വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജാഗ്രതയോടിരിക്കേണ്ടത്‌ മുമ്പെന്നത്തെക്കാൾ അടിയന്തിരം

ജാഗ്രതയോടിരിക്കേണ്ടത്‌ മുമ്പെന്നത്തെക്കാൾ അടിയന്തിരം

ജാഗ്രതയോടിരിക്കേണ്ടത്‌ മുമ്പെന്നത്തെക്കാൾ അടിയന്തിരം

“നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുന്നു എന്ന്‌ നിങ്ങൾ അറിയായ്‌കകൊണ്ട്‌ സദാ ജാഗരൂകരായിരിക്കുവിൻ.”​—⁠മത്തായി 24:​42, Nw.

1, 2. നാം ജീവിക്കുന്നത്‌ ഈ വ്യവസ്ഥിതിയുടെ സമാപന കാലത്താണ്‌ എന്ന്‌ എന്തു പ്രകടമാക്കുന്നു?

“ഇരുപതാം നൂറ്റാണ്ടിന്റെ ഗതി നിർണയിച്ച പ്രമുഖ ഘടകം യുദ്ധമായിരുന്നു” എന്ന്‌ ഗ്രന്ഥകാരനായ ബിൽ ഇമ്മൊറ്റ്‌ പറയുന്നു. മാനവചരിത്രത്തിൽ ഉടനീളം യുദ്ധങ്ങളും അക്രമങ്ങളും അരങ്ങേറിയിട്ടുണ്ടെന്ന്‌ അംഗീകരിക്കെതന്നെ അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഇരുപതാം നൂറ്റാണ്ട്‌ വ്യത്യസ്‌തമായിരിക്കുന്നത്‌, യുദ്ധങ്ങളുടെയും അക്രമത്തിന്റെയും തീവ്രതയോടുള്ള ബന്ധത്തിലാണ്‌. ആഗോളതലത്തിലുള്ള ഏറ്റുമുട്ടലിന്‌ സാക്ഷ്യം വഹിച്ച ആദ്യനൂറ്റാണ്ടായിരുന്നു അത്‌ . . . അതും ഒന്നല്ല രണ്ട്‌ ലോകയുദ്ധങ്ങൾക്ക്‌.”

2 “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും” യുദ്ധം ചെയ്യുന്നതിനെ കുറിച്ച്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. എന്നിരുന്നാലും, അവ ‘ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെയും ഈ വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും’ (NW) ഒരു അടയാളം മാത്രമാണ്‌. തന്റെ വലിയ പ്രവചനത്തിൽ യേശു ക്ഷാമങ്ങൾ, മഹാമാരികൾ, ഭൂകമ്പങ്ങൾ എന്നിവയെ കുറിച്ചും പരാമർശിക്കുകയുണ്ടായി. (മത്തായി 24:3, 7, 8; ലൂക്കൊസ്‌ 21:6, 7, 10, 11) അത്തരത്തിലുള്ള വിപത്തുകളുടെ വ്യാപ്‌തിയും തീവ്രതയും അനേകം വിധങ്ങളിൽ വർധിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ദുഷ്ടത പെരുകിയിരിക്കുന്നുവെന്ന്‌ ദൈവത്തോടും സഹമനുഷ്യനോടുമുള്ള അവന്റെ മനോഭാവം പ്രകടമാക്കുന്നു. ധാർമിക തകർച്ചയും കുറ്റകൃത്യങ്ങളുടെയും അക്രമത്തിന്റെയും വർധനയും വളരെ വ്യക്തമാണ്‌. ദൈവസ്‌നേഹികൾ ആകുന്നതിനു പകരം മനുഷ്യർ പണസ്‌നേഹികളും സുഖഭോഗികളും ആയിത്തീർന്നിരിക്കുന്നു. നാം “അന്ത്യകാല”ത്താണ്‌ ജീവിക്കുന്നത്‌ എന്ന്‌ ഇവയെല്ലാം സാക്ഷ്യപ്പെടുത്തുന്നു.​—⁠2 തിമൊഥെയൊസ്‌ 3:1-5.

3. “കാലലക്ഷണ”ങ്ങൾ നമ്മെ സ്വാധീനിക്കേണ്ടത്‌ എങ്ങനെ?

3 മനുഷ്യകാര്യാദികളിൽ ദൃശ്യമായിരിക്കുന്ന ജീർണിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെ നിങ്ങൾ എപ്രകാരമാണ്‌ വീക്ഷിക്കുന്നത്‌? ഇക്കാലത്തെ അസ്വസ്ഥജനകമായ സംഭവങ്ങൾ സംബന്ധിച്ച്‌ അനേകരും ഒരു നിസ്സംഗ മനോഭാവം പുലർത്തുന്നു, പലരും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കുകപോലും ചെയ്‌തിരിക്കുന്നു. ലോകത്തിലെ സ്വാധീനശേഷിയുള്ളവരും ബുദ്ധിശാലികളും “കാലലക്ഷണ”ങ്ങളുടെ അർഥം വിവേചിക്കുന്നില്ല; മതനേതാക്കളും ഇക്കാര്യം സംബന്ധിച്ച്‌ ഉചിതമായ മാർഗദർശനം പ്രദാനം ചെയ്‌തിട്ടില്ല. (മത്തായി 16:1-4) എന്നാൽ യേശു തന്റെ അനുഗാമികൾക്ക്‌ ഈ ഉദ്‌ബോധനം നൽകി: “നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുന്നു എന്ന്‌ നിങ്ങൾ അറിയായ്‌കകൊണ്ട്‌ സദാ ജാഗരൂകരായിരിക്കുവിൻ.” (മത്തായി 24:​42, NW) വല്ലപ്പോഴുമല്ല, മറിച്ച്‌ ‘സദാ ജാഗരൂകരായിരിക്കാനാണ്‌’ യേശു ഇവിടെ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌. സദാ ജാഗരൂകരായിരിക്കണമെങ്കിൽ നാം ഉണർവും അതീവ ശ്രദ്ധയും ഉള്ളവർ ആയിരിക്കണം. നാം ജീവിക്കുന്നത്‌ അന്ത്യനാളുകളിൽ ആണെന്നോ ഇത്‌ ദുർഘട സമയമാണെന്നോ അംഗീകരിക്കുന്നതിലധികം അതിൽ ഉൾപ്പെട്ടിരിക്കുന്നു. ‘എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു’ എന്ന ഉറച്ച ബോധ്യം നമുക്ക്‌ ഉണ്ടായിരിക്കണം. (1 പത്രൊസ്‌ 4:7) എങ്കിൽ മാത്രമേ നമ്മുടെ ജാഗ്രതയ്‌ക്ക്‌ അടിയന്തിരതാബോധം കൈവരുകയുള്ളൂ. അതുകൊണ്ട്‌ നാം പരിചിന്തിക്കേണ്ട ചോദ്യം ഇതാണ്‌: ‘അവസാനം സമീപിച്ചിരിക്കുന്നു എന്ന ബോധ്യത്തെ ശക്തിപ്പെടുത്താൻ നമ്മെ എന്തു സഹായിക്കും?’

4, 5. (എ) ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശം സമീപിച്ചിരിക്കുന്നു എന്ന നമ്മുടെ ബോധ്യത്തെ എന്തു ശക്തിപ്പെടുത്തും, എന്തുകൊണ്ട്‌? (ബി) നോഹയുടെ നാളുകളും മനുഷ്യപുത്രന്റെ സാന്നിധ്യവും തമ്മിലുള്ള ഒരു സമാനത എന്ത്‌?

4 മനുഷ്യ ചരിത്രത്തിലെ ഒരു അതുല്യ സംഭവമായ നോഹയുടെ കാലത്തെ മഹാ ജലപ്രളയത്തിന്‌ മുമ്പ്‌ നിലനിന്നിരുന്ന അവസ്ഥകളെ കുറിച്ച്‌ ചിന്തിക്കുക. യഹോവയുടെ ‘ഹൃദയത്തെ വ്രണപ്പെടുത്തുന്ന’ (NW) അളവോളം മനുഷ്യർ ദുഷ്ടത പ്രവർത്തിച്ചു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും.” (ഉല്‌പത്തി 6:6, 7) അവൻ ദുഷ്ടരെ തുടച്ചുനീക്കുകതന്നെ ചെയ്‌തു. ആ കാലത്തെയും നമ്മുടെ കാലത്തെയും സമാനതകൾ എടുത്തുകാട്ടിക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും.”​—⁠മത്തായി 24:37.

5 പ്രളയത്തിനു മുമ്പുണ്ടായിരുന്ന ലോകത്തെ കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്തു തോന്നിയോ അതുതന്നെയാണ്‌ ഇന്നത്തെ ലോകത്തെ കുറിച്ചും അവനു തോന്നുന്നത്‌ എന്നു കരുതുന്നത്‌ ന്യായയുക്തമാണ്‌. നോഹയുടെ നാളിലെ അഭക്ത ലോകത്തെ അവൻ നിർമൂലമാക്കിയതിനാൽ ഇന്നത്തെ ദുഷ്ടലോകത്തെയും അവൻ തീർച്ചയായും നശിപ്പിക്കും. അക്കാലത്തെയും ഇക്കാലത്തെയും സമാനതകൾ സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യം, ഈ ലോകത്തിന്റെ അന്ത്യം സമീപമാണെന്ന നമ്മുടെ ബോധ്യത്തെ ശക്തിപ്പെടുത്തേണ്ടതാണ്‌. എങ്കിൽ, ആ സമാനതകൾ എന്തൊക്കെയാണ്‌? അവ അഞ്ചെണ്ണമെങ്കിലും ഉണ്ട്‌. ആസന്നമായ നാശത്തെ കുറിച്ച്‌ വ്യക്തമായ മുന്നറിയിപ്പു നൽകപ്പെടുന്നു എന്നതാണ്‌ ആദ്യത്തേത്‌.

“കാണാത്തവയെ” കുറിച്ച്‌ മുന്നറിയിപ്പു ലഭിച്ചു

6. നോഹയുടെ നാളിൽ യഹോവ വ്യക്തമായ ഏതു മുന്നറിയിപ്പു നൽകി?

6 നോഹയുടെ നാളിൽ യഹോവ ഇപ്രകാരം പ്രഖ്യാപിച്ചു: “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂററിരുപതു സംവത്സരമാകും.” (ഉല്‌പത്തി 6:3) പൊ.യു.മു. 2490-ൽ പ്രഖ്യാപിക്കപ്പെട്ട ആ ദിവ്യ ന്യായവിധി അന്നത്തെ അഭക്ത ലോകത്തിന്റെ അന്ത്യത്തിനു തുടക്കം കുറിച്ചു. അക്കാലത്ത്‌ ജീവിച്ചിരുന്നവർക്ക്‌ അത്‌ എന്തർഥമാക്കിയെന്ന്‌ ചിന്തിച്ചുനോക്കുക! ആ ലോകത്തിനു വെറും 120 വർഷം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ആ കാലാവധി കഴിഞ്ഞാൽ, യഹോവ വ്യക്തമായും പിന്നീട്‌ നോഹയോട്‌ പറഞ്ഞപ്രകാരം, ‘ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ അവൻ ഭൂമിയിൽ ഒരു ജലപ്രളയം’ വരുത്തുമായിരുന്നു.​—⁠ഉല്‌പത്തി 6:17.

7. (എ) പ്രളയത്തെ കുറിച്ചുള്ള മുന്നറിയിപ്പിനോട്‌ നോഹ പ്രതികരിച്ചത്‌ എങ്ങനെ? (ബി) ഈ വ്യവസ്ഥിതിയുടെ അന്ത്യം സംബന്ധിച്ച മുന്നറിയിപ്പുകളോടു നാം എങ്ങനെ പ്രതികരിക്കണം?

7 വരാനിരുന്ന മഹാവിപത്തിനെ കുറിച്ച്‌ ദശാബ്ദങ്ങൾക്കു മുമ്പുതന്നെ നോഹയ്‌ക്ക്‌ മുന്നറിയിപ്പ്‌ ലഭിച്ചു, അതിജീവനത്തിനുവേണ്ടി തയ്യാറാകാൻ അവൻ ആ സമയം ജ്ഞാനപൂർവം ഉപയോഗിച്ചു. “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറയുന്നു. (എബ്രായർ 11:7) നമ്മെ സംബന്ധിച്ചോ? ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകൾ 1914-ൽ ആരംഭിച്ചിട്ട്‌ ഇപ്പോൾ ഏതാണ്ട്‌ 90 വർഷം കഴിഞ്ഞിരിക്കുന്നു. നിസ്സംശയമായും നാം “അന്ത്യകാല”ത്താണ്‌ ജീവിക്കുന്നത്‌. (ദാനീയേൽ 12:4) നമുക്കു ലഭിച്ചിരിക്കുന്ന മുന്നറിയിപ്പുകളോടു നാം എങ്ങനെ പ്രതികരിക്കണം? “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (1 യോഹന്നാൻ 2:17) അക്കാരണത്താൽ, തീക്ഷ്‌ണമായ അടിയന്തിരതാ ബോധത്തോടെ യഹോവയുടെ ഹിതം ചെയ്യാനുള്ള സമയമാണ്‌ ഇത്‌.

8, 9. ആധുനിക നാളിൽ ഏതു മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നു, ഇവ പ്രഖ്യാപിക്കപ്പെടുന്നത്‌ എങ്ങനെ?

8 ഈ വ്യവസ്ഥിതി നാശത്തിന്‌ വിധിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ ആത്മാർഥഹൃദയരായ ബൈബിൾ വിദ്യാർഥികൾ ആധുനിക കാലത്ത്‌ നിശ്വസ്‌ത തിരുവെഴുത്തുകളിൽനിന്ന്‌ മനസ്സിലാക്കിയിരിക്കുന്നു. നമുക്ക്‌ ആ വിശ്വാസമുണ്ടോ? യേശുക്രിസ്‌തുവിന്റെ വ്യക്തമായ ഈ പ്രസ്‌താവന ശ്രദ്ധിക്കുക: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.” (മത്തായി 24:21) താൻ ദൈവത്തിന്റെ നിയുക്ത ന്യായാധിപനായി വരുമെന്നും ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കുന്നതുപോലെ താൻ മനുഷ്യരെ വേർതിരിക്കുമെന്നും യേശു പറയുകയുണ്ടായി. അയോഗ്യരായി കണ്ടെത്തപ്പെടുന്നവർ “നിത്യച്ഛേദനത്തിലേക്കും (NW) നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”​—⁠മത്തായി 25:31-33, 46.

9 വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്യുന്ന ആത്മീയ ഭക്ഷണത്തിലൂടെയുള്ള തക്കസമയത്തെ ഓർമിപ്പിക്കലുകൾ മുഖാന്തരം യഹോവ ഈ മുന്നറിയിപ്പുകളിലേക്ക്‌ തന്റെ ജനത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നു. (മത്തായി 24:45-47) കൂടാതെ, ‘ദൈവത്തിന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നതിനാൽ അവനെ ഭയപ്പെട്ടു മഹത്വം കൊടുക്കാനുള്ള’ ആഹ്വാനം സകല ജാതികൾക്കും ഗോത്രങ്ങൾക്കും ഭാഷകൾക്കും വംശങ്ങൾക്കും നൽകപ്പെടുകയും ചെയ്യുന്നു. (വെളിപ്പാടു 14:6, 7) യഹോവയുടെ സാക്ഷികൾ ഭൂവ്യാപകമായി പ്രസംഗിക്കുന്ന രാജ്യസന്ദേശത്തിന്റെ അവിഭാജ്യ ഭാഗമാണ്‌, ദൈവരാജ്യം മാനുഷിക ഭരണാധിപത്യങ്ങളെ നീക്കം ചെയ്യുമെന്നുള്ളത്‌. (ദാനീയേൽ 2:44) ഈ മുന്നറിയിപ്പ്‌ ലാഘവത്തോടെ കാണരുത്‌. സർവശക്തനായ ദൈവം എല്ലായ്‌പോഴും തന്റെ വാക്കു പാലിക്കുന്നു. (യെശയ്യാവു 55:10, 11) നോഹയുടെ നാളിൽ അവൻ അങ്ങനെ ചെയ്‌തു, നമ്മുടെ നാളിലും അതുതന്നെ ചെയ്യും.​—⁠2 പത്രൊസ്‌ 3:3-7.

ലൈംഗിക അധഃപതനം വ്യാപകമായിത്തീരുന്നു

10. നോഹയുടെ കാലത്തെ ലൈംഗിക അധഃപതനത്തെക്കുറിച്ച്‌ എന്തു പറയാനാകും?

10 നമ്മുടെ നാളുകൾക്ക്‌ നോഹയുടെ നാളുകളുമായി മറ്റൊരു വിധത്തിലും സാമ്യമുണ്ട്‌. ദൈവദത്തമായ ലൈംഗിക പ്രാപ്‌തികളെ ദാമ്പത്യക്രമീകരണത്തിനുള്ളിൽ മാന്യമായി ഉപയോഗിച്ച്‌, മനുഷ്യരെക്കൊണ്ട്‌ ‘ഭൂമി നിറയ്‌ക്കാനുള്ള’ കൽപ്പന യഹോവ ആദ്യ സ്‌ത്രീക്കും പുരുഷനും നൽകിയിരുന്നു. (ഉല്‌പത്തി 1:28) നോഹയുടെ കാലത്ത്‌, അനുസരണംകെട്ട ദൂതന്മാർ വികടമായ ലൈംഗികതകൊണ്ട്‌ മനുഷ്യവർഗത്തെ ദുഷിപ്പിച്ചു. അവർ ഭൂമിയിലേക്കു വന്ന്‌ ജഡശരീരം ധരിക്കുകയും സുന്ദരികളായ സ്‌ത്രീകളോടുകൂടെ വസിച്ച്‌ അർധനരഭൂത സന്തതികളെ അഥവാ നെഫിലിമുകളെ ജനിപ്പിക്കുകയും ചെയ്‌തു. (ഉല്‌പത്തി 6:2, 4) ഭോഗാസക്തരായ ആ ദൂതന്മാരുടെ പാപത്തെ സോദോമിലെയും ഗോമൊരയിലെയും ലൈംഗിക വൈകൃതങ്ങളോടാണ്‌ ഉപമിച്ചിരിക്കുന്നത്‌. (യൂദാ 6, 7) അങ്ങനെ, ലൈംഗിക അധഃപതനം ആ കാലത്തിന്റെ സവിശേഷതയായി മാറി.

11. നമ്മുടെ നാളുകളെ നോഹയുടേതിനോടു സമാനമാക്കുന്ന ഏത്‌ ധാർമിക അന്തരീക്ഷമാണ്‌ നിലവിലിരിക്കുന്നത്‌?

11 ഇക്കാലത്തെ ധാർമിക അവസ്ഥയോ? ഈ അന്ത്യനാളുകളിൽ അനേകരുടെയും ജീവിതം ലൈംഗികതയെ കേന്ദ്രീകരിച്ചുള്ളതാണ്‌. പൗലൊസ്‌ അത്തരക്കാരെ വ്യക്തമായ ഭാഷയിൽ, ‘മനസ്സു മരവിച്ചവർ’ എന്നു വിശേഷിപ്പിക്കുന്നു; അനേകരും, “ഭോഗാസക്തിയിൽ മുഴുകി എല്ലാവിധ അശുദ്ധപ്രവൃത്തികൾക്കും അടങ്ങാത്ത ആവേശത്തോടെ സ്വയം അർപ്പിച്ചിരിക്കുന്നു.” (എഫെസ്യർ 4:​19, ഓശാന ബൈബിൾ) അശ്ലീലം, വിവാഹത്തിനു മുമ്പുള്ള ലൈംഗികത, കുട്ടികൾക്കുനേരെയുള്ള ലൈംഗികപീഡനം, സ്വവർഗരതി എന്നിവ സർവസാധാരണമാണ്‌. ലൈംഗിക രോഗങ്ങളുടെയും കുടുംബത്തകർച്ചയുടെയും മറ്റ്‌ അരിഷ്ടതകളുടെയും രൂപത്തിൽ ചിലർക്ക്‌ “തങ്ങളുടെ തെററിന്‌ അർഹമായ ശിക്‌ഷ” ഇപ്പോൾത്തന്നെ ലഭിക്കുന്നുണ്ട്‌.​—⁠റോമർ 1:26, 27, പി.ഒ.സി. ബൈബിൾ.

12. നാം ദോഷത്തോട്‌ വെറുപ്പ്‌ വളർത്തിയെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

12 നോഹയുടെ നാളിൽ യഹോവ, ലൈംഗികഭ്രാന്തുപിടിച്ച ലോകത്തെ ജലപ്രളയത്താൽ നശിപ്പിച്ചു. ഈ നാളുകൾ നോഹയുടെ നാളുകൾപോലെതന്നെ ആണെന്ന വസ്‌തുത നാം ഒരിക്കലും മറന്നുകളയരുത്‌. സമീപിച്ചുകൊണ്ടിരിക്കുന്ന “മഹോപദ്രവം” (NW) ഭൂമിയിൽനിന്ന്‌ ‘അസൻമാർഗ്‌ഗികളെയും വ്യഭിചാരികളെയും സ്വവർഗ്‌ഗഭോഗികളെയും’ തുടച്ചുനീക്കും. (മത്തായി 24:​21; 1 കൊരിന്ത്യർ 6:9, 10, പി.ഒ.സി. ബൈബിൾ; വെളിപ്പാടു 21:8) ദോഷത്തോട്‌ വെറുപ്പ്‌ വളർത്തിയെടുക്കുകയും അധാർമികതയിലേക്കു നയിച്ചേക്കാവുന്ന സാഹചര്യങ്ങളിൽനിന്ന്‌ വിട്ടുനിൽക്കുകയും ചെയ്യേണ്ടത്‌ നമ്മെ സംബന്ധിച്ചിടത്തോളം ഇപ്പോൾ എത്ര അടിയന്തിരമാണ്‌!—സങ്കീർത്തനം 97:10; 1 കൊരിന്ത്യർ 6:18.

ഭൂമി ‘അതിക്രമംകൊണ്ട്‌ നിറയുന്നു’

13. നോഹയുടെ നാളിൽ ഭൂമി ‘അതിക്രമംകൊണ്ട്‌ നിറയാൻ’ കാരണമെന്ത്‌?

13 നോഹയുടെ കാലത്തെ മറ്റൊരു വിശേഷതയിലേക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ ബൈബിൾ പ്രസ്‌താവിക്കുന്നു: “ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” (ഉല്‌പത്തി 6:11) അക്രമം പുതിയ ഒരു കാര്യമായിരുന്നില്ല. ആദാമിന്റെ മകനായ കയീൻ തന്റെ നീതിമാനായ സഹോദരൻ ഹാബേലിനെ കൊല ചെയ്‌തിരുന്നു. (ഉല്‌പത്തി 4:8) ലാമെക്ക്‌, അവൻ ഒരു യൗവനക്കാരനെ കൊന്നതിനെ കുറിച്ച്‌ ഊറ്റംകൊള്ളുന്ന ഒരു കവിത രചിച്ചിരുന്നു. സ്വയരക്ഷയ്‌ക്കു വേണ്ടിയായിരിക്കാം അവൻ ആ കൊല ചെയ്‌തതെങ്കിലും അക്കാലത്ത്‌ പരക്കെയുണ്ടായിരുന്ന അക്രമവാസനയെ ആ കവിത പ്രതിഫലിപ്പിക്കുന്നു. (ഉല്‌പത്തി 4:23, 24) എന്നാൽ അക്രമത്തിന്റെ തീവ്രതയായിരുന്നു നോഹയുടെ നാളിനെ വ്യത്യസ്‌തമാക്കിയത്‌. ദൈവത്തിന്റെ അനുസരണംകെട്ട ദൂതന്മാർ ഭൂമിയിലെ സ്‌ത്രീകളെ വിവാഹം ചെയ്യുകയും നെഫിലിം എന്നറിയപ്പെട്ട സന്തതികളെ ജനിപ്പിക്കുകയും ചെയ്‌തപ്പോൾ മുമ്പെങ്ങും ഉണ്ടായിരുന്നിട്ടില്ലാത്തവിധം അക്രമം വർധിച്ചു. അക്രമാസക്തരായ ഈ രാക്ഷസന്മാരെ കുറിക്കുന്നതിനുള്ള മൂല എബ്രായപദത്തിന്റെ അർഥം, “വീഴിക്കുന്നവർ”​—⁠“മറ്റുള്ളവരെ വീഴിക്കുന്നവർ”​—⁠എന്നാണ്‌. (ഉല്‌പത്തി 6:​4) അതിന്റെ ഫലമായി ‘ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞു.’ (ഉല്‌പത്തി 6:13) അത്തരമൊരു സാഹചര്യത്തിൽ മക്കളെ വളർത്തിക്കൊണ്ടുവരവേ നോഹ നേരിട്ടിരിക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ ചിന്തിക്കുക! എങ്കിലും, ‘ആ തലമുറയിൽ യഹോവയുടെ മുമ്പാകെ നോഹ നീതിമാൻ’ ആയി കാണപ്പെട്ടു.​—⁠ഉല്‌പത്തി 7:⁠1.

14. ഇന്നത്തെ ലോകം ‘അതിക്രമംകൊണ്ട്‌ നിറഞ്ഞിരിക്കുന്നത്‌’ എങ്ങനെ?

14 അക്രമത്തിന്‌ മനുഷ്യചരിത്രത്തിന്റെ അത്രയുംതന്നെ പഴക്കമുണ്ട്‌. എന്നാൽ, നോഹയുടെ നാളിൽ സത്യമായിരുന്നതുപോലെ, നമ്മുടെ ഈ നാളുകളും അഭൂതപൂർവമായ അളവിലുള്ള അക്രമത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നു. ഭവനത്തിലെ അക്രമം, ഭീകരപ്രവർത്തനം, വംശഹത്യ, വ്യക്തമായ യാതൊരു ഉദ്ദേശ്യവുമില്ലാതെ തോക്കുധാരികൾ നടത്തുന്ന കൂട്ടക്കൊല, ഇതിനെല്ലാം പുറമേ, യുദ്ധങ്ങളിലെ രക്തച്ചൊരിച്ചിൽ എന്നിവയെക്കുറിച്ചെല്ലാമുള്ള വാർത്തകൾ നാം സ്ഥിരം കേൾക്കുന്നു. ഭൂമി വീണ്ടും അതിക്രമംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. എന്തുകൊണ്ട്‌? ഈ വർധനയ്‌ക്കു കാരണമെന്താണ്‌? ഇതിനുള്ള ഉത്തരം, നോഹയുടെ കാലവുമായുള്ള മറ്റൊരു സമാന്തരത്തെ വെളിപ്പെടുത്തുന്നു.

15. (എ) അന്ത്യനാളുകളിൽ അക്രമം വർധിക്കാൻ കാരണമെന്ത്‌? (ബി) എന്തു സംബന്ധിച്ച്‌ നമുക്ക്‌ ഉത്തമബോധ്യമുള്ളവരായിരിക്കാം?

15 ദൈവത്തിന്റെ മിശിഹൈകരാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായതിനെ തുടർന്ന്‌ സിംഹാസനസ്ഥ രാജാവായ യേശുക്രിസ്‌തു ചരിത്രപ്രധാനമായ ഒരു നടപടി സ്വീകരിച്ചു. പിശാചായ സാത്താനെയും അവന്റെ ഭൂതങ്ങളെയും അവൻ സ്വർഗത്തിൽനിന്ന്‌ ഭൂമിയുടെ പരിസരപ്രദേശങ്ങളിലേക്കു നിഷ്‌കാസനം ചെയ്‌തു. (വെളിപ്പാടു 12:9-12) പ്രളയത്തിനുമുമ്പ്‌ അനുസരണംകെട്ട ദൂതന്മാർ തങ്ങളുടെ സ്വർഗീയ സ്ഥാനം സ്വമേധയാ ഉപേക്ഷിക്കുകയായിരുന്നെങ്കിൽ ആധുനിക നാളിൽ അവർ അവിടെനിന്ന്‌ ബലമായി പുറത്താക്കപ്പെടുകയായിരുന്നു. മാത്രമല്ല, അവിഹിതമായ ജഡികോല്ലാസങ്ങൾ ആസ്വദിക്കാനായി ജഡശരീരം ധരിക്കാനുള്ള പ്രാപ്‌തി അവർക്ക്‌ ഇപ്പോഴില്ല. അതുകൊണ്ട്‌, നിരാശയിലും ദേഷ്യത്തിലും അതുപോലെതന്നെ ആസന്നമായ ശിക്ഷാവിധിയെ കുറിച്ചുള്ള ഭയത്തിലും കഴിയുന്ന അവർ നോഹയുടെ കാലത്തേതിനെക്കാൾ വലിയ അളവിൽ അതിഹീനമായ കുറ്റകൃത്യവും അക്രമവും ചെയ്യാൻ വ്യക്തികളെയും സംഘടനകളെയും സ്വാധീനിക്കുന്നു. അനുസരണംകെട്ട ദൂതന്മാരും അവരുടെ സന്തതികളും ദുഷ്ടതകൊണ്ടു നിറച്ച പ്രളയപൂർവ ലോകത്തെ യഹോവ തുടച്ചുനീക്കി. നമ്മുടെ കാലത്തും അവൻ അതുതന്നെ ചെയ്യുമെന്നതിൽ യാതൊരു സംശയവും വേണ്ട! (സങ്കീർത്തനം 37:10) എന്നാൽ, ഇക്കാലത്ത്‌ ജാഗരൂകരായിരിക്കുന്നവർക്ക്‌ തങ്ങളുടെ വിടുതൽ സമീപിച്ചിരിക്കുന്നുവെന്ന്‌ ബോധ്യമുണ്ട്‌.

സന്ദേശം ഘോഷിക്കപ്പെടുന്നു

16, 17. നോഹയുടെ നാളുകളും നമ്മുടേതും തമ്മിലുള്ള നാലാമത്തെ സമാനത എന്ത്‌?

16 പ്രളയപൂർവ നാളുകളും നമ്മുടേതും തമ്മിലുള്ള നാലാമത്തെ സമാനത, നോഹയ്‌ക്കു ലഭിച്ച നിയോഗത്തിൽ കാണാവുന്നതാണ്‌. നോഹ വലിയ ഒരു പെട്ടകം പണിതു. കൂടാതെ, ഒരു “പ്രസംഗി” എന്ന്‌ അവൻ വിശേഷിപ്പിക്കപ്പട്ടിരിക്കുന്നു. (2 പത്രൊസ്‌ 2:5) അവൻ പ്രസംഗിച്ച സന്ദേശം എന്തായിരുന്നു? നോഹയുടെ പ്രസംഗത്തിൽ വ്യക്തമായും അനുതപിക്കാനുള്ള ഒരു ആഹ്വാനവും വരാൻ പോകുന്ന നാശത്തെ കുറിച്ചുള്ള ഒരു മുന്നറിയിപ്പും അടങ്ങിയിരുന്നു. എന്നാൽ നോഹയുടെ നാളിലെ ആളുകൾ അതിനു ശ്രദ്ധ നൽകിയില്ല, ‘ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞില്ല’ എന്ന്‌ യേശു പറയുകയുണ്ടായി.​—⁠മത്തായി 24:38, 39.

17 സമാനമായി, യഹോവയുടെ സാക്ഷികൾ പ്രസംഗിക്കാനുള്ള തങ്ങളുടെ നിയോഗം തീക്ഷ്‌ണതയോടെ നിറവേറ്റവേ, ദൈവരാജ്യത്തിന്റെ സന്ദേശം ലോകവ്യാപകമായി ഘോഷിക്കപ്പെടുകയാണ്‌. ഭൂമിയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഉള്ള ആളുകൾക്ക്‌ തങ്ങളുടെ സ്വന്ത ഭാഷയിൽ രാജ്യ സന്ദേശം കേൾക്കാനോ വായിക്കാനോ കഴിയും. യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്ന വീക്ഷാഗോപുരം മാസികയുടെ 2,50,00,000-ത്തിലധികം പ്രതികൾ ഇപ്പോൾ 140-ലധികം ഭാഷകളിലായി അച്ചടിക്കപ്പെടുന്നുണ്ട്‌. അതേ, ദൈവരാജ്യ സുവാർത്ത “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും” പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. മതി എന്നു ദൈവത്തിനു തോന്നുന്നതുവരെ ആ വേല ചെയ്‌തുകഴിയുമ്പോൾ അന്ത്യം വരുമെന്ന്‌ ഉറപ്പാണ്‌.​—⁠മത്തായി 24:14.

18. നമ്മുടെ പ്രസംഗവേലയോടുള്ള അനേകരുടെ പ്രതികരണം നോഹയുടെ കാലത്തെ ഭൂരിപക്ഷം ആളുകളുടേതിനോടു സമാനമായിരിക്കുന്നത്‌ ഏതു വിധത്തിൽ?

18 പ്രളയത്തിനു മുമ്പുള്ള കാലത്തെ ആത്മീയവും ധാർമികവുമായ പാപ്പരത്തം കണക്കിലെടുത്താൽ, നോഹയും കുടുംബവും അവിശ്വാസികളായ അയൽക്കാരുടെ പരിഹാസത്തിനും നിന്ദയ്‌ക്കും പാത്രമായതിന്റെ കാരണം നമുക്ക്‌ മനസ്സിലാക്കാനാകും. എന്നാൽ, അന്ത്യം വരുകതന്നെ ചെയ്‌തു. സമാനമായി, ‘പരിഹസിക്കുന്ന നിന്ദകരെ’ (പി.ഒ.സി. ബൈ.) ഈ അന്ത്യനാളുകളിൽ ധാരാളമായി കാണാൻ സാധിക്കും. എന്നാൽ, ‘കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരും’ എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (2 പത്രൊസ്‌ 3:3, 4, 10) നിയമിത സമയത്തുതന്നെ അതു വരും. അത്‌ താമസിക്കുകയില്ല. (ഹബക്കൂക്‌ 2:3) നാം സദാ ജാഗ്രതയോടിരിക്കുന്നത്‌ എത്രയോ ജ്ഞാനപൂർവകമാണ്‌!

അതിജീവിക്കുന്നത്‌ ചുരുക്കം ചിലർ മാത്രം

19, 20. ജലപ്രളയവും ഈ വ്യവസ്ഥിതിയുടെ നാശവും തമ്മിൽ എന്തു സമാനത കാണാനാകും?

19 ജനങ്ങളുടെ ദുഷ്ടത, അവരുടെ നാശം എന്നീ കാര്യങ്ങളിൽ മാത്രമല്ല നോഹയുടെയും നമ്മുടെയും നാളുകൾ തമ്മിൽ സമാനതയുള്ളത്‌. അന്ന്‌ പ്രളയത്തെ അതിജീവിച്ചവർ ഉണ്ടായിരുന്നതുപോലെ, ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിലും അതിജീവകർ ഉണ്ടായിരിക്കും. പ്രളയത്തെ അതിജീവിച്ചവർ, പൊതുവിലുള്ള ആളുകളുടേതിൽനിന്നു വ്യത്യസ്‌തമായ ജീവിതം നയിച്ച സൗമ്യതയുള്ള വ്യക്തികളായിരുന്നു. അവർ ദിവ്യമുന്നറിയിപ്പിന്‌ ചെവികൊടുക്കുകയും അക്കാലത്തെ ദുഷ്ടലോകത്തിൽനിന്ന്‌ വേറിട്ട്‌ നിലകൊള്ളുകയും ചെയ്‌തു. “നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു” എന്നു ബൈബിൾ പറയുന്നു. “നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്‌കളങ്കനുമായിരുന്നു.” (ഉല്‌പത്തി 6:8, 9) മുഴു മാനവരാശിയിൽനിന്നും ഒരു കുടുംബം മാത്രം “എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.” (1 പത്രൊസ്‌ 3:20) അവരോടായി യഹോവയാം ദൈവം ഇങ്ങനെ കൽപ്പിച്ചു: “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.”​—⁠ഉല്‌പത്തി 9:⁠1.

20 “ഒരു മഹാപുരുഷാരം” ‘മഹോപദ്രവത്തിൽനിന്ന്‌ പുറത്തുവരുമെന്ന്‌’ ദൈവവചനം നമുക്ക്‌ ഉറപ്പുനൽകുന്നു. (വെളിപ്പാടു 7:9, 14, NW) മഹാപുരുഷാരത്തിൽ എത്ര പേർ ഉണ്ടായിരിക്കും? യേശുതന്നെ ഇപ്രകാരം പറയുകയുണ്ടായി: “ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) ഇന്നു ഭൂമിയിൽ ജീവിക്കുന്ന ശതകോടിക്കണക്കിന്‌ ആളുകളോടുള്ള താരതമ്യത്തിൽ, വരാനിരിക്കുന്ന മഹോപദ്രവത്തെ അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും. എന്നാൽ, പ്രളയത്തെ അതിജീവിച്ചവർക്ക്‌ ലഭിച്ചതിനു സമാനമായ ഒരു പദവി ഇവർക്കും ലഭിക്കാനിടയുണ്ട്‌. പുതിയ ആഗോള സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ കുറെകാലത്തേക്ക്‌ മക്കളെ ജനിപ്പിക്കാൻ ഇവർക്കു കഴിഞ്ഞേക്കാം.​—⁠യെശയ്യാവു 65:23.

“സദാ ജാഗരൂകരായിരിക്കുവിൻ”

21, 22. (എ) ജലപ്രളയത്തെ കുറിച്ചുള്ള വിവരണം പരിചിന്തിച്ചതിൽനിന്ന്‌ നിങ്ങൾ പ്രയോജനം നേടിയത്‌ എങ്ങനെ? (ബി) 2004-ലെ വാർഷികവാക്യം എന്ത്‌, അതിലെ ബുദ്ധിയുപദേശത്തിന്‌ നാം ശ്രദ്ധ നൽകേണ്ടത്‌ എന്തുകൊണ്ട്‌?

21 ജലപ്രളയം പണ്ടെങ്ങോ സംഭവിച്ചതാണെന്നു നമുക്ക്‌ തോന്നിയേക്കാമെങ്കിലും, നാം ഒരിക്കലും അവഗണിച്ചുകളയാൻ പാടില്ലാത്ത ഒരു മുന്നറിയിപ്പ്‌ അതിൽ അടങ്ങിയിട്ടുണ്ട്‌. (റോമർ 15:4) നോഹയുടെയും നമ്മുടെയും നാളുകൾ തമ്മിലുള്ള സമാനതകൾ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പ്രാധാന്യം സംബന്ധിച്ച്‌ നമ്മെ കൂടുതൽ ജാഗരൂകരാക്കുകയും ദുഷ്ടന്മാരുടെമേൽ ന്യായവിധി നിർവഹിക്കാനുള്ള യേശുവിന്റെ അപ്രതീക്ഷിത വരവ്‌ സംബന്ധിച്ച്‌ നമ്മെ കൂടുതൽ ഉണർവുള്ളവരാക്കുകയും ചെയ്യേണ്ടതാണ്‌.

22 ബൃഹത്തായ ഒരു നിർമാണ വേലയ്‌ക്ക്‌ യേശു ഇന്ന്‌ നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്നു. സത്യാരാധകരുടെ സുരക്ഷിതത്വത്തിനും അതിജീവനത്തിനുമായി ഒരു പെട്ടകസമാന ആത്മീയ പറുദീസ ഇപ്പോൾ നിലവിലുണ്ട്‌. (2 കൊരിന്ത്യർ 12:3, 4) മഹോപദ്രവ സമയത്ത്‌ സംരക്ഷിക്കപ്പെടണമെങ്കിൽ നാം ആ പറുദീസയിൽത്തന്നെ ആയിരിക്കേണ്ടതുണ്ട്‌. ആ ആത്മീയ പറുദീസയ്‌ക്കു ചുറ്റും സാത്താന്റെ ലോകമാണ്‌, ആത്മീയ മയക്കം ബാധിച്ച ആരെയും വിഴുങ്ങിക്കളയാൻ തക്കംപാർത്ത്‌ നിൽക്കുന്ന ലോകം. അതുകൊണ്ട്‌, നാം “സദാ ജാഗരൂകരായി”രിക്കുകയും യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുകയും ചെയ്യേണ്ടത്‌ അടിയന്തിരമാണ്‌.—മത്തായി 24:42, 44, NW.

നിങ്ങൾ ഓർമിക്കുന്നുവോ?

• തന്റെ വരവ്‌ സംബന്ധിച്ച്‌ യേശു ഏത്‌ ഉദ്‌ബോധനം നൽകി?

• തന്റെ സാന്നിധ്യകാലത്തെ എന്തിനോടാണ്‌ യേശു ഉപമിച്ചത്‌?

• ഏതു വിധങ്ങളിലാണ്‌ നോഹയുടെ കാലം നമ്മുടേതിനോടു സമാനമായിരിക്കുന്നത്‌?

• നോഹയുടെ കാലവും നമ്മുടെ കാലവും തമ്മിലുള്ള സമാനതകളെ കുറിച്ചു പരിചിന്തിക്കുന്നത്‌ നമ്മുടെ അടിയന്തിരതാ ബോധത്തെ ബാധിക്കേണ്ടത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[18 -ാം പേജിലെ ആകർഷക വാക്യം]

2004-ലെ വർഷികവാക്യം: “സദാ ജാഗരൂകരായിരിക്കുവിൻ . . . ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ.”​—⁠മത്തായി 24:42, 44, NW.

[15 -ാം പേജിലെ ചിത്രം]

ദിവ്യമുന്നറിയിപ്പിന്‌ നോഹ ശ്രദ്ധ കൊടുത്തു. നാമും അങ്ങനെ ചെയ്യുന്നുണ്ടോ?

[16, 17  പേജുകളിലെ ചിത്രങ്ങൾ]

“നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും”