വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നന്ദിയുള്ളവരായിരിപ്പിൻ’

‘നന്ദിയുള്ളവരായിരിപ്പിൻ’

‘നന്ദിയുള്ളവരായിരിപ്പിൻ’

“ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ . . . നന്ദിയുള്ളവരായും ഇരിപ്പിൻ.”​—⁠കൊലൊസ്സ്യർ 3:15.

1. ക്രിസ്‌തീയ സഭയും സാത്താന്റെ നിയന്ത്രണത്തിലുള്ള ലോകവും തമ്മിൽ എന്തു വൈരുധ്യം നമുക്ക്‌ കാണാനാകും?

യഹോവയുടെ സാക്ഷികളുടെ ലോകമെമ്പാടുമുള്ള 94,600 സഭകളിൽ കൃതജ്ഞതാ മനോഭാവത്തിന്റെ തെളിവുകൾ നമുക്ക്‌ കാണാനാകും. യഹോവയോടുള്ള നന്ദിപ്രകടനങ്ങൾ അടങ്ങുന്ന പ്രാർഥനയോടെയാണ്‌ ഓരോ യോഗവും ആരംഭിക്കുന്നതും അവസാനിക്കുന്നതും. സത്യാരാധനയിൽ പങ്കെടുക്കാനും സന്തോഷകരമായ സഹവാസം ആസ്വദിക്കാനുമായി കൂടിവരുന്ന ചെറുപ്പക്കാരും പ്രായമായവരും പുതിയവരും ദീർഘകാലമായി സത്യത്തിലുള്ളവരുമായ സാക്ഷികൾ “നന്ദി” എന്നോ അതിനു സമാനമായ വാക്കുകളോ ഉപയോഗിക്കുന്നതായി നമുക്ക്‌ കൂടെക്കൂടെ കേൾക്കാൻ കഴിയും. (സങ്കീർത്തനം 133:1) ‘ദൈവത്തെ അറിയാത്തവർക്കും സുവിശേഷം അനുസരിക്കാത്തവർക്കും’ ഇടയിൽ പ്രബലമായിരിക്കുന്ന സ്വാർഥ മനോഭാവത്തിൽനിന്ന്‌ എത്ര വ്യത്യസ്‌തം! (2 തെസ്സലൊനീക്യർ 1:7) നന്ദികെട്ട ഒരു ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഈ ലോകത്തിന്റെ ദൈവം ആരാണ്‌ എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ അത്‌ അതിശയകരമല്ല. സ്വാർഥതയുടെ ഏറ്റവും വലിയ വക്താവായ പിശാചായ സാത്താനാണ്‌ അവൻ. അവന്റെ അഹങ്കാരവും മത്സരാത്മാവുമാണ്‌ മനുഷ്യ സമുദായത്തിലാകെ പടർന്നു പന്തലിച്ചിരിക്കുന്നത്‌.​—⁠യോഹന്നാൻ 8:44; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19.

2. നാം ഏതു മുന്നറിയിപ്പിനു ചെവികൊടുക്കണം, നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

2 സാത്താന്റെ ലോകത്തിന്മധ്യേ കഴിയുന്ന നമ്മെ അതിന്റെ മനോഭാവങ്ങൾ ദുഷിപ്പിക്കാതിരിക്കാൻ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്‌. ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലനായ പൗലൊസ്‌ എഫെസ്യ ക്രിസ്‌ത്യാനികളെ ഇങ്ങനെ ഓർമിപ്പിച്ചു: “നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചുനടന്നു. അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്‌തുംകൊണ്ടു മററുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.” (എഫെസ്യർ 2:2, 3) ഇക്കാലത്ത്‌ അനേകരുടെ കാര്യത്തിലും ഇതു സത്യമാണ്‌. ആ സ്ഥിതിക്ക്‌, നമുക്ക്‌ എങ്ങനെയാണ്‌ കൃതജ്ഞതാ മനോഭാവം നിലനിറുത്താൻ കഴിയുക? എന്തു സഹായമാണ്‌ യഹോവ പ്രദാനം ചെയ്യുന്നത്‌? യഥാർഥത്തിൽ നന്ദിയുള്ളവരാണെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാം?

നന്ദിയുള്ളവർ ആയിരിക്കാനുള്ള കാരണങ്ങൾ

3. ഏതു കാര്യങ്ങൾക്കാണ്‌ നാം യഹോവയോടു നന്ദിയുള്ളവർ ആയിരിക്കുന്നത്‌?

