വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ പള്ളിയിൽ പോകുന്നതിന്റെ കാരണം

അവർ പള്ളിയിൽ പോകുന്നതിന്റെ കാരണം

അവർ പള്ളിയിൽ പോകുന്നതിന്റെ കാരണം

“അമേരിക്കയിൽ ഉള്ളതിനെക്കാൾ ഏതാണ്ടു നാലിരട്ടി പ്രസ്‌ബിറ്റേറിയൻകാർ ഇന്ന്‌ കൊറിയൻ റിപ്പബ്ലിക്കിൽ ഉണ്ട്‌.” ന്യൂസ്‌വീക്ക്‌ മാസികയിൽവന്ന ഈ പ്രസ്‌താവന പല വായനക്കാരിലും അതിശയം ജനിപ്പിച്ചിരിക്കാൻ ഇടയുണ്ട്‌. കാരണം, കൺഫ്യൂഷ്യൻ മതവും ബുദ്ധമതവും ആണ്‌ കൊറിയയിലെ പ്രമുഖ മതങ്ങൾ എന്നാണ്‌ മിക്കവരും കരുതുന്നത്‌. ഇന്ന്‌, കൊറിയ സന്ദർശിക്കുന്നവർക്ക്‌ സാധാരണഗതിയിൽ ചുവന്ന നിയോൺ ദീപങ്ങൾകൊണ്ട്‌ അലങ്കരിച്ച കുരിശുകൾ ഉള്ള അനവധി “ക്രിസ്‌തീയ” ദേവാലയങ്ങൾ കാണാൻ കഴിയും. അതുപോലെ ഞായറാഴ്‌ചകളിൽ കയ്യിൽ ബൈബിളും പിടിച്ച്‌ രണ്ടോ മൂന്നോ പേരൊന്നിച്ച്‌ പള്ളിയിലേക്കു നീങ്ങുന്നതും ഒരു പതിവു കാഴ്‌ചയാണ്‌. കൊറിയൻ ജനതയുടെ ഏതാണ്ട്‌ 30 ശതമാനം കത്തോലിക്ക പള്ളിയിലോ പ്രൊട്ടസ്റ്റന്റ്‌ ദേവാലയത്തിലോ പോകുന്നുവെന്ന്‌ 1998-ലെ ഒരു സർവേ വെളിപ്പെടുത്തുന്നു. ഇത്‌ തങ്ങൾ ബുദ്ധമതക്കാരാണെന്ന്‌ അവകാശപ്പെടുന്ന ആളുകളുടെ എണ്ണത്തിലും അധികമാണ്‌.

ഇക്കാലത്ത്‌ ഇത്രയേറെ ആളുകൾ ക്രമമായി പള്ളിയിൽ പോകുന്നത്‌ ഒരു അസാധാരണ കാഴ്‌ചയാണ്‌. എന്നിരുന്നാലും കൊറിയയിൽ മാത്രമല്ല മറ്റ്‌ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഇതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. മതത്തോടുള്ള നിസ്സംഗതയും വിരക്തിയും ഗോളമെമ്പാടും പടർന്നുപിടിച്ചിരിക്കുന്നതായി തോന്നുന്ന ഈ സമയത്തും ഇത്രയേറെ ആളുകൾ തങ്ങൾക്കു ദൈവത്തിൽ വിശ്വാസമുണ്ടെന്നു കാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടാണ്‌ അവർ പള്ളിയിൽ പോകുന്നത്‌?

പള്ളിയിൽ പോകുന്ന കൊറിയക്കാരിൽ പകുതിയിലധികം മനഃശാന്തി തേടിയും ഏതാണ്ട്‌ മൂന്നിൽ ഒന്ന്‌ മരണാനന്തരം നിത്യമായ ജീവിതം കിട്ടുമെന്ന പ്രതീക്ഷയിലും പത്തിൽ ഒരാൾ ആരോഗ്യം, സമ്പത്ത്‌, വിജയം എന്നിവയ്‌ക്കു വേണ്ടിയുമാണു പോകുന്നതെന്ന്‌ ഒരു ഗാലപ്പ്‌ സർവേ വെളിപ്പെടുത്തുന്നു.

