വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സകല സൽപ്രവൃത്തിക്കും ഒരുക്കമുള്ളവർ’

‘സകല സൽപ്രവൃത്തിക്കും ഒരുക്കമുള്ളവർ’

‘സകല സൽപ്രവൃത്തിക്കും ഒരുക്കമുള്ളവർ’

‘വാഴ്‌ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിക്കുകയും സകല സൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുകയും’ ചെയ്യുക. (തീത്തൊസ്‌ 3:1) തന്റെ സഹവിശ്വാസികൾക്ക്‌ ഈ വാക്കുകൾ എഴുതിയപ്പോൾ അപ്പൊസ്‌തലനായ പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്ന സത്‌പ്രവൃത്തികൾ എന്തായിരുന്നു? ബൈബിൾ പണ്ഡിതനായ ഇ. എഫ്‌. സ്‌കോട്ട്‌ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ ഒരു തരത്തിലുള്ള സത്‌പ്രവൃത്തിയിലേക്കു വിരൽചൂണ്ടി: “ക്രിസ്‌ത്യാനികൾ അധികാരികളെ അനുസരിക്കേണ്ടിയിരുന്നുവെന്നു മാത്രമല്ല ഏതു സത്‌പ്രവൃത്തിക്കും ഒരുങ്ങിയിരിക്കുകയും ചെയ്യണമായിരുന്നു. . . . ആവശ്യമായിരിക്കുമ്പോഴെല്ലാം പൊതുതാത്‌പര്യം പ്രകടിപ്പിക്കുന്നതിൽ ക്രിസ്‌ത്യാനികൾ മുൻപന്തിയിൽ ഉണ്ടായിരിക്കണം. അഗ്നിബാധയും മഹാമാരിയും വിവിധങ്ങളായ ദുരന്തങ്ങളും കൂടെക്കൂടെ ഉണ്ടാകാം. ഉത്തമ പൗരന്മാർ തങ്ങളുടെ അയൽക്കാരെ സഹായിക്കാൻ ആഗ്രഹിക്കുന്ന സമയങ്ങളാണിവ.”

ദൈവ നിയമങ്ങളുടെ ലംഘനം ഉൾപ്പെടാത്തിടത്തോളം കാലം ക്രിസ്‌ത്യാനികൾ ചില പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. (പ്രവൃത്തികൾ 5:29) ഉദാഹരണത്തിന്‌, ജപ്പാനിലെ എബിന നഗരത്തിൽ സ്ഥിതിചെയ്യുന്ന യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ പ്രാദേശിക അഗ്നിശമന വകുപ്പിന്റെ നിർദേശപ്രകാരം, അഗ്നിബാധയുണ്ടാകുമ്പോൾ പ്രവർത്തിക്കേണ്ടത്‌ എങ്ങനെ എന്നതു സംബന്ധിച്ച്‌ കുറിച്ച്‌ ഓരോ വർഷവും പരിശീലന പരിപാടി നടത്തുന്നു. അത്തരം സന്ദർഭങ്ങളിൽ ബെഥേൽ കുടുംബത്തിലെ എല്ലാവരും, പ്രാദേശിക അഗ്നിശമന വകുപ്പിന്റെ പ്രതിനിധിയുടെ നിർദേശങ്ങൾ കേൾക്കാൻ ഒന്നിച്ചുകൂടിവരുന്നു.

അതിനു പുറമേ, അഗ്നിപ്രതിരോധം സംബന്ധിച്ച്‌ പൊതുജനങ്ങളെ ബോധവത്‌കരിക്കാനായി നടത്തുന്ന ഒരു പ്രദർശനത്തിൽ അവിടത്തെ ബ്രാഞ്ച്‌ ഓഫീസ്‌ ഒരു ദശാബ്ദത്തിലധികമായി പ്രാദേശിക അധികാരികളുമായി സഹകരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദർശനത്തിൽ നഗരത്തിലെ വിവിധ കമ്പനികൾ അഗ്നിശമനത്തിനും നിയന്ത്രണത്തിനുമുള്ള തങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കുന്നു. ഈ ബ്രാഞ്ചിൽ വേല ചെയ്യുന്ന സ്റ്റാഫിന്റെ കഴിവും സഹകരണവും നിമിത്തം അതിന്‌ പലപ്പോഴും അംഗീകാരം ലഭിച്ചിട്ടുണ്ട്‌. 2001-ൽ അവർക്ക്‌ പ്രദർശനത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. അഗ്നിബാധ ഉണ്ടാകുന്നപക്ഷം ജീവരക്ഷാകരമായ സത്‌പ്രവൃത്തി ചെയ്യാൻ അവർ ഒരുങ്ങിയിരിക്കുന്നു.

