വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിഷനറി ആത്മാവ്‌ നിലനിറുത്തിയതിനാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു

മിഷനറി ആത്മാവ്‌ നിലനിറുത്തിയതിനാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു

ജീവിത കഥ

മിഷനറി ആത്മാവ്‌ നിലനിറുത്തിയതിനാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു

ടോം കുക്ക്‌ പറഞ്ഞപ്രകാരം

അപരാഹ്നത്തിന്റെ പ്രശാന്തതയ്‌ക്കു ഭംഗം വരുത്തിക്കൊണ്ട്‌ പൊടുന്നനെ വെടിയൊച്ച കേട്ടു. ഞങ്ങളുടെ ഉദ്യാനത്തിലെ മരങ്ങൾക്കിടയിലൂടെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. എന്തായിരുന്നു സംഭവം? ഒരു അട്ടിമറി നടന്നെന്നും ഉഗാണ്ട, ജനറൽ ഇദി അമീന്റെ ഭരണത്തിൻ കീഴിലായിക്കഴിഞ്ഞെന്നും അധികം താമസിയാതെ ഞങ്ങൾക്കു മനസ്സിലായി. 1971-ൽ ആയിരുന്നു ഈ സംഭവം.

ഞാനും ഭാര്യ ആനും താരതമ്യേന ശാന്തമായ ഇംഗ്ലണ്ടിൽനിന്ന്‌, നിനച്ചിരിക്കാതെ മുഖഭാവം മാറുന്ന ഈ ആഫ്രിക്കൻ പ്രദേശത്തേക്കു വന്നത്‌ എന്തുകൊണ്ടായിരുന്നു? ഞാൻ സ്വതേ അൽപ്പം സാഹസപ്രകൃതനാണെന്നു തോന്നുന്നു. പക്ഷേ, എന്നിൽ മിഷനറി ആത്മാവ്‌ ഊട്ടിവളർത്തിയ പ്രഥമ ഘടകം, തീക്ഷ്‌ണതയുള്ള രാജ്യശുശ്രൂഷകരെന്ന നിലയിൽ എന്റെ മാതാപിതാക്കൾ വെച്ച മാതൃകയായിരുന്നു.

എന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളെ ആദ്യമായി കണ്ടുമുട്ടിയ ആ ദിവസം ഞാൻ ഓർക്കുന്നു. 1946 ആഗസ്റ്റിൽ ആയിരുന്നു അത്‌, നല്ല ചൂടുള്ള ഒരു ദിവസം. ഡാഡിയും മമ്മിയും വീടിന്റെ ഉമ്മറത്തു നിന്നുകൊണ്ട്‌ രണ്ടു സന്ദർശകരോട്‌ ഏറെനേരം സംസാരിച്ചു. ഫ്രേസർ ബ്രാഡ്‌ബറിയും മേമി ഷ്രിവുമായിരുന്നു അവർ. അവർ പല തവണ മടങ്ങിവന്നു. തുടർന്നുവന്ന മാസങ്ങളിൽ ഞങ്ങളുടെ കുടുംബത്തിന്റെ ജീവിതത്തിൽ നാടകീയ മാറ്റങ്ങൾ സംഭവിച്ചു.

മാതാപിതാക്കളുടെ ധീരോദാത്ത മാതൃക

ഡാഡിയും മമ്മിയും അനേകം സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഉദാഹരണത്തിന്‌, അവർ ബൈബിൾ പഠിക്കാൻ തുടങ്ങുന്നതിനു മുമ്പ്‌ വിൻസ്റ്റൺ ചർച്ചിലിന്റെ പോസ്റ്ററുകൾ ഞങ്ങളുടെ വീടിനെ അലങ്കരിച്ചിരുന്നു. യുദ്ധാനന്തര കാലഘട്ടത്തിലെ ദേശീയ തെരഞ്ഞെടുപ്പു വേളയിൽ പ്രാദേശിക കൺസർവേറ്റിവ്‌ പാർട്ടി കമ്മറ്റിയുടെ കേന്ദ്രമായി ഉപയോഗിച്ചിരുന്നതു ഞങ്ങളുടെ വീടായിരുന്നു. കൂടാതെ, മത-സാമൂഹിക തലത്തിലെ ഉന്നതന്മാരെ ഞങ്ങളുടെ കുടുംബത്തിന്‌ അടുത്തു പരിചയമുണ്ടായിരുന്നു. ഞങ്ങൾ യഹോവയുടെ സാക്ഷികൾ ആയിത്തീരാൻ പോകുന്നുവെന്ന്‌ അറിഞ്ഞപ്പോൾ ബന്ധുക്കൾക്കിടയിൽ ഉണ്ടായ ഞെട്ടൽ, അന്നു വെറും ഒമ്പതു വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു.

ഞങ്ങൾ സഹവസിച്ചിരുന്ന സാക്ഷികളുടെ ഉത്തമവും നിർഭയവുമായ മാതൃക, പ്രസംഗ പ്രവർത്തനത്തിൽ സജീവരാകാൻ എന്റെ മാതാപിതാക്കൾക്കു പ്രചോദനമേകി. പെട്ടെന്നുതന്നെ ഡാഡി ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന ചന്തസ്ഥലമായ സ്‌പൊണ്ടനിൽ, ആംപ്ലിഫയർ ഉപയോഗിച്ച്‌ പരസ്യമായി പ്രസംഗങ്ങൾ നടത്താൻ തുടങ്ങി. ആ സമയത്ത്‌, കുട്ടികളായ ഞങ്ങൾ ശ്രദ്ധപിടിച്ചുപറ്റാൻ ഉതകുന്ന സ്ഥലങ്ങളിൽ വീക്ഷാഗോപുരം, ഉണരുക! മാസികകളുമായി നിൽക്കുമായിരുന്നു. പക്ഷേ ഒരു കാര്യം ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു. ഈ സന്ദർഭങ്ങളിൽ എന്റെ സ്‌കൂളിലെ കുട്ടികൾ എന്നെ സമീപിക്കുമ്പോൾ, ഭൂമി എന്നെ വിഴുങ്ങിക്കളഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു.

