വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യനല്ല ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ

മനുഷ്യനല്ല ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ

മനുഷ്യനല്ല ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ

കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടന്ന, “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” എന്ന യഹോവയുടെ സാക്ഷികളുടെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കു കൂടിവന്ന ലോകമെമ്പാടുമുള്ള നീതിസ്‌നേഹികൾ ദൈവത്തിന്‌ എങ്ങനെ മഹത്ത്വം കൊടുക്കാമെന്നു പഠിക്കുകയുണ്ടായി. അവിടെ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ പരിപാടി നമുക്കൊന്നു പുനരവലോകനം ചെയ്യാം.

കൺവെൻഷനുകളിൽ സംബന്ധിച്ചവരിൽ മിക്കവരും മൂന്നു ദിവസവും, അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ സംബന്ധിച്ചവർ നാലു ദിവസവും ബൈബിളധിഷ്‌ഠിത പരിപാടികൾ ശ്രദ്ധിക്കുകയുണ്ടായി. ആത്മീയ കാര്യങ്ങളോടുള്ള ഗ്രാഹ്യവും വിലമതിപ്പും വർധിപ്പിക്കുന്ന പ്രസംഗങ്ങൾ, വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന അനുഭവങ്ങൾ, ബൈബിൾ തത്ത്വങ്ങളുടെ പ്രായോഗികത എടുത്തുകാട്ടുന്ന പ്രകടനങ്ങൾ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ നേരിട്ട വെല്ലുവിളികൾ ചിത്രീകരിക്കുന്ന പുരാതന വേഷവിധാനത്തോടു കൂടിയ ഒരു നാടകം എന്നിവ ഉൾപ്പെടെ മൊത്തം 30-ലധികം തിരുവെഴുത്തധിഷ്‌ഠിത പരിപാടികൾ ശ്രദ്ധിക്കാൻ ഹാജരായവർക്കു കഴിഞ്ഞു. നിങ്ങൾ ആ കൺവെൻഷനിൽ സംബന്ധിച്ചെങ്കിൽ ഈ ലേഖനം വായിക്കുന്ന കൂട്ടത്തിൽ നിങ്ങൾ എഴുതിയ കുറിപ്പുകൂടെ എടുത്തുവെച്ചു നോക്കരുതോ? അങ്ങനെ ചെയ്യുന്നത്‌ സമൃദ്ധമായ ആത്മീയ സദ്യയിൽ പങ്കെടുത്തതിന്റെ മധുരസ്‌മരണകൾ നിങ്ങളുടെ ഓർമയിലേക്കു കൊണ്ടുവരും എന്നതിനു സംശയമില്ല. കൂടാതെ, അതു പ്രബോധനാത്മകവും ആയിരിക്കും.

ഒന്നാം ദിവസത്തെ പ്രതിപാദ്യവിഷയം: ‘യഹോവേ, നീ മഹത്ത്വം കൈക്കൊൾവാൻ യോഗ്യൻ’

ആദ്യ പ്രസംഗകൻ പ്രാരംഭ ഗീതത്തിനും പ്രാർഥനയ്‌ക്കും ശേഷം, കൂടിവന്നിരിക്കുന്നതിന്റെ പ്രധാന കാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള “ദൈവത്തെ മഹത്ത്വപ്പെടുത്താനായി കൂടിവന്നിരിക്കുന്നു” എന്ന പ്രസംഗത്തിലൂടെ ഹാജരായ എല്ലാവരെയും ഊഷ്‌മളമായി സ്വാഗതം ചെയ്‌തു. വെളിപ്പാടു 4:11 ഉദ്ധരിച്ചുകൊണ്ട്‌ അദ്ദേഹം കൺവെൻഷന്റെ ആകമാന പ്രതിപാദ്യവിഷയത്തിന്‌ ഊന്നൽ നൽകി. തുടർന്ന്‌ ദൈവത്തിനു മഹത്ത്വം കൊടുക്കുക എന്നതിന്റെ അർഥം വിശദീകരിക്കപ്പെട്ടു. ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിൽ ‘ആരാധന’യും “നന്ദി കരേറ്റ”ലും “സ്‌തുതി”യും ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ സങ്കീർത്തനപുസ്‌തകം ഉപയോഗിച്ചുകൊണ്ട്‌ അദ്ദേഹം ഊന്നിപ്പറഞ്ഞു.​—⁠സങ്കീർത്തനം 95:​6, NW; 100:4, 5, NW; 111:1, 2.

കാര്യപരിപാടിയിലെ അടുത്ത ഇനം, “ദൈവത്തിനു മഹത്ത്വം കൊടുക്കുന്നവർ അനുഗൃഹീതർ” എന്നതായിരുന്നു. രസകരമായ ഒരു ആശയം പ്രസംഗകൻ സദസ്സിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. 60 ലക്ഷത്തിലധികംവരുന്ന യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുറ്റുമുള്ള 234 രാജ്യങ്ങളിലായതുകൊണ്ട്‌, യഹോവയ്‌ക്കു മഹത്ത്വം കൈവരുത്തുന്നവരെ സംബന്ധിച്ചിടത്തോളം സൂര്യൻ അസ്‌തമിക്കുന്നില്ലെന്നു പറയാവുന്നതാണ്‌. (വെളിപ്പാടു 7:15) പ്രത്യേക മുഴുസമയ സേവനത്തിന്റെ ഏതെങ്കിലും വശത്ത്‌ ആയിരിക്കുന്ന ക്രിസ്‌തീയ സഹോദരീസഹോദരന്മാരുമായുള്ള അഭിമുഖങ്ങൾ, ഹൃദയോഷ്‌മളമായ ഈ പരിപാടിയുടെ ഒരു സവിശേഷതയായിരുന്നു.

“സൃഷ്ടി ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു” എന്നതായിരുന്നു അടുത്ത പ്രസംഗം. ഭൗതിക ആകാശം മൂകമായി നിലകൊള്ളുന്നെങ്കിലും അതു ദൈവത്തിന്റെ മഹത്ത്വം വർണിക്കുകയും അവന്റെ സ്‌നേഹനിർഭരമായ കരുതലുകളോടുള്ള വിലമതിപ്പ്‌ ആഴമുള്ളതാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. വളരെ വ്യക്തമായി ഇതു വിശദീകരിക്കപ്പെടുകയുണ്ടായി.​—⁠യെശയ്യാവു 40:26.

പീഡനം, എതിർപ്പ്‌, ലൗകിക സ്വാധീനങ്ങൾ, പാപപ്രവണതകൾ എന്നിവ സത്യക്രിസ്‌ത്യാനികളുടെ ദൃഢവിശ്വസ്‌തതയ്‌ക്കു വെല്ലുവിളിയാണ്‌. അതുകൊണ്ട്‌, “ദൃഢവിശ്വസ്‌തതയുടെ പാതയിൽ നടക്കുവിൻ” എന്ന പ്രസംഗം സദസ്സിന്റെ അടുത്ത ശ്രദ്ധ അർഹിക്കുന്ന ഒന്നായിരുന്നു. 26-ാം സങ്കീർത്തനത്തിന്റെ വാക്യാനുവാക്യ പരിചിന്തനവും അതോടൊപ്പം ധാർമികതയുടെ കാര്യത്തിൽ സ്‌കൂളിൽ ഉറച്ച നിലപാടു സ്വീകരിച്ച ഒരു സാക്ഷിയുമായും ചോദ്യംചെയ്യത്തക്ക വിനോദങ്ങൾക്കായി ധാരാളം സമയം ചെലവഴിച്ചിരുന്നതും ആ പ്രശ്‌നത്തെ തരണം ചെയ്യാനായി പടികൾ സ്വീകരിച്ചതുമായ മറ്റൊരു സാക്ഷിയുമായും ഉള്ള അഭിമുഖങ്ങളും നടത്തപ്പെട്ടു.

“മഹത്തായ പ്രാവചനിക ദർശനങ്ങൾ നമ്മെ ഉത്സാഹഭരിതരാക്കുന്നു!” എന്ന മുഖ്യവിഷയ പ്രസംഗമായിരുന്നു രാവിലത്തെ പരിപാടികളിൽ അവസാനത്തെ ഇനം. ദൈവത്തിന്റെ മിശിഹൈക രാജ്യത്തിന്റെ സ്ഥാപിക്കലിനോടും പ്രവർത്തനത്തോടും ബന്ധപ്പെട്ട മഹത്തായ പ്രാവചനിക ദർശനങ്ങളാൽ വിശ്വാസം ശക്തീകരിക്കപ്പെട്ട ദാനീയേൽ പ്രവാചകൻ, അപ്പൊസ്‌തലന്മാരായ യോഹന്നാൻ, പത്രൊസ്‌ എന്നിവരുടെ ദൃഷ്ടാന്തങ്ങൾ പ്രസംഗകൻ പരാമർശിച്ചു. നാം ജീവിക്കുന്നത്‌ അന്ത്യകാലത്താണ്‌ എന്നു പ്രകടമാക്കുന്ന വ്യക്തമായ തെളിവ്‌ മറന്നുപോയിരിക്കാവുന്ന ആരെയും സംബന്ധിച്ച്‌ പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “അങ്ങനെയുള്ളവർ രാജ്യമഹത്ത്വത്തിലുള്ള ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ യാഥാർഥ്യത്തിൽ വീണ്ടും ശ്രദ്ധകേന്ദ്രീകരിച്ച്‌ ആത്മീയ ബലം വീണ്ടെടുക്കുമെന്ന്‌ ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.”

“താഴ്‌മയുള്ളവർക്ക്‌ യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു” എന്ന പ്രസംഗത്തോടെയാണ്‌ ഉച്ചകഴിഞ്ഞുള്ള പരിപാടികൾ തുടങ്ങിയത്‌. അഖിലാണ്ഡത്തിലെ ഏറ്റവും ഉയർന്നവനെങ്കിലും, താഴ്‌മയോടുള്ള ബന്ധത്തിൽ യഹോവ ഒരു നല്ല മാതൃക ആയിരിക്കുന്നത്‌ എപ്രകാരമാണെന്നു പ്രസംഗകൻ വിശദമാക്കി. (സങ്കീർത്തനം 18:​35, NW) യഥാർഥ താഴ്‌മ ഉള്ളവരോട്‌ യഹോവ പ്രീതി കാട്ടുന്നു. എന്നാൽ, തങ്ങളുടെ സമസ്ഥാനീയരോടും മേലധികാരികളോടും ഇടപെടുമ്പോൾ മാത്രം താഴ്‌മയുള്ളവരായി കാണപ്പെടുകയും തങ്ങളുടെ മേൽനോട്ടത്തിൻ കീഴിലുള്ളവരോട്‌ പരുഷമായി ഇടപെടുകയും ചെയ്യുന്നവരെ യഹോവ വെറുക്കുന്നു.​—⁠സങ്കീർത്തനം 138:⁠6.

അടുത്തത്‌ ഒരു സിമ്പോസിയം ആയിരുന്നു. “ആമോസിന്റെ പ്രവചനം​—⁠നമ്മുടെ നാളിലേക്കുള്ള അതിന്റെ സന്ദേശം” എന്നതായിരുന്നു അതിന്റെ കേന്ദ്ര പ്രതിപാദ്യവിഷയം. ആ പ്രതിപാദ്യവിഷയത്തിന്റെ വ്യത്യസ്‌ത വശങ്ങളെ എടുത്തുകാട്ടിക്കൊണ്ട്‌ അത്‌ ബൈബിൾ പ്രവചനം വിശേഷവത്‌കരിച്ചു. ആമോസിന്റെ ദൃഷ്ടാന്തം ചൂണ്ടിക്കാണിച്ചുകൊണ്ട്‌, യഹോവയുടെ ആഗതമാകുന്ന ന്യായവിധിയെ കുറിച്ച്‌ ആളുകൾക്കു മുന്നറിയിപ്പു നൽകാനുള്ള നമ്മുടെ ഉത്തരവാദിത്വത്തിലേക്ക്‌ ആദ്യ പ്രസംഗകൻ ശ്രദ്ധ ക്ഷണിച്ചു. അദ്ദേഹം നിർവഹിച്ച പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം “ദൈവവചനം ധൈര്യത്തോടെ ഘോഷിക്കുക” എന്നതായിരുന്നു. രണ്ടാമത്തെ പ്രസംഗകൻ ഈ ചോദ്യം ഉന്നയിച്ചു: “ഈ ഭൂമിയിലെ ദുഷ്ടതയ്‌ക്കും യാതനയ്‌ക്കും യഹോവ എന്നെങ്കിലും അറുതി വരുത്തുമോ?” ദിവ്യന്യായവിധി എല്ലായ്‌പോഴും അത്‌ അർഹിക്കുന്നവരുടെ മേൽ മാത്രമേ വരികയുള്ളു എന്നും അത്‌ തെറ്റിയൊഴിയുക സാധ്യമല്ലെന്നും അത്‌ ദുഷ്ടന്മാരെ മാത്രമേ തിരഞ്ഞുപിടിക്കുകയുള്ളു എന്നും “ദുഷ്ടന്മാർക്കെതിരെ ദിവ്യന്യായവിധി” എന്ന അദ്ദേഹത്തിന്റെ പരിപാടി വ്യക്തമാക്കി. “യഹോവ ഹൃദയത്തെ ശോധന ചെയ്യുന്നു” എന്നതായിരുന്നു സിമ്പോസിയത്തിന്റെ അവസാന ഭാഗം. യഹോവയെ പ്രസാദിപ്പിക്കാൻ വാഞ്‌ഛിക്കുന്നവർ ആമോസ്‌ 5:​15-ലെ (NW) വാക്കുകൾക്കു ശ്രദ്ധ നൽകണം: “തിന്മയെ വെറുത്ത്‌ നന്മയെ സ്‌നേഹിക്കുക.”

