവർ സംസാരിച്ചു. ആ കൂട്ടുകാരി സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. താൻ പഠിച്ചുകൊണ്ടിരുന്നതിനെ കുറിച്ച്‌ അങ്ങേയറ്റം ആവേശംപൂണ്ട അവർ ഒരു ദിവസം പള്ളിശുശ്രൂഷയുടെ സമയത്ത്‌ ഇങ്ങനെ പറയാൻ പ്രേരിതയായി, “നിങ്ങളും വന്ന്‌ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കൂ!” വൈകാതെ അവർ പള്ളിയംഗത്വം രാജിവെച്ചു. ആ മുൻ പാസ്റ്ററും അവരുടെ കൂട്ടുകാരിയും മറ്റുള്ളവരും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു.

20. ഘാനയിലെ ഒരു സ്‌ത്രീയുടെ അനുഭവം ദൈവവചനത്തിന്റെ ശക്തിയെ എങ്ങനെ വെളിപ്പെടുത്തുന്നു?

20 ഘാനയിൽ താമസിക്കുന്ന പൗളീനാ എന്ന സ്‌ത്രീയുടെ അനുഭവവും ദൈവവചനത്തിന്റെ ശക്തിക്കു തെളിവാണ്‌. ഒരു മുഴുസമയ രാജ്യഘോഷക, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം * എന്ന പുസ്‌തകത്തിൽനിന്ന്‌ അവളുമായി ബൈബിളധ്യയനം നടത്തി. ഭർത്താവിന്റെ പല ഭാര്യമാരിൽ ഒരാളായിരുന്ന താൻ ജീവിതത്തിനു മാറ്റം വരുത്തേണ്ടതുണ്ട്‌ എന്ന്‌ അവൾ തിരിച്ചറിഞ്ഞു. എന്നാൽ ഭർത്താവും മറ്റു കുടുംബാംഗങ്ങളും ബന്ധുക്കളും അവളെ ശക്തമായി എതിർത്തു. ഒരു ഹൈക്കോടതി ജഡ്‌ജിയും പള്ളിപ്രമുഖനുമായ അവളുടെ വല്യപ്പൻ, മത്തായി 19:4-6 തെറ്റായി ബാധകമാക്കിക്കൊണ്ട്‌ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ജഡ്‌ജിയുടെ സംസാരം ആധികാരികമായി തോന്നിയെങ്കിലും, യേശുക്രിസ്‌തുവിനെ പരീക്ഷിച്ചപ്പോൾ സാത്താൻ തിരുവെഴുത്തുകളെ വളച്ചൊടിച്ചതിനു സമാനമാണ്‌ ഇതും എന്ന്‌ പൗളീനാ പെട്ടെന്നു തിരിച്ചറിഞ്ഞു. (മത്തായി 4:5-7) വിവാഹത്തെ കുറിച്ചുള്ള യേശുവിന്റെ വ്യക്തമായ പ്രസ്‌താവന അവൾ ഓർമിച്ചു. ദൈവം മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നാണ്‌ യേശു പറഞ്ഞത്‌, ആണും പെണ്ണുങ്ങളുമായി സൃഷ്ടിച്ചു എന്നായിരുന്നില്ല. അവർ ഇരുവരും​—⁠മൂവരുമല്ല​—⁠ഒരു ദേഹമാകും എന്നും അവൻ പറഞ്ഞു. അവൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒടുവിൽ ബഹുഭാര്യത്വ വിവാഹത്തിൽനിന്ന്‌ അവൾക്ക്‌ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹമോചനം ലഭിച്ചു. പെട്ടെന്നുതന്നെ, അവൾ സ്‌നാപനമേറ്റ സന്തോഷവതിയായ ഒരു രാജ്യഘോഷക ആയിത്തീർന്നു.

ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നതിൽ തുടരുക

21, 22. (എ) രാജ്യഘോഷകർ എന്ന നിലയിൽ എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം? (ബി) പിൻവരുന്ന ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

21 യഹോവയോട്‌ അടുത്തുചെല്ലാൻ തക്കവണ്ണം തങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ നമുക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന ശക്തമായ ഒരു ഉപകരണംതന്നെയാണ്‌ ദൈവത്തിന്റെ ലിഖിത വചനം. (യാക്കോബ്‌ 4:8) വിദഗ്‌ധരായ പണിക്കാർ മികച്ച ഫലം ലഭിക്കുന്നതിന്‌ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുപോലെ, രാജ്യഘോഷകർ എന്ന നിലയിലുള്ള നമ്മുടെ ദൈവദത്ത വേലയിൽ ദൈവവചനമായ ബൈബിൾ പ്രാവീണ്യത്തോടെ ഉപയോഗിക്കുന്നതിന്‌ ആത്മാർഥ ശ്രമം ചെയ്യുക എന്നതായിരിക്കട്ടെ നമ്മുടെ ദൃഢനിശ്ചയം.

22 ശിഷ്യരാക്കൽ വേലയിൽ കൂടുതൽ ഫലപ്രദമായി തിരുവെഴുത്തുകൾ ഉപയോഗിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ബോധ്യംവരുത്തുന്ന അധ്യാപകർ എന്ന നിലയിൽ നമ്മുടെ പ്രാപ്‌തികൾ വികസിപ്പിക്കുന്നതാണ്‌ ഒരു വിധം. ദയവായി അടുത്ത ലേഖനത്തിനു ശ്രദ്ധ നൽകുക, എന്തെന്നാൽ പഠിപ്പിക്കുന്നതിനും രാജ്യസന്ദേശം സ്വീകരിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കുന്നതിനുമുള്ള മാർഗങ്ങൾ അതു നിർദേശിക്കുന്നുണ്ട്‌.

[അടിക്കുറിപ്പ്‌]

^ ഖ. 20 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• രാജ്യഘോഷകർക്ക്‌ ഏത്‌ ഉപകരണങ്ങൾ ലഭ്യമാണ്‌?

• ഒരു രാജ്യവേലക്കാരൻ എന്ന നിലയിൽ പൗലൊസ്‌ ഏതു വിധങ്ങളിൽ ഒരു മാതൃകയായിരുന്നു?

• ദൈവവചനം ഉചിതമായി കൈകാര്യം ചെയ്യുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

• യഹോവയുടെ ലിഖിത വചനം എത്ര ശക്തമായ ഒരു ഉപകരണമാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[10 -ാം പേജിലെ ചിത്രങ്ങൾ]

രാജ്യഘോഷണ വേലയിൽ ക്രിസ്‌ത്യാനികൾ ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