വിശ്വസിക്കേണ്ടതിന്റെ ശരിയായ കാരണം
വിശ്വസിക്കേണ്ടതിന്റെ ശരിയായ കാരണം
തങ്ങളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കിട്ടാത്തതുകൊണ്ടാണ് അനേകരും പള്ളിയിൽപോക്കു നിറുത്തുന്നത് എന്ന് യുവജനങ്ങൾ പള്ളിയുപേക്ഷിച്ചു പോകുന്നതിനുള്ള 31 കാരണങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്ന ഒരു കൊറിയൻ പുസ്തകം തറപ്പിച്ചു പറയുന്നു. ഉദാഹരണത്തിന്, അവരുടെ ചില ചോദ്യങ്ങൾ ശ്രദ്ധിക്കുക. ‘ദൈവത്തിൽ വിശ്വസിക്കുന്ന ആളുകൾ കഷ്ടത അനുഭവിക്കുന്നത് എന്തുകൊണ്ട്?’ ‘സഭകളുടെ നിരവധി പഠിപ്പിക്കലുകൾ കുഴപ്പിക്കുന്നതും പരസ്പര വിരുദ്ധവും ആയിരിക്കുമ്പോൾ, അവ പഠിപ്പിക്കുന്ന സകലതും നാം എന്തുകൊണ്ടു സ്വീകരിക്കണം?’
പുരോഹിത വർഗത്തിന്റെ ഉത്തരങ്ങൾ കേട്ട് ഭഗ്നാശരായ പല ആളുകളും, ബൈബിളിൽ ഒന്നിനും ഉത്തരമില്ല എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. പുരോഹിതന്മാർ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ മാത്രം അടിസ്ഥാനപ്പെടുത്തി വിശദീകരണം നൽകുന്നത് ആളുകൾ മിക്കപ്പോഴും ദൈവത്തെയും ബൈബിളിനെയും തെറ്റിദ്ധരിക്കാനും തിരസ്കരിക്കാനും ഇടയാക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ ഒരു ലൂഥറൻ മതവിശ്വാസി ആയി വളർത്തപ്പെട്ട ഏബെലിന്റെ അനുഭവം അതായിരുന്നു. അദ്ദേഹം ഇപ്രകാരം അനുസ്മരിക്കുന്നു: “മരിക്കുന്ന എല്ലാവരും ദൈവത്താൽ ‘എടുക്കപ്പെടുന്നു’ എന്നാണ് സഭ പഠിപ്പിക്കുന്നത്. എന്നാൽ സ്നേഹവാനായ ഒരു ദൈവം കുട്ടികളിൽ നിന്ന് അവരുടെ മാതാപിതാക്കളെ ‘എടുക്കുന്നത്’ എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായില്ല. ഞാൻ വളർന്നുവന്ന ആഫ്രിക്കയിലെ നാട്ടിൻപുറത്താണെങ്കിൽ, ഒരു തള്ളക്കോഴിയെ അവളുടെ കുഞ്ഞുങ്ങൾ വലുതാകുന്നതുവരെ ഞങ്ങൾ കൊല്ലുമായിരുന്നില്ല. ഒരു പശുവിന് ചനയുണ്ടെന്നു മനസ്സിലായാൽ അതു പ്രസവിച്ച് കിടാവിന്റെ പാലുകുടി മാറുന്നതുവരെ ഞങ്ങൾ അതിനെ കശാപ്പു ചെയ്യുമായിരുന്നില്ല. സ്നേഹവാനായ ഒരു ദൈവം മനുഷ്യരോട് ഇതേ പരിഗണന കാണിക്കാത്തത് എന്തുകൊണ്ടെന്ന് എനിക്കു മനസ്സിലായില്ല.”
