വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിഷ്യരെ ഉളവാക്കുകയെന്ന ലക്ഷ്യത്തിൽ പ്രസംഗിക്കുക

ശിഷ്യരെ ഉളവാക്കുകയെന്ന ലക്ഷ്യത്തിൽ പ്രസംഗിക്കുക

ശിഷ്യരെ ഉളവാക്കുകയെന്ന ലക്ഷ്യത്തിൽ പ്രസംഗിക്കുക

“അക്വിലാസും പ്രിസ്‌കില്ലയും . . . [അപ്പൊല്ലോസിന്റെ] പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്‌പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.”​—⁠പ്രവൃത്തികൾ 18:26.

1. (എ) ‘ആത്മാവിൽ എരിവുള്ളവൻ’ ആയിരുന്നെങ്കിലും അപ്പൊല്ലോസിന്‌ എന്തിന്റെ അഭാവം ഉണ്ടായിരുന്നു? (ബി) തന്റെ ആത്മീയമായ കുറവു പരിഹരിക്കാൻ അപ്പൊല്ലോസ്‌ എന്തു ചെയ്യേണ്ടതുണ്ടായിരുന്നു?

ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്‌തീയ ദമ്പതികളായ അക്വിലാസും പ്രിസ്‌കില്ലയും, എഫെസൊസ്‌ നഗരത്തിലെ ഒരു സിനഗോഗിൽ അപ്പൊല്ലോസ്‌ പ്രസംഗം നടത്തുന്നതു നിരീക്ഷിച്ചു. വാക്‌ചാതുര്യത്താലും പ്രേരണാശക്തിയാലും അപ്പൊല്ലോസിന്‌ തന്റെ സദസ്സിനെ പിടിച്ചിരുത്താൻ കഴിഞ്ഞിരുന്നു. ‘ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്‌തുത സൂക്ഷ്‌മമായി ഉപദേശിച്ചു.’ എന്നിരുന്നാലും, അവൻ ‘യോഹന്നാന്റെ സ്‌നാനത്തെക്കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളൂ’ എന്നു പ്രകടമായിരുന്നു. അപ്പൊല്ലോസ്‌ ക്രിസ്‌തുവിനെ കുറിച്ച്‌ പ്രസംഗിച്ചിടത്തോളമൊക്കെ സത്യമായിരുന്നു. എന്നാൽ ക്രിസ്‌തുവിനെ കുറിച്ച്‌ അവനു പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു എന്നതായിരുന്നു പ്രശ്‌നം. യഹോവയുടെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരത്തിൽ യേശുക്രിസ്‌തു വഹിക്കുന്ന പങ്കിനെ കുറിച്ച്‌ അപ്പൊല്ലോസ്‌ തന്റെ പരിജ്ഞാനം വർധിപ്പിക്കേണ്ടതുണ്ടായിരുന്നു.​—⁠പ്രവൃത്തികൾ 18:24-26.

2. അക്വിലാസും പ്രിസ്‌കില്ലയും ഏതു വെല്ലുവിളി സ്വീകരിച്ചു?

2 ക്രിസ്‌തു കൽപ്പിച്ചത്‌ “ഒക്കെയും” പ്രമാണിക്കാൻ കഴിയുന്ന ഒരു വ്യക്തി ആയിത്തീരുന്നതിന്‌ അപ്പൊല്ലോസിനെ സഹായിക്കാൻ അക്വിലാസും പ്രിസ്‌കില്ലയും നിസ്സന്ദേഹം മുന്നോട്ടുവന്നു. (മത്തായി 28:19, 20) അവർ “അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്‌പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു” എന്ന്‌ വിവരണം പറയുന്നു. എന്നിരുന്നാലും, അപ്പൊല്ലോസിനെ പഠിപ്പിക്കാൻ ചില ക്രിസ്‌ത്യാനികൾ സന്ദേഹിക്കാൻ ഇടയാക്കുമായിരുന്ന ചില വസ്‌തുതകൾ അവനെ സംബന്ധിച്ചുണ്ടായിരുന്നു. എന്തു വസ്‌തുതകൾ? അപ്പൊല്ലോസുമായി തിരുവെഴുത്തുകൾ ചർച്ച ചെയ്യാൻ അക്വിലാസും പ്രിസ്‌കില്ലയും നടത്തിയ ശ്രമത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? ഈ ചരിത്ര വിവരണം ഒന്നു പുനരവലോകനം ചെയ്യുന്നത്‌ ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ എങ്ങനെ സഹായിക്കും?

ആളുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുക

3. അപ്പൊല്ലോസിന്റെ പശ്ചാത്തലം അവനെ ഉപദേശിക്കുന്നതിൽനിന്ന്‌ അക്വിലാസിനെയും പ്രിസ്‌കില്ലയെയും തടയാഞ്ഞത്‌ എന്തുകൊണ്ട്‌?

