വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ കഴിയുന്ന വിധം

നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ കഴിയുന്ന വിധം

നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ കഴിയുന്ന വിധം

“ആത്മീയത തൊഴിൽരംഗത്തു ചെലുത്തുന്ന സ്വാധീനം സംബന്ധിച്ചു ചർച്ചചെയ്യുന്ന, ജീസസ്‌ സിഇഒ, ദ താവോ ഓഫ്‌ ലീഡർഷിപ്പ്‌ എന്നിങ്ങനെയുള്ള 300-ൽപ്പരം ഗ്രന്ഥങ്ങൾകൊണ്ട്‌ കഴിഞ്ഞ ദശകത്തിൽ പുസ്‌തകശാലകൾ നിറയുകയുണ്ടായി” എന്ന്‌ യു.എ⁠സ്‌.ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ പറയുന്നു. ജീവിതത്തിൽ ആത്മീയ മാർഗനിർദേശത്തിനായുള്ള അഭിവാഞ്‌ഛ ഭൗതിക സമൃദ്ധിയുള്ള നിരവധി ദേശങ്ങളിൽ വർധിച്ചുവരുന്നു എന്ന വസ്‌തുതയുടെ ഒരു പ്രതിഫലനം മാത്രമാണ്‌ ഈ പ്രവണത. ഇതിനെ കുറിച്ച്‌ പരിശീലനവും വികസനവും (ഇംഗ്ലീഷ്‌) എന്ന ബിസിനസ്‌ പത്രിക ഇപ്രകാരം അഭിപ്രായപ്പെട്ടു: “സാങ്കേതികവിദ്യ നമ്മുടെ മുഴു ജീവിതത്തിനും ചുക്കാൻ പിടിക്കുന്ന ഒരു കാലഘട്ടത്തിൽ, നാം [ജീവിതത്തിന്‌] കൂടുതൽ അർഥവും ഉദ്ദേശ്യവും വ്യക്തിപരമായി ഏറിയ സം⁠തൃപ്‌തിയും തിരയുകയാണ്‌.”

എന്നാൽ, തൃപ്‌തികരമായ ആത്മീയ മാർഗനിർദേശം നിങ്ങൾക്ക്‌ എവിടെ കണ്ടെത്താനാകും? ജീവിതത്തിന്‌ “കൂടുതൽ അർഥവും ഉദ്ദേശ്യവും” കണ്ടെത്തുന്നതിൽ സഹായത്തിനായി മുമ്പൊക്കെ ആളുകൾ സ്ഥാപിത മതത്തിലേക്കു നോക്കിയിരുന്നു. ഇന്നാകട്ടെ, അനേകമാളുകൾ സംഘടിത മതത്തിനുനേരെ പുറംതിരിഞ്ഞു നിൽക്കുകയാണ്‌. “ആളുകൾ മതത്തെയും ആത്മീയതയെയും തമ്മിൽ വ്യക്തമായി വേർതിരിച്ചു കാണുന്നു” എന്ന്‌ 90 ഉന്നതതല മാനേജർമാരും എക്‌സിക്യൂട്ടിവുകളും പങ്കെടുത്ത ഒരു സർവേ കണ്ടെത്തിയതായി പരിശീലനവും വികസനവും എന്ന പത്രിക പ്രസ്‌താവിക്കുന്നു. മതം “അസഹിഷ്‌ണുതയും വിഭാഗീയതയും” നിറഞ്ഞ ഒന്നാണ്‌; അതേസമയം ആത്മീയത “സാർവത്രികവും സമസ്‌തതല സ്‌പർശിയും” ആണ്‌ എന്നായിരുന്നു സർവേയിൽ പങ്കെടുത്തവരുടെ കാഴ്‌ചപ്പാട്‌.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, യുണൈറ്റഡ്‌ കിങ്‌ഡം, യൂറോപ്പ്‌ എന്നിങ്ങനെയുള്ള കൂടുതൽ മതേതരമായ സമൂഹങ്ങളിലെ അനേകം യുവജനങ്ങൾ സമാനമായി മതവും ആത്മീയതയും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നു. യൂത്ത്‌ സ്റ്റഡീസ്‌ ഓസ്‌ട്രേലിയ എന്ന മാസികയിൽ പ്രൊഫസർ റൂത്ത്‌ വെബ്ബർ ഇപ്രകാരം തറപ്പിച്ചു പറയുന്നു: “യുവജനങ്ങളിൽ ഏറിയപങ്കും ദൈവത്തിൽ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃത്യതീത ശക്തിയിൽ വിശ്വസിക്കുന്നു. എന്നാൽ സഭയെ പ്രാധാന്യമുള്ള, തങ്ങളുടെ ആത്മീയത പ്രകടിപ്പിക്കുന്നതിൽ സഹായകമായ ഒന്നായി അവർ കരുതുന്നില്ല.”

സത്യമതം ആത്മീയതയെ ഉന്നമിപ്പിക്കുന്നു

ആളുകൾ മതത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. അനേകം മതസംഘടനകൾ രാഷ്‌ട്രീയ ഉപജാപങ്ങളുടെയും ധാർമിക കാപട്യത്തിന്റെയും ചതുപ്പിലാണ്ടിരിക്കുന്നു, എണ്ണമറ്റ മതയുദ്ധങ്ങളിൽ ചൊരിയപ്പെട്ട നിരപരാധികളുടെ രക്തത്താൽ അവ നനഞ്ഞുകുതിർന്നിരിക്കുന്നു. എന്നിരുന്നാലും, കാപട്യത്താലും വഞ്ചനയാലും പങ്കിലമായ മതസംഘടനകളെ തിരസ്‌കരിക്കുന്ന കൂട്ടത്തിൽ, ചിലർ ബൈബിളിനെയും തള്ളിക്കളഞ്ഞിരിക്കുന്നു. ബൈബിൾ അത്തരം നടപടികൾ വെച്ചുപൊറുപ്പിക്കുന്നു എന്ന്‌ അവർ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌.

വാസ്‌തവത്തിൽ ബൈബിൾ കാപട്യത്തെയും അധർമത്തെയും കുറ്റംവിധിക്കുന്നു. തന്റെ നാളിലെ മതനേതാക്കന്മാരോട്‌ യേശു ഇപ്രകാരം പറഞ്ഞു: “കപടഭക്തിക്കാരായ ശാസ്‌ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.”—മത്തായി 23:⁠27, 28.

കൂടാതെ, രാഷ്‌ട്രീയ കാര്യങ്ങളിലെല്ലാം നിഷ്‌പക്ഷരായിരിക്കാൻ ബൈബിൾ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. പരസ്‌പരം കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്നതിനു പകരം, സഹവിശ്വാസിക്കുവേണ്ടി മരിക്കാൻ അവർ സന്നദ്ധരായിരിക്കണമെന്ന്‌ അതു നിർദേശിക്കുന്നു. (യോഹന്നാൻ 15:⁠12, 13; 18:⁠36; 1 യോഹന്നാൻ 3:⁠10-12) “അസഹിഷ്‌ണുതയും വിഭാഗീയതയും” ഉള്ളതായിരിക്കുന്നതിനു പകരം, ബൈബിളിൽ അധിഷ്‌ഠിതമായ സത്യമതം “സമസ്‌തതല സ്‌പർശി” ആണ്‌. അപ്പൊസ്‌തലനായ പത്രൊസ്‌ ഇപ്രകാരം പറഞ്ഞു: ‘ദൈവത്തിന്നു മുഖപക്ഷമില്ല ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.’​—⁠പ്രവൃത്തികൾ 10:⁠34, 35.

ബൈബിൾ​—⁠ആത്മീയ ആരോഗ്യത്തിന്‌ ആശ്രയയോഗ്യമായ ഒരു വഴികാട്ടി

ദൈവത്തിന്റെ പ്രതിച്ഛായയിലാണ്‌ മനുഷ്യർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്നു ബൈബിൾ നമ്മോടു പറയുന്നു. (ഉല്‌പത്തി 1:⁠26, 27, NW) മനുഷ്യർ ജഡികമായ വിധത്തിൽ ദൈവത്തെപ്പോലെയാണ്‌ എന്ന്‌ ഇത്‌ അർഥമാക്കുന്നില്ലെങ്കിലും, ആത്മീയ കാര്യങ്ങൾക്കുള്ള പ്രാപ്‌തി അഥവാ ആത്മീയത ഉൾപ്പെടെ ദൈവത്തിന്റെ വ്യക്തിത്വ സവിശേഷതകൾ പ്രതിഫലിപ്പിക്കാനുള്ള കഴിവ്‌ മനുഷ്യർക്കുണ്ട്‌ എന്ന്‌ അത്‌ അർഥമാക്കുകതന്നെ ചെയ്യുന്നു.

അങ്ങനെയെങ്കിൽ, നമ്മുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താനുള്ള മാർഗവും അതുപോലെ നമുക്ക്‌ ആത്മീയമായി പ്രയോജനപ്രദമായതും ഹാനികരമായതും വേർതിരിച്ചറിയാൻ സഹായിക്കുന്ന ശരിയായ മാർഗനിർദേശവും ദൈവം പ്രദാനം ചെയ്യും എന്നു വിശ്വസിക്കുന്നത്‌ യുക്തിസഹമാണ്‌. രോഗത്തോടു പോരാടുകയും നമ്മെ ആരോഗ്യമുള്ളവരായി നിലനിറുത്തുകയും ചെയ്യുന്ന, മികവുറ്റ രീതിയിൽ രൂപകൽപ്പന ചെയ്‌തിട്ടുള്ള രോഗപ്രതിരോധ വ്യവസ്ഥ സഹിതമാണ്‌ ദൈവം നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നത്‌. സമാനമായി, ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനും ഭൗതികമായും ആത്മീയമായും ഹാനികരമായ നടപടികൾ ഒഴിവാക്കാനും നമ്മെ സഹായിക്കുന്ന ഒരു മനസ്സാക്ഷി അഥവാ ആന്തരിക ശബ്ദം കൂടെ അവൻ നമുക്കു തന്നിരിക്കുന്നു. (റോമർ 2:⁠14, 15) നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ നന്നായി പ്രവർത്തിക്കണമെങ്കിൽ അതിനു ശരിയായ പോഷണം ലഭിക്കണം എന്ന്‌ നമുക്കറിയാം. അതുപോലെതന്നെ, നമ്മുടെ മനസ്സാക്ഷി ശരിയാംവണ്ണം പ്രവർത്തിക്കുന്നതിന്‌ നാം അതിനെ നല്ല ആത്മീയ ആഹാരത്താൽ പരിപോഷിപ്പിക്കേണ്ടതുണ്ട്‌.

നമ്മെ ആത്മീയ ആരോഗ്യമുള്ളവരായി നിലനിറുത്തുന്ന ആഹാരം ഏതെന്നു തിരിച്ചറിയിച്ചുകൊണ്ട്‌ യേശു ഇപ്രകാരം പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ [“യഹോവയുടെ,” NW] വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (മത്തായി 4:⁠4) ദിവ്യനിശ്വസ്‌തമായ ബൈബിളിലാണ്‌ യഹോവയുടെ വചനങ്ങൾ അഥവാ വാക്കുകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്‌. അവ “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും . . . പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ്‌ 3:⁠17) അതുകൊണ്ട്‌, ആ ആത്മീയ പോഷണം സ്വീകരിക്കാൻ സകല ശ്രമവും ചെയ്യുക എന്നത്‌ നമ്മുടെ കടമയാണ്‌. നാം എത്ര നന്നായി ബൈബിൾ മനസ്സിലാക്കുകയും അതിന്റെ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കാൻ പ്രയത്‌നിക്കുകയും ചെയ്യുന്നുവോ അത്രയധികം ആത്മീയമായും ഭൗതികമായും പ്രയോജനം നേടും.—യെശയ്യാവു 48:⁠17, 18.

ശ്രമത്തിനുതക്ക മൂല്യമുള്ളതോ?

ബൈബിൾ പഠിച്ച്‌ ആത്മീയ ആരോഗ്യം മെച്ചപ്പെടുത്താൻ സമയം ആവശ്യമാണ്‌ എന്നതു ശരിതന്നെ; ഇക്കാലത്ത്‌ സമയം കണ്ടെത്തുക ഒന്നിനൊന്നു ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്നു തോന്നുകയും ചെയ്‌തേക്കാം. എന്നാൽ ശ്രമത്തിനുതക്ക മൂല്യമുള്ളതാണ്‌ അതിന്റെ പ്രതിഫലങ്ങൾ! ആത്മീയ ആരോഗ്യം മെച്ചപ്പെടുത്താൻ സമയം മാറ്റിവെക്കുന്നത്‌ തങ്ങൾക്കു വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ തൊഴിൽരംഗത്തു വളരെ തിരക്കുള്ള ചില വ്യക്തികൾ പറയുന്നതു ശ്രദ്ധിക്കുക.

ഒരു ഡോക്ടറായ മാരിന ഇപ്രകാരം പറയുന്നു: “ഒരു ആശുപത്രിയിൽ ജോലിചെയ്യാൻ ആരംഭിച്ചപ്പോൾ മറ്റുള്ളവരുടെ യാതനകൾ കണ്ട്‌ എന്റെ മനസ്സ്‌ വളരെ അസ്വസ്ഥമാകാൻ തുടങ്ങി. ഞാൻ എന്റെ ആത്മീയതയെ കുറിച്ച്‌ യഥാർഥത്തിൽ ചിന്തിച്ചു തുടങ്ങിയത്‌ അന്നാണ്‌. സംതൃപ്‌തിയും പ്രശാന്തതയും നേടുന്നതിന്‌ എന്റെ ആത്മീയ ആവശ്യം ഞാൻ അംഗീകരിക്കുകയും തൃപ്‌തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്‌ എന്ന്‌ ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു. എന്തുകൊണ്ടെന്നാൽ, ജീവിതത്തിന്റെ ശീഘ്രഗതിയും ഉത്‌കണ്‌ഠാകുലരായ ആളുകളെ ശുശ്രൂഷിക്കാനുള്ള ഉത്തരവാദിത്വവും, എന്റേതു പോലുള്ള ഒരു ജോലി ചെയ്യുന്ന വ്യക്തിയെ തളർത്തിക്കളഞ്ഞേക്കാം.

“ഇപ്പോൾ ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നു. സമനിലയുള്ള ഒരു ജീവിതം നയിക്കാൻ തക്കവണ്ണം, എന്റെ പ്രവർത്തനങ്ങളെയും ആന്തരങ്ങളെയും ക്രിയാത്മകമായ വിധത്തിൽ പരിശോധിക്കാനും കൂടുതൽ ശുഭാപ്‌തിവിശ്വാസം പ്രകടമാക്കുംവിധം എന്റെ ചിന്താപ്രക്രിയകളെ പരിശീലിപ്പിക്കാനും ഈ പഠനം എന്നെ സഹായിക്കുന്നു. എന്റെ തൊഴിലിൽ എനിക്കു വളരെ സംതൃപ്‌തി ആസ്വദിക്കാൻ കഴിയുന്നുണ്ട്‌. എന്നാൽ ബൈബിൾ പഠനമാണ്‌ നിഷേധാത്മക വികാരങ്ങളെ നിയന്ത്രിക്കാനും പിരിമുറുക്കം കുറയ്‌ക്കാനും ആളുകളുമായി ഇടപെടുന്നതിൽ കൂടുതൽ ക്ഷമയും സഹാനുഭൂതിയും പ്രകടിപ്പിക്കാനും സഹായിച്ചുകൊണ്ട്‌ എന്റെ വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തിയത്‌. ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കിയത്‌ വിവാഹജീവിതത്തിലും എന്നെ സഹായിച്ചിരിക്കുന്നു. എന്നാൽ അതിലെല്ലാം പ്രധാനമായി, ഞാൻ യഹോവയെ അറിയാൻ ഇടയായിരിക്കുന്നു, അവന്റെ ആത്മാവ്‌ എന്റെമേൽ സ്വതന്ത്രമായി ഒഴുകുന്നത്‌ ചെറിയ ഒരളവിൽ എനിക്ക്‌ അനുഭവവേദ്യമാകുന്നു. ഇത്‌ എന്റെ ജീവിതത്തിനു വളരെയധികം അർഥം പകർന്നിരിക്കുന്നു.”

ആർക്കിടെക്‌ച്ചറൽ ഡിസൈനറായ നിക്കോളാസ്‌ ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നതിനു മുമ്പ്‌ എനിക്ക്‌ ആത്മീയ കാര്യങ്ങളിൽ യാതൊരു താത്‌പര്യവും ഇല്ലായിരുന്നു. ഞാൻ തിരഞ്ഞെടുത്ത തൊഴിലിൽ വിജയം വരിക്കുക എന്നതു മാത്രമായിരുന്നു ജീവിതത്തിലെ എന്റെ ഏക ലക്ഷ്യം. ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു എന്നും യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ നിലനിൽക്കുന്ന യഥാർഥ സന്തോഷം കൈവരുത്തുമെന്നും ബൈബിൾ പഠിച്ചതിലൂടെ എനിക്കു മനസ്സിലായിരിക്കുന്നു.

“ലൗകിക തൊഴിൽ എനിക്ക്‌ സംതൃപ്‌തി നൽകുന്നുണ്ട്‌, എന്നാൽ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ ജീവിതം ലളിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നെ പഠിപ്പിച്ചത്‌ ബൈബിളാണ്‌. അപ്രകാരം ജീവിക്കുന്നതിലൂടെ, ഞാനും ഭാര്യയും ഭൗതികാസക്ത ജീവിത ശൈലി ഉളവാക്കുന്ന സമ്മർദം വലിയൊരളവോളം ഒഴിവാക്കിയിരിക്കുന്നു. കൂടാതെ, ജീവിതത്തെ കുറിച്ചു സമാനമായ ആത്മീയ വീക്ഷണമുള്ള ആളുകളോടു സഹവസിക്കുന്നതു മുഖാന്തരം അനേകം യഥാർഥ സുഹൃത്തുക്കളെ ഞങ്ങൾ കണ്ടെത്തുകയും ചെയ്‌തിരിക്കുന്നു.”

അഭിഭാഷകനായ വിൻസെന്റ്‌ പിൻവരുന്ന പ്രകാരം പറയുന്നു: “ഒരു നല്ല ലൗകിക തൊഴിലിന്‌ ഒരളവിലുള്ള സംതൃപ്‌തി പ്രദാനം ചെയ്യാൻ കഴിയും. എന്നിരുന്നാലും, സന്തോഷവും സംതൃപ്‌തിയും നേടാൻ അതിലും വളരെയധികം ആവശ്യമാണെന്നു ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇക്കാര്യത്തെ കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കുന്നതിനുമുമ്പ്‌, ജീവിതത്തിന്റെ വ്യർഥതയെ കുറിച്ചു പെട്ടെന്നൊരിക്കൽ തിരിച്ചറിഞ്ഞത്‌ ഞാൻ ഓർക്കുന്നു​—⁠ജനിക്കുന്നു, വളരുന്നു, വിവാഹം കഴിക്കുന്നു, മക്കളെ വളർത്തിക്കൊണ്ടുവരാൻ ആവശ്യമായ ഭൗതിക സംഗതികൾക്കുവേണ്ടി തൊഴിൽ ചെയ്യുന്നു, ഇതേ ജീവനചക്രം പിന്തുടരാൻ മക്കളെയും അഭ്യസിപ്പിക്കുന്നു, ഒടുവിൽ വാർധക്യം പ്രാപിച്ചു മരിക്കുന്നു.

“യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചതിൽപ്പിന്നെയാണ്‌ ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരം എനിക്കു ലഭിച്ചത്‌. യഹോവയെ ഒരു വ്യക്തി എന്ന നിലയിൽ അറിയാനും അവനോട്‌ ആഴമായ സ്‌നേഹം വളർത്തിയെടുക്കാനും ബൈബിൾ പഠനം എന്നെ സഹായിച്ചിരിക്കുന്നു. ഞാൻ തിരിച്ചറിഞ്ഞ അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കവേ ആരോഗ്യാവഹമായ ഒരു ആത്മീയ വീക്ഷണഗതി കാത്തുസൂക്ഷിക്കാൻ ഇത്‌ എനിക്ക്‌ അടിത്തറ പ്രദാനം ചെയ്യുന്നു. സാധ്യമായതിൽ ഏറ്റവും അർഥവത്തായ വിധത്തിലാണ്‌ ഞങ്ങൾ ജീവിതം വിനിയോഗിക്കുന്നത്‌ എന്ന അറിവിൽനിന്ന്‌ ഉണ്ടാകുന്ന സംതൃപ്‌തി ഇപ്പോൾ ഞാനും ഭാര്യയും അനുഭവിക്കുന്നു.”

ബൈബിൾ പഠനത്തിലൂടെ ജീവിതത്തെ ഉദ്ദേശ്യപൂർണവും അർഥവത്തും ആക്കാൻ നിങ്ങൾക്കും സാധിക്കും. നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. മാരിന, നിക്കോളാസ്‌, വിൻസെന്റ്‌ എന്നിവരെപ്പോലെ യഹോവയെയും, അവന്‌ മൊത്തത്തിൽ മനുഷ്യവർഗത്തെ കുറിച്ചും വ്യക്തിപരമായി നിങ്ങളെ കുറിച്ചും ഉള്ള ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച്‌ അറിയുന്നതിൽനിന്നു സംജാതമാകുന്ന സംതൃപ്‌തി നേടാൻ നിങ്ങൾക്കും കഴിയും. ഇപ്പോൾ നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിൽനിന്ന്‌ ഉളവാകുന്ന സന്തോഷത്തിനു പുറമേ, പരിപൂർണമായ ശാരീരിക ആരോഗ്യത്തോടെ നിത്യജീവൻ ആസ്വദിക്കാനുള്ള പ്രത്യാശയും നിങ്ങൾക്കു ലഭിക്കും. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ”ക്കു മാത്രം ലഭിക്കുന്ന ഒന്നാണ്‌ ഈ പ്രത്യാശ.—മത്തായി 5:⁠3, NW.

നമ്മുടെ ആത്മീയത വളർത്തിയെടുക്കാനുള്ള ഒരു മാർഗമാണ്‌ പ്രാർഥന. പ്രാർഥിക്കേണ്ടത്‌ എങ്ങനെയെന്നു തന്റെ ശിഷ്യരെ പഠിപ്പിക്കാൻ യേശു സമയം എടുത്തു. കർത്താവിന്റെ പ്രാർഥന എന്നു സാധാരണമായി വിളിക്കാറുള്ള ഒരു മാതൃക അവൻ അവർക്കു കൊടുത്തു. ആ പ്രാർഥനയ്‌ക്ക്‌ ഇന്നു നിങ്ങളെ സംബന്ധിച്ച്‌ എന്ത്‌ അർഥമാണുള്ളത്‌? നിങ്ങൾക്ക്‌ അതിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാൻ കഴിയും? അടുത്ത രണ്ട്‌ ലേഖനങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾക്കു കാണാം.

[6-ാം പേജിലെ ചിത്രങ്ങൾ]

മാരിന

[7-ാം പേജിലെ ചിത്രങ്ങൾ]

നിക്കോളാസ്‌

[7-ാം പേജിലെ ചിത്രങ്ങൾ]

വിൻസെന്റ്‌