വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ മഹിമ അഗോചരം

യഹോവയുടെ മഹിമ അഗോചരം

യഹോവയുടെ മഹിമ അഗോചരം

“യഹോവ വലിയവനും അത്യന്തം സ്‌തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.”​—⁠സങ്കീർത്തനം 145:⁠3.

1, 2. ദാവീദ്‌ എങ്ങനെയുള്ള വ്യക്തിയായിരുന്നു, ദൈവത്തോടുള്ള ബന്ധത്തിൽ അവൻ തന്നെത്തന്നെ എങ്ങനെ വീക്ഷിച്ചു?

ചരിത്രത്തിലെ ഒരു വിഖ്യാത പുരുഷനാണ്‌ 145-ാം സങ്കീർത്തനത്തിന്റെ രചയിതാവ്‌. ബാലനായിരിക്കെ അവൻ ഒരു സായുധ മല്ലനെ നേരിടുകയും വധിക്കുകയും ചെയ്‌തു. കൂടാതെ, ഒരു യോദ്ധാവാം രാജാവെന്ന നിലയിലും ഈ സങ്കീർത്തനക്കാരൻ അനവധി ശത്രുക്കളെ കീഴടക്കി. ദാവീദ്‌ എന്ന്‌ പേരുണ്ടായിരുന്ന അവൻ പുരാതന ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്നു. മരണാനന്തരവും ദാവീദിന്റെ കീർത്തി നിലനിന്നുപോന്നു, അതുകൊണ്ട്‌, ഇക്കാലത്തുപോലും ദശലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ അവനെ കുറിച്ച്‌ എന്തെങ്കിലുമൊക്കെ അറിയാം.

2 നേട്ടങ്ങൾ കൈവരിച്ചെങ്കിലും ദാവീദിന്‌ താഴ്‌മയുണ്ടായിരുന്നു. യഹോവയെ കുറിച്ച്‌ അവൻ ഇങ്ങനെ പാടി: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” (സങ്കീർത്തനം 8:3, 4) താൻ വലിയവനാണെന്നു വിചാരിക്കുന്നതിനു പകരം, ശത്രുക്കളിൽനിന്നെല്ലാം വിടുതൽ ലഭിച്ചതിന്റെ ബഹുമതി അവൻ യഹോവയ്‌ക്കു നൽകുകയും ദൈവത്തെ കുറിച്ച്‌ ഇപ്രകാരം പറയുകയും ചെയ്‌തു: “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത [“താഴ്‌മ,” NW] എന്നെ വലിയവനാക്കിയിരിക്കുന്നു.” (2 ശമൂവേൽ 22:1, 2, 36) പാപികളോട്‌ കരുണ കാണിക്കുന്നതിൽ യഹോവ താഴ്‌മ പ്രകടമാക്കുന്നു. ദൈവത്തിന്റെ അനർഹദയയെ ദാവീദ്‌ വിലമതിച്ചിരുന്നു.

‘ദൈവമായ രാജാവിനെ ഞാൻ പുകഴ്‌ത്തും’

3. (എ) ഇസ്രായേലിന്റെ രാജത്വം സംബന്ധിച്ച ദാവീദിന്റെ വീക്ഷണം എന്തായിരുന്നു? (ബി) യഹോവയെ സ്‌തുതിക്കാൻ ദാവീദ്‌ എത്രത്തോളം ആഗ്രഹിച്ചിരുന്നു?

3 ദൈവത്തിന്റെ നിയുക്ത രാജാവായിരുന്നിട്ടും, ഇസ്രായേലിന്റെ യഥാർഥ രാജാവെന്ന നിലയിൽ ദാവീദ്‌ കണ്ടത്‌ യഹോവയെ ആണ്‌. അവൻ ഇങ്ങനെ പറഞ്ഞു: “യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1 ദിനവൃത്താന്തം 29:11) ദാവീദ്‌ ദൈവത്തെ ഭരണാധികാരി എന്ന നിലയിൽ വളരെയധികം വിലമതിച്ചിരുന്നു! “എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്‌ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്‌ത്തും. നാൾതോറും [“മുഴുദിനവും,” NW] ഞാൻ നിന്നെ വാഴ്‌ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്‌തുതിക്കും” എന്ന്‌ അവൻ പാടി. (സങ്കീർത്തനം 145:1, 2) മുഴുദിനവും സകല നിത്യതയിലും യഹോവയാം ദൈവത്തെ സ്‌തുതിക്കുക എന്നതായിരുന്നു ദാവീദിന്റെ ആഗ്രഹം.

4. വ്യാജമായ ഏത്‌ അവകാശവാദങ്ങളെയാണ്‌ 145-ാം സങ്കീർത്തനം തുറന്നുകാട്ടുന്നത്‌?

