വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഉല്‌പത്തി 38:15, 16 പ്രസ്‌താവിക്കുന്ന പ്രകാരം, ഒരു വേശ്യ എന്നു താൻ കരുതിയ സ്‌ത്രീയുമായി യഹൂദ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇടയാക്കിയ സാഹചര്യങ്ങളേവ?

ഒരു വേശ്യയെന്നു താൻ കരുതിയ സ്‌ത്രീയുമായി യഹൂദ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെങ്കിലും അവൾ യഥാർഥത്തിൽ ഒരു വേശ്യ ആയിരുന്നില്ല. ഉല്‌പത്തി 38-ാം അധ്യായം പറയുന്നതനുസരിച്ച്‌, ഇതാണു സംഭവിച്ചത്‌:

യഹൂദയുടെ ആദ്യജാതന്‌ അവന്റെ ഭാര്യയായ താമാറിൽ കുട്ടികൾ ജനിക്കുന്നതിന്‌ മുമ്പുതന്നെ അവൻ കൊല്ലപ്പെട്ടു. കാരണം, അവൻ ‘യഹോവെക്കു അനിഷ്ടനായിരുന്നു.’ (ഉല്‌പത്തി 38:7) അക്കാലത്ത്‌ ദേവരവിവാഹ ക്രമീകരണം ഉണ്ടായിരുന്നു. ഇതനുസരിച്ച്‌ ഒരാൾ അവകാശിയില്ലാതെ മരിച്ചാൽ, അയാളുടെ സഹോദരൻ ആ വിധവയെ വിവാഹം ചെയ്‌ത്‌ അവകാശിയെ ജനിപ്പിക്കണമായിരുന്നു. എന്നാൽ യഹൂദയുടെ രണ്ടാമത്തെ പുത്രനായ ഓനാൻ ആ കടമ നിറവേറ്റാൻ വിസമ്മതിച്ചു. അങ്ങനെ, ദിവ്യന്യായവിധിപ്രകാരം അവൻ മരിച്ചു. അതേത്തുടർന്ന്‌, യഹൂദ തന്റെ മരുമകളായ താമാറിനെ അവളുടെ പിതാവിന്റെ വീട്ടിലേക്ക്‌ തിരിച്ചയച്ചു. യഹൂദയുടെ മൂന്നാമത്തെ മകനായ ശേലായ്‌ക്ക്‌ അവളെ വിവാഹം കഴിക്കാൻ പ്രായമാകുന്നതുവരെ അവൾ അവിടെ കഴിയണമായിരുന്നു. എന്നാൽ കാലം കടന്നുപോയിട്ടും യഹൂദ ശേലായെ താമാറിന്‌ നൽകിയില്ല. അതുകൊണ്ട്‌, യഹൂദയുടെ ഭാര്യ മരിച്ചുകഴിഞ്ഞപ്പോൾ, തന്റെ അമ്മായിയപ്പനും ഇസ്രായേല്യനുമായിരുന്ന യഹൂദയിൽനിന്ന്‌ ഒരു അവകാശിയെ ലഭിക്കാനുള്ള പദ്ധതിക്ക്‌ താമാർ രൂപംനൽകി. ആലയവേശ്യയായി വേഷപ്രച്ഛന്നയായ അവൾ യഹൂദ കടന്നുപോകുമെന്ന്‌ അറിയാമായിരുന്ന വഴിയരുകിൽ ഇരുന്നുകൊണ്ട്‌ അതു നടപ്പാക്കുകയും ചെയ്‌തു.

അത്‌ താമാർ ആണെന്നു തിരിച്ചറിയാതെ യഹൂദ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പ്രതിഫലമായി അവൾ ബുദ്ധിപൂർവം അവനിൽനിന്നു പണയവസ്‌തുക്കൾ വാങ്ങി. പിന്നീട്‌, തന്റെ ഗർഭത്തിന്‌ ഉത്തരവാദി യഹൂദയാണെന്ന്‌ അത്‌ ഉപയോഗിച്ച്‌ അവൾ തെളിയിച്ചു. സത്യം പുറത്തുവന്നപ്പോൾ അവളെ കുറ്റപ്പെടുത്തുന്നതിനു പകരം യഹൂദ താഴ്‌മയോടെ ഇങ്ങനെ പറഞ്ഞു: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിന്നു കൊടുത്തില്ല.” ഏറ്റവും ഉചിതമായി, അവൻ ‘പിന്നെ അവളെ പരിഗ്രഹിച്ചില്ല.’​—⁠ഉല്‌പത്തി 38:26.

വാക്കുപറഞ്ഞതനുസരിച്ച്‌ തന്റെ മകനായ ശേലായ്‌ക്ക്‌ താമാറിനെ കൊടുക്കാതിരുന്നതുകൊണ്ട്‌ യഹൂദ തെറ്റായ വിധത്തിൽ പ്രവർത്തിച്ചു. ആലയവേശ്യയാണെന്ന്‌ താൻ വിചാരിച്ച ഒരു സ്‌ത്രീയുമായി അവൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തു. വിവാഹക്രമീകരണത്തിനുള്ളിൽ മാത്രമേ ഒരു പുരുഷന്‌ ലൈംഗികബന്ധങ്ങൾ പാടുള്ളുവെന്ന ദിവ്യോദ്ദേശ്യത്തിനു വിരുദ്ധമായിരുന്നു അത്‌. (ഉല്‌പത്തി 2:24) എന്നാൽ, യഥാർഥത്തിൽ യഹൂദ ഒരു വേശ്യയുമായിട്ടല്ല ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്‌. മറിച്ച്‌, ദേവരവിവാഹം നിർവഹിക്കുന്നതിലുള്ള, മകനായ ശേലായുടെ പങ്ക്‌ അറിയാതെ ഏറ്റെടുക്കുകയും അങ്ങനെ നിയമപരമായ സന്തതിയെ ജനിപ്പിക്കുകയുമാണു ചെയ്‌തത്‌.

താമാറിനെ സംബന്ധിച്ചാണെങ്കിൽ അവളുടെ പ്രവർത്തനഗതി അധാർമികമായിരുന്നില്ല. അവളുടെ ഇരട്ടപ്പുത്രന്മാർ ജാരസന്തതികളായല്ല പരിഗണിക്കപ്പെട്ടത്‌. ബേത്ത്‌ലേഹെമിലെ ബോവസ്‌ മോവാബ്യസ്‌ത്രീയായ രൂത്തിനെ ദേവരധർമപ്രകാരം സ്വീകരിച്ചപ്പോൾ, ബേത്ത്‌ലേഹെമിലെ മൂപ്പന്മാർ താമാറിന്റെ മകനായ പേരെസ്സിനെ കുറിച്ച്‌ നല്ല രീതിയിൽ സംസാരിക്കുകയുണ്ടായി. അവർ ബോവസിനോട്‌ ഇങ്ങനെ പറഞ്ഞു: “ഈ യുവതിയിൽനിന്നു യഹോവ നിനക്കു നല്‌കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹംപോലെ ആയ്‌തീരട്ടെ.” (രൂത്ത്‌ 4:12) യേശുക്രിസ്‌തുവിന്റെ പൂർവികരുടെ കൂട്ടത്തിലും പേരെസിന്റെ പേര്‌ പട്ടികപ്പെടുത്തിയിട്ടുണ്ട്‌.​—⁠മത്തായി 1:1-3; ലൂക്കൊസ്‌ 3:23-33.