വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു വിശ്വസിക്കാവുന്ന വാഗ്‌ദാനങ്ങൾ

നിങ്ങൾക്കു വിശ്വസിക്കാവുന്ന വാഗ്‌ദാനങ്ങൾ

നിങ്ങൾക്കു വിശ്വസിക്കാവുന്ന വാഗ്‌ദാനങ്ങൾ

വാഗ്‌ദാനങ്ങൾ പലപ്പോഴും പൊള്ളയാണെന്നു തെളിയുന്നതായി ദൈവത്തിന്റെ പ്രവാചകനായിരുന്ന മീഖായ്‌ക്ക്‌ അറിയാമായിരുന്നു. അവന്റെ കാലത്ത്‌ ഉറ്റ സുഹൃത്തുക്കൾപോലും എല്ലായ്‌പോഴും വാക്കു പാലിക്കുമെന്നു വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ മീഖാ ഈ മുന്നറിയിപ്പു നൽകി: “കൂട്ടുകാരനെ വിശ്വസിക്കരുതു; സ്‌നേഹിതനിൽ [“ആത്മമിത്രത്തിൽ,” NW] ആശ്രയിക്കരുതു; നിന്റെ മാർവ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊൾക.”​—⁠മീഖാ 7:⁠5.

ദുഃഖകരമായ ഈ അവസ്ഥ, എല്ലാ വാഗ്‌ദാനങ്ങളെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിലേക്കു മീഖായെ നയിച്ചോ? ഒരിക്കലുമില്ല! തന്റെ ദൈവമായ യഹോവ നൽകിയ വാഗ്‌ദാനങ്ങളിൽ അവൻ പൂർണ വിശ്വാസം പ്രകടമാക്കി. അവൻ എഴുതി: “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും.”​—⁠മീഖാ 7:⁠7.

മീഖായ്‌ക്ക്‌ ഇത്ര ശക്തമായ വിശ്വാസം ഉണ്ടായിരുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം, യഹോവ എല്ലായ്‌പോഴും വാക്കു പാലിക്കുന്നവനാണ്‌ എന്ന്‌ അവന്‌ അറിയാമായിരുന്നു. മീഖായുടെ പൂർവപിതാക്കന്മാരോട്‌ ദൈവം സത്യംചെയ്‌തിരുന്ന കാര്യങ്ങളെല്ലാം നിവൃത്തിയേറി. (മീഖാ 7:20) യഹോവയുടെ മുൻകാല വിശ്വസ്‌തത ഭാവിയിലും അവൻ തന്റെ വാക്കു പാലിക്കുമെന്നു വിശ്വസിക്കാനുള്ള യഥാർഥ അടിസ്ഥാനം മീഖായ്‌ക്കു നൽകി.

“വാഗ്‌ദാനങ്ങളിൽ ഒന്നു പോലും പരാജയപ്പെട്ടിട്ടില്ല”

ഉദാഹരണത്തിന്‌, യഹോവ ഇസ്രായേല്യരെ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചതിനെ കുറിച്ചു മീഖായ്‌ക്ക്‌ അറിയാമായിരുന്നു. (മീഖാ 7:15) ആ വിടുതൽ അനുഭവിച്ചറിഞ്ഞ യോശുവ ദൈവത്തിന്റെ സകല വാഗ്‌ദാനങ്ങളിലും വിശ്വാസം അർപ്പിക്കാൻ സഹ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. എന്തിന്റെ അടിസ്ഥാനത്തിൽ? യോശുവ അവരെ ഇങ്ങനെ ഓർമിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നല്‌കിയ നല്ല വാഗ്‌ദാനങ്ങളിൽ ഒന്നു പോലും പരാജയപ്പെട്ടിട്ടില്ല എന്നു നിങ്ങൾക്കു പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും കൂടി അറിയാമല്ലോ. സകലവാഗ്‌ദാനവും നിറവേറി; ഒന്നിനും വീഴ്‌ചവന്നിട്ടില്ല.”​—⁠യോശുവ 23:​14, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം (NIBV).