3 യഹൂദ വംശത്തിൽ പിറന്ന അപ്പൊല്ലോസ്‌ വ്യക്തമായും അലക്‌സാൻഡ്രിയ നഗരത്തിലാണ്‌ വളർന്നത്‌. അലക്‌സാൻഡ്രിയ അന്ന്‌ ഈജിപ്‌തിന്റെ തലസ്ഥാനവും ഒരു ഉപരിപഠന കേന്ദ്രവും ആയിരുന്നു. അവിടത്തെ മഹാ ഗ്രന്ഥശാല ലോകപ്രശസ്‌തമായിരുന്നു. പണ്ഡിതന്മാർ ഉൾപ്പെടെ ഒരു വലിയ യഹൂദ സമൂഹം അവിടെ പാർത്തിരുന്നു. അങ്ങനെയാണ്‌ എബ്രായ തിരുവെഴുത്തുകളുടെ സെപ്‌റ്റുവജിന്റ്‌ എന്ന്‌ അറിയപ്പെടുന്ന ഗ്രീക്കു പരിഭാഷ അവിടെ ഉത്‌പാദിപ്പിക്കപ്പെട്ടത്‌. തന്മൂലം അപ്പൊല്ലോസ്‌ ‘തിരുവെഴുത്തുകളിൽ സാമർത്ഥ്യമുള്ളവൻ’ ആയിരുന്നു എന്നതിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ല. അക്വിലാസും പ്രിസ്‌കില്ലയും കൂടാരപ്പണി ചെയ്യുന്നവർ ആയിരുന്നു. അപ്പൊല്ലോസിന്റെ വാക്‌ചാതുര്യം അവരെ അധൈര്യപ്പെടുത്തിയോ? ഇല്ല. സ്‌നേഹത്താൽ പ്രേരിതരായ അവർ അവനെയും അവന്റെ ആവശ്യങ്ങളെയും തങ്ങൾക്ക്‌ അവനെ എങ്ങനെ സഹായിക്കാൻ കഴിയും എന്നതിനെയും കുറിച്ചാണു ചിന്തിച്ചത്‌.

4. അപ്പൊല്ലോസിന്‌ ആവശ്യമായിരുന്ന സഹായം എവിടെനിന്ന്‌, എങ്ങനെ ലഭ്യമായി?

4 അപ്പൊല്ലോസ്‌ എത്ര പ്രഗത്ഭനായ ഒരു വാഗ്മിയായിരുന്നെങ്കിലും അവനു മാർഗനിർദേശത്തിന്റെ ആവശ്യമുണ്ടായിരുന്നു. അവന്‌ ആവശ്യമായിരുന്ന സഹായം ഏതെങ്കിലും സർവകലാശാലയിൽ നിന്നു ലഭിക്കുന്നതായിരുന്നില്ല. മറിച്ച്‌ സഹ ക്രിസ്‌തീയ സഭാംഗങ്ങൾക്കേ അതു നൽകാൻ കഴിയുമായിരുന്നുള്ളൂ. രക്ഷയ്‌ക്കുള്ള ദൈവത്തിന്റെ ക്രമീകരണം സംബന്ധിച്ച്‌ കൂടുതൽ കൃത്യമായ ഗ്രാഹ്യം പ്രദാനം ചെയ്യുമായിരുന്ന ആശയങ്ങളിൽനിന്ന്‌ അപ്പൊല്ലോസ്‌ പ്രയോജനം നേടാൻ പോകുകയായിരുന്നു. അക്വിലാസും പ്രിസ്‌കില്ലയും “അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്‌പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.”

5. അക്വിലാസിന്റെയും പ്രിസ്‌കില്ലയുടെയും ആത്മീയതയെ കുറിച്ച്‌ എന്തു പറയാൻ കഴിയും?

5 അക്വിലാസും പ്രിസ്‌കില്ലയും ആത്മീയമായി ബലിഷ്‌ഠരും വിശ്വാസത്തിൽ ഉറച്ചവരും ആയിരുന്നു. “പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും” അത്‌ ധനവാനായാലും ദരിദ്രനായാലും പണ്ഡിതനായാലും അടിമയായാലും “പ്രതിവാദം പറവാൻ [അവർ] എപ്പോഴും ഒരുങ്ങി”യിരുന്നവർ ആയിരുന്നിരിക്കണം. (1 പത്രൊസ്‌ 3:15) ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യാൻ’ അക്വിലാസിനും ഭാര്യയ്‌ക്കും കഴിഞ്ഞിരുന്നു. (2 തിമൊഥെയൊസ്‌ 2:​15, NW) വ്യക്തമായും, അവർ തിരുവെഴുത്തുകൾ സഗൗരവം പഠിച്ചിരുന്നു. “ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആയ ‘ദൈവവചനത്തിൽ’ അധിഷ്‌ഠിതമായ പ്രബോധനം അപ്പൊല്ലോസിനെ ആഴമായി സ്‌പർശിച്ചു, അത്‌ അവന്റെ ഹൃദയത്തെ സ്വാധീനിച്ചു.​—⁠എബ്രായർ 4:12, NW.

6. അപ്പൊല്ലോസ്‌ തനിക്കു ലഭിച്ച സഹായത്തെ വിലമതിച്ചു എന്ന്‌ നമുക്ക്‌ എങ്ങനെ മനസ്സിലാക്കാം?

