വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ ജഡിക കുടുംബത്തിൽനിന്ന്‌ പഠിക്കൽ

യേശുവിന്റെ ജഡിക കുടുംബത്തിൽനിന്ന്‌ പഠിക്കൽ

യേശുവിന്റെ ജഡിക കുടുംബത്തിൽനിന്ന്‌ പഠിക്കൽ

യേശു ഭൂമിയിലായിരുന്നപ്പോൾ, സ്‌നാപനംവരെയുള്ള ആദ്യത്തെ 30 വർഷക്കാലം അവൻ തന്റെ അടുത്ത കുടുംബാംഗങ്ങളോടൊപ്പമാണ്‌ താമസിച്ചിരുന്നത്‌. അവരെ കുറിച്ച്‌ നിങ്ങൾക്ക്‌ എന്തറിയാം? സുവിശേഷ വിവരണങ്ങൾ നമ്മോട്‌ എന്താണ്‌ പറയുന്നത്‌? അവന്റെ കുടുംബത്തെ കുറിച്ച്‌ പരിശോധിക്കുന്നതിൽനിന്ന്‌ നമുക്ക്‌ എന്താണ്‌ പഠിക്കാനാകുക? ഉത്തരങ്ങൾ നിങ്ങൾക്ക്‌ പ്രയോജനം ചെയ്യും.

യേശു എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു സമ്പന്ന കുടുംബത്തിലാണോ ജനിച്ചത്‌? അവന്റെ വളർത്തുപിതാവായ യോസേഫ്‌ ഒരു തച്ചനായിരുന്നു. നല്ല കായികാധ്വാനം ആവശ്യമായിരുന്ന ഒരു തൊഴിൽ. ഉരുപ്പടികൾക്കായി മരംവെട്ടുന്നത്‌ മിക്കപ്പോഴും അതിൽ ഉൾപ്പെട്ടിരുന്നു. യേശു ജനിച്ച്‌ ഏതാണ്ടു 40 ദിവസം കഴിഞ്ഞ്‌ അവന്റെ മാതാപിതാക്കൾ യെരൂശലേമിൽ ചെന്ന്‌ ന്യായപ്രമാണപ്രകാരം ഒരു യാഗം അർപ്പിച്ചു. ന്യായപ്രമാണ വ്യവസ്ഥ അനുസരിച്ച്‌ പ്രാവിൻകുഞ്ഞിന്റെയോ കുറുപ്രാവിന്റെയോ കൂടെ ഒരു ആട്ടിൻകുട്ടിയെ അവർ യാഗമർപ്പിച്ചോ? ഇല്ല. അവർക്ക്‌ അതിനുള്ള വക ഇല്ലായിരുന്നു എന്നാണ്‌ മനസ്സിലാക്കാൻ കഴിയുന്നത്‌. എങ്കിലും, ദരിദ്രർക്കുവേണ്ടി ന്യായപ്രമാണത്തിൽ ഒരു പ്രത്യേക ക്രമീകരണമുണ്ടായിരുന്നു. അതിൻപ്രകാരം, യോസേഫും മറിയയും “രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ” അർപ്പിച്ചു. യാഗാർപ്പണത്തിനായി ചെലവു കുറഞ്ഞ ജന്തുക്കളെ തിരഞ്ഞെടുത്തതിനാൽ അവരുടേത്‌ ഒരു നിർധന കുടുംബമായിരുന്നുവെന്നു വ്യക്തം.​—⁠ലൂക്കൊസ്‌ 2:22-24; ലേവ്യപുസ്‌തകം 12:6, 8.