കാനഡക്കാരനായ ആരാമിനും സമാനമായ സംശയങ്ങൾ ഉണ്ടായിരുന്നു. “എനിക്കു 13 വയസ്സുള്ളപ്പോൾ എന്റെ ഡാഡി മരിച്ചു” ആരാം പറയുന്നു. “ശവസംസ്കാര ശുശ്രൂഷയിൽ, പ്രമുഖനായ ഒരു വൈദികൻ പറഞ്ഞത് എന്റെ ഡാഡി മരിക്കാൻ ദൈവത്തിന് ഇഷ്ടമായിരുന്നെന്നാണ്. അങ്ങനെയാകുമ്പോൾ സ്വർഗത്തിൽ ദൈവത്തോട് കൂടുതൽ അടുത്തുചെല്ലാൻ ഡാഡിക്കു കഴിയുമത്രെ. ‘ദൈവം നല്ല ആളുകളെ എടുത്തുകൊണ്ടുപോകുന്നു,’ വൈദികൻ പറഞ്ഞു. ‘കാരണം ദൈവം നീതിമാന്മാരെ സ്നേഹിക്കുന്നു.’
ദൈവത്തിന് ഇത്ര സ്വാർഥനാകാൻ കഴിയുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലായില്ല.”കാലാന്തരത്തിൽ, ഏബെലും ആരാമും യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽവന്നു. സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചപ്പോൾ അവർക്കു തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. അവർ ദൈവത്തോടു സ്നേഹം വളർത്തിയെടുത്തു, ഒപ്പം അവനിൽ ശക്തമായ വിശ്വാസവും. ഒടുവിൽ, അവർ യഹോവയ്ക്ക് തങ്ങളുടെ ജീവിതം സമർപ്പിക്കുകയും അവന്റെ വിശ്വസ്ത ദാസന്മാരായിത്തീരുകയും ചെയ്തു.
സൂക്ഷ്മപരിജ്ഞാനം—ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ഒരു താക്കോൽ
ഈ അനുഭവങ്ങൾ നമ്മെ എന്തു പഠിപ്പിക്കുന്നു? ദൈവത്തിൽ വിശ്വസിക്കുന്നതിന് സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഇവ നമ്മോടു പറയുന്നു. പുരാതന ഫിലിപ്പി നഗരത്തിലെ ക്രിസ്ത്യാനികളോട് അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം പറഞ്ഞു: ‘നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും [“സൂക്ഷ്മ പരിജ്ഞാനത്തിലും,” NW] സകലവിവേകത്തിലും വർദ്ധിച്ചു വരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.’ (ഫിലിപ്പിയർ 1:9-11) ദൈവത്തോടും സഹവിശ്വാസികളോടുമുള്ള സ്നേഹം ദൈവത്തെ കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തോടും ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു വിവേചിച്ചറിയുന്നതിനോടും അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നു പൗലൊസ് പറയുന്നു.
ഇതു ന്യായയുക്തമാണ്. കാരണം, ഒരാളിൽ വിശ്വാസം ഉണ്ടാകണമെങ്കിൽ ആദ്യം ആ വ്യക്തിയെ അറിയേണ്ടതുണ്ട്. എത്ര നന്നായി അറിയുന്നുവോ അത്രകണ്ട് വിശ്വാസവും വർധിക്കും. സമാനമായി, ദൈവത്തിൽ വിശ്വസിക്കാൻ നിങ്ങൾക്കു പ്രചോദനം തോന്നണമെങ്കിൽ സൂക്ഷ്മപരിജ്ഞാനം ആവശ്യമാണ്. “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” എന്നു പൗലൊസ് പറഞ്ഞു. (എബ്രായർ 11:1) ബൈബിളിനെ സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം കൂടാതെയുള്ള ദൈവവിശ്വാസം ഒരു ചീട്ടുകൊട്ടാരം പോലെയാണ്. ഒന്നു മെല്ലെ ഊതിയാൽമതി എല്ലാംകൂടെ പൊളിഞ്ഞു താഴെവീഴും.
