വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ജന്മനക്ഷത്രക്കല്ലുകൾ അഥവാ രാശിമണികൾ ഉപയോഗിക്കുന്നതിനെ ക്രിസ്‌ത്യാനികൾ എങ്ങനെ വീക്ഷിക്കണം?

ചില സംസ്‌കാരങ്ങളിൽ, ഒരു വ്യക്തി ജനിച്ച മാസത്തോടു ബന്ധപ്പെട്ടതാണ്‌ ജന്മനക്ഷത്രക്കല്ലുകൾ (birthstones). ഒരു ക്രിസ്‌ത്യാനി ഒരു പ്രത്യേക രത്‌നക്കല്ല്‌ പതിച്ച മോതിരം അണിയണോ വേണ്ടയോ എന്നുള്ളത്‌ വ്യക്തിപരമായ തീരുമാനമാണ്‌. (ഗലാത്യർ 6:5) ആ തീരുമാനം എടുക്കുന്നതിൽ പരിഗണിക്കേണ്ട സുപ്രധാനമായ ചില ഘടകങ്ങളുണ്ട്‌.

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്‌താവിക്കുന്ന പ്രകാരം “ഒരു വ്യക്തിയുടെ ജനനത്തീയതിയോടു ബന്ധപ്പെട്ട രത്‌നക്കല്ലാണ്‌” ജന്മനക്ഷത്രക്കല്ല്‌. “അത്‌ അണിയുന്നത്‌ സൗഭാഗ്യം അല്ലെങ്കിൽ ആരോഗ്യം കൈവരുത്തുന്നു എന്ന്‌ പൊതുവേ കരുതപ്പെടുന്നു.” ഈ പരാമർശഗ്രന്ഥം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ചില രത്‌നക്കല്ലുകൾക്ക്‌ പ്രകൃത്യാതീത ശക്തിയുള്ളതായി പണ്ടുമുതലേ ജോത്സ്യന്മാർ അവകാശപ്പെട്ടിട്ടുണ്ട്‌.”

ജന്മനക്ഷത്രക്കല്ല്‌ ധരിക്കുന്നവർക്ക്‌ അതു സൗഭാഗ്യം കൈവരുത്തുമെന്ന്‌ വിശേഷിച്ചും പുരാതന നാളുകളിൽ അനേകർ വിശ്വസിച്ചിരുന്നു. ഒരു സത്യക്രിസ്‌ത്യാനി ഇതു വിശ്വസിക്കുന്നുണ്ടോ? ഇല്ല, കാരണം തന്നെ ഉപേക്ഷിച്ച്‌ ‘ഭാഗ്യദേവനിൽ’ ആശ്രയിച്ചവരെ യഹോവ കുറ്റംവിധിച്ചു എന്ന്‌ ആ വ്യക്തിക്ക്‌ അറിയാം.​—⁠യെശയ്യാവു 65:​11, പി.ഒ.സി. ബൈബിൾ.

മധ്യയുഗങ്ങളിൽ ഭാവികഥനക്കാർ വർഷത്തിലെ ഓരോ മാസത്തിനും അല്ലെങ്കിൽ രാശിക്കും ഒരു രത്‌നക്കല്ല്‌ തിരഞ്ഞെടുത്തു. ഓരോരുത്തർക്കും അവരവർ ജനിച്ച മാസത്തിന്റെ കല്ല്‌ സംരക്ഷണം പ്രദാനം ചെയ്യുമെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അതു ധരിക്കാൻ അവർ ആളുകളെ പ്രോത്സാഹിപ്പിച്ചു. എന്നാൽ ഭാവികഥനക്കാരുടെ നിർദേശം അനുസരിക്കുന്നത്‌ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുപരമായി തെറ്റായിരിക്കും. എന്തുകൊണ്ടെന്നാൽ ബൈബിൾ അവരെ കുറ്റംവിധിക്കുന്നു.​—⁠ആവർത്തനപുസ്‌തകം 18:9-12.