ജീവിക്കാനായി ചോര നീരാക്കുന്ന എളിയവർക്കിടയിൽ ആണ്‌ മുഴു മനുഷ്യവർഗത്തിന്റെയും ഭാവി രാജാവായ യേശുക്രിസ്‌തു ജനിച്ചത്‌ എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? തന്റെ വളർത്തുപിതാവിനെപ്പോലെ, അവനും തച്ചനായാണ്‌ വളർന്നുവന്നത്‌. (മത്തായി 13:55; മർക്കൊസ്‌ 6:3) സ്വർഗത്തിലെ ഒരു ആത്മജീവി എന്ന നിലയിൽ യേശു ‘സമ്പന്നൻ ആയിരുന്നെങ്കിലും’ നമുക്കുവേണ്ടി അവൻ ‘ദരിദ്രനായിത്തീർന്നു’ എന്നു ബൈബിൾ പറയുന്നു. മനുഷ്യനെന്ന നിലയിൽ അവൻ താഴ്‌ന്ന ഒരു സ്ഥാനം സ്വീകരിക്കുകയും സാധാരണ കുടുംബത്തിൽ വളരുകയും ചെയ്‌തു. (2 കൊരിന്ത്യർ 8:9; ഫിലിപ്പിയർ 2:5-9; എബ്രായർ 2:9) യേശു ഒരു സമ്പന്ന കുടുംബത്തിലല്ല ജനിച്ചത്‌. അവനുമായി സ്വതന്ത്രമായി ഇടപഴകാൻ അതു ചിലരെ സഹായിച്ചിരിക്കാം. സമൂഹത്തിൽ അവന്‌ വലിയ സ്ഥാനമാനങ്ങൾ ഇല്ലാതിരുന്നതിനാൽ അവന്റെ പദവി നിമിത്തമല്ല മറിച്ച്‌, അവന്റെ പഠിപ്പിക്കലും ആകർഷകമായ ഗുണങ്ങളും അത്ഭുതപ്രവൃത്തികളും നിമിത്തം അവനെ വിലമതിക്കാൻ അവർക്കു കഴിഞ്ഞു. (മത്തായി 7:28, 29; 9:19-33; 11:28, 29) ഒരു സാധാരണ കുടുംബത്തിൽ യേശു ജനിക്കാൻ ഇടയാക്കിയതിൽ യഹോവയാം ദൈവത്തിന്റെ ജ്ഞാനം നമുക്ക്‌ കാണാനാകും.

ഇനി നമുക്ക്‌ യേശുവിന്റെ കുടുംബാംഗങ്ങളിൽനിന്ന്‌ എന്തു പഠിക്കാനാകുമെന്നു നോക്കാം.

യോസേഫ്‌​—⁠നീതിമാനായ ഒരു മനുഷ്യൻ

‘തങ്ങൾ കൂടിവരുംമുമ്പെ’ പ്രതിശ്രുതവധു ഗർഭവതി ആയെന്നു മനസ്സിലാക്കിയ യോസേഫിന്റെ മനസ്സിൽ മറിയയോടുള്ള സ്‌നേഹവും അധാർമികതയെന്നു കരുതപ്പെടാവുന്നതിനോടുള്ള വെറുപ്പും തമ്മിൽ ഒരു ആന്തരിക സംഘട്ടനം അനുഭവപ്പെട്ടിരിക്കാം. അവളുടെ ഭർത്താവാകാനുള്ള അവന്റെ അവകാശത്തിന്‌ എല്ലാ സാഹചര്യങ്ങളും ഒരു പ്രതിബന്ധമായി തോന്നി. അക്കാലത്ത്‌, വിവാഹനിശ്ചയം കഴിഞ്ഞ ഒരു സ്‌ത്രീയെ ഭാര്യയെപ്പോലെതന്നെയാണ്‌ കണ്ടിരുന്നത്‌. വേണ്ടവിധം ചിന്തിച്ചശേഷം യോസേഫ്‌ ഒരു തീരുമാനം എടുത്തു​—⁠ഒരു വ്യഭിചാരിണി എന്ന പേരിൽ മറിയ കല്ലെറിയപ്പെടാതിരിക്കേണ്ടതിന്‌ അവളുമായുള്ള ബന്ധം രഹസ്യത്തിൽ വിച്ഛേദിക്കുക.​—⁠മത്തായി 1:18; ആവർത്തനപുസ്‌തകം 22:23, 24.

അതേത്തുടർന്ന്‌ ഒരു ദൈവദൂതൻ സ്വപ്‌നത്തിൽ യോസേഫിന്‌ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്‌പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” ആ ദിവ്യനിർദേശം ലഭിച്ച യോസേഫ്‌ തദനുസരണം പ്രവർത്തിക്കുകയും മറിയയെ ചേർത്തുകൊള്ളുകയും ചെയ്‌തു.​—⁠മത്തായി 1:20-24.

