വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’

‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’

‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’

“സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു.”​—⁠1 കൊരിന്ത്യർ 7:⁠29.

1, 2. നിങ്ങളുടെ ജീവിതകാലത്ത്‌ നിങ്ങൾ ഏതു മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു?

നിങ്ങളുടെ ജീവിതകാലത്ത്‌ നിങ്ങൾ ഏതു മാറ്റങ്ങൾക്കാണു സാക്ഷ്യം വഹിച്ചിരിക്കുന്നത്‌? അവയിൽ ചിലത്‌ നിങ്ങൾക്കു പറയാമോ? ഉദാഹരണമായി, വൈദ്യശാസ്‌ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്നു. ആ രംഗത്തെ ഗവേഷണങ്ങളുടെ ഫലമായി ചില രാജ്യങ്ങളിൽ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 50-ൽ താഴെ വർഷമായിരുന്ന ശരാശരി ആയുർദൈർഘ്യം ഇപ്പോൾ 70-ലും അധികമായി വർധിച്ചിരിക്കുന്നു! റേഡിയോ, ടെലിവിഷൻ, മൊബൈൽ ഫോൺ, ഫാക്‌സ്‌ മെഷീൻ എന്നിവയുടെ ഉചിതമായ ഉപയോഗത്തിൽനിന്ന്‌ നാം പ്രയോജനം നേടിയിരിക്കുന്ന വിധങ്ങളെ കുറിച്ചും ചിന്തിക്കുക. വിദ്യാഭ്യാസം, ഗതാഗതം, മനുഷ്യാവകാശങ്ങൾ എന്നീ മേഖലകളിൽ നാം കൈവരിച്ച മുന്നേറ്റവും ശ്രദ്ധേയമാണ്‌. മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഇവയെല്ലാം കോടിക്കണക്കിന്‌ ആളുകളെ സഹായിച്ചിരിക്കുന്നു.

2 എങ്കിലും, എല്ലാ മാറ്റങ്ങളും ഗുണകരമായിരുന്നിട്ടില്ല എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. കുതിച്ചുയരുന്ന കുറ്റകൃത്യ നിരക്കുകൾ, മയക്കുമരുന്നു ദുരുപയോഗം, വിവാഹമോചന നിരക്കുകൾ, പണപ്പെരുപ്പം എന്നിവയുടെയും കുത്തനെ ഇടിയുന്ന ധാർമിക മൂല്യങ്ങളുടെയും അടിക്കടി വർധിച്ചുവരുന്ന ഭീകരപ്രവർത്തന ഭീഷണിയുടെയും വിനാശക ഫലങ്ങളെ അവഗണിക്കാനാവില്ല. എന്തുതന്നെ ആയിരുന്നാലും, അപ്പൊസ്‌തലനായ പൗലൊസ്‌ ദീർഘകാലം മുമ്പ്‌ രേഖപ്പെടുത്തിയതിനോടു നിങ്ങൾ യോജിക്കാനിടയുണ്ട്‌: “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്‌.”​—⁠1 കൊരിന്ത്യർ 7:⁠31, NW.

3. “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്‌” എന്ന്‌ എഴുതിയപ്പോൾ പൗലൊസ്‌ എന്താണ്‌ അർഥമാക്കിയത്‌?

3 ആ പ്രസ്‌താവന നടത്തിയപ്പോൾ പൗലൊസ്‌ ലോകത്തെ ഒരു സ്റ്റേജിനോട്‌ ഉപമിക്കുകയായിരുന്നു. അഭിനേതാക്കൾ, അതായത്‌ രാഷ്‌ട്രീയ-മത-സാംസ്‌കാരിക രംഗത്തെ പ്രഗത്ഭർ സ്റ്റേജിൽവന്ന്‌ തങ്ങളുടെ ഭാഗം അഭിനയിച്ച്‌ രംഗമൊഴിയുന്നു, മറ്റുള്ളവർ അവിടേക്കു വരുന്നു. നൂറ്റാണ്ടുകളായി ഇതു തുടർന്നുപോന്നിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ഒരു രാജവംശം ഒരുപക്ഷേ ദശാബ്ദങ്ങളോളം, നൂറ്റാണ്ടുകളോളംപോലും, ഭരണം നടത്തുമായിരുന്നു. അപ്പോൾ മാറ്റങ്ങളുടെ ഗതിവേഗം കുറവായിരുന്നു. എന്നാൽ ഇക്കാലത്ത്‌ സ്ഥിതി അതല്ല. ഒരു പ്രമുഖ നേതാവ്‌ കൊല്ലപ്പെടേണ്ട താമസം, ഒരു നിമിഷംകൊണ്ടു ചരിത്രത്തിന്റെ ഗതിക്കു മാറ്റം സംഭവിക്കാം! അതേ, ഈ പ്രക്ഷുബ്ധ കാലത്ത്‌ നാളെ എന്താണു നടക്കുക എന്ന്‌ നമുക്കറിയില്ല.

4. (എ) ലോക സംഭവങ്ങൾ സംബന്ധിച്ച്‌ ക്രിസ്‌ത്യാനികൾക്കു സന്തുലിതമായ ഏതു വീക്ഷണം ഉണ്ടായിരിക്കണം? (ബി) ബോധ്യം വരുത്തുന്ന ഏതു രണ്ടു തെളിവുകൾ നാം ഇപ്പോൾ പരിശോധിക്കും?

4 ലോകം സ്റ്റേജും ലോക നേതാക്കൾ അഭിനേതാക്കളും ആണെങ്കിൽ ക്രിസ്‌ത്യാനികൾ കാഴ്‌ചക്കാരാണ്‌. * എന്നാൽ, ‘ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട്‌’ അവർ അഭിനേതാക്കളുടെ പ്രകടനത്തിനോ അവർ ആരാണ്‌ എന്നതിനുപോലുമോ അമിതമായ ശ്രദ്ധ നൽകാറില്ല. (യോഹന്നാൻ 17:⁠16, NW) മറിച്ച്‌ ആ നാടകം അതിന്റെ ദുരന്തപൂർണമായ പാരമ്യത്തിൽ എത്തുന്നതിന്റെ സൂചനകൾക്കായി അവർ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്‌. * എന്തെന്നാൽ, ചിരകാലമായി പ്രതീക്ഷിക്കുന്ന നീതി വസിക്കുന്ന പുതിയ ലോകത്തെ യഹോവ ആനയിക്കുന്നതിനു മുമ്പായി ഈ വ്യവസ്ഥിതി അവസാനിക്കണമെന്ന്‌ അവർക്ക്‌ അറിയാം. അതിനാൽ, നാം അന്ത്യകാലത്താണു ജീവിക്കുന്നതെന്നും പുതിയ ലോകം സമീപിച്ചിരിക്കുന്നുവെന്നും പ്രകടമാക്കുന്ന രണ്ടു തെളിവുകൾ നമുക്കിപ്പോൾ പരിശോധിക്കാം: (1) ബൈബിൾ കാലഗണന (2) വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ.​—⁠മത്തായി 24:⁠21; 2 പത്രൊസ്‌ 3:⁠13.

ഒടുവിൽ ഒരു നിഗൂഢതയുടെ ചുരുളഴിയുന്നു!

5. “ജനതകളുടെ നിയമിത കാലം” ഏത്‌, നമുക്ക്‌ അതു താത്‌പര്യജനകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 കാലവും സംഭവങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനമാണ്‌ കാലഗണന. ദൈവരാജ്യത്തിന്റെ ഇടപെടൽ ഇല്ലാതെ ലോകനേതാക്കൾ അരങ്ങുതകർക്കുന്ന ഒരു സമയത്തെ കുറിച്ച്‌ യേശു പറയുകയുണ്ടായി. അവൻ ആ കാലഘട്ടത്തെ “ജനതകളുടെ നിയമിത കാലം” എന്നാണു വിളിച്ചത്‌. (ലൂക്കൊസ്‌ 21:⁠24, NW) ആ “നിയമിത കാല”ത്തിനൊടുവിൽ, യേശു നിയമാനുസൃത ഭരണാധികാരി ആയുള്ള ദൈവത്തിന്റെ സ്വർഗീയ രാജ്യം അധികാരമേൽക്കുമായിരുന്നു. ആദ്യം, യേശു തന്റെ “ശത്രുക്കളുടെ മദ്ധ്യേ” വാഴും. (സങ്കീർത്തനം 110:⁠2) പിന്നെ, ദാനീയേൽ 2:⁠44 പറയുന്നതനുസരിച്ച്‌ ആ രാജ്യം സകല മാനുഷ ഗവൺമെന്റുകളെയും “തകർത്തുനശിപ്പി”ക്കുകയും എന്നേക്കും നിലനിൽക്കുകയും ചെയ്യും.

6. “ജനതകളുടെ നിയമിത കാലം” തുടങ്ങിയത്‌ എപ്പോൾ, അത്‌ എത്ര കാലത്തേക്ക്‌ തുടർന്നു, അവസാനിച്ചത്‌ എപ്പോൾ?

6 “ജനതകളുടെ നിയമിത കാലം” അവസാനിക്കുന്നതും ദൈവരാജ്യം ഭരണം തുടങ്ങുന്നതും എപ്പോഴായിരിക്കുമായിരുന്നു? ‘അന്ത്യകാലത്തേക്കു അടെച്ചു മുദ്രയിട്ടിരുന്ന’ ഉത്തരത്തിൽ ബൈബിൾ കാലഗണന ഉൾപ്പെട്ടിരിക്കുന്നു. (ദാനീയേൽ 12:⁠9) ആ ‘കാലം’ സമീപിച്ചപ്പോൾ, എളിയവരായ ഒരുകൂട്ടം ബൈബിൾ വിദ്യാർഥികൾക്ക്‌ ആ ഉത്തരം വെളിപ്പെടുത്തിക്കൊടുക്കാനുള്ള പടികൾ യഹോവ സ്വീകരിച്ചു. “ജനതകളുടെ നിയമിത കാലം” പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തോടെ തുടങ്ങിയെന്നും ആ “കാല”ത്തിന്‌ 2,520 വർഷം ദൈർഘ്യമുണ്ടെന്നും ദൈവാത്മാവിന്റെ സഹായത്താൽ അവർ മനസ്സിലാക്കി. ഇതിൽനിന്ന്‌, “ജനതകളുടെ നിയമിത കാലം” അവസാനിക്കുന്നത്‌ 1914-ൽ ആണെന്ന്‌ അവർ കണക്കുകൂട്ടിയെടുത്തു. 1914 ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിന്റെ തുടക്കമാണെന്നും അവർ തിരിച്ചറിഞ്ഞു. തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട്‌ 1914 എന്ന വർഷം എങ്ങനെ കണക്കുകൂട്ടിയെടുക്കാമെന്ന്‌ ഒരു ബൈബിൾ വിദ്യാർഥി എന്ന നിലയിൽ നിങ്ങൾക്കു വിശദീകരിക്കാമോ? *

7. ദാനീയേൽ പുസ്‌തകത്തിൽ പരാമർശിച്ചിരിക്കുന്ന ഏഴു കാലത്തിന്റെ തുടക്കവും ദൈർഘ്യവും അവസാനവും നിർണയിക്കാൻ ഏതു തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നു?

7 ഒരു സൂചന ബൈബിളിലെ ദാനീയേൽ പുസ്‌തകത്തിൽ ഒളിഞ്ഞുകിടപ്പുണ്ട്‌. ‘ജനതകളുടെ നിയമിത കാലത്തിന്റെ’ തുടക്കമായ പൊ.യു.മു. 607-ൽ യെരൂശലേമിനെ നശിപ്പിക്കാൻ യഹോവ ബാബിലോണിലെ നെബൂഖദ്‌നേസർ രാജാവിനെ ഉപയോഗിച്ചതിനാൽ, ദിവ്യ ഇടപെടൽ കൂടാതെ ജനതകൾ മൊത്തം ഏഴു പ്രതീകാത്മക കാലത്തേക്കു ഭരണം തുടരുമെന്ന്‌ അവൻ ആ ഭരണാധികാരിയിലൂടെ വെളിപ്പെടുത്തുകയുണ്ടായി. (യെഹെസ്‌കേൽ 21:⁠26, 27; ദാനീയേൽ 4:⁠16, 23-25) ആ ഏഴു കാലത്തിന്‌ എത്ര ദൈർഘ്യമുണ്ട്‌? വെളിപ്പാടു 11:⁠2, 3; 12:⁠6, 14 എന്നീ വാക്യങ്ങൾ അനുസരിച്ച്‌ മൂന്നര കാലത്തിന്‌ 1,260 ദിവസത്തിന്റെ ദൈർഘ്യമുണ്ട്‌. അതിനാൽ, ഏഴു കാലം എന്നത്‌ അതിന്റെ ഇരട്ടി, അഥവാ 2,520 ദിവസം ആയിരിക്കണം. അതോടെ തീർന്നോ? ഇല്ല. കാരണം, പ്രതീകാത്മക വർണന വ്യാഖ്യാനിക്കാനുള്ള മാനദണ്ഡം യഹോവ ദാനീയേലിന്റെ ഒരു സമകാലികനായ യെഹെസ്‌കേൽ പ്രവാചകനു നൽകുകയുണ്ടായി: “ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു.” (യെഹെസ്‌കേൽ 4:⁠6) അക്കാരണത്താൽ, ഏഴു കാലത്തിന്‌ 2,520 വർഷം ദൈർഘ്യം ഉണ്ടായിരിക്കുമായിരുന്നു. പൊ.യു.മു. 607 അതിന്റെ തുടക്കവും 2,520 വർഷം ദൈർഘ്യവുമായി എടുക്കുമ്പോൾ, നിയമിത കാലം 1914-ൽ അവസാനിക്കേണ്ടിയിരുന്നു എന്ന്‌ നമുക്കു നിഗമനം ചെയ്യാനാകും.

‘അന്ത്യകാലം’ സ്ഥിരീകരിക്കപ്പെടുന്നു

8. ലോകാവസ്ഥകൾ 1914 മുതൽ വഷളായിരിക്കുന്നു എന്നതിന്‌ ഏതു തെളിവ്‌ നിങ്ങൾക്കു ചൂണ്ടിക്കാണിക്കാനാകും?

8 ബൈബിൾ കാലഗണനയുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന്‌ 1914 മുതലുള്ള ലോകസംഭവങ്ങൾ സ്ഥിരീകരിക്കുന്നു. യുദ്ധവും പട്ടിണിയും പകർച്ചവ്യാധികളും “വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ (NW) സവിശേഷതകളായിരിക്കുമെന്ന്‌ യേശുതന്നെ പറയുകയുണ്ടായി. (മത്തായി 24:⁠3-8, വെളിപ്പാടു 6:⁠2-8) 1914 മുതൽ അത്‌ തീർച്ചയായും അങ്ങനെതന്നെ ആയിരുന്നിട്ടുണ്ട്‌. ആളുകൾ അന്യോന്യം പ്രകടമാക്കുന്ന മനോഭാവങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നു പ്രസ്‌താവിച്ചുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ കൂടുതലായ വിവരങ്ങൾ പ്രദാനം ചെയ്‌തു. നാമേവരും നേരിൽ കാണുന്ന, മാറ്റത്തെ കുറിച്ചുള്ള അവന്റെ ആ വിവരണം വളരെ കൃത്യമായിരുന്നു.​—⁠2 തിമൊഥെയൊസ്‌ 3:⁠1-5.

9. നിരീക്ഷകർ 1914 മുതലുള്ള ലോകാവസ്ഥകൾ സംബന്ധിച്ച്‌ എന്തു പറയുന്നു?

9 ‘ഈ ലോകത്തിന്റെ രംഗത്തിന്‌’ 1914 മുതൽ യഥാർഥത്തിൽ അത്രയ്‌ക്കു മാറ്റം വന്നിട്ടുണ്ടോ? പ്രൊഫസർ റോബർട്ട്‌ വോൾ 1914-ലെ തലമുറ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ ഇങ്ങനെ പറയുന്നു: “1914 ആഗസ്റ്റ്‌ ഒരു ലോകത്തിന്റെ ഒടുക്കവും മറ്റൊന്നിന്റെ തുടക്കവും ആയിരുന്നുവെന്ന്‌ യുദ്ധകാലത്തു ജീവിച്ചിരുന്ന ആർക്കും ഒരുപ്രകാരത്തിലും വിശ്വസിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.” ഇതിനെ സ്ഥിരീകരിച്ചുകൊണ്ട്‌ ലോകാരോഗ്യ സംഘടനയുടെ മാനസികാരോഗ്യ ഡയറക്ടർ ആയിരുന്ന ഡോ. ഷോർഷാ എ. കോസ്റ്റ ഇ സിൽവ ഇപ്രകാരം എഴുതി: “മാനവ ചരിത്രത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അളവിലുള്ള ഉത്‌കണ്‌ഠയ്‌ക്കും സമ്മർദത്തിനും കാരണമാകുന്ന അതിശീഘ്ര മാറ്റങ്ങളുടെ ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌.” നിങ്ങളുടെ വ്യക്തിപരമായ അനുഭവം അതാണോ?

10. ലോകാവസ്ഥകൾ 1914 മുതൽ വഷളായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച്‌ ബൈബിൾ നമുക്ക്‌ ഉൾക്കാഴ്‌ച പ്രദാനം ചെയ്യുന്നത്‌ എങ്ങനെ?

10 വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾക്കു പിന്നിലെ വില്ലൻ ആരാണ്‌? പിൻവരുംവിധം പറഞ്ഞുകൊണ്ട്‌ വെളിപ്പാടു 12:⁠7-9 അവനെ തുറന്നുകാട്ടുന്നു: ‘സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും [യേശുക്രിസ്‌തു] അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു [പിശാചായ സാത്താൻ] പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന മഹാസർപ്പത്തെ തള്ളിക്കളഞ്ഞു.’ അതുകൊണ്ട്‌ പിശാചായ സാത്താനാണ്‌ പ്രശ്‌നക്കാരൻ. 1914-ൽ സ്വർഗത്തിൽനിന്ന്‌ അവനെ നിഷ്‌കാസനം ചെയ്‌തത്‌ ‘ഭൂമിക്കും സമുദ്രത്തിന്നും കഷ്ടത്തെ’ അർഥമാക്കിയിരിക്കുന്നു. എന്തെന്നാൽ, “പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”​—⁠വെളിപ്പാടു 12:⁠10, 12.

നാടകത്തിലെ അവസാന അങ്കം അവതരിപ്പിക്കപ്പെടുന്ന വിധം

11. (എ) “ഭൂതലത്തെ മുഴുവൻ” വഴിതെറ്റിക്കാനായി സാത്താൻ ഏതു മാർഗങ്ങൾ അവലംബിക്കുന്നു? (ബി) സാത്താന്റെ ഏതു പ്രത്യേക ശ്രമത്തിലേക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ശ്രദ്ധ ക്ഷണിച്ചു?

11 തന്റെ അന്ത്യം സമീപിച്ചുവരികയാണെന്ന്‌ അറിയാവുന്ന സാത്താൻ “ഭൂതലത്തെ മുഴുവൻ” തെറ്റിക്കാനുള്ള ശ്രമങ്ങൾക്ക്‌ 1914 മുതൽ ആക്കം വർധിപ്പിച്ചിരിക്കുകയാണ്‌. ലോകനേതാക്കളെയും പുത്തൻ തരംഗങ്ങൾ സൃഷ്ടിക്കുന്നവരെയും അഭിനേതാക്കളായി ലോക സ്റ്റേജിൽ അവതരിപ്പിച്ചുകൊണ്ട്‌ പ്രധാന വഞ്ചകനായ സാത്താൻ പിന്നണിയിൽ പ്രവർത്തിക്കുന്നു. (2 തിമൊഥെയൊസ്‌ 3:⁠13; 1 യോഹന്നാൻ 5:⁠19) തന്റെ ഭരണവിധം മനുഷ്യവർഗത്തിന്‌ യഥാർഥ സമാധാനം കൈവരുത്തുന്നുവെന്ന്‌ വിശ്വസിപ്പിച്ച്‌ അവരെ വഞ്ചിക്കുക എന്നതാണ്‌ സാത്താന്റെ ഒരു ലക്ഷ്യം. പൊതുവേ നോക്കിയാൽ, അവന്റെ ആ പ്രചരണ പരിപാടി വിജയിച്ചിരിക്കുന്നുവെന്നു പറയാം. കാരണം, ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുന്നു എന്നതിന്‌ വർധിച്ചുവരുന്ന തെളിവുകൾ ഉണ്ടായിരുന്നിട്ടും ആളുകൾ ശുഭാപ്‌തിവിശ്വാസം കൈവിടുന്നില്ല. ഈ വ്യവസ്ഥിതി നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുമ്പ്‌ സാത്താന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ മുൻകൂട്ടി പറയുകയുണ്ടായി. അവൻ ഇങ്ങനെ എഴുതി: “അവർ ‘സമാധാനം, സുരക്ഷിതത്വം!’ എന്നു പറയുന്നതെപ്പോഴോ അപ്പോൾ, ഗർഭിണിക്കുണ്ടാകുന്ന പ്രസവവേദന പോലെ ശീഘ്രനാശം അവരുടെമേൽ ക്ഷണത്തിൽ വരും.”​—⁠1 തെസ്സലൊനീക്യർ 5:⁠3, NW; വെളിപ്പാടു 16:⁠13.

12. സമാധാനം കൊണ്ടുവരാനായി നമ്മുടെ കാലത്ത്‌ എന്തു തുടർച്ചയായ ശ്രമങ്ങൾ നടന്നിരിക്കുന്നു?

12 വിവിധ മാനുഷ പദ്ധതികളെ വിശേഷിപ്പിക്കാനായി രാഷ്‌ട്രീയക്കാർ ‘സമാധാനവും സുരക്ഷിതത്വവും’ എന്ന പ്രയോഗം അടുത്ത കാലത്ത്‌ കൂടെക്കൂടെ ഉപയോഗിച്ചിട്ടുണ്ട്‌. 1986-നെ അവർ അന്താരാഷ്‌ട്ര സമാധാനവർഷമായി പ്രഖ്യാപിക്കുകപോലുമുണ്ടായി. എന്നാൽ ആ വർഷം അന്താരാഷ്‌ട്ര സമാധാനം ഉണ്ടായില്ല. ലോകനേതാക്കളുടെ അത്തരം ശ്രമങ്ങൾ 1 തെസ്സലൊനീക്യർ 5:⁠3-ന്റെ പൂർണ നിവൃത്തിയാണോ അതോ ലോകശ്രദ്ധ ആകർഷിക്കാൻപോന്ന നാടകീയമായ ഒരു പ്രത്യേക സംഭവത്തെ പൗലൊസ്‌ പരാമർശിക്കുകയായിരുന്നോ?

13. അപ്പൊസ്‌തലനായ പൗലൊസ്‌ “സമാധാനം, സുരക്ഷിതത്വം!” എന്ന പ്രഖ്യാപനത്തെ കുറിച്ചു മുൻകൂട്ടി പറഞ്ഞപ്പോൾ അവൻ അതേത്തുടർന്നുള്ള നാശത്തെ എന്തിനോടാണ്‌ ഉപമിച്ചത്‌, അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 ബൈബിൾ പ്രവചനങ്ങൾ പലപ്പോഴും പൂർണമായി മനസ്സിലാകുന്നത്‌ അവ നിറവേറിക്കഴിഞ്ഞോ നിറവേറിക്കൊണ്ടിരിക്കുമ്പോഴോ ആയതിനാൽ നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നാൽ, “സമാധാനം, സുരക്ഷിതത്വം!” എന്ന പ്രഖ്യാപനത്തെ തുടർന്നുള്ള പെട്ടെന്നുള്ള നാശത്തെ പൗലൊസ്‌ ഒരു സ്‌ത്രീയുടെ പ്രസവവേദനയോട്‌ ഉപമിച്ചു എന്നതു താത്‌പര്യജനകമാണ്‌. ഏതാണ്ട്‌ ഒമ്പതു മാസക്കാലംകൊണ്ട്‌, ഒരു ഗർഭിണി തന്റെ ഉള്ളിൽ വളരുന്ന ശിശുവിനെ കുറിച്ചു കൂടുതൽ കൂടുതൽ ബോധവതിയായിത്തീരുന്നു. അവൾക്കു ശിശുവിന്റെ ഹൃദയമിടിപ്പു കേൾക്കാനായേക്കാം. മാത്രമല്ല അതിന്റെ ചലനവും ചവിട്ടും തൊഴിയുംപോലും അനുഭവപ്പെട്ടേക്കാം. അങ്ങനെ, ലക്ഷണങ്ങൾ പലപ്പോഴും ഏറെ ശ്രദ്ധേയമായിത്തീരുകയും ഒടുവിൽ പ്രതീക്ഷിച്ചിരുന്ന സംഭവം അതായത്‌ ശിശുവിന്റെ ജനനം നടക്കാൻ പോകുന്നുവെന്നു സൂചിപ്പിക്കുന്ന കഠിനവേദന അവൾക്കു തോന്നിത്തുടങ്ങുന്ന ദിവസം വന്നെത്തുകയും ചെയ്യുന്നു. അതിനാൽ, “സമാധാനം, സുരക്ഷിതത്വം!” എന്ന പ്രവചിക്കപ്പെട്ട പ്രഖ്യാപനം നിറവേറുന്നത്‌ ഏതു വിധത്തിൽ ആയിരുന്നാലും, അത്‌ പെട്ടെന്നുള്ളതും വേദനാകരവും ഒടുവിൽ അനുഗൃഹീതവുമായ ഒരു സംഭവത്തിലേക്കു നയിക്കും​—⁠ദുഷ്ടതയുടെ നാശവും ഒരു പുതിയ ലോകവ്യവസ്ഥിതിയുടെ തുടക്കവും.

14. പൊതുവായ ഏതു ക്രമത്തിലാണ്‌ ഭാവി സംഭവങ്ങൾ അരങ്ങേറുന്നത്‌, അത്‌ എന്തിലേക്കു നയിക്കും?

14 വരാൻപോകുന്ന നാശം കാഴ്‌ചക്കാരായ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്കു ഭയജനകമായിരിക്കും. ആദ്യമായി, ഭൂമിയിലെ രാജാക്കന്മാർ (സാത്താന്റെ സംഘടനയുടെ രാഷ്‌ട്രീയ ഘടകം) മഹാബാബിലോണിന്റെ (മത ഘടകം) പിന്തുണക്കാരെ ആക്രമിച്ച്‌ നശിപ്പിക്കും. (വെളിപ്പാടു 17:⁠1, 2, 15-18) അതേ, തികച്ചും അപ്രതീക്ഷിതമായ വിധത്തിൽ നാടകം ഒരു വഴിത്തിരിവിലേക്കു വരും. സാത്താന്റെ രാജ്യം വിഭജിക്കപ്പെട്ട്‌ അതിനെതിരായിത്തന്നെ തിരിയും, ഒരു ഭാഗം മറ്റൊന്നിനെ ആക്രമിക്കും. അതിനെ തടയാനുള്ള ശക്തി സാത്താന്‌ ഉണ്ടായിരിക്കുകയില്ല. (മത്തായി 12:⁠25, 26) ‘തന്റെ ഹിതം ചെയ്‌വാൻ’ അതായത്‌, ഭൂമിയിൽനിന്നു തന്റെ മതവൈരികളെ തുടച്ചുനീക്കാൻ, യഹോവ ഭൂമിയിലെ രാജാക്കന്മാരുടെ ഹൃദയങ്ങളിൽ തോന്നിക്കും. വ്യാജമതം നശിപ്പിക്കപ്പെട്ടശേഷം, യേശുക്രിസ്‌തുവിന്റെ നേതൃത്വത്തിലുള്ള സ്വർഗീയ സൈന്യം സാത്താന്റെ സംഘടനയിൽ ശേഷിച്ചിരിക്കുന്ന വ്യാപാര-രാഷ്‌ട്രീയ ഘടകങ്ങളെ ഉന്മൂലനം ചെയ്യും. ഒടുവിൽ, സാത്താൻ ബന്ധനസ്ഥനാക്കപ്പെടും. അതോടെ, തിരശ്ശീല താഴുകയും ദൈർഘ്യമേറിയ ആ നാടകീയ സംഭവങ്ങൾ ഒരു സമാപ്‌തിയിലേക്കു വരികയും ചെയ്യും.​—⁠വെളിപ്പാടു 16:⁠14-16; 19:⁠11-21; 20:⁠1-3.

15, 16. “കാലം ചുരുങ്ങിയിരിക്കുന്നു” എന്ന ഓർമിപ്പിക്കലിനു നമ്മുടെ ജീവിതത്തിൽ എന്തു പ്രഭാവമുണ്ടായിരിക്കണം?

15 ഇവയെല്ലാം എപ്പോഴാണ്‌ സംഭവിക്കുക? ആ നാളും നാഴികയും നമുക്ക്‌ അറിയില്ല. (മത്തായി 24:⁠36) എങ്കിലും, “കാലം ചുരുങ്ങിയിരിക്കുന്നു”വെന്ന്‌ നമുക്കറിയാം. (1 കൊരിന്ത്യർ 7:⁠29) അതുകൊണ്ട്‌, ശേഷിച്ചിരിക്കുന്ന കാലം നാം ബുദ്ധിപൂർവം ഉപയോഗിക്കേണ്ടത്‌ അടിയന്തിരമാണ്‌. എങ്ങനെ? അപ്പൊസ്‌തലനായ പൗലൊസ്‌ വിശദീകരിക്കുന്ന പ്രകാരം അത്യാവശ്യമില്ലാത്ത കാര്യങ്ങളെ പിന്തള്ളിക്കൊണ്ട്‌ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി നാം ‘അവസരോചിത സമയം വിലയ്‌ക്കു വാങ്ങുകയും’ (NW) ഓരോ ദിവസവും ജ്ഞാനപൂർവം ഉപയോഗിക്കുകയും വേണം. എന്തുകൊണ്ട്‌? എന്തെന്നാൽ “ഇതു ദുഷ്‌കാല”മാണ്‌. നമ്മെ സംബന്ധിച്ച ‘കർത്താവിന്റെ ഇഷ്ടം ഗ്രഹിച്ചാൽ’ ശേഷിച്ചിരിക്കുന്നതും വിലയേറിയതുമായ അൽപ്പ സമയം നാം പാഴാക്കില്ല.​—⁠എഫെസ്യർ 5:⁠15-17; 1 പത്രൊസ്‌ 4:⁠1-4.

16 മുഴു ലോകവ്യവസ്ഥിതിയും വിലയിക്കപ്പെടാനിരിക്കുകയാണെന്ന അറിവ്‌ നമ്മെ വ്യക്തിപരമായി എങ്ങനെ ബാധിക്കണം? അപ്പൊസ്‌തലനായ പത്രൊസ്‌ നമ്മുടെ പ്രയോജനത്തിനായി ഇങ്ങനെ എഴുതി: “ഇവയെല്ലാം നശ്വരമാകയാൽ വിശുദ്‌ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം!” (2 പത്രൊസ്‌ 3:⁠11, പി.ഒ.സി. ബൈബിൾ) അതേ, നമുക്ക്‌ അത്തരം ശുഷ്‌കാന്തി ഉണ്ടായിരിക്കണം. പത്രൊസിന്റെ ബുദ്ധിയുപദേശത്തോടുള്ള ചേർച്ചയിൽ (1) നമ്മുടെ നടത്ത വിശുദ്ധമാണെന്ന്‌ ഉറപ്പുവരുത്താനായി നാം അത്‌ അടുത്തു നിരീക്ഷിക്കുകയും (2) യഹോവയുടെ സേവനത്തിലെ തീക്ഷ്‌ണതയോടുകൂടിയ നമ്മുടെ പ്രവൃത്തികൾ എപ്പോഴും അവനോടുള്ള നമ്മുടെ ആഴമായ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും വേണം.

17. സാത്താന്റെ ഏതു കെണികൾക്കെതിരെ വിശ്വസ്‌ത ക്രിസ്‌ത്യാനികൾ ജാഗ്രത പാലിക്കണം?

17 ഈ ലോകത്തിന്റെ വശ്യതകൾ നിമിത്തം അതിനോട്‌ ഇഴുകിച്ചേരാതിരിക്കാൻ ദൈവത്തോടുള്ള സ്‌നേഹം നമ്മെ സഹായിക്കും. ഈ വ്യവസ്ഥിതിക്കു സംഭവിക്കാനിരിക്കുന്നതിന്റെ വീക്ഷണത്തിൽ, ലൗകികവും സുഖലോലുപവുമായ ജീവിതരീതിയുടെ പളപളപ്പിനാൽ നാം വശീകരിക്കപ്പെടുന്നത്‌ ആപത്‌കരമാണ്‌. നാം ജീവിക്കുന്നതും ജോലി ചെയ്യുന്നതും ഈ ലോകത്തിലാണെങ്കിലും ലോകത്തെ പൂർണമായി അനുഭവിക്കരുത്‌ എന്ന ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തിനു നാം ചെവികൊടുക്കണം. (1 കൊരിന്ത്യർ 7:⁠31, NW) വാസ്‌തവത്തിൽ, ലോകത്തിന്റെ പ്രചരണത്താൽ വഴിതെറ്റിക്കപ്പെടാതിരിക്കാൻ നാം നമ്മുടെ പരമാവധി പ്രവർത്തിക്കണം. ഈ ലോകം അതിന്റെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുന്നതിൽ വിജയിക്കില്ല. അത്‌ അനിശ്ചിത കാലത്തേക്കു തുടർന്നു പോകുകയുമില്ല. നമുക്ക്‌ അതു സംബന്ധിച്ച്‌ ഇത്ര ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? എന്തെന്നാൽ ദൈവത്തിന്റെ നിശ്വസ്‌ത വചനം ഇപ്രകാരം പറയുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”​—⁠1 യോഹന്നാൻ 2:⁠17.

ഏറ്റവും നല്ലത്‌ വരാനിരിക്കുന്നതേയുള്ളൂ!

18, 19. പുതിയ ലോകത്തിലെ ഏതു മാറ്റങ്ങൾക്കായാണു നിങ്ങൾ നോക്കിപ്പാർത്തിരിക്കുന്നത്‌, അത്‌ കാത്തിരിക്കുന്നതിനു തക്ക മൂല്യമുള്ളതായിരുന്നുവെന്ന്‌ അന്ന്‌ പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

18 പെട്ടെന്നുതന്നെ യഹോവ സാത്താനെയും അവന്റെ അനുചരന്മാരെയും നശിപ്പിക്കും. അതോടെ തിരശ്ശീല താഴും. അതിനുശേഷം, ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്ന വിശ്വസ്‌തർ ദൈവത്തിന്റെ അനുഗ്രഹത്തോടെ എന്നേക്കും നിലനിൽക്കുന്ന ‘രംഗ’മാറ്റം വരുത്തിത്തുടങ്ങും. യുദ്ധം മേലാൽ ഉണ്ടായിരിക്കുകയില്ല; ദൈവം ‘ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യും.’ (സങ്കീർത്തനം 46:⁠9) ഭക്ഷ്യക്ഷാമത്തിനു പകരം ‘ഭൂമിയിൽ ധാന്യസമൃദ്‌ധി ഉണ്ടായിരിക്കും.’ (സങ്കീർത്തനം 72:⁠16, പി.ഒ.സി. ബൈ.) ജയിലുകളും പോലീസ്‌ സ്റ്റേഷനുകളും ലൈംഗികമായി പകരുന്ന രോഗങ്ങളും മയക്കുമരുന്നു രാജാക്കന്മാരും വിവാഹമോചന കോടതികളും പാപ്പരത്ത നടപടികളും ഭീകരപ്രവർത്തനവും എല്ലാം പൊയ്‌പോയിരിക്കും.​—⁠സങ്കീർത്തനം 37:⁠29; യെശയ്യാവു 33:⁠24; വെളിപ്പാടു 21:⁠3-5.

19 സ്‌മാരക കല്ലറകൾ ശൂന്യമാക്കപ്പെടും. പുനരുത്ഥാനം പ്രാപിച്ച ശതകോടിക്കണക്കിന്‌ ആളുകൾ, അതായത്‌ കൂടുതൽ അഭിനേതാക്കൾ രംഗത്തു വരും. ഒരു തലമുറ മറ്റൊന്നുമായി വീണ്ടും ഒത്തുചേരുന്നതും ദീർഘ കാലം പിരിഞ്ഞിരുന്ന പ്രിയപ്പെട്ടവർ പരസ്‌പരം ഊഷ്‌മളവും ഹൃദയംഗമവുമായി ആലിംഗനം ചെയ്യുന്നതുമായ ആ അവസരം എത്ര സന്തോഷപ്രദമായിരിക്കും! ഒടുവിൽ, ജീവിച്ചിരിക്കുന്ന എല്ലാവരും യഹോവയെ ആരാധിക്കും. (വെളിപ്പാടു 5:⁠13) മാറ്റങ്ങൾ പൂർണമായി വരുത്തിക്കഴിയുമ്പോൾ തിരശ്ശീല ഉയരും. അപ്പോൾ കാണുന്ന രംഗം ഒരു ഭൂവ്യാപക പറുദീസ ആയിരിക്കും. ആ രംഗം നിരീക്ഷിക്കുമ്പോൾ നിങ്ങൾക്ക്‌ എന്തായിരിക്കും തോന്നുക? ‘ഇതിനായി ദീർഘകാലം കാത്തിരിക്കേണ്ടിവന്നെങ്കിലും അതു തക്ക മൂല്യമുള്ളതായിരുന്നു!’ എന്ന്‌ ഉദ്‌ഘോഷിക്കാൻ നിങ്ങൾ പ്രേരിതനാകും എന്നതിൽ സംശയമില്ല.

[അടിക്കുറിപ്പുകൾ]

^ ഖ. 4 വ്യത്യസ്‌തമായ ഒരു സന്ദർഭത്തിൽ, അഭിഷിക്ത ക്രിസ്‌ത്യാനികൾ ‘ലോകത്തിനും ദൂതന്മാർക്കും മനുഷ്യർക്കും കൂത്തുകാഴ്‌ച’ ആയിരിക്കുന്നതായി പൗലൊസ്‌ പറഞ്ഞു.​—⁠1 കൊരിന്ത്യർ 4:⁠9.

^ ഖ. 4 ഉദാഹരണത്തിന്‌, ദാനീയേൽ 11:⁠40, 44-ൽ പരാമർശിച്ചിരിക്കുന്ന ‘വടക്കെദേശത്തിലെ രാജാവി’നെ കുറിച്ചുള്ള വിവരങ്ങൾക്ക്‌ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 280-1 പേജുകൾ കാണുക.

^ ഖ. 6 യഹൂദ പ്രവാസികൾ പൊ.യു.മു. 537-ൽ മടങ്ങിപ്പോയതിന്‌ 70 വർഷം മുമ്പാണ്‌ യെരൂശലേം നശിപ്പിക്കപ്പെട്ടതെന്നു ബൈബിൾതന്നെ സൂചിപ്പിക്കുന്നു. (യിരെമ്യാവു 25:⁠11, 12; ദാനീയേൽ 9:⁠1-3) ‘ജനതകളുടെ നിയമിത കാലത്തെ’ കുറിച്ചുള്ള വിശദമായ ഒരു ചർച്ചയ്‌ക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിന്റെ 95-7 പേജുകൾ കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’ എന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകൾ നമ്മുടെ നാളിൽ സത്യമായിത്തീർന്നിരിക്കുന്നത്‌ എങ്ങനെ?

• ബൈബിൾ കാലഗണന “ജനതകളുടെ നിയമിത കാല”ത്തിന്റെ അവസാനത്തിലേക്കു വിരൽ ചൂണ്ടുന്നത്‌ എങ്ങനെ?

• 1914 “അന്ത്യകാല”ത്തിന്റെ തുടക്കമാണെന്നതിനെ ലോകാവസ്ഥകൾ സ്ഥിരീകരിക്കുന്നത്‌ എങ്ങനെ?

• “കാലം ചുരുങ്ങിയിരിക്കുന്നു” എന്ന വസ്‌തുത നമ്മെ എങ്ങനെ ബാധിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[20-ാം പേജിലെ ചിത്രം]

ഒടുവിൽ നിഗൂഢതയുടെ ചുരുളഴിയുന്നു!