മാതാപിതാക്കളുടെ മാതൃകയിൽനിന്നു പ്രോത്സാഹനം ഉൾക്കൊണ്ട്‌ എന്റെ ചേച്ചി ഡാഫ്‌നി പയനിയറിങ്‌ തുടങ്ങി. 1955-ൽ ചേച്ചി വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ സംബന്ധിക്കുകയും ജപ്പാനിലേക്ക്‌ ഒരു മിഷനറിയായി പോകുകയും ചെയ്‌തു. * എന്നാൽ, എന്റെ ഇളയ പെങ്ങൾ സോയി യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു.

അതിനിടെ, ഇല്ലസ്‌ട്രേഷൻ (പാഠഭാഗത്തോടൊപ്പം കൊടുക്കാനായി ചിത്രങ്ങൾ ഉത്‌പാദിപ്പിക്കുന്ന വിദ്യ), ഗ്രാഫിക്‌ എന്നീ കലകൾ അഭ്യസിച്ചുകൊണ്ട്‌ ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാലത്ത്‌ എന്റെ സഹവിദ്യാർഥികളുടെ ഇടയിൽ ജ്വലിച്ചു നിന്ന ഒരു വിഷയം നിർബന്ധിത സൈനിക സേവനമായിരുന്നു. മനഃസാക്ഷിപരമായ കാരണങ്ങളാൽ എനിക്ക്‌ അതിൽ പങ്കെടുക്കാൻ കഴിയില്ലെന്നു ഞാൻ പറഞ്ഞപ്പോൾ അവർ അത്‌ തമാശയായിട്ടാണ്‌ എടുത്തത്‌. ഈ വിഷയം വിദ്യാർഥികളിൽ ചിലരുമായി നിരവധി ബൈബിൾ ചർച്ചകൾ നടത്തുന്നതിന്‌ എനിക്ക്‌ അവസരമൊരുക്കി. താമസിയാതെ, സൈനിക സേവനത്തിനു വിസമ്മതിച്ചതിനാൽ എനിക്ക്‌ 12 മാസത്തെ തടവുശിക്ഷ വിധിച്ചു. ബൈബിൾ സന്ദേശത്തിൽ താത്‌പര്യം കാണിച്ച ആർട്ട്‌ കോളെജിലെ ഒരു വിദ്യാർഥിനി പിന്നീട്‌ എന്റെ സഹധർമിണി ആയിത്തീർത്തു. എന്നാൽ, ആൻ എങ്ങനെയാണു സത്യം പഠിച്ചതെന്ന്‌ അവൾതന്നെ നിങ്ങളോടു പറയട്ടെ.

ആൻ സത്യവുമായി സമ്പർക്കത്തിൽ വരുന്നു

“മതഭക്തിയുള്ള കുടുംബം ആയിരുന്നില്ല എന്റേത്‌. എനിക്ക്‌ ഒരു മതത്തിലും അംഗത്വവും ഇല്ലായിരുന്നു. പക്ഷേ മതം എന്ന വിഷയത്തെ കുറിച്ചു ഞാൻ ജിജ്ഞാസുവായിരുന്നു. എന്റെ കൂട്ടുകാർ സഹവസിച്ചിരുന്ന ഏതെല്ലാം പള്ളിയുണ്ടോ അവിടെയെല്ലാം ഞാൻ പോകുമായിരുന്നു. ടോമും മറ്റൊരു സാക്ഷിയും കോളെജിലെ മറ്റു വിദ്യാർഥികളുമായി നടത്തിയ സജീവമായ ബൈബിൾ ചർച്ചകൾ കേട്ടപ്പോഴാണ്‌ ബൈബിളിനെ കുറിച്ചുള്ള എന്റെ താത്‌പര്യം മുളപൊട്ടിയത്‌. സൈനിക സേവനത്തിനു വിസമ്മതിച്ചതിനാൽ ടോമിനെയും മറ്റേ സാക്ഷിയെയും ജയിലിലടച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.

“ടോം ജയിലിലായിരുന്നപ്പോഴും ഞാൻ ക്രമമായി കത്തുകൾ എഴുതുമായിരുന്നു. അങ്ങനെ ബൈബിളിലുള്ള എന്റെ താത്‌പര്യത്തിന്‌ ആഴമേറി. ഉപരിപഠനത്തോട്‌ അനുബന്ധിച്ച്‌ ലണ്ടനിലെത്തിയപ്പോൾ ഞാൻ മ്യൂറീയൽ ആൽബ്രെഹ്‌റ്റിനോടൊത്ത്‌ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. മ്യൂറീയൽ എസ്‌തോണിയയിൽ ഒരു മിഷനറിയായി സേവിച്ചിരുന്നു. അവളും അമ്മയും എനിക്കു പ്രോത്സാഹനത്തിന്റെ വലിയ ഉറവായിരുന്നു. ഏതാനും ആഴ്‌ചകൾക്കകം ഞാൻ യോഗങ്ങൾക്കു ഹാജരാകാനും വിക്ടോറിയ റെയിൽവേ സ്റ്റേഷനു വെളിയിൽ നിന്നുകൊണ്ട്‌ വീക്ഷാഗോപുരം, ഉണരുക! മാസികകൾ സമർപ്പിക്കാനും തുടങ്ങി.

