രാജ്യസന്ദേശം സ്വീകരിക്കാൻ മറ്റുള്ളവരെ സഹായിക്കുക
രാജ്യസന്ദേശം സ്വീകരിക്കാൻ മറ്റുള്ളവരെ സഹായിക്കുക
“അഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്‌ത്യാനിയായിത്തീരുവാൻ നീ എന്നെ അല്‌പംകൊണ്ടു [“അൽപ്പ സമയംകൊണ്ടു,” NW] സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.”—പ്രവൃത്തികൾ 26:28.
1, 2. അപ്പൊസ്‌തലനായ പൗലൊസ്, ഗവർണർ ഫെസ്‌തൊസിന്റെയും ഹെരോദാവ് അഗ്രിപ്പാ രണ്ടാമൻ രാജാവിന്റെയും മുമ്പാകെ വരാൻ ഇടയായത് എങ്ങനെ?
ഹെ രോദാവ് അഗ്രിപ്പാ രണ്ടാമൻ രാജാവും സഹോദരി ബെർന്നീക്കയും റോമൻ ഗവർണറായിരുന്ന പൊർക്ക്യൊസ് ഫെസ്‌തൊസിനെ പൊ.യു. 58-ൽ കൈസര്യയിൽ സന്ദർശിച്ചു. ഗവർണർ ഫെസ്‌തൊസിന്റെ ക്ഷണം സ്വീകരിച്ച്, അവർ യെരൂശലേമിൽനിന്ന് എത്തിച്ചേർന്നു. അടുത്ത ദിവസം അവർ ‘വളരെ ആഡംബരത്തോടെ സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടുംകൂടെ വിചാരണമണ്ഡപത്തിൽ’ പ്രവേശിച്ചു. ഫെസ്‌തൊസിന്റെ ഉത്തരവനുസരിച്ച് ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസിനെ അവരുടെ മുമ്പാകെ കൊണ്ടുവന്നു. യേശുക്രിസ്‌തുവിന്റെ ഈ അനുഗാമി, ഗവർണർ ഫെസ്‌തൊസിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടിവന്നത് എങ്ങനെ?—പ്രവൃത്തികൾ 25:13-23.
2 ഫെസ്‌തൊസ് തന്റെ അതിഥികളോടു പറഞ്ഞ സംഗതികൾ ആ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “അഗ്രിപ്പാരാജാവേ, ഇവിടെ വന്നുകൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയുംവെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്‌ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ. അവൻ മരണയോഗ്യമായതു ഒന്നും ചെയ്‌തിട്ടില്ല എന്നു ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു. അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാൻ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്‌താരം കഴിഞ്ഞിട്ടു എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും, വിശേഷാൽ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു. തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുററം കാണിക്കാതിരിക്കുന്നതു യുക്തമല്ല എന്നു തോന്നുന്നു.”—പ്രവൃത്തികൾ 25:24-27.
3. മതനേതാക്കന്മാർ പൗലൊസിനെതിരെ കുറ്റാരോപണങ്ങൾ ഉന്നയിച്ചത് എന്തുകൊണ്ട്?
3 മരണ ശിക്ഷാർഹമായ രാജ്യദ്രോഹക്കുറ്റം പൗലൊസിന്റെ മേൽ വ്യാജമായി ആരോപിക്കപ്പെട്ടതായി ഫെസ്‌തൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. (പ്രവൃത്തികൾ 25:11, 12എ) എന്നുവരികിലും പൗലൊസ് നിരപരാധിയായിരുന്നു. യെരൂശലേമിലെ മതനേതാക്കന്മാരുടെ അസൂയയിൽനിന്നു പൊട്ടിമുളച്ചതാണ് ആ കുറ്റാരോപണങ്ങൾ. രാജ്യഘോഷകൻ എന്ന നിലയിലുള്ള പൗലൊസിന്റെ വേലയെ അവർ എതിർക്കുകയും അവൻ മറ്റുള്ളവരെ യേശുക്രിസ്‌തുവിന്റെ അനുഗാമികളാകാൻ സഹായിച്ചതിൽ ശക്തമായി അമർഷം കൊള്ളുകയും ചെയ്‌തു. പൗലൊസിനെ വലിയ സുരക്ഷാ അകമ്പടിയോടെ യെരൂശലേമിൽനിന്നു തുറമുഖ നഗരമായ കൈസര്യയിലേക്കു കൊണ്ടുവന്നു. അവിടെവെച്ച് അവൻ കൈസർക്ക് അപ്പീൽ നൽകി. അവിടെനിന്ന് അവനെ റോമിലേക്കു കൊണ്ടുപോകുമായിരുന്നു.
4. അഗ്രിപ്പാ രാജാവ് ആശ്ചര്യകരമായ ഏതു പ്രസ്‌താവന നടത്തി?
4 ഗവർണറുടെ കൊട്ടാരത്തിൽ, റോമൻ സാമ്രാജ്യത്തിലെ ഒരു സുപ്രധാന ഭാഗത്തിന്റെ ഭരണാധികാരി ഉൾപ്പെട്ട പ്രവൃത്തികൾ 26:1-28.