വിലപ്പെട്ട ഒരു സേവനം

എന്നാൽ ഇതിനെക്കാൾ പ്രധാനപ്പെട്ട ഒരു സത്‌പ്രവൃത്തിയിൽ യഹോവയുടെ സാക്ഷികൾ തത്‌പരരാണ്‌. അതും ജീവരക്ഷാകരമാണ്‌. ദൈവരാജ്യത്തിന്റെ സുവിശേഷം പങ്കുവെക്കാനായി അവർ നിരന്തരം തങ്ങളുടെ അയൽക്കാരെ സന്ദർശിക്കുന്നു. (മത്തായി 24:14) ഇപ്പോഴത്തെ തങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും യഥാർഥ സമാധാനവും സുരക്ഷിതത്വവും കളിയാടുന്ന ഒരു ലോകത്തിലെ നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരിക്കാനുമായി ബൈബിൾ തത്ത്വങ്ങൾ പഠിക്കാനും ജീവിതത്തിൽ ബാധകമാക്കാനും സാക്ഷികൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.

യഹോവയുടെ സാക്ഷികൾ ചെയ്യുന്ന സേവനത്തിന്റെ മൂല്യം മനസ്സിലാക്കാൻ ചിലർ പരാജയപ്പെട്ടേക്കാം. അവർ സാക്ഷികളെ ഒരു ശല്യമായിട്ടാണ്‌ വീക്ഷിക്കുന്നത്‌. എന്നാൽ കാനഡയിലെ ക്വിബെക്‌ സുപ്പീരിയർ കോർട്ട്‌ ജഡ്‌ജി ഷാൻ ക്രേപോയ്‌ക്ക്‌ വ്യത്യസ്‌തമായ ഒരു അഭിപ്രായമാണ്‌ ഉണ്ടായിരുന്നത്‌. വീടുതോറും പോകുന്നതിന്‌ പെർമിറ്റ്‌ എടുക്കേണ്ടതാണെന്ന ക്വിബെക്കിലെ ബ്ലെയ്‌ൻവിൽ നഗരാധികാരികൾ കൊണ്ടുവന്ന ഒരു ഉപനിയമത്തിനെതിരെ അവിടത്തെ യഹോവയുടെ സാക്ഷികൾ ഒരു കേസ്‌ രജിസ്റ്റർ ചെയ്‌തിരുന്നു. കോടതിയുടെ വിധിന്യായത്തിൽ ജഡ്‌ജി ക്രേപോ ഇങ്ങനെ പ്രസ്‌താവിച്ചു: “യഹോവയുടെ സാക്ഷികളുടെ സന്ദർശനം ഒരു ക്രിസ്‌തീയ സാമൂഹിക സേവനമാണ്‌ . . . താത്‌പര്യക്കാരായ പൗരന്മാർക്ക്‌ സാക്ഷികൾ നൽകുന്ന പ്രസിദ്ധീകരണങ്ങൾ മതം, ബൈബിൾ, മയക്കുമരുന്നുകൾ, മദ്യാസക്തി, യുവജന വിദ്യാഭ്യാസം, ദാമ്പത്യ പ്രശ്‌നങ്ങൾ, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന കാര്യമാത്രപ്രസക്തിയുള്ള സാഹിത്യങ്ങൾ ആണ്‌.” വിധിന്യായം തുടർന്ന്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “യഹോവയുടെ സാക്ഷികളെ സാധനങ്ങൾ വീടുതോറും കൊണ്ടുനടന്നു വിൽക്കുന്നവരോടു താരതമ്യം ചെയ്യുന്നത്‌ അപമാനകരവും നിന്ദാകരവും ദ്രോഹപരവും അപകീർത്തികരവും ആണെന്ന നിഗമനത്തിലെത്താനേ കോടതിക്കു കഴിയൂ.”

ദൈനംദിന ജീവിത പ്രശ്‌നങ്ങളെ തരണം ചെയ്യാൻ ആളുകളെ സഹായിച്ചുകൊണ്ടും ഭാവി പ്രത്യാശ പകർന്നുകൊണ്ടും യഹോവയുടെ സാക്ഷികൾ തങ്ങൾ പാർക്കുന്ന സ്ഥലത്തുള്ളവരുടെ ക്ഷേമത്തിനു സംഭാവന ചെയ്യുന്നു. അതു ചെയ്യാൻ അവരെ സജ്ജരാക്കുന്നത്‌ ബൈബിളാണ്‌. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”​—⁠2 തിമൊഥെയൊസ്‌ 3:16, 17.

യഹോവയുടെ സാക്ഷികൾ ‘സകല സൽപ്രവൃത്തിക്കും ഒരുക്ക’മുള്ളവർ ആയിത്തീരുന്നത്‌ എങ്ങനെയെന്ന്‌ അറിയാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? ബൈബിളിനെ കുറിച്ച്‌ കൂടുതൽ പഠിക്കാനായി അവർ നൽകുന്ന സഹായം സ്വീകരിക്കാനും അങ്ങനെ നിങ്ങളുടെ പ്രദേശത്തും ലോകവ്യാപകമായും അവർ ചെയ്യുന്ന അതിപ്രധാനമായ ഈ സാമൂഹിക സേവനത്തിൽനിന്നു പ്രയോജനം നേടാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

[30, 31  പേജുകളിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ ലൗകിക അധികാരികളുമായി സഹകരിക്കാൻ ശ്രമിക്കുന്നു

[31 -ാം പേജിലെ ചിത്രം]

തങ്ങളുടെ അയൽക്കാരെ സഹായിക്കുന്നതിൽ സാക്ഷികൾ പേരുകേട്ടവരാണ്‌