ഒരു മോതിരത്തിൽ ജന്മനക്ഷത്രക്കല്ല്‌ പതിപ്പിച്ചിട്ടുണ്ട്‌ എന്നതിനാൽ അതിനു പ്രത്യേക പ്രാധാന്യം കൽപ്പിക്കുന്നതും ക്രിസ്‌ത്യാനികൾക്കു ചേർന്നതല്ല. യഹോവയുടെ സാക്ഷികൾ ജന്മദിനം ആഘോഷിക്കുന്നില്ല. അത്തരം ആഘോഷങ്ങൾ ഒരു വ്യക്തിക്ക്‌ അമിത പ്രാധാന്യം കൊടുക്കുന്നു എന്നതിനാലും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജന്മദിനങ്ങൾ ദൈവത്തെ സേവിക്കാഞ്ഞ ഭരണാധികാരികളുടേതുമാത്രം ആയിരിക്കുന്നതിനാലുമാണ്‌ അത്‌.—ഉല്‌പത്തി 40:20; മത്തായി 14:6-10.

ജന്മനക്ഷത്രക്കല്ല്‌ പതിച്ച മോതിരത്തിന്‌ അണിയുന്ന ആളിന്റെ വ്യക്തിത്വത്തിന്മേൽ നല്ല പ്രഭാവം ചെലുത്താൻ കഴിയുമെന്ന്‌ ചിലയാളുകൾ കരുതുന്നു. എന്നിരുന്നാലും, സത്യക്രിസ്‌ത്യാനികൾ ഇതു വിശ്വസിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻകീഴിൽ, തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ ആണ്‌ “പുതിയ വ്യക്തിത്വം” ധരിക്കാൻ കഴിയുന്നത്‌ എന്ന്‌ അവർ തിരിച്ചറിയുന്നു.​—⁠എഫെസ്യർ 4:22-24, NW.

ആന്തരമാണ്‌ സുപ്രധാനമായ ഒരു ഘടകം. ജന്മനക്ഷത്രക്കല്ല്‌ പതിച്ച ഒരു മോതിരം അണിയണോ വേണ്ടയോ എന്നു തീരുമാനിക്കവേ ഒരു ക്രിസ്‌ത്യാനിക്ക്‌ തന്നോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘ജന്മനക്ഷത്രക്കല്ല്‌ എന്നു വിളിക്കപ്പെടുന്ന രത്‌നക്കല്ല്‌ ആണ്‌ സന്ദർഭവശാൽ ഇതിലുള്ളതെങ്കിലും, ആ രത്‌നത്തിന്റെ ഭംഗികൊണ്ടു മാത്രമാണോ ഞാൻ ഈ മോതിരം അണിയാൻ ആഗ്രഹിക്കുന്നത്‌? അതോ അത്തരം രത്‌നങ്ങളോടുള്ള ബന്ധത്തിൽ ചിലയാളുകൾക്കുള്ള അന്ധവിശ്വാസപരമായ ധാരണകൾ എന്നെ കുറച്ചൊക്കെ സ്വാധീനിച്ചിട്ടുണ്ടോ?’

ഒരു ക്രിസ്‌ത്യാനി തന്റെ ആന്തരം എന്താണെന്നു കണ്ടുപിടിക്കുന്നതിന്‌ സ്വന്തം ഹൃദയം പരിശോധിക്കണം. “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു; കാരണം “ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത്‌.” (സദൃശവാക്യങ്ങൾ 4:23) ജന്മനക്ഷത്രക്കല്ലുകൾ സംബന്ധിച്ച്‌ തീരുമാനം എടുക്കുമ്പോൾ, ഓരോ ക്രിസ്‌ത്യാനിയും തന്റെ ആന്തരവും താൻ തിരഞ്ഞെടുക്കുന്ന ഗതി തന്റെമേലും മറ്റുള്ളവരുടെമേലും എന്തു ഫലം കൈവരുത്തിയേക്കാം എന്നുള്ളതും പരിഗണിക്കുന്നത്‌ നന്നായിരിക്കും.​—⁠റോമർ 14:13.