ഹൃദയത്തെ സന്തോഷിപ്പിക്കുന്ന, വീഞ്ഞ്‌ പോലുള്ള ലഹരിപാനീയങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഒരാൾ കുടിച്ചു ലക്കുകെടുന്നില്ലെങ്കിൽപ്പോലും, മദ്യത്തിന്റെ അമിതോപയോഗം നിമിത്തം ഉണ്ടാകുന്ന ശാരീരികവും ആത്മീയവുമായ അപകടങ്ങൾ ഏതൊക്കെയാണെന്ന്‌ “മദ്യദുരുപയോഗത്തിന്റെ കെണി ഒഴിവാക്കുക” എന്ന പ്രതിപാദ്യവിഷയം വികസിപ്പിക്കവേ പ്രസംഗകൻ പറഞ്ഞു. നമ്മെ നയിക്കേണ്ട ഒരു തത്ത്വം അദ്ദേഹം അവതരിപ്പിച്ചു: മദ്യത്തിന്റെ കാര്യത്തിൽ ഓരോ വ്യക്തിക്കുമുള്ള കെൽപ്പ്‌ വ്യത്യസ്‌തമാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ ‘പ്രായോഗിക ജ്ഞാനത്തെയും ചിന്താപ്രാപ്‌തിയെയും’ വികലമാക്കുന്ന വിധത്തിലുള്ള ഏതൊരു അളവും നിങ്ങളെ സംബന്ധിച്ചിടത്തോളം അമിതമാണ്‌.​—⁠സദൃശവാക്യങ്ങൾ 3:21, 22, NW.

നാം ജീവിക്കുന്നത്‌ നിർണായക നാളുകളിൽ ആയതിനാൽ, “യഹോവ, ‘അരിഷ്ടകാലത്തു നമ്മുടെ ദുർഗം’” എന്ന അടുത്ത പ്രസംഗം വളരെ ആശ്വാസദായകമായിരുന്നു. പ്രാർഥനയ്‌ക്കും പരിശുദ്ധാത്മാവിനും സഹക്രിസ്‌ത്യാനികൾക്കും ക്ലേശങ്ങളെ വിജയകരമായി നേരിടാൻ നമ്മെ സഹായിക്കാനാകും.

“‘നല്ല ദേശം’​—⁠പറുദീസയുടെ പൂർവദർശനം” എന്ന ആ ദിവസത്തെ അവസാന പ്രസംഗത്തിനൊടുവിൽ എല്ലാവരും സന്തോഷഭരിതരായി​—⁠അനവധി ബൈബിൾ ഭൂപടങ്ങളുള്ള ഒരു പുതിയ പ്രസിദ്ധീകരണം പ്രകാശനം ചെയ്യപ്പെട്ടു! അതിന്റെ പേര്‌, കാണ്മിൻ! ആ ‘നല്ല ദേശം’ എന്നാണ്‌.

രണ്ടാം ദിവസത്തെ പ്രതിപാദ്യവിഷയം: “ജനതകളുടെ ഇടയിൽ അവന്റെ മഹത്ത്വം ഘോഷിക്കുവിൻ”

ദിനവാക്യ പരിചിന്തനത്തെ തുടർന്ന്‌ കൺവെൻഷന്റെ രണ്ടാമത്തെ സിമ്പോസിയം അവതരിപ്പിക്കപ്പെട്ടു, “‘യഹോവയുടെ മഹത്ത്വത്തെ കണ്ണാടികൾപോലെ പ്രതിഫലിപ്പിക്കുക’” എന്നതായിരുന്നു പ്രതിപാദ്യവിഷയം. “എല്ലായിടത്തും സുവാർത്ത വ്യാപിപ്പിച്ചുകൊണ്ട്‌” എന്ന പ്രതിപാദ്യവിഷയത്തെ കേന്ദ്രീകരിച്ചുള്ള ആദ്യ ഭാഗത്തിൽ യഥാർഥ വയൽസേവന അനുഭവങ്ങൾ പുനരവതരിപ്പിക്കുകയുണ്ടായി. “അന്ധരാക്കപ്പെട്ടവരിൽനിന്ന്‌ മൂടുപടം നീക്കിക്കൊണ്ട്‌” എന്ന പ്രതിപാദ്യവിഷയത്തോടുകൂടിയ രണ്ടാം ഭാഗം ഒരു മടക്കസന്ദർശനം നടത്തുന്ന വിധം കാണിക്കുന്ന ഒരു പ്രകടനം ഉൾപ്പെടുന്നതായിരുന്നു. “ശുശ്രൂഷയിൽ അധികം വർധിച്ചുവന്നുകൊണ്ട്‌” എന്ന അവസാന ഭാഗത്തിന്‌ വയലിൽനിന്നുള്ള അനുഭവങ്ങൾ ഉൾപ്പെടുന്ന രസകരമായ അഭിമുഖങ്ങൾ കൊഴുപ്പുകൂട്ടി.

