വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഏറ്റവും വലിയ എഞ്ചിനീയറിങ്‌ സംരംഭങ്ങളിലൊന്ന്‌”

“ഏറ്റവും വലിയ എഞ്ചിനീയറിങ്‌ സംരംഭങ്ങളിലൊന്ന്‌”

“ഏറ്റവും വലിയ എഞ്ചിനീയറിങ്‌ സംരംഭങ്ങളിലൊന്ന്‌”

ഏതാണ്ട്‌ 3,000 വർഷം മുമ്പ്‌ ശലോമോൻ രാജാവിന്റെ ഭരണകാലത്ത്‌ യഹോവയുടെ ആലയം യെരൂശലേമിൽ നിർമിക്കപ്പെട്ട സമയത്ത്‌, ചെമ്പുകൊണ്ടുള്ള മനോഹരമായ ഒരു ജലസംഭരണി ഉണ്ടാക്കി ആലയകവാടത്തിന്‌ വെളിയിൽ വെച്ചിരുന്നു. 30 ടണ്ണിലധികം ഭാരമുണ്ടായിരുന്ന അതിൽ ഏതാണ്ട്‌ 40,000 ലിറ്റർ ജലം കൊള്ളുമായിരുന്നു. ഈ ഭീമൻ പാത്രം, വാർപ്പുകടൽ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. (1 രാജാക്കന്മാർ 7:23-26) “എബ്രായ ജനതയുടെ ഇടയിൽ നടന്നിട്ടുള്ളതിൽവെച്ച്‌ ഏറ്റവും വലിയ എഞ്ചിനീയറിങ്‌ സംരംഭങ്ങളിലൊന്ന്‌ ആയിരുന്നു അത്‌ എന്നതിന്‌ യാതൊരു സംശയവുമില്ല” എന്ന്‌ ബിബ്ലിക്കൽ ആർക്കിയോളജിസ്റ്റ്‌ എന്ന മാസികയിൽ, നാഷണൽ റിസർച്ച്‌ കൗൺസിൽ ഓഫ്‌ കാനഡയിലെ ടെക്‌നിക്കൽ ഓഫീസർ ആയിരുന്ന ആൽബർട്ട്‌ സോയ്‌ഡ്‌ഹോഫ്‌ പറയുന്നു.

എങ്ങനെയാണ്‌ ഈ കടൽ നിർമിച്ചത്‌? “യോർദ്ദാന്റെ സമതലത്തിൽവച്ച്‌ കളിമൺ അച്ചുകളിൽ രാജാവ്‌ ഇവയെല്ലാം [ചെമ്പ്‌ ഉപകരണങ്ങൾ] വാർപ്പിച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (1 രാജാക്കന്മാർ 7:45, 46, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) “വലിയ ഓട്ടു മണികൾ നിർമിക്കാൻ ഇക്കാലത്തും ഉപയോഗിക്കുന്ന ഒരു രീതിയോട്‌ സമാനമായിരുന്നിരിക്കണം അവയുടെ വാർക്കൽ” എന്ന്‌ സോയ്‌ഡ്‌ഹോഫ്‌ പറയുന്നു. അദ്ദേഹം വിശദീകരിക്കുന്നതനുസരിച്ച്‌, വാർപ്പുകടലിന്റെ രണ്ടു കളിമൺ മാതൃകകൾ, അതായത്‌ അകത്തെയും പുറത്തെയും അച്ചുകൾ ആണ്‌ അടിസ്ഥാനപരമായി അതിൽ ഉൾപ്പെട്ടിരുന്നത്‌. ഉണങ്ങിയ ഈ രണ്ടു മാതൃകകൾക്കിടയിലേക്ക്‌ ഉരുക്കിയ ഓട്‌ ഒഴിക്കുമായിരുന്നു. ഈ മാതൃകകൾ ഉടച്ചുകളയുന്നതായിരുന്നു അവസാന പടി.

അസാമാന്യ വലുപ്പവും തൂക്കവുമുള്ള ഈ വാർപ്പുകടൽ നിർമിക്കാൻ നല്ല വൈദഗ്‌ധ്യംതന്നെ വേണ്ടിവന്നു. കളിമൺ മാതൃകകൾക്ക്‌ ഏതാണ്ട്‌ 30 ടൺ ഉരുക്കിയ ചെമ്പിന്റെ മർദം താങ്ങാനുള്ള ശേഷി വേണമായിരുന്നു. മാത്രമല്ല, പൊട്ടലോ വിള്ളലോ ഉണ്ടാകാതിരിക്കാനായി ഒറ്റയടിക്കുതന്നെ വാർക്കൽ നിർവഹിക്കുകയും ചെയ്യണമായിരുന്നു. അച്ചിലേക്ക്‌ ഇടതടവില്ലാതെ ഉരുക്കിയ ലോഹം ഒഴിക്കാനായി പരസ്‌പരം ബന്ധിപ്പിച്ച കുറെ ചൂളകൾതന്നെ വേണ്ടിവന്നിരിക്കാം. തീർച്ചയായും അതിബൃഹത്തായ ഒരു വേലതന്നെ!

ആലയത്തിന്റെ ഉദ്‌ഘാടന സമയത്ത്‌ പിൻവരുംവിധം പ്രാർഥിച്ചുകൊണ്ട്‌, ആലയത്തിലെ സകല വേലകൾക്കുമുള്ള ബഹുമതി ശലോമോൻ രാജാവ്‌ യഹോവയാം ദൈവത്തിനു നൽകി: “തിരുവായ്‌കൊണ്ടു അരുളിച്ചെയ്‌തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു.”​—⁠1 രാജാക്കന്മാർ 8:⁠24.