3 നമ്മുടെ സ്രഷ്ടാവും ജീവദാതാവുമായ യഹോവയോടാണ്‌ നാം നന്ദിയുള്ളവർ ആയിരിക്കേണ്ടത്‌. അവൻ നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന സമൃദ്ധമായ ദാനങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾ അത്‌ വിശേഷാൽ സത്യമാണ്‌. (യാക്കോബ്‌ 1:17) നാം ജീവനോടിരിക്കുന്നു എന്നതുതന്നെ യഹോവയ്‌ക്കു ദിവസവും നന്ദി നൽകാനുള്ള ഒരു കാരണമാണ്‌. (സങ്കീർത്തനം 36:9) സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങിയ ദൈവത്തിന്റെ കരവേലകളുടെ ധാരാളം തെളിവുകൾ നാം ചുറ്റും കാണുന്നു. നമ്മുടെ ഗ്രഹത്തിലുള്ള, ജീവന്റെ നിലനിൽപ്പിന്‌ ആവശ്യമായ ധാതുക്കളുടെ സമൃദ്ധമായ ശേഖരം, അന്തരീക്ഷത്തിലെ കൃത്യമായ അനുപാതത്തിലുള്ള അവശ്യ വാതക മിശ്രിതം, പ്രകൃതിയിലെ സങ്കീർണമായ പരിവൃത്തികൾ എന്നിവയെല്ലാം സ്‌നേഹവാനാം സ്വർഗീയ പിതാവായ യഹോവയോടു നാം കടപ്പെട്ടിരിക്കുന്നു എന്നു തെളിയിക്കുന്നു. ദാവീദ്‌ രാജാവ്‌ ഇങ്ങനെ പാടി: “എന്റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്‌താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.”​—⁠സങ്കീർത്തനം 40:⁠5.

4. സഭകളിലെ സന്തോഷകരമായ സഹവാസത്തിന്‌ നാം യഹോവയ്‌ക്കു നന്ദി കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

4 ഇന്ന്‌ യഹോവയുടെ ദാസർ ഒരു അക്ഷരീയ പറുദീസയിൽ അല്ല, എന്നാൽ അവർ ഒരു ആത്മീയ പറുദീസയിലാണ്‌. രാജ്യഹാളുകളിലും കൺവെൻഷനുകളിലും സമ്മേളനങ്ങളിലും ദൈവാത്മാവിന്റെ ഫലം നമ്മുടെ സഹവിശ്വാസികളിൽ പ്രവർത്തനത്തിലിരിക്കുന്നത്‌ നാം അനുഭവിച്ചറിയുന്നു. കാര്യമായ അല്ലെങ്കിൽ ഒട്ടുംതന്നെ മതപശ്ചാത്തലം ഇല്ലാത്ത വ്യക്തികളോടു സുവാർത്ത പ്രസംഗിക്കുമ്പോൾ ചില സാക്ഷികൾ അപ്പൊസ്‌തലനായ പൗലൊസ്‌ ഗലാത്യർക്കുള്ള ലേഖനത്തിൽ വിശദീകരിച്ച കാര്യങ്ങൾ പരാമർശിക്കാറുണ്ട്‌. ആദ്യമായി അവർ, ‘ജഡത്തിന്റെ പ്രവൃത്തികളിലേക്ക്‌’ ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയും തുടർന്ന്‌ അവർ നിരീക്ഷിച്ചിരിക്കുന്നത്‌ എന്താണെന്നു ചോദിക്കുകയും ചെയ്യുന്നു. (ഗലാത്യർ 5:19-23) ഇന്നത്തെ മാനവരാശിയുടെ മുഖമുദ്രയാണ്‌ ഇവ എന്നതിനോടു മിക്കവരുംതന്നെ യോജിക്കും. ദൈവാത്മാവിന്റെ ഫലത്തെ കുറിച്ചുള്ള വിവരണം കാണിച്ചുകൊടുക്കുന്നതിനെ തുടർന്ന്‌ അതിന്റെ തെളിവ്‌ നേരിൽക്കണ്ടു മനസ്സിലാക്കാനായി ക്ഷണം സ്വീകരിച്ച്‌ പ്രാദേശിക രാജ്യഹാളിലേക്കു വരുന്ന അനേകർ ഉടൻതന്നെ പിൻവരുംവിധം സമ്മതിച്ചുപറയുന്നു: “ദൈവം വാസ്‌തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട്‌.” (1 കൊരിന്ത്യർ 14:25) ഇത്‌ പ്രാദേശിക രാജ്യഹാളിലെ മാത്രം കാര്യമല്ല. യഹോവയുടെ 60 ലക്ഷത്തിലധികം വരുന്ന സാക്ഷികളിൽ ആരെയെങ്കിലും എവിടെവെച്ചു കണ്ടുമുട്ടിയാലും ഇതേ സന്തോഷവും ആനന്ദവും കാണാനാകും. യഥാർഥത്തിൽ, കെട്ടുപണി ചെയ്യുന്ന ഈ സഹവാസം യഹോവയ്‌ക്കു നന്ദി നൽകാനുള്ള കാരണമാണ്‌. അവന്റെ ആത്മാവാണ്‌ ഇതു സാധ്യമാക്കുന്നത്‌.​—⁠സെഫന്യാവു 3:9; എഫെസ്യർ 3:20, 21.

