വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉല്‌പത്തി പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠2

ഉല്‌പത്തി പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠2

യഹോവയുടെ വചനം ജീവനുള്ളത്‌

ഉല്‌പത്തി പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠2

ആദ്യമനുഷ്യനായ ആദാമിന്റെ സൃഷ്ടി മുതൽ യാക്കോബിന്റെ പുത്രനായ യോസേഫിന്റെ മരണം വരെയുള്ള 2,369 വർഷത്തെ മനുഷ്യചരിത്രമാണ്‌ ഉല്‌പത്തി പുസ്‌തകത്തിലുള്ളത്‌. സൃഷ്ടിപ്പു മുതൽ ബാബേൽഗോപുരം വരെയുള്ള വിവരണം ഉൾക്കൊള്ളുന്ന ആദ്യത്തെ 10 അധ്യായങ്ങളും 11-ാം അധ്യായത്തിന്റെ 9 വാക്യങ്ങളും ഈ മാസികയുടെ കഴിഞ്ഞ ലക്കത്തിൽ ചർച്ച ചെയ്‌തിരുന്നു. * അബ്രാഹാം, യിസ്‌ഹാക്‌, യാക്കോബ്‌, യോസേഫ്‌ എന്നിവരോടുള്ള ദൈവത്തിന്റെ ഇടപെടലിനോടു ബന്ധപ്പെട്ട ഉല്‌പത്തി പുസ്‌തകത്തിന്റെ ബാക്കി ഭാഗത്തുനിന്നുള്ള വിശേഷാശയങ്ങളാണ്‌ ഈ ലേഖനത്തിലുള്ളത്‌.

അബ്രാഹാം ദൈവത്തിന്റെ സ്‌നേഹിതനായിത്തീരുന്നു

(ഉല്‌പത്തി 11:10-23:20)

പ്രളയത്തിന്‌ ഏതാണ്ട്‌ 350 വർഷങ്ങൾക്കുശേഷം, ദൈവത്തിന്റെ പ്രത്യേക പ്രീതിക്കു പാത്രമായിത്തീരുന്ന ഒരു മനുഷ്യൻ നോഹയുടെ പുത്രനായ ശേമിന്റെ വംശത്തിൽ പിറക്കുന്നു. അബ്രാം എന്നാണ്‌ അവന്റെ പേര്‌, പിന്നീട്‌ അത്‌ അബ്രാഹാം എന്നാക്കി മാറ്റി. ദൈവകൽപ്പന അനുസരിച്ച്‌, അബ്രാം ഊർ എന്ന കൽദയ നഗരം വിട്ട്‌ തനിക്കും തന്റെ സന്തതികൾക്കും നൽകുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്യുന്ന ദേശത്ത്‌ ഒരു കൂടാരവാസി ആയിത്തീരുന്നു. വിശ്വാസവും അനുസരണവും നിമിത്തം അബ്രാഹാമിന്‌ “ദൈവത്തിന്റെ സ്‌നേഹിതൻ” എന്ന പേര്‌ ലഭിക്കുന്നു.​—⁠യാക്കോബ്‌ 2:23.

സൊദോമിലെയും സമീപ നഗരങ്ങളിലെയും ദുഷ്ടർക്കെതിരെ യഹോവ നടപടി സ്വീകരിക്കുന്നു. എന്നാൽ ലോത്തും അവന്റെ പുത്രിമാരും ജീവനോടെ സംരക്ഷിക്കപ്പെടുന്നു. അബ്രാഹാമിന്റെ പുത്രനായ യിസ്‌ഹാക്‌ ജനിച്ചപ്പോൾ ദൈവത്തിന്റെ ഒരു വാഗ്‌ദാനം നിവൃത്തിയേറുന്നു. വർഷങ്ങൾ കഴിഞ്ഞ്‌, ഈ പുത്രനെ ബലിയർപ്പിക്കാൻ അബ്രാഹാമിനോട്‌ യഹോവ ആവശ്യപ്പെടുമ്പോൾ അവന്റെ വിശ്വാസം പരിശോധിക്കപ്പെടുന്നു. അബ്രാഹാം അതിനു സന്നദ്ധനാകുന്നു, എന്നാൽ ഒരു ദൂതൻ അവനെ തടയുന്നു. അബ്രാഹാം വിശ്വാസത്തിന്റെ ഒരു ഉത്തമ മാതൃകയാണെന്ന കാര്യത്തിൽ സംശയമില്ല. തന്റെ സന്തതി മുഖാന്തരം സകല ജനതകളും അനുഗ്രഹിക്കപ്പെടുമെന്ന്‌ അവന്‌ ഉറപ്പുമുണ്ട്‌. പ്രിയ ഭാര്യ സാറായുടെ മരണം അബ്രാഹാമിനെ വളരെ ദുഃഖിപ്പിക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

12:​1-3—⁠അബ്രാഹാമ്യ ഉടമ്പടി പ്രാബല്യത്തിൽ വന്നത്‌ എപ്പോൾ, എത്ര കാലത്തേക്ക്‌? യഹോവ അബ്രാമുമായി ചെയ്‌ത “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്ന ഉടമ്പടി, അവൻ കനാനിലേക്കുള്ള യാത്രാമധ്യേ യൂഫ്രട്ടീസ്‌ കടന്നപ്പോൾ പ്രാബല്യത്തിൽ വന്നതായി കാണപ്പെടുന്നു. അവൻ യൂഫ്രട്ടീസ്‌ കടന്നത്‌ പൊ.യു.മു. 1943 നീസാൻ 14-ന്‌ ആയിരുന്നിരിക്കണം​—⁠ഇസ്രായേല്യർ ഈജിപ്‌തിൽനിന്ന്‌ വിടുവിക്കപ്പെടുന്നതിന്‌ 430 വർഷം മുമ്പ്‌. (പുറപ്പാടു 12:2, 6, 7, 40, 41) അബ്രാഹാമ്യ ഉടമ്പടി ഒരു “നിത്യ ഉടമ്പടി”യാണ്‌. ഭൂമിയിലെ വംശങ്ങൾ അനുഗ്രഹിക്കപ്പെടുകയും ദൈവത്തിന്റെ എല്ലാ ശത്രുക്കളും നശിപ്പിക്കപ്പെടുകയും ചെയ്യുന്നതുവരെ അതു പ്രാബല്യത്തിലിരിക്കും.​—⁠ഉല്‌പത്തി 17:​7, NW; 1 കൊരിന്ത്യർ 15:23-26.

15:13—⁠അബ്രാമിന്റെ സന്തതിയുടെ മുൻകൂട്ടി പറയപ്പെട്ട 400 വർഷത്തെ പീഡനം നിവൃത്തിയേറിയത്‌ എപ്പോൾ? അബ്രാഹാമിന്റെ പുത്രനായ യിസ്‌ഹാക്‌ ഏതാണ്ട്‌ 5-ാം വയസ്സോടെ മുലകുടി മാറിയ സമയത്ത്‌ 19 വയസ്സുള്ള അവന്റെ അർധസഹോദരനായ ഇശ്‌മായേൽ അവനെ ‘പരിഹസിച്ച’ പൊ.യു.മു. 1913-ൽ ആയിരുന്നു ഈ പീഡന കാലഘട്ടം തുടങ്ങിയത്‌. (ഉല്‌പത്തി 21:8-14; ഗലാത്യർ 4:29) പൊ.യു.മു. 1513-ൽ ഇസ്രായേല്യർ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ വിടുവിക്കപ്പെട്ടപ്പോൾ അത്‌ അവസാനിച്ചു.

16:2—⁠സാറായി തന്റെ ദാസിയായ ഹാഗാറിനെ അബ്രാമിന്‌ ഭാര്യയായി കൊടുത്തത്‌ ഉചിതമായിരുന്നോ? മച്ചിയായ ഭാര്യ, ഒരു അവകാശിയെ ലഭിക്കാനായി തന്റെ ഭർത്താവിന്‌ ഒരു വെപ്പാട്ടിയെ കൊടുക്കാൻ ബാധ്യസ്ഥയാണെന്ന അക്കാലത്തെ കീഴ്‌വഴക്കമനുസരിച്ചാണ്‌ സാറായി അങ്ങനെ ചെയ്‌തത്‌. കയീന്റെ വംശത്തിലാണ്‌ ബഹുഭാര്യത്വം ആദ്യമായി കണ്ടത്‌. ക്രമേണ, ഒരു ആചാരമായിത്തീർന്ന അത്‌ യഹോവയുടെ ചില ആരാധകർ സ്വീകരിച്ചു. (ഉല്‌പത്തി 4:17-19; 16:1-3; 29:21-28) എന്നിരുന്നാലും, ഏകഭാര്യത്വം എന്ന തന്റെ ആദ്യ നിലവാരം യഹോവ ഒരിക്കലും ഉപേക്ഷിച്ചില്ല. (ഉല്‌പത്തി 2:21, 22) നോഹയും അവന്റെ പുത്രന്മാരും​—⁠‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയാനുള്ള’ കൽപ്പന ദൈവം അവർക്കും നൽകുകയുണ്ടായി​—⁠ഏകഭാര്യയുടെ ഭർത്താക്കന്മാർ ആയിരുന്നു. (ഉല്‌പത്തി 7:7; 9:1; 2 പത്രൊസ്‌ 2:5) ഏകഭാര്യത്വം എന്ന ഈ നിലവാരത്തെ കുറിച്ച്‌ യേശുക്രിസ്‌തു എടുത്തുപറഞ്ഞു.​—⁠മത്തായി 19:4-8; 1 തിമൊഥെയൊസ്‌ 3:2, 12.