“ദക്ഷിണ ലണ്ടനിലെ സൗത്ത്‌വർക്ക്‌ സഭയോടൊത്താണു ഞാൻ സഹവസിച്ചത്‌. നാനാ ദേശത്തുനിന്നും വന്ന ആത്മീയ സഹോദരീസഹോദരന്മാരുടെ ഒരു കൂട്ടമായിരുന്നു അത്‌. അവരിൽ അനേകർക്കും ഭൗതികമായി വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒരു അപരിചിത ആയിരുന്നെങ്കിലും അവർ എന്നെ സ്വന്തം കുടുംബാംഗത്തെ പോലെ കരുതി. ഞാൻ പഠിക്കുന്നതു സത്യമാണെന്ന്‌ എന്നെ ശരിക്കും ബോധ്യപ്പെടുത്തിയത്‌ ആ സഭയിൽ നിലനിന്നിരുന്ന സ്‌നേഹത്തിന്റെ അന്തരീക്ഷമായിരുന്നു. 1960-ൽ ഞാൻ സ്‌നാപനമേറ്റു.”

ഒരേ ലക്ഷ്യം​—⁠പക്ഷേ സാഹചര്യം വ്യത്യസ്‌തം

1960 അവസാനത്തോടെ ആനും ഞാനും വിവാഹിതരായി. മിഷനറി വേലയിൽ പ്രവേശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ ഞങ്ങൾക്ക്‌ ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നറിഞ്ഞതോടെ സാഹചര്യം മാറി. ഞങ്ങളുടെ മകൾ സാറയുടെ ജനനശേഷവും ഞങ്ങൾക്ക്‌, രാജ്യപ്രസാധകരുടെ ആവശ്യം അധികമുള്ള രാജ്യത്തു സേവിക്കുകയെന്ന ആഗ്രഹമുണ്ടായിരുന്നു. കുറെ രാജ്യങ്ങളിൽ ഞാൻ ജോലിക്കായി അപേക്ഷ നൽകി. ഒടുവിൽ 1966 മേയിൽ എനിക്കു ജോലി ശരിയായി എന്നറിയിച്ചുകൊണ്ട്‌ ഉഗാണ്ടയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന്‌ ഒരു കത്തുവന്നു. എന്നാൽ അപ്പോഴേക്കും, ആൻ ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരുന്നു. ഈ സമയത്ത്‌ ഇത്രയും ദൂരത്തേക്കു പോകുന്നതിനെ കുറിച്ചു ചിന്തിക്കുന്നതുതന്നെ ബുദ്ധിമോശമാണെന്ന്‌ ചിലരൊക്കെ അഭിപ്രായപ്പെട്ടു. ഞങ്ങൾ ഡോക്ടറെ കണ്ടു. അദ്ദേഹം പറഞ്ഞു: “പോകുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭാര്യയ്‌ക്ക്‌ ഏഴുമാസം ആകുന്നതിനു മുമ്പു പോകണം.” അതുകൊണ്ട്‌ ഉടനെതന്നെ ഞങ്ങൾ ഉഗാണ്ടയിലേക്കു പുറപ്പെട്ടു. ആയതിനാൽ, ഞങ്ങളുടെ മാതാപിതാക്കൾക്ക്‌ ഞങ്ങളുടെ രണ്ടാമത്തെ മകൾ റെയ്‌ച്ചലിനെ കാണാൻ കഴിഞ്ഞത്‌ അവൾക്കു രണ്ടു വയസ്സായതിനു ശേഷമാണ്‌. ഇന്ന്‌ വല്യപ്പനും വല്യമ്മയുമായ ഞങ്ങൾ, ഞങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെ ആത്മത്യാഗ മനോഭാവത്തെ തികച്ചും വിലമതിക്കുന്നു.

ഞങ്ങൾ ഉഗാണ്ടയിൽ എത്തിയത്‌ 1966-ൽ ആയിരുന്നു. ആവേശവും ഒപ്പം ഭയവും ഞങ്ങൾക്ക്‌ അനുഭവപ്പെട്ടു. വിമാനത്തിൽനിന്ന്‌ ഇറങ്ങവേ, ചുറ്റും നിറഞ്ഞു നിൽക്കുന്ന വർണക്കാഴ്‌ചകൾ ഞങ്ങളുടെ മനം കവർന്നു. അവ വിസ്‌മയാവഹമാംവിധം ഉജ്ജ്വലമായിരുന്നു. നൈൽനദിയുടെ പ്രഭവസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണമായ ജിൻജായിൽനിന്ന്‌ 50 കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചു പട്ടണമായ ഇഗാങ്‌ഗായ്‌ക്ക്‌ അടുത്തായിരുന്നു ഞങ്ങൾ ആദ്യം താമസിച്ചത്‌. ഞങ്ങളുടെ വീടിന്‌ ഏറ്റവും അടുത്തുള്ള സാക്ഷികൾ ജിൻജായിലുള്ള ഒരു ഒറ്റപ്പെട്ട കൂട്ടമായിരുന്നു. മിഷനറിമാരായ ഗിൽബെർട്ട്‌ വാൾട്ടേഴ്‌സും ഭാര്യ ജോനും, സ്റ്റീവൻ ഹാർഡിയും ഭാര്യ ബാർബറായും ആണ്‌ ആ കൂട്ടത്തിന്റെ ആവശ്യങ്ങൾക്കായി കരുതിയിരുന്നത്‌. ഈ കൂട്ടത്തെ കൂടുതൽ നന്നായി പിന്തുണയ്‌ക്കുന്നതിന്‌ ഞാൻ ജിൻജായിലേക്ക്‌ ഒരു സ്ഥലംമാറ്റത്തിന്‌ അപേക്ഷിച്ചു. റെയ്‌ച്ചൽ ജനിച്ച്‌ അധികം താമസിയാതെ ഞങ്ങൾ ജിൻജായിലേക്കു പോയി. അവിടെ വിശ്വസ്‌തരായ ഒരു ചെറിയ കൂട്ടം സാക്ഷികളോടൊപ്പം സേവിക്കുന്നതിന്റെ സന്തോഷം ഞങ്ങൾ ആസ്വദിച്ചു. കാലക്രമത്തിൽ ഈ കൂട്ടം ഉഗാണ്ടയിലെ സാക്ഷികളുടെ രണ്ടാമത്തെ സഭയായി വളർന്നു.