5, 6. ദൈവം നൽകിയിരിക്കുന്ന ഏറ്റവും വലിയ ദാനമായ മറുവിലയോട്‌ നമുക്ക്‌ എങ്ങനെ നന്ദി പ്രകടമാക്കാം?

5 യഹോവ നൽകിയിരിക്കുന്ന ഏറ്റവും വലിയ ദാനം അഥവാ തികഞ്ഞ വരം അവന്റെ പുത്രനായ യേശുക്രിസ്‌തുവാണ്‌. അവൻ മുഖാന്തരമാണ്‌ മറുവിലയാഗം പ്രദാനം ചെയ്യപ്പെട്ടത്‌. അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്‌നേഹിക്കേണ്ടതാകുന്നു.” (1 യോഹന്നാൻ 4:11) അതേ, യഹോവയോട്‌ സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ടു മാത്രമല്ല മറ്റുള്ളവരോടു സ്‌നേഹം പ്രകടമാക്കുന്ന രീതിയിൽ ജീവിച്ചുകൊണ്ടും നാം മറുവിലയോടുള്ള നന്ദി കാട്ടുന്നു.​—⁠മത്തായി 22:37-39.

6 പുരാതന കാലത്തെ ഇസ്രായേല്യരോട്‌ യഹോവ ഇടപെട്ട വിധം പരിചിന്തിച്ചാൽ, നന്ദി പ്രകാശിപ്പിക്കുന്നതു സംബന്ധിച്ച്‌ കൂടുതൽ കാര്യങ്ങൾ നമുക്കു പഠിക്കാനാകും. ഇസ്രായേൽ ജനതയ്‌ക്കു മോശെ മുഖാന്തരം നൽകിയ ന്യായപ്രമാണത്തിലൂടെ യഹോവ ആ ജനത്തെ നിരവധി പാഠങ്ങൾ പഠിപ്പിച്ചു. ‘ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിരിക്കുന്നതുകൊണ്ട്‌’ പൗലൊസ്‌ നൽകിയ ‘നന്ദിയുള്ളവരായിരിപ്പിൻ’ എന്ന ബുദ്ധിയുപദേശം പിൻപറ്റാൻ ഉതകുന്ന നിരവധി കാര്യങ്ങൾ നമുക്ക്‌ അതിൽനിന്നു പഠിക്കാനാകും.​—⁠റോമർ 2:19; കൊലൊസ്സ്യർ 3:15.

മോശൈക ന്യായപ്രമാണത്തിൽനിന്നുള്ള മൂന്നു പാഠങ്ങൾ

7. യഹോവയോടുള്ള നന്ദി പ്രകടിപ്പിക്കാൻ ദശാംശ ക്രമീകരണം ഇസ്രായേല്യർക്ക്‌ അവസരമേകിയത്‌ എങ്ങനെ?

7 യഹോവയുടെ നന്മയോട്‌ യഥാർഥ വിലമതിപ്പു കാണിക്കാനുള്ള മൂന്നു വിധങ്ങൾ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അവൻ ഇസ്രായേല്യർക്കു നൽകിയിരുന്നു. ഒന്നാമത്തേത്‌, ദശാംശ ക്രമീകരണം ആയിരുന്നു. സകല വിളവുകളുടെയും ആടുമാടുകളുടെയും “പത്തിലൊന്നു യഹോവയ്‌ക്കു വിശുദ്ധ”മായിരിക്കണമായിരുന്നു. (ലേവ്യപുസ്‌തകം 27:30-32) ഇസ്രായേല്യർ അത്‌ അനുസരിച്ചപ്പോൾ യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിച്ചു. “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”​—⁠മലാഖി 3:10.

8. സ്വമേധയാ ദാനത്തെ ദശാംശത്തിൽനിന്ന്‌ വ്യത്യസ്‌തമാക്കിയത്‌ എന്ത്‌?