19:8—⁠ലോത്ത്‌ തന്റെ പുത്രിമാരെ സൊദോമ്യർക്ക്‌ വാഗ്‌ദാനം ചെയ്‌തത്‌ തെറ്റായിരുന്നില്ലേ? പൗരസ്‌ത്യ ദേശത്തെ മര്യാദ അനുസരിച്ച്‌, വീട്ടിൽ വന്നിരിക്കുന്ന അതിഥികളെ വേണ്ടിവന്നാൽ ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും സംരക്ഷിക്കേണ്ടത്‌ ആതിഥേയന്റെ ഉത്തരവാദിത്വമായിരുന്നു. ലോത്ത്‌ അതിന്‌ സന്നദ്ധനായിരുന്നു. അവൻ ധൈര്യപൂർവം, വീട്ടു വാതിൽക്കൽ നിൽക്കുന്ന ജനക്കൂട്ടത്തിന്റെ അടുത്തേക്ക്‌ ഇറങ്ങിച്ചെല്ലുകയും കതക്‌ അടച്ചിട്ട്‌ ഒറ്റയ്‌ക്ക്‌ അവരെ നേരിടുകയും ചെയ്‌തു. പുത്രിമാരെ വാഗ്‌ദാനം ചെയ്‌ത സമയമായപ്പോഴേക്കും, തന്റെ അതിഥികൾ ദൈവത്തിന്റെ പക്കൽനിന്നുള്ള സന്ദേശവാഹകരാണെന്ന്‌ ലോത്ത്‌ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. തന്റെ ബന്ധുവായ സാറായെ ഈജിപ്‌തിൽവെച്ചു സംരക്ഷിച്ചതുപോലെ തന്റെ പുത്രിമാരെയും ദൈവത്തിന്‌ സംരക്ഷിക്കാനാകുമെന്ന്‌ അവൻ നിഗമനം ചെയ്‌തിരിക്കാം. (ഉല്‌പത്തി 12:17-20) ഒടുവിൽ ലോത്തിനും അവന്റെ പുത്രിമാർക്കും സംരക്ഷണം ലഭിക്കുകതന്നെ ചെയ്‌തു.

19:​30-38—⁠ലോത്ത്‌ വീഞ്ഞു കുടിച്ചു മത്തനായതിനും തന്റെ രണ്ട്‌ പുത്രിമാരിൽ മക്കളെ ജനിപ്പിച്ചതിനും നേരെ യഹോവ കണ്ണടച്ചോ? നിഷിദ്ധ ബന്ധുവേഴ്‌ചയ്‌ക്കോ അമിത മദ്യപാനത്തിനോ നേരെ യഹോവ കണ്ണടയ്‌ക്കുന്നില്ല. (ലേവ്യപുസ്‌തകം 18:6, 7, 29; 1 കൊരിന്ത്യർ 6:9, 10) സൊദോം നിവാസികളുടെ ‘ദുഷ്‌കാമപ്രവൃത്തികൾ’ നിമിത്തം ആഴമായ ദുഃഖം തോന്നിയ വ്യക്തിയാണ്‌ യഥാർഥത്തിൽ ലോത്ത്‌. (2 പത്രൊസ്‌ 2:6-8) ലോത്തിന്റെ പുത്രിമാർ അവനെ കുടിപ്പിച്ചു മത്തനാക്കി എന്ന വസ്‌തുതതന്നെ സൂചിപ്പിക്കുന്നത്‌, പിതാവ്‌ സുബോധത്തോടെ ഇരിക്കുമ്പോൾ തങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയില്ലെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു എന്നാണ്‌. എന്നാൽ ദേശത്തു പരദേശികളായി പാർക്കുന്നവർ എന്ന നിലയിൽ, തങ്ങളുടെ പിതാവായ ലോത്തിന്റെ കുടുംബം അന്യംനിന്നുപോകാതിരിക്കാൻ തങ്ങൾക്കു ചെയ്യാനാകുന്നത്‌ അതു മാത്രമാണെന്ന്‌ അവർക്കു തോന്നി. അബ്രഹാമിന്റെ സന്തതികളായ ഇസ്രായേല്യരുമായി മോവാബ്യർക്കും (മോവാബിലൂടെ) അമ്മോന്യർക്കുമുള്ള (ബെൻ-അമ്മീയിലൂടെ) ബന്ധം വെളിപ്പെടുത്താനാണ്‌ ബൈബിളിൽ ഈ വിവരണം ഉൾപ്പെടുത്തിയിരിക്കുന്നത്‌.