യഹോവ തങ്ങൾക്കു വേണ്ടി വിസ്‌മയാവഹമായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്ന കാര്യം ഇസ്രായേല്യർക്ക്‌ നന്നായി അറിയാമായിരുന്നു. ദൈവഭക്തനായിരുന്ന അവരുടെ പൂർവപിതാവായ അബ്രാഹാമിനോട്‌ അവന്റെ സന്തതി നക്ഷത്രങ്ങൾപോലെ അനവധി ആയിത്തീരുമെന്നും കനാൻ ദേശം കൈവശപ്പെടുത്തുമെന്നും ദൈവം നൽകിയ വാഗ്‌ദാനം അവൻ നിവർത്തിച്ചിരുന്നു. കൂടാതെ, അബ്രാഹാമിനോട്‌ അവന്റെ സന്തതികൾ 400 സംവത്സരം പീഡനം സഹിക്കുമെന്നും “നാലാം തലമുറക്കാർ” കനാനിലേക്കു മടങ്ങുമെന്നും യഹോവ പറഞ്ഞിരുന്നു. ഇതെല്ലാം അതുപോലെതന്നെ സംഭവിച്ചു.​—⁠ഉല്‌പത്തി 15:​5-16; പുറപ്പാടു 3:​6-8.

യാക്കോബിന്റെ പുത്രനായ യോസേഫിന്റെ കാലത്ത്‌ ഇസ്രായേല്യർക്ക്‌ ഈജിപ്‌തിൽ നല്ല സ്വീകരണം ലഭിച്ചു. പക്ഷേ പിന്നീട്‌ ഈജിപ്‌തുകാർ അവരെ അടിമകളാക്കി ക്രൂരമായി പണിയെടുപ്പിച്ചു. എന്നാൽ ദൈവം തന്റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ, നാല്‌ തലമുറകൾ നീങ്ങിപ്പോകുംമുമ്പെ അബ്രാഹാമിന്റെ സന്തതികളെ ഈജിപ്‌തുകാരുടെ അടിമത്തത്തിൽനിന്നു വിടുവിച്ചു. *

തുടർന്നുവന്ന 40 വർഷത്തിലുടനീളം, യഹോവ എല്ലായ്‌പോഴും തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കുന്നവനാണ്‌ എന്നുള്ളതിന്‌ കൂടുതലായ തെളിവുകൾ ഇസ്രായേല്യർക്കു ലഭിച്ചു. ഇസ്രായേലിന്റെ ഭാഗത്തുനിന്ന്‌ യാതൊരു പ്രകോപനവും ഇല്ലാതെ അമാലേക്യർ അവരെ ആക്രമിച്ചപ്പോൾ ദൈവം തന്റെ ജനത്തിനു വേണ്ടി പോരാടുകയും അവരെ സംരക്ഷിക്കുകയും ചെയ്‌തു. 40 വർഷത്തെ മരുപ്രയാണത്തിൽ ഉടനീളം അവൻ അവരുടെ എല്ലാ ഭൗതിക ആവശ്യങ്ങളും നിറവേറ്റുകയും ഒടുവിൽ വാഗ്‌ദത്ത ദേശം അവർക്കു നൽകുകയും ചെയ്‌തു. അബ്രാഹാമിന്റെ ആ സന്തതികളുമായുള്ള യഹോവയുടെ ഇടപെടലുകൾ പുനരവലോകനം ചെയ്യവേ യോശുവയ്‌ക്ക്‌ ഉത്തമബോധ്യത്തോടെ ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്‌ത വാഗ്‌ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.”​—⁠യോശുവ 21:45.

ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസം വളർത്തിയെടുക്കുക

മീഖായെയും യോശുവയെയും പോലെ യഹോവയുടെ വാഗ്‌ദാനങ്ങളിൽ നിങ്ങൾക്ക്‌ എങ്ങനെ വിശ്വാസം വളർത്തിയെടുക്കാൻ കഴിയും? ശരി, മറ്റുള്ളവരിൽ നിങ്ങൾ എങ്ങനെയാണു വിശ്വാസം വളർത്തിയെടുക്കുന്നത്‌? അതിന്‌ നിങ്ങൾ അവരെ കഴിയുന്നത്ര അടുത്ത്‌ അറിയേണ്ടതുണ്ട്‌, ഇല്ലേ? ഉദാഹരണത്തിന്‌, അവർ തങ്ങളുടെ വാഗ്‌ദാനങ്ങളെല്ലാം നിറവേറ്റാൻ വിശ്വസ്‌തമായി ശ്രമിക്കുന്നതു കാണുമ്പോൾ അവർ ആശ്രയയോഗ്യരാണെന്ന്‌ നിങ്ങൾ മനസ്സിലാക്കും. അവരെ കുറിച്ചുള്ള നിങ്ങളുടെ അറിവു വർധിക്കുന്നതനുസരിച്ച്‌ നിങ്ങൾക്ക്‌ അവരിലുള്ള വിശ്വാസം വളർന്നുവരുന്നു. ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസം വളർത്തിയെടുക്കുന്ന കാര്യത്തിലും നിങ്ങൾക്ക്‌ ഇതുതന്നെ ചെയ്യാൻ കഴിയും.