ഒരു കൂട്ടത്തിനുമുമ്പിൽ നിൽക്കുന്ന പൗലൊസിനെ ഒന്നു സങ്കൽപ്പിക്കുക. അഗ്രിപ്പാ രാജാവ് പൗലൊസിനോട്, “നിന്റെ കാര്യം പറവാൻ അനുവാദം ഉണ്ട്” എന്നു പറയുന്നു. പൗലൊസിന്റെ അധരത്തിൽനിന്ന് വാക്കുകൾ അനർഗളം പ്രവഹിച്ചപ്പോൾ അസാധാരണമായ ഒരു സംഗതി സംഭവിക്കുന്നു. പൗലൊസ് പറയുന്ന കാര്യങ്ങൾ രാജാവിനെ സ്വാധീനിക്കാൻ തുടങ്ങുന്നു. അതേ, അഗ്രിപ്പാ രാജാവ് ഇങ്ങനെ പറയുന്നു: “ഞാൻ ക്രിസ്‌ത്യാനിയായിത്തീരുവാൻ നീ എന്നെ അല്‌പംകൊണ്ടു [“അൽപ്പ സമയംകൊണ്ടു,” NW] സമ്മതിപ്പിക്കുന്നു.”—5. അഗ്രിപ്പായോടുള്ള പൗലൊസിന്റെ വാക്കുകൾ അത്ര സ്വാധീനം ചെലുത്തുന്നത് ആയിരുന്നത് എന്തുകൊണ്ട്?
5 ഒന്ന് ആലോചിച്ചു നോക്കൂ! പൗലൊസിന്റെ പ്രാഗത്ഭ്യത്തോടെയുള്ള പ്രതിവാദത്തിന്റെ ഫലമായി ദൈവവചനത്തിന്റെ തുളച്ചിറങ്ങുന്ന ശക്തിയാൽ ഒരു ഭരണാധികാരി സ്വാധീനിക്കപ്പെട്ടു. (എബ്രായർ 4:12) അത്രയധികം സ്വാധീനം ചെലുത്താൻ തക്ക എന്താണ് പൗലൊസിന്റെ പ്രതിവാദത്തിൽ ഉണ്ടായിരുന്നത്? ശിഷ്യരാക്കൽ വേലയിൽ സഹായകമായ എന്ത് നമുക്ക് പൗലൊസിൽനിന്നു പഠിക്കാൻ കഴിയും? അവന്റെ പ്രതിവാദത്തെ അപഗ്രഥനം ചെയ്‌താൽ രണ്ടു പ്രധാന ഘടകങ്ങൾ നമുക്കു വ്യക്തമായി കാണാൻ കഴിയും: (1) പൗലൊസ് പ്രേരണാശക്തി ഉപയോഗിച്ചു. (2) ഒരു കൈത്തൊഴിൽക്കാരൻ തന്റെ പണിയായുധം വിദഗ്‌ധമായി ഉപയോഗിക്കുന്നതുപോലെ അവൻ ദൈവവചനത്തിലുള്ള തന്റെ പരിജ്ഞാനം വളരെ പ്രാഗത്ഭ്യത്തോടെ ഉപയോഗിച്ചു.
പ്രേരണ കല ഉപയോഗിക്കുക
6, 7. (എ) ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം ‘പ്രേരണ ചെലുത്തൽ’ അല്ലെങ്കിൽ ‘സമ്മതിപ്പിക്കൽ’ എന്നതിന്റെ അർഥമെന്ത്? (ബി) ഒരു ബൈബിളുപദേശം സ്വീകരിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ‘സമ്മതിപ്പിക്കൽ’ എന്തു പങ്കുവഹിക്കുന്നു?
6 പ്രവൃത്തികളുടെ പുസ്‌തകത്തിൽ പ്രേരണ ചെലുത്തൽ അല്ലെങ്കിൽ സമ്മതിപ്പിക്കൽ എന്ന അർഥമുള്ള ഗ്രീക്ക് പദപ്രയോഗങ്ങൾ പൗലൊസിനോടുള്ള ബന്ധത്തിൽ ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ ശിഷ്യരാക്കൽ വേലയോടുള്ള ബന്ധത്തിൽ ഇതിന് എന്ത് അർഥമാണുള്ളത്?