4 തന്റെ സൃഷ്ടികളിൽനിന്ന്‌ സ്വാതന്ത്ര്യം പിടിച്ചുവെക്കുന്ന സ്വാർഥനായ ഒരു ഭരണാധികാരിയാണ്‌ ദൈവം എന്ന സാത്താന്റെ അവകാശവാദത്തിനുള്ള ശക്തമായ ഒരു ഉത്തരമാണ്‌ 145-ാം സങ്കീർത്തനം. (ഉല്‌പത്തി 3:1-5) ദൈവത്തെ അനുസരിക്കുന്നവർ കേവലം സ്വാർഥമായ ആന്തരത്തോടെയാണ്‌ അതു ചെയ്യുന്നതെന്നും അല്ലാതെ അവനോടു സ്‌നേഹമുള്ളതുകൊണ്ടല്ലെന്നും ഉള്ള സാത്താന്റെ നുണയെയും ഈ സങ്കീർത്തനം തുറന്നുകാട്ടുന്നു. (ഇയ്യോബ്‌ 1:9-11; 2:4, 5) ദാവീദിനെപ്പോലെ ഇക്കാലത്തെ സത്യക്രിസ്‌ത്യാനികളും പിശാചിന്റെ വ്യാജാരോപണങ്ങൾക്കു മറുപടി കൊടുത്തുകൊണ്ടാണിരിക്കുന്നത്‌. യഹോവയെ നിത്യതയിലുടനീളം സ്‌തുതിക്കാൻ ആഗ്രഹിക്കുന്നതു നിമിത്തം രാജ്യഭരണത്തിൻ കീഴിലെ നിത്യജീവന്റെ പ്രത്യാശയെ അവർ അമൂല്യമായി കരുതുന്നു. യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുകയും യഹോവയുടെ സമർപ്പിതരും സ്‌നാപനമേറ്റവരുമായ ആരാധകരെന്ന നിലയിൽ സ്‌നേഹം നിമിത്തം അവനെ അനുസരണയോടെ സേവിക്കുകയും ചെയ്‌തുകൊണ്ട്‌ ദശലക്ഷങ്ങൾ ഇതിനോടകംതന്നെ അങ്ങനെ ചെയ്‌തുതുടങ്ങിയിരിക്കുന്നു.​—⁠റോമർ 5:8; 1 യോഹന്നാൻ 5:⁠3.

5, 6. യഹോവയെ വാഴ്‌ത്താനും സ്‌തുതിക്കാനും എന്ത്‌ അവസരങ്ങളാണ്‌ ഉള്ളത്‌?

5 യഹോവയുടെ ദാസരെന്ന നിലയിൽ അവനെ വാഴ്‌ത്താനും സ്‌തുതിക്കാനുമായി നമുക്കുള്ള അനവധി അവസരങ്ങളെ കുറിച്ചു ചിന്തിച്ചുനോക്കുക. അവന്റെ വചനമായ ബൈബിളിൽ നാം വായിക്കുന്ന എന്തെങ്കിലും നമ്മുടെ ഉള്ളിൽത്തട്ടുമ്പോൾ പ്രാർഥനയിൽ നമുക്ക്‌ അങ്ങനെ ചെയ്യാവുന്നതാണ്‌. ദൈവം തന്റെ ജനത്തോട്‌ ഇടപെടുന്ന വിധം നമ്മുടെ വികാരങ്ങളെ സ്‌പർശിക്കുകയോ അവന്റെ അത്ഭുതകരമായ സൃഷ്ടിയുടെ ഏതെങ്കിലും ഒരു വശം നമ്മെ പുളകംകൊള്ളിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ കൃതജ്ഞതയോടെ നമുക്ക്‌ അവനെ സ്‌തുതിക്കാവുന്നതാണ്‌. ക്രിസ്‌തീയ യോഗങ്ങളിലോ സ്വകാര്യ സംഭാഷണങ്ങളിലോ യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചു സഹവിശ്വാസികളുമൊത്തു ചർച്ച ചെയ്യുമ്പോഴും നാം അവനെ വാഴ്‌ത്തുകയാണു ചെയ്യുന്നത്‌. വാസ്‌തവത്തിൽ, ദൈവരാജ്യ താത്‌പര്യങ്ങളുടെ ഉന്നമനത്തിനായി ചെയ്യുന്ന സകല ‘നല്ല പ്രവൃത്തികളും’ യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്നു.​—⁠മത്തായി 5:16.

6 ദരിദ്ര നാടുകളിൽ യഹോവയുടെ ജനം നിരവധി ആരാധന സ്ഥലങ്ങൾ നിർമിച്ചത്‌ ഈയിടെ നടന്ന അത്തരം നല്ല പ്രവൃത്തികൾക്ക്‌ ഉദാഹരണമാണ്‌. മറ്റു രാജ്യങ്ങളിലെ സഹവിശ്വാസികളുടെ സാമ്പത്തിക പിന്തുണയുടെ ഫലമായാണ്‌ അവയിലേറെയും നിർവഹിക്കാനായത്‌. ചില ക്രിസ്‌ത്യാനികൾ രാജ്യഹാളുകളുടെ നിർമാണത്തിൽ പങ്കെടുക്കാനായി അതു നടക്കുന്ന സ്ഥലങ്ങളിലേക്കു സ്വമേധയാ പോയിക്കൊണ്ട്‌ സഹായിച്ചിരിക്കുന്നു. സകല സത്‌പ്രവൃത്തികളിലുംവെച്ച്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ യഹോവയെ സ്‌തുതിക്കുന്നതാണ്‌. (മത്തായി 24:14) 145-ാം സങ്കീർത്തനത്തിലെ പിന്നീടുള്ള വാക്യങ്ങൾ പ്രകടമാക്കുന്നതുപോലെ, ദാവീദ്‌ ദൈവത്തിന്റെ ഭരണാധിപത്യത്തെ വിലമതിക്കുകയും അവന്റെ രാജത്വത്തെ അങ്ങേയറ്റം വാഴ്‌ത്തുകയും ചെയ്‌തു. (സങ്കീർത്തനം 145:11, 12) ദൈവത്തിന്റെ സ്‌നേഹനിർഭരമായ ഭരണവിധത്തോട്‌ നിങ്ങൾക്കു സമാനമായ വിലമതിപ്പുണ്ടോ? ദൈവത്തിന്റെ രാജ്യത്തെ കുറിച്ചു നിങ്ങൾ നിരന്തരം മറ്റുള്ളവരോടു സംസാരിക്കാറുണ്ടോ?

ദൈവത്തിന്റെ മഹിമയ്‌ക്ക്‌ ഉദാഹരണങ്ങൾ

7. യഹോവയെ സ്‌തുതിക്കുന്നതിനുള്ള ഒരു പ്രമുഖ കാരണമെന്ത്‌?

7 യഹോവയെ സ്‌തുതിക്കുന്നതിനുള്ള ഒരു പ്രമുഖ കാരണം സങ്കീർത്തനം 145:​3-ൽ നമുക്ക്‌ കാണാവുന്നതാണ്‌. ദാവീദ്‌ ഇപ്രകാരം പാടി: “യഹോവ വലിയവനും അത്യന്തം സ്‌തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.” യഹോവയുടെ മഹിമ സീമാതീതമാണ്‌. മനുഷ്യന്‌ അതു മുഴുവൻ അന്വേഷിച്ചു കണ്ടെത്താനോ ഗ്രഹിക്കാനോ അളക്കാനോ സാധ്യമല്ല. എങ്കിലും, യഹോവയുടെ അഗോചരമായ മഹിമയുടെ ഉദാഹരണങ്ങൾ പരിചിന്തിക്കുന്നതിൽനിന്ന്‌ നാം തീർച്ചയായും പ്രയോജനം നേടും.

8. യഹോവയുടെ മഹിമയെയും ശക്തിയെയും കുറിച്ച്‌ പ്രപഞ്ചം എന്തു വെളിപ്പെടുത്തുന്നു?

8 പ്രകാശപൂരിതമായ നഗരത്തിൽനിന്ന്‌ അകലെയായിരിക്കെ, തെളിഞ്ഞ, താരനിബിഡമായ നിശാനഭസ്സിനെ നോക്കിക്കണ്ട ഒരു സന്ദർഭം ഓർമിക്കുക. ഇരുളിമയാർന്ന ആകാശപ്പരപ്പിൽ തെളിഞ്ഞുനിൽക്കുന്ന അനവധി നക്ഷത്രങ്ങളെക്കണ്ട്‌ നിങ്ങൾ അത്ഭുതംകൂറിയില്ലേ? ആ ആകാശഗോളങ്ങളെയെല്ലാം സൃഷ്ടിച്ച യഹോവയുടെ മഹിമയെ പ്രതി അവനെ സ്‌തുതിക്കാൻ നിങ്ങൾ പ്രേരിതരായില്ലേ? എന്നാൽ, നിങ്ങൾ കണ്ടത്‌ ഭൂമി സ്ഥിതിചെയ്യുന്ന ഗാലക്‌സിയിലുള്ള നിരവധി നക്ഷത്രങ്ങളുടെ ചെറിയൊരു അംശം മാത്രമാണ്‌. ഈ ഗാലക്‌സിക്കു പുറമേ, പതിനായിരം കോടിയിലധികം ഗാലക്‌സികൾ ഉള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. അവയിൽ നഗ്നനേത്രങ്ങൾക്ക്‌ ദൃശ്യമായിരിക്കുന്നത്‌ മൂന്നെണ്ണം മാത്രമാണ്‌. ബൃഹത്തായ ഈ പ്രപഞ്ചത്തിലെ അസംഖ്യം നക്ഷത്രങ്ങളും ഗാലക്‌സികളും യഹോവയുടെ സൃഷ്ടിപ്പിൻ ശക്തിയുടെയും അഗോചരമായ മഹിമയുടെയും ഒരു തെളിവാണ്‌.​—⁠യെശയ്യാവു 40:26.

9, 10. (എ) യേശുക്രിസ്‌തുവിനോടുള്ള ബന്ധത്തിൽ യഹോവയുടെ മഹിമയുടെ ഏതു വശങ്ങൾ ദൃശ്യമായിരിക്കുന്നു? (ബി) യേശുവിന്റെ പുനരുത്ഥാനം നമ്മുടെ വിശ്വാസത്തെ എങ്ങനെ സ്വാധീനിക്കണം?

9 യേശുക്രിസ്‌തു ഉൾപ്പെടുന്ന, യഹോവയുടെ മഹിമയുടെ മറ്റ്‌ വശങ്ങളെ കുറിച്ചും ചിന്തിക്കുക. തന്റെ പുത്രനെ സൃഷ്ടിക്കുകയും തന്റെ “വിദഗ്‌ധ വേലക്കാരൻ” (NW) എന്ന നിലയിൽ അവനെ യുഗങ്ങളോളം ഉപയോഗിക്കുകയും ചെയ്‌തതിൽ ദൈവത്തിന്റെ മഹിമ പ്രകടമാക്കപ്പെട്ടു. (സദൃശവാക്യങ്ങൾ 8:22-31) മനുഷ്യവർഗത്തിനുവേണ്ടി തന്റെ ഏകജാത പുത്രനെ ഒരു മറുവിലയാഗമായി നൽകിയപ്പോൾ യഹോവയുടെ സ്‌നേഹത്തിന്റെ മഹിമ വ്യക്തമായിത്തീർന്നു. (മത്തായി 20:28; യോഹന്നാൻ 3:16; 1 യോഹന്നാൻ 2:⁠1, 2) പുനരുത്ഥാനത്തിങ്കൽ യേശുവിന്‌ യഹോവ നൽകിയ മഹത്ത്വപൂർണവും അമർത്യവുമായ ആത്മശരീരം മനുഷ്യനു ഗ്രഹിക്കാവുന്നതിനെക്കാളൊക്കെ അപ്പുറമാണ്‌.​—⁠1 പത്രൊസ്‌ 3:18.