ഒരു കുടുംബമെന്ന നിലയിൽ വിദേശ വയലിൽ സേവിക്കുന്നു

ഞങ്ങളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ഏറ്റവും മെച്ചമായ ഒരു ചുറ്റുപാടാണ്‌ ഞങ്ങൾ തിരഞ്ഞെടുത്തത്‌ എന്ന്‌ ആനിനും എനിക്കും തോന്നുന്നു. വിവിധ രാജ്യങ്ങളിൽനിന്ന്‌ എത്തിയ മിഷനറിമാരോടൊപ്പം സേവിക്കുന്നതിന്റെയും പുതുതായി രൂപംകൊണ്ട സഭയുടെ വളർച്ചയിൽ സഹായിക്കുന്നതിന്റെയും സന്തോഷം ഞങ്ങൾ ആസ്വദിച്ചു. ഉഗാണ്ടയിലെ സഹോദരീസഹോദരന്മാരുടെ സഹവാസം ഞങ്ങൾക്ക്‌ അത്യന്തം പ്രിയപ്പെട്ടതായിരുന്നു. അവർ കൂടെക്കൂടെ വീട്ടിൽ വരുമായിരുന്നു. സ്റ്റാൻലി മാക്കുമ്പായും ഭാര്യ എസിനാലായും വിശേഷാൽ ഞങ്ങൾക്ക്‌ പ്രോത്സാഹനം പകർന്നു.

എന്നാൽ, ഞങ്ങൾ വന്യജീവികളുടെ വിസ്‌മയിപ്പിക്കുന്ന വൈവിധ്യത്താൽ ചുറ്റപ്പെട്ടിരുന്നതിനാൽ ഞങ്ങളെ സന്ദർശിച്ചിരുന്നത്‌ സഹോദരീസഹോദരന്മാർ മാത്രമായിരുന്നില്ല. രാത്രിയിൽ, ഹിപ്പൊപ്പൊട്ടാമസുകൾ നൈൽ നദിയിൽനിന്നു കയറി ഞങ്ങളുടെ വീടിനു തൊട്ടടുത്തുവരെ വരുമായിരുന്നു. പൂന്തോട്ടത്തിൽ ഒരിക്കൽ ആറുമീറ്റർ നീളമുള്ള ഒരു പെരുമ്പാമ്പിനെ കണ്ടത്‌ ഇന്നും എന്റെ ഓർമയിൽ തങ്ങിനിൽക്കുന്നു. സിംഹവും മറ്റു വന്യമൃഗങ്ങളും സ്വൈരവിഹാരം നടത്തുന്ന വന്യജീവിസങ്കേതങ്ങൾ കാണാൻ ഇടയ്‌ക്കൊക്കെ ഞങ്ങൾ പോകുമായിരുന്നു.

ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ഞങ്ങൾ അവിടത്തെ നാട്ടുകാർക്ക്‌ ഒരു അസാധാരണ കാഴ്‌ചയായിരുന്നു. കാരണം കുട്ടികളെ ഇരുത്തി ഉന്തിക്കൊണ്ടുപോകുന്ന വണ്ടി അവർ അതിനു മുമ്പ്‌ കണ്ടിട്ടേയില്ലായിരുന്നു. ഞങ്ങൾ വീടുതോറും പോകുമ്പോൾ കൊച്ചുകുട്ടികളുടെ ഒരു പരിവാരവും ഞങ്ങളോടൊപ്പം ഉണ്ടാകും. ആളുകൾ ഞങ്ങളെ ആദരവോടെ സൂക്ഷിച്ചുനോക്കുമായിരുന്നു. എന്നിട്ട്‌ വെളുത്ത കുഞ്ഞിനെ തൊട്ടുനോക്കും. ആളുകൾ വളരെ ഉപചാരപ്രിയർ ആയിരുന്നതിനാൽ സാക്ഷീകരണം വളരെ ആനന്ദകരമായിരുന്നു. എല്ലാവരും സത്യം സ്വീകരിക്കുമെന്നാണ്‌ ഞങ്ങൾ വിചാരിച്ചത്‌. കാരണം ബൈബിളധ്യയനങ്ങൾ തുടങ്ങാൻ അത്ര എളുപ്പമായിരുന്നു. എന്നിരുന്നാലും, തിരുവെഴുത്തുവിരുദ്ധ ആചാരങ്ങൾ ഉപേക്ഷിക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. എന്നാലും അവരിൽ അനേകർ ബൈബിളിന്റെ ഉയർന്ന ധാർമിക നിലവാരങ്ങൾ സ്വീകരിക്കുകയും അങ്ങനെ സഭയിൽ വർധന ഉണ്ടാകുകയും ചെയ്‌തു. 1968-ൽ ജിൻജായിൽവെച്ചു നടത്തിയ ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട്‌ സമ്മേളനം ഒരു നാഴികക്കല്ലായിരുന്നു. ഞങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽ ചിലർ നൈൽ നദിയിൽ സ്‌നാപനമേൽക്കുന്നതു കാണാൻ കഴിഞ്ഞത്‌ ഇന്നും പ്രിയങ്കരമായ ഒരു ഓർമയാണ്‌. പക്ഷേ ഞങ്ങളുടെ സമാധാനം പെട്ടെന്നുതന്നെ തകർന്നടിയാൻ പോകുകയായിരുന്നു.