കാര്യപരിപാടിയിലെ അടുത്ത ഇനം “കാരണം കൂടാതെ ദ്വേഷിക്കപ്പെടുന്നു” എന്നതായിരുന്നു. ദൈവത്തിന്റെ ശക്തിയാൽ എതിർപ്പിന്മധ്യേ ദൃഢവിശ്വസ്‌തത പാലിച്ചവരുമായുള്ള അത്യന്തം പ്രോത്സാഹജനകമായ അഭിമുഖങ്ങൾ അതിലുണ്ടായിരുന്നു.

കൺവെൻഷനുകളുടെ ശ്രദ്ധേയമായ ഒരു ഇനമാണ്‌ സ്‌നാപനപ്രസംഗവും അതേത്തുടർന്നുള്ള യോഗ്യതയുള്ള സ്‌നാപനാർഥികളുടെ പൂർണമായ ജലനിമജ്ജനവും. യഹോവയോടുള്ള ഒരു വ്യക്തിയുടെ പൂർണമായ സമർപ്പണത്തിന്റെ പ്രതീകമാണ്‌ ജലസ്‌നാപനം. അതുകൊണ്ട്‌, “സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നത്‌ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു” എന്ന പ്രതിപാദ്യവിഷയം സമുചിതമായിരുന്നു.

“മഹത്ത്വം സംബന്ധിച്ച്‌ ക്രിസ്‌തുസമാന വീക്ഷണം നട്ടുവളർത്തുക” എന്ന പ്രസംഗത്തോടെയാണ്‌ ഉച്ചകഴിഞ്ഞുള്ള പരിപാടികൾ തുടങ്ങിയത്‌. ആത്മപരിശോധനയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായിരുന്നു അത്‌. പ്രസംഗകൻ രസകരമായ പിൻവരുന്ന ആശയം പരാമർശിക്കുകയുണ്ടായി: ക്രിസ്‌തുവിന്റെ താഴ്‌മ അനുകരിക്കുന്നതിൽനിന്ന്‌ മഹത്ത്വം കൈവരുന്നു. അതിനാൽ, വ്യക്തിപരമായ മോഹങ്ങൾ തൃപ്‌തിപ്പെടുത്താനായി ഒരു ക്രിസ്‌ത്യാനി ഉത്തരവാദിത്വ സ്ഥാനങ്ങൾ കാംക്ഷിക്കരുത്‌. അയാൾ സ്വയം ഇങ്ങനെ ചോദിക്കണം: ‘മറ്റുള്ളവർക്കു പെട്ടെന്നു കാണാൻ കഴിയാത്ത തരം സഹായ പ്രവൃത്തികൾ ചെയ്യാൻ ഞാൻ സന്നദ്ധനാണോ?’

നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ക്ഷീണം തോന്നിയിട്ടുണ്ടോ? ഉത്തരം വ്യക്തമാണ്‌. “ക്ഷീണിതർ എങ്കിലും തളർന്നുപോകുന്നില്ല” എന്ന പ്രസംഗം എല്ലാവരും വിലമതിച്ചു. യഹോവയ്‌ക്ക്‌ ‘തന്റെ ആത്മാവിനാൽ നമ്മെ ബലപ്പെടുത്താനാകു’മെന്ന്‌ ദീർഘകാല സാക്ഷികളുമായുള്ള അഭിമുഖങ്ങൾ പ്രകടമാക്കി.​—⁠എഫെസ്യർ 3:16.

ഔദാര്യശീലം ജന്മനാ ലഭിക്കുന്നതല്ല. അത്‌ നാം പഠിച്ചെടുക്കേണ്ടതാണ്‌. “‘ദാനശീലരും ഔദാര്യമുള്ളവരും ആയിരിക്കാം’” എന്ന പ്രസംഗത്തിൽ ഈ മുഖ്യാശയത്തിന്‌ ഊന്നൽ നൽകപ്പെട്ടു. പ്രസംഗകൻ ചിന്തോദ്ദീപകമായ ഈ ചോദ്യം ചോദിച്ചു: “പ്രായംചെന്നവരോ രോഗികളോ വിഷാദമഗ്നരോ ഏകാന്തത അനുഭവിക്കുന്നവരോ ആയ നമ്മുടെ സഹോദരീസഹോദരന്മാരോടൊപ്പം നമ്മുടെ ദിവസത്തിന്റെ ഏതാനും നിമിഷങ്ങൾ പങ്കിടാൻ ഒരുക്കമുള്ളവരാണോ നാം?”