10 യഹോവയുടെ അഗോചരമായ മഹിമയുടെ ഗംഭീരമായ അനേകം വശങ്ങൾ യേശുവിന്റെ പുനരുത്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. ദൃശ്യവും അദൃശ്യവുമായ സംഗതികൾ സൃഷ്ടിക്കുന്നതിൽ ഉൾപ്പെട്ടിരുന്ന വേല സംബന്ധിച്ച്‌ യേശുവിന്‌ ഉണ്ടായിരുന്ന ഓർമയെ ദൈവം പുനഃസ്ഥാപിച്ചു എന്നുള്ളതിന്‌ സംശയമില്ല. (കൊലൊസ്സ്യർ 1:15, 16) ആ സൃഷ്ടികളിൽ മറ്റ്‌ ആത്മജീവികളും പ്രപഞ്ചവും ഫലഭൂയിഷ്‌ഠമായ ഭൂമിയും അതിലെ സകലതരം ജീവരൂപങ്ങളും ഉൾപ്പെട്ടിരുന്നു. മനുഷ്യനായി ഭൂമിയിൽ വരുന്നതിനു മുമ്പ്‌ യേശു സാക്ഷ്യം വഹിച്ച സ്വർഗത്തിലെയും ഭൂമിയിലെയും ജീവിതത്തിന്റെ സമ്പൂർണ ചരിത്രത്തെ കുറിച്ചുള്ള അവന്റെ അറിവു മാത്രമല്ല, ഒരു പൂർണ മനുഷ്യനെന്ന നിലയിൽ അനുഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള അവന്റെ ഓർമയും യഹോവ പുനഃസ്ഥാപിച്ചു. അതേ, യഹോവയുടെ അഗോചരമായ മഹിമ യേശുവിന്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പ്രകടമാണ്‌. കൂടാതെ, മറ്റുള്ളവരുടെ പുനരുത്ഥാനം നടക്കുമെന്നുള്ളതിന്റെ ഉറപ്പാണ്‌ ആ മഹാ പ്രവൃത്തി. തന്റെ പിഴവറ്റ ഓർമയിലുള്ള കോടിക്കണക്കിന്‌ ആളുകളെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ ദൈവത്തിനു കഴിയുമെന്നുള്ള നമ്മുടെ വിശ്വാസത്തെ അതു ശക്തിപ്പെടുത്തണം.—⁠യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 17:31.

അത്ഭുതപ്രവൃത്തികളും വീര്യപ്രവൃത്തികളും

11. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യഹോവയുടെ ഏത്‌ വലിയ പ്രവൃത്തിക്കാണ്‌ തുടക്കമിടപ്പെട്ടത്‌?

11 യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷവും യഹോവ വലുതും അത്ഭുതകരവുമായ നിരവധി പ്രവൃത്തികൾ ചെയ്‌തിരിക്കുന്നു. (സങ്കീർത്തനം 40:5) പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ഒരു പുതിയ ജനതയെ യഹോവ അസ്‌തിത്വത്തിൽ കൊണ്ടുവന്നു. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ക്രിസ്‌തുശിഷ്യർ ചേർന്നുള്ള ‘ദൈവത്തിന്റെ ഇസ്രായേൽ’ ആയിരുന്നു അത്‌. (ഗലാത്യർ 6:16) ശക്തമായ ഒരു വിധത്തിൽ ഈ പുതിയ ആത്മീയ ജനത അന്നറിയപ്പെട്ടിരുന്ന ലോകമാകെ വ്യാപിച്ചു. യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ മരണശേഷം ക്രൈസ്‌തവലോകം വികാസം പ്രാപിക്കുന്നതിന്‌ ഇടയാക്കിയ വിശ്വാസത്യാഗം ഉണ്ടായിരുന്നിട്ടുപോലും, തന്റെ ഉദ്ദേശ്യത്തിന്റെ നിവൃത്തി ഉറപ്പാക്കാനായി യഹോവ അത്ഭുതപ്രവൃത്തികൾ ചെയ്‌തുകൊണ്ടിരുന്നു.

12. ബൈബിൾ ഇന്നത്തെ എല്ലാ പ്രമുഖ ഭാഷകളിലും ലഭ്യമാണ്‌ എന്നത്‌ എന്തിന്റെ തെളിവാണ്‌?

12 ഉദാഹരണമായി, മുഴു ബൈബിളും പരിരക്ഷിക്കപ്പെടുകയും പിന്നീട്‌ ഇന്ന്‌ നിലവിലുള്ള പ്രമുഖ ഭാഷകളിലേക്കെല്ലാം വിവർത്തനം ചെയ്യപ്പെടുകയും ചെയ്‌തു. ബൈബിൾ പരിഭാഷ നിർവഹിക്കപ്പെട്ടത്‌ മിക്കപ്പോഴും വളരെ വിഷമകരമായ സാഹചര്യങ്ങളിലും സാത്താന്റെ ഏജന്റുമാരിൽനിന്നുള്ള വധഭീഷണിക്കു മധ്യേയും ആയിരുന്നു. അഗോചരമാംവിധം മഹിമയുള്ള യഹോവയാം ദൈവത്തിന്റെ ഹിതമല്ലായിരുന്നെങ്കിൽ, 2,000-ലധികം ഭാഷകളിലേക്ക്‌ ബൈബിൾ പരിഭാഷ ചെയ്യപ്പെടുകയില്ലായിരുന്നു എന്നതു തീർച്ചയാണ്‌!

