വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അവരുടെ നാദം സർവ്വഭൂമിയിലും പരന്നു’

‘അവരുടെ നാദം സർവ്വഭൂമിയിലും പരന്നു’

‘അവരുടെ നാദം സർവ്വഭൂമിയിലും പരന്നു’

‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ച്‌ സകലജാതികളെയും [“സകല ജനതകളിലുമുള്ള ആളുകളെ,” Nw] ശിഷ്യരാക്കിക്കൊൾവിൻ.’​—⁠മത്തായി 28:19, 20.

1, 2. (എ) യേശു തന്റെ ശിഷ്യന്മാർക്ക്‌ എന്തു നിയോഗം നൽകി? (ബി) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ വളരെയധികം വേല നിർവഹിക്കാൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ്‌ യേശു തന്റെ ശിഷ്യന്മാർക്ക്‌ ഒരു നിയോഗം നൽകി. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ച്‌ സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ’ എന്ന്‌ അവൻ അവരോടു കൽപ്പിച്ചു. (മത്തായി 28:⁠19, 20) എത്ര ബൃഹത്തായ ഒരു വേലയായിരുന്നു അത്‌!

2 ഒന്നു ചിന്തിച്ചുനോക്കൂ! പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ഏകദേശം 120 ശിഷ്യന്മാർ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും, വാഗ്‌ദത്ത മിശിഹാ യേശുവാണെന്നും അവനിലൂടെ രക്ഷ സാധ്യമാണെന്നും മറ്റുള്ളവരോടു പറഞ്ഞുകൊണ്ട്‌ ആ നിയോഗം നിവർത്തിക്കാൻ ആരംഭിക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 2:⁠1-36) അത്തരമൊരു ചെറിയ കൂട്ടത്തിന്‌ ‘സകല ജനതകളിലുമുള്ള ആളുകളുടെ’ അടുക്കൽ എത്തിച്ചേരാൻ എങ്ങനെ കഴിയുമായിരുന്നു? മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്‌ അസാധ്യമായിരുന്നു, എന്നാൽ “ദൈവത്തിന്നു സകലവും സാദ്ധ്യം” ആണ്‌. (മത്തായി 19:⁠26) ആദിമ ക്രിസ്‌ത്യാനികൾക്ക്‌ യഹോവയുടെ പരിശുദ്ധാത്മാവിന്റെ പിന്തുണ ഉണ്ടായിരുന്നു. മാത്രമല്ല, അവർ അടിയന്തിരതാബോധം ഉള്ളവരും ആയിരുന്നു. (സെഖര്യാവു 4:⁠6; 2 തിമൊഥെയൊസ്‌ 4:⁠2) തന്നിമിത്തം, സുവാർത്ത ‘ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിക്കപ്പെടുന്നു’ എന്ന്‌ ഏതാനും ദശകങ്ങൾക്കുള്ളിൽ അപ്പൊസ്‌തലനായ പൗലൊസിന്‌ പറയാൻ കഴിഞ്ഞു.—കൊലൊസ്സ്യർ 1:⁠23.

3. സത്യക്രിസ്‌ത്യാനികൾ ആകുന്ന ‘കോതമ്പിനെ’ മൂടിക്കളഞ്ഞത്‌ എന്താണ്‌?

3 ഒന്നാം നൂറ്റാണ്ടിൽ ഉടനീളം സത്യാരാധനയുടെ വ്യാപനം തുടർന്നുകൊണ്ടിരുന്നു. എന്നിരുന്നാലും, സാത്താൻ “കള” വിതയ്‌ക്കുകയും സത്യക്രിസ്‌ത്യാനികളാകുന്ന “കോതമ്പ്‌” കൊയ്‌ത്തുകാലം വരെ അനേകം നൂറ്റാണ്ടുകൾ അതിനാൽ മൂടപ്പെടുകയും ചെയ്യുന്ന കാലം വരും എന്ന്‌ യേശു മുൻകൂട്ടി പറഞ്ഞിരുന്നു. അപ്പൊസ്‌തലന്മാരുടെ മരണശേഷം ആ പ്രവചനം നിറവേറി.​—⁠മത്തായി 13:⁠24-39.

ഇന്ന്‌ ത്വരിത വർധന

4, 5. അഭിഷിക്ത ക്രിസ്‌ത്യാനികൾ 1919 മുതൽ ഏതു വേല ഏറ്റെടുത്തു, അത്‌ ഒരു വലിയ വെല്ലുവിളി ആയിരുന്നത്‌ എന്തുകൊണ്ട്‌?