“‘അന്യന്മാരുടെ ശബ്ദം’ സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക” എന്ന പരിപാടി സദസ്സിനെ പിടിച്ചിരുത്തുന്നതായിരുന്നു. ഈ പ്രസംഗം യേശുവിന്റെ അനുഗാമികളെ “അന്യന്മാരുടെ ശബ്ദ”ത്തിന്‌ ശ്രദ്ധനൽകാതിരിക്കുന്ന ആടുകളോട്‌ ഉപമിച്ചു. അവർ യേശുവിന്റെ ശബ്ദം മാത്രം കേൾക്കുകയും, പിശാചിന്റെ നിയന്ത്രണത്തിലുള്ള പല മനുഷ്യ ഏജൻസികളിലൂടെ ഉച്ചരിക്കപ്പെടുന്നതുപോലുള്ള അന്യന്മാരുടെ ശബ്ദത്തിന്‌ ശ്രദ്ധ നൽകാതിരിക്കുകയും ചെയ്യുന്നു.​—⁠യോഹന്നാൻ 10:5, 14, 27.

ഒരു ഗായകസംഘം സ്വരൈക്യത്തോടെ പാടിയാൽ മാത്രമേ ശ്രോതാക്കൾക്ക്‌ അതിലെ വാക്കുകൾ തിരിച്ചറിയാൻ കഴിയൂ. ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിന്‌, ലോകത്തിനു ചുറ്റുമുള്ള സത്യാരാധകർ ഏകീകൃതർ ആയിരിക്കണം. അതിനാൽ, നമുക്കെല്ലാം എങ്ങനെ ഒരേയൊരു “നിർമല ഭാഷ” സംസാരിക്കാം, “തോളോടു തോൾ ചേർന്ന്‌” യഹോവയെ എങ്ങനെ സേവിക്കാം എന്നിവ സംബന്ധിച്ച പ്രയോജനകരമായ വിവരങ്ങൾ “‘ഒരു വായിനാൽ’ യഹോവയെ മഹത്ത്വപ്പെടുത്തുക” എന്ന പ്രസംഗത്തിലൂടെ ലഭിച്ചു.​—⁠സെഫന്യാവു 3:​9, NW.

“നമ്മുടെ മക്കൾ​—⁠അവകാശമായി ലഭിച്ച അമൂല്യ സ്വത്ത്‌” എന്ന ആ ദിവസത്തെ അവസാന പ്രസംഗം മാതാപിതാക്കൾക്ക്‌, പ്രത്യേകിച്ച്‌ കൊച്ചുകുട്ടികളുള്ള മാതാപിതാക്കൾക്ക്‌ നന്നേ ഇഷ്ടപ്പെട്ടു. 256 പേജുള്ള ഒരു പുതിയ പ്രസിദ്ധീകരണത്തിന്റെ പ്രകാശനം സദസ്സിനെ പുളകിതരാക്കി. ദൈവത്തിന്റെ ദാനമായ സ്വന്തം കുട്ടികളോടൊത്ത്‌ ആത്മീയമായി പ്രതിഫലദായകമായ സമയം ചെലവഴിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ഒരു പുസ്‌തകമാണ്‌ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്നത്‌.

മൂന്നാം ദിവസത്തെ പ്രതിപാദ്യവിഷയം: “എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിൻ”

കൺവെൻഷന്റെ അവസാന ദിവസം തുടങ്ങിയത്‌ ദിനവാക്യത്തിൽനിന്നുള്ള ആത്മീയ ഓർമിപ്പിക്കലുകളോടെയാണ്‌. അന്നത്തെ പരിപാടികളുടെ ആദ്യഭാഗം കുടുംബക്രമീകരണത്തിന്‌ കൂടുതലായ ഊന്നൽ നൽകി. “മാതാപിതാക്കളേ, നിങ്ങളുടെ കുടുംബത്തെ കരുത്തുറ്റതാക്കുക” എന്ന ആദ്യപ്രസംഗം അന്നത്തെ പരിപാടികൾക്കായി സദസ്യരുടെ മനസ്സിനെ ഒരുക്കി. കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതാനുള്ള ഉത്തരവാദിത്വങ്ങൾ പുനരവലോകനം ചെയ്‌തശേഷം, മാതാപിതാക്കളുടെ പ്രാഥമിക ഉത്തരവാദിത്വം കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾക്കായി കരുതുക എന്നതാണെന്ന്‌ പ്രസംഗകൻ തെളിയിച്ചു.