നമുക്കുള്ള പാഠങ്ങൾ:

13:​8, 9. ഭിന്നതകൾ കൈകാര്യം ചെയ്യുന്നതിൽ എത്ര നല്ല മാതൃകയാണ്‌ അബ്രാഹാം വെച്ചത്‌! സാമ്പത്തിക നേട്ടത്തിനോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കോ വേണ്ടിയും അഹങ്കാരം നിമിത്തവും നാം മറ്റുള്ളവരുമായുള്ള സമാധാനപരമായ ബന്ധങ്ങളെ ഒരിക്കലും ബലികഴിക്കരുത്‌.

15:​5, 6. അബ്രാഹാം വൃദ്ധനായിത്തീർന്നിട്ടും അവന്‌ ഒരു മകൻ ഇല്ലാതിരിക്കെ അവൻ ദൈവത്തോട്‌ അക്കാര്യം സംസാരിച്ചു. അപ്പോൾ, യഹോവ അവന്‌ തന്റെ വാഗ്‌ദാനം സംബന്ധിച്ച്‌ ഉറപ്പു നൽകി. ഫലം എന്തായിരുന്നു? അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു.” യഹോവയുടെ മുമ്പാകെ നാം പ്രാർഥനയിൽ നമ്മുടെ ഹൃദയം തുറക്കുകയും ബൈബിളിൽനിന്നുള്ള അവന്റെ ഉറപ്പ്‌ സ്വീകരിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കപ്പെടും.

15:16. അമോര്യരുടെ (അഥവാ കനാന്യരുടെ) മേലുള്ള തന്റെ ന്യായവിധി നിർവഹണത്തെ നാല്‌ തലമുറക്കാലത്തേക്ക്‌ യഹോവ തടഞ്ഞുവെച്ചു. എന്തുകൊണ്ട്‌? എന്തെന്നാൽ അവൻ ക്ഷമയുള്ള ഒരു ദൈവമാണ്‌. അവർ മെച്ചപ്പെടുമെന്നുള്ള സകല പ്രതീക്ഷകളും അസ്‌തമിക്കുവോളം അവൻ കാത്തിരുന്നു. യഹോവയെപ്പോലെ, നാമും ക്ഷമയുള്ളവർ ആയിരിക്കേണ്ടതുണ്ട്‌.

18:​23-33. യഹോവ ആളുകളെ വിവേചനാരഹിതമായി നശിപ്പിക്കുന്നില്ല. അവൻ നീതിമാന്മാരെ സംരക്ഷിക്കുന്നു.

19:16. ലോത്ത്‌ “മടിച്ചു നിന്നു” (പി.ഒ.സി. ബൈബിൾ), ദൂതന്മാർക്ക്‌ ലോത്തിനെയും അവന്റെ കുടുംബത്തെയും സൊദോം നഗരത്തിനു പുറത്തേക്ക്‌ കൈക്ക്‌ പിടിച്ച്‌ വലിച്ചുകൊണ്ടുപോകേണ്ടിവന്നു. ഈ ദുഷ്ടലോകത്തിന്റെ അവസാനം കാത്തിരിക്കുന്ന നാം അടിയന്തിരതാബോധം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതു ബുദ്ധിയാണ്‌.

19:26. നാം പിമ്പിൽ വിട്ടുകളഞ്ഞ ലൗകിക കാര്യങ്ങളിലേക്ക്‌ ആഗ്രഹത്തോടെ തിരിഞ്ഞു നോക്കുന്നതോ ശ്രദ്ധ പതറാൻ അവയെ അനുവദിക്കുന്നതോ എത്ര ബുദ്ധിശൂന്യമാണ്‌!