8 രണ്ടാമതായി, സ്വമേധയാ സംഭാവനകൾ നൽകാനുള്ള ക്രമീകരണം യഹോവ ഇസ്രായേല്യർക്കു നൽകി. ദശാംശ വ്യവസ്ഥയ്‌ക്കു പുറമേയുള്ള ഒരു ക്രമീകരണമായിരുന്നു അത്‌. ഇസ്രായേല്യരോട്‌ പിൻവരുന്ന പ്രകാരം പറയാൻ അവൻ മോശെയ്‌ക്കു നിർദേശം നൽകി: “ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം [“സംഭാവന നൽകേണം,” NW].” തലമുറതലമുറയായി, ‘യഹോവയ്‌ക്കുള്ള ഒരു സംഭാവനയായി’ (NW) ആദ്യത്തെ ‘തരിമാവുകൊണ്ടുള്ള വടകളിൽ’ ചിലത്‌ യഹോവയ്‌ക്ക്‌ അർപ്പിക്കണമായിരുന്നു. ഈ ആദ്യഫലങ്ങൾക്ക്‌ ഒരു നിശ്ചിത അളവ്‌ വ്യവസ്ഥ ചെയ്‌തിരുന്നില്ല എന്നതു ശ്രദ്ധിക്കുക. (സംഖ്യാപുസ്‌തകം 15:18-21) എങ്കിലും, സംഭാവന നൽകിക്കൊണ്ട്‌ നന്ദി പ്രകടിപ്പിക്കുന്ന ഇസ്രായേല്യർക്ക്‌ യഹോവയിൽനിന്നുള്ള അനുഗ്രഹം ഉറപ്പു നൽകിയിരുന്നു. യെഹെസ്‌കേലിന്റെ ദർശനത്തിലെ ആലയത്തോടുള്ള ബന്ധത്തിലും സമാനമായ ഒരു ക്രമീകരണം കാണാനാകും. നാം ഇങ്ങനെ വായിക്കുന്നു: “സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി [“സംഭാവനയായി,” NW] വരുന്ന എല്ലാവക വഴിപാടും [“സംഭാവനയും,” NW] പുരോഹിതന്മാർക്കുള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം.”​—⁠യെഹെസ്‌കേൽ 44:30.

9. കാലാ പെറുക്കൽ എന്ന ക്രമീകരണത്തിലൂടെ യഹോവ എന്താണ്‌ പഠിപ്പിച്ചത്‌?

9 മൂന്നാമതായി, കാലാ പെറുക്കുന്നതിനുള്ള ക്രമീകരണം യഹോവ ചെയ്‌തു. ദൈവം ഈ നിർദേശം നൽകി: “നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; നിന്റെ കൊയ്‌ത്തിൽ കാലാ പെറുക്കയും അരുതു. നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യപുസ്‌തകം 19:9, 10) അപ്പോഴും, ഒരു നിശ്ചിത അളവ്‌ ആവശ്യപ്പെട്ടിരുന്നില്ല. ദരിദ്രർക്കുവേണ്ടി എന്തുമാത്രം ഇട്ടേക്കണമെന്ന്‌ തീരുമാനിക്കേണ്ടിയിരുന്നത്‌ ഓരോ ഇസ്രായേല്യനുമായിരുന്നു. ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഉചിതമായി ഇങ്ങനെ വിശദീകരിച്ചു: “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്‌പ കൊടുക്കുന്നു; അവൻ ചെയ്‌ത നന്മെക്കു അവൻ പകരം കൊടുക്കും.” (സദൃശവാക്യങ്ങൾ 19:17) അങ്ങനെ, നിരാലംബരോടുള്ള അനുകമ്പയും പരിഗണനയും യഹോവ പഠിപ്പിച്ചു.

10. നന്ദി പ്രകടമാക്കാതിരുന്നപ്പോൾ ഇസ്രായേല്യർക്ക്‌ ഉണ്ടായ ഭവിഷ്യത്തുകൾ ഏവ?

10 ഇസ്രായേൽ ജനം അനുസരണപൂർവം ദശാംശം കൊടുക്കുകയും സ്വമേധയാ സംഭാവനകൾ നൽകുകയും ദരിദ്രർക്കുവേണ്ടി കരുതുകയും ചെയ്‌തപ്പോൾ യഹോവ അവരെ അനുഗ്രഹിച്ചു. എന്നാൽ, നന്ദി പ്രകടിപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയപ്പോൾ അവർക്ക്‌ യഹോവയുടെ പ്രീതി നഷ്ടമായി. അത്‌ വിപത്തിലും തുടർന്നു പ്രവാസത്തിലും കലാശിച്ചു. (2 ദിനവൃത്താന്തം 36:17-21) ഇതിൽനിന്ന്‌ നമുക്കുള്ള പാഠമെന്താണ്‌?

നമ്മുടെ നന്ദിപ്രകടനങ്ങൾ

11. യഹോവയോടുള്ള നന്ദി പ്രകടിപ്പിക്കാൻ കഴിയുന്ന സുപ്രധാന വിധമേത്‌?

11 ഇന്നും യഹോവയ്‌ക്കു സ്‌തുതി കരേറ്റാനും അവനോടു നന്ദി പ്രകടിപ്പിക്കാനുമുള്ള സുപ്രധാന വിധത്തിൽ ഇതുപോലൊരു ‘അർപ്പണം’ ഉൾപ്പെട്ടിട്ടുണ്ട്‌. ക്രിസ്‌ത്യാനികളെന്ന നിലയിൽ നാം, മൃഗയാഗങ്ങളോ വിളവുകളോ അർപ്പിക്കാൻ ആവശ്യപ്പെടുന്ന ന്യായപ്രമാണത്തിൻ കീഴിലല്ല എന്നതു ശരിതന്നെ. (കൊലൊസ്സ്യർ 2:14) എന്നിരുന്നാലും, അപ്പൊസ്‌തലനായ പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാനികൾക്കു പിൻവരുന്ന പ്രോത്സാഹനം നൽകി: “നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13:15) പരസ്യ ശുശ്രൂഷയിലോ സഹക്രിസ്‌ത്യാനികളുടെ “സഭ”യിലോ ആയിരുന്നാലും, യഹോവയ്‌ക്ക്‌ സ്‌തോത്രയാഗം അർപ്പിക്കാനായി നമ്മുടെ കഴിവുകളും വിഭവങ്ങളും ഉപയോഗിച്ചുകൊണ്ട്‌ സ്‌നേഹവാനായ സ്വർഗീയ പിതാവായ യഹോവയോട്‌ നമുക്കു ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ കഴിയും. (സങ്കീർത്തനം 26:12) അങ്ങനെ ചെയ്യവേ, ഇസ്രായേല്യർ യഹോവയോടു നന്ദി പ്രകടിപ്പിക്കേണ്ടിയിരുന്ന വിധങ്ങളിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

12. ക്രിസ്‌തീയ ഉത്തരവാദിത്വത്തോടുള്ള ബന്ധത്തിൽ, ദശാംശ ക്രമീകരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

12 ഒന്നാമതായി, നാം കണ്ടുകഴിഞ്ഞതുപോലെ ദശാംശ ക്രമീകരണം ഐച്ഛികമല്ലായിരുന്നു; അത്‌ നൽകുക എന്നത്‌ ഓരോ ഇസ്രായേല്യന്റെയും ഉത്തരവാദിത്വമായിരുന്നു. ക്രിസ്‌ത്യാനികളെന്ന നിലയിൽ, ശുശ്രൂഷയിൽ ഏർപ്പെടാനും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകാനും ഉള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. ഈ പ്രവർത്തനങ്ങൾ ഓരോ ക്രിസ്‌ത്യാനിയുടെയും ഇഷ്ടത്തിനു വിട്ടിരിക്കുന്നവയല്ല. അന്ത്യനാളുകളെ കുറിച്ചുള്ള തന്റെ മഹത്തായ പ്രവചനത്തിൽ യേശു വ്യക്തമായി ഇപ്രകാരം പ്രസ്‌താവിച്ചു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14; 28:19, 20) ക്രിസ്‌തീയ യോഗങ്ങൾ സംബന്ധിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ നിശ്വസ്‌തതയിൽ ഇങ്ങനെ എഴുതി: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള ഉത്തരവാദിത്വം സന്തോഷത്തോടെ സ്വീകരിക്കുകയും സഹോദരങ്ങളുമൊത്ത്‌ സഭായോഗങ്ങളിൽ ക്രമമായി സഹവസിക്കുകയും ഇവയെ ഒരു പദവിയും ബഹുമതിയുമായി വീക്ഷിക്കുകയും ചെയ്യുമ്പോൾ നാം യഹോവയോടുള്ള നന്ദി പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്‌.

13. സ്വമേധയാ സംഭാവനകൾ, കാലാ പെറുക്കൽ എന്നീ ക്രമീകരണങ്ങളിൽനിന്ന്‌ എന്തു പഠിക്കാനാകും?