ഏബെലിനെയും ആരാമിനെയും ദീർഘനാൾ കുഴക്കിയ, ആളുകൾ മരിക്കുന്നത് എന്തുകൊണ്ടാണ് എന്നതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ബൈബിളിന്റെ പഠനം നിങ്ങളെ സഹായിക്കും. “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്നു ബൈബിൾ വിശദീകരിക്കുന്നു. (റോമർ 5:12) മനുഷ്യർ വാർധക്യം ചെല്ലുന്നതും മരിക്കുന്നതും അവർ തന്നോടുകൂടെ ആയിരിക്കാൻ ദൈവം അവരെ എടുക്കുന്നതുകൊണ്ടല്ല, മറിച്ച് ആദാം പാപം ചെയ്തതുകൊണ്ടാണ്. (ഉല്പത്തി 2:16, 17; 3:6, 17-19) കൂടാതെ, യഹോവയാം ദൈവം വാഗ്ദാനം ചെയ്യുന്ന യഥാർഥ പ്രത്യാശയെ കുറിച്ച് ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്. തന്റെ പുത്രനായ യേശുക്രിസ്തു മുഖാന്തരം, അവൻ പാപികളായ മനുഷ്യവർഗത്തിനു പുനരുത്ഥാന പ്രത്യാശ പ്രദാനം ചെയ്യുന്നു.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
പുനരുത്ഥാനത്തിന്റെ സത്യത മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന് യേശു വ്യക്തികളെ ജീവനിലേക്കു തിരികെ കൊണ്ടുവന്നതിന്റെ ഉദാഹരണങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (ലൂക്കൊസ് 7:11-17; 8:40-56; യോഹന്നാൻ 11:17-45) നിങ്ങൾ ഈ ബൈബിൾ വിവരണങ്ങൾ വായിക്കുമ്പോൾ പുനരുത്ഥാനം പ്രാപിച്ചവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉണ്ടായ ആഹ്ലാദവും ആനന്ദാതിരേകവും ശ്രദ്ധിക്കുക. അവർ ദൈവത്തെ സ്തുതിക്കാനും യേശുവിൽ വിശ്വസിക്കാനും പ്രചോദിതരായതായും നിങ്ങൾക്കു കാണാൻ കഴിയും.
ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിന് ആളുകളിൽ ഇന്ന് അതേ ഫലം ഉളവാക്കാനാകും. സുപ്രധാന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ലഭിക്കാതിരുന്നതു നിമിത്തം ആശയക്കുഴപ്പത്തിലാകുകയും ഭാരപ്പെടുകയും ഇടറിപ്പോകുകയുംപോലും ചെയ്തവർക്ക് ബൈബിൾ പഠനത്തിലൂടെ ഉത്തരങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. അത് അവരുടെ ജീവിതത്തിനു സമൂല പരിവർത്തനം വരുത്തി.
ദൈവത്തോടുള്ള സ്നേഹം—അവനെ സേവിക്കാനുള്ള അതിപ്രധാന കാരണം
ദൈവത്തിലുള്ള വിശ്വാസത്തിന് സൂക്ഷ്മപരിജ്ഞാനം അനിവാര്യം ആയിരിക്കുമ്പോൾത്തന്നെ, അവനെ അനുസരിക്കാനും സേവിക്കാനും പ്രചോദിതരാകുന്നതിന് അതിലും കൂടുതൽ ആവശ്യമാണ്. ദൈവത്തിൽനിന്നുള്ള ഏറ്റവും വലിയ കൽപ്പന ഏതാണെന്ന് ചോദിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.’” (മർക്കൊസ് 12:30) യേശു ചൂണ്ടിക്കാണിച്ച വിധത്തിൽ ഒരു വ്യക്തി ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ അവനെ അനുസരിക്കാനും സേവിക്കാനും അയാൾ അങ്ങേയറ്റം ഒരുക്കമുള്ളവനായിരിക്കും. നിങ്ങളുടെ കാര്യത്തിൽ അങ്ങനെയാണോ?