യാക്കോബിന്‌ 12 പുത്രന്മാർ

(ഉല്‌പത്തി 24:1-36:43)

യഹോവയുടെ ഒരു വിശ്വസ്‌ത ആരാധകയായ റിബെക്കയുമായി യിസ്‌ഹാക്കിന്റെ വിവാഹം നടത്താൻ അബ്രാഹാം ക്രമീകരണം ചെയ്യുന്നു. ഏശാവ്‌, യാക്കോബ്‌ എന്നീ ഇരട്ടക്കുട്ടികളെ അവൾ പ്രസവിക്കുന്നു. ഏശാവ്‌ തന്റെ ജന്മാവകാശം തുച്ഛീകരിക്കുകയും അത്‌ യാക്കോബിന്‌ വിൽക്കുകയും ചെയ്യുന്നു. യാക്കോബിന്‌ പിന്നീട്‌ പിതാവിന്റെ അനുഗ്രഹം ലഭിക്കുന്നു. യാക്കോബ്‌ പദ്ദൻ-അരാമിലേക്ക്‌ ഓടിപ്പോകുന്നു, അവിടെവെച്ച്‌ അവൻ ലേയയെയും റാഹേലിനെയും വിവാഹം കഴിക്കുന്നു. കുടുംബസമേതം അവിടെനിന്ന്‌ പോകുന്നതിനു മുമ്പായി അവൻ ഏതാണ്ട്‌ 20 വർഷം അവരുടെ പിതാവിന്റെ ആടുകളെ പരിപാലിക്കുന്നു. ലേയ, റാഹേൽ, അവരുടെ രണ്ട്‌ ദാസിമാർ എന്നിവരിലായി യാക്കോബിന്‌ 12 പുത്രന്മാരും അതുപോലെതന്നെ പുത്രിമാരും ജനിക്കുന്നു. യാക്കോബ്‌ ഒരു ദൂതനുമായി മല്ലുപിടിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നു. തുടർന്ന്‌ അവന്‌ യിസ്രായേൽ എന്ന പേരു ലഭിക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

28:​12, 13—⁠“ഒരു കോവണി” ഉൾപ്പെട്ട യാക്കോബിന്റെ സ്വപ്‌നത്തിന്റെ പൊരുൾ എന്തായിരുന്നു? ഒരു കൽപ്പടവ്‌ പോലെ കാണപ്പെട്ടിരിക്കാവുന്ന ഈ “കോവണി” ഭൂമിക്കും സ്വർഗത്തിനും ഇടയിൽ ആശയവിനിമയം ഉള്ളതായി സൂചിപ്പിച്ചു. ദൈവത്തിന്റെ ദൂതന്മാർ കോവണിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്‌, യഹോവയ്‌ക്കും അവന്റെ അംഗീകാരമുള്ള മനുഷ്യർക്കുമിടയിൽ ദൂതന്മാർ ഒരു പ്രധാനപ്പെട്ട സേവനം അനുഷ്‌ഠിക്കുന്നുണ്ടെന്നു പ്രകടമാക്കി.​—⁠യോഹന്നാൻ 1:51.

30:​14, 15—⁠ഏതാനും ദൂദായിപ്പഴങ്ങൾക്ക്‌ പകരമായി ഭർത്താവിനോടൊപ്പം ശയിക്കാനുള്ള അവസരത്തെ റാഹേൽ തിരസ്‌കരിച്ചത്‌ എന്തുകൊണ്ട്‌? പുരാതന കാലത്ത്‌, ദൂദായിച്ചെടിയുടെ പഴം വേദനസംഹാരിയായും കോച്ചിപ്പിടിത്തം ഉണ്ടാകാതിരിക്കാനോ ശമിപ്പിക്കാനോ ഉള്ള ഔഷധമായും ഉപയോഗിച്ചിരുന്നു. ഇതിനു പുറമേ, ലൈംഗിക താത്‌പര്യത്തെ ഉദ്ദീപിപ്പിക്കാനും സന്താനോത്‌പാദനശേഷി വർധിപ്പിക്കാനും ഗർഭധാരണത്തെ സഹായിക്കാനും ഉള്ള കഴിവ്‌ ആ പഴത്തിന്‌ ഉണ്ടെന്നു വിശ്വസിക്കപ്പെട്ടിരുന്നു. (ഉത്തമഗീതം 7:13) റാഹേൽ അങ്ങനെ ചെയ്‌തത്‌ എന്തുകൊണ്ടാണെന്നു ബൈബിൾ പറയുന്നില്ലെങ്കിലും, ഗർഭം ധരിക്കാൻ ദൂദായിപ്പഴങ്ങൾ സഹായിക്കുമെന്നും അങ്ങനെ ഒരു മച്ചി ആയിരിക്കുന്നതുകൊണ്ടുള്ള നിന്ദ നീങ്ങിക്കിട്ടുമെന്നും അവൾ വിചാരിച്ചിരിക്കാം. എന്നിരുന്നാലും, ഏതാനും വർഷങ്ങൾക്കു ശേഷമാണ്‌ യഹോവ ‘അവളുടെ ഗർഭത്തെ തുറന്നത്‌.’​—⁠ഉല്‌പത്തി 30:22-24.