6 അപ്പൊല്ലോസ്‌ തന്റെ അധ്യാപകരുടെ മാതൃകയെ വിലമതിച്ചു. ശിഷ്യരെ ഉളവാക്കുന്നതിൽ അവൻ കൂടുതൽ പ്രാവീണ്യം സിദ്ധിച്ചവൻ ആയിത്തീർന്നു. സുവാർത്ത ഘോഷണ വേലയിൽ, വിശേഷിച്ചും യഹൂദ സമൂഹത്തിൽ, അവൻ തന്റെ പരിജ്ഞാനം നന്നായി പ്രയോജനപ്പെടുത്തി. ക്രിസ്‌തുവിനെ സംബന്ധിച്ച്‌ യഹൂദന്മാരെ സമ്മതിപ്പിക്കുന്നതിൽ അപ്പൊല്ലോസ്‌ അസാധാരണമാംവിധം ഉപയുക്തനായിരുന്നു. പുരാതന നാളുകളിലെ സകല പ്രവാചകന്മാരും ക്രിസ്‌തുവിന്റെ വരവിനായി കാത്തിരുന്നു എന്ന്‌ അവർക്കു തെളിയിച്ചു കൊടുക്കാൻ, ‘തിരുവെഴുത്തുകൾ ശക്തമായി ഉപയോഗിക്കാൻ കഴിവുണ്ടായിരുന്ന’ അപ്പൊല്ലോസിനു സാധിച്ചു. (പ്രവൃത്തികൾ 18:​24, രാജ്യവരിമധ്യ ഭാഷാന്തരം) തുടർന്ന്‌ അവൻ അഖായയിലേക്കു പോയെന്നും, ‘അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തീർന്നുകൊണ്ട്‌ യേശുതന്നേ ക്രിസ്‌തു എന്നു തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു’ എന്നും വിവരണം പറയുന്നു.​—⁠പ്രവൃത്തികൾ 18:27, 28.

മറ്റ്‌ അധ്യാപകരുടെ മാതൃകയിൽനിന്നു പഠിക്കുക

7. അക്വിലാസും പ്രിസ്‌കില്ലയും പ്രഗത്ഭരായ അധ്യാപകർ ആയിത്തീർന്നത്‌ എങ്ങനെ?

7 അക്വിലാസും പ്രിസ്‌കില്ലയും ദൈവവചനത്തിന്റെ പ്രഗത്ഭരായ അധ്യാപകർ ആയിത്തീർന്നത്‌ എങ്ങനെ? വ്യക്തിപരമായ പഠനം, യോഗഹാജർ എന്നിവയിലെ ശുഷ്‌കാന്തിയോടൊപ്പം അപ്പൊസ്‌തലനായ പൗലൊസിനോട്‌ അടുത്തു സഹവസിക്കാൻ കഴിഞ്ഞതും അവരെ ഏറെ സഹായിച്ചിട്ടുണ്ടാവണം. കൊരിന്തിൽ അക്വിലാസിന്റെയും പ്രിസ്‌കില്ലയുടെയും ഭവനത്തിൽ പൗലൊസ്‌ 18 മാസം താമസിക്കുകയുണ്ടായി. കൂടാരങ്ങൾ നിർമിക്കുകയും കേടുപോക്കുകയും ചെയ്യുന്ന ജോലിയിൽ അവർ ഒത്തൊരുമിച്ച്‌ ഏർപ്പെട്ടു. (പ്രവൃത്തികൾ 18:2, 3) ആ കാലയളവിൽ ആഴമേറിയ ആത്മീയ വിഷയങ്ങളെപ്പറ്റി അവർ ആസ്വദിച്ചിരിക്കാൻ ഇടയുള്ള സംഭാഷണങ്ങളെ കുറിച്ച്‌ ഒന്നു സങ്കൽപ്പിച്ചു നോക്കൂ. പൗലൊസുമായുള്ള ആ സഹവാസം ആത്മീയമായി അവർക്ക്‌ എത്ര വലിയ ഒരു മുതൽക്കൂട്ടായിരുന്നിരിക്കണം! “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും” എന്ന്‌ സദൃശവാക്യങ്ങൾ 13:20 പറയുന്നു. നല്ല സഹവാസം അവരുടെ ആത്മീയ ശീലങ്ങളുടെ മേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തി.​—⁠1 കൊരിന്ത്യർ 15:​33, NW.

8. പൗലൊസിന്റെ ശുശ്രൂഷ നിരീക്ഷിച്ചതിൽനിന്ന്‌ പ്രിസ്‌കില്ലയും അക്വിലാസും എന്തു പഠിച്ചു?