അടുത്ത പ്രസംഗകൻ യുവപ്രായക്കാരെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ “യുവജനങ്ങൾ യഹോവയെ സ്‌തുതിക്കുന്ന വിധം” എന്ന വിഷയം വികസിപ്പിച്ചു. യുവജനങ്ങൾ എണ്ണത്തിൽ വളരെയധികവും അവരുടെ യൗവന തീക്ഷ്‌ണത നവോന്മേഷദായകവും ആയിരിക്കുന്നതിനാൽ അവർ ‘മഞ്ഞുതുള്ളികൾ’ പോലെയാണെന്ന്‌ അദ്ദേഹം പറഞ്ഞു. യഹോവയുടെ സേവനത്തിൽ അവരോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ മുതിർന്നവർ സന്തോഷമുള്ളവരാണ്‌. (സങ്കീർത്തനം 110:3) മാതൃകായോഗ്യരായ യുവജനങ്ങളുമായുള്ള രസകരമായ അഭിമുഖങ്ങളും ആ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

പുരാതന വേഷവിധാനത്തോടുകൂടിയ ബൈബിൾ നാടകങ്ങൾ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളുടെ ആവേശജനകമായ ഒരു പ്രത്യേകതയാണ്‌. ഈ കൺവെൻഷനും ഇതിൽനിന്നു വ്യത്യസ്‌തമല്ലായിരുന്നു. “എതിർപ്പിൻ മധ്യേ ധൈര്യപൂർവം സാക്ഷീകരിക്കൽ” എന്ന നാടകം യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികളെ ചിത്രീകരിക്കുന്നതായിരുന്നു. അത്‌ കേവലം രസകരമായിരിക്കുന്നതിലുപരി പ്രബോധനാത്മകവും ആയിരുന്നു. അതേത്തുടർന്നുള്ള, “‘അവിരാമം’ സുവാർത്ത ഘോഷിക്കുക” എന്ന പ്രസംഗം, നാടകത്തിലെ മുഖ്യാശയങ്ങൾക്ക്‌ ഊന്നൽ നൽകി.

ഞായറാഴ്‌ചത്തെ പരിപാടികളിലെ ഒരു സവിശേഷ ഇനമായിരുന്ന “ഇന്ന്‌ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത്‌ ആരാണ്‌?” എന്ന പരസ്യപ്രസംഗം കേൾക്കാൻ മുഴു സദസ്സും ആകാംക്ഷയോടിരിക്കുകയായിരുന്നു. പൊതുവിലുള്ള ശാസ്‌ത്രീയവും മതപരവുമായ മേഖലകൾ ദൈവത്തെ മഹത്ത്വപ്പെടുത്താതിരുന്നിട്ടുള്ളത്‌ എങ്ങനെയാണ്‌ എന്നതു സംബന്ധിച്ച്‌ പ്രസംഗകൻ മതിയായ തെളിവുകൾ നിരത്തി. യഹോവയെ കുറിച്ചുള്ള സത്യം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അവന്റെ നാമത്തിനായുള്ള ജനം മാത്രമാണ്‌ ഇന്ന്‌ അവന്റെ നാമം യഥാർഥത്തിൽ മഹത്ത്വപ്പെടുത്തുന്നത്‌.

പരസ്യപ്രസംഗത്തെ തുടർന്ന്‌, ആ വാരത്തിലെ വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ സംഗ്രഹം ഉണ്ടായിരുന്നു. അതിനെ തുടർന്ന്‌ “യഹോവയുടെ മഹത്ത്വത്തിനായി ‘വളരെ ഫലം കായ്‌ക്കുക’” എന്ന ഉപസംഹാര പ്രസംഗം നടന്നു. സ്രഷ്ടാവായ യഹോവയ്‌ക്ക്‌ മഹത്ത്വം കൊടുക്കാൻ കഴിയുന്ന വ്യത്യസ്‌ത വിധങ്ങളെ കേന്ദ്രീകരിച്ചുള്ള, പത്ത്‌ ആശയങ്ങൾ അടങ്ങുന്ന ഒരു പ്രമേയം സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും അംഗീകാരത്തിനായി പ്രസംഗകൻ അവതരിപ്പിച്ചു. ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നടന്ന എല്ലാ കൺവെൻഷനുകളിലെയും സമ്മിളിതർ ഏകസ്വരത്തിൽ ‘ഉവ്വ്‌’ എന്ന്‌ പ്രതിവചിച്ചു.

“ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” എന്ന വിഷയം ഹാജരായ ഓരോരുത്തരുടെയും കാതിൽ പ്രതിധ്വനിപ്പിച്ചുകൊണ്ട്‌ കൺവെൻഷൻ അതിന്റെ പരിസമാപ്‌തിയിലേക്കു വന്നു. യഹോവയുടെ ആത്മാവിന്റെയും അവന്റെ സംഘടനയുടെ ദൃശ്യഭാഗത്തിന്റെയും സഹായത്തോടെ നമുക്ക്‌ എപ്പോഴും മനുഷ്യനല്ല ദൈവത്തിനു മഹത്ത്വം കൊടുക്കാം.

[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

അന്താരാഷ്‌ട്ര കൺവെൻഷനുകൾ

ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്‌, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നാലു ദിവസത്തെ അന്താരാഷ്‌ട്ര കൺവെൻഷനുകൾ നടക്കുകയുണ്ടായി. ഈ കൺവെൻഷനുകളിൽ പ്രതിനിധികളായി സംബന്ധിക്കാൻ ലോകമെമ്പാടുനിന്നുമുള്ള സാക്ഷികൾക്കു ക്ഷണം ലഭിച്ചു. ഈ വിധത്തിൽ, അതിഥികൾക്കും ആതിഥേയർക്കുമിടയിൽ “പ്രോത്സാഹന കൈമാറ്റം” നടന്നു. (റോമർ 1:​12, NW) പഴയ പരിചയങ്ങൾ പുതുക്കുകയും പുതിയവ തുടങ്ങുകയും ചെയ്‌തു. അന്താരാഷ്‌ട്ര കൺവെൻഷനുകളുടെ ഒരു പ്രത്യേകതയായിരുന്നു “മറ്റു നാടുകളിൽനിന്നുള്ള റിപ്പോർട്ടുകൾ” എന്ന പരിപാടി.

[25-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ദൈവത്തിനു മഹത്ത്വം കൊടുക്കുന്ന പുതിയ പ്രസിദ്ധീകരണങ്ങൾ

“ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പുതിയ രണ്ട്‌ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ബൈബിൾ അറ്റ്‌ലസ്‌ ആയിരുന്നു ഒന്ന്‌. അതിന്‌ ഈടുനിൽക്കുന്ന പുറംചട്ടയുണ്ട്‌. കൂടാതെ, 36 പേജുകളിലായി ബൈബിൾ സ്ഥലങ്ങളുടെ ഭൂപടങ്ങളും ഫോട്ടോകളും ഉണ്ട്‌. എല്ലാ താളുകളും മുഴുവർണത്തിലാണ്‌. മാത്രമല്ല, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം എന്നീ സാമ്രാജ്യങ്ങളുടെ ഭൂപടങ്ങളും ഇതിലുണ്ട്‌. യേശുവിന്റെ ശുശ്രൂഷയും ക്രിസ്‌ത്യാനിത്വത്തിന്റെ വികസനവും ഉൾക്കൊള്ളുന്ന വ്യത്യസ്‌ത ഭൂപടങ്ങളും ഇതിലുണ്ട്‌.

മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന 256 പേജുള്ള പുസ്‌തകത്തിൽ ഏതാണ്ട്‌ 230 ചിത്രങ്ങളുണ്ട്‌. ചിത്രങ്ങൾ കാണിച്ചുകൊണ്ടും പുസ്‌തകത്തിൽ കൊടുത്തിരിക്കുന്ന ചിന്തോദ്ദീപകമായ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിക്കൊണ്ടും കുട്ടികളോടൊത്ത്‌ ആസ്വാദ്യമായ നിരവധി നല്ല അവസരങ്ങൾ ചെലവഴിക്കാനാകും. യുവപ്രായക്കാരുടെ ധാർമികതയെ ദുഷിപ്പിക്കാനായി അവരുടെമേൽ സാത്താൻ അഴിച്ചുവിടുന്ന ആക്രമണത്തിനുള്ള പ്രത്യാക്രമണമാണ്‌ ഈ പുതിയ പ്രസിദ്ധീകരണം.

[23-ാം പേജിലെ ചിത്രം]

വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്ന അനുഭവങ്ങൾ മിഷനറിമാർ പങ്കുവെച്ചു

[24-ാം പേജിലെ ചിത്രങ്ങൾ]

“ദൈവത്തിനു മഹത്ത്വം കൊടുക്കു വിൻ” കൺവെൻഷ നുകളുടെ ഒരു പ്രധാന സവിശേഷതയാ യിരുന്നു സ്‌നാപനം

[24-ാം പേജിലെ ചിത്രങ്ങൾ]

പ്രായഭേദമെന്യേ എല്ലാവരും ബൈബിൾ നാടകം ആസ്വദിച്ചു