‘ദൈവം കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല’
‘ദൈവം കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല’
അപ്പൊസ്‌തലനായ പൗലൊസിന് അഥീനയുടെ ക്ഷേത്രങ്ങൾ പരിചിതമായിരുന്നു എന്നതിനു സംശയമില്ല. കാരണം തന്റെ മിഷനറി യാത്രകളിൽ അവൻ സന്ദർശിച്ച പല നഗരങ്ങളിലും അവ ഉണ്ടായിരുന്നു. ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അനുസരിച്ച്, അഥീന യുദ്ധത്തിന്റെയും ജ്ഞാനത്തിന്റെയും മാത്രമല്ല “കരകൗശലത്തിന്റെയും സമാധാന കാലത്ത് പൊതുവേ ചെയ്‌തുവന്നിരുന്ന വിദഗ്‌ധ വേലകളുടെയും” കൂടെ ദേവത എന്ന നിലയിൽ വിഖ്യാതയായിരുന്നു.
അഥീനയുടെ ക്ഷേത്രങ്ങളിൽവെച്ച് ഏറ്റവും പേരുകേട്ടത് അഥേനയിലെ—അഥീനയുടെ പേരിൽനിന്നാണ് ഈ നഗരത്തിന് ഈ പേരു ലഭിച്ചത്—പാർഥനോൺ ആയിരുന്നു. പുരാതന ലോകത്തിലെ അതിഗംഭീര ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ട പാർഥനോണിൽ സ്വർണവും ആനക്കൊമ്പുംകൊണ്ട് തീർത്ത അഥീനയുടെ 12 മീറ്റർ ഉയരമുള്ള ഒരു വിഗ്രഹം ഉണ്ടായിരുന്നു. പൗലൊസ് അഥേന സന്ദർശിച്ചപ്പോൾ ഈ വെള്ള വെണ്ണക്കൽ ക്ഷേത്രം ആ നഗരത്തിന്റെ മുഖമുദ്ര ആയിത്തീർന്നിട്ട് ഏതാണ്ട് 500 വർഷം കഴിഞ്ഞിരുന്നു.
‘കൈപ്പണിയായ ക്ഷേത്രങ്ങളിൽ വസിക്കാത്ത’ ദൈവത്തെ കുറിച്ച് ഒരു കൂട്ടം അഥേനക്കാരോട് പൗലൊസ് പ്രസംഗിച്ച സ്ഥലത്തുനിന്നു നോക്കിയാൽ പാർഥനോൺ കാണാമായിരുന്നു. (പ്രവൃത്തികൾ 17:23, 24) അഥീനയുടെ ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും പ്രൗഢി ഒരുപക്ഷേ തങ്ങൾക്കറിയാത്ത ഒരു അദൃശ്യ ദൈവത്തെക്കാൾ ശ്രേഷ്‌ഠയാണ് അവൾ എന്ന തോന്നൽ പൗലൊസിന്റെ ചില ശ്രോതാക്കളിൽ ഉണർത്തിയിരുന്നിരിക്കാം. എന്നാൽ പൗലൊസ് ചൂണ്ടിക്കാട്ടിയതു പോലെ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവ് “മനുഷ്യന്റെ ശില്‌പവിദ്യയും സങ്കല്‌പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം” എന്നു നിരൂപിക്കരുത്.—പ്രവൃത്തികൾ 17:29.
അഥീനയെ പോലുള്ള ദേവീദേവന്മാർ—അവരുടെ മഹത്ത്വം ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലും ആശ്രയിച്ചിരിക്കുന്നു—വരുകയും പോകുകയും ചെയ്‌തിരിക്കുന്നു. അഥീനയുടെ വിഗ്രഹം പാർഥനോണിൽനിന്ന് പൊ.യു. അഞ്ചാം നൂറ്റാണ്ടിൽ അപ്രത്യക്ഷമായി. അവളുടെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമേ ഇന്നു ബാക്കിയുള്ളൂ, അതും ചുരുക്കം ചിലതിന്റേതു മാത്രം. ഇന്ന് ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി അഥീനയെ ആശ്രയിക്കുന്ന ആരാണുള്ളത്?
മനുഷ്യരാരും ഒരുനാളും കണ്ടിട്ടില്ലാത്ത ‘നിത്യദൈവമായ’ യഹോവ ഇതിൽനിന്ന് എത്ര വ്യത്യസ്‌തനാണ്. (റോമർ 16:24; 1 യോഹന്നാൻ 4:12) കോരഹ് പുത്രന്മാർ ഇങ്ങനെ എഴുതി: “ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.” (സങ്കീർത്തനം 48:14) യഹോവയാം ദൈവത്തിന്റെ മാർഗനിർദേശം ആസ്വദിക്കാനുള്ള ഒരു വഴി അവന്റെ വചനമായ ബൈബിൾ പഠിക്കുകയും അതിന്റെ ബുദ്ധിയുപദേശം നമ്മുടെ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുകയാണ്.