വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്‌തിവരുന്നു”

“യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്‌തിവരുന്നു”

യഹോവയുടെ സൃഷ്ടിയിലെ വിസ്‌മയങ്ങൾ

“യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്‌തിവരുന്നു”

ഒരു വനത്തിലെ തലയെടുപ്പുള്ള വൃക്ഷങ്ങൾക്കിടയിലൂടെ സൂര്യരശ്‌മികൾ അരിച്ചിറങ്ങുന്നത്‌ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇലകളെ തഴുകി കടന്നുപോകുന്ന ഇളംകാറ്റിന്റെ മർമരം നിങ്ങൾക്ക്‌ അവിടെ കേൾക്കാനായോ?​—⁠യെശയ്യാവു 7:⁠2.

വർഷത്തിലെ ചില സമയങ്ങളിൽ ചില പ്രദേശങ്ങളിലെ വൃക്ഷങ്ങളുടെ ഇലകൾ ചെമപ്പ്‌, ഓറഞ്ച്‌, മഞ്ഞ എന്നിങ്ങനെയുള്ള നാനാ വർണങ്ങളാൽ ഉജ്ജ്വലമായിത്തീരുന്നു. ഒറ്റനോട്ടത്തിൽ, വനത്തിന്‌ തീപിടിച്ചതാണോ എന്നു തോന്നിപ്പോയേക്കാം! “പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ” എന്ന ഉദ്‌ഘോഷത്തിന്‌ എത്ര ചേർച്ചയിലാണ്‌ ഇത്‌.​—⁠യെശയ്യാവു 44:23. *

ഭൗമഗ്രഹത്തിന്റെ കരഭാഗത്തിൽ ഏതാണ്ട്‌ മൂന്നിലൊന്നു വനമാണ്‌. വനവും അതിലെ സമൃദ്ധമായ ജീവജാലങ്ങളും ഗംഭീരമായ വിധത്തിൽ അവയുടെ സ്രഷ്ടാവും രൂപരചയിതാവുമായ യഹോവയാം ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു. “ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും . . . യഹോവയുടെ നാമത്തെ സ്‌തുതിക്കട്ടെ” എന്ന്‌ നിശ്വസ്‌തതയിൽ സങ്കീർത്തനക്കാരൻ പാടി.​—⁠സങ്കീർത്തനം 148:⁠7-9, 13.

“വൃക്ഷങ്ങൾ മനുഷ്യന്റെ നിലനിലനിൽപ്പിന്‌ അനിവാര്യമാണ്‌. അവ അവന്റെ ഭൗതിക ആവശ്യങ്ങളും സൗന്ദര്യബോധവും തൃപ്‌തിപ്പെടുത്തുന്നു” എന്ന്‌ നമുക്കു ചുറ്റുമുള്ള വൃക്ഷങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. വനങ്ങൾ മനുഷ്യവർഗത്തിന്റെ ശുദ്ധജലശേഖരത്തെ സംരക്ഷിക്കുകയും നിലനിറുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വൃക്ഷങ്ങൾ വായുവും ശുദ്ധീകരിക്കുന്നു. പ്രകാശ സംശ്ലേഷണം എന്ന അത്ഭുതകരമായ പ്രക്രിയയിലൂടെ ഇലയിലെ കോശങ്ങൾ കാർബൺ ഡൈ ഓക്‌സൈഡ്‌, ജലം, ധാതുക്കൾ, സൂര്യപ്രകാശം എന്നിവയെ പോഷകങ്ങളും ഓക്‌സിജനുമാക്കി മാറ്റുന്നു.

സൗന്ദര്യത്തിന്റെ നിറകുടങ്ങളാണ്‌ വനങ്ങൾ. രൂപകൽപ്പനാപാടവത്തിന്റെ അതിശ്രേഷ്‌ഠ ഉദാഹരണങ്ങൾതന്നെ. വനത്തിലെ ഏറ്റവും മതിപ്പുണർത്തുന്ന അംഗങ്ങൾ സാധാരണഗതിയിൽ അവയിലെ വൻ മരങ്ങളാണ്‌. അവയ്‌ക്കിടയിലായി എണ്ണമറ്റ പന്നൽച്ചെടികളും പായലുകളും വള്ളിച്ചെടികളും കുറ്റിച്ചെടികളും ഓഷധികളും വളരുന്നു. ഇത്തരം ചെടികൾ അവയുടെ വളർച്ചയ്‌ക്ക്‌ വൃക്ഷങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ ആശ്രയിക്കുന്നു. അവ വൃക്ഷങ്ങളുടെ തണൽപറ്റി വളരുകയും വനം പ്രദാനം ചെയ്യുന്ന ഈർപ്പം ആഗിരണം ചെയ്യുകയും ചെയ്യുന്നു.

ചില ഇലപൊഴിയും വനങ്ങളിൽ വർഷാവസാനത്തോട്‌ അടുത്ത്‌ ഒരൊറ്റ ഏക്കർ വനഭൂമിയിൽ ഒരു കോടിവരെ ഇലകൾ പൊഴിഞ്ഞു വീണേക്കാം. ഇവയ്‌ക്ക്‌ എന്തു സംഭവിക്കുന്നു? പ്രാണികളും ഫംഗസുകളും മണ്ണിരകളും മറ്റ്‌ ജീവികളും ഇവയെ വളക്കൂറുള്ള മണ്ണിന്‌ അനിവാര്യമായ ദ്രവീഭവിച്ച സസ്യ ജൈവപദാർഥമാക്കി മാറ്റുന്നു. ഈ വിധത്തിൽ, ഈ നിശ്ശബ്ദ പണിക്കാർ മണ്ണിനെ പുതു വളർച്ചയ്‌ക്കായി ഒരുക്കുന്നു. അതേ, ഒന്നുംതന്നെ പാഴായിപ്പോകുന്നില്ല.

പൊഴിഞ്ഞു വീഴുന്ന ഇലകൾക്ക്‌ അടിയിലെ മണ്ണ്‌ അനേകായിരം ജീവികളുടെ വാസസ്ഥലമാണ്‌. വനം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നതനുസരിച്ച്‌, “30 ചതുരശ്ര സെന്റിമീറ്റർ വിസ്‌തൃതിയും 2.5 സെന്റിമീറ്റർ ആഴവുമുള്ള ഒരു പ്രദേശത്ത്‌ 1,350 ജീവികളെ വരെ . . . കണ്ടെത്താനായേക്കാം. ഓരോ പിടി മണ്ണിലും ഉള്ള ശതകോടിക്കണക്കിന്‌ അതിസൂക്ഷ്‌മജീവികളെ കൂടാതെയാണ്‌ ഇത്‌.” ഇതിനു പുറമേ അനവധി ഇഴജന്തുക്കളെയും പക്ഷികളെയും പ്രാണികളെയും സസ്‌തനങ്ങളെയും വനങ്ങളിൽ കാണാം. ഈ സൗന്ദര്യത്തിനും വൈവിധ്യത്തിനുമുള്ള ബഹുമതി ആർക്കാണ്‌ കൊടുക്കേണ്ടത്‌? ഉചിതമായിത്തന്നെ അവയുടെ സ്രഷ്ടാവ്‌ പ്രഖ്യാപിക്കുന്നു: “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.”​—⁠സങ്കീർത്തനം 50:10.

ശിശിരനിദ്ര പൂകിക്കൊണ്ട്‌ കൊടുംതണുപ്പുള്ള ശൈത്യകാലത്തെയും ഭക്ഷ്യക്ഷാമത്തിന്റെ നീണ്ട കാലഘട്ടങ്ങളെയും അതിജീവിക്കാനുള്ള അത്ഭുത പ്രാപ്‌തിയോടെയാണ്‌ ചില ജന്തുക്കളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നാൽ ഇക്കൂട്ടത്തിൽ പെടാത്ത ജന്തുക്കളും ഉണ്ട്‌. ശിശിരമധ്യത്തിൽ പോലും ഒരു വയലിലൂടെ കുതിച്ചുചാടി നടക്കുന്ന മാൻകൂട്ടത്തെ നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കാം. മാനുകൾ ശിശിരനിദ്രക്കാരല്ല, അവ ഭക്ഷണം ശേഖരിച്ചുവെക്കുന്നുമില്ല. പകരം, ഇവിടെ കൊടുത്തിരിക്കുന്ന ജർമനിയിൽനിന്നുള്ള ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ അവ ഇളം ചില്ലകളും മുകുളങ്ങളും തിന്ന്‌ ജീവിക്കുന്നു.

തിരുവെഴുത്തുകളിൽ സസ്യജാലങ്ങളെ കുറിച്ചു വളരെയധികം പരാമർശിച്ചിട്ടുണ്ട്‌. ഒരു കണക്ക്‌ അനുസരിച്ച്‌ ബൈബിൾ ഏതാണ്ട്‌ 30 വൃക്ഷയിനങ്ങൾ ഉൾപ്പെടെ 130-ഓളം വ്യത്യസ്‌ത സസ്യങ്ങളെ കുറിച്ചു പറയുന്നു. ഇത്തരം പരാമർശങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്‌ സസ്യശാസ്‌ത്രജ്ഞനായ മൈക്കൾ സോഹാറി പറയുന്നു: “സാങ്കേതിക പരാമർശ കൃതികളല്ലാത്ത സാധാരണ മതേതര ഗ്രന്ഥങ്ങളിൽ പോലും ജീവിതത്തിലെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട്‌ സസ്യങ്ങളെ കുറിച്ച്‌ ബൈബിളിലുള്ളത്ര പരാമർശങ്ങൾ കാണാൻ കഴിയില്ല.”

വൃക്ഷങ്ങളും വനങ്ങളും സ്‌നേഹവാനായ ഒരു സ്രഷ്ടാവിൽനിന്നുള്ള അതിവിശിഷ്ട ദാനങ്ങളാണ്‌. വനത്തിൽ സമയം ചെലവഴിക്കാൻ എപ്പോഴെങ്കിലും അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ നാം സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളോട്‌ യോജിക്കും എന്നതിനു സംശയമില്ല: “യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്‌തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ. അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു.”—സങ്കീർത്തനം 104:​16, 17.

[അടിക്കുറിപ്പ്‌]

^ ഖ. 4 2004 യഹോവയുടെ സാക്ഷികളുടെ കലണ്ടർ, ജനുവരി/ഫെബ്രുവരി കാണുക.

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

മധ്യപൂർവ ദേശത്തെ ഏറ്റവും മതിപ്പുണർത്തുന്ന ഫലവൃക്ഷങ്ങളിൽ ഒന്നാണ്‌ ബദാം വൃക്ഷം. വർഷാരംഭത്തിൽ​—⁠മറ്റുള്ള മിക്ക മരങ്ങളെക്കാളും വളരെമുമ്പെ—⁠അത്‌ ഉറക്കം വിട്ട്‌ ഉണരുന്നു. നേരത്തേ പൂക്കുന്നതിനാൽ പുരാതന കാലത്തെ എബ്രായർ ബദാം വൃക്ഷത്തെ ‘ഉണർന്നെഴുന്നേൽക്കുന്നവൻ’ എന്നാണ്‌ വിളിച്ചിരുന്നത്‌. വൃക്ഷം ഇളം പിങ്കോ വെള്ളയോ നിറത്തിലുള്ള കുസുമക്കുപ്പായവും ധരിച്ച്‌ ഉണർന്നെഴുന്നേറ്റു നിൽക്കുന്നതായി തോന്നും.​—⁠സഭാപ്രസംഗി 12:⁠5.

അറിയപ്പെടുന്ന ഏതാണ്ട്‌ 9,000 ഇനം പക്ഷികളിൽ ഏകദേശം 5,000-വും പാട്ടുകാരാണ്‌. കൊടുംകാടിന്റെ നിശ്ശബ്ദത കീറിമുറിച്ചുകൊണ്ട്‌ അവ ഗാനങ്ങൾ ആലപിക്കുന്നു. (സങ്കീർത്തനം 104:12) ഉദാഹരണത്തിന്‌ പാട്ടുകുരുവിക്ക്‌ ഹൃദ്യമായ പലതരം പാട്ടുകൾ വശമാണ്‌. ചിത്രത്തിൽ കാണുന്ന പക്ഷി മോർണിങ്‌ വാർബ്ലർ ആണ്‌. മഞ്ഞ, ഒലിവു പച്ച, ചാര നിറങ്ങളിലുള്ള മനോഹര തൂവലുകളുള്ള ഈ കൊച്ചു പക്ഷികളും ഗായകർ തന്നേ. —സങ്കീർത്തനം 148:​1, 10, 13എ.

[9-ാം പേജിലെ ചിത്രം]

ഫ്രാൻസിലെ നോർമൻഡിയിലുള്ള വനം