8 ഒരു രാജ്യഘോഷകൻ എന്ന നിലയിലുള്ള പൗലൊസിന്റെ പ്രവർത്തനം നിരീക്ഷിച്ചപ്പോൾ ഒരു നല്ല അധ്യാപകന്റെ ഉത്തമ മാതൃകയാണ്‌ പ്രിസ്‌കില്ലയും അക്വിലാസും അവനിൽ കണ്ടത്‌. പൗലൊസ്‌ “ശബ്ബത്ത്‌തോറും . . . [കൊരിന്തിലെ] പള്ളിയിൽ [“സിനഗോഗിൽ,” NW] സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു” എന്ന്‌ പ്രവൃത്തികളുടെ പുസ്‌തകത്തിലെ വിവരണം പ്രസ്‌താവിക്കുന്നു. പിന്നീട്‌, ശീലാസും തിമൊഥെയൊസും അവനോടൊപ്പം ചേർന്നപ്പോൾ, “പൌലൊസ്‌ വചനഘോഷണത്തിൽ ശുഷ്‌കാന്തിപൂണ്ടു യേശു തന്നേ ക്രിസ്‌തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.” സിനഗോഗിലെ അംഗങ്ങൾക്കിടയിൽ താത്‌പര്യമൊന്നും കാണാതായപ്പോൾ പൗലൊസ്‌ തന്റെ പ്രസംഗ പ്രവർത്തനത്തിന്റെ കേന്ദ്രം കൂടുതൽ അനുകൂലമായ ഒരു സ്ഥലത്തേക്ക്‌, സിനഗോഗിനോടു ചേർന്നുള്ള ഒരു വീട്ടിലേക്കു മാറ്റിയത്‌ പ്രിസ്‌കില്ലയും അക്വിലാസും നിരീക്ഷിച്ചു. അവിടെവെച്ച്‌ “പള്ളിപ്രമാണിയായ” ക്രിസ്‌പൊസിനെ ശിഷ്യനായിത്തീരുന്നതിൽ സഹായിക്കാൻ പൗലൊസിനു സാധിച്ചു. അദ്ദേഹം ശിഷ്യനായിത്തീർന്നത്‌ ആ പ്രദേശത്ത്‌ വളരെ ശക്തവും ഫലപ്രദവുമായ ഒരു സ്വാധീനം ചെലുത്തി എന്ന്‌ പ്രിസ്‌കില്ലയും അക്വിലാസും നിരീക്ഷിച്ചിരിക്കാൻ സാധ്യതയുണ്ട്‌. വിവരണം ഇങ്ങനെ പറയുന്നു: “ക്രിസ്‌പൊസ്‌ തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്‌നാനം ഏററു.”​—⁠പ്രവൃത്തികൾ 18:4-8.

9. പ്രിസ്‌കില്ലയും അക്വിലാസും പൗലൊസ്‌ വെച്ച മാതൃകയോടു പ്രതികരിച്ചത്‌ എങ്ങനെ?

9 വയൽശുശ്രൂഷയിലെ പൗലൊസിന്റെ മാതൃക പ്രിസ്‌കില്ലയെയും അക്വിലാസിനെയും പോലുള്ള മറ്റ്‌ രാജ്യഘോഷകർ അനുകരിച്ചു. പൗലൊസ്‌ അപ്പൊസ്‌തലൻ മറ്റു ക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.” (1 കൊരിന്ത്യർ 11:1) പൗലൊസിന്റെ മാതൃകയ്‌ക്കു ചേർച്ചയിൽ, പ്രിസ്‌കില്ലയും അക്വിലാസും ക്രിസ്‌തീയ ഉപദേശങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ അപ്പൊല്ലോസിനെ സഹായിച്ചു. അവനാകട്ടെ മറ്റനേകരെ സഹായിച്ചു. റോമിലും കൊരിന്തിലും എഫെസൊസിലും ശിഷ്യന്മാരെ ഉളവാക്കുന്നതിൽ പ്രിസ്‌കില്ലയും അക്വിലാസും സഹായിച്ചു എന്നതിന്‌ യാതൊരു സംശയവുമില്ല.​—⁠പ്രവൃത്തികൾ 18:1, 2, 18, 19; റോമർ 16:3-5.

10. ശിഷ്യരാക്കൽ വേലയിൽ നിങ്ങളെ സഹായിക്കുന്ന എന്ത്‌ പ്രവൃത്തികൾ 18-ാം അധ്യായത്തിൽ നിന്നു നിങ്ങൾ പഠിക്കുകയുണ്ടായി?

10 പ്രവൃത്തികൾ 18-ാം അധ്യായത്തിന്റെ പരിചിന്തനത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? അക്വിലാസും പ്രിസ്‌കില്ലയും പൗലൊസിൽനിന്നു പഠിച്ചിരിക്കാവുന്നതുപോലെ, ദൈവവചനം പഠിപ്പിക്കുന്നതിൽ പ്രവീണരായവരുടെ ദൃഷ്ടാന്തം അനുകരിക്കുകവഴി ശിഷ്യരെ ഉളവാക്കാനുള്ള പ്രാപ്‌തി നമുക്കും മെച്ചപ്പെടുത്താനാവും. “വചനഘോഷണത്തിൽ ശുഷ്‌കാന്തിപൂണ്ടു” പ്രവർത്തിക്കുകയും മറ്റുള്ളവർക്ക്‌ ‘സമഗ്ര സാക്ഷ്യം’ നൽകുകയും ചെയ്യുന്നവരുമായി നമുക്കു സഹവസിക്കാൻ കഴിയും. (പ്രവൃത്തികൾ 18:​5, രാജ്യവരിമധ്യ ഭാഷാന്തരം) പ്രേരണാത്മകമായ പഠിപ്പിക്കൽ വൈദഗ്‌ധ്യങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ അവർ ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരുന്നത്‌ എങ്ങനെ എന്നു നമുക്കു നിരീക്ഷിക്കാൻ സാധിക്കും. അത്തരം വൈദഗ്‌ധ്യങ്ങൾ ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കും. നമ്മോടൊപ്പം ഒരു വ്യക്തി ബൈബിൾ പഠിക്കുമ്പോൾ, കുടുംബാംഗങ്ങളെയോ അയൽക്കാരെയോ അധ്യയനത്തിൽ സംബന്ധിക്കുന്നതിനു ക്ഷണിക്കാൻ ആ വ്യക്തിയോടു നമുക്കു നിർദേശിക്കാവുന്നതാണ്‌. അല്ലെങ്കിൽ ഒരു ബൈബിളധ്യയനം സ്വീകരിച്ചേക്കാവുന്ന ആളുകളെ കുറിച്ചു വിവരം തരാൻ നമുക്ക്‌ ആ വ്യക്തിയോടു ചോദിക്കാൻ കഴിയും.​—⁠പ്രവൃത്തികൾ 18:6-8.