നിരോധനം​—⁠വിശ്വാസത്തിന്റെയും ആശയരൂപീകരണ പാടവത്തിന്റെയും പരിശോധന

1971-ൽ ജനറൽ ഇദി അമീൻ അധികാരം പിടിച്ചടക്കി. ജിൻജായിലെങ്ങും കൊടും സംഭ്രാന്തി പരന്നു. ഈ സമയത്താണ്‌ ഞാൻ തുടക്കത്തിൽ വിവരിച്ച സംഭവം അരങ്ങേറിയത്‌. അപ്പോൾ ഞങ്ങൾ ഉദ്യാനത്തിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്നുവന്ന രണ്ടുവർഷക്കാലത്ത്‌, ഏഷ്യൻ സമുദായത്തിൽപ്പെട്ട വലിയൊരു ജനതതിയെ അവിടെനിന്നു പുറത്താക്കി. വിദേശികളിൽ മിക്കവരും അവിടം വിടാൻ തീരുമാനിച്ചു. അതിന്റെ ഫലമായി സ്‌കൂളുകളുടെയും ആതുരാലയങ്ങളുടെയും നില കഷ്ടത്തിലായി. തുടർന്ന്‌, യഹോവയുടെ സാക്ഷികളെ നിരോധിച്ചതായുള്ള കർക്കശ പ്രഖ്യാപനവും വന്നു. ഞങ്ങളുടെ സുരക്ഷയെ പ്രതി വിദ്യാഭ്യാസ കാര്യാലയം ഞങ്ങളെ തലസ്ഥാന നഗരമായ കംപാലയിലേക്കു മാറ്റി. ഈ മാറ്റം രണ്ടു വിധത്തിൽ പ്രയോജനകരമായിരുന്നു. കംപാലയിൽ ആർക്കും ഞങ്ങളെ അത്ര പരിചയമില്ലാത്തതിനാൽ കൂടുതൽ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവിടത്തെ സഭയിലും വയലിലും ഒരുപാട്‌ വേല ചെയ്‌തുതീർക്കാനും ഉണ്ടായിരുന്നു.

ബ്രയൻ വാലസും ഭാര്യ മാരിയൊണും രണ്ടു മക്കളും ഞങ്ങളുടേതുപോലുള്ള ഒരു സാഹചര്യത്തിലായിരുന്നു. അവരും ഉഗാണ്ടയിൽത്തന്നെ തുടരാൻ തീരുമാനിച്ചു. ദുഷ്‌കരമായ ഈ സമയത്ത്‌ ഒന്നിച്ച്‌ കംപാല സഭയിൽ സേവിക്കവേ അവരുമായുള്ള സഹവാസം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. വേല നിരോധിക്കപ്പെട്ട മറ്റു രാജ്യങ്ങളിലുള്ള സഹോദരങ്ങളെ കുറിച്ചു മുമ്പ്‌ വായിച്ച കാര്യങ്ങൾ ഇപ്പോൾ ഞങ്ങൾക്കു വിശേഷാൽ പ്രോത്സാഹനം പകർന്നു. ഞങ്ങൾ ചെറിയ കൂട്ടങ്ങളായി കൂടിവന്നു. മാസത്തിൽ ഒരിക്കൽ, എൻറ്റെബെയി ബൊട്ടാണിക്കൽ ഗാർഡൻസിൽ, ഒരു പാർട്ടി നടത്തുകയാണെന്ന മട്ടിൽ വലിയ കൂട്ടങ്ങളായും ഞങ്ങൾ കൂടിവരുമായിരുന്നു. ഇതൊരു ഉഗ്രൻ ആശയമാണെന്ന്‌ ഞങ്ങളുടെ മക്കൾക്കു തോന്നി.

പ്രസംഗവേലയിൽ ഏർപ്പെടുന്ന വിധം സംബന്ധിച്ച്‌ ഞങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടിയിരുന്നു. വെള്ളക്കാരായ ആളുകൾ ഉഗാണ്ടൻ ഭവനങ്ങൾ സന്ദർശിക്കുന്നത്‌ വളരെ പെട്ടെന്നു ശ്രദ്ധയാകർഷിക്കാൻ ഇടയാക്കുമായിരുന്നു. അതുകൊണ്ട്‌, കടകളും അപ്പാർട്ടുമെന്റുകളും ചില വിദ്യാഭ്യാസ കെട്ടിടങ്ങളും ആയിരുന്നു ഞങ്ങളുടെ പ്രദേശം. കടകളിൽ സാക്ഷീകരിക്കാനായി ഞാൻ പിൻവരുന്ന രീതി ഉപയോഗിക്കുമായിരുന്നു. കടയിൽ ചെന്ന്‌, അരി, പഞ്ചസാര എന്നിങ്ങനെ ലഭ്യമല്ലെന്ന്‌ എനിക്കറിയാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന്‌ ഞാൻ ചോദിക്കും. രാജ്യത്തു സംഭവിക്കുന്ന കാര്യങ്ങളെ പ്രതി കടക്കാരൻ ദുഃഖം പ്രകടിപ്പിക്കുകയാണെങ്കിൽ ഞാൻ രാജ്യസന്ദേശം അവതരിപ്പിക്കും. ഈ സമീപനം വളരെ ഫലപ്രദമായിരുന്നു. ചിലപ്പോഴൊക്ക, കടയിൽ നിന്നു പോരുമ്പോൾ മടക്കസന്ദർശനം മാത്രമല്ല, ദുർലഭമായ സാധനത്തിന്റെ ഒരു പങ്കും എനിക്കു ലഭിക്കുമായിരുന്നു.

അതിനിടെ, ഞങ്ങൾക്കു ചുറ്റും എല്ലായിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടനും ഉഗാണ്ടയും തമ്മിലുള്ള ബന്ധം വീണ്ടും വഷളായതിനാൽ അധികാരികൾ എന്റെ ജോലിക്കരാർ പുതുക്കിത്തന്നില്ല. അതുകൊണ്ട്‌, 1974-ൽ, ഉഗാണ്ടയിലെ എട്ടുവർഷത്തെ ജീവിതത്തിനു ശേഷം ഞങ്ങളുടെ സഹോദരങ്ങളോടു വിടപറയേണ്ട സമയം വന്നു. അതു തികച്ചും വേദനാകരമായിരുന്നു. എങ്കിലും, ഞങ്ങളുടെ മിഷനറി ആത്മാവിനു തെല്ലും മങ്ങലേറ്റില്ല.

ന്യുഗിനിയിലേക്ക്‌

താമസിയാതെ, 1975 ജനുവരിയിൽ പാപ്പുവ ന്യുഗിനിയിൽ ജോലി ചെയ്യാനുള്ള അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തി. പസിഫിക്കിലെ ഈ പ്രദേശത്തെ എട്ടു വർഷത്തെ ആനന്ദദായകമായ സേവനത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. സഹോദരങ്ങളോടൊത്തുള്ള ഞങ്ങളുടെ ജീവിതവും ശുശ്രൂഷയും അർഥവത്തും പ്രതിഫലദായകവും ആയിരുന്നു.

പാപ്പുവ ന്യുഗിനിയിലെ താമസത്തെ കുറിച്ച്‌ ഞങ്ങളുടെ കുടുംബം ഓർമിക്കുന്നത്‌ നാടകങ്ങളുടെ, ബൈബിൾ നാടകങ്ങളുടെ കാലമായിട്ടാണ്‌. എല്ലാക്കൊല്ലവും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നാടകങ്ങൾക്കുള്ള ഒരുക്കങ്ങളിൽ ഞങ്ങൾ പങ്കുപറ്റിയിരുന്നു. അതൊക്കെ എന്തു രസമായിരുന്നെന്നോ! നിരവധി കുടുംബങ്ങളിലെ ആത്മീയ മനസ്‌കരായ വ്യക്തികളുമായുള്ള സഹവാസം ഞങ്ങൾ ആസ്വദിച്ചു. ഇത്‌ ഞങ്ങളുടെ മക്കളിൽ ക്രിയാത്മക സ്വാധീനം ചെലുത്തി. ഞങ്ങളുടെ മൂത്ത മകൾ സാറ, ഒരു പ്രത്യേക പയനിയറായ റേ സ്‌മിത്തിനെ വിവാഹം കഴിച്ചു. അവർ പ്രത്യേക പയനിയർമാരായി ഇറിയാൻ ജയയുടെ (ഇപ്പോൾ പാപ്പുവ, ഒരു ഇന്തൊനീഷ്യൻ പ്രവിശ്യ) അതിർത്തിക്കടുത്ത്‌ സേവനമനുഷ്‌ഠിച്ചു. അവിടത്തെ ഗ്രാമത്തിൽ, പുല്ലുമേഞ്ഞ ഒരു കുടിലായിരുന്നു അവരുടെ വീട്‌. അവിടത്തെ നിയമനത്തിൽ താൻ ചെലവഴിച്ച സമയം ഒന്നാംതരം പരിശീലനമായിരുന്നെന്ന്‌ സാറ പറയുന്നു.

മാറുന്ന സാഹചര്യവുമായി പൊരുത്തപ്പെടുന്നു

ഈ സമയമായപ്പോഴേക്കും, എന്റെ മാതാപിതാക്കൾക്ക്‌ കൂടുതലായ സഹായം ആവശ്യമായി വന്നു. ഞങ്ങളോട്‌ ഇംഗ്ലണ്ടിലേക്കു മടങ്ങിവരാൻ ആവശ്യപ്പെടാതെ അവർ ഞങ്ങളോടൊപ്പം വന്നു താമസിക്കാമെന്നു സമ്മതിച്ചു. അങ്ങനെ 1983-ൽ ഞങ്ങൾ എല്ലാവരും ഓസ്‌ട്രേലിയയിലേക്കു പോയി. ജപ്പാനിൽ ഉണ്ടായിരുന്ന എന്റെ പെങ്ങൾ ഡാഫ്‌നിയോടൊപ്പവും അവർ കുറെനാൾ താമസിച്ചു. മാതാപിതാക്കളുടെ മരണശേഷം ആനും ഞാനും സാധാരണ പയനിയർ സേവനത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു. ഇത്‌ അൽപ്പം വെല്ലുവിളിപരമെന്ന്‌ എനിക്കു തോന്നിയ ഒരു സേവനപദവിയിലേക്കു നയിച്ചു.

ഞങ്ങൾ പയനിയറിങ്‌ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, അപ്പോൾ ഞങ്ങളെ സർക്കിട്ട്‌ വേലയ്‌ക്കു ക്ഷണിച്ചു. കുട്ടിക്കാലം മുതൽ സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനത്തെ ഒരു സവിശേഷ സംഭവമായാണ്‌ ഞാൻ കണ്ടിരുന്നത്‌. ഇപ്പോഴിതാ ആ ഉത്തരവാദിത്വം എന്റേതായിരിക്കുന്നു. അതുവരെ ജീവിതത്തിൽ ഞങ്ങൾ ആസ്വദിച്ച എല്ലാ നിയമനങ്ങളെക്കാളും വെല്ലുവിളി ഉയർത്തുന്ന ഒന്നായിരുന്നു സർക്കിട്ട്‌ വേല. എന്നാൽ, പലപ്പോഴും ഞങ്ങൾ മുമ്പ്‌ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത വിധങ്ങളിൽ യഹോവ ഞങ്ങളെ സഹായിച്ചു.

തിയോഡർ ജാരറ്റ്‌സ്‌ സഹോദരൻ 1990-ൽ മേഖല സന്ദർശനത്തിനായി ഓസ്‌ട്രേലിയയിൽ വന്നു. ഞങ്ങൾ അപ്പോൾ അദ്ദേഹത്തോടു ചോദിച്ചു, മുഴുസമയ ശുശ്രൂഷകരെന്ന നിലയിൽ കടലിനക്കരെ പോയി സേവിക്കാനുള്ള പ്രായം ഞങ്ങൾക്കു കഴിഞ്ഞതായി സഹോദരൻ വിചാരിക്കുന്നുണ്ടോ എന്ന്‌. സഹോദരന്റെ മറുപടി ഇതായിരുന്നു: “സോളമൻ ദ്വീപുകളായാലോ?” അങ്ങനെ, അപ്പോൾ 50-കളിൽ ആയിരുന്ന ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ആദ്യത്തെ ഔദ്യോഗിക മിഷനറി നിയമനത്തിനായി പുറപ്പെട്ടു.

‘ആനന്ദത്തിന്റെ ദ്വീപുകളിൽ’ സേവിക്കുന്നു

സോളമൻ ദ്വീപുകൾ അറിയപ്പെടുന്നത്‌ ആനന്ദത്തിന്റെ ദ്വീപുകൾ എന്നാണ്‌. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇവിടത്തെ ഞങ്ങളുടെ സേവനം തികച്ചും ആനന്ദകരമായ സമയമായിരുന്നു. സോളമൻ ദ്വീപുകളിൽ ഞാൻ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി സേവിക്കവേ സഹോദരീസഹോദരന്മാരുടെ ദയാവായ്‌പ്‌ ഞങ്ങൾ രണ്ടുപേരും അനുഭവിച്ചറിഞ്ഞു. അവർ ഞങ്ങളോടു കാണിച്ച അതിഥിസത്‌കാരം ഹൃദയസ്‌പർശിയായിരുന്നു. സോളമൻ ഐലൻഡ്‌സ്‌-പിജിനിൽ​—⁠ലോകത്തിൽ പദസമ്പത്ത്‌ ഏറ്റവും കുറഞ്ഞ ഭാഷകളിലൊന്ന്‌​—⁠സ്വീകാര്യമെന്നു ഞാൻ വിചാരിച്ച വിധത്തിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ, എല്ലാവരും എത്രമാത്രം സഹിഷ്‌ണുതയുള്ളവർ ആയിരുന്നുവെന്നോ.

ഞങ്ങൾ സോളമൻ ദ്വീപുകളിൽ എത്തിച്ചേർന്ന്‌ താമസിയാതെതന്നെ, ഞങ്ങളുടെ സമ്മേളനഹാൾ ഉപയോഗിക്കുന്നതു സംബന്ധിച്ച്‌ എതിരാളികൾ പ്രശ്‌നങ്ങൾ കുത്തിപ്പൊക്കാൻ തുടങ്ങി. ഹോനിയാരയിലുള്ള ഞങ്ങളുടെ പുതിയ സമ്മേളനഹാൾ പണിതിരിക്കുന്നത്‌ ഭാഗികമായി തങ്ങളുടെ സ്ഥലത്താണെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ ആംഗ്ലിക്കൻ സഭ യഹോവയുടെ സാക്ഷികൾക്കെതിരെ കേസുകൊണ്ടുവന്നു. ഗവൺമെന്റാകട്ടെ അവരുടെ ആരോപണത്തെ പിന്താങ്ങുകയാണുണ്ടായത്‌. അതിനാൽ ഞങ്ങൾ പരമോന്നത കോടതിയിൽ അപ്പീൽ നൽകി. പുതിയതായി പണിത, 1,200 ഇരിപ്പിടങ്ങളുള്ള സമ്മേളനഹാൾ പൊളിക്കണോ വേണ്ടയോ എന്നത്‌ കോടതി വിധിയെ അനുസരിച്ചിരിക്കുമായിരുന്നു.

ഈ കേസിന്റെ വ്യവഹാരത്തിന്‌ കോടതി ഒരാഴ്‌ച മുഴുവനും എടുത്തു. ഞങ്ങൾക്കെതിരെ കേസ്‌ വാദിച്ച എതിർഭാഗം വക്കീലിന്റെ മുഖത്ത്‌ ധാർഷ്ട്യഭാവത്തിലുള്ള ആത്മവിശ്വാസം വിളങ്ങുന്നുണ്ടായിരുന്നു. ഞങ്ങളുടെ വക്കീലായ, ന്യൂസിലൻഡിൽനിന്നുള്ള വോറൻ കാത്ത്‌കർട്ട്‌ സഹോദരൻ വാദമുഖങ്ങളെ ഓരോന്നായി ശക്തിയുക്തം ഖണ്ഡിച്ചുകൊണ്ട്‌ എതിർഭാഗത്തിന്റെ ആരോപണങ്ങൾക്കു മറുപടി കൊടുത്തു. വെള്ളിയാഴ്‌ച ആയപ്പോഴേക്കും കോടതിയിൽ അരങ്ങേറുന്ന ഈ നാടകത്തെ കുറിച്ചുള്ള വാർത്ത അവിടെയെങ്ങും പരന്നു. സഭാമേധാവികൾ, ഗവൺമെന്റ്‌ ഉദ്യോഗസ്ഥന്മാർ, നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങൾ എന്നിവരെക്കൊണ്ട്‌ കോടതി മുറി നിറഞ്ഞിരുന്നു. കോടതിയുടെ ഔദ്യോഗിക നോട്ടീസിൽ വന്ന ഒരു പിശക്‌ ഞാനോർക്കുന്നു. അത്‌ ഇങ്ങനെ വായിച്ചു: “സോളമൻ ദ്വീപുകളുടെ ഭരണകൂടവും മലനേഷ്യ ചർച്ചും യഹോവയ്‌ക്കെതിരെ.” കേസിൽ വിജയം ഞങ്ങൾക്കായിരുന്നു.

എന്നിരുന്നാലും, ആനന്ദത്തിന്റെ ദ്വീപുകളിലെ താരതമ്യേന പ്രശാന്തമായ അന്തരീക്ഷം അധികനാൾ നീണ്ടുനിന്നില്ല. വീണ്ടും സംഭ്രാന്തിയുടെയും സൈനിക അട്ടിമറിയുടെ ഫലമായുള്ള അക്രമത്തിന്റെയും നടുവിലായി ഞങ്ങൾ. വർഗീയ സ്‌പർധ ആഭ്യന്തര യുദ്ധത്തിനു തിരികൊളുത്തി. 2000 ജൂൺ 5-ന്‌ ഭരണകൂടം നിലംപൊത്തുകയും തലസ്ഥാനം സായുധ സൈന്യത്തിന്റെ കൈപ്പിടിയിൽ ആയിത്തീരുകയും ചെയ്‌തു. കുറെ ആഴ്‌ചത്തേക്ക്‌ ഞങ്ങളുടെ സമ്മേളനഹാൾ ഭവനം നഷ്ടപ്പെട്ടവർക്കായുള്ള സങ്കേതമായി വർത്തിച്ചു. സമ്മേളനഹാളിൽ വ്യത്യസ്‌ത വർഗത്തിൽപ്പെട്ട നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ സമാധാനത്തോടെ ഒരു കുടുംബമെന്ന നിലയിൽ കഴിയുന്നതു കണ്ട്‌ അധികാരികൾ അമ്പരന്നുപോയി. ഇത്‌ എത്ര മികച്ച സാക്ഷ്യമായിരുന്നു!

സൈനികർ പോലും യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷതയെ ആദരിച്ചു. എതിർ സൈനികരുടെ നിയന്ത്രണ പ്രദേശത്തു കുടുങ്ങിപ്പോയ സഹോദരങ്ങളുടെ ഒരു ചെറിയ കൂട്ടത്തിന്‌ സാഹിത്യങ്ങളും മറ്റ്‌ അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതിന്‌ ഒരു സൈനിക മേധാവിയുടെ അനുവാദം വാങ്ങാൻ ഇതുമൂലം ഞങ്ങൾക്കു കഴിഞ്ഞു. ഏതാനും മാസത്തോളം ഞങ്ങളിൽനിന്നു വേർപെട്ടുപോയ ആ കുടുംബങ്ങളെ കണ്ടെത്തിയപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

നന്ദി നൽകാൻ ഒരുപാടു കാര്യങ്ങൾ

യഹോവയുടെ സേവനത്തിൽ ചെലവഴിച്ച ഞങ്ങളുടെ ജീവിതത്തെ കുറിച്ചു ചിന്തിച്ചാൽ നന്ദി നൽകാൻ ഞങ്ങൾക്ക്‌ ഒരുപാടു കാര്യങ്ങൾ ഉണ്ട്‌. മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങളുടെ രണ്ടു മക്കളും അവരുടെ ഭർത്താക്കന്മാരായ റേയോടും ജോണിനോടും ഒപ്പം യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്നത്‌ കാണുന്നതിലുള്ള സന്തോഷം ഞങ്ങൾക്കുണ്ട്‌. ഞങ്ങളുടെ മിഷനറി നിയമനത്തിൽ അവർ ഞങ്ങൾക്കു പൂർണ പിന്തുണ നൽകിയിരിക്കുന്നു.

കഴിഞ്ഞ 12 വർഷമായി, ആനിനും എനിക്കും സോളമൻ ദ്വീപുകളുടെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കാനുള്ള പദവി ലഭിച്ചിരിക്കുന്നു. ഈ കാലയളവിൽ സോളമൻ ദ്വീപുകളിലെ രാജ്യഘോഷകരുടെ എണ്ണം ഇരട്ടിയായി, 1,800 കവിയുന്നത്‌ ഞങ്ങൾ കണ്ടിരിക്കുന്നു. അടുത്തയിടെ, ന്യൂയോർക്കിലെ പാറ്റേഴ്‌സണിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കായുള്ള ഒരു സ്‌കൂളിൽ സംബന്ധിക്കുന്നതിനുള്ള പദവിയും എനിക്കു ലഭിച്ചു. അതേ, മിഷനറി ആത്മാവ്‌ നിലനിറുത്തിയതു നിമിത്തം അനവധി അനുഗ്രഹങ്ങളോടുകൂടിയ തികച്ചും സംതൃപ്‌തികരമായ ഒരു ജീവിതം ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 10 1977 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിലെ “ഞങ്ങൾ കാലവിളംബം വരുത്തിയില്ല” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

[23-ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹ ദിനത്തിൽ, 1960

[24-ാം പേജിലെ ചിത്രം]

ഉഗാണ്ടയിൽ, സ്റ്റാൻലി മാക്കുമ്പായും ഭാര്യ എസിനാലായും ഞങ്ങളുടെ കുടുംബത്തിന്‌ പ്രോത്സാഹനത്തിന്റെ ഉറവായിരുന്നു

[24-ാം പേജിലെ ചിത്രം]

സാറ അയലത്തെ ഒരു കുടിലിലേക്കു പോകുന്നു

[25-ാം പേജിലെ ചിത്രം]

സോളമൻ ദ്വീപുവാസികളെ പഠിപ്പിക്കുന്നതിൽ ചിത്രരചന എന്നെ സഹായിച്ചു

[25-ാം പേജിലെ ചിത്രം]

സോളമൻ ദ്വീപുകളിലെ ഒറ്റപ്പെട്ട സഭയോടൊ ത്തുള്ള യോഗം

[26-ാം പേജിലെ ചിത്രം]

ഞങ്ങളുടെ കുടുംബം ഇന്ന്‌