13 ഇതിനുപുറമേ, ഇസ്രായേല്യർക്ക്‌ തങ്ങളുടെ വിലമതിപ്പു പ്രകടിപ്പിക്കാനുള്ള മറ്റു രണ്ടു കരുതലുകളെ, അതായത്‌ സ്വമേധയാ സംഭാവനകളെയും കാലാ പെറുക്കലിനെയും കുറിച്ചു പരിചിന്തിക്കുന്നതിൽനിന്നും നമുക്കു പ്രയോജനം നേടാനാകും. ദശാംശ ക്രമീകരണത്തിൻ കീഴിൽ ഇസ്രായേല്യർ ഒരു നിശ്ചിത അളവ്‌ നൽകാൻ ബാധ്യസ്ഥരായിരുന്നു. എന്നാൽ അതിൽനിന്നു വ്യത്യസ്‌തമായി, സ്വമേധയാ സംഭാവനകളും കാലാ പെറുക്കാനുള്ള ക്രമീകരണവും ഒരു നിശ്ചിത അളവ്‌ ആവശ്യപ്പെട്ടിരുന്നില്ല. പകരം, യഹോവയുടെ ഒരു ദാസൻ തന്റെ ഹൃദയ വിലമതിപ്പിന്റെ ആഴത്താൽ പ്രേരിതനായി പ്രവർത്തിക്കാൻ അവ അവസരമൊരുക്കി. സമാനമായി, ശുശ്രൂഷയിൽ ഏർപ്പെടുന്നതും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതും യഹോവയുടെ ഓരോ ദാസന്റെയും അടിസ്ഥാന ഉത്തരവാദിത്വമാണെന്ന്‌ നമുക്ക്‌ അറിയാമെങ്കിലും, മുഴുഹൃദയത്തോടും മനസ്സോടുംകൂടെയാണോ നാം അവയിൽ പങ്കുപറ്റുന്നത്‌? യഹോവ നമുക്കായി ചെയ്‌തിരിക്കുന്ന സകലത്തിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്താനുള്ള ഒരു അവസരമായി നാം അവയെ വീക്ഷിക്കുന്നുണ്ടോ? നമ്മുടെ വ്യക്തിപരമായ സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം നാം അവയിൽ പരമാവധി പങ്കുപറ്റുന്നുണ്ടോ? അതോ, ഇവയെല്ലാം ഒരു കടമ നിർവഹണം പോലെ ചെയ്യുകയാണോ? നാം വ്യക്തിപരമായി ഉത്തരം നൽകേണ്ട ചോദ്യങ്ങളാണ്‌ ഇവ. അപ്പൊസ്‌തലനായ പൗലൊസ്‌ അതേക്കുറിച്ച്‌ ഇപ്രകാരം പറഞ്ഞു: “ഓരോരുത്തരും താന്താന്റെ പ്രവൃത്തി വിലയിരുത്തട്ടെ; അപ്പോൾ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽത്തന്നേ അഭിമാനിക്കാം.”​—⁠ഗലാത്യർ 6:⁠4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

14. യഹോവയ്‌ക്കുള്ള സേവനത്തിൽ അവൻ നമ്മിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നത്‌?

14 യഹോവയാം ദൈവത്തിന്‌ നമ്മുടെ സാഹചര്യങ്ങൾ നന്നായി അറിയാം. നമ്മുടെ പരിമിതികൾ സംബന്ധിച്ച്‌ അവൻ ബോധവാനാണ്‌. തന്റെ ദാസർ മനസ്സോടെ അർപ്പിക്കുന്ന ചെറുതും വലുതുമായ യാഗങ്ങളെ അവൻ വലമതിക്കുന്നു. നാം എല്ലാവരും ഒരേ അളവ്‌ നൽകാൻ അവൻ പ്രതീക്ഷിക്കുന്നില്ല, നമുക്ക്‌ അതിനു സാധിക്കുകയുമില്ല. ഭൗതികമായി കൊടുക്കുന്നതിനെ കുറിച്ച്‌ ചർച്ച ചെയ്യവേ അപ്പൊസ്‌തലനായ പൗലൊസ്‌ കൊരിന്തിലെ ക്രിസ്‌ത്യാനികളോട്‌ ഇങ്ങനെ പറഞ്ഞു: “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്‌തിയില്ലാത്തതുപോലെയല്ല പ്രാപ്‌തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.” (2 കൊരിന്ത്യർ 8:12) ഈ തത്ത്വം നമ്മുടെ ദൈവസേവനത്തിനും ബാധകമാണ്‌. നമ്മുടെ സേവനത്തെ അവനു സ്വീകാര്യമാക്കുന്നത്‌ നാം എന്തുമാത്രം ചെയ്യുന്നു എന്നതല്ല മറിച്ച്‌ എങ്ങനെ നാം അതു ചെയ്യുന്നു എന്നതാണ്‌, അതായത്‌ സന്തോഷത്തോടും മുഴുഹൃദയത്തോടുംകൂടെ ചെയ്യുന്നുവോ എന്നത്‌.​—⁠സങ്കീർത്തനം 100:1-5; കൊലൊസ്സ്യർ 3:23.

പയനിയർ ആത്മാവ്‌ വളർത്തിയെടുക്കുകയും നിലനിറുത്തുകയും ചെയ്യുക

15, 16. (എ) പയനിയർ ശുശ്രൂഷയും നന്ദിയും തമ്മിലുള്ള ബന്ധം എന്ത്‌? (ബി) പയനിയറിങ്‌ ചെയ്യാൻ സാധിക്കാത്തവർക്ക്‌ പയനിയർ ആത്മാവ്‌ പ്രകടമാക്കാൻ കഴിയുന്നത്‌ എങ്ങനെ?

15 യഹോവയോടു നന്ദി പ്രകടിപ്പിക്കാൻ കഴിയുന്ന പ്രതിഫലദായകമായ ഒരു വിധം മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുക എന്നതാണ്‌. നിരവധി സമർപ്പിത ദാസർ, യഹോവയോടുള്ള സ്‌നേഹത്താലും അവന്റെ അനർഹദയയോടുള്ള കൃതജ്ഞതയാലും പ്രേരിതരായി തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. യഹോവയെ സേവിക്കാനായി കൂടുതൽ സമയം ലഭിക്കുന്നതിനു വേണ്ടിയാണ്‌ അവർ അങ്ങനെ ചെയ്‌തിരിക്കുന്നത്‌. സുവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനുമായി ഓരോ മാസവും ശരാശരി 70 മണിക്കൂർ ചെലവിട്ടുകൊണ്ട്‌ സാധാരണ പയനിയർമാരായി സേവിക്കാൻ ചിലർക്കു സാധിച്ചിരിക്കുന്നു. വ്യത്യസ്‌ത സാഹചര്യങ്ങളാൽ പരിമിതികൾ ഉണ്ടായിരുന്നേക്കാവുന്ന മറ്റുചിലർ, പ്രസംഗവേലയ്‌ക്കായി ചില മാസങ്ങളിൽ 50 മണിക്കൂർ ചെലവിട്ടുകൊണ്ട്‌ സഹായ പയനിയറിങ്‌ ചെയ്യാൻ തീരുമാനിക്കുന്നു.

16 എന്നാൽ, സാധാരണ പയനിയറായോ സഹായ പയനിയറായോ സേവിക്കാൻ കഴിയാത്ത യഹോവയുടെ അനേകം ദാസന്മാരുടെ കാര്യമോ? പയനിയർ ആത്മാവ്‌ വളർത്തിയെടുക്കുകയും നിലനിറുത്തുകയും ചെയ്‌തുകൊണ്ട്‌ അവർക്കു നന്ദി പ്രകടിപ്പിക്കാൻ കഴിയും. എങ്ങനെ? പയനിയറിങ്‌ ചെയ്യാൻ സാധിക്കുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും മുഴുസമയ സേവനം ജീവിതലക്ഷ്യമാക്കാനുള്ള ആഗ്രഹം മക്കളിൽ ഉൾനട്ടുകൊണ്ടും സ്വന്തം സാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ച്‌ പ്രസംഗവേലയിൽ സതീക്ഷ്‌ണം ഏർപ്പെട്ടുകൊണ്ടും അതു ചെയ്യാവുന്നതാണ്‌. നാം ശുശ്രൂഷയിൽ എത്രത്തോളം ചെയ്യുന്നു എന്നത്‌ മുഖ്യമായും, യഹോവ നമുക്കുവേണ്ടി ചെയ്‌തിരിക്കുന്നതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളോടുള്ള നമ്മുടെ ഹൃദയ വിലമതിപ്പിന്റെ ആഴത്തെ ആശ്രയിച്ചിരിക്കുന്നു.

“വിലയേറിയ വസ്‌തുക്കൾ”ക്കൊണ്ട്‌ നന്ദി പ്രകടിപ്പിക്കൽ

17, 18. (എ) “വിലയേറിയ വസ്‌തുക്കൾ”ക്കൊണ്ട്‌ നന്ദി പ്രകടിപ്പിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? (ബി) വിധവയുടെ സംഭാവന സംബന്ധിച്ച യേശുവിന്റെ വിലയിരുത്തൽ എന്തായിരുന്നു, എന്തുകൊണ്ട്‌?