7 ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ മൂല ഭാഷയിൽ ‘പ്രേരണ ചെലുത്തുക’ അല്ലെങ്കിൽ ‘സമ്മതിപ്പിക്കുക’ (“persuade”) എന്നതിന്റെ അർഥം “മറ്റുള്ളവരെ സ്വന്തം പക്ഷത്തേക്കോ അഭിപ്രായത്തിലേക്കോ കൊണ്ടുവരിക” അഥവാ “ന്യായവാദത്തിന്റെയോ ധാർമിക പരിചിന്തനത്തിന്റെയോ സ്വാധീനത്താൽ മനസ്സിനു മാറ്റം” വരുത്തുക എന്നാണെന്ന് വൈനിന്റെ പുതിയനിയമ പദങ്ങളുടെ വ്യാഖ്യാന നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നു. ഈ പദത്തിന്റെ മൂല അർഥം പരിശോധിക്കുന്നത് കൂടുതലായ ഗ്രാഹ്യം പ്രദാനം ചെയ്യുന്നു. അത് വിശ്വാസം എന്ന ആശയമാണു നൽകുന്നത്. അതുകൊണ്ട് ഒരു ബൈബിളുപദേശം സ്വീകരിക്കാൻ നിങ്ങൾ ഒരാളെ സമ്മതിപ്പിക്കുന്നെങ്കിൽ, ആ ഉപദേശത്തിന്റെ സത്യതയിൽ അയാൾ വിശ്വാസമർപ്പിക്കുംവിധം നിങ്ങൾ അയാളുടെ വിശ്വാസം നേടിയിരിക്കുന്നു. അതു കാണിക്കുന്നത് ഒരു വ്യക്തി ബൈബിളിൽ വിശ്വസിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യണമെങ്കിൽ ബൈബിൾ എന്തു പറയുന്നു എന്ന് അയാളോടു പറയുക മാത്രം ചെയ്‌താൽ പോരാ എന്നാണ്. നിങ്ങളുടെ ശ്രോതാവ് ഒരു കുട്ടിയോ അയൽക്കാരനോ സഹജോലിക്കാരനോ സഹപാഠിയോ ബന്ധുവോ ആയിരുന്നാലും നിങ്ങൾ പറയുന്നത് സത്യമാണ് എന്ന് ആ വ്യക്തിക്കു ബോധ്യംവരണം.—2 തിമൊഥെയൊസ് 3:14, 15, NW.
8. ഒരു തിരുവെഴുത്തു സത്യം ഒരാളെ ബോധ്യപ്പെടുത്തുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
8 ദൈവവചനത്തിൽനിന്നു നിങ്ങൾ പ്രസംഗിക്കുന്ന സംഗതികൾ സത്യമാണെന്ന് ഒരു വ്യക്തിയെ നിങ്ങൾക്ക് എങ്ങനെ ബോധ്യപ്പെടുത്താൻ കഴിയും? യുക്തിസഹമായ ന്യായവാദവും ഈടുറ്റ വാദമുഖങ്ങളും ആത്മാർഥമായ അഭ്യർഥനയും ഉപയോഗിച്ച് തന്റെ ശ്രോതാക്കളുടെ മനസ്സിനു മാറ്റം വരുത്താൻ പൗലൊസ് പരിശ്രമിച്ചു. * അതുകൊണ്ട്, ഒരു സംഗതി സത്യമാണെന്നു കേവലം പ്രസ്‌താവിക്കുന്നതിനു പകരം നിങ്ങൾ പറയുന്ന കാര്യത്തെ പിന്താങ്ങാൻ തൃപ്‌തികരമായ തെളിവുകൾ നൽകേണ്ടത് ആവശ്യമാണ്. ഇത് എങ്ങനെ ചെയ്യാൻ കഴിയും? നിങ്ങളുടെ പ്രസ്‌താവന സ്വന്തം അഭിപ്രായത്തിലല്ല, പകരം ദൈവവചനത്തിൽ വേരൂന്നിയതാണെന്ന് ഉറപ്പാക്കുക. അതിനു പുറമേ, നിങ്ങളുടെ ഹൃദയംഗമമായ തിരുവെഴുത്തു പ്രസ്‌താവനകളെ പിന്താങ്ങാൻ കൂടുതലായ തെളിവുകൾ ഉപയോഗിക്കുക. (സദൃശവാക്യങ്ങൾ 16:23) ദൃഷ്ടാന്തത്തിന്, അനുസരണമുള്ള മനുഷ്യവർഗം ഒരു പറുദീസ ഭൂമിയിൽ ജീവിതം ആസ്വദിക്കും എന്നതാണ് നിങ്ങൾ പറയുന്ന ആശയമെങ്കിൽ, ലൂക്കൊസ് 23:43 അല്ലെങ്കിൽ യെശയ്യാവു 65:21-25 എന്നിങ്ങനെയുള്ള തിരുവെഴുത്തു പരാമർശങ്ങൾ ഉപയോഗിച്ച് അതിനെ പിന്താങ്ങുക. നിങ്ങൾ പറയുന്ന തിരുവെഴുത്താശയത്തെ പിന്താങ്ങാൻ കൂടുതലായ തെളിവുകൾ എങ്ങനെ നൽകാൻ സാധിക്കും? ശ്രോതാവിനു പരിചയമുള്ള ഉദാഹരണങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. മനോഹരമായ സൂര്യാസ്‌തമയം, സുഗന്ധം പരത്തുന്ന ഒരു പുഷ്‌പം, സ്വാദൂറുന്ന ഒരു പഴം ഇതെല്ലാം തരുന്ന ലളിതവും പണച്ചെലവില്ലാത്തതുമായ ആസ്വാദ്യത, അല്ലെങ്കിൽ ഒരു തള്ളപ്പക്ഷി കുഞ്ഞുങ്ങളെ തീറ്റുന്നത് നോക്കിനിൽക്കുന്നതിന്റെ സന്തോഷം, ഇവയൊക്കെ നിങ്ങൾക്ക് അയാളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞേക്കും. നാം ഭൂമിയിൽ ജീവിതം ആസ്വദിക്കണമെന്ന് സ്രഷ്ടാവ് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവുകളാണ് ആനന്ദദായകമായ ഈ സംഗതികളെല്ലാം എന്നു തിരിച്ചറിയാൻ അയാളെ സഹായിക്കുക.—സഭാപ്രസംഗി 3:11, 12.