കൊറിയയിൽ ദശാബ്ദങ്ങളോളം ഒരു മിഷനറിയായി സേവിച്ചിട്ടുള്ള റേച്ചൽ, തന്റെ ദൈവവിശ്വാസത്തിന്റെ കാരണത്തെ കുറിച്ച് ഇപ്രകാരം പറയുന്നു: “യഹോവ തന്റെ സൃഷ്ടികളോടു കാണിക്കുന്ന ഔദാര്യം, തന്റെ ജനത്തോടുള്ള ഇടപെടലുകളിൽ കാണിക്കുന്ന ക്ഷമ, നമ്മിൽനിന്ന് എന്ത് ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് നമ്മുടെ ക്ഷേമത്തിൽ അവൻ പ്രകടമാക്കിയിരിക്കുന്ന താത്പര്യം എന്നിവയെക്കുറിച്ചെല്ലാം ഞാൻ ചിന്തിക്കുന്നു. ഈ കാര്യങ്ങളെല്ലാം ദൈവത്തോടുള്ള എന്റെ സ്നേഹം വളരാൻ ഇടയാക്കുന്നു. ആ സ്നേഹമാണ് അവനെ സേവിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകം.”
ജർമനിയിൽനിന്നുള്ള ഒരു വിധവയായ മാർത്ത 48 വർഷമായി യഹോവയെ സേവിക്കുന്ന ഒരു വ്യക്തിയാണ്. അവർ ഇപ്രകാരം പറയുന്നു: “ഞാൻ എന്തുകൊണ്ടാണ് യഹോവയെ സേവിക്കുന്നത്? എന്തുകൊണ്ടെന്നാൽ ഞാൻ അവനെ സ്നേഹിക്കുന്നു. എന്നും വൈകിട്ട് ഞാൻ യഹോവയോടു പ്രാർഥനയിൽ സംസാരിക്കാറുണ്ട്. അവൻ ചൊരിഞ്ഞിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും വിശേഷാൽ മറുവിലയാഗത്തിന് ഞാൻ എത്ര നന്ദിയുള്ളവളാണെന്ന് അവനോടു പറയും.”
അതേ, ദൈവത്തോടുള്ള സ്നേഹം ഹൃദയപൂർവം അവനെ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ ഒരുവൻ അത്തരത്തിലുള്ള സ്നേഹം വളർത്തിയെടുക്കുന്നത് എങ്ങനെയാണ്? ദൈവത്തോടു സ്നേഹം നട്ടുവളർത്താനുള്ള ഏറ്റവും ശക്തമായ പ്രേരകഘടകം അവൻ നമ്മോടു കാണിച്ച സ്നേഹത്തോടുള്ള ആഴമായ വിലമതിപ്പാണ്. ബൈബിൾ നൽകുന്ന ഹൃദയോഷ്മളമായ ഈ ഓർമിപ്പിക്കൽ ശ്രദ്ധിക്കുക: “സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ. ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.”—1 യോഹന്നാൻ 4:8-10.
ഈ സ്നേഹം എത്ര വലുതാണെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? കൂലംകുത്തിയൊഴുകുന്ന ഒരു നദിയിൽ നിങ്ങൾ മുങ്ങിത്താണുകൊണ്ടിരിക്കെ ഒരു മനുഷ്യൻ തന്റെ ജീവൻ പണയം വെച്ച് നിങ്ങളെ രക്ഷപ്പെടുത്തി എന്നു കരുതുക. നിങ്ങൾ അയാളെ മറക്കുമോ? വാസ്തവത്തിൽ നിങ്ങൾ ആ മനുഷ്യനോട് അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കില്ലേ? ചെയ്യാൻ കഴിയുന്നതെന്തും അയാൾക്കുവേണ്ടി ചെയ്യാൻ നിങ്ങൾ മനസ്സൊരുക്കം ഉള്ളവനായിരിക്കുകയില്ലേ? തന്റെ പുത്രനായ യേശുക്രിസ്തുവിനെ മറുവിലയാഗമായി നൽകിക്കൊണ്ട് ദൈവം കാണിച്ച സ്നേഹം അനുപമമാം വിധം ഉത്കൃഷ്ടമാണ്. (യോഹന്നാൻ 3:16; റോമർ 8:38, 39) ദൈവം പ്രകടമാക്കിയ സ്നേഹം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുമ്പോൾ അവനെ മുഴുഹൃദയത്തോടെ സ്നേഹിക്കാനും സേവിക്കാനും നിങ്ങൾ പ്രേരിതരാകും.