17 “നിന്റെ വിലയേറിയ വസ്‌തുക്കൾക്കൊണ്ടും നിന്റെ സകല വിളവിന്റെയും ആദ്യഫലങ്ങൾകൊണ്ടും യഹോവയെ ബഹുമാനിക്കുക” (NW) എന്ന്‌ സദൃശവാക്യങ്ങൾ 3:9 പറയുന്നു. യഹോവയുടെ ദാസന്മാർ മേലാൽ ദശാംശം കൊടുക്കേണ്ടതില്ല. മറിച്ച്‌, പൗലൊസ്‌ കൊരിന്തിലെ സഭയ്‌ക്ക്‌ ഇങ്ങനെ എഴുതി: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) ലോകവ്യാപക പ്രസംഗവേലയെ പിന്തുണയ്‌ക്കാനായി സ്വമേധയാ സംഭാവനകൾ നൽകുന്നതും നമ്മുടെ കൃതജ്ഞതയുടെ തെളിവാണ്‌. ആത്മാർഥമായ വിലമതിപ്പ്‌ ഇത്‌ ക്രമമായ ഒരു അടിസ്ഥാനത്തിൽ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. ആദിമ ക്രിസ്‌ത്യാനികൾ ചെയ്‌തിരുന്നതുപോലെ, അതിനായി ഓരോ വാരവും എന്തെങ്കിലും നീക്കിവെക്കാൻ നമുക്കു സാധിച്ചേക്കാം.​—⁠1 കൊരിന്ത്യർ 16:1, 2.

18 യഹോവയോടുള്ള നമ്മുടെ കൃതജ്ഞതയെ പ്രതിഫലിപ്പിക്കുന്നത്‌, നാം നൽകുന്നതിന്റെ അളവല്ല മറിച്ച്‌ നാം എന്ത്‌ മനോഭാവത്തോടെ നൽകുന്നു എന്നതാണ്‌. ആലയ ഭണ്ഡാരത്തിൽ ജനം സംഭാവന ഇടുന്നത്‌ നോക്കിക്കൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞത്‌ ഇതാണ്‌. ദരിദ്രയായ ഒരു വിധവ ‘രണ്ടു കാശ്‌’ ഇടുന്നതു കണ്ടപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്‌മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.”​—⁠ലൂക്കൊസ്‌ 21:1-4.

19. നാം നന്ദി പ്രകടമാക്കുന്ന വിധങ്ങൾ പുനഃപരിശോധിക്കുന്നത്‌ നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 നന്ദിയുള്ളവരെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാം എന്നതു സംബന്ധിച്ചുള്ള ഈ അധ്യയനം, നാം നന്ദി പ്രകടമാക്കുന്ന വിധങ്ങൾ പുനഃപരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ. ഒരുപക്ഷേ, യഹോവയ്‌ക്കുള്ള നമ്മുടെ സ്‌തോത്രയാഗവും അതുപോലെതന്നെ ലോകവ്യാപക വേലയ്‌ക്കുവേണ്ടിയുള്ള ഭൗതിക പിന്തുണയും വർധിപ്പിക്കാൻ നമുക്കു കഴിയുമോ? നാം അങ്ങനെ ചെയ്യുന്നിടത്തോളം, നാം നന്ദിയുള്ളവരാണെന്നു പ്രകടമാക്കുന്നതിൽ നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവായ യഹോവ സംപ്രീതനായിരിക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഏതു കാരണങ്ങളാൽ നാം യഹോവയോടു നന്ദിയുള്ളവർ ആയിരിക്കണം?

• ദശാംശം, സ്വമേധയാ സംഭാവന, കാലാ പെറുക്കൽ എന്നിവയിൽ നമുക്കുള്ള പാഠമെന്ത്‌?

• നാം പയനിയർ ആത്മാവ്‌ നട്ടുളർത്തുന്നത്‌ എങ്ങനെ?

• യഹോവയ്‌ക്കു നന്ദി കരേറ്റാനായി നമുക്ക്‌ നമ്മുടെ ‘വിലയേറിയ വസ്‌തുക്കൾ’ ഉപയോഗിക്കാവുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[15 -ാം പേജിലെ ചിത്രങ്ങൾ]

‘എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്ന്‌ ആകുന്നു’

[16 -ാം പേജിലെ ചിത്രങ്ങൾ]

ന്യായപ്രമാണത്തിൽ നിന്നുള്ള ഏതു മൂന്ന്‌ പാഠങ്ങളാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്‌?

[18 -ാം പേജിലെ ചിത്രങ്ങൾ]

നമുക്ക്‌ ഏതെല്ലാം യാഗങ്ങൾ അർപ്പിക്കാനാകും?