13. രാജ്യോദ്ദേശ്യങ്ങളോടുള്ള ബന്ധത്തിൽ 1914 മുതൽ യഹോവയുടെ മഹിമ പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

13 തന്റെ രാജ്യോദ്ദേശ്യങ്ങളോടുള്ള ബന്ധത്തിലും യഹോവയുടെ മഹിമ പ്രകടമായിരിക്കുന്നു. ഉദാഹരണത്തിന്‌, 1914-ൽ തന്റെ പുത്രനായ യേശുക്രിസ്‌തുവിനെ അവൻ സ്വർഗീയ രാജാവായി അവരോധിച്ചു. അതിനുശേഷം ഉടൻതന്നെ യേശു സാത്താനും അവന്റെ ഭൂതങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചു. സ്വർഗത്തിൽനിന്നു ബഹിഷ്‌കരിക്കപ്പെട്ട അവർ, ഭൂമിയുടെ പരിസരത്തു മാത്രമായി ഒതുക്കിനിറുത്തപ്പെട്ടു. അവിടെ അവർ അഗാധത്തിൽ എറിയപ്പെടുന്നതും കാത്ത്‌ കഴിയുകയാണ്‌. (വെളിപ്പാടു 12:9-12; 20:1-3) അപ്പോൾ മുതൽ യേശുവിന്റെ അഭിഷിക്ത അനുഗാമികൾക്കു വർധിച്ച പീഡനം നേരിട്ടിരിക്കുന്നു. എന്നിരുന്നാലും, ക്രിസ്‌തുവിന്റെ ഈ അദൃശ്യ സാന്നിധ്യകാലത്ത്‌ യഹോവ അവരെ പുലർത്തിയിരിക്കുന്നു.​—⁠മത്തായി 24:​3, NW; വെളിപ്പാടു 12:17.

14. യഹോവ 1919-ൽ എന്ത്‌ അത്ഭുതപ്രവൃത്തി ചെയ്‌തു, അതിന്റെ ഫലമെന്ത്‌?

14 തന്റെ മഹിമ തെളിയിച്ച മറ്റൊരു അത്ഭുതപ്രവൃത്തി 1919-ൽ യഹോവ ചെയ്യുകയുണ്ടായി. ആത്മീയമായ ഒരു നിഷ്‌ക്രിയ അവസ്ഥയിലേക്കു വരുത്തപ്പെട്ടിരുന്ന യേശുവിന്റെ അഭിഷിക്ത അനുഗാമികളെ അവൻ പുനരുജ്ജീവിപ്പിച്ചു. (വെളിപ്പാടു 11:3-11) അന്നു മുതൽ അഭിഷിക്തർ സ്ഥാപിത സ്വർഗരാജ്യത്തെ കുറിച്ചുള്ള സുവാർത്ത തീക്ഷ്‌ണതയോടെ പ്രസംഗിച്ചിരിക്കുന്നു. 1,44,000 എന്ന എണ്ണം തികയ്‌ക്കാനായി മറ്റ്‌ അഭിഷിക്തരും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 14:1-3) ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികളെ ഉപയോഗിച്ചുകൊണ്ട്‌ നീതിയുള്ള മനുഷ്യ സമുദായമാകുന്ന “പുതിയ ഭൂമി”ക്ക്‌ യഹോവ അടിസ്ഥാനമിട്ടു. (വെളിപ്പാടു 21:1) എന്നാൽ, വിശ്വസ്‌തരായ അഭിഷിക്തരെല്ലാം സ്വർഗത്തിലേക്കു പോയശേഷം “പുതിയ ഭൂമി”ക്ക്‌ എന്തു സംഭവിക്കും?

15. അഭിഷിക്ത ക്രിസ്‌ത്യാനികൾ ഏതു വേലയ്‌ക്കു നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്നു, എന്തു ഫലത്തോടെ?

15 വെളിപ്പാടു 7-ാം അധ്യായത്തിൽ പരമാർശിച്ചിരിക്കുന്ന “മഹാപുരുഷാര”ത്തെ കുറിച്ചു ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട ലേഖനങ്ങൾ ഈ മാസികയുടെ 1935 ആഗസ്‌റ്റ്‌ 1, 15 ലക്കങ്ങളിൽ (ഇംഗ്ലീഷ്‌) ഉണ്ടായിരുന്നു. അഭിഷിക്ത ക്രിസ്‌ത്യാനികൾ സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള ഈ സഹാരാധകരെ തിരഞ്ഞുപിടിച്ച്‌ തങ്ങളോടൊപ്പം ചേർക്കുന്നതിൽ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചു തുടങ്ങി. “പുതിയ ഭൂമി”യിലെ സ്ഥിരാംഗങ്ങളെന്ന നിലയിൽ പറുദീസയിലെ നിത്യജീവന്റെ പ്രതീക്ഷയോടെ ഈ “മഹാപുരുഷാരം” ആസന്നമായിരിക്കുന്ന ‘മഹോപദ്രവത്തെ’ (NW) അതിജീവിക്കും. (വെളിപ്പാടു 7:9-14) അഭിഷിക്ത ക്രിസ്‌ത്യാനികളുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയുടെ ഫലമായി ഇപ്പോൾ 60 ലക്ഷത്തിലധികം വരുന്ന ആളുകൾ പറുദീസ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ വെച്ചുപുലർത്തുന്നു. സാത്താനിൽനിന്നും അവന്റെ ദുഷിച്ച ലോകത്തിൽനിന്നുമുള്ള എതിർപ്പുണ്ടായിരുന്നിട്ടുപോലും അത്തരമൊരു വർധന ഉണ്ടായതിനുള്ള ബഹുമതി ആർക്കാണു ലഭിക്കേണ്ടത്‌? (1 യോഹന്നാൻ 5:19) തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ യഹോവയ്‌ക്കു മാത്രമേ ഇതെല്ലാം ചെയ്യാനാകുമായിരുന്നുള്ളൂ.​—⁠യെശയ്യാവു 60:22; സെഖര്യാവു 4:⁠6.