4 സത്യക്രിസ്‌ത്യാനികൾ ആകുന്ന കോതമ്പ്‌, കളകളിൽനിന്നു വേർതിരിക്കപ്പെടാനുള്ള സമയം 1919-ൽ വന്നെത്തി. യേശു നൽകിയ ബൃഹത്തായ നിയമനം അപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ അറിയാമായിരുന്നു. തങ്ങൾ “അന്ത്യകാലത്ത്‌” ആണ്‌ ജീവിക്കുന്നത്‌ എന്ന്‌ അവർ ഉറച്ചു വിശ്വസിച്ചു. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്നുള്ള യേശുവിന്റെ പ്രവചനത്തെ കുറിച്ച്‌ അവർ തികച്ചും ബോധവാന്മാരായിരുന്നു. (2 തിമൊഥെയൊസ്‌ 3:⁠1; മത്തായി 24:⁠14) അതേ, വളരെയേറെ വേല ചെയ്യപ്പെടാനുണ്ട്‌ എന്ന്‌ അവർക്ക്‌ അറിയാമായിരുന്നു.

5 എന്നുവരികിലും, പൊ.യു. 33-ലെ ശിഷ്യന്മാരെപ്പോലെ ആ അഭിഷിക്ത ക്രിസ്‌ത്യാനികൾ ഒരു വലിയ വെല്ലുവിളിയെ അഭിമുഖീകരിച്ചു. വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ ഏതാനും ആയിരങ്ങൾ മാത്രമായിരുന്നു അവർ. “ഭൂലോകത്തിൽ ഒക്കെയും” സുവാർത്ത പ്രസംഗിക്കാൻ അവർക്ക്‌ എങ്ങനെ സാധിക്കുമായിരുന്നു? കൈസർമാരുടെ കാലത്ത്‌ ഒരുപക്ഷേ 30 കോടി ആയിരുന്ന ലോകജനസംഖ്യ ഒന്നാം ലോകമഹായുദ്ധാനന്തര കാലഘട്ടം ആയപ്പോഴേക്കും ഏതാണ്ട്‌ 200 കോടിയായി വളർന്നിരുന്നു എന്ന്‌ ഓർക്കുക. കൂടാതെ, 20-ാം നൂറ്റാണ്ടിൽ ഉടനീളം അതു ത്വരിതഗതിയിൽ വർധിക്കുന്നതിൽ തുടരുമായിരുന്നു.

6. സുവാർത്ത പ്രസംഗവേല, 1930-കൾ ആയപ്പോഴേക്കും എത്രത്തോളം പുരോഗതി കൈവരിച്ചിരുന്നു?

6 എന്നിരുന്നാലും, യഹോവയുടെ അഭിഷിക്ത ദാസന്മാർ ഒന്നാം നൂറ്റാണ്ടിലെ തങ്ങളുടെ സഹോദരന്മാരെപ്പോലെ, യഹോവയിൽ പൂർണ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ തങ്ങളുടെ നിയമിത വേലയുമായി മുന്നോട്ടുനീങ്ങി. യഹോവയുടെ ആത്മാവ്‌ അവരോടൊപ്പം ഉണ്ടായിരുന്നു. 1930-കളുടെ മധ്യത്തോടെ, ഏതാണ്ട്‌ 56,000 സുവിശേഷകർ 115 ദേശങ്ങളിലായി ബൈബിൾ സത്യം പ്രസംഗിച്ചിരുന്നു. അപ്പോൾത്തന്നെ വളരെയേറെ വേല ചെയ്‌തുകഴിഞ്ഞിരുന്നു, എങ്കിലും അതിലേറെ വേല പിന്നെയും അവശേഷിച്ചിരുന്നു.

7. (എ) അഭിഷിക്ത ക്രിസ്‌ത്യാനികൾ ഏതു പുതിയ വെല്ലുവിളിയെ നേരിട്ടു? (ബി) ‘വേറെ ആടുകളുടെ’ പിന്തുണയോടെ കൂട്ടിച്ചേർക്കൽ വേല ഇന്നോളം പുരോഗമിച്ചിരിക്കുന്നത്‌ എങ്ങനെ?

7 അതേത്തുടർന്ന്‌, വെളിപ്പാടു 7:⁠9-ൽ പരാമർശിച്ചിരിക്കുന്ന “മഹാപുരുഷാരം” ആരാണ്‌ എന്നുള്ളതിനെ കുറിച്ചു കൂടുതൽ ആഴമായ ഗ്രാഹ്യം ലഭിച്ചത്‌ ഒരു പുതിയ വെല്ലുവിളി ഉയർത്തി, ഒപ്പം അന്നത്തെ കഠിനാധ്വാനികളായ ക്രിസ്‌ത്യാനികൾക്ക്‌ അത്‌ കൂടുതലായ സഹായം തങ്ങൾക്കു ലഭിക്കാനിരിക്കുന്നു എന്ന പ്രത്യാശയും വെച്ചുനീട്ടി. എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലാത്ത ‘വേറെ ആടുകളുടെ’ ഒരു കൂട്ടം, ഭൗമിക പ്രത്യാശയുള്ള വിശ്വാസികൾ, “സകല ജാതികളിലും [“രാഷ്‌ട്രങ്ങളിലും,” NW] ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു” കൂട്ടിച്ചേർക്കപ്പെടേണ്ടതുണ്ടായിരുന്നു. (യോഹന്നാൻ 10:⁠16) ഇവർ ‘രാപകൽ യഹോവയ്‌ക്കു വിശുദ്ധ സേവനം അർപ്പിക്കുമായിരുന്നു.’ (വെളിപ്പാടു 7:⁠15, NW) പ്രസംഗ-പഠിപ്പിക്കൽ വേലയിൽ അവർ സഹായിക്കും എന്നായിരുന്നു അതിന്റെ അർഥം. (യെശയ്യാവു 61:⁠5) തത്‌ഫലമായി, സുവിശേഷകരുടെ എണ്ണം പതിനായിരങ്ങളും തുടർന്ന്‌ ദശലക്ഷങ്ങളും ആയിത്തീരുന്നതു കണ്ട്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ ആവേശഭരിതരായി. 2003-ൽ പ്രസംഗവേലയിൽ പങ്കുപറ്റിയവരുടെ എണ്ണം 64,29,351 എന്ന പുതിയ അത്യുച്ചത്തിൽ എത്തി​—⁠അവരിൽ സിംഹഭാഗവും വേറെ ആടുകളിൽ പെട്ടവരാണ്‌. * ഈ സഹായത്തെപ്രതി അഭിഷിക്ത ക്രിസ്‌ത്യാനികളും തങ്ങളുടെ അഭിഷിക്ത സഹോദരന്മാരെ പിന്തുണയ്‌ക്കാനുള്ള പദവിക്കായി വേറെ ആടുകളും നന്ദിയുള്ളവരാണ്‌.—മത്തായി 25:⁠34-40.

8. രണ്ടാം ലോകമഹായുദ്ധ കാലത്തു നേരിട്ട കടുത്ത സമ്മർദങ്ങളോട്‌ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു പ്രതികരിച്ചത്‌?

8 കോതമ്പു വർഗം വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ, സാത്താൻ അതിനെതിരെ കടുത്ത യുദ്ധം ആരംഭിച്ചു. (വെളിപ്പാടു 12:⁠17) മഹാപുരുഷാരം പ്രത്യക്ഷമാകാൻ തുടങ്ങിയപ്പോൾ അവൻ എങ്ങനെയാണു പ്രതികരിച്ചത്‌? ക്രൂരമായ അക്രമം അഴിച്ചുവിട്ടുകൊണ്ട്‌! രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ലോകവ്യാപകമായി സത്യാരാധകർക്കു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നിൽ അവനായിരുന്നു എന്നതിൽ എന്താണു സംശയം? യുദ്ധത്തിന്റെ ഇരുവശത്തും ക്രിസ്‌ത്യാനികൾ കടുത്ത സമ്മർദം നേരിട്ടു. നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരിൽ അനേകരും അതികഠിനമായ പരിശോധനകൾ സഹിച്ചു, വിശ്വാസത്തിനായി ചിലർക്കു ജീവൻപോലും നൽകേണ്ടിവന്നു. എങ്കിലും, സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ അവരുടെ പ്രവർത്തനത്തിൽ മാറ്റൊലികൊണ്ടു: “ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?” (സങ്കീർത്തനം 56:⁠4; മത്തായി 10:⁠28) യഹോവയുടെ ആത്മാവിനാൽ ബലിഷ്‌ഠരാക്കപ്പെട്ട അഭിഷിക്ത ക്രിസ്‌ത്യാനികളും വേറെ ആടുകളും അടിപതറാതെ ഒറ്റക്കെട്ടായിനിന്നു. (2 കൊരിന്ത്യർ 4:⁠7) തത്‌ഫലമായി, “ദൈവവചനം പരന്നു.” (പ്രവൃത്തികൾ 6:⁠7) 1939-ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ 72,475 വിശ്വസ്‌ത ക്രിസ്‌ത്യാനികൾ പ്രസംഗവേലയിൽ പങ്കുപറ്റിയതായി റിപ്പോർട്ടുചെയ്‌തു. എന്നിരുന്നാലും, യുദ്ധം അവസാനിച്ച 1945-ൽ 1,56,299 സജീവ സാക്ഷികൾ സുവാർത്ത പ്രസംഗിക്കുന്നുണ്ടായിരുന്നു എന്ന്‌ ആ വർഷത്തെ അപൂർണമായ റിപ്പോർട്ട്‌ വെളിപ്പെടുത്തി. സാത്താന്‌ എത്ര കനത്ത തിരിച്ചടി!

9. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ഏതു രണ്ടു സ്‌കൂളുകൾ ആരംഭിച്ചു?

9 രണ്ടാം ലോകമഹായുദ്ധം നിമിത്തമുണ്ടായ അവ്യവസ്ഥ, പ്രസംഗവേല നിർവഹിക്കപ്പെടുമോ എന്നതു സംബന്ധിച്ച്‌ യഹോവയുടെ സാക്ഷികളുടെ മനസ്സിൽ തെല്ലും സംശയമുയർത്തിയില്ല. വാസ്‌തവത്തിൽ, 1943-ൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ പുതിയ രണ്ടു സ്‌കൂളുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ന്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ എന്ന്‌ അറിയപ്പെടുന്നതായിരുന്നു അതിൽ ഒരെണ്ണം. പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഓരോ സാക്ഷിയെയും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ സഭകളിലും അതു നടത്തുന്നതിനുള്ള ക്രമീകരണം ചെയ്യപ്പെട്ടു. രണ്ടാമത്തേത്‌, വിദേശങ്ങളിൽ പ്രസംഗവേല വ്യാപിപ്പിക്കാൻ മിഷനറിമാരെ പരിശീലിപ്പിക്കുന്ന വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ ആയിരുന്നു. അതേ, യുദ്ധത്തിന്റെ അഗ്നിജ്വാലകൾ ഒടുവിൽ കെട്ടടങ്ങിയപ്പോഴേക്കും സത്യക്രിസ്‌ത്യാനികൾ വർധിച്ച പ്രവർത്തനത്തിനായി പൂർണ സജ്ജരായിരുന്നു.

10. യഹോവയുടെ ജനത്തിന്റെ തീക്ഷ്‌ണത 2003-ൽ പ്രകടമായത്‌ എങ്ങനെ?

10 എത്ര വിസ്‌മയാവഹമായ ഒരു വേലയാണ്‌ അവർ നിർവഹിച്ചിരിക്കുന്നത്‌! ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലൂടെയുള്ള പരിശീലനം നേടിക്കൊണ്ട്‌ സകലരും, കുട്ടികളും പ്രായംചെന്നവരും മാതാപിതാക്കളും മക്കളും, എന്തിന്‌ ശാരീരിക ദൗർബല്യങ്ങൾ ഉള്ളവർപോലും യേശു നൽകിയ മഹത്തായ നിയോഗം നിറവേറ്റിയിരിക്കുന്നു; അതിൽ തുടരുകയും ചെയ്യുന്നു. (സങ്കീർത്തനം 148:⁠12, 13; യോവേൽ 2:⁠28, 29) 2003-ൽ, ഓരോ മാസവും ശരാശരി 8,25,185 പേർ താത്‌കാലികമായോ നിരന്തരമായോ പയനിയർ സേവനത്തിൽ പങ്കെടുത്തുകൊണ്ട്‌ തങ്ങളുടെ അടിയന്തിരതാബോധം പ്രകടമാക്കി. അതേവർഷംതന്നെ, രാജ്യത്തിന്റെ സുവാർത്ത മറ്റുള്ളവരോടു പറയാൻ യഹോവയുടെ സാക്ഷികൾ 123,47,96,477 മണിക്കൂർ ചെലവഴിക്കുകയുണ്ടായി. തന്റെ ജനത്തിന്റെ തീക്ഷ്‌ണതയിൽ യഹോവ തീർച്ചയായും സംപ്രീതനാണ്‌.

വിദേശ വയലുകളിൽ

11, 12. ഏതു ദൃഷ്ടാന്തങ്ങൾ മിഷനറിമാരുടെ വിശിഷ്ടമായ പ്രവർത്തന രേഖയെ വെളിപ്പെടുത്തുന്നു?

11 വർഷങ്ങളായി ഗിലെയാദ്‌ ബിരുദധാരികളും, കുറെക്കൂടെ അടുത്തകാലത്ത്‌ ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികളും പ്രവർത്തനത്തിന്റെ മഹത്തായ ഒരു രേഖ ഉണ്ടാക്കിയിരിക്കുന്നു. ഉദാഹരണത്തിന്‌, 1945-ൽ ആദ്യ മിഷനറിമാർ ബ്രസീലിൽ എത്തിച്ചേർന്നപ്പോൾ അവിടെ 400-ൽ താഴെ പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. ഈ മിഷനറിമാരും പിന്നീടു ചെന്നവരും ബ്രസീലിലെ തങ്ങളുടെ തീക്ഷ്‌ണരായ സഹോദരങ്ങളോടൊപ്പം അശ്രാന്തം വേല ചെയ്‌തതിന്റെ ഫലമായി യഹോവ അവരുടെ ശ്രമങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ആ ആദ്യകാല ദിനങ്ങൾ ഓർമിക്കുന്ന ഏതൊരാൾക്കും 2003-ലെ 6,07,362 എന്ന അത്യുച്ചം കാണുന്നത്‌ എത്ര ആവേശകരം ആയിരിക്കും!

12 ജപ്പാന്റെ കാര്യമെടുക്കുക. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്‌ അവിടെ നൂറോളം പ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. യുദ്ധകാലത്തെ കൊടിയ പീഡനം അവരുടെ അംഗസംഖ്യ കുറച്ചുകളഞ്ഞു. തന്നിമിത്തം, യുദ്ധം അവസാനിച്ചപ്പോൾ ഏതാനും സാക്ഷികൾ മാത്രമാണ്‌ ആത്മീയമായും അക്ഷരീയമായും ജീവനോടെ ഉണ്ടായിരുന്നത്‌. (സദൃശവാക്യങ്ങൾ 14:⁠32) അസാധാരണമാംവിധം നിർമലത പാലിച്ച അവർ 1949-ൽ ആദ്യത്തെ 13 ഗിലെയാദ്‌ മിഷനറിമാരെ സ്വാഗതം ചെയ്യാൻ തീർച്ചയായും സന്തോഷമുള്ളവർ ആയിരുന്നു. തീക്ഷ്‌ണമതികളും അതിഥിപ്രിയരുമായ ജാപ്പനീസ്‌ സഹോദരങ്ങളുമായി മിഷനറിമാർ പെട്ടെന്നുതന്നെ ഇഴുകിച്ചേർന്നു. 50-ലധികം വർഷത്തിനു ശേഷം, 2003-ൽ 2,17,508 പ്രസാധകരുടെ അത്യുച്ചം ജപ്പാൻ റിപ്പോർട്ടു ചെയ്‌തു! തീർച്ചയായും ആ ദേശത്തെ തന്റെ ജനത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. മറ്റനേകം രാജ്യങ്ങളിൽനിന്ന്‌ സമാനമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്‌. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്നവർ സുവാർത്തയുടെ വ്യാപനത്തിൽ നിർണായകമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. തത്‌ഫലമായി, 2003-ൽ ലോകവ്യാപകമായി 235 രാജ്യങ്ങളിലും ദ്വീപുകളിലും പ്രദേശങ്ങളിലും അതു ഘോഷിക്കപ്പെട്ടു. അതേ, മഹാപുരുഷാരം “സകല രാഷ്‌ട്രങ്ങളിലും” [NW] നിന്ന്‌ പുറത്തുവരുകയാണ്‌.

“സകല . . . ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന്‌”

13, 14. ‘സകല ഭാഷകളിലും’ സുവാർത്ത പ്രസംഗിക്കുന്നതിന്റെ മൂല്യം യഹോവ പ്രകടമാക്കിയത്‌ എങ്ങനെ?

13 പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായ ശേഷം അവർ ചെയ്‌തതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്ന ആദ്യ അത്ഭുതം, കൂടിവന്ന ജനക്കൂട്ടത്തോട്‌ അന്യഭാഷകളിൽ സംസാരിച്ചതാണ്‌. അവരുടെ ശ്രോതാക്കൾ എല്ലാവരുംതന്നെ ഒരു അന്താരാഷ്‌ട്ര ഭാഷ, ഒരുപക്ഷേ ഗ്രീക്ക്‌ സംസാരിച്ചിരുന്നിരിക്കാം. “ഭക്തിയുള്ള പുരുഷന്മാർ” ആയിരുന്ന സ്ഥിതിക്ക്‌, സാധ്യതയനുസരിച്ച്‌ അവർക്ക്‌ ആലയത്തിൽ എബ്രായ ഭാഷയിൽ നടത്തപ്പെട്ടിരുന്ന ശുശ്രൂഷ മനസ്സിലാക്കാനും കഴിഞ്ഞിരുന്നിരിക്കണം. എന്നാൽ തങ്ങൾ കുഞ്ഞുന്നാൾ മുതൽ കേട്ടുവളർന്ന സ്വന്തം ഭാഷയിൽ സുവാർത്ത കേട്ടപ്പോൾ അത്‌ അവരുടെ ശ്രദ്ധ പിടിച്ചുപറ്റി.​—⁠പ്രവൃത്തികൾ 2:⁠5, 7-12.

14 ഇന്നും പ്രസംഗവേലയിൽ അനവധി ഭാഷകൾ ഉപയോഗിക്കപ്പെടുന്നു. പ്രവചനം പറയുന്നപ്രകാരം മഹാപുരുഷാരം വന്നുചേരുന്നത്‌ രാഷ്‌ട്രങ്ങളിൽനിന്നു മാത്രമല്ല, പിന്നെയോ “ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു”മാണ്‌. ഇതിനോടുള്ള ചേർച്ചയിൽ, യഹോവ സെഖര്യാവ്‌ മുഖാന്തരം ഇങ്ങനെ പ്രവചിച്ചു: “ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്‌ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (സെഖര്യാവു 8:⁠23) യഹോവയുടെ സാക്ഷികൾക്ക്‌ ഇന്നു ഭാഷാവരം ഇല്ലെങ്കിലും ആളുകളെ അവരുടെ ഭാഷയിൽ പഠിപ്പിക്കേണ്ടതിന്റെ മൂല്യം അവർക്കു നല്ലവണ്ണം അറിയാം.

15, 16. മിഷനറിമാരും മറ്റുള്ളവരും പ്രാദേശിക ഭാഷകളിൽ പ്രസംഗിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്‌ എങ്ങനെ?

15 ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, സ്‌പാനീഷ്‌ എന്നിങ്ങനെ വ്യാപകമായി ഉപയോഗിക്കുന്ന ഏതാനും ചില ഭാഷകൾ ഇന്നുണ്ട്‌ എന്നതു ശരിതന്നെ. എന്നിരുന്നാലും, മറ്റുരാജ്യങ്ങളിൽ സേവിക്കാനായി സ്വദേശം വിട്ട്‌ പോയിരിക്കുന്നവർ, “നിത്യജീവനു യോജിച്ച പ്രകൃതമുള്ള” വ്യക്തികൾക്കു സുവാർത്ത എളുപ്പം മനസ്സിലാക്കാൻ കഴിയേണ്ടതിന്‌ പ്രാദേശിക ഭാഷ പഠിക്കാൻ പരിശ്രമിക്കുന്നു. (പ്രവൃത്തികൾ 13:⁠48, NW) അതത്ര എളുപ്പമല്ല. ദക്ഷിണ പസിഫിക്‌ രാഷ്‌ട്രമായ ടുവാലുവിലുള്ള സഹോദരങ്ങൾക്ക്‌ തങ്ങളുടെ സ്വന്തം ഭാഷയിൽ സാഹിത്യം ആവശ്യമായി വന്നപ്പോൾ മിഷനറിമാരിൽ ഒരാൾ ആ വെല്ലുവിളി ഏറ്റെടുത്തു. ഒരു നിഘണ്ടു പോലും ലഭ്യമല്ലായിരുന്നതിനാൽ അദ്ദേഹം ടുവാലുവൻ ഭാഷയിൽ ഒരു ശബ്ദാവലി നിർമിക്കാൻ തുടങ്ങി. ഒടുവിൽ, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും * എന്ന പുസ്‌തകം ടുവാലുവൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മിഷനറിമാർ കുറെസോയിൽ എത്തിച്ചേർന്നപ്പോൾ പ്രാദേശിക ഭാഷയായ പാപ്പിയമെന്റോയിൽ ബൈബിൾ സാഹിത്യമോ നിഘണ്ടുവോ ഉണ്ടായിരുന്നില്ല. ആ ഭാഷ എങ്ങനെയാണ്‌ എഴുതേണ്ടത്‌ എന്നതിനെ കുറിച്ചു വളരെ തർക്കങ്ങളും നിലനിന്നിരുന്നു. എന്നുവരികിലും, ആദ്യ മിഷനറിമാർ എത്തി രണ്ടു വർഷത്തിനകം, ആ ഭാഷയിലുള്ള ആദ്യത്തെ ക്രിസ്‌തീയ ബൈബിൾ ലഘുലേഖ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന്‌, ഇംഗ്ലീഷിനോടൊപ്പംതന്നെ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കപ്പെടുന്ന 133 ഭാഷകളിൽ ഒന്നാണ്‌ പാപ്പിയമെന്റോ.

16 നമീബിയയിൽ ആദ്യം ചെന്ന മിഷനറിമാർക്ക്‌ പരിഭാഷചെയ്‌ത്‌ തങ്ങളെ സഹായിക്കാൻ ഒരു പ്രാദേശിക സാക്ഷിയെപ്പോലും കണ്ടെത്താനായില്ല. മാത്രവുമല്ല, “പൂർണത” പോലുള്ള സാധാരണ ആശയങ്ങൾ ദ്യോതിപ്പിക്കാൻപോലും ഒരു പ്രാദേശിക ഭാഷയായ നമയിൽ പദങ്ങൾ ഇല്ലായിരുന്നു. ഒരു മിഷനറി ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “പരിഭാഷയ്‌ക്ക്‌ ഞാൻ പ്രധാനമായും ബൈബിൾ പഠിച്ചുകൊണ്ടിരുന്ന സ്‌കൂൾ അധ്യാപകരെയാണ്‌ ഉപയോഗിച്ചത്‌. സത്യം സംബന്ധിച്ച്‌ അവർക്കു വലിയ അറിവൊന്നും ഇല്ലാതിരുന്നതുകൊണ്ട്‌, ഓരോ വാക്യത്തിന്റെയും കൃത്യത ഉറപ്പുവരുത്താനായി ഞാൻ അവരോടൊപ്പം ഇരിക്കേണ്ടതുണ്ടായിരുന്നു.” എന്നിരുന്നാലും, പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ഒടുവിൽ നാലു നമീബിയൻ ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ടു. ഇന്ന്‌, ക്വാന്യാമ, ഇൻഡോംഗ ഭാഷകളിൽ വീക്ഷാഗോപുരം ക്രമമായി പ്രസിദ്ധീകരിക്കപ്പെടുന്നു.

17, 18. മെക്‌സിക്കോയിലും മറ്റു രാജ്യങ്ങളിലും ഏതു വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്‌തുവരുന്നു?

17 മെക്‌സിക്കോയിൽ മുഖ്യഭാഷ സ്‌പാനീഷ്‌ ആണ്‌. എന്നിരുന്നാലും, സ്‌പെയിൻകാർ എത്തുന്നതിനുമുമ്പ്‌ അവിടെ നിരവധി ഭാഷകൾ സംസാരിച്ചിരുന്നു, അവയിൽ പലതും ഇന്നും ഉപയോഗത്തിലുണ്ട്‌. അതിനാൽ യഹോവയുടെ സാക്ഷികളുടെ സാഹിത്യം ഏഴ്‌ മെക്‌സിക്കൻ ഭാഷകളിലും മെക്‌സിക്കൻ ആംഗ്യഭാഷയിലും പ്രസിദ്ധീകരിച്ചുവരുന്നു. ഏതെങ്കിലും ഒരു അമരിന്ത്യൻ ഭാഷയിൽ ആദ്യം പുറത്തുവന്ന ആനുകാലിക പ്രസിദ്ധീകരണം മായാ ഭാഷയിലുള്ള രാജ്യ ശുശ്രൂഷ ആണ്‌. മെക്‌സിക്കോയിലെ 5,72,530 രാജ്യ പ്രസാധകരിൽ ആയിരക്കണക്കിന്‌ മായാ, ആസ്റ്റെക്ക്‌ വംശജരും മറ്റുള്ളവരും ഉൾപ്പെടുന്നു.

18 അടുത്ത കാലത്ത്‌, ദശലക്ഷക്കണക്കിന്‌ ആളുകൾ അഭയാർഥികളായി മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യുകയോ സാമ്പത്തിക കാരണങ്ങളാൽ കുടിയേറിപ്പാർക്കുകയോ ചെയ്‌തിട്ടുണ്ട്‌. തത്‌ഫലമായി, നിരവധി രാജ്യങ്ങളിൽ ചരിത്രത്തിൽ ആദ്യമായി സാമാന്യം വലിയ വിദേശഭാഷാ വയലുകൾ രൂപംപ്രാപിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികൾ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. ഉദാഹരണത്തിന്‌, ഇറ്റലിയിൽ ഇറ്റാലിയൻ ഭാഷയ്‌ക്കു പുറമേ 22 ഭാഷകളിൽ കൂടി സഭകളും കൂട്ടങ്ങളുമുണ്ട്‌. മറ്റു ഭാഷകൾ സംസാരിക്കുന്ന ആളുകളോടു പ്രസംഗിക്കുന്നതിന്‌ സഹോദരങ്ങളെ സഹായിക്കാൻ, ഇറ്റാലിയൻ ആംഗ്യഭാഷ ഉൾപ്പെടെ 16 ഭാഷകൾ പഠിപ്പിക്കുന്ന ക്ലാസ്സുകൾ അടുത്തയിടെ സംഘടിപ്പിക്കുകയുണ്ടായി. മറ്റനേകം രാജ്യങ്ങളിൽ, കുടിയേറിപ്പാർക്കുന്ന ജനതതികളുടെ അടുക്കൽ സുവാർത്ത എത്തിക്കാനായി യഹോവയുടെ സാക്ഷികൾ സമാനമായ ശ്രമങ്ങൾ നടത്തിവരുന്നു. അതേ, യഹോവയുടെ സഹായത്താൽ കൂടുതൽക്കൂടുതൽ ഭാഷാ കൂട്ടങ്ങളിൽനിന്നു മഹാപുരുഷാരം വന്നുചേരുകയാണ്‌.

“സർവ്വഭൂമിയിലും”

19, 20. പൗലൊസിന്റെ ഏതു വാക്കുകൾ ഇന്നു ശ്രദ്ധേയമായ വിധത്തിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു? വിശദീകരിക്കുക.

19 ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: ‘അവരുടെ നാദം സർവ്വഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അററത്തോളവും പരന്നു.’” (റോമർ 10:⁠18) അത്‌ ഒന്നാം നൂറ്റാണ്ടിൽ സത്യമായിരുന്നെങ്കിൽ നമ്മുടെ നാളിൽ എത്രയധികം! ദശലക്ഷങ്ങൾ, ഒരുപക്ഷേ എക്കാലത്തെക്കാളും അധികം ആളുകൾ, “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്‌ത്തും; അവന്റെ സ്‌തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും” എന്നു പറയുകയാണ്‌.​—⁠സങ്കീർത്തനം 34:⁠1.

20 മാത്രമല്ല, വേലയ്‌ക്കു യാതൊരു മന്ദീഭാവവും നേരിടുന്നില്ല. രാജ്യഘോഷകരുടെ എണ്ണം അനുസ്യൂതം വർധിക്കുകയാണ്‌. പ്രസംഗവേലയിൽ അധികമധികം സമയം ചെലവഴിക്കപ്പെടുന്നു. ദശലക്ഷക്കണക്കിന്‌ മടക്കസന്ദർശനങ്ങളും ലക്ഷക്കണക്കിനു ബൈബിളധ്യയനങ്ങളും നടത്തപ്പെടുന്നു. പുതിയ താത്‌പര്യക്കാരുടെ പ്രവാഹം നിലയ്‌ക്കുന്നുമില്ല! കഴിഞ്ഞ വർഷം, യേശുവിന്റെ മരണത്തിന്റെ സ്‌മാരകത്തിനു ഹാജരായവരുടെ എണ്ണം 1,60,97,622 എന്ന പുതിയ അത്യുച്ചത്തിലെത്തി. വ്യക്തമായും, ഇനിയും വളരെയധികം വേല ചെയ്യാനുണ്ട്‌. ഘോരമായ പീഡനത്തിന്മധ്യേ സഹിച്ചുനിന്ന നമ്മുടെ സഹോദരങ്ങളുടെ ദൃഢവിശ്വസ്‌തത അനുകരിക്കുന്നതിൽ നമുക്കു തുടരാം. 1919 മുതൽ ഇങ്ങോട്ട്‌ യഹോവയുടെ സേവനത്തിനായി തങ്ങളെത്തന്നെ ഉഴിഞ്ഞുവെച്ചിട്ടുള്ള നമ്മുടെ സഹോദരങ്ങളുടെ തീക്ഷ്‌ണത നമുക്കു പ്രകടമാക്കാം. “ജീവനുള്ളതൊക്കെയും യഹോവയെ സ്‌തുതിക്കട്ടെ; യഹോവയെ സ്‌തുതിപ്പിൻ” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകളോടു പ്രതികരിക്കുന്നതിൽ ഏവരും തുടരട്ടെ.​—⁠സങ്കീർത്തനം 150:⁠6.

[അടിക്കുറിപ്പുകൾ]

^ ഖ. 7 ഈ മാസികയുടെ 18 മുതൽ 21 വരെ പേജുകളിലെ വാർഷിക റിപ്പോർട്ട്‌ കാണുക.

^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• സഹോദരങ്ങൾ 1919 മുതൽ ഏതു വേല ഏറ്റെടുത്തു, അത്‌ ഒരു വെല്ലുവിളി ആയിരുന്നത്‌ എന്തുകൊണ്ട്‌?

• പ്രസംഗവേലയെ പിന്തുണയ്‌ക്കാനായി ആർ കൂട്ടിച്ചേർക്കപ്പെട്ടു?

• വിദേശ രാജ്യങ്ങളിൽ സേവിക്കുന്ന മിഷനറിമാരും മറ്റുള്ളവരും പ്രവർത്തനത്തിന്റെ എന്തു രേഖ ഉണ്ടാക്കിയിരിക്കുന്നു?

• യഹോവ തന്റെ ജനത്തിന്റെ വേലയെ അനുഗ്രഹിക്കുന്നു എന്നു വ്യക്തമാക്കുന്ന ഏതു തെളിവുകൾ നിങ്ങൾക്കു നൽകാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[18-21 പേജുകളിലെ ചാർട്ട്‌]

2003 സേവനവർഷത്തിലെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകറിപ്പോർട്ട്‌

(അച്ചടിച്ച മാസിക കാണുക)

[14, 15 പേജുകളിലെ ചിത്രങ്ങൾ]

രണ്ടാം ലോകമഹായുദ്ധം നിമിത്തമുണ്ടായ അവ്യവസ്ഥ, പ്രസംഗവേല നിർവഹിക്കപ്പെടുമോ എന്നതു സംബന്ധിച്ച്‌ ക്രിസ്‌ത്യാനികളുടെ മനസ്സിൽ തെല്ലും സംശയമുയർത്തിയില്ല

[കടപ്പാട്‌]

സ്‌ഫോടനം: U.S. Navy photo; മറ്റുള്ളവ: U.S. Coast Guard photo

[16, 17 പേജുകളിലെ ചിത്രങ്ങൾ]

മഹാപുരുഷാരം സകല ഗോത്രങ്ങളിലും ഭാഷകളിലുംനിന്ന്‌ വന്നെത്തുമായിരുന്നു