ചൈനയിൽ, കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം ക്രമേണ മുതലാളിത്ത ചിന്താഗതിക്കു വഴിമാറുന്നതിന്റെ ഫലമായി ഉണ്ടായിരിക്കുന്ന ആത്മീയ ശൂന്യത നികത്തുന്നതിന്‌ എന്തെങ്കിലും കണ്ടെത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ ആളുകൾ പള്ളികളിലേക്കു പ്രവഹിക്കുകയാണ്‌. ഓരോ വർഷവും, ബൈബിളിന്റെ ദശലക്ഷക്കണക്കിനു പ്രതികൾ അച്ചടിച്ച്‌ അവിടെ വിതരണം ചെയ്യുന്നുണ്ട്‌. ‘മാവോയുടെ ചുവന്ന ചെറുപുസ്‌തകം’ എന്ന്‌ അറിയപ്പെടുന്ന കൃതി വായിച്ചിരുന്ന അതേ ശുഷ്‌കാന്തിയോടെയാണ്‌ അവിടുത്തെ ആളുകൾ ബൈബിളും വായിക്കുന്നതെന്നു തോന്നുന്നു.

ബ്രസീലിലെ ചില കത്തോലിക്കർ, പ്രത്യേകിച്ച്‌ യുവതലമുറയിലുള്ളവർ, സന്തോഷകരമായ ഒരു ജീവിതം ഭാവിയിൽ ലഭിക്കുന്നതിനെ കുറിച്ചുള്ള വാഗ്‌ദാനത്തിൽ സംതൃപ്‌തരല്ല. ആ ജീവിതം അവർക്ക്‌ ഇപ്പോൾത്തന്നെ കിട്ടണം. വാർത്താ മാസികയായ ടൂഡൂ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “‘70’-കളിൽ ആളുകളുടെ ഹൃദയത്തെയും മനസ്സിനെയും പ്രചോദിപ്പിച്ചത്‌ വിമോചന ദൈവശാസ്‌ത്രമായിരുന്നെങ്കിൽ, ഇന്ന്‌ ഐശ്വര്യത്തിന്റെ ദൈവശാസ്‌ത്രമാണ്‌ പ്രചോദനഘടകം.” ബ്രിട്ടനിൽ നടത്തിയ ഒരു സർവേയിൽ പള്ളിയിൽ പോകുന്നവരോട്‌ തങ്ങളുടെ പള്ളിയെ കുറിച്ച്‌ അവർ ഇഷ്ടപ്പെടുന്ന ഒരു സംഗതി പറയാൻ ആവശ്യപ്പെട്ടപ്പോൾ മിക്കവരും പറഞ്ഞത്‌ കൂട്ടായ്‌മയെ കുറിച്ചാണ്‌.

ഇതെല്ലാം കാണിക്കുന്നത്‌, ഗണ്യമായ ഒരു പങ്ക്‌ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും അവരിൽ മിക്കവരും ഇപ്പോൾ തങ്ങൾക്ക്‌ എന്തുകിട്ടും എന്നതിലാണ്‌ കൂടുതൽ തത്‌പരരായിരിക്കുന്നത്‌, അല്ലാതെ ഭാവി അനുഗ്രഹങ്ങളിലോ ദൈവത്തെ കുറിച്ചുള്ള കാര്യങ്ങളിൽപ്പോലുമോ അല്ല എന്നാണ്‌. ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ശരിയായ കാരണം എന്താണെന്നാണു നിങ്ങൾക്കു തോന്നുന്നത്‌? ബൈബിളിന്‌ ഇക്കാര്യത്തിൽ എന്താണു പറയാനുള്ളത്‌? അതിനുള്ള ഉത്തരം അടുത്ത ലേഖനത്തിൽ കാണാൻ കഴിയും.