9. പ്രസംഗവേലയിൽ നമുക്ക് എങ്ങനെ ന്യായബോധം പ്രകടമാക്കാൻ കഴിയും?
9 ഏതെങ്കിലും ഒരു ബൈബിളുപദേശം സ്വീകരിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന സന്ദർഭത്തിൽ, നിങ്ങളുടെ ഉത്സാഹം നിങ്ങൾ ന്യായബോധം ഇല്ലാത്തവരാണ് എന്ന പ്രതീതി ജനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളുടെ ശ്രോതാവിന്റെ മനസ്സും ഹൃദയവും അടച്ചുകളഞ്ഞേക്കാം. കൊലൊസ്സ്യർ 4:6.
ശുശ്രൂഷാസ്‌കൂൾ പുസ്‌തകം ഈ മുന്നറിയിപ്പു നൽകുന്നു: “ഒട്ടേറെ തിരുവെഴുത്തുകളുടെ പിൻബലമുണ്ടെങ്കിൽ പോലും, മറ്റൊരാൾ ഉള്ളിൽ താലോലിക്കുന്ന ഒരു വിശ്വാസം തെറ്റാണെന്നു കാണിച്ചുകൊണ്ട് അറുത്തുമുറിച്ച് സത്യത്തെ കുറിച്ച് ഒരു പ്രസ്‌താവന നടത്തുന്നത്, സാധാരണനിലയ്‌ക്കു നല്ല രീതിയിൽ സ്വീകരിക്കപ്പെടുകയില്ല. ഉദാഹരണത്തിന്, ജനപ്രീതിയാർജിച്ച ആഘോഷങ്ങൾക്ക് പുറജാതീയ ഉത്ഭവം ഉണ്ട് എന്നു പറഞ്ഞ് അവയെ വെറുതെയങ്ങു കുറ്റംവിധിച്ചാൽ അവയെ കുറിച്ചുള്ള ആളുകളുടെ ചിന്താഗതിക്കു മാറ്റം വരാൻ സാധ്യതയില്ല. ന്യായവാദ സ്വഭാവമുള്ള, ന്യായബോധത്തോടു കൂടിയ ഒരു സമീപനമാണ് പ്രായേണ ഏറെ വിജയപ്രദം.” ന്യായബോധമുള്ളവരായിരിക്കാൻ നാം കഠിനശ്രമം നടത്തേണ്ടത് എന്തുകൊണ്ട്? ശുശ്രൂഷാസ്‌കൂൾ പുസ്‌തകം ഇങ്ങനെ പറയുന്നു: “ന്യായവാദം ചെയ്യുന്ന വിധത്തിലാണ് വിവരങ്ങൾ അവതരിപ്പിക്കുന്നതെങ്കിൽ, അതു കാര്യങ്ങൾ വസ്‌തുനിഷ്‌ഠമായി തുറന്നു വിലയിരുത്താൻ അവസരമൊരുക്കുകയും പിന്നീടിരുന്നു ചിന്തിക്കാൻ എന്തെങ്കിലും പ്രദാനം ചെയ്യുകയും ഭാവി സംഭാഷണങ്ങൾക്കു വഴി തുറന്നിടുകയും ചെയ്യും. അതിനു ശക്തമായ ബോധ്യം ഉളവാക്കാൻ കഴിയും.”—ഹൃദയത്തെ പ്രചോദിപ്പിക്കുന്ന പ്രേരണ കല
10. അഗ്രിപ്പായുടെ മുമ്പിൽ പൗലൊസ് തന്റെ പ്രതിവാദം ആരംഭിക്കുന്നത് എങ്ങനെ?
10 നമുക്ക് ഇപ്പോൾ പ്രവൃത്തികൾ 26-ാം അധ്യായത്തിലെ പൗലൊസിന്റെ പ്രതിവാദം ഒന്ന് അടുത്തു പരിശോധിക്കാം. അവൻ തന്റെ സംസാരം തുടങ്ങുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക. അഗ്രിപ്പാ തന്റെ സഹോദരിയായ ബെർന്നീക്കയുമായി അപകീർത്തികരമായ ബന്ധം പുലർത്തിയിരുന്നെങ്കിലും തന്റെ വിഷയം അവതരിപ്പിച്ചു തുടങ്ങുന്നതിനുവേണ്ടി, രാജാവിനെ അഭിനന്ദിക്കാൻ ന്യായാനുസൃതമായ ഒരു കാരണം പൗലൊസ് കണ്ടെത്തി. പൗലൊസ് ഇങ്ങനെ പറഞ്ഞു: “അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെമേൽ ചുമത്തുന്ന എല്ലാ കുററങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു, വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോട കേൾക്കേണമെന്നു അപേക്ഷിക്കുന്നു.”—പ്രവൃത്തികൾ 26:2, 3.
11. അഗ്രിപ്പായോടുള്ള പൗലൊസിന്റെ വാക്കുകൾ ആദരവു പ്രകടമാക്കിയത് എങ്ങനെ, ഇത് എന്തു പ്രയോജനം കൈവരുത്തി?