ഈ തീരുമാനം എടുത്തതോടെ, നീതിമാനും വിശ്വസ്‌തനുമായ ആ മനുഷ്യൻ യെശയ്യാ പ്രവാചകനിലൂടെ പിൻവരുംവിധം യഹോവ പറഞ്ഞിരുന്നതിന്റെ നിവൃത്തിയിൽ ഭാഗഭാക്കായി: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (യെശയ്യാവു 7:14) മിശിഹായുടെ വളർത്തുപിതാവാകുക എന്ന പദവിയെ അങ്ങേയറ്റം വിലമതിച്ചിരുന്ന ഒരു ആത്മീയ വ്യക്തിയായിരുന്നു യോസേഫ്‌. മറിയയുടെ ആദ്യജാതൻ തന്റേതല്ലെന്ന്‌ അറിയാമായിരുന്നിട്ടു കൂടിയാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌.

മകനെ പ്രസവിക്കുംവരെ യോസേഫ്‌ മറിയയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടില്ല. (മത്തായി 1:25) നവദമ്പതികളായ അവരെ സംബന്ധിച്ചിടത്തോളം ലൈംഗികബന്ധത്തിൽനിന്നു വിട്ടുനിൽക്കുന്നത്‌ ഒരു വെല്ലുവിളി ആയിരുന്നിരിക്കാം. എങ്കിലും, കുഞ്ഞിന്റെ പിതാവ്‌ ആരാണ്‌ എന്നതു സംബന്ധിച്ച യാതൊരു തെറ്റിദ്ധാരണയും ഉണ്ടായിരിക്കാൻ അവർ വ്യക്തമായും ആഗ്രഹിച്ചില്ല. ആത്മനിയന്ത്രണത്തിന്റെ എത്ര നല്ല മാതൃക! യോസേഫ്‌ തന്റെ സ്വാഭാവിക ആഗ്രഹങ്ങളെക്കാൾ ആത്മീയ മൂല്യങ്ങൾക്കു മുൻതൂക്കം കൊടുത്തു.

തന്റെ വളർത്തുപുത്രനെ പരിപാലിക്കുന്നതു സംബന്ധിച്ച്‌ യോസേഫിന്‌ നാലു സന്ദർഭങ്ങളിൽ ദൂതനിർദേശം ലഭിച്ചു. കുട്ടിയെ എവിടെ വളർത്തണം എന്നതു സംബന്ധിച്ചുള്ളതായിരുന്നു അവയിൽ മൂന്നെണ്ണം. ഉടനടിയുള്ള അനുസരണം കുട്ടിയുടെ അതിജീവനത്തിന്‌ അനിവാര്യമായിരുന്നു. കുട്ടിയെ ആദ്യം ഈജിപ്‌തിലേക്കും പിന്നീട്‌ ഇസ്രായേലിലേക്കും കൊണ്ടുപോയിക്കൊണ്ട്‌ യോസേഫ്‌ ഉടനടി പ്രവർത്തിച്ചു. ഹെരോദാവ്‌ ആൺകുട്ടികളെ കൂട്ടക്കൊല ചെയ്‌തപ്പോൾ യേശു രക്ഷപ്പെടാൻ ഇത്‌ ഇടയാക്കി. മാത്രമല്ല, യോസേഫിന്റെ അനുസരണം, മിശിഹായെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ നിറവേറുന്നതിലും കലാശിച്ചു.​—⁠മത്തായി 2:13-23.

യോസേഫ്‌ യേശുവിനെ ഒരു തൊഴിൽ പഠിപ്പിച്ചിരുന്നു. സ്വന്തംകാലിൽ നിൽക്കാൻ അത്‌ അവനെ പ്രാപ്‌തനാക്കി. അതുകൊണ്ടുതന്നെ, യേശു “തച്ചന്റെ മകൻ” ആയി മാത്രമല്ല ‘തച്ചനാ’യും അറിയപ്പെട്ടിരുന്നു. (മത്തായി 13:55; മർക്കൊസ്‌ 6:3) യേശു, “നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവ”നാണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. കുടുംബത്തെ സഹായിക്കാനായി കഠിനാധ്വാനം ചെയ്യുന്നത്‌ സ്വാഭാവികമായും ഇതിൽ ഉൾപ്പെട്ടിരുന്നിരിക്കാം.​—⁠എബ്രായർ 4:15.

യോസേഫിനെ കുറിച്ചുള്ള ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ അവസാന വിവരണത്തിൽ, സത്യാരാധന സംബന്ധിച്ചുള്ള അവന്റെ അർപ്പണബോധവും നമുക്ക്‌ കാണാൻ സാധിക്കും. പെസഹാ ആഘോഷത്തിനായി യോസേഫ്‌ കുടുംബസമേതം യെരൂശലേമിലേക്ക്‌ പോകുമായിരുന്നു. പുരുഷന്മാർ മാത്രം സംബന്ധിക്കാനേ ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നുള്ളുവെങ്കിലും, യോസേഫ്‌ തന്റെ മുഴുകുടുംബത്തെയും കൂട്ടി “ആണ്ടുതോറും” പെസഹായ്‌ക്ക്‌ പോകുന്നത്‌ ഒരു പതിവാക്കിയിരുന്നു. അവൻ അതിനുവേണ്ടി വലിയ ത്യാഗങ്ങൾ ചെയ്‌തു. കാരണം, നസറെത്ത്‌ മുതൽ യെരൂശലേംവരെ ഏതാണ്ട്‌ 100 കിലോമീറ്റർ അവർ നടക്കേണ്ടിയിരുന്നു. തിരുവെഴുത്തുകൾ പറയുന്ന പ്രകാരം ഒരവസരത്തിൽ യേശുവിനെ അവരുടെ കൂട്ടത്തിൽനിന്ന്‌ കാണാതായി. പിന്നീട്‌, ന്യായപ്രമാണ ഉപദേഷ്ടാക്കന്മാർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്‌തുകൊണ്ട്‌ യേശു ആലയത്തിൽ ഇരിക്കുന്നതായി അവന്റെ മാതാപിതാക്കൾ കണ്ടെത്തി. 12 വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും, യേശുവിന്‌ ദൈവവചനം സംബന്ധിച്ച്‌ നല്ല അറിവും പരിജ്ഞാനവും ഉണ്ടായിരുന്നു. ഈ സംഭവത്തിൽനിന്നു മാതാപിതാക്കൾ യേശുവിനെ ആത്മീയമനസ്‌കനായ ഒരു കുട്ടിയായി വളരാൻ തക്കവിധം നന്നായി പഠിപ്പിച്ചിരിക്കണം എന്ന്‌ നമുക്കു മനസ്സിലാക്കാവുന്നതാണ്‌. (ലൂക്കൊസ്‌ 2:41-50) ഇതേത്തുടർന്ന്‌ താമസിയാതെ, യോസേഫ്‌ മരിച്ചു കാണണം, പിന്നീടുള്ള തിരുവെഴുത്തു വിവരണങ്ങളിൽ അവനെ കുറിച്ചുള്ള യാതൊരു പരാമർശവുമില്ല.

അതേ, സ്വന്തം കുടുംബത്തിനുവേണ്ടി ആത്മീയവും ഭൗതികവുമായ വിധത്തിൽ നന്നായി കരുതിയ നീതിമാനായ ഒരു വ്യക്തിയായിരുന്നു യോസേഫ്‌. ഇന്ന്‌ നമ്മെ സംബന്ധിച്ചുള്ള ദൈവഹിതം എന്താണെന്നു മനസ്സിലാക്കുമ്പോൾ, യോസേഫിനെപ്പോലെ നിങ്ങളും ആത്മീയ താത്‌പര്യങ്ങൾ ജീവിതത്തിൽ പ്രഥമ സ്ഥാനത്ത്‌ വെക്കുന്നുണ്ടോ? (1 തിമൊഥെയൊസ്‌ 2:4, 5) ദൈവവചനത്തിൽ കാണുന്ന പ്രകാരമുള്ള ദൈവത്തിന്റെ വാക്കുകൾ നിങ്ങൾ മനസ്സോടെ അനുസരിക്കുകയും അങ്ങനെ യോസേഫിന്റേതുപോലുള്ള കീഴ്‌പെടൽ പ്രകടമാക്കുകയും ചെയ്യുന്നുണ്ടോ? മറ്റുള്ളവരുമായി അർഥവത്തായ സംഭാഷണങ്ങൾ നടത്താൻ നിങ്ങളുടെ കുട്ടികൾക്കു സാധിക്കത്തക്കവിധം നിങ്ങൾ അവരെ പഠിപ്പിക്കുന്നുണ്ടോ?

മറിയ​—⁠നിസ്സ്വാർഥയായ ഒരു ദൈവദാസി

യേശുവിന്റെ അമ്മയായ മറിയ, ഉത്തമയായ ഒരു ദൈവദാസി ആയിരുന്നു. അവൾ ഒരു കുട്ടിക്ക്‌ ജന്മം നൽകുമെന്ന്‌ ഗബ്രീയേൽ ദൂതൻ പറഞ്ഞപ്പോൾ അവൾ അതിശയിച്ചുപോയി. കന്യക ആയിരുന്ന അവൾ ‘പുരുഷനെ അറിഞ്ഞിട്ടില്ലായിരുന്നു.’ പരിശുദ്ധാത്മാവിനാൽ ആയിരിക്കും ആ ജനനം നടക്കുക എന്നു മനസ്സിലാക്കിയപ്പോൾ പിൻവരുംവിധം പറഞ്ഞുകൊണ്ട്‌ അവൾ ആ സന്ദേശം സ്വീകരിച്ചു: “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ.” (ലൂക്കൊസ്‌ 1:30-38) തന്റെ തീരുമാനം നിമിത്തം ഉണ്ടായേക്കാവുന്ന ഏതൊരു ബുദ്ധിമുട്ടും സഹിക്കാനുള്ള മനസ്സൊരുക്കം ഉണ്ടായിരിക്കത്തക്ക അളവോളം അവൾ ആത്മീയ പദവിയെ വിലമതിച്ചിരുന്നു.

യഥാർഥത്തിൽ, ആ നിയോഗം സ്വീകരിക്കുകവഴി ഒരു സ്‌ത്രീ എന്ന നിലയിലുള്ള അവളുടെ ജീവിതത്തിനു മാറ്റംവന്നു. ശുദ്ധീകരണത്തിനായി യെരൂശലേമിൽ ചെന്ന അവസരത്തിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മാന്യവ്യക്തി അവളോട്‌ ഇപ്രകാരം പറഞ്ഞു: “നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും.” (ലൂക്കൊസ്‌ 2:25-35) വ്യക്തമായും, അനേകർ യേശുവിനെ ത്യജിക്കുകയും ഒടുവിൽ ദണ്ഡനസ്‌തംഭത്തിൽ തറയ്‌ക്കുകയും ചെയ്യുന്നത്‌ കാണുമ്പോൾ മറിയയ്‌ക്ക്‌ എന്തു തോന്നുമെന്നു പരാമർശിക്കുകയായിരുന്നു അവൻ.

യേശു വളർന്നുവരവേ, അവന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ മറിയ പ്രത്യേകം ശ്രദ്ധിക്കുകയും അവ ‘ഹൃദയത്തിൽ സംഗ്രഹിക്കുകയും’ ചെയ്‌തു. (ലൂക്കൊസ്‌ 2:19, 51) യോസേഫിനെപ്പോലെ ഒരു ആത്മീയ വ്യക്തി ആയിരുന്ന അവൾ പ്രവചനങ്ങളെ നിറവേറ്റിയ സംഭവങ്ങളും വാക്കുകളും അമൂല്യമായി വീക്ഷിച്ചിരുന്നു. ഗബ്രീയേൽ ദൂതൻ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാകണം: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്‌ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊസ്‌ 1:32, 33) അതേ, മിശിഹായുടെ ജഡിക മാതാവായിരിക്കുക എന്ന പദവിയെ അവൾ ഗൗരവത്തോടെ കണ്ടു.

അത്ഭുതകരമായി ഗർഭംധരിച്ച തന്റെ ബന്ധുവായ എലീസബെത്തിനെ കണ്ടപ്പോൾ മറിയയുടെ ആത്മീയത വീണ്ടും പ്രകടമായി. അവളെ കണ്ടുമുട്ടിയപ്പോൾ മറിയ യഹോവയെ സ്‌തുതിക്കുകയും ദൈവവചനത്തോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. 1 ശമൂവേൽ 2-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഹന്നായുടെ പ്രാർഥനയെ അവൾ പരാമർശിക്കുകയും എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്‌തു. തിരുവെഴുത്തുകളെ കുറിച്ചുള്ള അത്തരം പരിജ്ഞാനം, ആത്മാർഥതയും ദൈവഭയവുമുള്ള ഒരു അമ്മയായിത്തീരാൻ അവൾ യോഗ്യയാണെന്ന്‌ പ്രകടമാക്കി. തന്റെ പുത്രനെ ആത്മീയമായി പരിപോഷിപ്പിക്കുന്നതിൽ അവൾ യോസേഫിനോട്‌ സഹകരിക്കുമായിരുന്നു.​—⁠ഉല്‌പത്തി 30:13; 1 ശമൂവേൽ 2:1-10; മലാഖി 3:12; ലൂക്കൊസ്‌ 1:46-55.

മിശിഹ എന്ന നിലയിൽ തന്റെ പുത്രനിൽ മറിയയ്‌ക്കു ശക്തമായ വിശ്വാസമുണ്ടായിരുന്നു. യേശുവിന്റെ മരണത്തിനു ശേഷംപോലും അവളുടെ ആ വിശ്വാസത്തിന്‌ കോട്ടംതട്ടിയില്ല. യേശുവിന്റെ പുനരുത്ഥാനത്തെ തുടർന്ന്‌, അപ്പൊസ്‌തലന്മാരോടൊപ്പം പ്രാർഥനയ്‌ക്കായി കൂടിവന്നിരുന്ന വിശ്വസ്‌ത ശിഷ്യരോടു കൂടെ അവളും ഉണ്ടായിരുന്നു. (പ്രവൃത്തികൾ 1:13, 14) തന്റെ പുത്രൻ ഒരു ദണ്ഡന സ്‌തംഭത്തിൽ കിടന്നു മരിക്കുന്നതായി കാണുന്നതിന്റെ വേദന സഹിക്കേണ്ടി വന്നപ്പോഴും അവൾ വിശ്വസ്‌തത പാലിച്ചു.

മറിയയുടെ ജീവിതത്തെ കുറിച്ചു പഠിക്കുന്നതിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം നേടാം? ഉൾപ്പെട്ടിരിക്കുന്ന ത്യാഗം ഗണ്യമാക്കാതെ ദൈവത്തെ സേവിക്കുക എന്ന പദവിയെ നിങ്ങൾ സ്വീകരിക്കുന്നുണ്ടോ? ഇക്കാലത്ത്‌ ഈ പദവിയുടെ ഗൗരവം സംബന്ധിച്ച്‌ നിങ്ങൾ ബോധവാൻ അല്ലെങ്കിൽ ബോധവതി ആണോ? യേശു പറഞ്ഞ കാര്യങ്ങൾ ഓർത്തിരിക്കുകയും ഇന്ന്‌ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി അവയെ താരതമ്യം ചെയ്യുകയും ചെയ്‌തുകൊണ്ട്‌ നിങ്ങൾ “ഹൃദയത്തിൽ സംഗ്രഹി”ക്കുന്നുണ്ടോ? (മത്തായി 24, 25; മർക്കൊസ്‌ 13; ലൂക്കൊസ്‌ 21 എന്നീ അധ്യായങ്ങൾ) ദൈവവചനത്തിൽ നല്ല വൈഭവം നേടുകയും സംഭാഷണത്തിൽ അത്‌ സ്വതന്ത്രമായി ഉപയോഗിക്കുകയും ചെയ്‌തുകൊണ്ട്‌ നിങ്ങൾ മറിയയെ അനുകരിക്കുന്നുണ്ടോ? യേശുവിന്റെ അനുഗാമി ആയിരിക്കുന്നതിന്റെ പേരിൽ മനോവേദനകൾ ഉണ്ടായേക്കാമെങ്കിലും, നിങ്ങൾ അവനിലുള്ള വിശ്വാസത്തിൽ തുടരുമോ?

യേശുവിന്റെ സഹോദരന്മാർ​—⁠മാറ്റം സാധ്യമാണ്‌

യേശു മരിച്ചതിനു ശേഷമാണ്‌ അവന്റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചതെന്നു തോന്നുന്നു. യേശു ദണ്ഡനസ്‌തംഭത്തിൽ മരിച്ചപ്പോഴും തന്റെ അമ്മയെ അപ്പൊസ്‌തലനായ യോഹന്നാനെ ഏൽപ്പിച്ചപ്പോഴും അവർ അവിടെ ഇല്ലാതിരുന്നതിന്‌ കാരണം ഇതായിരിക്കാം. യേശുവിന്റെ ബന്ധുക്കൾ അവനോട്‌ അനാദരവു പ്രകടമാക്കി. ഒരവസരത്തിൽ, യേശുവിന്‌ “ബുദ്ധിഭ്രമം” ഉണ്ടെന്നുപോലും അവർ പറയുകയുണ്ടായി. (മർക്കൊസ്‌ 3:21) യേശുവിന്റെ കുടുംബത്തിൽ അവിശ്വാസികൾ ഉണ്ടായിരുന്നതിനാൽ, ഇന്ന്‌ അവിശ്വാസികളുള്ള കുടുംബത്തിൽപ്പെട്ടവർക്ക്‌ ബന്ധുക്കൾ വിശ്വാസത്തെ പ്രതി അവരെ പരിഹസിക്കുമ്പോൾ തോന്നുന്ന വികാരം യേശു മനസ്സിലാക്കുന്നുണ്ടെന്ന്‌ ഉറപ്പുണ്ടായിരിക്കാനാകും.

എന്നിരുന്നാലും, യേശുവിന്റെ പുനരുത്ഥാന ശേഷം അവന്റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചു തുടങ്ങി. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യെരൂശലേമിൽ കൂടിവന്ന കൂട്ടത്തോടൊപ്പം അവർ ഉണ്ടായിരുന്നു, അപ്പൊസ്‌തലന്മാരോടുകൂടെ അവരും തീക്ഷ്‌ണമായി പ്രാർഥിക്കുകയുണ്ടായി. (പ്രവൃത്തികൾ 1:14) വ്യക്തമായും, തങ്ങളുടെ അർധസഹോദരന്റെ പുനരുത്ഥാനം, അവന്റെ ശിഷ്യരായിത്തീരുന്ന അളവോളം ഹൃദയത്തിൽ മാറ്റം വരുത്താൻ അവരെ പ്രേരിപ്പിച്ചു. വിശ്വാസത്തിലല്ലാത്ത നമ്മുടെ ബന്ധുക്കൾ ഒരിക്കലും സത്യം പഠിക്കില്ല എന്നു നാം വിചാരിക്കരുത്‌.

യേശു വ്യക്തിപരമായി പ്രത്യക്ഷപ്പെട്ട അവന്റെ അർധസഹോദരനായ യാക്കോബിന്‌ ക്രിസ്‌തീയ സഭയിൽ ശ്രദ്ധേയമായ ഒരു പങ്കുണ്ടായിരുന്നതായി തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. വിശ്വാസം നിലനിറുത്താൻ ബുദ്ധിയുപദേശിച്ചുകൊണ്ട്‌ അവൻ സഹക്രിസ്‌ത്യാനികൾക്ക്‌ ഒരു നിശ്വസ്‌ത ലേഖനം എഴുതി. (പ്രവൃത്തികൾ 15:6-29; 1 കൊരിന്ത്യർ 15:7; ഗലാത്യർ 1:18, 19; 2:9; യാക്കോബ്‌ 1:1) മറ്റൊരു അർധസഹോദരനായ യൂദാ, വിശ്വാസത്തിനുവേണ്ടി ശക്തമായ പോരാട്ടം നടത്താൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ അവർക്ക്‌ ഒരു നിശ്വസ്‌ത ലേഖനം എഴുതി. (യൂദാ 1) സഹക്രിസ്‌ത്യാനികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായി യാക്കോബോ യൂദായോ തങ്ങളുടെ ലേഖനങ്ങളിൽ യേശുവുമായുള്ള ജഡിക ബന്ധത്തെ എടുത്തു കാണിച്ചില്ല എന്നത്‌ ശ്രദ്ധേയമാണ്‌. നമുക്ക്‌ പഠിക്കാനാകുന്ന എളിമയുടെ എത്ര നല്ല പാഠം!

