വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ടെലിവിഷൻ പരിപാടി അവൾ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിലേക്കു നയിച്ചു

ഒരു ടെലിവിഷൻ പരിപാടി അവൾ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിലേക്കു നയിച്ചു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

ഒരു ടെലിവിഷൻ പരിപാടി അവൾ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിലേക്കു നയിച്ചു

അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം പറഞ്ഞു: “ചിലർ ക്രിസ്‌തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നേ.” (ഫിലിപ്പിയർ 1:15) ചില സന്ദർഭങ്ങളിൽ യഹോവയുടെ ജനത്തെ അപമാനിക്കാനായി ശ്രമിക്കുന്ന ചിലർ അറിയാതെതന്നെ, നീതിഹൃദയരായ ആളുകൾ സത്യത്തിലേക്ക്‌ ആകർഷിക്കപ്പെടുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌.

ഫ്രാൻസിലെ ലൂവിയേയിലുള്ള ബെഥേലിന്റെ അഥവാ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ സൗകര്യങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡോക്യുമെന്ററി 1998 നവംബറിൽ ഫ്രഞ്ച്‌ നാഷണൽ ടെലിവിഷനിലൂടെ പ്രദർശിപ്പിക്കുകയുണ്ടായി. ഈ പരിപാടിയെ കുറിച്ച്‌ പലവിധത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ വിധങ്ങളിൽ ഇത്‌ ചില സത്‌ഫലങ്ങളിൽ കലാശിച്ചു.

ഈ പരിപാടി കാണാനിടയായവരിൽ ഒരാളാണ്‌ ബെഥേലിൽനിന്ന്‌ 60 കിലോമീറ്റർ അകലെ താമസിക്കുന്ന അന്നാ-പോലാ. രണ്ടു കുട്ടികളുടെ അമ്മയായ, വിവാഹമോചനം നേടിയ അവർ ഒരു ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട്‌ അടുത്ത ദിവസം രാവിലെ അവൾ ബെഥേലിലേക്കു ഫോൺചെയ്‌ത്‌ അവിടെ ഒരു ജോലികിട്ടുമോ എന്ന്‌ അന്വേഷിച്ചു. “അത്‌ ഒരു നല്ല സ്ഥലമാണെന്നും അവിടെ ചെയ്യപ്പെടുന്ന വേല പ്രയോജനപ്രദമാണെന്നും ഉള്ള ധാരണ [ടെലിവിഷൻ പരിപാടിയിലൂടെ] എനിക്കു ലഭിച്ചു” അവൾ പറഞ്ഞു. ബെഥേലിൽ സേവിക്കുന്ന എല്ലാവരും തങ്ങളുടെ സമയം സ്വമേധയാ നൽകുന്ന ശുശ്രൂഷകരാണ്‌ എന്നറിഞ്ഞപ്പോൾ അവൾ എത്ര അതിശയിച്ചുപോയെന്നോ! യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ കുറിച്ചുള്ള ഹ്രസ്വമായ ഒരു ചർച്ചയ്‌ക്കുശേഷം, ഒരു സാക്ഷി തന്നെ സന്ദർശിക്കാൻ അവൾ സമ്മതിച്ചു.

പ്രാദേശിക സഭയിലെ ഒരു മുഴുസമയ ശുശ്രൂഷകയായ ലേനാ അവളെ സന്ദർശിച്ചു. ദീർഘമായ ഒരു ചർച്ചയ്‌ക്കുശേഷം അന്നാ-പോലാ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം * എന്ന പുസ്‌തകം സ്വീകരിച്ചു. അടുത്ത തവണ അവളെ സന്ദർശിച്ചപ്പോഴേക്കും അന്നാ-പോലാ ആ പുസ്‌തകം പുറത്തോടുപുറം വായിച്ചിരുന്നു. അവൾക്ക്‌ ഒരുപാട്‌ ചോദ്യങ്ങളും ഉണ്ടായിരുന്നു. അവൾ ഉടൻതന്നെ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. അന്നാ-പോലാ പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം ദൈവവചനം മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്‌. ഞാൻ ബൈബിൾ കൈകൊണ്ട്‌ തൊടുന്നതുതന്നെ ആദ്യമായിട്ടായിരുന്നു.”

ജനുവരിയിൽ, അന്നാ-പോലാ ബെഥേൽ സന്ദർശിച്ചു. തുടർന്നു വന്ന ആഴ്‌ചയിൽ അവൾ ആദ്യമായി ക്രിസ്‌തീയ യോഗത്തിനു ഹാജരായി. അധികം താമസിയാതെ, അവൾ തന്റെ കുട്ടികളോടൊത്ത്‌ ബൈബിൾ പഠിക്കാനും സുഹൃത്തുക്കളോടു സാക്ഷീകരിക്കാനും തുടങ്ങി. “ഞാൻ പഠിക്കുന്ന കാര്യങ്ങൾ എന്നിൽത്തന്നെ ഒതുക്കിവെക്കാൻ എനിക്കു കഴിഞ്ഞില്ല” എന്ന്‌ അവൾ പറയുന്നു. “ഞാൻ ആളുകളെ ബൈബിൾ സത്യങ്ങൾ അറിയിക്കാനും അവരെ ആശ്വസിപ്പിക്കാനും ആഗ്രഹിച്ചു.” വ്യക്തിപരമായ പല പ്രശ്‌നങ്ങൾ തരണംചെയ്‌ത ശേഷം അന്നാ-പോലാ ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. അവൾ സത്വരം പുരോഗതി വരുത്തി. ഒടുവിൽ 2002 മേയ്‌ 5-ന്‌ സ്‌നാപനമേൽക്കുകയും ചെയ്‌തു.

അതുമാത്രമല്ല, അന്നാ-പോലായുടെ നല്ല മാതൃകയുടെയും തീക്ഷ്‌ണമായ പ്രസംഗത്തിന്റെയും ഫലമായി അവളുടെ അമ്മ ബൈബിൾ പഠിക്കാൻ തുടങ്ങി. അവരും പെട്ടെന്നുതന്നെ സ്‌നാപനമേറ്റു. “എന്റെയുള്ളിലെ സന്തോഷം വർണനാതീതമാണ്‌” അന്നാ-പോലാ പറയുന്നു. “എന്റെ ജീവിതത്തിലേക്കു കടന്നു വന്നതിനും എന്റെമേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞതിനും ഞാൻ എല്ലാ ദിവസവും യഹോവയ്‌ക്കു നന്ദി പറയുന്നു.”

[അടിക്കുറിപ്പ്‌]

^ ഖ. 6 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[8 -ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: അന്നാ-പോലാ

താഴെ: ഫ്രാൻസിലെ ബ്രാഞ്ച്‌ ഓഫീസിന്റെ കവാടം