അനുഗ്രഹങ്ങൾ—ഇപ്പോഴും ഭാവിയിലും
ദൈവേഷ്ടം ചെയ്യുന്നതിനുള്ള പ്രഥമവും പ്രധാനവുമായ കാരണം അവനോടു നമുക്കുള്ള സ്നേഹമായിരിക്കണമെങ്കിലും ദൈവം തന്നെ സേവിക്കുന്നവർക്ക് പ്രതിഫലം നൽകുന്നു എന്നറിയുന്നതു ഹൃദയോഷ്മളമാണ്. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറയുന്നു: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”—എബ്രായർ 11:6.
സദൃശവാക്യങ്ങൾ 23:20, 21, NW; 2 കൊരിന്ത്യർ 7:1) സത്യസന്ധരും ഉത്സാഹികളും ആയിരിക്കുന്നതു സംബന്ധിച്ച ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നവരെ സാധാരണഗതിയിൽ തൊഴിലുടമകൾ ആശ്രയയോഗ്യരായി കണക്കാക്കുന്നതിനാൽ അവർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വമുണ്ട്. (കൊലൊസ്സ്യർ 3:23) യഹോവയിൽ ആശ്രയം വെക്കുന്നതിലൂടെ, വിഷമകരമായ സാഹചര്യങ്ങളിൽപ്പോലും ദൈവദാസർക്കു മനസ്സമാധാനം ഉള്ളവരായിരിക്കാൻ കഴിയുന്നു. (സദൃശവാക്യങ്ങൾ 28:25; ഫിലിപ്പിയർ 4:6, 7) എല്ലാറ്റിലുമുപരി, വരാനിരിക്കുന്ന ഭൗമിക പറുദീസയിലെ നിത്യജീവന്റെ അനുഗ്രഹങ്ങളിലേക്ക് അവർ ഉറപ്പോടെ നോക്കിപ്പാർത്തിരിക്കുന്നു.—സങ്കീർത്തനം 37:11, 29.
ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ അവൻ തീർച്ചയായും അനുഗ്രഹിക്കുന്നു. ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതിന്റെ ഫലമായി അനേകരും മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കുന്നു. (യഹോവയിൽനിന്ന് അത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നവർക്ക് അവനെ കുറിച്ച് എന്തു തോന്നുന്നു? കാനഡയിലുള്ള ജാക്വിലിൻ എന്ന ക്രിസ്തീയ വനിതയുടെ ദൈവത്തെ കുറിച്ചുള്ള വിലമതിപ്പിൻ വാക്കുകൾ ശ്രദ്ധിക്കുക: “അവൻ എല്ലായ്പോഴും നമുക്ക് അത്ഭുതകരമായ ദാനങ്ങൾ തരുന്നു, അവൻ നിത്യജീവന്റെ ഉറപ്പുള്ള പ്രത്യാശ നൽകുന്നു.” മുമ്പു പരാമർശിച്ച ഏബെൽ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്: “ഒരു പറുദീസ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്നുള്ള പ്രത്യാശ എന്നെ സംബന്ധിച്ചു പുതിയ ഒന്നായിരുന്നു. ഞാൻ അതിനായി നോക്കിപ്പാർത്തിരിക്കുകയാണ്. എന്നാൽ, പറുദീസ എന്നൊന്ന് ഉണ്ടായിരുന്നില്ലെങ്കിലും, ദൈവത്തെ സേവിച്ചുകൊണ്ട് അവനോടുള്ള എന്റെ സ്നേഹം പ്രകടമാക്കുന്നത് എനിക്ക് സന്തോഷകരമായ ഒരു അനുഭവമായിരുന്നേനെ.”