11 രാജാവേ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് പൗലൊസ് അഗ്രിപ്പായുടെ ശ്രേഷ്‌ഠാധികാരത്തെ മാനിച്ചത് നിങ്ങൾ ശ്രദ്ധിച്ചോ? ഇത് ആദരവു പ്രകടമാക്കി. കൂടാതെ വാക്കുകൾ ബുദ്ധിപൂർവം തിരഞ്ഞെടുത്തുകൊണ്ട് പൗലൊസ് അഗ്രിപ്പായെ ബഹുമാനിച്ചു. (1 പത്രൊസ് 2:17) തന്റെ യഹൂദ പ്രജകളുടെ സങ്കീർണമായ ആചാരങ്ങളും നിയമങ്ങളും നന്നായി അറിയാവുന്ന വ്യക്തിയാണ് അഗ്രിപ്പായെന്ന് അപ്പൊസ്‌തലൻ അംഗീകരിച്ചു. അത്തരം ഒരു അഭിജ്ഞനായ ഭരണാധികാരിയുടെ മുന്നിൽ തനിക്കു പ്രതിവാദം ചെയ്യാൻ സാധിക്കുന്നതിൽ താൻ സന്തുഷ്ടനാണെന്നും അവൻ പറഞ്ഞു. ക്രിസ്‌ത്യാനിയായ താൻ ക്രിസ്‌ത്യാനിയല്ലാഞ്ഞ അഗ്രിപ്പായെക്കാൾ ശ്രേഷ്‌ഠനാണ് എന്ന ഭാവത്തിൽ പൗലൊസ് പ്രവർത്തിച്ചില്ല. (ഫിലിപ്പിയർ 2:3) പകരം, തന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കേണമേ എന്ന് പൗലൊസ് രാജാവിനോട് അപേക്ഷിച്ചു. അങ്ങനെ, അഗ്രിപ്പായും മറ്റുള്ള കേൾവിക്കാരും താൻ പറയാൻ പോകുന്ന കാര്യങ്ങൾ സ്വീകരിക്കാൻ കൂടുതൽ സാധ്യതയുള്ള ഒരു അന്തരീക്ഷം പൗലൊസ് അവിടെ ഉണ്ടാക്കിയെടുത്തു. തന്റെ വാദമുഖങ്ങൾ കെട്ടിപ്പടുക്കാൻ അവൻ ഒരു അടിത്തറ, പൊതുവായ ഒരു അടിസ്ഥാനം ഇടുകയായിരുന്നു.
12. രാജ്യഘോഷണ വേലയിൽ നമ്മുടെ ശ്രോതാക്കളുടെ ഹൃദയത്തെ പ്രചോദിപ്പിക്കാൻ നമുക്ക് എങ്ങനെ സാധിക്കും?
12 അഗ്രിപ്പായുടെ മുമ്പിൽ നിന്ന പൗലൊസിനെപ്പോലെ, രാജ്യസന്ദേശം അവതരിപ്പിക്കുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ നമുക്ക് കേൾവിക്കാരന്റെ ഹൃദയത്തെ പ്രചോദിപ്പിക്കുംവിധം സംസാരിക്കാം. നാം സംസാരിക്കുന്ന വ്യക്തിയോട് ആത്മാർഥമായ ആദരവു പ്രകടിപ്പിക്കുന്നതിനാലും അദ്ദേഹത്തിന്റെ അല്ലെങ്കിൽ അവരുടെ പ്രത്യേക പശ്ചാത്തലത്തിലും ചിന്താരീതിയിലും യഥാർഥ താത്‌പര്യം കാണിക്കുന്നതിനാലും നമുക്ക് ഇതു ചെയ്യാൻ കഴിയും.—1 കൊരിന്ത്യർ 9:20-23.
ദൈവവചനം വൈദഗ്‌ധ്യത്തോടെ ഉപയോഗിക്കുക
13. പൗലൊസിനെപ്പോലെ നിങ്ങൾക്ക് നിങ്ങളുടെ ശ്രോതാക്കളെ എങ്ങനെ പ്രചോദിപ്പിക്കാൻ കഴിയും?
13 സുവാർത്തയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ തന്റെ ശ്രോതാക്കളെ പ്രചോദിപ്പിക്കാൻ പൗലൊസ് ആഗ്രഹിച്ചു. (1 തെസ്സലൊനീക്യർ 1:5-8എ) ആ ലക്ഷ്യത്തിൽ പ്രേരണയുടെ ഇരിപ്പിടമായ അവരുടെ ആലങ്കാരിക ഹൃദയത്തെ സ്‌പർശിക്കുംവിധം അവൻ സംസാരിച്ചു. നമുക്ക് അഗ്രിപ്പായുടെ മുന്നിലെ പൗലൊസിന്റെ പ്രതിവാദത്തിലേക്കു മടങ്ങാം. മോശെയും പ്രവാചകന്മാരും പ്രസ്‌താവിച്ച കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് പൗലൊസ് ‘ദൈവവചനം ശരിയായി കൈകാര്യം ചെയ്‌ത’ വിധം നിരീക്ഷിക്കുക.—2 തിമൊഥെയൊസ് 2:15, NW.
14. അഗ്രിപ്പായുടെ മുന്നിൽ നിന്നപ്പോൾ പൗലൊസ് പ്രേരണ കല ഉപയോഗിച്ചത് എങ്ങനെയെന്നു വിശദീകരിക്കുക.
14 അഗ്രിപ്പാ ഒരു നാമധേയ യഹൂദൻ ആയിരുന്നെന്ന് പൗലൊസിന് അറിയാമായിരുന്നു. തന്റെ പ്രസംഗ പ്രവർത്തനത്തിൽ, മിശിഹായുടെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് ‘പ്രവാചകന്മാരും മോശെയും [മുൻകൂട്ടി] പ്രസ്‌താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല’ എന്ന് യഹൂദമതത്തെ കുറിച്ചുള്ള അഗ്രിപ്പായുടെ പരിജ്ഞാനം കണക്കിലെടുത്തുകൊണ്ട് പൗലൊസ് ന്യായവാദം ചെയ്‌തു. (പ്രവൃത്തികൾ 26:22, 23) അഗ്രിപ്പായെ നേരിട്ട് അഭിസംബോധന ചെയ്‌തുകൊണ്ട് പൗലൊസ് ഇങ്ങനെ ചോദിച്ചു: “അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ?” അഗ്രിപ്പാ ധർമസങ്കടത്തിലായി. പ്രവാചകന്മാരിൽ വിശ്വസിക്കുന്നില്ല എന്നു മറുപടി പറഞ്ഞാൽ ഒരു യഹൂദ വിശ്വാസി എന്ന നിലയിലുള്ള അവന്റെ ഖ്യാതി നഷ്ടപ്പെടുമായിരുന്നു. അതേസമയം പൗലൊസിന്റെ ന്യായവാദത്തോടു യോജിച്ചാൽ അപ്പൊസ്‌തലനെ പരസ്യമായി അനുകൂലിക്കുന്നു എന്നു വരും. മാത്രമല്ല, ക്രിസ്‌ത്യാനി എന്ന് ആളുകൾ അദ്ദേഹത്തെ വിളിച്ചു തുടങ്ങുകയും ചെയ്യും. ബുദ്ധിപൂർവം പൗലൊസ് തന്നെ ഉത്തരം പറഞ്ഞു: “വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) അഗ്രിപ്പായുടെ ഹൃദയം എങ്ങനെ ഉത്തരം പറയാൻ അവനെ പ്രേരിപ്പിച്ചു? അവൻ ഇങ്ങനെ പ്രതിവചിച്ചു: “ഞാൻ ക്രിസ്‌ത്യാനിയായിത്തീരുവാൻ നീ എന്നെ അല്‌പംകൊണ്ടു [“അൽപ്പ സമയംകൊണ്ടു,” NW] സമ്മതിപ്പിക്കുന്നു.” (പ്രവൃത്തികൾ 26:27, 28) അഗ്രിപ്പാ ഒരു ക്രിസ്‌ത്യാനി ആയിത്തീർന്നില്ലെങ്കിലും പൗലൊസ് തന്റെ സന്ദേശത്താൽ അവന്റെ ഹൃദയത്തെ ഒരളവോളം സ്വാധീനിച്ചു എന്നതു വ്യക്തമാണ്.—എബ്രായർ 4:12.
15. തെസ്സലൊനീക്യയിൽ ഒരു സഭ സ്ഥാപിക്കാൻ പൗലൊസിനു സാധിച്ചത് എങ്ങനെ?
15 പൗലൊസിന്റെ സുവാർത്താ അവതരണത്തിൽ ഘോഷണവും പ്രേരണയും ഉൾപ്പെട്ടിരുന്നു എന്നത് നിങ്ങൾ ശ്രദ്ധിച്ചോ? ‘ദൈവവചനം ശരിയായി കൈകാര്യം ചെയ്യവേ,’ പൗലൊസിന്റെ ആ സമീപനം നിമിത്തം അവനെ ശ്രദ്ധിച്ച ചിലർ വെറും ശ്രോതാക്കൾ എന്ന നിലയ്‌ക്കു മാറ്റം വരുത്തിക്കൊണ്ട് വിശ്വാസികൾ ആയിത്തീർന്നു. തെസ്സലൊനീക്യയിലെ സിനഗോഗിൽ യഹൂദന്മാരെയും ദൈവഭയമുള്ള വിജാതീയരെയും തേടിപ്പിടിക്കാനായി പൗലൊസ് നടത്തിയ ശ്രമത്തിന്റെ ഫലമായി സംഭവിച്ചത് അതാണ്. പ്രവൃത്തികൾ 17:2-4-ലെ വിവരണം ഇങ്ങനെ പറയുന്നു: ‘പൌലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. ക്രിസ്‌തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്‌ക്കയും ചെയ്യേണ്ടത് എന്ന് തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. അവരിൽ ചിലർ വിശ്വസിച്ചു.’ പൗലൊസ് പ്രേരണാത്മകമായി സംസാരിച്ചു. ദീർഘകാലം മുമ്പേ വാഗ്‌ദത്തം ചെയ്യപ്പെട്ട മിശിഹാ യേശുവാണെന്നു തിരുവെഴുത്തുകൾ ആധാരമാക്കി തെളിയിക്കുകയും വിശദീകരിക്കുകയും ന്യായവാദം ചെയ്യുകയും ചെയ്‌തു. ഫലമോ? അവിടെ വിശ്വാസികളുടെ ഒരു സഭ സ്ഥാപിക്കപ്പെട്ടു.
16. രാജ്യഘോഷണ വേലയിൽ നിങ്ങൾക്കു കൂടുതലായ സന്തോഷം എങ്ങനെ കണ്ടെത്താം?
16 ദൈവവചനത്തെ കുറിച്ചു വിശദീകരിക്കുമ്പോൾ പ്രേരണ കലയിൽ കൂടുതൽ വൈദഗ്‌ധ്യമുള്ളവരായിത്തീരാൻ നിങ്ങൾക്കു കഴിയുമോ? അങ്ങനെയെങ്കിൽ, ദൈവരാജ്യത്തെ കുറിച്ച് ആളുകളോടു പ്രസംഗിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുന്ന വേലയിൽ വ്യക്തിപരമായി കൂടുതൽ സംതൃപ്‌തിയും സന്തോഷവും നിങ്ങൾ കണ്ടെത്തും. പ്രസംഗവേലയിൽ ബൈബിൾ കൂടുതലായി ഉപയോഗിക്കാനുള്ള നിർദേശങ്ങൾ പ്രാവർത്തികമാക്കിയിരിക്കുന്ന സുവാർത്ത ഘോഷകരുടെ അനുഭവം ഇതായിരുന്നിട്ടുണ്ട്.
17. ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്നത് പ്രയോജനപ്രദം ആയിരിക്കുന്നത് എങ്ങനെ എന്നു കാണിക്കാൻ വ്യക്തിപരമായ ഒരു അനുഭവമോ ഈ ഖണ്ഡികയിൽ നൽകിയിരിക്കുന്നതിന്റെ ചുരുക്കമോ പറയുക.
17 ദൃഷ്ടാന്തത്തിന്, യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാര മേൽവിചാരകൻ ഇങ്ങനെ എഴുതി: “വീടുതോറുമുള്ള സാക്ഷീകരണ വേലയിൽ അനേകം സഹോദരീസഹോദരന്മാർ ഇപ്പോൾ ബൈബിൾ കൈയിൽ പിടിച്ചുകൊണ്ടു പോകുന്നു. തങ്ങൾ കണ്ടുമുട്ടുന്ന അനേകരെയും ഒരു തിരുവെഴുത്തു വായിച്ചു കേൾപ്പിക്കാൻ ഇത് പ്രസാധകരെ സഹായിച്ചിരിക്കുന്നു. ഇത് നമ്മുടെ ശുശ്രൂഷയെ പുസ്‌തകങ്ങളും മാസികകളുമായി മാത്രം ബന്ധപ്പെടുത്തുന്നതിനു പകരം ബൈബിളുമായി ബന്ധപ്പെടുത്താൻ വീട്ടുകാരനെയും പ്രസാധകനെയും സഹായിച്ചിട്ടുണ്ട്.” പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ബൈബിൾ മറ്റുള്ളവർക്കു കാണാവുന്നവണ്ണം കൊണ്ടുപോകണമോ വേണ്ടയോ എന്നത് തീർച്ചയായും നാട്ടുനടപ്പുകൾ ഉൾപ്പെടെ വ്യത്യസ്‌ത ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എന്നിരുന്നാലും, രാജ്യസന്ദേശം സ്വീകരിക്കാൻ തക്കവണ്ണം മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിന് ദൈവവചനം വൈദഗ്‌ധ്യത്തോടെ ഉപയോഗിക്കുന്നവർ എന്ന ഖ്യാതിയുള്ളവരായിരിക്കാൻ നാം ആഗ്രഹിക്കണം.
ശുശ്രൂഷ സംബന്ധിച്ച് ദൈവത്തിന്റെ കാഴ്‌ചപ്പാട് ഉണ്ടായിരിക്കുക
18, 19. (എ) ദൈവം നമ്മുടെ ശുശ്രൂഷയെ എങ്ങനെ വീക്ഷിക്കുന്നു, നാം അവന്റെ കാഴ്‌ചപ്പാട് നട്ടുവളർത്തേണ്ടത് എന്തുകൊണ്ട്? (ബി) വിജയപ്രദമായ മടക്കസന്ദർശനങ്ങൾ നടത്താൻ നമ്മെ എന്തു സഹായിക്കും? (16-ാം പേജിലെ “മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ വിജയപ്രദരായിരിക്കാൻ കഴിയുന്ന വിധം” എന്ന ചതുരം കാണുക.)
18 ശുശ്രൂഷ സംബന്ധിച്ച് ദൈവത്തിന്റെ കാഴ്‌ചപ്പാട് ഉണ്ടായിരിക്കുന്നതും ക്ഷമയുള്ളവർ ആയിരിക്കുന്നതുമാണ് ശ്രോതാക്കളുടെ ഹൃദയത്തിൽ എത്തിച്ചേരാനുള്ള മറ്റൊരു വഴി. എല്ലാത്തരം മനുഷ്യരും ‘സത്യത്തിന്റെ സൂക്ഷ്‌മപരിജ്ഞാനത്തിൽ എത്തണമെന്നാണ്’ ദൈവത്തിന്റെ ഇഷ്ടം. (1 തിമൊഥെയൊസ് 2:3, 4, NW) അതുതന്നെയല്ലേ നമ്മുടെയും ആഗ്രഹം? കൂടാതെ, യഹോവ ക്ഷമയുള്ളവനാണ്, അവന്റെ ക്ഷമ അനുതാപത്തിലേക്കു വരാൻ അനേകർക്ക് അവസരം നൽകുന്നു. (2 പത്രൊസ് 3:9) തന്നിമിത്തം, രാജ്യസന്ദേശത്തിനു ചെവിതരാൻ ഒരുക്കമുള്ള ഒരാളെ കണ്ടെത്തുമ്പോൾ ആ താത്‌പര്യം വളർത്തിയെടുക്കത്തക്കവണ്ണം നാം ആവർത്തിച്ചു മടങ്ങിച്ചെല്ലേണ്ടത് ആവശ്യമായിരുന്നേക്കാം. സത്യത്തിന്റെ വിത്തുകൾ വളർന്നുവരുന്നതു നിരീക്ഷിക്കാൻ സമയവും ക്ഷമയും ആവശ്യമാണ്. (1 കൊരിന്ത്യർ 3:6) “മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ വിജയപ്രദരായിരിക്കാൻ കഴിയുന്ന വിധം” എന്ന അനുബന്ധ ചതുരത്തിൽ അത്തരം താത്‌പര്യം വളർത്തിയെടുക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഓർമിക്കുക, ആളുകളുടെ ജീവിതം—അവരുടെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും—അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. അവരെ വീട്ടിൽ കണ്ടെത്താൻ പല പ്രാവശ്യം ശ്രമിക്കേണ്ടതുണ്ടാകാം, പക്ഷേ ആ ശ്രമങ്ങൾ മൂല്യവത്താണ്. ദൈവത്തിന്റെ രക്ഷാസന്ദേശം കേൾക്കുന്നതിന് അവർക്ക് ഒരു അവസരം പ്രദാനം ചെയ്യാൻ നാം ആഗ്രഹിക്കുന്നു. അതുകൊണ്ട്, രാജ്യസന്ദേശം സ്വീകരിക്കാൻ മറ്റുള്ളവരെ സഹായിക്കുന്ന വേലയിൽ പ്രേരണാ വൈദഗ്‌ധ്യം വികസിപ്പിക്കുന്നതിനുള്ള ജ്ഞാനത്തിനായി യഹോവയോടു പ്രാർഥിക്കുക.
19 രാജ്യസന്ദേശത്തെ കുറിച്ച് കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തിക്കഴിഞ്ഞാൽ ക്രിസ്‌തീയ വേലക്കാർ എന്ന നിലയിൽ നമുക്ക് മറ്റെന്തുകൂടെ ചെയ്യാനാകും? അടുത്ത ലേഖനം അതു സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകുന്നു.
[അടിക്കുറിപ്പ്]
^ ഖ. 8 പ്രേരണാത്മകമായി എങ്ങനെ സംസാരിക്കാം എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിന്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകത്തിന്റെ 48, 49 പാഠങ്ങൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• അഗ്രിപ്പാ രാജാവിന്റെ മുമ്പാകെയുള്ള പൗലൊസിന്റെ പ്രതിവാദത്തെ ഫലപ്രദമാക്കിയത് എന്ത്?
• നമ്മുടെ സന്ദേശത്തിന് ഹൃദയത്തെ പ്രചോദിപ്പിക്കാൻ എങ്ങനെ കഴിയും?
• ഹൃദയത്തിൽ എത്തിച്ചേരുന്നതിൽ ദൈവവചനം ഫലപ്രദമായി ഉപയോഗിക്കാൻ നമ്മെ എന്തു സഹായിക്കും?
• ദൈവത്തിന്റെ കാഴ്‌ചപ്പാടിൽ നിന്ന് ശുശ്രൂഷയെ നമുക്ക് എങ്ങനെ നോക്കിക്കാണാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[16 -ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ വിജയപ്രദരായിരിക്കാൻ കഴിയുന്ന വിധം
• ആളുകളിൽ ആത്മാർഥമായ വ്യക്തിഗത താത്‌പര്യം പ്രകടമാക്കുക.
• ചർച്ച ചെയ്യുന്നതിന് ആകർഷകമായ ഒരു ബൈബിൾ വിഷയം തിരഞ്ഞെടുക്കുക.
• ഓരോ തവണയും അടുത്ത സന്ദർശനത്തിനുള്ള അടിത്തറ പാകുക.
• തിരിച്ചുപോന്ന ശേഷം ആ വ്യക്തിയെ കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുക.
• താത്‌പര്യം കാണിച്ച വ്യക്തിയുടെ അടുക്കൽ പെട്ടെന്നുതന്നെ, ഒരുപക്ഷേ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മടങ്ങിച്ചെല്ലുക.
• നിങ്ങളുടെ ലക്ഷ്യം ഒരു ഭവന ബൈബിളധ്യയനം തുടങ്ങുകയാണ് എന്ന കാര്യം മനസ്സിൽ പിടിക്കുക.
• യഹോവ താത്‌പര്യത്തെ വളർത്തേണ്ടതിന് പ്രാർഥിക്കുക.
[15 -ാം പേജിലെ ചിത്രം]
ഗവർണർ ഫെസ്‌തൊസിന്റെയും അഗ്രിപ്പാ രാജാവിന്റെയും മുമ്പാകെ പൗലൊസ് പ്രേരണ കല ഉപയോഗിച്ചു