നമുക്കുള്ള പാഠങ്ങൾ:

25:23. അജാതശിശുവിന്റെ ജനിതക ഘടന മനസ്സിലാക്കാനും മുന്നറിവ്‌ ഉപയോഗിക്കാനും തന്റെ ഉദ്ദേശ്യങ്ങൾക്കായി താൻ ആഗ്രഹിക്കുന്നവരെ മുൻകൂട്ടി തിരഞ്ഞെടുക്കാനും ഉള്ള പ്രാപ്‌തി യഹോവയ്‌ക്കുണ്ട്‌. എങ്കിലും, ഒടുവിൽ ഓരോരുത്തരുടെയും ഗതി എന്തായിരിക്കുമെന്ന്‌ യഹോവ മുൻനിർണയിക്കുന്നില്ല.​—⁠ഹോശേയ 12:3; റോമർ 9:10-12.

25:​32, 33; 32:​24-29. ജന്മാവകാശം കിട്ടാനുള്ള ആഗ്രഹവും അനുഗ്രഹം ലഭിക്കാനായി രാത്രിമുഴുവൻ ഒരു ദൂതനുമായി നടത്തിയ മൽപ്പിടിത്തവും യാക്കോബ്‌ പവിത്രകാര്യങ്ങളെ യഥാർഥമായും വിലമതിച്ചിരുന്നു എന്നു പ്രകടമാക്കുന്നു. ധാരാളം പവിത്രകാര്യങ്ങൾ യഹോവ നമ്മെ ഭരമേൽപ്പിച്ചിട്ടുണ്ട്‌​—⁠താനുമായും തന്റെ സംഘടനയുമായുമുള്ള ബന്ധം, മറുവില, ബൈബിൾ, രാജ്യപ്രത്യാശ തുടങ്ങിയവ. അത്തരം കാര്യങ്ങളോടു വിലമതിപ്പു പ്രകടിപ്പിക്കുന്നതിൽ നമുക്ക്‌ യാക്കോബിനെപ്പോലെ ആയിരിക്കാം.

34:​1, 30. യാക്കോബിനെ “നാററിച്ചു വിഷമത്തിലാക്കിയ” പ്രശ്‌നങ്ങൾക്കെല്ലാം തുടക്കമിട്ടത്‌ യഹോവയെ സ്‌നേഹിക്കാത്തവരുമായുള്ള ദീനയുടെ കൂട്ടുകെട്ട്‌ ആയിരുന്നു. നാം സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കണം.

യോസേഫ്‌ ഈജിപ്‌തിലായിരിക്കെ യഹോവ അവനെ അനുഗ്രഹിക്കുന്നു

(ഉല്‌പത്തി 37:1-50:26)

അസൂയ നിമിത്തം യാക്കോബിന്റെ പുത്രന്മാർ തങ്ങളുടെ സഹോദരനായ യോസേഫിനെ ഒരു അടിമയായി വിൽക്കുന്നു. ഈജിപ്‌തിൽ ആയിരിക്കെ, ദൈവത്തിന്റെ ധാർമിക നിലവാരങ്ങളോട്‌ വിശ്വസ്‌തതയോടും ധൈര്യത്തോടും കൂടെ പറ്റിനിൽക്കുന്നതുകൊണ്ട്‌ അവൻ തടവിലാക്കപ്പെടുന്നു. പിന്നീട്‌, ഏഴു വർഷത്തെ സമൃദ്ധിയും അതിനെ തുടർന്നുള്ള ഏഴു വർഷത്തെ ക്ഷാമവും മുൻകൂട്ടി പറയുന്ന ഫറവോന്റെ സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കാനായി അവനെ തടവിൽനിന്നു കൊണ്ടുവരുന്നു. തുടർന്ന്‌, യോസേഫ്‌ ഈജിപ്‌തിലെ ഭക്ഷ്യകാര്യവിചാരകനായി നിയമിക്കപ്പെടുന്നു. ക്ഷാമം മൂലം അവന്റെ സഹോദരന്മാർ ഭക്ഷണത്തിനായി ഈജിപ്‌തിലേക്ക്‌ വരുന്നു. ആ കുടുംബം വീണ്ടും ഒന്നിക്കുകയും ഫലഭൂയിഷ്‌ഠമായ ഗോശെൻ എന്ന ദേശത്ത്‌ പാർക്കുകയും ചെയ്യുന്നു. മരണശയ്യയിൽ ആയിരിക്കെ, യാക്കോബ്‌ തന്റെ പുത്രന്മാരെ അനുഗ്രഹിക്കുകയും വരുംനൂറ്റാണ്ടുകളിലെ മഹത്തായ അനുഗ്രഹങ്ങൾ സംബന്ധിച്ച്‌ ഉറച്ച പ്രത്യാശ നൽകുന്ന ഒരു പ്രവചനം ഉച്ചരിക്കുകയും ചെയ്യുന്നു. അടക്കം ചെയ്യാനായി യാക്കോബിന്റെ ശരീരം കനാനിലേക്ക്‌ കൊണ്ടുപോകുന്നു. 110-ാം വയസ്സിൽ യോസേഫ്‌ മരിക്കുമ്പോൾ അവന്റെ ശരീരം പിന്നീട്‌ വാഗ്‌ദത്ത ദേശത്തേക്ക്‌ കൊണ്ടുപോകാനായി സുഗന്ധവർഗങ്ങളിട്ട്‌ വെക്കുന്നു.​—⁠പുറപ്പാടു 13:19.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

43:32—⁠എബ്രായരോടുകൂടെ ഭക്ഷണം കഴിക്കുന്നത്‌ ഈജിപ്‌തുകാർക്ക്‌ വെറുപ്പായിരുന്നത്‌ എന്തുകൊണ്ട്‌? മതപരമായ മുൻവിധിയോ വർഗാഭിമാനമോ ആയിരിക്കാം ഏറെയും ഇതിന്‌ കാരണം. ഈജിപ്‌തുകാർക്ക്‌ ഇടയന്മാരെയും വെറുപ്പായിരുന്നു. (ഉല്‌പത്തി 46:34) എന്തുകൊണ്ട്‌? ഈജിപ്‌തിലെ ജാതിവ്യവസ്ഥയിൽ ഏറെക്കുറെ താണ ഒരു സ്ഥാനമായിരിക്കാം ഇടയന്മാർക്ക്‌ ഉണ്ടായിരുന്നത്‌. അല്ലെങ്കിൽ, കൃഷിക്ക്‌ ഉപയുക്തമായ സ്ഥലം പരിമിതമായതിനാൽ, ആട്ടിൻകൂട്ടങ്ങൾക്കായി മേച്ചിൽപ്പുറങ്ങൾ തേടുന്നവരെ ഈജിപ്‌തുകാർ വെറുത്തിരിക്കാം.

44:5—⁠ലക്ഷണം നോക്കാനായി യോസേഫ്‌ യഥാർഥത്തിൽ ഒരു പാനപാത്രം ഉപയോഗിച്ചോ? വെള്ളികൊണ്ടുള്ള പാനപാത്രവും അതേക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങളും വ്യക്തമായും ഒരു ഉപായത്തിന്റെ ഭാഗമായിരുന്നു. യോസേഫ്‌ യഹോവയുടെ ഒരു വിശ്വസ്‌ത ആരാധകൻ ആയിരുന്നു. ബെന്യാമീൻ ആ പാനപാത്രം യഥാർഥത്തിൽ മോഷ്ടിക്കാതിരുന്നതുപോലെതന്നെ, യോസേഫും ലക്ഷണം നോക്കാനായി അത്‌ ഉപയോഗിച്ചിരുന്നില്ല.

49:10—⁠“ചെങ്കോൽ,” “രാജദണ്ഡ്‌” (“അധികാരദണ്‌ഡ്‌,” പി.ഒ.സി. ബൈ.) എന്നിവയുടെ അർഥമെന്ത്‌? രാജകീയ അധികാരത്തിന്റെ പ്രതീകമെന്ന നിലയിൽ ഒരു ഭരണാധികാരിയുടെ കൈയിലിരിക്കുന്ന ദണ്ഡാണ്‌ ചെങ്കോൽ. ആജ്ഞാപിക്കാനുള്ള അദ്ദേഹത്തിന്റെ അധികാരത്തെ സൂചിപ്പിക്കുന്ന നീണ്ട വടിയാണ്‌ രാജദണ്ഡ്‌ അഥവാ അധികാരദണ്ഡ്‌. യാക്കോബിന്റെ ഈ പരാമർശം, അവകാശമുള്ളവൻ വരുന്നതുവരെ യഹൂദാ ഗോത്രത്തിന്‌ ഗണ്യമായ അധികാരവും ശക്തിയും ഉണ്ടായിരിക്കുമെന്ന്‌ സൂചിപ്പിച്ചു. യഹൂദായുടെ ഈ വംശജൻ യഹോവ സ്വർഗീയ ഭരണാധികാരം ഭരമേൽപ്പിച്ചിരിക്കുന്ന യേശുക്രിസ്‌തുവാണ്‌. ക്രിസ്‌തുവിന്‌ രാജകീയ അധികാരവും ആജ്ഞാപിക്കാനുള്ള അധികാരവും ഉണ്ട്‌.​—⁠സങ്കീർത്തനം 2:8, 9; യെശയ്യാവു 55:​4, NW; ദാനീയേൽ 7:13, 14.

