ദൈവത്തിനു നമ്മെ കുറിച്ചു കരുതലുണ്ടോ?
ദൈവത്തിനു നമ്മെ കുറിച്ചു കരുതലുണ്ടോ?
കുടുംബം, ആരോഗ്യം, തൊഴിൽ, മറ്റു ഭാരിച്ച ഉത്തരവാദിത്വങ്ങൾ എന്നിവയോടു ബന്ധപ്പെട്ട പ്രശ്‌നങ്ങളാൽ വൈകാരികമായി ഉഴലുകയാണോ നിങ്ങൾ? അനേകരുടെയും സ്ഥിതി അതാണ്. അനീതി, കുറ്റകൃത്യം, അക്രമം എന്നിവയാൽ ബാധിക്കപ്പെടാത്ത ആരാണ് ഇന്നുള്ളത്? അതേ, ഇത് അക്ഷരംപ്രതി ബൈബിൾ പറയുന്നതു പോലെയാണ്: “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.” (റോമർ 8:22) ‘ദൈവം നമുക്കായി കരുതുന്നുവോ? അവൻ നമ്മുടെ സഹായത്തിന് എത്തുമോ?’ എന്ന് അനേകരും ചോദിക്കുന്നത് ആശ്ചര്യമല്ല.
ജ്ഞാനിയായ ശലോമോൻ രാജാവ് പ്രാർഥനയിൽ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്.” ദൈവം നമ്മെ അറിയുക മാത്രമല്ല വ്യക്തിപരമായി നമുക്കുവേണ്ടി കരുതുകയും ചെയ്യുന്നു എന്ന് ശലോമോൻ ഉറപ്പോടെ വിശ്വസിച്ചു. “താന്താന്റെ വ്യാധിയും ദുഃഖവും” ദൈവത്തോടു വെളിപ്പെടുത്തുന്ന ദൈവഭയമുള്ള വ്യക്തികളുടെ പ്രാർഥന “സ്വർഗ്ഗത്തിൽനിന്നു കേട്ട്” ഉത്തരം അരുളേണമേ എന്ന് ദൈവത്തോട് അപേക്ഷിക്കാൻ അവനു കഴിഞ്ഞു.—2 ദിനവൃത്താന്തം 6:29-31.
ഇന്നും യഹോവയാം ദൈവം നമുക്കായി കരുതുന്നു, പ്രാർഥനയിൽ അവനെ വിളിച്ചപേക്ഷിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. (സങ്കീർത്തനം 50:15) തന്റെ ഹിതത്തിനു ചേർച്ചയിലുള്ള ഹൃദയംഗമമായ പ്രാർഥനകൾക്ക് ഉത്തരം നൽകുമെന്ന് അവൻ വാഗ്‌ദാനം ചെയ്യുന്നു. (സങ്കീർത്തനം 55:16, 22; ലൂക്കൊസ് 11:5-13; 2 കൊരിന്ത്യർ 4:7) അതേ, ‘യാതൊരുത്തനെങ്കിലും അവന്റെ ജനം മുഴുവനെങ്കിലും പ്രാർത്ഥനയും യാചനയും കഴിച്ചാൽ’ യഹോവ ശ്രദ്ധിക്കുന്നു. അതുകൊണ്ട്, നാം ദൈവത്തിൽ ആശ്രയം അർപ്പിക്കുകയും അവന്റെ സഹായത്തിനായി പ്രാർഥിക്കുകയും അവനോട് അടുത്തു ചെല്ലുകയും ആണെങ്കിൽ അവന്റെ സ്‌നേഹമസൃണമായ പരിപാലനവും വഴിനടത്തിപ്പും നമുക്ക് അനുഭവവേദ്യമാകും. (സദൃശവാക്യങ്ങൾ 3:5, 6) ബൈബിൾ എഴുത്തുകാരനായ യാക്കോബ് നമുക്ക് ഈ ഉറപ്പ് നൽകുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.”—യാക്കോബ് 4:8.