യഹോവയുടെ തേജസ്സുള്ള മഹത്ത്വവും പ്രതാപവും

16. മനുഷ്യർക്ക്‌ ‘യഹോവയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വം’ അക്ഷരാർഥത്തിൽ കാണാനാവാത്തത്‌ എന്തുകൊണ്ട്‌?

16 യഹോവയുടെ ‘അത്ഭുതപ്രവൃത്തികളും വീര്യപ്രവൃത്തികളും’ എന്തുതന്നെ ആയിരുന്നാലും, അവ ഒരുനാളും വിസ്‌മരിക്കപ്പെടില്ല. ദാവീദ്‌ ഇങ്ങനെ എഴുതി: “തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്‌ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്‌താവിക്കും. നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും. മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്‌താവിക്കും; ഞാൻ നിന്റെ മഹിമയെ വർണ്ണിക്കും.” (സങ്കീർത്തനം 145:4-6) എന്നാൽ, ‘ദൈവം ആത്മാവും’ അതുകൊണ്ടുതന്നെ മനുഷ്യനേത്രങ്ങൾക്ക്‌ അദൃശ്യനും ആയതിനാൽ, യഹോവയുടെ തേജസ്സുള്ള മഹത്ത്വത്തെ കുറിച്ച്‌ ദാവീദിന്‌ എത്രത്തോളം അറിയാൻ കഴിഞ്ഞു?​—⁠യോഹന്നാൻ 1:18; 4:24.

17, 18. ‘യഹോവയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വ’ത്തോടുള്ള വിലമതിപ്പു വർധിപ്പിക്കാൻ ദാവീദിന്‌ സാധിച്ചതെങ്ങനെ?

17 ദാവീദിന്‌ ദൈവത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും, യഹോവയുടെ പ്രതാപത്തോടുള്ള തന്റെ വിലമതിപ്പ്‌ വർധിപ്പിക്കാൻ അവനു പല മാർഗങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്‌, ആഗോള ജലപ്രളയത്തിലൂടെ ഒരു ദുഷ്ടലോകം നശിപ്പിക്കപ്പെട്ടതുപോലുള്ള, ദൈവത്തിന്റെ വീര്യപ്രവൃത്തികൾ സംബന്ധിച്ച തിരുവെഴുത്തു വിവരണങ്ങൾ അവനു വായിക്കാൻ കഴിഞ്ഞിരുന്നു. സകല സാധ്യതയുമനുസരിച്ച്‌, ദൈവം ഇസ്രായേല്യരെ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചപ്പോൾ ഈജിപ്‌തുകാരുടെ വ്യാജദൈവങ്ങൾ എങ്ങനെയാണ്‌ അപമാനിതരായത്‌ എന്നതിനെ കുറിച്ച്‌ ദാവീദ്‌ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. യഹോവയുടെ പ്രതാപത്തിനും മഹിമയ്‌ക്കും സാക്ഷ്യം വഹിക്കുന്നവയാണ്‌ അത്തരം സംഭവങ്ങൾ.

18 യഹോവയുടെ പ്രതാപത്തെ കുറിച്ചുള്ള തന്റെ വിലമതിപ്പു വളർത്താൻ തിരുവെഴുത്തു വായന മാത്രമല്ല വായിച്ചവയെ കുറിച്ചുള്ള ധ്യാനവും ദാവീദിനെ സഹായിച്ചു എന്നതിനു സംശയമില്ല. ഉദാഹരണമായി, യഹോവ ഇസ്രായേല്യർക്ക്‌ ന്യായപ്രമാണം നൽകിയപ്പോൾ സംഭവിച്ച കാര്യങ്ങളെ കുറിച്ച്‌ അവൻ ധ്യാനിച്ചിട്ടുണ്ടാകാം. ഇടിമുഴക്കവും മിന്നലും കനത്ത മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ആ സന്ദർഭത്തിൽ ഉണ്ടായി. സീനായി പർവതം കുലുങ്ങുകയും പുകയുകയും ചെയ്‌തു. പർവതത്തിനു ചുവട്ടിൽ തടിച്ചുകൂടിയിരുന്ന ഇസ്രായേൽ ജനം, ഒരു ദൂത പ്രതിനിധിയിലൂടെ യഹോവ സംസാരിച്ചപ്പോൾ തീയുടെയും മേഘത്തിന്റെയും നടുവിൽനിന്ന്‌ “പത്തു കല്‌പന”കൾ കേൾക്കുകപോലുമുണ്ടായി. (ആവർത്തനപുസ്‌തകം 4:32-36; 5:22-24; 10:4; പുറപ്പാടു 19:16-20; പ്രവൃത്തികൾ 7:38, 53) യഹോവയുടെ പ്രതാപത്തിന്റെ എത്ര ഗംഭീരമായ പ്രകടനങ്ങളായിരുന്നു അവ! ഈ വിവരണങ്ങളെ കുറിച്ചു ധ്യാനിക്കുന്ന ദൈവവചന സ്‌നേഹികൾ നിശ്ചയമായും ‘യഹോവയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വ’ത്താൽ പ്രചോദിതരായിത്തീരും. തീർച്ചയായും ഇന്ന്‌ നമുക്ക്‌, യഹോവയുടെ മഹിമ സംബന്ധിച്ച്‌ മതിപ്പുളവാക്കുന്ന മഹത്ത്വപൂർണമായ വ്യത്യസ്‌ത ദർശനങ്ങൾ അടങ്ങുന്ന സമ്പൂർണ ബൈബിൾ ലഭ്യമാണ്‌.​—⁠യെഹെസ്‌കേൽ 1:26-28; ദാനീയേൽ 7:9, 10; വെളിപ്പാടു 4-ാം അധ്യായം.

19. യഹോവയുടെ പ്രതാപത്തോടുള്ള വിലമതിപ്പു വർധിപ്പിക്കാൻ നമ്മെ എന്തു സഹായിക്കും?

19 ദൈവത്തിന്റെ പ്രതാപത്തോടു വിലമതിപ്പു വർധിപ്പിക്കാൻ ദാവീദിനെ സഹായിച്ചിരിക്കാവുന്ന മറ്റൊരു സംഗതി ദൈവം ഇസ്രായേല്യർക്കു നൽകിയ നിയമങ്ങളുടെ പഠനമായിരുന്നു. (ആവർത്തനപുസ്‌തകം 17:18-20; സങ്കീർത്തനം 19:7-11) യഹോവയുടെ നിയമങ്ങളോടുള്ള അനുസരണം ഇസ്രായേൽ ജനത്തെ ശ്രേഷ്‌ഠരാക്കുകയും മറ്റെല്ലാ ജനതതികളിൽനിന്നും വേർതിരിച്ചു നിറുത്തുകയും ചെയ്‌തു. (ആവർത്തനപുസ്‌തകം 4:6-8) ദാവീദിന്റെ കാര്യത്തിൽ സത്യമായിരുന്നതുപോലെ, തിരുവെഴുത്തുകൾ നിരന്തരം വായിക്കുന്നതും അവയെ കുറിച്ച്‌ ആഴത്തിൽ ധ്യാനിക്കുന്നതും അവ ശുഷ്‌കാന്തിയോടെ പഠിക്കുന്നതും യഹോവയുടെ പ്രതാപത്തോടുള്ള വിലമതിപ്പു വർധിപ്പിക്കാൻ നമ്മെ സഹായിക്കും.

ദൈവത്തിന്റെ ധാർമിക ഗുണങ്ങൾ എത്രയോ മഹത്തരം!

20, 21. (എ) ഏതു ഗുണങ്ങളോടുള്ള ബന്ധത്തിലാണ്‌ സങ്കീർത്തനം 145:7-9 യഹോവയുടെ മഹിമയെ വർണിക്കുന്നത്‌? (ബി) ദൈവത്തെ സ്‌നേഹിക്കുന്ന സകലരിലും ഇവിടെ പരാമർശിച്ചിരിക്കുന്ന അവന്റെ ഗുണങ്ങൾ എന്തു ഫലമാണ്‌ ഉളവാക്കുന്നത്‌?

20 നാം കണ്ടുകഴിഞ്ഞതുപോലെ, യഹോവയുടെ അഗോചരമായ മഹിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിമിത്തം അവനെ സ്‌തുതിക്കാനുള്ള നല്ല കാരണങ്ങൾ 145-ാം സങ്കീർത്തനത്തിന്റെ ആദ്യത്തെ ആറ്‌ വാക്യങ്ങൾ നമുക്കു നൽകുന്നു. ദൈവത്തിന്റെ ധാർമിക ഗുണങ്ങളെ പരാമർശിച്ചുകൊണ്ട്‌ അവന്റെ മഹിമയെ വർണിക്കുന്നവയാണ്‌ 7 മുതൽ 9 വരെയുള്ള വാക്യങ്ങൾ. ദാവീദ്‌ ഇങ്ങനെ പാടി: “അവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും. യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും [“മഹാ സ്‌നേഹദയയും,” NW] ഉള്ളവൻ. യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.”

21 ഈ ഭാഗത്ത്‌ ദാവീദ്‌ ആദ്യംതന്നെ യഹോവയുടെ നന്മയെയും നീതിയെയും എടുത്തുപറയുന്നു. പിശാചായ സാത്താൻ വെല്ലുവിളിച്ചതും ദൈവത്തിന്റെ ഈ ഗുണങ്ങളെ തന്നെയാണ്‌. ദൈവത്തെ സ്‌നേഹിക്കുകയും അവന്റെ ഭരണാധിപത്യത്തിനു കീഴ്‌പെടുകയും ചെയ്യുന്ന സകലരുടെയും മേൽ ഈ ഗുണങ്ങൾ എന്തു ഫലമാണ്‌ ഉളവാക്കുന്നത്‌? യഹോവയുടെ നന്മയും നീതിനിഷ്‌ഠമായ ഭരണവിധവും അവനെ അനവരതം സ്‌തുതിക്കാൻ ഇടയാക്കത്തക്കവിധമുള്ള സന്തോഷം അവന്റെ ആരാധകർക്കു നൽകുന്നു. കൂടാതെ, യഹോവ തന്റെ നന്മ “എല്ലാവർക്കും” വെച്ചുനീട്ടുന്നു. വൈകിപ്പോകുന്നതിനു മുമ്പ്‌ അനുതപിച്ച്‌ സത്യദൈവത്തിന്റെ ആരാധകരായിത്തീരാൻ ഇത്‌ ഇനിയും അനേകരെ സഹായിക്കും എന്നു പ്രത്യാശിക്കാം.​—⁠പ്രവൃത്തികൾ 14:15-17.