ഇതു ചെയ്യാവുന്ന ഒരു വിധം സൃഷ്ടികളെയും അവയെ ഭരിക്കുന്ന നിയമങ്ങളെയും കുറിച്ചു ധ്യാനിക്കുന്നതാണ്‌. ശാസ്‌ത്രജ്ഞർ ഈ നിയമങ്ങളിൽ വിശ്വാസം അർപ്പിക്കുന്നു. ഒറ്റയൊരു കോശം വിഭജിച്ച്‌ മനുഷ്യശരീരത്തിലെ ശതസഹസ്രകോടിക്കണക്കിന്‌ കോശങ്ങളായിത്തീരുന്ന പ്രക്രിയയെ നിയന്ത്രിക്കുന്ന നിയമങ്ങൾ അവയ്‌ക്ക്‌ ഉദാഹരണമാണ്‌. വാസ്‌തവത്തിൽ, മുഴുപ്രപഞ്ചത്തിലെയും ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും സ്വഭാവവിശേഷതകൾ നിർണയിക്കുന്ന നിയമങ്ങൾ തികച്ചും ആശ്രയയോഗ്യനായ ഒരു നിയമനിർമാതാവ്‌ നിർമിച്ചതായിരിക്കണം. അവന്റെ സൃഷ്ടികളെ ഭരിക്കുന്ന നിയമങ്ങളിൽ നിങ്ങൾക്കു വിശ്വാസമുള്ളതുപോലെതന്നെ തീർച്ചയായും അവന്റെ വാഗ്‌ദാനങ്ങളിലും നിങ്ങൾക്കു വിശ്വസിക്കാം.​—⁠സങ്കീർത്തനം 139:​14-16; യെശയ്യാവു 40:26; എബ്രായർ 3:⁠4.

മീഖായുടെ സമകാലീനനായിരുന്ന യെശയ്യാ പ്രവാചകൻ മുഖാന്തരം, ഋതുക്കളുടെ കൃത്യതയെയും അത്ഭുതകരമായ ജലപരിവൃത്തിയെയും ഉപയോഗിച്ചുകൊണ്ട്‌ യഹോവ തന്റെ വാക്കുകളുടെ വിശ്വാസ്യതയെ ചിത്രീകരിച്ചു. എല്ലാ വർഷവും മുടങ്ങാതെ മഴ ലഭിച്ചിരുന്നു. അത്‌ ഭൂമിയെ നനച്ചതിന്റെ ഫലമായി ജനങ്ങൾക്ക്‌ വിത്തു വിതയ്‌ക്കാനും വിള കൊയ്യാനും സാധിച്ചു. ഇതിനോടുള്ള ബന്ധത്തിൽ യഹോവ പറഞ്ഞു: “ആകാശത്തുനിന്നു പെയ്യുന്ന മഴയും മഞ്ഞും യഥാർഥത്തിൽ ഭൂമിയെ നനച്ച്‌ അതിനെ ഫലഭൂയിഷ്‌ഠമാക്കി മുള പുറപ്പെടുവിച്ച്‌ വിതക്കാരനു വിത്തും ഭക്ഷിക്കാൻ അപ്പവും കൊടുക്കാതെ പുറപ്പെട്ടുവന്ന ആ സ്ഥലത്തേക്കു മടങ്ങാത്തതുപോലെ, എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം വെറുതെ എന്റെ അടുക്കലേക്കു മടങ്ങുകയില്ല. പകരം, എനിക്കു പ്രസാദകരമായത്‌ തീർച്ചയായും നിവർത്തിക്കുകയും ഞാൻ എന്തിനുവേണ്ടി അത്‌ അയച്ചുവോ ആ കാര്യം നിശ്ചയമായും നടപ്പാക്കുകയും ചെയ്യും.”​—⁠യെശയ്യാവു 55:​10, 11, NW.