ശിഷ്യരെ ഉളവാക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുക

11. പുതിയ ശിഷ്യരെ നമുക്ക്‌ എവിടെ കണ്ടെത്താൻ കഴിയും?

11 വീടുകളിലും ചന്തസ്ഥലത്തും യാത്രാവേളയിലും​—⁠വാസ്‌തവത്തിൽ എല്ലായിടത്തും​—⁠പ്രസംഗിച്ചുകൊണ്ട്‌ ശിഷ്യരെ ഉളവാക്കാൻ പൗലൊസും സഹക്രിസ്‌ത്യാനികളും നിരന്തരം പരിശ്രമിച്ചു. ശിഷ്യരെ ഉളവാക്കാൻ ആഗ്രഹിക്കുന്ന തീക്ഷ്‌ണതയുള്ള ഒരു രാജ്യവേലക്കാരൻ എന്ന നിലയിൽ, വയൽസേവന പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ നിങ്ങൾക്കു സാധിക്കുമോ? അർഹരായവരെ അന്വേഷിച്ചു കണ്ടെത്താനും അവരോടു പ്രസംഗിക്കാനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾക്കു കഴിയുമോ? നമ്മുടെ സഹ സുവാർത്ത ഘോഷകർ ശിഷ്യരെ കണ്ടെത്തിയിരിക്കുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്‌? ടെലിഫോൺ സാക്ഷീകരണ പ്രവർത്തനത്തിലേക്ക്‌ ആദ്യം നമുക്ക്‌ ഒരു എത്തിനോട്ടം നടത്താം.

12-14. ടെലിഫോൺ സാക്ഷീകരണത്തിന്റെ പ്രയോജനങ്ങൾ വരച്ചുകാട്ടുന്ന നിങ്ങളുടെ സ്വന്തം അനുഭവമോ ഖണ്ഡികകളിൽ നൽകിയിരിക്കുന്നവയോ പറയുക.

12 ബ്രസീലിൽ വീടുതോറുമുള്ള സാക്ഷീകരണ വേലയിൽ ഏർപ്പെടവേ, ഒരു പാർപ്പിട സമുച്ചയത്തിൽനിന്നു പുറത്തുപോകുന്ന ഒരു യുവതിക്ക്‌ നമ്മുടെ ഒരു ക്രിസ്‌തീയ സഹോദരി (ആ സഹോദരിയെ നമുക്ക്‌ മാരീയ എന്നു വിളിക്കാം) ഒരു ലഘുലേഖ നൽകി. ലഘുലേഖയുടെ തലക്കെട്ടുതന്നെ ഒരു മുഖവുരയായി ഉപയോഗിച്ചുകൊണ്ട്‌ മാരീയ ഇങ്ങനെ ചോദിച്ചു, “ബൈബിളിനെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” “എനിക്ക്‌ അറിയാൻ വളരെ ആഗ്രഹമുണ്ട്‌. പക്ഷേ പ്രശ്‌നമിതാണ്‌, ഞാൻ ഒരു അധ്യാപികയാണ്‌, എന്റെ സമയം മുഴുവൻ അധ്യാപനവൃത്തി കവർന്നെടുക്കുന്നു.” ടെലിഫോണിലൂടെ ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയുമെന്ന്‌ മാരീയ വിശദീകരിച്ചു. ആ സ്‌ത്രീ തന്റെ ഫോൺ നമ്പർ മാരീയയ്‌ക്കു നൽകി. അന്നുതന്നെ വൈകിട്ട്‌, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? * എന്ന ലഘുപത്രിക ഉപയോഗിച്ച്‌ ടെലിഫോണിലൂടെ സഹോദരി അധ്യയനം ആരംഭിച്ചു.

13 എത്യോപ്യയിലെ ഒരു മുഴുസമയ ശുശ്രൂഷക ഒരു മനുഷ്യനോട്‌ ടെലിഫോണിൽ സാക്ഷീകരിക്കവേ, പശ്ചാത്തലത്തിൽ വലിയ ഒരു ബഹളം കേട്ട്‌ ആശ്ചര്യപ്പെട്ടു. പിന്നീടു വിളിക്കാമോ എന്ന്‌ ആ മനുഷ്യൻ സഹോദരിയോടു ചോദിച്ചു. സഹോദരി അങ്ങനെ ചെയ്‌തു. ആദ്യ സന്ദർഭത്തിൽ സഹോദരി വിളിച്ചപ്പോൾ താനും ഭാര്യയുമായി ഒരു വലിയ കലഹം നടക്കുകയായിരുന്നു എന്ന്‌ ക്ഷമാപണം നടത്തിക്കൊണ്ട്‌ ആ മനുഷ്യൻ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബൈബിൾ നൽകുന്ന ജ്ഞാനപൂർവകമായ മാർഗനിർദേശങ്ങളിലേക്കു വിരൽ ചൂണ്ടാൻ സഹോദരി ആ സന്ദർഭം ഉപയോഗിച്ചു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം നിരവധി കുടുംബങ്ങളെ സഹായിച്ചിട്ടുണ്ട്‌ എന്ന്‌ സഹോദരി പറഞ്ഞു. പുസ്‌തകം അദ്ദേഹത്തിന്‌ എത്തിച്ചുകൊടുത്തശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ്‌ സഹോദരി വീണ്ടും ഫോൺ ചെയ്‌തു. “ഈ പുസ്‌തകം എന്റെ ദാമ്പത്യത്തെ രക്ഷിച്ചിരിക്കുന്നു,” അയാൾ തികഞ്ഞ ആശ്ചര്യത്തോടെയാണ്‌ അതു പറഞ്ഞത്‌. താൻ ആ പുസ്‌തകത്തിൽ വായിച്ച നല്ല ആശയങ്ങൾ പങ്കുവെക്കാനായി അദ്ദേഹം ഒരു കുടുംബയോഗംതന്നെ നടത്തിയിരുന്നു. ആ വ്യക്തിയുമായി ഒരു ഭവന ബൈബിളധ്യയനം ആരംഭിച്ചു. വൈകാതെ അദ്ദേഹം ക്രിസ്‌തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ തുടങ്ങി.

14 ടെലിഫോൺ സാക്ഷീകരണത്തിലൂടെ ഒരു ബൈബിളധ്യയനം ആരംഭിച്ച ഡെന്മാർക്കിലെ ഒരു രാജ്യഘോഷക ഇപ്രകാരം പറയുന്നു: “ടെലിഫോൺ സാക്ഷീകരണം നടത്തിനോക്കാൻ സേവന മേൽവിചാരകൻ എന്നെ പ്രോത്സാഹിപ്പിച്ചു. ‘അതെനിക്കു പറ്റുന്ന പണിയല്ല’ എന്നു പറഞ്ഞുകൊണ്ട്‌ ആദ്യം ഞാൻ മടിച്ചുനിന്നു. എന്നിരുന്നാലും, ഒരുനാൾ ഞാൻ ധൈര്യം സംഭരിച്ച്‌ ആദ്യമായി ഒരു വീട്ടിലേക്കുള്ള നമ്പർ കറക്കി. സോണ്യയാണ്‌ ഫോണെടുത്തത്‌, ഒരു ഹ്രസ്വ സംഭാഷണത്തിനുശേഷം ബൈബിളധിഷ്‌ഠിത സാഹിത്യം സ്വീകരിക്കാമെന്ന്‌ അവൾ സമ്മതിച്ചു. ഒരു ദിവസം വൈകുന്നേരം ഞങ്ങൾ സൃഷ്ടി എന്ന വിഷയത്തെ കുറിച്ചു സംസാരിച്ചു. ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? * എന്ന പുസ്‌തകം വായിക്കാൻ അവൾ താത്‌പര്യം പ്രകടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച്‌ നേരിട്ടുകണ്ട്‌ സംസാരിച്ചാൽ നന്നായിരിക്കും എന്ന്‌ ഞാൻ പറഞ്ഞു. അവൾ അതിനോടു യോജിച്ചു. ഞാൻ ചെന്നപ്പോൾ സോണ്യ അധ്യയനത്തിനു തയ്യാറായി ഇരിക്കുകയായിരുന്നു. അന്നുമുതൽ എല്ലാ ആഴ്‌ചയും ഞങ്ങൾ അധ്യയനം തുടർന്നിരിക്കുന്നു.” സഹോദരി ഇങ്ങനെ പറഞ്ഞു നിറുത്തുന്നു: “ഒരു ബൈബിളധ്യയനത്തിനായി വർഷങ്ങളോളം ഞാൻ പ്രാർഥിച്ചിരുന്നു. എന്നാൽ ടെലിഫോൺ സാക്ഷീകരണം മുഖാന്തരം ഒരു അധ്യയനം കിട്ടുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചതേയില്ല.”

15, 16. ബൈബിളധ്യയനങ്ങൾ തുടങ്ങാനുള്ള വ്യത്യസ്‌ത മാർഗങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട്‌ അവസരങ്ങൾ തക്കത്തിൽ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ വ്യക്തമാക്കുന്ന ഏത്‌ അനുഭവങ്ങൾ നിങ്ങൾക്കു പറയാൻ കഴിയും?

15 ആളുകൾ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സാക്ഷീകരിക്കാനുള്ള നിർദേശം ബാധകമാക്കുന്നതു നിമിത്തം അനേകർ നല്ല ഫലങ്ങൾ ആസ്വദിക്കുന്നു. ഐക്യനാടുകളിലെ ഒരു ക്രിസ്‌തീയ സഹോദരി പാർക്കിങ്‌ സ്ഥലത്തു കിടന്ന ഒരു വാനിന്റെ അടുത്ത്‌ തന്റെ കാർ കൊണ്ടുചെന്നു നിറുത്തി. വാനിൽ ഉണ്ടായിരുന്ന സ്‌ത്രീ സഹോദരിയെ നോക്കിയപ്പോൾ, നാം നടത്തുന്ന ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനത്തെ കുറിച്ച്‌ സഹോദരി ആ സ്‌ത്രീയോടു വിശദീകരിക്കാൻ തുടങ്ങി. അവർ അതു ശ്രദ്ധിച്ചുകേട്ടു, എന്നിട്ട്‌ വാനിൽനിന്ന്‌ ഇറങ്ങി സഹോദരിയുടെ കാറിന്റെ അരികിലേക്കു വന്നു. അവർ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്നോടു സംസാരിച്ചതിൽ എനിക്കു വളരെ സന്തോഷമുണ്ട്‌. കുറേക്കാലമായി എനിക്ക്‌ നിങ്ങളുടെ ബൈബിൾ സാഹിത്യമൊന്നും കിട്ടാറുണ്ടായിരുന്നില്ല. മാത്രമല്ല എനിക്ക്‌ ബൈബിൾ വീണ്ടും പഠിച്ചാൽ കൊള്ളാമെന്നുണ്ട്‌. എന്നെ പഠിപ്പിക്കാമോ?” സുവാർത്ത പങ്കുവെക്കാൻ അനുകൂലമായ ഒരു സാഹചര്യം നമ്മുടെ സഹോദരി അങ്ങനെ ഉണ്ടാക്കിയെടുത്തു.

16 ഐക്യനാടുകളിലെ ഒരു സഹോദരി ഒരു ആതുരാലയം സന്ദർശിച്ചപ്പോൾ പിൻവരുന്ന അനുഭവം ഉണ്ടായി. അവിടത്തെ ചില കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഒരു ഡയറക്ടറെ സഹോദരി പോയി കണ്ടു. അന്തേവാസികളുടെ ആത്മീയ ആവശ്യങ്ങളിൽ സഹായിച്ചുകൊണ്ട്‌ സന്നദ്ധസേവനം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്ന്‌ സഹോദരി അദ്ദേഹത്തോടു പറഞ്ഞു. ആഗ്രഹിക്കുന്ന ഏവരോടുമൊപ്പം സൗജന്യമായി ഒരു പ്രതിവാര ബൈബിളധ്യയനം നടത്താൻ തനിക്കു സന്തോഷമുണ്ട്‌ എന്നും സഹോദരി വിശദീകരിച്ചു. അന്തേവാസികളുടെ മുറികളിൽ സന്ദർശനം നടത്താൻ ഡയറക്ടർ സഹോദരിക്ക്‌ അനുമതി നൽകി. അധികം താമസിയാതെ അവിടെ താമസിക്കുന്ന 26 പേരുമായി ആഴ്‌ചയിൽ മൂന്നു പ്രാവശ്യം സഹോദരി ബൈബിളധ്യയനം നടത്താൻ ആരംഭിച്ചു. അതിൽ ഒരാൾക്ക്‌ ഇപ്പോൾ ക്രമമായി നമ്മുടെ യോഗങ്ങൾക്കു സംബന്ധിക്കാൻ കഴിയുന്നുണ്ട്‌.

17. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിൽ പലപ്പോഴും ഏതു സമീപനം ഫലപ്രദമാണ്‌?

17 ചില രാജ്യഘോഷകരെ സംബന്ധിച്ചിടത്തോളം, ഒരു ബൈബിളധ്യയനം നേരിട്ടു വാഗ്‌ദാനം ചെയ്യുന്നത്‌ നല്ല ഫലം കൈവരുത്തുന്നു. ഒരു പ്രഭാതത്തിൽ, 105 പ്രസാധകരുള്ള ഒരു സഭ കണ്ടുമുട്ടുന്ന ഓരോ വീട്ടുകാരനും ബൈബിളധ്യയനം വെച്ചുനീട്ടുന്നതിന്‌ ഒരു പ്രത്യേക ശ്രമം നടത്തി. 86 പ്രസാധകർ അന്ന്‌ വയൽസേവനത്തിൽ പങ്കെടുത്തു. രണ്ടു മണിക്കൂർ നേരത്തെ പ്രസംഗവേലയ്‌ക്കു ശേഷം കുറഞ്ഞത്‌ 15 ബൈബിളധ്യയനങ്ങൾ തുടങ്ങാൻ സാധിച്ചതായി അവർ കണ്ടെത്തി.

