വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമി ഒരു പറുദീസയാകുമെന്ന്‌ നിങ്ങൾക്കു വിശ്വസിക്കാനാകുമോ?

ഭൂമി ഒരു പറുദീസയാകുമെന്ന്‌ നിങ്ങൾക്കു വിശ്വസിക്കാനാകുമോ?

ഭൂമി ഒരു പറുദീസയാകുമെന്ന്‌ നിങ്ങൾക്കു വിശ്വസിക്കാനാകുമോ?

ഭൂമി എന്നെങ്കിലും ഒരു പറുദീസയാകുമെന്നു വിശ്വസിക്കുന്നത്‌ വളരെ കുറച്ചാളുകൾ മാത്രമാണ്‌. അനേകരും വിശ്വസിക്കുന്നത്‌ ഭൂമി അസ്‌തിത്വത്തിൽനിന്നുതന്നെ ഇല്ലാതെയാകും എന്നാണ്‌. ബ്രൈയൻ ലി മോളിനോയുടെ, പാവനമായ ഭൂമി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നത്‌, കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ ഒരു ‘പ്രാപഞ്ചിക മഹാ വിസ്‌ഫോടനത്താൽ’ ആണ്‌ ഈ ഭൂഗോളം അസ്‌തിത്വത്തിൽ വന്നത്‌ എന്നാണ്‌. മനുഷ്യൻ ഭൂമിയെ നശിപ്പിക്കുന്നില്ലെങ്കിൽത്തന്നെ നമ്മുടെ ഈ ഭൗമഭവനവും മുഴു പ്രപഞ്ചവും കാലാന്തരത്തിൽ ‘കത്തിയെരിയുന്ന ഒരു ഗോളമായി ചുരുങ്ങിപ്പോയേക്കുമെന്ന്‌’ അനേകർ വിശ്വസിക്കുന്നു.

എന്നാൽ, 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ്‌ കവിയായ ജോൺ മിൽട്ടണ്‌ ഇത്തരത്തിലുള്ള നിഷേധാത്മകമായ ചിന്തകളൊന്നും ഇല്ലായിരുന്നു. ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ മനുഷ്യ കുടുംബത്തിന്റെ പറുദീസാഭവനം ആയിരിക്കാനാണ്‌ എന്ന്‌ പാരഡൈസ്‌ ലോസ്റ്റ്‌ എന്ന തന്റെ മഹാകാവ്യത്തിൽ അദ്ദേഹം എഴുതി. ആ ആദിമ പറുദീസ നഷ്ടമായി. എന്നിരുന്നാലും, ആ പറുദീസ വീണ്ടുകിട്ടുമെന്ന്‌, യേശുക്രിസ്‌തുവെന്ന വീണ്ടെടുപ്പുകാരൻ ഒരുനാൾ “തന്റെ വിശ്വസ്‌തർക്കു പ്രതിഫലം നൽകുകയും സ്വർഗത്തിൽ അല്ലെങ്കിൽ ഭൂമിയിൽ പരമാനന്ദത്തിലേക്ക്‌ അവരെ ഉയർത്തുകയും” ചെയ്യുമെന്ന്‌ മിൽട്ടൺ വിശ്വസിച്ചു. ഉറപ്പോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അപ്പോൾ മുഴുഭൂമിയും ഒരു പറുദീസയായിരിക്കും.”

പറുദീസ​—⁠സ്വർഗത്തിലോ അതോ ഭൂമിയിലോ?

മതഭക്തരായ അനേകരും മിൽട്ടന്റെ അതേ വീക്ഷണം പുലർത്തുന്നവരാണ്‌. ഈ ഭൂമിയിൽ തങ്ങൾ വേദനകളും ഭീകരതകളും സഹിക്കുന്നതിന്‌ എന്തെങ്കിലും ഒരു പ്രതിഫലം കിട്ടുമെന്ന്‌ അവർ വിശ്വസിക്കുന്നു. എന്നാൽ എവിടെയാണ്‌ അവർ ആ പ്രതിഫലം ആസ്വദിക്കാൻ പോകുന്നത്‌? ‘സ്വർഗത്തിലോ അതോ ഭൂമിയിലോ’? ഇക്കാര്യത്തിൽ ഭൂമി ചിലരുടെ മനോമുകുരത്തിൽ തെളിയുന്നതേയില്ല. ആളുകൾ ‘പരമാനന്ദം’ ആസ്വദിക്കുന്നത്‌, ഭൂമിയെ വിട്ട്‌ സ്വർഗത്തിലെ ആത്മമണ്ഡലത്തിൽ ജീവിക്കുമ്പോൾ മാത്രമാണെന്ന്‌ അവർ പറയുന്നു.

പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസ “വിദൂരതയിലുള്ള ഏതെങ്കിലും സ്വർഗീയ മണ്ഡലത്തിൽ ആയിരിക്കുമെന്നല്ല മറിച്ച്‌ ഭൂമിയിൽ ആയിരിക്കും” എന്നാണ്‌ രണ്ടാം നൂറ്റാണ്ടിലെ ദൈവശാസ്‌ത്രജ്ഞനായ ഐറേനിയസ്‌ വിശ്വസിച്ചിരുന്നത്‌ എന്ന്‌ സ്വർഗം​—⁠ഒരു ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ ഗ്രന്ഥകർത്താക്കളായ സി. മക്‌ഡോണലും ബി. ലാങ്ങും പറയുന്നു. ഈ പുസ്‌തകം പറയുന്നതനുസരിച്ച്‌, ജോൺ കാൽവിൻ, മാർട്ടിൻ ലൂഥർ എന്നീ മതനേതാക്കന്മാർ സ്വർഗത്തിലേക്കു പോകാൻ പ്രത്യാശിച്ചിരുന്നവർ ആയിരുന്നെങ്കിലും “ദൈവം ഭൂമിയെ പുതുക്കും” എന്ന്‌ അവർ വിശ്വസിച്ചിരുന്നു. മറ്റു മതങ്ങളിലെ ആളുകൾക്കും സമാനമായ വിശ്വാസങ്ങളാണ്‌ ഉണ്ടായിരുന്നിട്ടുള്ളത്‌. ദൈവത്തിന്റെ തക്കസമയത്ത്‌ മനുഷ്യന്റെ എല്ലാ ദുരിതങ്ങളും “തുടച്ചുമാറ്റപ്പെടുകയും ഭൂമിയിൽ തികച്ചും അർഥപൂർണമായൊരു ജീവിതം ഉണ്ടാകുകയും ചെയ്യും” എന്ന്‌ ചില യഹൂദന്മാർ വിശ്വസിച്ചിരുന്നതായി മക്‌ഡോണലും ലാങ്ങും പറയുന്നു. “ഭൂമിയുടെ കളങ്കരഹിതമായ ആദിമ അവസ്ഥ പുനഃസ്ഥാപിക്കപ്പെടുകയും ആളുകൾ ഒരിക്കൽക്കൂടെ സമാധാനത്തിൽ ജീവിക്കുകയും ചെയ്യും” എന്ന്‌ പുരാതന പേർഷ്യൻ ജനത വിശ്വസിച്ചിരുന്നതായി മധ്യ പൂർവദേശത്തെ പുരാണങ്ങളെയും മതത്തെയും കുറിച്ചുള്ള വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു.

അങ്ങനെയെങ്കിൽ, ഒരു പറുദീസ ഭൂമിയെ കുറിച്ചുള്ള പ്രത്യാശയ്‌ക്ക്‌ എന്തു സംഭവിച്ചു? ഭൂമിയിൽ നമുക്കുള്ള അസ്‌തിത്വം കേവലം ഒരു ഇടത്താവളം മാത്രമാണോ? ഒന്നാം നൂറ്റാണ്ടിലെ യഹൂദ തത്ത്വശാസ്‌ത്രജ്ഞനായ ഫൈലോ മനസ്സിലാക്കിയിരുന്നതുപോലെ, അത്‌ സ്വർഗീയ മണ്ഡലത്തിലേക്കുള്ള യാത്രയ്‌ക്കിടയിലെ “ഹ്രസ്വമായ, മിക്കപ്പോഴും ഹതഭാഗ്യകരമായ ഒരു സംഭവശകലം” മാത്രമാണോ? അതോ ദൈവം ഭൂമിയെ സൃഷ്ടിക്കുകയും ഒരു പറുദീസ അവസ്ഥയിൽ മനുഷ്യരെ അതിൽ ആക്കിവെക്കുകയും ചെയ്‌തപ്പോൾ അവന്റെ മനസ്സിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരുന്നോ? മനുഷ്യവർഗത്തിന്‌ യഥാർഥ ആത്മീയ സംതൃപ്‌തിയും പരമാനന്ദവും ഇവിടെ ഈ ഭൂമിയിൽത്തന്നെ കണ്ടെത്താൻ കഴിയുമോ? ഈ വിഷയത്തെ കുറിച്ച്‌ ബൈബിളിനു പറയാനുള്ളത്‌ എന്താണെന്ന്‌ ഒന്നു പരിശോധിച്ചു നോക്കരുതോ? അപ്പോൾ, പുനഃസ്ഥിതീകരിക്കപ്പെടുന്ന ഒരു ഭൗമിക പറുദീസയ്‌ക്കായി നോക്കിപ്പാർത്തിരിക്കുന്നത്‌ ന്യായയുക്തമാണെന്ന്‌, അനേക ലക്ഷങ്ങളെപ്പോലെ നിങ്ങളും തീർച്ചപ്പെടുത്താനിടയുണ്ട്‌.

[3 -ാം പേജിലെ ചിത്രം]

പറുദീസ വീണ്ടുകിട്ടുമെന്ന്‌ ജോൺ മിൽട്ടൺ എന്ന കവി വിശ്വസിച്ചിരുന്നു

[2 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

കവർ: ഭൂമി: U.S. Fish & Wildlife Service, Washington, D.C./NASA

[3 -ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഭൂമി: U.S. Fish & Wildlife Service, Washington, D.C./NASA; ജോൺ മിൽട്ടൻ: Leslie’s