നമുക്കുള്ള പാഠങ്ങൾ:

38:26. വിധവയായ തന്റെ മരുമകൾ താമാറിനോട്‌ യഹൂദാ തെറ്റായ വിധത്തിൽ ഇടപെട്ടു. എന്നിരുന്നാലും, അവളുടെ ഗർഭത്തിന്റെ ഉത്തരവാദിത്വത്തെ അഭിമുഖീകരിച്ചപ്പോൾ അവൻ താഴ്‌മയോടെ സ്വന്തം തെറ്റു സമ്മതിച്ചു. നാമും തെറ്റുകൾ പെട്ടെന്ന്‌ അംഗീകരിക്കുന്നവർ ആയിരിക്കണം.

39:⁠9. ധാർമികതയോടുള്ള ബന്ധത്തിൽ യോസേഫിന്റെ ചിന്ത ദൈവത്തിന്റേതിനോടു ചേർച്ചയിൽ ആയിരുന്നെന്നും ദൈവിക തത്ത്വങ്ങളാണ്‌ അവന്റെ മനസ്സാക്ഷിയെ നയിച്ചതെന്നും പോത്തീഫറിന്റെ ഭാര്യയോടുള്ള യോസേഫിന്റെ പ്രതികരണം വെളിപ്പെടുത്തുന്നു. സത്യത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനത്തിൽ വളരവേ നാമും അതുതന്നെ ചെയ്യാൻ പ്രയത്‌നിക്കേണ്ടതല്ലേ?

41:​14-16, 39, 40. തന്നെ ഭയപ്പെടുന്നവർക്കുവേണ്ടി സാഹചര്യങ്ങളെ നേർവിപരീതമാക്കി മാറ്റാൻ യഹോവയ്‌ക്കു കഴിയും. പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോൾ, യഹോവയിൽ ആശ്രയിക്കുകയും അവനോടു വിശ്വസ്‌തരായി നിലകൊള്ളുകയും ചെയ്യുക എന്നതാണ്‌ ജ്ഞാനപൂർവകമായ ഗതി.

അവർക്കു നിലനിൽക്കുന്ന വിശ്വാസം ഉണ്ടായിരുന്നു

തീർച്ചയായും, വിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങൾ ആയിരുന്നു അബ്രാഹാം, യിസ്‌ഹാക്‌, യാക്കോബ്‌, യോസേഫ്‌ എന്നിവർ. ഉല്‌പത്തി പുസ്‌തകത്തിൽ അടങ്ങിയിരിക്കുന്ന അവരുടെ ജീവിത വിവരണങ്ങൾ വിശ്വാസത്തെ ശക്തിപ്പെടുത്താനും നമ്മെ വിലയേറിയ അനേകം പാഠങ്ങൾ പഠിപ്പിക്കാനും പോന്നവയാണ്‌.

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനു വേണ്ടിയുള്ള പ്രതിവാര ബൈബിൾ വായനാ ഭാഗം തയ്യാറാകുമ്പോൾ നിങ്ങൾക്ക്‌ ഇതിൽനിന്നു പ്രയോജനം നേടാവുന്നതാണ്‌. മേൽ ചർച്ചചെയ്‌ത വിവരങ്ങളുടെ പരിചിന്തനം വിവരണത്തെ ജീവസ്സുറ്റതാക്കും.

[അടിക്കുറിപ്പ്‌]

[26-ാം പേജിലെ ചിത്രം]

അബ്രാഹാം വിശ്വാസത്തിന്റെ ഒരു ഉത്തമ മാതൃകയായിരുന്നു

[26-ാം പേജിലെ ചിത്രം]

യഹോവ യോസേഫിനെ അനുഗ്രഹിക്കുന്നു

[26-ാം പേജിലെ ചിത്രം]

നീതിമാനായ ലോത്തും പെൺമക്കളും സംരക്ഷിക്കപ്പെട്ടു

[29-ാം പേജിലെ ചിത്രം]

യാക്കോബ്‌ പവിത്ര കാര്യങ്ങളെ വിലമതിച്ചു. നിങ്ങളോ?