അർഹരായവർക്കു വേണ്ടി അന്വേഷിച്ചുകൊണ്ടേയിരിക്കുക

18, 19. യേശുവിന്റെ ഏതു സുപ്രധാന നിർദേശം നാം മനസ്സിൽ പിടിക്കണം, ആ ലക്ഷ്യത്തിൽ എന്തു ചെയ്യാൻ നാം ദൃഢചിത്തരായിരിക്കണം?

18 ഒരു രാജ്യഘോഷകൻ എന്ന നിലയിൽ, ഈ ലേഖനത്തിലെ നിർദേശങ്ങൾ പരീക്ഷിച്ചു നോക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. സാക്ഷീകരണ വിധങ്ങളെ കുറിച്ചു പരിചിന്തിക്കുമ്പോൾ നാട്ടുനടപ്പുകൾ കണക്കിലെടുക്കുന്നത്‌ തീർച്ചയായും ജ്ഞാനമായിരിക്കും. എല്ലാറ്റിലുമുപരി, അർഹരായവർക്കു വേണ്ടി അന്വേഷിക്കാനും ശിഷ്യരായിത്തീരാൻ അത്തരം വ്യക്തികളെ സഹായിക്കാനും ഉള്ള യേശുവിന്റെ നിർദേശം നമുക്കു മനസ്സിൽ പിടിക്കാം.​—⁠മത്തായി 10:11; 28:​19, 20എ.

19 ആ ലക്ഷ്യത്തിൽ നമുക്കു ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യാം.’ തിരുവെഴുത്തുകളെ ആധാരമാക്കിയുള്ള പ്രേരണ ഉപയോഗിച്ചുകൊണ്ട്‌ നമുക്ക്‌ അങ്ങനെ ചെയ്യാൻ കഴിയും. സ്വീകാര്യക്ഷമരായ വ്യക്തികളുടെ ഹൃദയത്തെ സ്‌പർശിക്കാനും അവരെ പ്രവർത്തനത്തിനു പ്രേരിപ്പിക്കാനും ഇതു നമ്മെ സഹായിക്കും. പ്രാർഥനാപൂർവം യഹോവയിൽ ആശ്രയിക്കവേ, യേശുക്രിസ്‌തുവിന്റെ ശിഷ്യരാകാൻ ചിലരെ സഹായിക്കുന്നതിൽ നമുക്കു പങ്കുപറ്റാൻ കഴിയും. ഈ വേല എത്ര പ്രതിഫലദായകമാണ്‌! അതുകൊണ്ട്‌, ശിഷ്യരെ ഉളവാക്കുകയെന്ന ലക്ഷ്യത്തിൽ പ്രസംഗവേലയിൽ ഏർപ്പെടുന്ന തീക്ഷ്‌ണ രാജ്യഘോഷകർ എന്ന നിലയിൽ എല്ലായ്‌പോഴും യഹോവയെ മഹത്ത്വപ്പെടുത്തിക്കൊണ്ട്‌, ‘ദൈവത്തിനു അംഗീകാരമുള്ളവരായി നമ്മെത്തന്നെ അർപ്പിക്കാൻ [നമുക്ക്‌] പരമാവധി പ്രവർത്തിക്കാം.’​—⁠2 തിമൊഥെയൊസ്‌ 2:​15, NW.

[അടിക്കുറിപ്പുകൾ]

^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 14 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• ദൈവത്തിന്റെ മാർഗം അധികം സ്‌പഷ്ടമായി അപ്പൊല്ലോസിന്‌ ആരെങ്കിലും തെളിയിച്ചുകൊടുക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

• പ്രിസ്‌കില്ലയും അക്വിലാസും ഏതെല്ലാം വിധങ്ങളിൽ അപ്പൊസ്‌തലനായ പൗലൊസിൽനിന്നു പഠിച്ചു?

പ്രവൃത്തികൾ 18-ാം അധ്യായത്തിൽനിന്ന്‌ ശിഷ്യരാക്കൽ വേലയെ കുറിച്ച്‌ നിങ്ങൾ എന്തു പഠിച്ചു?

• ശിഷ്യരെ ഉളവാക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ ഉണ്ടാക്കിയെടുക്കാം?

[അധ്യയന ചോദ്യങ്ങൾ]

[18 -ാം പേജിലെ ചിത്രം]

പ്രിസ്‌കില്ലയും അക്വിലാസും അപ്പൊല്ലോസിന്‌ ‘ദൈവത്തിന്റെ മാർഗ്ഗം അധികം സ്‌പഷ്ടമായി തെളിയിച്ചുകൊടുത്തു’

[20 -ാം പേജിലെ ചിത്രം]

ശിഷ്യരെ ഉളവാക്കുന്നതിൽ അപ്പൊല്ലോസ്‌ പ്രാവീണ്യം സിദ്ധിച്ചവൻ ആയിത്തീർന്നു

[21 -ാം പേജിലെ ചിത്രം]

പൗലൊസ്‌ താൻ പോയിടത്തെല്ലാം പ്രസംഗിച്ചു

[23 -ാം പേജിലെ ചിത്രങ്ങൾ]

പ്രസംഗിക്കാൻ അവസരങ്ങൾ ഉണ്ടാക്കിയെടുക്കുക