22. യഹോവ തന്റെ ദാസരോട്‌ ഇടപെടുന്നത്‌ എങ്ങനെ?

22 യഹോവയാം ദൈവം ‘മോശെയുടെ മുമ്പാകെ കടന്നു ഘോഷിച്ച’ സന്ദർഭത്തിൽ ദൈവംതന്നെ എടുത്തുപറഞ്ഞ ഗുണങ്ങളെയും ദാവീദ്‌ വിലമതിച്ചിരുന്നു. യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും [“മഹാ സ്‌നേഹദയയും,” NW] വിശ്വസ്‌തതയുമുള്ളവൻ.” (പുറപ്പാടു 34:6) യഹോവയുടെ ആ ഗുണങ്ങളെ വിലമതിച്ചിരുന്നതിനാൽ ദാവീദിന്‌ ഇങ്ങനെ പ്രസ്‌താവിക്കാൻ കഴിഞ്ഞു: “യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും [“മഹാ സ്‌നേഹദയയും,” NW] ഉള്ളവൻ.” യഹോവ അഗോചരമാംവിധം മഹിമ ഉള്ളവനാണെങ്കിലും തന്റെ മനുഷ്യ ദാസരോട്‌ കൃപാപൂർവം ഇടപെട്ടുകൊണ്ട്‌ അവൻ അവരെ ആദരിക്കുന്നു. യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ അനുതാപമുള്ള പാപികളോടു ക്ഷമിക്കാൻ സന്നദ്ധതയുള്ള കരുണാസമ്പൂർണനാണ്‌ യഹോവ. ദീർഘക്ഷമയുള്ളവനുമാണ്‌ അവൻ. കാരണം, തന്റെ നീതിനിഷ്‌ഠമായ പുതിയ ലോകത്തിലേക്കു പ്രവേശിക്കുന്നതിൽനിന്ന്‌ തന്റെ ദാസരെ തടഞ്ഞേക്കാവുന്ന ബലഹീനതകൾ തരണം ചെയ്യാനുള്ള അവസരം അവൻ അവർക്കു നൽകുന്നു.​—⁠2 പത്രൊസ്‌ 3:9, 13, 14.

23. അടുത്ത ലേഖനത്തിൽ നാം വിലപ്പെട്ട ഏതു ഗുണത്തെ കുറിച്ചു ചർച്ച ചെയ്യും?

23 ദാവീദ്‌ യഹോവയുടെ സ്‌നേഹദയയെ അഥവാ വിശ്വസ്‌ത സ്‌നേഹത്തെ പുകഴ്‌ത്തുന്നു. യഹോവ സ്‌നേഹദയ പ്രകടിപ്പിക്കുന്ന വിധത്തെയും ആ ഗുണത്തോടുള്ള അവന്റെ വിശ്വസ്‌ത ദാസന്മാരുടെ പ്രതികരണത്തെയും കുറിച്ചാണ്‌ 145-ാം സങ്കീർത്തനത്തിന്റെ തുടർന്നുള്ള ഭാഗം വിശദീകരിക്കുന്നത്‌. അടുത്ത ലേഖനത്തിൽ നാം അതു പരിചിന്തിക്കുന്നതായിരിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• “മുഴുദിനവും” യഹോവയെ സ്‌തുതിക്കാൻ എന്ത്‌ അവസരങ്ങളാണ്‌ ഉള്ളത്‌?

• യഹോവയുടെ മഹിമ അഗോചരമാണെന്ന്‌ ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?

• യഹോവയുടെ മഹത്ത്വപൂർണമായ പ്രതാപത്തോട്‌ നമുക്ക്‌ എങ്ങനെ വിലമതിപ്പു വർധിപ്പിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

പ്രപഞ്ചത്തിലെ ഗാലക്‌സികൾ യഹോവയുടെ മഹിമയെ സാക്ഷ്യപ്പെടുത്തുന്നു

[കടപ്പാട്‌]

Courtesy of Anglo-Australian Observatory, photograph by David Malin

[12-ാം പേജിലെ ചിത്രം]

യേശുക്രിസ്‌തുവിനോടുള്ള ബന്ധത്തിൽ യഹോവയുടെ മഹിമ പ്രകടമാക്കപ്പെട്ടിരി ക്കുന്നത്‌ എങ്ങനെ?

[13-ാം പേജിലെ ചിത്രം]

സീനായി പർവതത്തിങ്കൽവെച്ച്‌ ന്യായപ്രമാണം ലഭിച്ചപ്പോൾ ഇസ്രായേല്യർക്ക്‌ യഹോവയുടെ മഹത്ത്വപൂർണമായ പ്രതാപത്തിന്റെ തെളിവു ലഭിച്ചു