വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയതയും നിങ്ങളുടെ ക്ഷേമവും

ആത്മീയതയും നിങ്ങളുടെ ക്ഷേമവും

ആത്മീയതയും നിങ്ങളുടെ ക്ഷേമവും

ശാരീരിക ആരോഗ്യം പരിപാലിക്കാൻ സാധ്യതയനുസരിച്ച്‌ നിങ്ങളുടെ സമയത്തിൽ നല്ലൊരു ഭാഗം നിങ്ങൾ ചെലവഴിക്കുന്നുണ്ട്‌. പ്രതിദിനം എട്ടു മണിക്കൂർവരെ ഉറക്കത്തിനും ഏതാനും മണിക്കൂർ ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും എട്ടോ അതിലധികമോ മണിക്കൂർ അനുദിന ആവശ്യങ്ങൾക്കുള്ള വക കണ്ടെത്താൻ ജോലി ചെയ്യുന്നതിനുമായി നിങ്ങൾ വിനിയോഗിച്ചേക്കാം. രോഗം പിടിപെട്ടാൽ ഡോക്ടറെ കാണാനോ വീട്ടിൽത്തന്നെ മരുന്നുണ്ടാക്കി കഴിക്കാനോ നിങ്ങൾ പണവും സമയവും ചെലവിട്ടേക്കാം. നിങ്ങൾ വീടു വൃത്തിയാക്കുകയും കുളിക്കുകയും, ഒരുപക്ഷേ ക്രമമായി വ്യായാമം ചെയ്യുകപോലും ചെയ്യുന്നു. നല്ല ആരോഗ്യം നിലനിറുത്തുക എന്നതാണ്‌ ഇതിന്റെയെല്ലാം ലക്ഷ്യം.

എന്നിരുന്നാലും, നല്ല ആരോഗ്യം നിലനിറുത്തുന്നതിൽ ശാരീരിക ആവശ്യങ്ങൾക്കായി കരുതുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ക്ഷേമത്തിൽ ശക്തമായ പ്രഭാവം ചെലുത്തുന്ന മറ്റൊരു സംഗതിയുണ്ട്‌. നിങ്ങളുടെ ശാരീരിക ആരോഗ്യം നിങ്ങളുടെ ആത്മീയ ആരോഗ്യവുമായി​—⁠നിങ്ങളുടെ ആത്മീയതയുമായി അല്ലെങ്കിൽ അതിന്റെ അഭാവവുമായി​—⁠അടുത്തു ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ വൈദ്യശാസ്‌ത്രരംഗത്തെ ഗവേഷണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.

നേരിട്ടുള്ള ബന്ധം

“വർധിച്ച ആത്മീയതയും മെച്ചപ്പെട്ട ആരോഗ്യവും തമ്മിൽ നേരിട്ടു ബന്ധമുള്ളതായി ഈ വിഷയത്തെ കുറിച്ചുള്ള മൂല ഗവേഷണ ലേഖനങ്ങളിൽ മിക്കതിലും ചൂണ്ടിക്കാണിച്ചിരിക്കുന്നു” എന്ന്‌ ഓസ്‌ട്രേലിയയിലുള്ള മെൽബൺ സർവകലാശാലയിലെ പ്രൊഫസർ ഹെഡ്‌ലി ജി. പിച്ച്‌ പറയുന്നു. ഈ കണ്ടെത്തലുകളെ കുറിച്ച്‌ അഭിപ്രായം പറഞ്ഞുകൊണ്ട്‌ ദ മെഡിക്കൽ ജേർണൽ ഓഫ്‌ ഓസ്‌ട്രേലിയ ഇപ്രകാരം പ്രസ്‌താവിച്ചു: “കുറഞ്ഞ രക്തസമ്മർദം, താഴ്‌ന്ന കൊളസ്‌ട്രോൾ നില . . . അതുപോലെ വൻകുടലിലെ അർബുദത്തിനുള്ള കുറഞ്ഞ സാധ്യത എന്നിവയുമായും . . . മതഭക്തിയെ ബന്ധപ്പെടുത്തിയിരിക്കുന്നു.”

സമാനമായി, 2002-ൽ ഐക്യനാടുകളിലെ ബെർക്ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി (യുസി) 6,545 ആളുകളിൽ നടത്തിയ ഒരു പഠനം പിൻവരുന്ന പ്രകാരം കണ്ടെത്തി: “ആഴ്‌ചയിൽ ഒരിക്കൽ മതശുശ്രൂഷകൾക്കു ഹാജരായിരുന്ന ആളുകൾക്ക്‌, അത്ര കൂടെക്കൂടെ അല്ലെങ്കിൽ ഒരിക്കലും ഹാജരാകാതിരുന്ന ആളുകളോടുള്ള താരതമ്യത്തിൽ മരണ സാധ്യത ശ്രദ്ധേയമാംവിധം കുറവായിരുന്നു.” പഠനത്തിനു നേതൃത്വം വഹിച്ച വ്യക്തിയും യുസി ബെർക്ലിസ്‌ സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്തിലെ അധ്യാപകനുമായ ഡഗ്‌ ഓമൻ ഇപ്രകാരം പറഞ്ഞു: “വ്യക്തികളുടെ സാമൂഹിക ബന്ധങ്ങൾ, പുകവലിയും വ്യായാമവും ഉൾപ്പെടെയുള്ള ആരോഗ്യ ശീലങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്തശേഷവും ഞങ്ങൾക്ക്‌ ഈ വ്യത്യാസംതന്നെ കണ്ടെത്താനായി.”

ജീവിതത്തിൽ ആത്മീയ പരിവേഷം കാത്തുസൂക്ഷിക്കുന്ന ആളുകൾക്കുള്ള മറ്റു പ്രയോജനങ്ങളിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ ദ മെഡിക്കൽ ജേർണൽ ഓഫ്‌ ഓസ്‌ട്രേലിയ ഇങ്ങനെ പറയുന്നു: “മതഭക്തരായ ആളുകളുടെ ഇടയിൽ, ഏറിയ വൈവാഹിക സ്ഥിരത; മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കുറഞ്ഞ ഉപയോഗം; ആത്മഹത്യാ നിരക്കിലെ കുറവ്‌, അതിനു നേരെ കൂടുതൽ നിഷേധാത്മക മനോഭാവം; കുറഞ്ഞ ഉത്‌കണ്‌ഠയും വിഷാദവും; ഏറിയ നിസ്സ്വാർഥത എന്നിവ ഓസ്‌ട്രേലിയയിൽ നടത്തിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു.” കൂടാതെ, ബിഎംജെ (മുമ്പ്‌ ഇത്‌ ദ ബ്രിട്ടിഷ്‌ മെഡിക്കൽ ജേർണൽ എന്ന പൂർണ നാമധേയത്തിൽ അറിയപ്പെട്ടിരുന്നു) ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “പ്രിയപ്പെട്ട ഒരാളുടെ മരണം വരുത്തിവെക്കുന്ന ദുഃഖത്തിൽനിന്ന്‌ ഏറെ വേഗത്തിലും പൂർണമായും പുറത്തുവരുന്നത്‌ ആത്മീയത ഒട്ടുമില്ലാത്ത ആളുകളെക്കാൾ, ശക്തമായ ആത്മീയ വിശ്വാസങ്ങളുള്ള ആളുകളാണെന്നു കാണപ്പെടുന്നു.”

യഥാർഥ ആത്മീയത എന്താണ്‌ എന്നതു സംബന്ധിച്ച്‌ വിഭിന്ന കാഴ്‌ചപ്പാടുകളുണ്ട്‌. എങ്കിലും, നിങ്ങളുടെ ആത്മീയ അവസ്ഥയ്‌ക്ക്‌ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്മേൽ ശക്തമായ ഒരു പ്രഭാവം ഉണ്ടെന്നുള്ളത്‌ തീർച്ചയാണ്‌. 2,000-ത്തോളം വർഷങ്ങൾക്കു മുമ്പ്‌ യേശുക്രിസ്‌തു നടത്തിയ ഒരു പ്രസ്‌താവനയ്‌ക്കു ചേർച്ചയിലാണ്‌ മേൽപ്പറഞ്ഞ തെളിവുകൾ. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്ന്‌ അവൻ പറഞ്ഞു. (മത്തായി 5:⁠3, NW) നിങ്ങളുടെ ആരോഗ്യത്തെയും സന്തോഷത്തെയും നിങ്ങളുടെ ആത്മീയ അവസ്ഥ സ്വാധീനിക്കുന്നതിനാൽ ഇങ്ങനെ ചോദിക്കുന്നത്‌ ന്യായയുക്തമാണ്‌: ‘ആശ്രയയോഗ്യമായ ആത്മീയ മാർഗനിർദേശം എനിക്ക്‌ എവിടെ കണ്ടെത്താൻ കഴിയും? ഒരു ആത്മീയ വ്യക്തിയായിരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?’