യഥാർഥ വിശ്വാസം ഉണ്ടായിരിക്കാൻ നിങ്ങൾക്കും കഴിയും
‘നീതിയോടെ ന്യായംവിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവ’ എന്നു ദൈവത്തെ കുറിച്ചു ബൈബിൾ പറയുന്നു. (യിരെമ്യാവു 11:20) അതേ, നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഗുപ്തമായിരിക്കുന്ന കാര്യങ്ങളെ യഹോവ പരിശോധിക്കുന്നു. ഓരോ വ്യക്തിയും ദൈവത്തിൽ വിശ്വസിക്കുന്നതിനു തന്നെ പ്രേരിപ്പിക്കുന്നത് എന്താണെന്നു പരിശോധിക്കേണ്ടതുണ്ട്. ദൈവത്തെ കുറിച്ചുള്ള അബദ്ധജടിലമായ വിശ്വാസങ്ങളും ധാരണകളും കഴിഞ്ഞകാലത്ത് തെറ്റായ പ്രവർത്തനങ്ങളിലേക്കു നയിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ ബൈബിളിനെ കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിന് സ്രഷ്ടാവായ യഹോവയാം ദൈവവുമായി ഒരു ശരിയായ ബന്ധത്തിലേക്കു നമ്മെ കൊണ്ടുവരുന്നതിനു കഴിയും.—1 തിമൊഥെയൊസ് 2:3, 4.
യഹോവയുടെ സാക്ഷികൾ സൗജന്യ ഭവന ബൈബിളധ്യയന ക്രമീകരണത്തിലൂടെ ദൈവത്തെ കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടാൻ ആളുകളെ സഹായിക്കുന്നു. (മത്തായി 28:20) അത്തരം സഹായം സ്വീകരിച്ച അനേകർ ദൈവത്തെ സ്നേഹിക്കാനും അവനിൽ യഥാർഥ വിശ്വാസം വളർത്തിയെടുക്കാനും ഇടയായിട്ടുണ്ട്. ബൈബിളിന്റെ പഠനത്തിലൂടെ അവർ “ജ്ഞാനവും വകതിരിവും [“പ്രായോഗിക ജ്ഞാനവും ചിന്താപ്രാപ്തിയും,” NW]” സമ്പാദിച്ചിരിക്കുന്നു. ആപത്കരമായ നാളുകളിൽ ‘നിർഭയമായി [“സുരക്ഷിതമായി,” NW] നടക്കാൻ’ അവരെ അതു സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 3:21-23) എല്ലാറ്റിലുമുപരി, ഇപ്പോൾ അവർ “നിശ്ചയവും സ്ഥിരവും” ആയ ഒരു ഭാവി പ്രത്യാശ നിലനിറുത്തുകയും ചെയ്യുന്നു. (എബ്രായർ 6:19) നിങ്ങൾക്കും യഥാർഥ വിശ്വാസം ഉണ്ടായിരിക്കുന്നതിനും ഈ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനും കഴിയും.
[6 -ാം പേജിലെ ചതുരം]
ഉത്തരങ്ങൾ ആവശ്യമായിരുന്ന കുഴപ്പിക്കുന്ന ചോദ്യങ്ങൾ
“ആശുപത്രിയിൽ ഒരു മെഡിക്കൽ വിദ്യാർഥിയായി പരിശീലനം നേടിക്കൊണ്ടിരിക്കവേ, നല്ലവരായ ആളുകൾ രോഗത്താലും വിപത്തുകളാലും കഠിന വേദന അനുഭവിക്കുന്നത് ഞാൻ കണ്ടിരുന്നു. ഒരു ദൈവമുണ്ടെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? മതം മനഃശാന്തി നേടാനുള്ള ഒരു മാർഗം മാത്രമാണോ?”—കൊറിയയിലെ ഒരു മുൻ പ്രസ്ബിറ്റേറിയൻ.
