വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനിശ്ചിതത്വത്തെ വിജയകരമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയും

അനിശ്ചിതത്വത്തെ വിജയകരമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയും

അനിശ്ചിതത്വത്തെ വിജയകരമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയും

“തീർച്ചയായും!” “നിശ്ചയം!” “ഉറപ്പ്‌!” ഇത്തരം പദപ്രയോഗങ്ങൾ നിങ്ങൾ എത്രയോ തവണ കേട്ടിട്ടുണ്ടാവും. എന്നിരുന്നാലും, ദൈനംദിന ജീവിതത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്ന കാര്യങ്ങൾ അധികമൊന്നുമില്ല. ജീവിതം മുൻകൂട്ടി പറയാൻ കഴിയാത്ത കാര്യങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ പരിപൂർണമായി ഉറപ്പുണ്ടായിരിക്കാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ എന്നു നാം മിക്കപ്പോഴും സംശയിച്ചു പോകാറുണ്ട്‌. സന്ദിഗ്‌ധതയും അനിശ്ചിതത്വവും ജീവിതത്തിന്റെ ഒരു ഭാഗമായി കാണപ്പെടുന്നു.

മിക്കയാളുകളുംതന്നെ തങ്ങൾക്കും കുടുംബത്തിനും സുരക്ഷിതത്വവും സന്തോഷവും ഉണ്ടായിരിക്കാൻ സ്വാഭാവികമായും ആഗ്രഹിക്കുന്നു. തങ്ങളെ സന്തുഷ്ടരും സുരക്ഷിതരും ആക്കുമെന്ന്‌ അവർ കരുതുന്ന സംഗതികൾ​—⁠സാധാരണമായി പണവും ഭൗതിക സ്വത്തുക്കളും​—⁠നേടാനായി അവർ കഠിനാധ്വാനം ചെയ്യുന്നു. എന്നിരുന്നാലും, ഒരു ഭൂകമ്പമോ ചുഴലിക്കൊടുങ്കാറ്റോ അപകടമോ ഭീകരമായ ഒരു കുറ്റകൃത്യമോ ഞൊടിയിടയിൽ അവയെയെല്ലാം തുടച്ചുനീക്കിയേക്കാം. ഗുരുതരമായ രോഗമോ വിവാഹമോചനമോ തൊഴിലില്ലായ്‌മയോ രായ്‌ക്കുരാമാനം ജീവിതത്തെ മാറ്റിമറിച്ചേക്കാം. അത്തരം കാര്യങ്ങൾ യഥാർഥത്തിൽ നിങ്ങൾക്കു സംഭവിക്കണമെന്നില്ല എന്നതു ശരിതന്നെ. എങ്കിലും, എപ്പോൾ വേണമെങ്കിലും ഒരു ദുരന്തമുണ്ടാകാം എന്നുള്ള അറിവുതന്നെ അസ്വസ്ഥതയും വിഷമവും ജനിപ്പിക്കുന്നു. എന്നാൽ പ്രശ്‌നം അതു മാത്രമല്ല.

അനിശ്ചിതത്വവും സന്ദിഗ്‌ധതയും പര്യായങ്ങളാണ്‌. “മിക്കപ്പോഴുംതന്നെ തീരുമാനശേഷിയെ ബാധിക്കുംവിധം വിശ്വാസത്തിലോ അഭിപ്രായത്തിലോ ഉള്ള അനിശ്ചിതത്വം” എന്ന്‌ “സന്ദിഗ്‌ധത”യെ ഒരു നിഘണ്ടു നിർവചിക്കുന്നു. കൂടാതെ, നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്ന പ്രകാരം, “പ്രധാനപ്പെട്ട എന്തിനെയെങ്കിലും കുറിച്ചുള്ള അനിശ്ചിതത്വം ഉത്‌കണ്‌ഠയുടെയും ആകുലതയുടെയും ഒരു മുഖ്യ കാരണമാണ്‌.” ദൂരീകരിക്കാത്ത സന്ദിഗ്‌ധത ഉത്‌കണ്‌ഠയും നിരാശയും കോപവും ഉളവാക്കിയേക്കാം. അതേ, സംഭവിക്കാൻ സാധ്യതയുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച്‌ ആകുലപ്പെടുന്നത്‌ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഹനിച്ചേക്കാം.

തത്‌ഫലമായി ചിലയാളുകൾ നേർവിപരീതമായ ചിന്താഗതി സ്വീകരിക്കുന്നു. പിൻവരുന്ന പ്രകാരം പറഞ്ഞ ഒരു ബ്രസീലിയൻ യുവാവിനെപ്പോലെയാണ്‌ അവർ: “എന്തു സംഭവിക്കും എന്നതു സംബന്ധിച്ച്‌ എന്തിനു തലപുകയ്‌ക്കണം? ഇന്നത്തെ കാര്യം ഇന്ന്‌; നാളത്തേതു നാളെ.” ‘തിന്നു കുടിച്ചു’ ജീവിക്കുക എന്ന അത്തരം വിധിവിശ്വാസപരമായ മനോഭാവം നിരാശയിലേക്കും അരിഷ്ടതയിലേക്കും ഒടുവിൽ മരണത്തിലേക്കും മാത്രമേ നയിക്കൂ. (1 കൊരിന്ത്യർ 15:⁠32) ‘മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾക്കുതുല്യം മാറിപ്പോകാത്തവൻ’ എന്നു ബൈബിൾ പറയുന്ന സ്രഷ്ടാവായ യഹോവയാം ദൈവത്തിലേക്കു തിരിയുന്നത്‌ എത്രയോ മെച്ചമാണ്‌. (യാക്കോബ്‌ 1:⁠17, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ദൈവവചനമായ ബൈബിൾ പരിശോധിക്കുന്നെങ്കിൽ, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ വിജയകരമായി കൈകാര്യം ചെയ്യേണ്ടത്‌ എങ്ങനെ എന്നതു സംബന്ധിച്ച്‌ ഉത്തമ ബുദ്ധിയുപദേശവും മാർഗനിർദേശവും നാം കണ്ടെത്തും. ഇത്രയധികം അനിശ്ചിതത്വമുള്ളത്‌ എന്തുകൊണ്ടാണ്‌ എന്നു മനസ്സിലാക്കാനും അതിനു നമ്മെ സഹായിക്കാനാകും.

അനിശ്ചിതത്വത്തിന്റെ കാരണം

തിരുവെഴുത്തുകൾ ജീവിതത്തെ കുറിച്ച്‌ യാഥാർഥ്യ ബോധത്തോടെയുള്ള ഒരു വീക്ഷണം പ്രദാനം ചെയ്യുകയും അനിശ്ചിതത്വത്തോടും മാറ്റത്തോടും ശരിയായ മനോഭാവം നട്ടുവളർത്താൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. കുടുംബ ബന്ധങ്ങൾ, സമൂഹത്തിലുള്ള സ്ഥാനം, ബുദ്ധിശക്തി, നല്ല ആരോഗ്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒരളവോളം സുരക്ഷിതത്വം പ്രദാനം ചെയ്‌തേക്കാമെങ്കിലും എന്നും അവ മാറ്റമില്ലാതെ തുടരുമെന്നോ ജീവിതം ഒരു പൂമെത്തയായിരിക്കുമെന്നോ പ്രതീക്ഷിക്കാനാവില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു. ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇപ്രകാരം പറഞ്ഞു: “വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല.” എന്തുകൊണ്ടില്ല? “അവർക്കൊക്കെയും കാലവും ഗതിയും [‘മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും,’ NW] അത്രേ ലഭിക്കുന്നത്‌.” അതുകൊണ്ട്‌ ശലോമോൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: ‘വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നുകൂടുന്ന ദുഷ്‌കാലത്തു കെണിയിൽ കുടുങ്ങിപ്പോകുന്നു.’​—⁠സഭാപ്രസംഗി 9:⁠11, 12.

ആളുകളുടെ ഒരു മുഴു തലമുറയുടെയുംമേൽ വരാനിരുന്ന അങ്ങേയറ്റം ഉത്‌കണ്‌ഠയും അനിശ്ചിതത്വവും നിറഞ്ഞ ഒരു കാലത്തെ കുറിച്ച്‌ യേശുക്രിസ്‌തു പറയുകയുണ്ടായി. സ്‌ഫുടമായ ഭാഷയിൽ അവൻ ഇപ്രകാരം പറഞ്ഞു: “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കംനിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.” എങ്കിലും, ഇന്നു ജീവിച്ചിരിക്കുന്ന പരമാർഥഹൃദയർക്കു പ്രോത്സാഹനം പകരുന്ന ഒരു സംഗതിയിലേക്ക്‌ അവൻ വിരൽചൂണ്ടി: “ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കൊസ്‌ 21:⁠25, 26, 31) സമാനമായി, അനിശ്ചിതമായ ഒരു ഭാവിയെ ഭയപ്പെട്ടു ജീവിക്കുന്നതിനു പകരം, നാം ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നു. ഇന്നത്തെ അനിശ്ചിതത്വത്തിനെല്ലാം അപ്പുറത്തുള്ള വിസ്‌മയകരമായ ഒരു സുരക്ഷിത ഭാവിയിലേക്കു നോക്കുന്നതിന്‌ ആ വിശ്വാസം നമ്മെ സഹായിക്കുന്നു.

‘പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കൽ’

നാം കാണുകയോ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന കാര്യങ്ങളെല്ലാം സംബന്ധിച്ച്‌ നമുക്കു നിശ്ചയമുണ്ടായിരിക്കാൻ കഴിയില്ലെങ്കിലും, സ്രഷ്ടാവിൽ ആശ്രയിക്കുന്നതിനു നമുക്ക്‌ ഈടുറ്റ കാരണമുണ്ട്‌. അത്യുന്നതൻ എന്നതിലുപരി, ഭൂമിയിലുള്ള തന്റെ മക്കൾക്കായി കരുതുന്ന സ്‌നേഹവാനായ ഒരു പിതാവുകൂടിയാണ്‌ അവൻ. തന്റെ വചനത്തെ കുറിച്ച്‌ ദൈവംതന്നെ ഇങ്ങനെ അരുളിച്ചെയ്യുന്നു: “അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും [“തീർച്ചയായും ചെയ്യുകയും,” NW] ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”​—⁠യെശയ്യാവു 55:⁠11.

യേശുക്രിസ്‌തു ദൈവത്തിൽനിന്നുള്ള സത്യം പഠിപ്പിച്ചു. അവനെ ശ്രദ്ധിച്ച അനേകർ ബോധ്യത്തോടും നിശ്ചയത്തോടും കൂടെ അതു സ്വീകരിക്കുകയും ചെയ്‌തു. ദൃഷ്ടാന്തത്തിന്‌, തങ്ങൾക്കുമുമ്പേ യേശുവിനെ ശ്രദ്ധിച്ച സ്‌ത്രീയോട്‌ പരമാർഥഹൃദയരായ ഒരു കൂട്ടം ശമര്യക്കാർ ഇപ്രകാരം പറഞ്ഞു: “ഇനി നിന്റെ വാക്കു കൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ [“നിശ്ചയമായും,” ഓശാന ബൈബിൾ] ലോകരക്ഷിതാവു എന്നു അറിയുകയും ചെയ്‌തിരിക്കുന്നു.” (യോഹന്നാൻ 4:⁠42) സമാനമായി ഇന്ന്‌, സുരക്ഷിതത്വമില്ലാത്ത നാളുകളിലാണു നാം ജീവിക്കുന്നതെങ്കിലും, എന്തു വിശ്വസിക്കണം എന്നതു സംബന്ധിച്ച്‌ നാം അനിശ്ചിതത്വമുള്ളവർ ആയിരിക്കേണ്ട ആവശ്യമില്ല.

മതവിശ്വാസങ്ങളുടെ കാര്യത്തിൽ, അവ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം കണ്ണടച്ചു വിശ്വസിക്കണം എന്ന അഭിപ്രായമാണ്‌ പലർക്കും ഉള്ളത്‌. എന്നിരുന്നാലും ബൈബിൾ എഴുത്തുകാരനായിരുന്ന ലൂക്കൊസിന്‌ ആ വീക്ഷണമല്ല ഉണ്ടായിരുന്നത്‌. മറ്റുള്ളവർ താൻ എഴുതുന്ന കാര്യങ്ങളുടെ ‘നിശ്ചയം അറിയേണ്ടതിന്‌’ അവൻ ഗവേഷണം ചെയ്‌ത്‌ കൃത്യതയുള്ള വിവരങ്ങളാണു രേഖപ്പെടുത്തിയത്‌. (ലൂക്കൊസ്‌ 1:⁠3) നമ്മുടെ വിശ്വാസം പങ്കുവെക്കാത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും, നാം ഒടുവിൽ പ്രതീക്ഷകൾ നിറവേറാതെ നൈരാശ്യത്തിൽ വീണുപോകുമെന്നു ഭയപ്പെട്ടേക്കാം എന്നതുകൊണ്ട്‌ വിശ്വാസത്തിനു പ്രതിവാദം പറയാൻ നമുക്കു കഴിയേണ്ടതു പ്രധാനമാണ്‌. (1 പത്രൊസ്‌ 3:⁠15) നാം വിശ്വസിക്കുന്ന കാര്യങ്ങൾക്കുള്ള ന്യായം കൃത്യമായി അറിഞ്ഞിരുന്നാൽ മാത്രമേ, ദൈവത്തിൽ ആശ്രയിക്കാൻ നമുക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയൂ. ബൈബിൾ യഹോവയെ ഈ വാക്കുകളിൽ വർണിക്കുന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.”​—⁠ആവർത്തനപുസ്‌തകം 32:⁠4.

അവൻ “നീതിയും നേരുമുള്ളവൻ തന്നേ” എന്ന ഒടുവിലത്തെ പ്രസ്‌താവന എടുക്കുക. ഇതു സംബന്ധിച്ച്‌ നിശ്ചയമുള്ളവരായിരിക്കാൻ എന്തു തെളിവാണ്‌ നമുക്കുള്ളത്‌? അപ്പൊസ്‌തലനായ പത്രൊസിന്‌ ആ വസ്‌തുത സംബന്ധിച്ച്‌ പൂർണ ബോധ്യമുണ്ടായിരുന്നു. ഒരു റോമൻ സൈന്യാധിപനോടും അവന്റെ കുടുംബത്തോടുമായി അവൻ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:⁠34, 35) പത്രൊസിന്‌ അങ്ങനെ പറയാൻ കഴിഞ്ഞത്‌ എന്തുകൊണ്ടായിരുന്നു? മുമ്പ്‌ അശുദ്ധരും അസ്വീകാര്യരുമായി കരുതപ്പെട്ടിരുന്ന വിജാതീയരിൽനിന്നുള്ള ഒരു കുടുംബം ഇപ്പോൾ തനിക്കു സ്വീകാര്യർ ആയിത്തീരുംവിധം ദൈവംതന്നെ കാര്യങ്ങളെ നയിച്ചതിന്‌ പത്രൊസ്‌ അപ്പോൾ സാക്ഷ്യം വഹിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌, തങ്ങളുടെ മുൻകാല ജീവിതരീതി ഉപേക്ഷിച്ച്‌ നീതിയുടെ മാർഗത്തിൽ ചരിക്കുന്ന, ഭൂമിക്കുചുറ്റുമുള്ള 230-ലധികം ദേശങ്ങളിൽനിന്നുള്ള അറുപതുലക്ഷത്തിലധികം വരുന്ന “ഒരു മഹാപുരുഷാര”ത്തെ നാം സ്വന്തംകണ്ണാൽ കാണുമ്പോൾ ദൈവത്തിന്റെ നിഷ്‌പക്ഷതയെയും നീതിയെയും കുറിച്ച്‌ പത്രൊസിനെ പോലെ നമുക്കും ബോധ്യമുള്ളവരായിരിക്കാൻ കഴിയും.​—⁠വെളിപ്പാടു 7:⁠9; യെശയ്യാവു 2:⁠2-4.

സത്യക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം, മതഭ്രാന്തരോ മർക്കടമുഷ്ടിയുള്ളവരോ ആയിരിക്കാതെ താഴ്‌മയും ന്യായബോധവും ഉള്ളവർ ആയിരിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. എങ്കിലും, നാം വിശ്വസിക്കുന്നതും ഭാവിക്കായി പ്രത്യാശിക്കുന്നതുമായ കാര്യങ്ങൾ സംബന്ധിച്ച്‌ നിശ്ചയം ഇല്ലാത്തവരല്ല നമ്മൾ. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.” (എബ്രായർ 6:⁠11) സമാനമായി, ബൈബിളിൽനിന്നുള്ള സുവാർത്ത നമുക്കു “പ്രത്യാശയുടെ പൂർണ്ണനിശ്ചയം” നൽകിയിരിക്കുന്നു. പൗലൊസ്‌ വിശദീകരിച്ചതുപോലെ ദൈവവചനത്തിൽ അടിയുറച്ച ആ പ്രത്യാശ “നമ്മെ നിരാശരാക്കുന്നില്ല.”​—⁠റോമർ 5:⁠5, പി.ഒ.സി. ബൈബിൾ.

കൂടാതെ, ബൈബിളിൽനിന്നുള്ള സുവാർത്ത മറ്റുള്ളവരെ പഠിപ്പിക്കുന്നതു മുഖാന്തരം അവർക്ക്‌ ആത്മീയമായി സുരക്ഷിതത്വവും നിശ്ചയവും കൈവരുത്താൻ കഴിയുമെന്ന്‌ നമുക്കു പൂർണ ബോധ്യമുണ്ട്‌; വൈകാരികവും ശാരീരികവും ആയിപ്പോലും അത്‌ അവരെ സഹായിക്കുന്നു. “ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും [“ശക്തമായ ബോധ്യത്തോടും,” NW] കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്‌” എന്നു പറയുന്നതിൽ നമുക്കു പൗലൊസിനോടു ചേരാം.​—⁠1 തെസ്സലൊനീക്യർ 1:⁠5.

ആത്മീയ സുരക്ഷിതത്വം ഹേതുവായി ഇന്നുള്ള അനുഗ്രഹങ്ങൾ

ജീവിതത്തിൽ ഇന്ന്‌ പരിപൂർണ സുരക്ഷിതത്വം നമുക്കു പ്രതീക്ഷിക്കാനാകില്ലെങ്കിലും, താരതമ്യേന സ്ഥിരവും സുരക്ഷിതവുമായ ഒരു ജീവിതം നയിക്കാൻ തക്കവണ്ണം നമുക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്‌. ഉദാഹരണത്തിന്‌, യോഗങ്ങളിൽ ക്രിസ്‌തീയ സഭയോടൊത്തു ക്രമമായി സഹവസിക്കുന്നത്‌ സ്ഥിരത കൈവരുത്തുന്നു. എന്തുകൊണ്ടെന്നാൽ, അവിടെ ഉചിതവും ഉത്തമവുമായ തത്ത്വങ്ങളും മൂല്യങ്ങളുമാണു നമ്മെ പഠിപ്പിക്കുന്നത്‌. “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും . . . ആജ്ഞാപിക്ക” എന്ന്‌ പൗലൊസ്‌ എഴുതി. (1 തിമൊഥെയൊസ്‌ 6:⁠17-19) ക്ഷണഭംഗുരമായ ഭൗതിക കാര്യങ്ങളിലും ഉല്ലാസങ്ങളിലും ആശ്രയം വെക്കാതെ യഹോവയിൽ ആശ്രയിക്കാൻ പഠിച്ചുകൊണ്ട്‌, മുൻകാലങ്ങളിൽ തങ്ങൾക്കു പേറേണ്ടിവന്ന ഉത്‌കണ്‌ഠകളും നൈരാശ്യങ്ങളും ഇറക്കിവെക്കാൻ അനേകർക്കു സാധിച്ചിരിക്കുന്നു.​—⁠മത്തായി 6:⁠19-21.

നാനാവിധങ്ങളിൽ സഹായവും പിന്തുണയും പ്രദാനം ചെയ്യുന്ന ഊഷ്‌മളമായ ഒരു സാഹോദര്യവും നാം സഭയിൽ ആസ്വദിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസിന്റെ ശുശ്രൂഷയുടെ ഒരു ഘട്ടത്തിൽ അവനും അവന്റെ സഞ്ചാര കൂട്ടാളികളും, ‘ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്‌ അത്യന്തം ഭാരപ്പെട്ടു.’ പൗലൊസ്‌ എവിടെയാണ്‌ പിന്തുണയും ആശ്വാസവും കണ്ടെത്തിയത്‌? തീർച്ചയായും, ദൈവത്തിലുള്ള അവന്റെ ആശ്രയത്തിന്‌ ഒരിക്കലും ഇളക്കം തട്ടിയില്ല. എന്നിരുന്നാലും, അവന്റെ സഹായത്തിനെത്തിയ സഹക്രിസ്‌ത്യാനികളിൽനിന്ന്‌ അവനു പ്രോത്സാഹനവും ആശ്വാസവും ലഭിച്ചു. (2 കൊരിന്ത്യർ 1:⁠8, 9; 7:⁠5-7) ഇന്ന്‌ പ്രകൃതി വിപത്തുകളും മറ്റു ദുരന്തങ്ങളും ആഞ്ഞടിക്കുമ്പോൾ, സഹക്രിസ്‌ത്യാനികൾക്കും ബുദ്ധിമുട്ടിലായിരിക്കുന്ന മറ്റുള്ളവർക്കും ഭൗതികവും ആത്മീയവുമായ സഹായം എത്തിക്കാൻ പലപ്പോഴും ഒന്നാമത്‌ എത്തുന്നത്‌ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളാണ്‌.

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ നേരിടുന്നതിനുള്ള മറ്റൊരു സഹായം പ്രാർഥനയാണ്‌. അപ്രതീക്ഷിത സമ്മർദത്തെ നേരിടുമ്പോൾ നമുക്ക്‌ എല്ലായ്‌പോഴും നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവിലേക്കു തിരിയാൻ കഴിയും. “യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.” (സങ്കീർത്തനം 9:⁠9) മാനുഷ മാതാപിതാക്കൾ തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടേക്കാം. എന്നിരുന്നാലും, നമ്മുടെ ഭയങ്ങളെയും അനിശ്ചിതത്വം സംബന്ധിച്ച വികാരങ്ങളെയും തരണം ചെയ്യാൻ നമ്മെ സഹായിക്കുന്നതിന്‌ ദൈവം സന്നദ്ധനാണ്‌. പ്രാർഥനയിൽ നമ്മുടെ ഉത്‌കണ്‌ഠകളെ യഹോവയുടെമേൽ ഇറക്കിവെച്ചുകൊണ്ട്‌, “നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ” അവനു കഴിയും എന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.​—⁠എഫെസ്യർ 3:⁠20.

നിങ്ങൾ ക്രമമായി പ്രാർഥിക്കാറുണ്ടോ? ദൈവം നിങ്ങളുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടെന്ന്‌ നിങ്ങൾക്കു ബോധ്യമുണ്ടോ? “ഞാൻ ദൈവത്തോടു പ്രാർഥിക്കണമെന്ന്‌ അമ്മ എനിക്കു പറഞ്ഞുതന്നു” എന്ന്‌ സാവൊ പൗലോയിലെ ഒരു കൊച്ചു പെൺകുട്ടി പറഞ്ഞു. “പക്ഷേ, ‘എനിക്കറിയാൻ മേലാത്ത ഒരാളോട്‌ ഞാനെന്തിനാ സംസാരിക്കുന്നത്‌?’ എന്ന്‌ ഞാൻ ആലോചിച്ചു. എന്നിരുന്നാലും, നമുക്ക്‌ ദൈവത്തിന്റെ സഹായം ആവശ്യമാണെന്നും പ്രാർഥനയിൽ നാം അവനോടു സംസാരിക്കണമെന്നും തിരിച്ചറിയാൻ സദൃശവാക്യങ്ങൾ 18:⁠10 എന്നെ സഹായിച്ചു.” ആ വാക്യം ഇങ്ങനെ പറയുന്നു: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.” യഹോവയോടു സംസാരിക്കുന്നത്‌ നാം ഒരു ശീലമാക്കുന്നില്ലെങ്കിൽ അവനിൽ വിശ്വാസവും ആശ്രയവും വളർത്തിയെടുക്കാൻ നമുക്ക്‌ എങ്ങനെയാണു കഴിയുക? ആത്മീയ സുരക്ഷിതത്വത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന്‌ ഹൃദയംഗമമായ ദൈനംദിന പ്രാർഥന നാം ഒരു ശീലമാക്കണം. “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്‌പാനും നിങ്ങൾ പ്രാപ്‌തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ” എന്ന്‌ യേശു പറഞ്ഞു.​—⁠ലൂക്കൊസ്‌ 21:⁠36.

നമുക്ക്‌ നിശ്ചയമുള്ളവരായിരിക്കാൻ കഴിയുന്ന മറ്റൊരു സംഗതിയാണ്‌ ദൈവരാജ്യത്തിലുള്ള നമ്മുടെ പ്രത്യാശ. ദാനീയേൽ 2:⁠44-ലെ വാക്കുകൾ ശ്രദ്ധിക്കുക: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” ആ പ്രത്യാശ ഈടുറ്റതും നമുക്ക്‌ നിശ്ചയമുണ്ടായിരിക്കാൻ കഴിയുന്ന ഒന്നുമാണ്‌. മനുഷ്യരുടെ വാഗ്‌ദാനങ്ങൾ മിക്കപ്പോഴും പരാജയപ്പെടുന്നു, എന്നാൽ യഹോവയുടെ വചനത്തിൽ നമുക്ക്‌ എല്ലായ്‌പോഴും ആശ്രയിക്കാനാകും. അവൻ ആശ്രയയോഗ്യനാണ്‌, ഒരു പാറയെന്നപോലെ അവനിൽ നമുക്ക്‌ ആശ്രയിക്കാൻ കഴിയും. “എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു” എന്നു പറഞ്ഞ ദാവീദിനെപ്പോലെ നമുക്കും അനുഭവപ്പെടാവുന്നതാണ്‌.​—⁠2 ശമൂവേൽ 22:⁠3.

മുമ്പു പരാമർശിച്ച, നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കൽ എന്ന പുസ്‌തകം തുടർന്ന്‌ ഇപ്രകാരം വിലയിരുത്തി: “സംഭവിക്കാൻ സാധ്യതയുള്ള അശുഭ കാര്യങ്ങളെ കുറിച്ച്‌ ഒരുവൻ എത്രയധികം ചിന്തിക്കുന്നുവോ അത്രയധികം അവ മനസ്സിൽ യഥാർഥമാവുകയും കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന്‌ എത്തുംപിടിയും ഇല്ലാതാകുകയും ചെയ്യുന്നു.” അങ്ങനെയെങ്കിൽ, ഈ ലോകത്തിന്റെ ഉത്‌കണ്‌ഠകളാലും സന്ദേഹങ്ങളാലും നാം എന്തിനു നമ്മെത്തന്നെ ഭാരപ്പെടുത്തണം? അതിനുപകരം, ഈ ലോകത്തിന്റെ അനിശ്ചിതത്വങ്ങളുടെ സ്ഥാനത്ത്‌ ദൈവം പ്രദാനംചെയ്യുന്ന ഉറപ്പുള്ള സംഗതികൾ പ്രതിഷ്‌ഠിക്കുക. യഹോവയുടെ പരാജയപ്പെടാത്ത വാഗ്‌ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കവേ നമുക്ക്‌ ഈ ഉറപ്പുണ്ട്‌: “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല.”​—⁠റോമർ 10:⁠11.

[29-ാം പേജിലെ ആകർഷകവാക്യം]

ദൈവവചനം മനുഷ്യവർഗത്തിന്‌ ഭാവി അനുഗ്രഹങ്ങൾ ഉറപ്പു നൽകുന്നു

[30-ാം പേജിലെ ആകർഷകവാക്യം]

“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല”

[31-ാം പേജിലെ ചിത്രം]

രാജ്യസുവാർത്ത ആളുകൾക്കു സുരക്ഷിതത്വം കൈവരുത്തുന്നു