വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സ്‌നേഹദയയും കരുതലും ആസ്വദിക്കുന്നു

യഹോവയുടെ സ്‌നേഹദയയും കരുതലും ആസ്വദിക്കുന്നു

ജീവിത കഥ

യഹോവയുടെ സ്‌നേഹദയയും കരുതലും ആസ്വദിക്കുന്നു

ഫേ കിങ്‌ പറഞ്ഞപ്രകാരം

എന്റെ മാതാപിതാക്കൾ ദയയുള്ളവർ ആയിരുന്നെങ്കിലും മറ്റനേകരെയുംപോലെ അവർക്കും മതത്തോട്‌ എന്തെന്നില്ലാത്ത വിരക്തിയായിരുന്നു. “ഏതായാലും ഒരു ദൈവം ഉണ്ടായിരിക്കണം. അല്ലെങ്കിൽപ്പിന്നെ, ഈ പൂക്കളും മരങ്ങളുമൊക്കെ സൃഷ്ടിച്ചത്‌ ആരാണ്‌?” എന്ന്‌ അമ്മ പറയുമായിരുന്നു. അത്രയും മാത്രമായിരുന്നു അമ്മയുടെ മതചിന്ത.

എന്റെ പിതാവ്‌ 1939-ൽ, എനിക്കു 11 വയസ്സുള്ളപ്പോൾ മരിച്ചുപോയി. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്ററിനു തെക്കുള്ള സ്റ്റോക്‌പോർട്ടിൽ അമ്മയോടൊപ്പമാണ്‌ ഞാൻ വളർന്നത്‌. എന്റെ സ്രഷ്ടാവിനെ കുറിച്ച്‌ കൂടുതൽ അറിയാൻ ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. ബൈബിളിനെ സംബന്ധിച്ച്‌ യാതൊന്നും എനിക്ക്‌ അറിയില്ലായിരുന്നെങ്കിലും ഞാൻ ആ ഗ്രന്ഥത്തെ ആദരവോടെ വീക്ഷിച്ചിരുന്നു. അതുകൊണ്ട്‌ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ എന്ന സഭ എന്തു പഠിപ്പിക്കുന്നു എന്നറിയാനായി അവരുടെ പള്ളിയിൽ പോകാൻ ഞാൻ തീരുമാനിച്ചു.

അവരുടെ മതശുശ്രൂഷകളിൽ വലിയ കാര്യമൊന്നും ഉണ്ടെന്ന്‌ എനിക്കു തോന്നിയില്ല. എന്നാൽ സുവിശേഷങ്ങൾ വായിച്ചുകേട്ടപ്പോൾ, ബൈബിൾ സത്യമായിരിക്കണമെന്ന്‌ യേശുവിന്റെ വാക്കുകൾ എങ്ങനെയോ എന്നെ ബോധ്യപ്പെടുത്തി. തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ വ്യക്തിപരമായി ബൈബിൾ വായിക്കാൻ തുനിയാതിരുന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. പിന്നീട്‌, ഞങ്ങളുടെ ഒരു കുടുംബ സുഹൃത്ത്‌ “പുതിയ നിയമ”ത്തിന്റെ ഒരു ആധുനിക പരിഭാഷ എനിക്കു തന്നപ്പോൾപ്പോലും ഞാൻ അതു വായിക്കാൻ മിനക്കെട്ടില്ല.

1950-ൽ കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌ എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തെപ്പോലെ ഇതും പടർന്നു പിടിക്കുമോ? അങ്ങനെവന്നാൽ, ശത്രുക്കളെ സ്‌നേഹിക്കാനുള്ള യേശുവിന്റെ കൽപ്പന എനിക്ക്‌ എങ്ങനെ അനുസരിക്കാനാകും? അതേസമയം, ആളുകൾ എന്റെ രാജ്യം ആക്രമിക്കുന്നത്‌ നോക്കി ഞാൻ എങ്ങനെ കൈയുംകെട്ടിനിൽക്കും? അങ്ങനെ ചെയ്‌താൽ തീർച്ചയായും ഞാൻ എന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒളിച്ചോടുകയായിരിക്കും. എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി. എങ്കിലും എന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ബൈബിളിലുണ്ട്‌ എന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു. പക്ഷേ അത്‌ എവിടെയാണ്‌, എങ്ങനെ കണ്ടെത്തും എന്നുമാത്രം യാതൊരു ഊഹവുമില്ലായിരുന്നു.

ഓസ്‌ട്രേലിയയിൽ സത്യത്തിനായി അന്വേഷിക്കുന്നു

1954-ൽ ഞാനും അമ്മയും ഓസ്‌ട്രേലിയയിലേക്കു കുടിയേറാൻ തീരുമാനിച്ചു. എന്റെ ചേച്ചി ജിൻ അവിടെയായിരുന്നു. ഏതാനും വർഷങ്ങൾ കടന്നുപോയി. എനിക്കു ബൈബിളിൽ താത്‌പര്യമുണ്ടെന്നും ഞാൻ പള്ളിയിൽ പോയെന്നും അറിയാമായിരുന്നതിനാൽ എന്നെ സന്ദർശിക്കാൻ യഹോവയുടെ സാക്ഷികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ഒരിക്കൽ ജിൻ എന്നോടു പറഞ്ഞു. അവരെ കുറിച്ച്‌ എന്റെ അഭിപ്രായം എന്താണെന്ന്‌ അവൾക്ക്‌ അറിയണമായിരുന്നു. “അവർ നൽകുന്ന വിശദീകരണങ്ങൾ ശരിയോ തെറ്റോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ ഒന്നെനിക്കറിയാം, മറ്റു സഭകളെക്കാൾ അധികമായി അവരുടെ പക്കൽ വിശദീകരണങ്ങളുണ്ട്‌,” അവൾ പറഞ്ഞു.

എന്നെ സന്ദർശിച്ച ബിൽ ഷ്‌നൈഡറും ഭാര്യ ലിൻഡയും വളരെ നല്ല ദമ്പതികളായിരുന്നു. അവരോടൊത്ത്‌ ആയിരിക്കുന്നത്‌ വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു. വർഷങ്ങളായി സാക്ഷികളായിരുന്ന അവർക്കിരുവർക്കും അറുപത്തഞ്ചിനുമേൽ പ്രായമുണ്ടായിരുന്നു. അഡെലെയ്‌ഡിൽ പ്രവർത്തിച്ചിരുന്ന യഹോവയുടെ സാക്ഷികളുടെ റേഡിയോ നിലയത്തിലായിരുന്നു അവർ. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ഓസ്‌ട്രേലിയയിൽ പ്രസംഗവേല നിരോധിക്കപ്പെട്ടപ്പോൾ അവർ മുഴുസമയ സുവിശേഷകരായി പേരുചാർത്തി. ബില്ലും ലിൻഡയും എനിക്കു വലിയ സഹായമായിരുന്നു. എന്നിരുന്നാലും അപ്പോഴും ഞാൻ വ്യത്യസ്‌ത മതങ്ങളിൽ പര്യവേക്ഷണം തുടർന്നുകൊണ്ടിരുന്നു.

എന്റെ കൂടെ ജോലി ചെയ്‌തിരുന്ന ഒരാൾ, സുവിശേഷകനായ ബില്ലി ഗ്രഹാമിന്റെ ഒരു യോഗത്തിന്‌ എന്നെ കൊണ്ടുപോയി. അതിനുശേഷം ഞങ്ങളിൽ ചിലർ, ചോദ്യങ്ങൾ സ്വാഗതം ചെയ്‌ത ഒരു വൈദികനുമായി കൂടിക്കാഴ്‌ച നടത്തി. എന്നെ അപ്പോഴും അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യം ഞാൻ ചോദിച്ചു: “യുദ്ധത്തിനു പോകുകയും ആളുകളെ കൊല്ലുകയും ചെയ്യുമ്പോൾ, ക്രിസ്‌ത്യാനി ആയിരിക്കാനും ശത്രുക്കളെ സ്‌നേഹിക്കാനും ഒരു വ്യക്തിക്ക്‌ എങ്ങനെ സാധിക്കും?” അതു കേട്ട്‌ അവിടെ കൂടിയിരുന്നവരെല്ലാം പൊടുന്നനെ ആരവമുയർത്തി​—⁠അവർക്കും ഇതേ ചോദ്യംതന്നെ ഉണ്ടായിരുന്നെന്നു വ്യക്തം. ഒടുവിൽ വൈദികൻ പറഞ്ഞു: “ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയില്ല. അതിനെ കുറിച്ച്‌ ഞാൻ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‌.”

ഇതിനിടെ, ബില്ലിനോടും ലിൻഡയോടുമൊപ്പമുള്ള എന്റെ ബൈബിൾ പഠനം നന്നായി മുന്നേറി, 1958 സെപ്‌റ്റംബറിൽ ഞാൻ സ്‌നാപനമേറ്റു. എന്നെ ബൈബിൾ പഠിപ്പിച്ചവരുടെ മാതൃകതന്നെ പിൻപറ്റാൻ ഞാനുറച്ചു. അങ്ങനെ പിറ്റേ വർഷം ആഗസ്റ്റ്‌ ആയപ്പോഴേക്കും ഒരു മുഴുസമയ സുവിശേഷക എന്ന നിലയിൽ ഞാൻ സാധാരണ പയനിയർ സേവനം ആരംഭിച്ചു. എട്ടു മാസങ്ങൾക്കു ശേഷം പ്രത്യേക പയനിയർമാരുടെ അണികളോടു ചേരാൻ എനിക്കു ക്ഷണം ലഭിച്ചു. എന്റെ ചേച്ചി ജിനും ബൈബിൾ പഠനത്തിൽ പുരോഗതി പ്രാപിച്ച്‌ സ്‌നാപനമേറ്റെന്നു കേട്ടപ്പോൾ എനിക്ക്‌ എത്രയധികം സന്തോഷം തോന്നിയെന്നോ!

അവസരത്തിന്റെ വാതിൽ തുറക്കപ്പെടുന്നു

ഞാൻ സിഡ്‌നിയിലുള്ള ഒരു സഭയോടൊത്തു സേവിക്കുകയായിരുന്നു. എനിക്കു ധാരാളം ബൈബിളധ്യയനങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം, ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിന്റെ വൈദികസ്ഥാനത്തുനിന്നു വിരമിച്ച ഒരു വ്യക്തിയെ ഞാൻ കണ്ടുമുട്ടി. ലോകാവസാനത്തെ കുറിച്ച്‌ അവരുടെ സഭ എന്താണു പറയുന്നതെന്ന്‌ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അരനൂറ്റാണ്ടു കാലം താൻ സഭയുടെ ഉപദേശങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഉത്തരംകേട്ട്‌ ഞാൻ ആശ്ചര്യപ്പെട്ടു: “അതിനെ കുറിച്ച്‌ എനിക്കു സമയമെടുത്ത്‌ ഒരു ഗവേഷണം നടത്തേണ്ടിവരും, കാരണം ബൈബിളിനെ കുറിച്ച്‌ യഹോവയുടെ സാക്ഷികൾക്കുള്ളത്ര പരിജ്ഞാനമൊന്നും എനിക്കില്ല.”

ഇതിനെ തുടർന്ന്‌ വൈകാതെ, പാകിസ്ഥാനിൽ പോയി സേവിക്കാൻ സന്നദ്ധരായവരെ ആവശ്യമുണ്ടെന്ന്‌ അറിയിപ്പുണ്ടായി. അവിവാഹിതരായ സഹോദരിമാരെ അയയ്‌ക്കുന്നില്ലെന്നും അവിവാഹിതരായ സഹോദരന്മാരെയും ദമ്പതികളെയും മാത്രമാണ്‌ തിരഞ്ഞെടുക്കുന്നതെന്നും അറിയാതെ ഞാനും അപേക്ഷ കൊടുത്തു. എന്റെ അപേക്ഷ ബ്രുക്ലിൻ ആസ്ഥാനത്തേക്ക്‌ അയച്ചുകൊടുക്കപ്പെട്ടു എന്നു വ്യക്തമായി. കാരണം ഇന്ത്യയിലെ ബോംബെയിൽ (ഇന്നത്തെ മുംബൈ) ഒരാളെ ആവശ്യമുണ്ട്‌, നിയമനം സ്വീകരിക്കാൻ സന്നദ്ധയാണോ എന്നു ചോദിച്ചുകൊണ്ടുള്ള ഒരു കത്ത്‌ അധികം വൈകാതെ എനിക്കു ലഭിച്ചു. 1962-ൽ ആയിരുന്നു അത്‌. ഞാൻ ആ നിയമനം സ്വീകരിച്ചു. അങ്ങനെ ബോംബെയിൽ 18 മാസക്കാലം ഞാൻ താമസിച്ചു. അവിടെനിന്ന്‌ അലഹബാദിലേക്കു പോയി.

ഹിന്ദി പഠിച്ചെടുക്കാൻ ഞാൻ ഉടൻതന്നെ ഏകാഗ്ര ശ്രമം ആരംഭിച്ചു. അക്ഷരവിന്യാസത്തിലും ഉച്ചാരണത്തിലും സാധാരണമായി സ്ഥിരത പുലർത്തുന്നതുകൊണ്ട്‌ ഈ ഭാഷ വശമാക്കാൻ വലിയ ബുദ്ധിമുട്ടില്ല. തങ്ങളുടെ ഭാഷ പറയാൻ ബുദ്ധിമുട്ടാതെ ഇംഗ്ലീഷിൽത്തന്നെ പറഞ്ഞോളു എന്ന്‌ ചിലപ്പോൾ വീട്ടുകാർ പറയുമ്പോൾ ശ്രമമൊക്കെ വെറുതെ ആയല്ലോ എന്നോർത്ത്‌ എനിക്കു വലിയ നിരാശ തോന്നുമായിരുന്നു. പക്ഷേ ഈ പുതിയ ദേശം രസകരവും ആവേശകരവുമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു, കൂടാതെ ഓസ്‌ട്രേലിയയിൽനിന്നുള്ള മറ്റു സാക്ഷികളുടെ സഹവാസവും ഞാൻ ആസ്വദിച്ചു.

ആദ്യമൊക്കെ ഞാൻ വിവാഹത്തെ കുറിച്ചു ചിന്തിച്ചിരുന്നു. എന്നാൽ സ്‌നാപനമേറ്റ്‌ യഹോവയുടെ സേവനത്തിൽ വളരെ തിരക്കോടെ ഏർപ്പെട്ടു തുടങ്ങിയപ്പോൾ അതിനെ കുറിച്ചു കൂടുതൽ ചിന്തിക്കാൻ എനിക്കു പിന്നെ സമയമുണ്ടായിരുന്നില്ല. എന്നിരുന്നാലും, ഒരു ജീവിത പങ്കാളിയുടെ ആവശ്യം എനിക്കു വീണ്ടും തോന്നിത്തുടങ്ങി. എങ്കിലും വിദേശ നിയമനം വിടാൻ എനിക്കു താത്‌പര്യം ഇല്ലായിരുന്നു. അതുകൊണ്ട്‌ ഇക്കാര്യം സംബന്ധിച്ച്‌ ഞാൻ യഹോവയോടു പ്രാർഥിക്കുകയും ആ ചിന്ത ഉപേക്ഷിക്കുകയും ചെയ്‌തു.

ഒരു അപ്രതീക്ഷിത അനുഗ്രഹം

ആ സമയത്ത്‌ എഡ്വിൻ സ്‌കിന്നർ ഇന്ത്യാ ബ്രാഞ്ചിന്റെ മേൽനോട്ടം വഹിക്കുകയായിരുന്നു. ചൈനയിൽ മിഷനറി നിയമനം ലഭിച്ച ഹാരൾഡ്‌ കിങ്‌, സ്റ്റാൻലി ജോൺസ്‌ തുടങ്ങിയ മറ്റു പല വിശ്വസ്‌ത സഹോദരന്മാരോടൊപ്പം 1946-ൽ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ എട്ടാമത്തെ ക്ലാസ്സിൽ അദ്ദേഹം സംബന്ധിച്ചിരുന്നു. * 1958-ൽ ഷാങ്‌ഹൈയിലെ പ്രസംഗ പ്രവർത്തനത്തിന്റെ ഫലമായി ഹാരൾഡും സ്റ്റാൻലിയും ഏകാന്ത തടവിനു വിധിക്കപ്പെട്ടു. 1963-ൽ ഹാരൾഡ്‌ മോചിതനായപ്പോൾ എഡ്വിൻ അദ്ദേഹത്തിന്‌ ഒരു കത്തെഴുതി. ഐക്യനാടുകളിലും ബ്രിട്ടനിലും യാത്രചെയ്‌ത്‌ ഹോങ്കോംഗിൽ മടങ്ങിയെത്തിയശേഷം ഹാരൾഡ്‌ അതിനു മറുപടി അയച്ചു. താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന്‌ അദ്ദേഹം അതിൽ സൂചിപ്പിച്ചു. തടവിൽ കഴിഞ്ഞപ്പോൾ താൻ ഇക്കാര്യം പ്രാർഥനയിൽ ഉൾപ്പെടുത്തിയിരുന്നു എന്ന്‌ അദ്ദേഹം എഴുതി. യോജിച്ച ഒരു ഭാര്യ ആയിരിക്കാൻ കഴിയുന്ന ഏതെങ്കിലും സാക്ഷിയെ എഡ്വിന്‌ അറിയാമോ എന്നും അദ്ദേഹം ആരാഞ്ഞു.

ഇന്ത്യയിൽ മിക്ക വിവാഹങ്ങളും ക്രമീകരിച്ചു നടത്തപ്പെടുന്നവയാണ്‌. വിവാഹങ്ങൾ ക്രമീകരിച്ചുകൊടുക്കാൻ എഡ്വിനോട്‌ എപ്പോഴും ആളുകൾ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതിരിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. അതുകൊണ്ട്‌ അദ്ദേഹം ഹാരൾഡിന്റെ കത്ത്‌ റൂത്ത്‌ മക്കെയ്‌ക്കു കൈമാറി. അവരുടെ ഭർത്താവ്‌ ഹോമർ ഒരു സഞ്ചാര മേൽവിചാരകൻ ആയിരുന്നു. അനേകം വർഷങ്ങളായി സത്യത്തിലുള്ള ഒരു മിഷനറി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ പറഞ്ഞുകൊണ്ട്‌ ഒടുവിൽ റൂത്ത്‌ എനിക്കെഴുതി. അദ്ദേഹത്തിന്‌ ഒരു കത്തയയ്‌ക്കാൻ എനിക്കു താത്‌പര്യമുണ്ടോ എന്നും കത്തിൽ ചോദിച്ചിരുന്നു. സഹോദരന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും റൂത്ത്‌ പറഞ്ഞില്ല.

ഒരു വിവാഹ ഇണയ്‌ക്കായുള്ള എന്റെ പ്രാർഥന യഹോവയ്‌ക്കു മാത്രമല്ലാതെ ആർക്കും അറിയില്ലായിരുന്നു. കത്തു കിട്ടിയപ്പോൾ എന്റെ ആദ്യ പ്രതികരണം, ‘ഓ! വേണ്ട’ എന്നായിരുന്നു. എന്നിരുന്നാലും, യഹോവ നമ്മുടെ പ്രാർഥനകൾക്ക്‌ നാം ഉദ്ദേശിക്കുന്ന വിധത്തിൽ ഉത്തരം തരുന്നതു വിരളമാണെന്ന്‌ അതിനെ കുറിച്ചു കൂടുതൽ ചിന്തിക്കുന്തോറും എനിക്കു തോന്നിക്കൊണ്ടിരുന്നു. ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നു കടപ്പാടൊന്നും ഇല്ലാത്തപക്ഷം ഒരു കത്ത്‌ അയയ്‌ക്കാൻ ആ സഹോദരനോടു പറയുക എന്ന്‌ ഞാൻ റൂത്തിനു മറുപടി നൽകി. ഹാരൾഡ്‌ കിങ്ങിന്റെ രണ്ടാമത്തെ കത്ത്‌ എനിക്കായിരുന്നു.

ചൈനയിലെ തടവിൽനിന്ന്‌ ഹാരൾഡ്‌ മോചിതനായതിനെ തുടർന്ന്‌ അദ്ദേഹത്തിന്റെ ഫോട്ടോകളും കഥയുമെല്ലാം വിവിധ പത്രമാസികകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെ ആ സമയം ആയപ്പോഴേക്കും അദ്ദേഹം ലോകവ്യാപകമായി അറിയപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിശ്വസ്‌ത ദിവ്യാധിപത്യ സേവനചരിത്രമാണ്‌ എന്നെ ആകർഷിച്ചത്‌. ഞങ്ങൾ അഞ്ചു മാസം കത്തിടപാടുകൾ നടത്തി. തുടർന്ന്‌ ഞാൻ ഹോങ്കോംഗിലേക്കു പോയി. 1965 ഒക്ടോബർ 5-ന്‌ ഞങ്ങൾ വിവാഹിതരായി.

വിവാഹിതരായി മുഴുസമയ സേവനത്തിൽ തുടരാൻ ഞങ്ങൾ രണ്ടാളും ആഗ്രഹിച്ചിരുന്നു. പ്രായമാകുംതോറും മറ്റെന്തിനെക്കാളുമേറെ സഖിത്വത്തിനായി ഞങ്ങൾ വാഞ്‌ഛിച്ചു. നാൾതോറും എനിക്ക്‌ ഹാരൾഡിനോടുള്ള സ്‌നേഹം വർധിച്ചുവന്നു. മറ്റുള്ളവരോട്‌ ദയയോടെയും പരിഗണനയോടെയുമുള്ള അദ്ദേഹത്തിന്റെ ഇടപെടലും ഞങ്ങളുടെ സേവനത്തോടുള്ള ബന്ധത്തിൽ ഉയർന്നുവന്ന പ്രശ്‌നങ്ങളെ അദ്ദേഹം കൈകാര്യം ചെയ്‌ത വിധവും മൂലം അദ്ദേഹം എന്റെ ആഴമായ ആദരവു നേടി. 27 വർഷക്കാലം ഞങ്ങൾ വളരെ സന്തുഷ്ടമായ ദാമ്പത്യവും യഹോവയിൽനിന്ന്‌ എണ്ണമറ്റ അനുഗ്രഹങ്ങളും ആസ്വദിച്ചു.

ചൈനക്കാർ കഠിനാധ്വാനികളായതിനാൽ എനിക്ക്‌ അവരെ വളരെ ഇഷ്ടമാണ്‌. ഹോങ്കോംഗിലെ സംസാര ഭാഷ കാന്റൊണിസ്‌ എന്ന ചൈനീസ്‌ ഭാഷാഭേദമാണ്‌. അതിന്‌ മാൻഡറിനെക്കാൾ വളരെ കൂടുതൽ സ്ഥായികൾ അഥവാ ശബ്ദവ്യതിയാനങ്ങൾ ഉള്ളതിനാൽ പഠിച്ചെടുക്കുക ബുദ്ധിമുട്ടുതന്നെ. ഹാരൾഡും ഞാനും യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലുള്ള മിഷനറി ഭവനത്തിൽ ജീവിതമാരംഭിച്ചു. പിന്നീട്‌ ഹോങ്കോംഗിലെ പല ഭാഗങ്ങളിലും ഞങ്ങൾ സേവനം അനുഷ്‌ഠിച്ചു. അതേ, ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു. എന്നാൽ 1976-ൽ ഞാൻ ഒരു ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെ അഭിമുഖീകരിച്ചു.

ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നു

എനിക്ക്‌ ഏതാനും മാസങ്ങളായി രക്തസ്രാവം ഉണ്ടായിരുന്നു. അങ്ങനെ എന്റെ ബ്ലഡ്‌ കൗണ്ട്‌ തീരെ താണുപോയി. ശസ്‌ത്രക്രിയ ആവശ്യമായിവന്നു. എന്നാൽ രക്തസമ്മർദം കുറഞ്ഞ്‌ മരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ രക്തപ്പകർച്ച കൂടാതെ തങ്ങൾ ശസ്‌ത്രക്രിയ ചെയ്യില്ല എന്ന്‌ ആശുപത്രിയിലെ ഡോക്ടർമാർ എന്നോടു പറഞ്ഞു. ഒരു ദിവസം ഡോക്ടർമാർ എന്റെ കാര്യം ചർച്ച ചെയ്‌തുകൊണ്ടിരിക്കവേ, നഴ്‌സുമാർ എന്റെ മനസ്സുമാറ്റാൻ ശ്രമിച്ചുനോക്കി. അനാവശ്യമായി ജീവിതം വലിച്ചെറിയാൻ എനിക്ക്‌ യാതൊരു അധികാരവുമില്ല എന്ന്‌ അവർ എന്നോടു വാദിച്ചു. അന്നുതന്നെ 12 ഓപ്പറേഷനുകൾ ക്രമീകരിച്ചിരുന്നു. അതിൽ പത്തെണ്ണവും ഭ്രൂണഹത്യയായിരുന്നു. എന്നാൽ അജാത ശിശുക്കളെ കൊല്ലുന്നതു സംബന്ധിച്ച്‌ ഗർഭിണികളോട്‌ അവരാരും ഒരക്ഷരംപോലും പറഞ്ഞില്ല എന്നത്‌ ഞാൻ നിരീക്ഷിച്ചു.

ഒടുവിൽ, ഞാൻ മരിക്കുന്നപക്ഷം ആശുപത്രിയെ ഉത്തരവാദിത്വത്തിൽനിന്നു വിമുക്തമാക്കിക്കൊണ്ട്‌ ഹാരൾഡ്‌ ഒരു കത്ത്‌ എഴുതിക്കൊടുത്തു. അങ്ങനെ ഡോക്ടർമാർ ശസ്‌ത്രക്രിയ ചെയ്യാൻ സമ്മതിച്ചു. എന്നെ ഓപ്പറേഷൻ നടക്കുന്ന മുറിയിലേക്കു കൊണ്ടുപോയി ബോധം കെടുത്താനുള്ള തയ്യാറെടുപ്പുകൾ നടത്തി. എന്നാൽ അവസാന നിമിഷം, അനസ്‌തേഷ്യ നൽകുന്ന ഡോക്ടർ അതു നൽകാൻ വിസമ്മതിച്ചതു നിമിത്തം ആശുപത്രി അധികൃതർക്ക്‌ എന്നെ ഡിസ്‌ചാർജു ചെയ്യേണ്ടിവന്നു.

അതേത്തുടർന്ന്‌ ഞങ്ങൾ, തനിയെ പ്രാക്ടീസ്‌ നടത്തുന്ന ഒരു ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. എന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം കുറഞ്ഞ ചെലവിൽ ശസ്‌ത്രക്രിയ ചെയ്യാമെന്നേറ്റു. എത്ര തുകയാണ്‌ ചാർജ്‌ ചെയ്‌തത്‌ എന്ന്‌ ആരോടും പറയരുതെന്നും പറഞ്ഞു. അദ്ദേഹം രക്തപ്പകർച്ച കൂടാതെ വിജയകരമായി ശസ്‌ത്രക്രിയ നടത്തി. ഈ പ്രത്യേക അവസരത്തിൽ ഹാരൾഡിനോടും എന്നോടുമുള്ള യഹോവയുടെ സ്‌നേഹദയയും കരുതലും വളരെ വ്യക്തമായിരുന്നു.

ഹാരൾഡിന്‌ 1992-ൽ മാരകമായ രോഗം ബാധിച്ചു. ഞങ്ങൾ ബ്രാഞ്ച്‌ ഓഫീസിലേക്കു താമസംമാറ്റി. അവിടെ ഞങ്ങൾക്കു സ്‌നേഹപൂർവമായ പരിചരണം ലഭിച്ചു. 1993-ൽ 81-ാമത്തെ വയസ്സിൽ എന്റെ പ്രിയപ്പെട്ട ഭർത്താവ്‌ തന്റെ ഭൗമിക ജീവിതഗതി പൂർത്തിയാക്കി.

തിരികെ ഇംഗ്ലണ്ടിലേക്ക്‌

ഹോങ്കോംഗ്‌ ബെഥേൽ കുടുംബത്തിലെ ഒരു അംഗമായിരിക്കാൻ എനിക്കു സന്തോഷമായിരുന്നു. എന്നാൽ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നത്‌ എനിക്ക്‌ ഒന്നിനൊന്നു ബുദ്ധിമുട്ടായിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ, എന്റെ ആരോഗ്യം കണക്കിലെടുത്ത്‌ കൂടുതൽ ആരോഗ്യപരിപാലന സൗകര്യമുള്ള ഒരു ബ്രാഞ്ചിലേക്കു മാറാൻ ഞാൻ ആഗ്രഹിക്കുന്നുവോ എന്ന്‌ ചോദിച്ചുകൊണ്ട്‌ എന്നെ ആശ്ചര്യപ്പെടുത്തിയ ഒരു കത്ത്‌ ബ്രുക്ലിൻ ആസ്ഥാനത്തുനിന്ന്‌ എനിക്കു ലഭിച്ചു. അങ്ങനെ 2000-ത്തിൽ ലണ്ടൻ ബെഥേൽ കുടുംബത്തിലെ ഒരംഗമായി ഞാൻ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. ഇത്‌ എത്ര സ്‌നേഹമസൃണമായ ഒരു ക്രമീകരണമായിരുന്നെന്നോ! സഹോദരങ്ങൾ എന്നെ ഊഷ്‌മളമായി വരവേറ്റു. ബെഥേൽ കുടുംബത്തിന്റെ ഗ്രന്ഥശാലയും 2000 പുസ്‌തകങ്ങളും പരിപാലിക്കുന്നതിൽ സഹായിക്കുന്നതുൾപ്പെടെ, വ്യത്യസ്‌ത നിയമനങ്ങൾ ഞാൻ അതിയായി ആസ്വദിക്കുന്നു.

ലണ്ടനിൽ കൂടിവരുന്ന ചൈനീസ്‌ സഭയോടൊത്താണ്‌ ഞാൻ സഹവസിക്കുന്നത്‌, എന്നാൽ ഇവിടെ കാര്യങ്ങളെല്ലാം മാറിയിരിക്കുന്നു. ഇക്കാലത്ത്‌ ഹോങ്കോംഗിൽനിന്നു വളരെ കുറച്ചുപേരേ ഇങ്ങോട്ടു വരുന്നുള്ളൂ. ചൈനാ വൻകരയിൽ നിന്നുള്ളവരാണ്‌ ഏറെയും. അവർ സംസാരിക്കുന്നത്‌ മാൻഡറിൻ ആയതുകൊണ്ട്‌ പ്രസംഗവേലയിൽ അത്‌ പുതിയൊരു വെല്ലുവിളി ഉയർത്തുന്നു. ചൈനയിൽനിന്നുള്ള ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക്‌ അനവധി ബൈബിളധ്യയനങ്ങൾ നടത്തുന്നതിന്റെ താത്‌പര്യജനകമായ റിപ്പോർട്ടുകൾ രാജ്യത്തെമ്പാടുനിന്നും കേൾക്കാൻ കഴിയുന്നുണ്ട്‌. അവർ കഠിനാധ്വാനികളും പഠിക്കുന്ന ബൈബിൾ സത്യത്തോടു വിലമതിപ്പുള്ളവരുമാണ്‌. അവരെ സഹായിക്കുക എന്നത്‌ വളരെ സന്തോഷകരമാണ്‌.

എന്റെ പുതിയ ഭവനത്തിന്റെ പ്രശാന്തമായ ചുറ്റുപാടിലിരുന്ന്‌, ഞാൻ മിക്കപ്പോഴും എന്റെ സന്തുഷ്ടമായ ജീവിതത്തെ കുറിച്ച്‌ അയവിറക്കുകയും യഹോവയുടെ സ്‌നേഹദയയിൽ വിസ്‌മയംകൊള്ളുകയും ചെയ്യാറുണ്ട്‌. അവന്റെ ഉദ്ദേശ്യത്തോടു ബന്ധപ്പെട്ട സകലത്തിലും അതു വ്യാപരിക്കുന്നു. വ്യക്തികൾ എന്ന നിലയിൽ തന്റെ ദാസീദാസന്മാരോട്‌ അവനുള്ള കരുതൽ വളരെ പ്രകടമാണ്‌. എന്നോടുള്ള അവന്റെ സ്‌നേഹനിർഭരമായ കരുതലിന്‌ നന്ദിയുള്ളവളായിരിക്കാൻ എനിക്കു സകല കാരണവുമുണ്ട്‌.​—⁠1 പത്രൊസ്‌ 5:⁠6, 7.

[അടിക്കുറിപ്പ്‌]

^ ഖ. 19 ഈ രണ്ടു മിഷനറിമാരുടെ ജീവിത കഥകൾ വീക്ഷാഗോപുരത്തിന്റെ 1963 ജൂലൈ 15 ലക്കത്തിന്റെ 437-42 പേജുകളിലും 1965 ഡിസംബർ 15 ലക്കത്തിന്റെ 756-67 പേജുകളിലും കാണാവുന്നതാണ്‌.

[24-ാം പേജിലെ ചിത്രം]

ഇന്ത്യയിൽ സേവിക്കുന്നു

[25-ാം പേജിലെ ചിത്രങ്ങൾ]

ഹാരൾഡ്‌ കിങ്‌ 1963-ൽ; 1950-കളിൽ ചൈനയിൽ സേവിക്കുന്നു

[26-ാം പേജിലെ ചിത്രങ്ങൾ]

ഹോങ്കോംഗിലെ ഞങ്ങളുടെ വിവാഹ ദിനം, 1965 ഒക്ടോബർ 5

[26-ാം പേജിലെ ചിത്രം]

ഹോങ്കോംഗ്‌ ബെഥേൽ അംഗങ്ങളോടൊപ്പം, മധ്യത്തിൽ ലിയാംഗ്‌ ദമ്പതികൾ, വലത്ത്‌ ഗന്നവെയ്‌ ദമ്പതികൾ