“എന്റെ, മദ്യപാനിയായിരുന്ന അച്ഛൻ നരകത്തിൽ പോയോ അതോ സ്വർഗത്തിലാണോ എന്ന് ഞാൻ മിക്കപ്പോഴും ചിന്തിച്ചിരുന്നു. മരിച്ചവരെക്കുറിച്ചും നരകാഗ്നി എന്ന ആശയത്തെ കുറിച്ചും എനിക്കു വലിയ ഭയമായിരുന്നു. സ്നേഹവാനായ ഒരു ദൈവത്തിന് ആരെയെങ്കിലും നിത്യമായി കഷ്ടത അനുഭവിക്കാൻ നരകത്തിലേക്ക് അയയ്ക്കാൻ കഴിയുന്നത് എങ്ങനെയെന്ന് എനിക്കു പിടികിട്ടിയില്ല.”—ബ്രസീലിലെ ഒരു മുൻ കത്തോലിക്ക വിശ്വാസി.
“ഭൂമിക്കും മനുഷ്യവർഗത്തിനും എന്തു ഭാവിയാണുള്ളത്? മനുഷ്യവർഗത്തിന് നിത്യമായി ജീവിക്കാൻ കഴിയുന്നത് എങ്ങനെ? മാനവരാശിക്ക് യഥാർഥ സമാധാനം നേടാൻ എങ്ങനെ കഴിയും?”—ജർമനിയിലെ ഒരു മുൻ കത്തോലിക്ക വിശ്വാസി.
“പുനർജന്മത്തെ കുറിച്ചുള്ള പഠിപ്പിക്കൽ തീർത്തും ന്യായയുക്തമല്ലാത്തതായി എനിക്കു തോന്നി. ജന്തുക്കൾ ദൈവത്തെ ആരാധിക്കുന്നില്ല. അപ്പോൾപ്പിന്നെ നിങ്ങളുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യുന്നതിനു വേണ്ടി നിങ്ങൾ ഒരു ജന്തുവായി പുനർജനിച്ചാൽത്തന്നെ തെറ്റുതിരുത്താനും ആ അവസ്ഥയിൽനിന്നു പുരോഗമിക്കാനും നിങ്ങൾക്ക് എങ്ങനെയാണു കഴിയുക?”—ദക്ഷിണാഫ്രിക്കയിലെ ഒരു മുൻ ഹിന്ദു.
“കൺഫ്യൂഷ്യൻ മതവിശ്വാസം പിൻപറ്റുന്ന ഒരു കുടുംബത്തിലാണു ഞാൻ വളർന്നത്. പിതൃക്കളുടെ ശാന്തിക്കായി ചെയ്യുന്ന ചടങ്ങുകളിൽ ഞാൻ പങ്കെടുക്കുമായിരുന്നു. ബലിക്കുള്ള സാധനങ്ങൾ ബലിപീഠത്തിൽ ഒരുക്കിവെച്ച് വണങ്ങുമ്പോൾ മരിച്ചുപോയ പിതൃക്കൾ വന്ന് ഞങ്ങൾ ഒരുക്കിവെച്ച ഭക്ഷണം കഴിക്കുകയും ഞങ്ങൾ അവരെ കുമ്പിടുന്നതു കാണുകയും ചെയ്യുന്നുണ്ടോ എന്നു ഞാൻ ചിന്തിച്ചിരുന്നു.”—കൊറിയയിലെ ഒരു മുൻ കൺഫ്യൂഷ്യൻ വിശ്വാസി.
യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചപ്പോൾ ഇവർക്കെല്ലാം തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി.