വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉല്‌പത്തി പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠1

ഉല്‌പത്തി പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠1

യഹോവയുടെ വചനം ജീവനുള്ളത്‌

ഉല്‌പത്തി പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠1

“ഉല്‌പത്തി” എന്നതിന്റെ അർഥം “ഉത്ഭവം” അല്ലെങ്കിൽ “ജനനം” എന്നാണ്‌. ആ പേര്‌ ഈ പുസ്‌തകത്തിന്‌ എന്തുകൊണ്ടും യോജിച്ചതാണ്‌, കാരണം, പ്രപഞ്ചം അസ്‌തിത്വത്തിൽ വന്നതിനെയും ഭൂമിയെ മനുഷ്യവാസത്തിനായി ഒരുക്കിയതിനെയും മനുഷ്യൻ അതിൽ വസിക്കാനിടയായതിനെയും കുറിച്ച്‌ അതു വിവരിക്കുന്നു. സീനായി മരുഭൂമിയിൽവെച്ച്‌ മോശെ എഴുതിയ ഈ പുസ്‌തകം പൊ.യു.മു. 1513-ൽ ആയിരിക്കാം പൂർത്തിയായത്‌.

ജലപ്രളയത്തിനു മുമ്പുള്ള ലോകത്തെ കുറിച്ചും പ്രളയാനന്തര യുഗം തുടങ്ങിയപ്പോൾ എന്തു സംഭവിച്ചെന്നും യഹോവ അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും യോസേഫിനോടും ഇടപെട്ടത്‌ എങ്ങനെയെന്നും ഉല്‌പത്തി പുസ്‌തകം നമ്മോടു പറയുന്നു. ഈ ലേഖനത്തിൽ, യഹോവ ഗോത്രപിതാവായ അബ്രഹാമിനോട്‌ ഇടപെട്ടു തുടങ്ങിയ സമയം വരെയുള്ള ഉല്‌പത്തി 1:⁠1–11:⁠9 ഭാഗങ്ങളിലെ വിശേഷാശയങ്ങളാണ്‌ ഉള്ളത്‌.

ജലപ്രളയത്തിനു മുമ്പുള്ള ലോകം

(ഉല്‌പത്തി 1:⁠1-7:⁠24)

ഉല്‌പത്തി പുസ്‌തകം തുടങ്ങുന്നത്‌ “ആദിയിൽ” എന്ന വാക്കോടെയാണ്‌. ഈ പ്രയോഗം ശതകോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പുള്ള ചരിത്രാതീത കാലത്തേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. ആറു സൃഷ്ടിപ്പിൻ “ദിവസങ്ങ”ളിലെ അതായത്‌, പ്രത്യേക സൃഷ്ടിപ്പിൻ കാലഘട്ടങ്ങളിലെ സംഭവങ്ങൾ, ഭൂമിയിൽ ഒരു മനുഷ്യൻ ഉണ്ടായിരുന്നെങ്കിൽ അയാളുടെ കൺമുമ്പിൽ എങ്ങനെ പ്രത്യക്ഷപ്പെടുമായിരുന്നോ ആ വിധത്തിലാണു വിവരിച്ചിരിക്കുന്നത്‌. ആറാം ദിവസത്തിന്റെ അവസാനത്തോടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യന്റെ അനുസരണക്കേടു നിമിത്തം പറുദീസ പെട്ടെന്നുതന്നെ നഷ്ടമാകുന്നെങ്കിലും യഹോവ പ്രത്യാശ പകരുന്നു. ബൈബിളിലെ ആദ്യത്തെ പ്രവചനം, പാപത്തിന്റെ ഫലങ്ങളെ ഇല്ലാതാക്കുന്നതും സാത്താന്റെ തല തകർക്കുന്നതുമായ ഒരു “സന്തതി”യെ കുറിച്ചു സംസാരിക്കുന്നു.

തുടർന്നുവന്ന 16 നൂറ്റാണ്ടുകളിൽ, ഹാബെൽ, ഹാനോക്ക്‌, നോഹ തുടങ്ങിയ ഏതാനും പേരെ ഒഴികെ എല്ലാ മനുഷ്യരെയും ദൈവത്തിൽനിന്ന്‌ അകറ്റുന്നതിൽ സാത്താൻ വിജയിക്കുന്നു. ഉദാഹരണത്തിന്‌, കയീൻ നീതിമാനായ തന്റെ സഹോദരൻ ഹാബെലിനെ കൊല്ലുന്നു. ആ കാലത്ത്‌ മനുഷ്യർ അനാദരവോടെ “യഹോവയുടെ നാമം വിളിക്കാൻ തുടങ്ങി”യതായി (NW) കാണപ്പെടുന്നു. അന്നു നിലവിലിരുന്ന അക്രമ മനോഭാവം പ്രതിഫലിപ്പിച്ചുകൊണ്ട്‌, താൻ ഒരു യുവാവിനെ കൊന്നതിനെ കുറിച്ചു ലാമെക്‌ ഒരു കവിത രചിക്കുന്നു. ആത്മരക്ഷാർഥമാണ്‌ താൻ ആ കൃത്യം ചെയ്‌തതെന്ന്‌ അവൻ അവകാശപ്പെടുന്നു. ദൈവത്തിന്റെ അനുസരണംകെട്ട ദൂതപുത്രന്മാർ സ്‌ത്രീകളെ ഭാര്യമാരാക്കി നെഫിലീം എന്നു വിളിക്കപ്പെടുന്ന അക്രമോത്സുകരായ മല്ലന്മാർക്കു ജന്മം നൽകുമ്പോൾ ഭൂമിയിലെ അവസ്ഥകൾ കൂടുതൽ വഷളാകുന്നു. എങ്കിലും, വിശ്വസ്‌തനായ നോഹ പെട്ടകം പണിയുകയും വരാൻപോകുന്ന പ്രളയത്തെ കുറിച്ചു മറ്റുള്ളവർക്കു ധൈര്യസമേതം മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. ഒടുവിൽ അവനും കുടുംബവും നാശത്തെ അതിജീവിക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:⁠16—⁠നാലാം ദിവസംവരെ പ്രകാശഗോളങ്ങൾ ഉണ്ടാക്കപ്പെട്ടിരുന്നില്ല എങ്കിൽ, ഒന്നാം ദിവസം എങ്ങനെയാണ്‌ ദൈവത്തിന്‌ പ്രകാശം ഉളവാക്കാൻ കഴിഞ്ഞത്‌? 16-ാം വാക്യത്തിൽ “ഉണ്ടാക്കി” എന്നും ഉല്‌പത്തി 1-ാം അധ്യായത്തിന്റെ 1, 21, 27 വാക്യങ്ങളിൽ “സൃഷ്ടിച്ചു” എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദങ്ങൾ വ്യത്യസ്‌തമാണ്‌. ഒന്നാം ദിവസം തുടങ്ങിയതിനു വളരെ മുമ്പുതന്നെ പ്രകാശഗോളങ്ങൾ ഉൾപ്പെടെയുള്ള ‘ആകാശം’ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ പ്രകാശം ഭൗമോപരിതലത്തിൽ എത്തിയിരുന്നില്ല എന്നു മാത്രം. ഒന്നാം ദിവസം, “വെളിച്ചം ഉണ്ടായി.” എന്തെന്നാൽ, വികീർണ പ്രകാശം മേഘപാളികൾക്കിടയിലൂടെ അരിച്ചിറങ്ങി ഭൂമിയിൽ ദൃശ്യമായിത്തീർന്നു. ഭ്രമണം ചെയ്യുന്ന ഭൂമിക്ക്‌ അങ്ങനെ ദിനരാത്രങ്ങൾ ഉണ്ടായിത്തുടങ്ങി. (ഉല്‌പത്തി 1:⁠1-3, 5) പ്രകാശ ഉറവിടം അപ്പോഴും ഭൂമിയിൽനിന്നു ദൃശ്യമല്ലായിരുന്നു. എന്നാൽ, നാലാം സൃഷ്ടിപ്പിൻ കാലഘട്ടത്തിൽ ശ്രദ്ധേയമായ ഒരു മാറ്റം സംഭവിച്ചു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും “ഭൂമിയെ പ്രകാശി”പ്പിക്കാൻ തുടങ്ങി. (ഉല്‌പത്തി 1:⁠17) ഇപ്പോൾ ഭൂമിയിൽനിന്നു ദൃശ്യമായിത്തീർന്നു എന്ന അർഥത്തിൽ ദൈവം അവയെ “ഉണ്ടാക്കി.”

3:⁠8—⁠യഹോവയാം ദൈവം നേരിട്ട്‌ ആദാമിനോടു സംസാരിച്ചോ? ദൈവം മനുഷ്യരോടു സംസാരിച്ചപ്പോൾ അതു മിക്കപ്പോഴും ഒരു ദൂതനിലൂടെ ആയിരുന്നുവെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (ഉല്‌പത്തി 16:⁠7-11; 18:⁠1-3, 22-26; 19:⁠1; ന്യായാധിപന്മാർ 2:⁠1-4; 6:⁠11-16, 22; 13:⁠15-22) ദൈവത്തിന്റെ മുഖ്യ വക്താവ്‌, “വചനം” എന്നു വിളിക്കപ്പെടുന്ന അവന്റെ ഏകജാത പുത്രനായിരുന്നു. (യോഹന്നാൻ 1:⁠1) ആദാമിനോടും ഹവ്വായോടും ദൈവം സംസാരിച്ചത്‌ ഈ “വചന”ത്തിലൂടെ ആയിരുന്നിരിക്കാൻ നല്ല സാധ്യതയുണ്ട്‌.​—⁠ഉല്‌പത്തി 1:⁠26-28; 2:⁠16; 3:⁠8-13.

3:⁠17—⁠ഭൂമി ശപിക്കപ്പെട്ടത്‌ ഏത്‌ അർഥത്തിൽ, എത്ര കാലത്തേക്ക്‌? ഭൂമിയുടെ മേലുള്ള ശാപം, അതിൽ കൃഷി ചെയ്യുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന്‌ അർഥമാക്കി. ‘യഹോവ ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അദ്ധ്വാനം’ എന്നു നോഹയുടെ പിതാവായ ലാമെക്‌ പറയത്തക്കവിധം ആദാമിന്റെ സന്തതികൾക്ക്‌ മുള്ളും പറക്കാരയും നിറഞ്ഞ, ശപിക്കപ്പെട്ട ഭൂമിയുടെ ഫലം അത്ര കഠിനമായി അനുഭവപ്പെട്ടു. (ഉല്‌പത്തി 5:⁠29) പ്രളയത്തിനുശേഷം, മനുഷ്യ സന്താനങ്ങളെക്കൊണ്ടു ഭൂമി നിറയ്‌ക്കാനുള്ള തന്റെ ഉദ്ദേശ്യം പ്രസ്‌താവിച്ചുകൊണ്ട്‌ യഹോവ നോഹയെയും അവന്റെ കുടുംബത്തെയും അനുഗ്രഹിച്ചു. (ഉല്‌പത്തി 9:⁠1) ഭൂമിമേലുള്ള ദൈവത്തിന്റെ ശാപം അപ്പോൾ നീക്കംചെയ്യപ്പെട്ടതായി കാണപ്പെടുന്നു.—⁠ഉല്‌പത്തി 13:⁠10.

4:⁠15—⁠യഹോവ ‘കയീന്‌ ഒരു അടയാളം വെച്ചത്‌’ എങ്ങനെ? കയീന്റെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു അടയാളം പതിച്ചതായി ബൈബിൾ പറയുന്നില്ല. പ്രതികാരമായി ആരും കയീനെ കൊല്ലാതിരിക്കുന്നതിന്‌ എല്ലാവർക്കും അറിയാമായിരുന്നതും എല്ലാവരും അനുസരിക്കേണ്ടിയിരുന്നതുമായ ഒരു ദിവ്യ കൽപ്പന ആയിരുന്നിരിക്കണം ആ അടയാളം.

4:⁠17—⁠കയീന്‌ ഭാര്യയെ കിട്ടിയത്‌ എവിടെനിന്ന്‌? “ആദാം . . . പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.” (ഉല്‌പത്തി 5:⁠4) അതുകൊണ്ട്‌, തന്റെ സഹോദരിമാരിൽ ഒരാളെയോ ഒരുപക്ഷേ സഹോദരന്റെയോ സഹോദരിയുടെയോ പെൺമക്കളിൽ ആരെയെങ്കിലുമോ ആയിരിക്കാം കയീൻ ഭാര്യയായി സ്വീകരിച്ചത്‌. പിൽക്കാലത്ത്‌, ഇസ്രായേല്യർക്ക്‌ ദൈവം നൽകിയ ന്യായപ്രമാണം ജഡിക സഹോദരീസഹോദരന്മാർ തമ്മിൽ വിവാഹിതരാകുന്നതിനെ വിലക്കി.​—⁠ലേവ്യപുസ്‌തകം 18:⁠9.

5:⁠24—⁠ദൈവം ഹാനോക്കിനെ ‘എടുത്തത്‌’ ഏതു വിധത്തിൽ? ഹാനോക്കിന്റെ ജീവൻ വ്യക്തമായും അപകടത്തിലായിരുന്നു. എങ്കിലും ശത്രുക്കൾ അവനെ കഷ്ടപ്പെടുത്താൻ ദൈവം അനുവദിച്ചില്ല. “ഹനോക്‌ മരണം കാണാതെ എടുക്കപ്പെട്ടു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (എബ്രായർ 11:⁠5) അവൻ സ്വർഗത്തിലേക്ക്‌ എടുക്കപ്പെട്ടെന്നും പിന്നീട്‌ അവൻ അവിടെ ആയിരുന്നെന്നും ഇത്‌ അർഥമാക്കുന്നില്ല. സ്വർഗത്തിലേക്ക്‌ ആദ്യമായി ആരോഹണം ചെയ്‌തത്‌ യേശുവായിരുന്നു. (യോഹന്നാൻ 3:⁠13; എബ്രായർ 6:⁠19, 20) ഹാനോക്‌ “മരണം കാണാതെ എടുക്കപ്പെട്ടു” എന്നു പറയുമ്പോൾ അതിനർഥം അവൻ ഒരു പ്രാവചനിക ദർശനത്തിൽ ലയിക്കാൻ ദൈവം ഇടയാക്കിയിരിക്കാമെന്നും ആ അവസ്ഥയിൽ അവന്റെ ജീവൻ എടുത്തിരിക്കാമെന്നും ആയിരിക്കാം. അങ്ങനെയുള്ള അവസ്ഥയിൽ, ഹാനോക്‌ ശത്രുക്കളുടെ കൈയാൽ കഷ്ടമനുഭവിക്കുയോ ‘മരണം കാണുകയോ’ ചെയ്‌തില്ല.

6:⁠6—⁠മനുഷ്യനെ ഉണ്ടാക്കിയതു നിമിത്തം യഹോവ “അനുതപിച്ചു” എന്ന്‌ ഏത്‌ അർഥത്തിലാണ്‌ പറയാൻ കഴിയുന്നത്‌? “അനുതപിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം, മനോഭാവത്തിന്റെയോ ഉദ്ദേശ്യത്തിന്റെയോ ഒരു മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. യഹോവ പൂർണനാണ്‌, അക്കാരണത്താൽ മനുഷ്യനെ സൃഷ്ടിച്ചതിൽ അവൻ യാതൊരു പിഴവും വരുത്തിയിരുന്നില്ല. എന്നിരുന്നാലും, പ്രളയത്തിനു മുമ്പത്തെ ദുഷിച്ച തലമുറയോടുള്ള ബന്ധത്തിൽ അവന്റെ മനോഭാവത്തിനു മാറ്റമുണ്ടായി. മനുഷ്യന്റെ ദുഷ്ടത നിമിത്തം, സ്രഷ്ടാവ്‌ എന്ന നിലയിൽനിന്ന്‌ സംഹാരകൻ എന്ന നിലയിലേക്ക്‌ യഹോവ തന്റെ മനോഭാവം മാറ്റി. അവൻ ചിലരെ കാത്തുപരിപാലിച്ചുവെന്ന വസ്‌തുത, ദുഷ്ടരായിത്തീർന്നിരുന്നവരോടുള്ള ബന്ധത്തിൽ മാത്രമേ ദൈവം അനുതപിച്ചുള്ളു എന്നു തെളിയിക്കുന്നു.​—⁠2 പത്രൊസ്‌ 2:⁠5, 9.

7:⁠2—⁠എന്തിന്റെ അടിസ്ഥാനത്തിലാണ്‌ ജന്തുക്കളെ ശുദ്ധിയുള്ളവയും ഇല്ലാത്തവയുമായി വേർതിരിച്ചത്‌? ജന്തുക്കളെ വേർതിരിച്ചിരുന്നത്‌ ഭക്ഷ്യയോഗ്യമാണോ അല്ലയോ എന്നതിനോടുള്ള ബന്ധത്തിലല്ല മറിച്ച്‌, ആരാധനയിലെ യാഗാർപ്പണത്തോടു ബന്ധപ്പെട്ടായിരുന്നു. പ്രളയത്തിനു മുമ്പ്‌ മനുഷ്യൻ മാംസം ഭക്ഷിച്ചിരുന്നില്ല. മോശൈക ന്യായപ്രമാണം നിലവിൽ വന്നതോടെയാണ്‌ ഭക്ഷണപദാർഥങ്ങൾക്ക്‌ ‘ശുദ്ധം, അശുദ്ധം’ എന്ന വേർതിരിവു കൽപ്പിക്കാൻ തുടങ്ങിയത്‌. ന്യായപ്രമാണം നിറുത്തലാക്കിയപ്പോൾ അത്‌ ഇല്ലാതാകുകയും ചെയ്‌തു. (പ്രവൃത്തികൾ 10:⁠9-16; എഫെസ്യർ 2:⁠14, 15) യഹോവയ്‌ക്ക്‌ യാഗം കഴിക്കാൻ പറ്റിയത്‌ എന്താണെന്ന്‌ വ്യക്തമായും നോഹയ്‌ക്ക്‌ അറിയാമായിരുന്നു. പെട്ടകത്തിൽനിന്നു പുറത്തുവന്ന ഉടനെ നോഹ, “ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.”​—⁠ഉല്‌പത്തി 8:⁠20.

7:⁠11—⁠ആഗോള പ്രളയത്തിനിടയാക്കിയ ജലം എവിടെനിന്നാണു വന്നത്‌? രണ്ടാമത്തെ സൃഷ്ടിപ്പിൻ കാലഘട്ടത്ത്‌, അഥവാ “ദിവസം” ഭൂമിയുടെ അന്തരീക്ഷ “വിതാന”ത്തിനു രൂപംനൽകിയപ്പോൾ, ‘വിതാനത്തിൻ കീഴും വിതാനത്തിൻ മീതെയും’ വെള്ളം ഉണ്ടായിരുന്നു. (ഉല്‌പത്തി 1:⁠6, 7) ‘കീഴെ’യുള്ള ജലം അപ്പോൾത്തന്നെ ഭൂമിയിൽ ഉണ്ടായിരുന്നതാണ്‌. ‘മീതെ’യുള്ള ജലം ഭൂമിക്ക്‌ മുകളിൽ ഈർപ്പമായി നിന്നിരുന്ന “ആഴി” അഥവാ വലിയ ജലഭണ്ഡാരമായിരുന്നു. ഈ ജലമാണ്‌ നോഹയുടെ നാളിൽ മഴയായി പെയ്‌തത്‌.

നമുക്കുള്ള പാഠങ്ങൾ:

1:⁠26.ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതിനാൽ, ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്‌തി മനുഷ്യനുണ്ട്‌. നമ്മെ ഉണ്ടാക്കിയവനെ അനുകരിച്ചുകൊണ്ട്‌ നാം സ്‌നേഹം, കരുണ, ദയ, നന്മ, ക്ഷമ എന്നീ ഗുണങ്ങൾ നട്ടുവളർത്താൻ ശ്രമിക്കണം.

2:⁠22-24.വിവാഹം ദൈവത്തിന്റെ ക്രമീകരണമാണ്‌. വിവാഹബന്ധം നിത്യമായുള്ളതും പവിത്രവുമാണ്‌. ഭർത്താവാണ്‌ കുടുംബത്തിന്റെ ശിരസ്സ്‌.

3:⁠1-5, 16-23.വ്യക്തിപരമായ ജീവിതത്തിൽ യഹോവയുടെ പരമാധികാരം അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ സന്തോഷം.

3:⁠18, 19; 5:⁠5; 6:⁠7; 7:⁠23.യഹോവയുടെ വാക്കുകൾ എല്ലായ്‌പോഴും സത്യമായി ഭവിക്കുന്നു.

4:⁠3-7.ഹാബെലിന്റെ വിശ്വാസവും നീതിയും നിമിത്തം അവന്റെ യാഗത്തിൽ യഹോവ പ്രസാദിച്ചു. (എബ്രായർ 11:⁠4) അതേസമയം, കയീന്റെ പ്രവൃത്തികൾ അവനു വിശ്വാസമില്ലെന്നു തെളിയിച്ചു. അസൂയയും വിദ്വേഷവും കൊലയും ഉൾപ്പെട്ടിരുന്ന അവന്റെ പ്രവൃത്തികൾ ദുഷ്ടത നിറഞ്ഞതായിരുന്നു. (1 യോഹന്നാൻ 3:⁠12) കൂടാതെ, സാധ്യതയനുസരിച്ച്‌ ഒരു ചടങ്ങെന്ന നിലയിലാണ്‌ അവൻ യാഗം അർപ്പിച്ചത്‌, അതിനെ കുറിച്ച്‌ അവൻ കൂടുതലായൊന്നും ചിന്തിച്ചിരുന്നില്ല. യഹോവയ്‌ക്കുള്ള നമ്മുടെ സ്‌തുതിയാഗങ്ങൾ ഹൃദയത്തിൽനിന്നുള്ളത്‌ ആയിരിക്കേണ്ടതും അതോടൊപ്പം ഉചിതമായ മനോഭാവവും നടത്തയും ഉണ്ടായിരിക്കേണ്ടതും പ്രധാനമല്ലേ?

6:⁠22.പെട്ടകം പണിയാൻ അനേകം വർഷം വേണ്ടിവന്നെങ്കിലും, യഹോവ കൽപ്പിച്ചതുപോലെതന്നെ നോഹ പ്രവർത്തിച്ചു. അക്കാരണത്താൽ, നോഹയും കുടുംബവും പ്രളയസമയത്തു സംരക്ഷിക്കപ്പെട്ടു. യഹോവ തന്റെ ലിഖിത വചനത്തിലൂടെ നമ്മോടു സംസാരിക്കുകയും സംഘടനയിലൂടെ നമുക്കു മാർഗനിർദേശം നൽകുകയും ചെയ്യുന്നു. അവ കേട്ടനുസരിക്കുന്നത്‌ നമുക്കു പ്രയോജനങ്ങൾ കൈവരുത്തും.

7:⁠21-24.യഹോവ നീതിമാന്മാരെ ദുഷ്ടന്മാരോടൊപ്പം നശിപ്പിക്കുന്നില്ല.

മനുഷ്യവർഗം ഒരു നവയുഗത്തിലേക്കു പ്രവേശിക്കുന്നു

(ഉല്‌പത്തി 8:⁠1-11:⁠9)

പ്രളയത്തിനു മുമ്പുള്ള ലോകം നശിപ്പിക്കപ്പെട്ടതോടെ, മനുഷ്യവർഗം നവയുഗത്തിലേക്കു പ്രവേശിക്കുന്നു. രക്തത്തിൽനിന്ന്‌ ഒഴിഞ്ഞിരിക്കാനുള്ള കൽപ്പന സഹിതം, മാംസം ഭക്ഷിക്കാനുള്ള അനുവാദം മനുഷ്യർക്കു ലഭിക്കുന്നു. കൊലപാതകത്തിനുള്ള ശിക്ഷ മരണമായിരിക്കുമെന്നു ദൈവം പ്രഖ്യാപിക്കുകയും മറ്റൊരു പ്രളയം വരുത്തുകയില്ലെന്ന്‌ ഉറപ്പേകിക്കൊണ്ട്‌ മഴവിൽ ഉടമ്പടി സ്ഥാപിക്കുകയും ചെയ്യുന്നു. നോഹയുടെ മൂന്നു പുത്രന്മാർ മുഴു മനുഷ്യവർഗത്തിന്റെയും പിതാക്കന്മാർ ആയിത്തീരുന്നു, എന്നാൽ അവന്റെ ചെറുമകനായ നിമ്രോദ്‌ ‘യഹോവയ്‌ക്കെതിരെ ഒരു നായാട്ടുവീരൻ’ (NW) ആയിത്തീരുന്നു. ഭൂമിയിലെങ്ങും ചിതറിപ്പാർക്കുന്നതിനു പകരം, തങ്ങൾക്കായി ഒരു പേരുണ്ടാക്കുന്നതിന്‌ ബാബേൽ എന്ന നഗരവും ഒരു ഗോപുരവും പണിയാൻ മനുഷ്യർ തീരുമാനിക്കുന്നു. യഹോവ ഭാഷ കലക്കുകയും ഭൂമിയിലെമ്പാടുമായി അവരെ ചിതറിക്കുകയും ചെയ്യുന്നതോടെ അവരുടെ പദ്ധതി പൊളിയുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

8:⁠11—⁠ജലപ്രളയത്തിൽ വൃക്ഷങ്ങൾ നശിച്ചെങ്കിൽ, പ്രാവിന്‌ ഒലിവില കിട്ടിയത്‌ എവിടെനിന്നാണ്‌? രണ്ടു സാധ്യതകളുണ്ട്‌. ഒലിവുവൃക്ഷത്തിനു പൊതുവേ പ്രതികൂല അവസ്ഥകളെ അതിജീവിക്കാൻ കഴിവുള്ളതിനാൽ, പ്രളയകാലത്ത്‌ അത്‌ വെള്ളത്തിനടിയിൽ ഏതാനും മാസത്തേക്കു ജീവനോടെ നിന്നിരിക്കാം. പ്രളയജലം താണപ്പോൾ, കര കാണായ്‌വരുകയും അവിടെ ഉണ്ടായിരുന്ന ഒരു ഒലിവുവൃക്ഷം തളിരിടുകയും ചെയ്‌തിരിക്കാം. അല്ലെങ്കിൽ, പ്രാവ്‌ നോഹയുടെ അടുക്കൽ കൊണ്ടുവന്ന ഒലിവില, പ്രളയജലം താണശേഷം പൊട്ടിവളർന്ന ഒരു മുളയിൽനിന്നുള്ളത്‌ ആയിരുന്നിരിക്കാം.

9:⁠20-25—⁠നോഹ കനാനെ ശപിച്ചത്‌ എന്തുകൊണ്ട്‌? കനാൻ തന്റെ വല്യപ്പനായ നോഹയോട്‌ ലൈംഗിക വികടത്തം പ്രവർത്തിച്ചിരിക്കാനാണു സാധ്യത. കനാന്റെ പിതാവായ ഹാം ഇതു കണ്ടെങ്കിലും, ആ പ്രവൃത്തി തടയാൻ ശ്രമിക്കാതെ അതു പറഞ്ഞുപരത്തിയെന്നു തോന്നുന്നു. എങ്കിലും, നോഹയുടെ രണ്ടു പുത്രന്മാരായ ശേമും യാഫെത്തും അവരുടെ പിതാവിന്റെ നഗ്നത മറച്ചു. ഇക്കാരണത്താൽ അവർ അനുഗ്രഹിക്കപ്പെട്ടു, അതേസമയം, കനാൻ ശപിക്കപ്പെട്ടു, തന്റെ മകനുണ്ടായ നാണക്കേട്‌ ഹാമിനെയും ബാധിച്ചു.

10:⁠25—⁠പേലെഗിന്റെ നാളിൽ ഭൂവാസികൾ ‘പിരിഞ്ഞുപോയത്‌’ ഏതു വിധത്തിൽ? പൊ.യു.മു. 2269 മുതൽ 2030 വരെയാണ്‌ പേലെഗ്‌ ജീവിച്ചിരുന്നത്‌. “അവന്റെ കാല”ത്താണ്‌ ബാബേൽ നിർമാതാക്കളുടെ ഭാഷ കലക്കുകയും അവരെ ഭൂതലത്തിലെങ്ങും ചിതറിക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവ വലിയൊരു വിഭജനത്തിന്‌ ഇടയാക്കിയത്‌. (ഉല്‌പത്തി 11:⁠9) അങ്ങനെയാണ്‌ പേലെഗിന്റെ കാലത്ത്‌ ‘ഭൂവാസികൾ പിരിഞ്ഞുപോയത്‌.’

നമുക്കുള്ള പാഠങ്ങൾ:

9:⁠1; 11:⁠9.മനുഷ്യരുടെ യാതൊരു പദ്ധതിക്കും ശ്രമത്തിനും യഹോവയുടെ ഉദ്ദേശ്യത്തെ തകിടംമറിക്കാനാവില്ല.

10:⁠1-32.പ്രളയത്തെ കുറിച്ചുള്ള വിവരണത്തിന്‌ മുമ്പും പിമ്പുമുള്ള വംശാവലി രേഖകൾ, അതായത്‌ 5-ഉം 10-ഉം അധ്യായങ്ങൾ, മുഴു മനുഷ്യവർഗത്തെയും നോഹയുടെ മൂന്നു പുത്രന്മാരിലൂടെ ആദ്യമനുഷ്യനായ ആദാമുമായി ബന്ധിപ്പിക്കുന്നു. അസ്സീറിയക്കാർ, കൽദയർ, എബ്രായർ, സിറിയക്കാർ, ചില അറേബ്യൻ ഗോത്രങ്ങൾ എന്നിവർ ശേമിന്റെ വംശജരാണ്‌. എത്യോപ്യക്കാർ, ഈജിപ്‌തുകാർ, കനാന്യർ, ആഫ്രിക്കയിലെയും അറേബ്യയിലെയും ചില ഗോത്രങ്ങൾ എന്നിവർ ഹാമിന്റെ വംശജരാണ്‌. ഇൻഡോ-യൂറോപ്യന്മാർ യാഫെത്തിന്റെ വംശജരാണ്‌. എല്ലാ മനുഷ്യരും പരസ്‌പരം ബന്ധപ്പെട്ടവരാണ്‌, ദൈവമുമ്പാകെ സകലരും തുല്യരായാണു ജനിക്കുന്നത്‌. (പ്രവൃത്തികൾ 17:⁠26) നാം മറ്റുള്ളവരെ വീക്ഷിക്കുകയും അവരോടു പെരുമാറുകയും ചെയ്യുന്ന വിധത്തെ ഈ സത്യം സ്വാധീനിക്കണം.

ദൈവവചനത്തിന്‌ ശക്തി ചെലുത്താനാകും

മനുഷ്യവർഗത്തിന്റെ ആദ്യകാല ചരിത്രം സംബന്ധിച്ചുള്ള കൃത്യമായ ഏക വിവരണമാണ്‌ ഉല്‌പത്തി പുസ്‌തകത്തിന്റെ ആദ്യ ഭാഗത്തുള്ളത്‌. ഭൂമിയിൽ മനുഷ്യനെ ആക്കിവെച്ചതിലുള്ള ദൈവവോദ്ദേശ്യത്തെ കുറിച്ച്‌ ഈ ഭാഗം നമുക്ക്‌ ഉൾക്കാഴ്‌ച നൽകുന്നു. നിമ്രോദിന്റേതുപോലുള്ള യാതൊരു മാനുഷശ്രമങ്ങൾക്കും അതിന്റെ നിവൃത്തിയെ തടയാനാവില്ല എന്നറിയുന്നത്‌ എത്ര ആശ്വാസകരമാണ്‌!

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനുള്ള തയ്യാറാകുന്നതിന്റെ ഭാഗമായി പ്രതിവാര ബൈബിൾ വായന നിർവഹിക്കുമ്പോൾ, “തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം” എന്ന ഭാഗത്തുള്ള ആശയങ്ങൾ പരിചിന്തിക്കുന്നത്‌ ബുദ്ധിമുട്ടുള്ള ചില വാക്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. “നമുക്കുള്ള പാഠങ്ങൾ” എന്നതിനു കീഴിലെ അഭിപ്രായങ്ങൾ, പ്രസ്‌തുത വാരത്തിലെ ബൈബിൾ വായനയിൽനിന്ന്‌ നിങ്ങൾക്കെങ്ങനെ പ്രയോജനം നേടാമെന്നു വ്യക്തമാക്കും. ഉചിതമായിരിക്കുമ്പോൾ സേവനയോഗത്തിലെ പ്രാദേശിക ആവശ്യങ്ങളിലും ഇവ ഉൾപ്പെടുത്താവുന്നതാണ്‌. യഹോവയുടെ വചനം തീർച്ചയായും ജീവനുള്ളതും ശക്തി ചെലുത്തുന്നതുമാണ്‌.​—⁠എബ്രായർ 4:⁠12, NW.