വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ കുടുംബാംഗങ്ങൾ—അവർ ആരായിരുന്നു?

യേശുവിന്റെ കുടുംബാംഗങ്ങൾ—അവർ ആരായിരുന്നു?

യേശുവിന്റെ കുടുംബാംഗങ്ങൾ—അവർ ആരായിരുന്നു?

പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണിയേശു, തൊട്ടരികിലായി അമ്മ മറിയയും വളർത്തുപിതാവ്‌ യോസെഫും. ഈ രംഗം ചിത്രീകരിക്കുന്ന പുൽക്കൂടുകൾ ഡിസംബർ മാസത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം. പുൽക്കൂട്ടിലെ അത്തരം രംഗങ്ങൾ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടാത്തവരെ പോലും ആകർഷിച്ചേക്കാം. ഇതിലെ പ്രധാന കഥാപാത്രം യേശു ആയിരിക്കുന്ന സ്ഥിതിക്ക്‌, അവന്റെ കുടുംബത്തെ സംബന്ധിച്ച്‌ തിരുവെഴുത്തുകൾ നമ്മോട്‌ എന്താണു പറയുന്നത്‌?

വളരെ രസകരമായ ഒരു കുടുംബപശ്ചാത്തലമാണ്‌ യേശുവിന്‌ ഉണ്ടായിരുന്നത്‌. മറിയ എന്ന കന്യകയിലാണ്‌ അവൻ ജനിച്ചത്‌. അങ്ങനെ, അവൻ മനുഷ്യകുടുംബത്തിലെ ഒരംഗമായിത്തീർന്നു. ബൈബിൾ പറയുന്നതനുസരിച്ച്‌, പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവന്റെ ജീവൻ സ്വർഗത്തിൽനിന്ന്‌ മറിയയുടെ ഗർഭാശയത്തിലേക്കു മാറ്റപ്പെടുകയായിരുന്നു. (ലൂക്കൊസ്‌ 1:30-35) യേശുവിനെ അത്ഭുതകരമായി ഗർഭംധരിക്കുന്നതിനെ കുറിച്ച്‌ അറിവ്‌ ലഭിക്കുന്നതിന്‌ മുമ്പുതന്നെ, യേശുവിന്റെ വളർത്തുപിതാവ്‌ ആയിത്തീരുമായിരുന്ന യോസെഫ്‌ എന്ന വ്യക്തിയുമായി മറിയയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

യേശു ജനിച്ചശേഷം യോസെഫിനും മറിയയ്‌ക്കും മറ്റു കുട്ടികൾ ഉണ്ടായി, അതായത്‌ യേശുവിന്റെ അർധ സഹോദരന്മാരും സഹോദരിമാരും. യേശുവിനെ കുറിച്ച്‌ നസറെത്തുകാർ പിന്നീടു ചോദിച്ച ചോദ്യത്തിൽനിന്ന്‌ ഇതു വ്യക്തമാണ്‌: “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരൻമാർ യാക്കോബ്‌, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ?” (മത്തായി 1:25; 13:55, 56; മർക്കൊസ്‌ 6:3) കുടുംബാംഗങ്ങളായി യേശുവിന്‌ മാതാപിതാക്കളും നാലു സഹോദരന്മാരും കുറഞ്ഞത്‌ രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു എന്ന്‌ ഇതിൽനിന്നു നിഗമനം ചെയ്യാവുന്നതാണ്‌.

എങ്കിലും, യേശുവിന്റെ സഹോദരന്മാരും സഹോദരിമാരും യോസെഫിന്റെയും മറിയയുടെയും മക്കളായിരുന്നുവെന്ന്‌ ഇക്കാലത്ത്‌ ചിലർ വിശ്വസിക്കുന്നില്ല. എന്തുകൊണ്ട്‌? ന്യൂ കാത്തലിക്‌ എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്‌, “മറിയ നിത്യകന്യകയാണെന്ന്‌ സഭ അതിന്റെ ആദിമകാലം മുതൽ പഠിപ്പിച്ചു. അങ്ങനെ, ഈ വീക്ഷണമനുസരിച്ച്‌ നിസ്സംശയമായും മറിയയ്‌ക്കു മറ്റു മക്കളാരും ഉണ്ടായിരുന്നില്ല.” കൂടാതെ, “സഹോദരൻ” “സഹോദരി” എന്നീ പദങ്ങൾകൊണ്ട്‌ ‘മതപരമോ മറ്റു പൊതുവിലുള്ളതോ ആയ ബന്ധത്തിലൂടെ ഏകീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിയെയോ വ്യക്തികളെയോ’ അല്ലെങ്കിൽ ബന്ധുക്കളെയോ പരാമർശിക്കാനാകുമെന്ന്‌ അതേ പരാമർശകൃതിതന്നെ അഭിപ്രായപ്പെടുന്നു.

എന്നാൽ അതാണോ വാസ്‌തവം? പരമ്പരാഗത ഉപദേശത്തോടു വിയോജിച്ചുകൊണ്ട്‌ ചില കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞർപോലും, യേശുവിന്‌ ജഡിക സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു എന്ന ആശയത്തെ പിന്താങ്ങുന്നുണ്ട്‌. അമേരിക്കയിലെ കത്തോലിക്കാ ബൈബിൾ സമിതിയുടെ മുൻ പ്രസിഡന്റായ ജോൺ പി. മൈയർ ഇങ്ങനെ എഴുതി: “പു[തിയ] നി[യമ]ത്തിൽ സഹോദരൻ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അഡൽഫോസ്‌ എന്ന ഗ്രീക്ക്‌ പദം കേവലം പ്രതീകാത്മകമോ ആലങ്കാരികമോ ആയ അർഥത്തിലല്ലാതെ ജഡികമോ നിയമപരമോ ആയ ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുമ്പോൾ സ്വന്തം സഹോദരനെ അല്ലെങ്കിൽ അർധസഹോദരനെ ആണ്‌ അർഥമാക്കുന്നത്‌. അതിന്‌ മറ്റൊരു അർഥമില്ല.” * അതേ, യേശുവിന്‌ യോസേഫിന്റെയും മറിയയുടെയും മക്കളായ സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നുവെന്ന്‌ തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു.

യേശുവിന്റെ മറ്റു ബന്ധുക്കളെ കുറിച്ചും സുവിശേഷങ്ങൾ പറയുന്നുണ്ട്‌. എന്നാൽ നമുക്കിപ്പോൾ യേശുവിന്റെ അടുത്ത കുടുംബാംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ അവരിൽനിന്ന്‌ എന്തു പഠിക്കാമെന്നു നോക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 6 “ക്രൈസ്‌തവമതങ്ങളുടെ വീക്ഷണത്തിൽ യേശുവിന്റെ സഹോദരീസഹോദരന്മാർ,” ജെ. പി. മൈയറിന്റെ ദ കാത്തലിക്‌ ബിബ്ലിക്കൽ ക്വാർട്ടേർലി 1992 ജനുവരി പേജ്‌ 21.