പറുദീസ സംബന്ധിച്ച ഉറപ്പുള്ള വാഗ്‌ദാനങ്ങൾ

സൃഷ്ടിയെ അടുത്തു പരിശോധിക്കുന്നത്‌ സ്രഷ്ടാവിൽ വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും. എന്നാൽ അവന്റെ “വായിൽനിന്നു പുറപ്പെടുന്ന വചന”ത്തിന്റെ ഭാഗമായ വാഗ്‌ദാനങ്ങളെ കുറിച്ചു മനസ്സിലാക്കാൻ അതിൽ കൂടുതൽ ആവശ്യമാണ്‌. ഈ വാഗ്‌ദാനങ്ങളെ കുറിച്ചു പഠിച്ച്‌ അവയിൽ വിശ്വാസം അർപ്പിക്കാൻ, ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യവും മനുഷ്യവർഗവുമായുള്ള അവന്റെ ഇടപെടലുകളെ കുറിച്ചുള്ള വിവരണങ്ങളും അടങ്ങിയ ദിവ്യനിശ്വസ്‌ത തിരുവെഴുത്തുരേഖ നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്‌.​—⁠2 തിമൊഥെയൊസ്‌ 3:​14-17.

മീഖാ പ്രവാചകന്‌ യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വാസം ഉണ്ടായിരുന്നു. മീഖായ്‌ക്ക്‌ ലഭ്യമായിരുന്നതിനെക്കാൾ അധികമായി ദൈവത്തിന്റെ നിശ്വസ്‌ത രേഖ ഇന്ന്‌ നിങ്ങൾക്കു ലഭ്യമാണ്‌. ബൈബിൾ വായിച്ച്‌ അതിനെ കുറിച്ചു ധ്യാനിക്കുമ്പോൾ നിങ്ങൾക്കും ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തിയിൽ വിശ്വാസം വളർത്തിയെടുക്കാൻ കഴിയും. ഈ വാഗ്‌ദാനങ്ങളിൽ അബ്രാഹാമിന്റെ സന്തതിപരമ്പരയിൽ പെട്ടവർ മാത്രമല്ല, മുഴു മനുഷ്യവർഗവും ഉൾപ്പെട്ടിരിക്കുന്നു. ദൈവഭയമുള്ള ആ ഗോത്രപിതാവിനോട്‌ യഹോവ ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്‌പത്തി 22:18) അബ്രാഹാമിന്റെ “സന്തതി”യുടെ മുഖ്യഭാഗം മിശിഹായായ യേശുക്രിസ്‌തു ആണ്‌.​—⁠ഗലാത്യർ 3:16.

അനുസരണമുള്ള മനുഷ്യവർഗത്തിന്‌ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന്‌ യേശുക്രിസ്‌തു മുഖാന്തരം യഹോവ ഉറപ്പുവരുത്തും. നമ്മുടെ കാലത്തേക്കായി ദൈവം എന്താണു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌? പിൻവരുന്ന പ്രാവചനിക വാക്കുകളിൽ മീഖാ 4:​1, 2 ഉത്തരം നൽകുന്നു: “അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.”

യഹോവയുടെ വഴികളെ കുറിച്ചു പഠിക്കുന്നവർ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കുന്നു.’ യുദ്ധം ചെയ്യാനുള്ള പ്രവണത അപ്രത്യക്ഷമാകുന്നു. പെട്ടെന്നുതന്നെ ഭൂമി നീതിനിഷ്‌ഠരായ ആളുകളെക്കൊണ്ടു നിറയും, ആരും അവരെ ഭയപ്പെടുത്തുകയില്ല. (മീഖാ 4:⁠3, 4) അതേ, യേശുക്രിസ്‌തുവിനാലുള്ള രാജ്യഭരണത്തിൻകീഴിൽ യഹോവ സകല പീഡകരെയും ഭൂമിയിൽനിന്ന്‌ ഉന്മൂലനം ചെയ്യുമെന്ന്‌ ദൈവവചനം വാഗ്‌ദാനം ചെയ്യുന്നു.​—⁠യെശയ്യാവു 11:​6-9; ദാനീയേൽ 2:44; വെളിപ്പാടു 11:18.

ദൈവത്തിനെതിരെയുള്ള മനുഷ്യന്റെ മത്സരത്തിന്റെ ഫലമായി കഷ്ടപ്പാട്‌ അനുഭവിച്ച്‌ ഇതിനോടകം മരണമടഞ്ഞവർപോലും ഭൂമിയിൽ നിത്യമായി ജീവിക്കുക എന്ന പ്രതീക്ഷയോടെ ഉയിർത്തെഴുന്നേറ്റു വരും. (യോഹന്നാൻ 5:​28, 29) ദുഷ്ടതയുടെ ശിൽപ്പികളായ സാത്താനും ഭൂതങ്ങളും നിർമാർജനം ചെയ്യപ്പെടും, യേശുവിന്റെ മറുവില യാഗത്തിലൂടെ ആദാമ്യ പാപത്തിന്റെ ഫലങ്ങൾ നീങ്ങിപ്പോകും. (മത്തായി 20:28; റോമർ 3:​23, 24; 5:12; 6:23; വെളിപ്പാടു 20:​1-3) അനുസരണമുള്ള മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും? പറുദീസ ഭൂമിയിൽ പൂർണ ആരോഗ്യത്തോടെ നിത്യമായി ജീവിക്കാനുള്ള അവസരം നൽകി ദൈവം അവരെ അനുഗ്രഹിക്കും!​—⁠സങ്കീർത്തനം 37:​10, 11; ലൂക്കൊസ്‌ 23:⁠43, NW; വെളിപ്പാടു 21:​3-5.

എത്ര മഹത്തായ വാഗ്‌ദാനങ്ങൾ! എന്നാൽ നിങ്ങൾക്ക്‌ അവ വിശ്വസിക്കാൻ കഴിയുമോ? തീർച്ചയായും. സദുദ്ദേശ്യങ്ങളുണ്ടെങ്കിലും വാഗ്‌ദാനങ്ങൾ നിവർത്തിക്കാൻ കഴിവില്ലാത്ത മനുഷ്യരല്ല അവ നൽകിയിരിക്കുന്നത്‌, മറിച്ച്‌ ഭോഷ്‌കു പറയാൻ കഴിയാത്തവനും “തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസി”ക്കാത്തവനുമായ സർവശക്തനായ ദൈവമാണ്‌. (2 പത്രൊസ്‌ 3:9; എബ്രായർ 6:​13-18) ബൈബിളിലെ സകല വാഗ്‌ദാനങ്ങളും നിങ്ങൾക്കു പൂർണമായി വിശ്വസിക്കാം, കാരണം അവയുടെ ഉറവ്‌ ‘സത്യത്തിന്റെ ദൈവമായ യഹോവ’യാണ്‌.​—⁠സങ്കീർത്തനം 31:⁠5, NIBV.

[അടിക്കുറിപ്പ്‌]

^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 1, 911-12 പേജുകൾ കാണുക.

[6-ാം പേജിലെ ആകർഷകവാക്യം]

“യഹോവ നിങ്ങൾക്കു നല്‌കിയ നല്ല വാഗ്‌ദാന ങ്ങളിൽ ഒന്നു പോലും പരാജയപ്പെട്ടിട്ടില്ല.”​—യോശുവ 23:​14, NIBV.

[4, 5 പേജുകളിലെ ചിത്രങ്ങൾ]

ചെങ്കടലിങ്കലും മരുഭൂമിയിലും വെച്ച്‌, യഹോവ ഇസ്രായേല്യർക്കു നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചു

[7 -ാം പേജിലെ ചിത്രങ്ങൾ]

യഹോവ അബ്രാഹാമിന്‌ നൽകിയ വാഗ്‌ദാനം നിവർത്തിച്ചു. അവന്റെ സന്തതിയായ യേശുക്രിസ്‌തു മനുഷ്യവർഗത്തിന്‌ അനുഗ്രഹങ്ങൾ കൈവരുത്തും