യേശുവിന്റെ കുടുംബത്തിൽനിന്നു നാം പഠിക്കുന്ന ചില കാര്യങ്ങൾ ഏവയാണ്‌? പിൻവരും വിധങ്ങളിൽ പ്രകടിപ്പിക്കാനാകുന്ന അർപ്പണമനോഭാവത്തെ കുറിച്ചുള്ള പാഠങ്ങൾ തീർച്ചയായും പഠിക്കാനാകും: (1) വിശ്വസ്‌തതയോടെ ദൈവത്തിന്റെ പ്രഖ്യാപിത ഹിതത്തിനു കീഴ്‌പെടുകയും അതുനിമിത്തം ഉണ്ടാകുന്ന സകല പരിശോധനകളെയും അഭിമുഖീകരിക്കുകയും ചെയ്യുക. (2) ആത്മീയ മൂല്യങ്ങൾക്ക്‌ പ്രഥമസ്ഥാനം നൽകുക, അതിനു ത്യാഗങ്ങൾ ആവശ്യമാണെങ്കിൽപ്പോലും. (3) തിരുവെഴുത്തുകൾക്ക്‌ ചേർച്ചയിൽ കുട്ടികളെ പരിശീലിപ്പിക്കുക. (4) വിശ്വാസത്തിലല്ലാത്ത ബന്ധുക്കൾ ഒരിക്കലും സത്യം പഠിക്കാൻ പോകുന്നില്ലെന്നു വിചാരിക്കരുത്‌. (5) ക്രിസ്‌തീയ സഭയിലെ പ്രമുഖരുമായി നിങ്ങൾക്ക്‌ ഉണ്ടായിരുന്നേക്കാവുന്ന യാതൊരു ബന്ധത്തെപ്പറ്റിയും പൊങ്ങച്ചം പറയരുത്‌. അതേ, യേശുവിന്റെ ഭൗമിക കുടുംബത്തെ കുറിച്ചു പഠിക്കുന്നത്‌ നമ്മെ അവനോടു കൂടുതൽ അടുപ്പിക്കുന്നുവെന്നു മാത്രമല്ല, യേശുവിന്‌ വളരാനായി ഒരു സാധാരണ കുടുംബം തിരഞ്ഞെടുത്തതു നിമിത്തം യഹോവയോടുള്ള നമ്മുടെ വിലമതിപ്പു വർധിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

[4, 5  പേജുകളിലെ ചിത്രങ്ങൾ]

യോസേഫ്‌ മറിയയെ ഭാര്യയായി സ്വീകരിച്ചു, അങ്ങനെ മിശിഹൈക പ്രവചനത്തിന്റെ നിവൃത്തിയിൽ ഉൾപ്പെട്ടു

[6 -ാം പേജിലെ ചിത്രങ്ങൾ]

യോസേഫും മറിയയും മക്കളെ ആത്മീയ മൂല്യങ്ങളും തൊഴിലിന്റെ പ്രാധാന്യവും പഠിപ്പിച്ചു

[7 -ാം പേജിലെ ചിത്രങ്ങൾ]

ആത്മീയ കുടുംബത്തിൽ വളർന്നവരെങ്കിലും, യേശുവിന്റെ സഹോദരന്മാർ അവന്റെ മരണശേഷമാണ്‌ അവനിൽ വിശ്വസിച്ചത്‌

[8 -ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ അർധസഹോദരന്മാരായ യാക്കോബും യൂദയും സഹക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു