വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കായി കരുതുന്നു

യഹോവ നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കായി കരുതുന്നു

യഹോവ നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കായി കരുതുന്നു

‘ചിന്തിച്ചു ചഞ്ചലപ്പെടരുതു. നിങ്ങളുടെ പിതാവ്‌ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.’​—⁠ലൂക്കൊസ്‌ 12:29, 30.

1. യഹോവ ജന്തുജാലങ്ങൾക്കായി കരുതുന്നത്‌ എങ്ങനെ?

കുരുവിയോ മറ്റേതെങ്കിലും പക്ഷിയോ വെറും മണ്ണിൽ കൊത്തിപ്പെറുക്കുന്നത്‌ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? മണ്ണിൽ തിരഞ്ഞാൽ എന്തു കിട്ടാനാണ്‌ എന്നു നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാകാം. യഹോവ പക്ഷികൾക്കായി കരുതുന്ന വിധത്തിൽനിന്നു നമുക്ക്‌ ഒരു പാഠം പഠിക്കാനാകുമെന്ന്‌ ഗിരിപ്രഭാഷണത്തിൽ യേശു വ്യക്തമാക്കുകയുണ്ടായി. അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏററവും വിശേഷതയുള്ളവരല്ലയോ?” (മത്തായി 6:⁠26) അത്ഭുതകരമായ വിധങ്ങളിൽ യഹോവ തന്റെ സകല സൃഷ്ടികൾക്കും ആഹാരം പ്രദാനം ചെയ്യുന്നു.​—⁠സങ്കീർത്തനം 104:⁠14, 21; 147:⁠9.

2, 3. ഓരോ ദിവസത്തെയും ആഹാരത്തിനായി പ്രാർഥിക്കാൻ യേശു പഠിപ്പിച്ചു എന്ന വസ്‌തുതയിൽനിന്നു നമുക്ക്‌ ഏത്‌ ആത്മീയ പാഠങ്ങൾ ഉൾക്കൊള്ളാനാകും?

2 ആ സ്ഥിതിക്ക്‌, “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം [“അന്നന്നുവേണ്ട ആഹാരം,” പി.ഒ.സി. ബൈബിൾ] ഇന്നു തരേണമേ” എന്ന അഭ്യർഥന യേശു തന്റെ മാതൃകാ പ്രാർഥനയിൽ ഉൾപ്പെടുത്തിയത്‌ എന്തുകൊണ്ടാണ്‌? (മത്തായി 6:⁠11) ലളിതമായ ഈ അഭ്യർഥനയിൽനിന്ന്‌ അർഥവത്തായ ആത്മീയ പാഠങ്ങൾ നമുക്കു പഠിക്കാനാകും. ഒന്നാമതായി, യഹോവയാണ്‌ വലിയ ദാതാവ്‌ എന്ന്‌ ഇതു നമ്മെ ഓർമിപ്പിക്കുന്നു. (സങ്കീർത്തനം 145:⁠15,16) മനുഷ്യന്‌ നടാനും നനയ്‌ക്കാനും മറ്റും സാധിക്കുമെങ്കിലും ദൈവത്തിനു മാത്രമേ വളർത്താനാകൂ. ആത്മീയവും ഭൗതികവുമായ വിധത്തിൽ ഇതു സത്യമാണ്‌. (1 കൊരിന്ത്യർ 3:⁠7) നാം ആസ്വദിക്കുന്ന ഭക്ഷണവും പാനീയവും ദൈവത്തിൽനിന്നുള്ള ദാനമാണ്‌. (പ്രവൃത്തികൾ 14:⁠17) ദൈനംദിന ആവശ്യങ്ങൾ നടത്തിത്തരേണമേ എന്ന അവനോടുള്ള നമ്മുടെ അപേക്ഷ, നാം അത്തരം കരുതലുകളെ നിസ്സാരമായെടുക്കുന്നില്ല എന്നു പ്രകടമാക്കുന്നു. തീർച്ചയായും, പ്രാപ്‌തിയുണ്ടെങ്കിൽ ജോലി ചെയ്യാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്‌ അത്തരമൊരു അഭ്യർഥന നമ്മെ സ്വതന്ത്രരാക്കുന്നില്ല.​—⁠എഫെസ്യർ 4:⁠28; 2 തെസ്സലൊനീക്യർ 3:⁠10.

3 രണ്ടാമതായി, “അന്നന്നുവേണ്ട ആഹാര”ത്തിനായുള്ള നമ്മുടെ അപേക്ഷ നാം ഭാവിയെ കുറിച്ച്‌ അനാവശ്യമായി ഉത്‌കണ്‌ഠപ്പെടരുത്‌ എന്നു സൂചിപ്പിക്കുന്നു. യേശു കൂടുതലായി ഇങ്ങനെ പറഞ്ഞു: “നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ.” (മത്തായി 6:⁠31-34) ‘അന്നന്നുവേണ്ട ആഹാരത്തിനായുള്ള’ പ്രാർഥന “അലംഭാവത്തോടുകൂടിയ ദൈവഭക്തി” നിറഞ്ഞ ലളിത ജീവിതം നയിക്കുന്നതിനുള്ളഒരുമാതൃക നമുക്കു പ്രദാനം ചെയ്യുന്നു.—1 തിമൊഥെയൊസ്‌ 6:⁠6-8.

ദിനമ്പ്രതി ആത്മീയ ആഹാരം

4. യേശുവിന്റെയും ഇസ്രായേല്യരുടെയും ജീവിതത്തിലെ ഏതു സംഭവങ്ങളാണ്‌ ആത്മീയ ആഹാരം ഭക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ അടിവരയിടുന്നത്‌?

4 ഓരോ ദിവസത്തെയും ആഹാരത്തിനായുള്ള പ്രാർഥന ദൈനംദിന ആത്മീയ ആഹാരത്തിന്റെ ആവശ്യം സംബന്ധിച്ചും നമ്മെ ഓർമപ്പെടുത്തണം. ദീർഘമായ ഒരു ഉപവാസത്തിനുശേഷം വളരെ വിശപ്പ്‌ അനുഭവപ്പെട്ടിരുന്നെങ്കിലും, കല്ലുകളെ അപ്പമാക്കാനുള്ള സാത്താന്റെ പ്രലോഭനത്തോട്‌ യേശു ഇങ്ങനെ പറഞ്ഞുകൊണ്ട്‌ ചെറുത്തുനിന്നു: ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു.’ (മത്തായി 4:⁠4) പ്രവാചകനായ മോശെ ഇസ്രായേല്യരോടു പറഞ്ഞ വാക്കുകൾ യേശു ഇവിടെ ഉദ്ധരിക്കുകയായിരുന്നു: “അവൻ [യഹോവ] നിന്നെ താഴ്‌ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്‌തു.” (ആവർത്തനപുസ്‌തകം 8:⁠3) യഹോവ മന്ന നൽകിയ വിധം ഇസ്രായേല്യർക്ക്‌ ഭൗതിക ഭക്ഷണം മാത്രമല്ല ആത്മീയ പാഠങ്ങളും പ്രദാനം ചെയ്‌തു. ഒരു ആത്മീയ പാഠം ശ്രദ്ധിക്കുക. അവർ “ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്ക”ണമായിരുന്നു. ഓരോ ദിവസത്തേക്കും വേണ്ടതിലേറെ പെറുക്കിയാൽ ശേഷിക്കുന്നതു കൃമിച്ചു നാറുമായിരുന്നു. (പുറപ്പാടു 16:⁠4, 20) എങ്കിലും, ശബത്തു ദിവസത്തേക്കായി ആറാം ദിവസം ദിനമ്പ്രതിയുള്ളതിന്റെ ഇരട്ടി പെറുക്കേണ്ടിയിരുന്നപ്പോൾ അങ്ങനെ സംഭവിച്ചിരുന്നില്ല. (പുറപ്പാടു 16:⁠5, 23, 24) അതുകൊണ്ട്‌, തങ്ങൾ അനുസരണമുള്ളവർ ആയിരിക്കേണ്ടതാണെന്നും തങ്ങളുടെ ജീവിതം ആശ്രയിച്ചിരിക്കുന്നത്‌ ഭൗതിക ആഹാരത്തെ മാത്രമല്ല, “യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചന”ത്തിലുമാണെന്നും ഉള്ള ശക്തമായ പാഠങ്ങൾ അവരുടെ മനസ്സിൽ പതിയുന്നതിനു മന്ന ഉതകി.

5. യഹോവ നമുക്ക്‌ ദിനമ്പ്രതിയുള്ള ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നത്‌ എങ്ങനെ?

5 സമാനമായി, യഹോവ തന്റെ പുത്രനിലൂടെ നൽകുന്ന ആത്മീയ ആഹാരം ദിനമ്പ്രതി നാം ഭക്ഷിക്കേണ്ടതുണ്ട്‌. വിശ്വസ്‌തരായ എല്ലാ ദാസർക്കും ‘തക്കസമയത്ത്‌ ആഹാരം കൊടുക്കേണ്ടതിനായി’ യേശു “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ നിയമിച്ചിരിക്കുന്നു. (മത്തായി 24:⁠45, NW) ആ വിശ്വസ്‌ത അടിമ വർഗം ബൈബിൾ പഠന സഹായികളുടെ രൂപത്തിൽ ആത്മീയ ഭക്ഷണം സമൃദ്ധമായി പ്രദാനം ചെയ്യുന്നുവെന്നു മാത്രമല്ല ദൈനംദിനം ബൈബിൾ വായിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (യോശുവ 1:⁠8, NW; സങ്കീർത്തനം 1:⁠1-3, NW) യഹോവയുടെ ഇഷ്ടത്തെ കുറിച്ചു പഠിക്കാനും അവന്റെ ഇഷ്ടം ചെയ്യാനുമായി ദിനംതോറും ശ്രമം ചെയ്‌തുകൊണ്ട്‌ യേശുവിനെപ്പോലെ നമുക്കും ആത്മീയ പോഷണം നേടാൻ കഴിയും.—യോഹന്നാൻ 4:⁠34.

പാപങ്ങളുടെ ക്ഷമ

6. ഏതു കടങ്ങൾക്കാണു നാം ക്ഷമ ചോദിക്കേണ്ടത്‌, ഏതു വ്യവസ്ഥകളിന്മേൽ അവ റദ്ദുചെയ്യാൻ യഹോവ സന്നദ്ധനാണ്‌?

6 “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ” എന്നതാണ്‌ മാതൃകാ പ്രാർഥനയിലെ അടുത്ത അഭ്യർഥന. (മത്തായി 6:⁠12) യേശു ഇവിടെ പണപരമായ കടബാധ്യതകളെ കുറിച്ചു സംസാരിക്കുകയായിരുന്നില്ല. നമ്മുടെ പാപങ്ങളുടെ ക്ഷമയാണ്‌ അവൻ ഉദ്ദേശിച്ചത്‌. മാതൃകാ പ്രാർഥനയെ കുറിച്ചുള്ള ലൂക്കൊസിന്റെ വിവരണത്തിൽ ആ അഭ്യർഥന ഇങ്ങനെയാണ്‌: “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു.” (ലൂക്കൊസ്‌ 11:⁠4) അതിനാൽ, പാപം ചെയ്യുമ്പോൾ നാം യഹോവയുടെ മുമ്പിൽ കടക്കാരാകുന്നതുപോലെയാണ്‌. എന്നാൽ, ആത്മാർഥമായി അനുതപിച്ച്‌ ‘തിരിഞ്ഞുവന്ന്‌’ ക്രിസ്‌തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമ ചോദിച്ചാൽ അത്‌ ‘മായിച്ചുകളയാൻ’ അഥവാ റദ്ദുചെയ്യാൻ നമ്മുടെ സ്‌നേഹവാനായ ദൈവം സന്നദ്ധനാണ്‌.​—⁠പ്രവൃത്തികൾ 3:⁠19; 10:⁠43; 1 തിമൊഥെയൊസ്‌ 2:⁠5, 6.

7. ക്ഷമയ്‌ക്കായി നാം ദിവസവും പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

7 മറ്റൊരു വീക്ഷണകോണിൽനിന്നു നോക്കുമ്പോൾ, നീതി സംബന്ധിച്ച യഹോവയുടെ നിലവാരങ്ങളിലെത്താൻ പരാജയപ്പെടുമ്പോഴാണ്‌ നാം പാപം ചെയ്യുന്നത്‌. പാരമ്പര്യസിദ്ധമായ പാപം നിമിത്തം നാമെല്ലാം വാക്കിലും പ്രവൃത്തിയിലും ചിന്തയിലും തെറ്റിപ്പോകുകയോ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ പരാജയപ്പെടുകയോ ചെയ്യുന്നു. (സഭാപ്രസംഗി 7:⁠20; റോമർ 3:⁠23; യാക്കോബ്‌ 3:⁠2; 4:⁠17) അതുകൊണ്ട്‌, ഒരു ദിവസം നാം പാപം ചെയ്‌തോ എന്ന്‌ അറിയാമെങ്കിലും ഇല്ലെങ്കിലും നമ്മുടെ ദൈനംദിന പ്രാർഥനകളിൽ പാപങ്ങളുടെ ക്ഷമയ്‌ക്കു വേണ്ടിയുള്ള അപേക്ഷ ഉൾപ്പെടുത്തേണ്ടതുണ്ട്‌.​—⁠സങ്കീർത്തനം 19:⁠12; 40:⁠12.

8. ക്ഷമയ്‌ക്കു വേണ്ടിയുള്ള പ്രാർഥന എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം, അതിന്റെ സത്‌ഫലമെന്ത്‌?

8 സത്യസന്ധമായ ആത്മപരിശോധനയ്‌ക്കും അനുതാപത്തിനും ക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ വീണ്ടെടുപ്പിൻ ശക്തിയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പാപങ്ങൾ ഏറ്റുപറഞ്ഞതിനും ശേഷമായിരിക്കണം ക്ഷമയ്‌ക്കുവേണ്ടി പ്രാർഥിക്കേണ്ടത്‌. (1 യോഹന്നാൻ 1:⁠7-9) നമ്മുടെ പ്രാർഥനയുടെ ആത്മാർഥത തെളിയിക്കാനായി, ക്ഷമയ്‌ക്കു വേണ്ടിയുള്ള അപേക്ഷയെ നാം “മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ”കൊണ്ടു പിന്താങ്ങണം. (പ്രവൃത്തികൾ 26:⁠20) അങ്ങനെ ചെയ്യുന്നപക്ഷം, നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവ സന്നദ്ധനാണെന്ന കാര്യത്തിൽ നമുക്കു വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. (സങ്കീർത്തനം 86:⁠5; 103:⁠8-14) ‘[നമ്മുടെ] ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കുന്ന സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം’ അതായത്‌ അനുപമമായ മനസ്സമാധാനം ആണ്‌ അതിന്റെ ഫലം. (ഫിലിപ്പിയർ 4:⁠7) എന്നാൽ, പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ നാം ചെയ്യേണ്ട കൂടുതലായ കാര്യങ്ങളും യേശുവിന്റെ മാതൃകാ പ്രാർഥന നമ്മെ പഠിപ്പിക്കുന്നു.

ക്ഷമ ലഭിക്കണമെങ്കിൽ നാം ക്ഷമിക്കണം

9, 10. (എ) മാതൃകാ പ്രാർഥനയോടൊപ്പം യേശു എന്തുംകൂടെ പറഞ്ഞു, അത്‌ എന്താണ്‌ എടുത്തുകാട്ടുന്നത്‌? (ബി) നാം ക്ഷമിക്കുന്നവർ ആയിരിക്കേണ്ടതുണ്ടെന്ന്‌ യേശു കൂടുതലായി ദൃഷ്ടാന്തീകരിച്ചത്‌ എങ്ങനെ?

9 രസകരമെന്നു പറയട്ടെ, മാതൃകാ പ്രാർഥനയിലെ “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന അഭ്യർഥനയെ കുറിച്ചു മാത്രമാണ്‌ യേശു അൽപ്പം വിശദീകരണം നൽകിയത്‌. പ്രാർഥന പൂർത്തിയാക്കിയശേഷം യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” (മത്തായി 6:⁠14, 15) അതിലൂടെ, നമ്മുടെ പാപങ്ങൾക്കുള്ള യഹോവയുടെ ക്ഷമ മറ്റുള്ളവരോടു ക്ഷമിക്കാനുള്ള നമ്മുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ യേശു വളരെ വ്യക്തമായി ചൂണ്ടിക്കാട്ടി.​—⁠മർക്കൊസ്‌ 11:⁠25.

10 മറ്റൊരു സന്ദർഭത്തിൽ, നാം യഹോവയുടെ ക്ഷമ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നാംതന്നെ ക്ഷമിക്കുന്നവർ ആയിരിക്കേണ്ടതാണെന്നു പ്രകടമാക്കുന്ന ഒരു ഉപമ യേശു പറഞ്ഞു. തന്റെ ഒരു അടിമ തനിക്കു കടപ്പെട്ടിരുന്ന ഭീമമായ കടം റദ്ദുചെയ്‌ത ഉദാരമതിയായ ഒരു രാജാവിനെക്കുറിച്ചുള്ളതായിരുന്നു അത്‌. എന്നാൽ, ആ അടിമ തന്റെ ഒരു സഹ അടിമയുടെ തീരെ ചെറിയ ഒരു കടം റദ്ദുചെയ്യാൻ വിസമ്മതിച്ചതിനാൽ രാജാവ്‌ പിന്നീട്‌ അയാളെ കഠിനമായി ശിക്ഷിച്ചു. ആ ഉപമയുടെ ഒടുവിൽ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നേ നിങ്ങളോടും ചെയ്യും.” (മത്തായി 18:⁠23-35) അതിൽ അടങ്ങിയിരുന്ന പാഠം വ്യക്തമാണ്‌: യഹോവ നമുക്ക്‌ ഓരോരുത്തർക്കും ക്ഷമിച്ചുതന്നിരിക്കുന്ന പാപക്കടം ആരെങ്കിലും നമുക്കെതിരെ ചെയ്‌തിരിക്കാവുന്ന ഏതൊരു പാപത്തെക്കാളും വളരെയേറെ വലുതാണ്‌. കൂടാതെ, യഹോവ നമ്മോട്‌ ദിനംതോറും ക്ഷമിക്കുകയും ചെയ്യുന്നു. അതിനാൽ തീർച്ചയായും, മറ്റുള്ളവർ വല്ലപ്പോഴും നമുക്കെതിരെ ചെയ്യുന്ന പാപങ്ങൾ നമുക്കു ക്ഷമിക്കാം.

11. യഹോവ നമ്മോടു ക്ഷമിക്കാൻ നാം പ്രതീക്ഷിക്കുന്നെങ്കിൽ അപ്പൊസ്‌തലനായ പൗലൊസിന്റെ ഏതു ബുദ്ധിയുപദേശം നാം പിൻപറ്റും, അതിന്റെ സത്‌ഫലമെന്ത്‌?

11 അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്‌തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” (എഫെസ്യർ 4:⁠32) പരസ്‌പരം ക്ഷമിക്കുന്നത്‌ ക്രിസ്‌ത്യാനികൾക്കിടയിൽ സമാധാനം നിലനിറുത്താൻ ഉതകുന്നു. പൗലൊസ്‌ കൂടുതലായി ഈ പ്രോത്സാഹനം നൽകി: “ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.” (കൊലൊസ്സ്യർ 3:⁠12-14) യേശു നമ്മെ പഠിപ്പിച്ച, “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന പ്രാർഥനയിൽ ഇതെല്ലാം അന്തർലീനമായിരിക്കുന്നു.

പ്രലോഭനം നേരിടുമ്പോൾ സംരക്ഷണം

12, 13. (എ) മാതൃകാ പ്രാർഥനയിലെ അവസാനത്തേതിനു തൊട്ടുമുമ്പുള്ള അഭ്യർഥനയുടെ അർഥം എന്തായിരിക്കാവുന്നതല്ല? (ബി) വലിയ പ്രലോഭകൻ ആരാണ്‌, പ്രലോഭനത്തിൽ കടത്തരുതേ എന്ന നമ്മുടെ പ്രാർഥനയുടെ അർഥമെന്ത്‌?

12 ‘ഞങ്ങളെ പരീക്ഷയിൽ [“പ്രലോഭനത്തിൽ,” NW] കടത്ത’രുതേ എന്നതാണ്‌ യേശുവിന്റെ മാതൃകാ പ്രാർഥനയിലെ അവസാനത്തേതിനു തൊട്ടുമുമ്പുള്ള അഭ്യർഥന. (മത്തായി 6:⁠13) നമ്മെ പ്രലോഭിപ്പിക്കരുതെന്ന്‌ നാം യഹോവയോട്‌ അഭ്യർഥിക്കണമെന്ന്‌ യേശു അർഥമാക്കിയോ? ഇല്ല. കാരണം, ശിഷ്യനായ യാക്കോബ്‌ ഇപ്രകാരം എഴുതാൻ നിശ്വസ്‌തനായി: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ്‌ 1:⁠13) കൂടാതെ സങ്കീർത്തനക്കാരൻ ഈ വിധം എഴുതി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും?” (സങ്കീർത്തനം 130:⁠3) യഹോവ നമ്മുടെ ഓരോ തെറ്റിനും വേണ്ടി നോക്കിയിരിക്കുകയോ തെറ്റു ചെയ്യാനായി ഒരിക്കലും നമ്മെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. അതിനാൽ, മാതൃകാ പ്രാർഥനയുടെ ഈ ഭാഗം എന്താണ്‌ അർഥമാക്കുന്നത്‌?

13 നമ്മെ പ്രലോഭനത്തിൽ അകപ്പെടുത്താനും തന്ത്രങ്ങളിൽ കുടുക്കി വീഴിക്കാനും നമ്മെ വിഴുങ്ങാൻപോലും ശ്രമിക്കുന്നത്‌ പിശാചായ സാത്താനാണ്‌. (എഫെസ്യർ 6:⁠11) അവനാണ്‌ വലിയ പ്രലോഭകൻ. (1 തെസ്സലൊനീക്യർ 3:⁠5, NW) പ്രലോഭനത്തിൽ കടത്തരുതേ എന്നു പ്രാർഥിക്കുകവഴി, പ്രലോഭനം നേരിടുമ്പോൾ വീണുപോകാൻ അനുവദിക്കരുതേ എന്ന്‌ നാം യഹോവയോട്‌ അപേക്ഷിക്കുകയാണു ചെയ്യുന്നത്‌. “സാത്താൻ . . . തോല്‌പി”ക്കാതിരിക്കേണ്ടതിന്‌, അഥവാ പ്രലോഭനങ്ങൾക്കു വഴിപ്പെടാതിരിക്കേണ്ടതിന്‌ സഹായിക്കേണമേ എന്നു നാം അവനോട്‌ അഭ്യർഥിക്കുകയാണ്‌. (2 കൊരിന്ത്യർ 2:⁠11) തങ്ങൾ ചെയ്യുന്ന സകലത്തിലും യഹോവയുടെ പരമാധികാരം അംഗീകരിക്കുന്നവർക്കായി വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്ന ആത്മീയ സംരക്ഷണം സ്വീകരിച്ചുകൊണ്ട്‌ “അത്യുന്നതന്റെ മറവിൽ” ആയിരിക്കാൻ അനുവദിക്കണമേ എന്നതാണ്‌ നമ്മുടെ പ്രാർഥന.​—⁠സങ്കീർത്തനം 91:⁠1-3.

14. പ്രലോഭനം നേരിടുമ്പോൾ നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ അവൻ നമ്മെ ഉപേക്ഷിക്കുകയില്ലെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ നമുക്ക്‌ ഉറപ്പു നൽകുന്നത്‌ എങ്ങനെ?

14 നാം അതിനായി ആത്മാർഥമായി ആഗ്രഹിക്കുകയും നമ്മുടെ പ്രാർഥനയിലും പ്രവർത്തനത്തിലും അതു പ്രകടമാക്കുകയും ചെയ്യുന്നപക്ഷം യഹോവ നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. അപ്പൊസ്‌തലനായ പൗലൊസ്‌ നമുക്ക്‌ ഈ ഉറപ്പ്‌ നൽകുന്നു: “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ [“പ്രലോഭനം,” NW] നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്‌തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ [“പ്രലോഭനം,” NW] നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ [“പ്രലോഭനത്തോടുകൂടെ,” NW] അവൻ പോക്കുവഴിയും ഉണ്ടാക്കും.”​—⁠1 കൊരിന്ത്യർ 10:⁠13.

“ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ”

15. ദുഷ്ടനിൽനിന്നുള്ള വിടുതലിനായി പ്രാർഥിക്കേണ്ടത്‌ മുമ്പെന്നത്തെക്കാളും പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ഏറ്റവും ആശ്രയയോഗ്യമായ കയ്യെഴുത്തുപ്രതികൾ അനുസരിച്ച്‌ യേശുവിന്റെ മാതൃകാ പ്രാർഥന അവസാനിക്കുന്നത്‌ “ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്ന വാക്കുകളോടെയാണ്‌. * (മത്തായി 6:⁠13) ഈ അന്ത്യകാലത്ത്‌ പിശാചിൽനിന്നുള്ള സംരക്ഷണം മുമ്പെന്നത്തെക്കാൾ ആവശ്യമാണ്‌. സാത്താനും അവന്റെ ഭൂതഗണങ്ങളും ‘ദൈവകല്‌പന പ്രമാണിക്കുന്നവരും യേശുവിന്‌ സാക്ഷ്യം’ വഹിക്കുന്നവരുമായ അഭിഷിക്ത ശേഷിപ്പുമായും അവരുടെ സഹകാരികളായ “മഹാപുരുഷാര”വുമായും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌. (വെളിപ്പാടു 7:⁠9; 12:⁠9, 17) അപ്പൊസ്‌തലനായ പത്രൊസ്‌ ക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു. . .  വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്‌പിൻ.” (1 പത്രൊസ്‌ 5:⁠8, 9) നമ്മുടെ സാക്ഷ്യവേല നിറുത്തിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു, ഭൂമിയിലെ അവന്റെ മത-വാണിജ്യ-രാഷ്‌ട്രീയ ഏജന്റുമാരെ ഉപയോഗിച്ച്‌ നമ്മെ വിരട്ടാനും ശ്രമിക്കുന്നു. എങ്കിലും ഉറച്ചു നിൽക്കുന്നപക്ഷം യഹോവ നമ്മെ വിടുവിക്കും. ശിഷ്യനായ യാക്കോബ്‌ എഴുതി: “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”​—⁠യാക്കോബ്‌ 4:⁠7.

16. പരീക്ഷയിൽ ആയിരിക്കുന്ന തന്റെ ദാസരെ സഹായിക്കാൻ യഹോവയ്‌ക്ക്‌ എന്തു സരണിയാണ്‌ ഉള്ളത്‌?

16 തന്റെ പുത്രൻ പ്രലോഭനത്തിനു വിധേയനാകാൻ യഹോവ അനുവദിച്ചു. എങ്കിലും, ഒരു സംരക്ഷണം എന്ന നിലയിൽ ദൈവവചനം ഉപയോഗിച്ചുകൊണ്ട്‌ യേശു പിശാചിനെ എതിർത്തുനിന്നതിനെ തുടർന്ന്‌, അവനെ ശക്തീകരിക്കാൻ യഹോവ ദൂതന്മാരെ അയച്ചു. (മത്തായി 4:⁠1-11) സമാനമായി, വിശ്വാസത്തോടെ പ്രാർഥിക്കുകയും യഹോവയെ നമ്മുടെ സങ്കേതമാക്കുകയും ചെയ്യുന്നപക്ഷം നമ്മെ സഹായിക്കാൻ അവൻ തന്റെ ദൂതന്മാരെ ഉപയോഗിക്കും. (സങ്കീർത്തനം 34:⁠7; 91:⁠9-11) അപ്പൊസ്‌തലനായ പത്രൊസ്‌ ഇങ്ങനെ എഴുതി: “കർത്താവ്‌ ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ.”​—⁠2 പത്രൊസ്‌ 2:⁠9, 10.

പൂർണ വിടുതൽ സമീപിച്ചിരിക്കുന്നു

17. മാതൃകാ പ്രാർഥന നൽകുകവഴി യേശു കാര്യങ്ങളെ അവയുടെ ഉചിതമായ ക്രമത്തിൽ അവതരിപ്പിച്ചത്‌ എങ്ങനെ?

17 മാതൃകാ പ്രാർഥനയിൽ യേശു കാര്യങ്ങളെ അവയുടെ ഉചിതമായ ക്രമത്തിലാണ്‌ അവതരിപ്പിക്കുന്നത്‌. യഹോവയുടെ മഹത്തായ പവിത്ര നാമത്തിന്റെ വിശുദ്ധീകരണം ആയിരിക്കണം നമ്മുടെ മുഖ്യ താത്‌പര്യം. അതു നിറവേറ്റാനുള്ള ഉപകരണം മിശിഹൈക രാജ്യം ആയതിനാൽ അപൂർണമായ എല്ലാ മാനുഷ രാജ്യങ്ങളെയും അഥവാ ഗവൺമെന്റുകളെയും നശിപ്പിക്കാനും സ്വർഗത്തിലെപ്പോലെ ഭൂമിയിലും ദൈവത്തിന്റെ ഇഷ്ടം പൂർണമായ അളവിൽ നിറവേറുമെന്ന്‌ ഉറപ്പുവരുത്താനുമായി ആ രാജ്യം വരാൻ നാം പ്രാർഥിക്കുന്നു. പറുദീസ ഭൂമിയിലെ നമ്മുടെ നിത്യജീവന്റെ പ്രത്യാശ ആശ്രയിച്ചിരിക്കുന്നത്‌ യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിലും അവന്റെ നീതിനിഷ്‌ഠമായ പരമാധികാരം മുഴു അഖിലാണ്ഡത്തിലും അംഗീകരിക്കപ്പെടുന്നതിലുമാണ്‌. സർവപ്രധാനമായ ഈ കാര്യങ്ങൾക്കായി പ്രാർഥിച്ചശേഷം നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കും പാപങ്ങളുടെ ക്ഷമയ്‌ക്കും പിശാചായ സാത്താൻ എന്ന ദുഷ്ടനായവന്റെ പ്രലോഭനങ്ങളിലും തന്ത്രങ്ങളിലും നിന്നുള്ള വിടുതലിനുവേണ്ടിയും നമുക്കു പ്രാർഥിക്കാവുന്നതാണ്‌.

18, 19. ജാഗരൂകരായിരിക്കാനും നമ്മുടെ പ്രത്യാശ ‘അവസാനത്തോളം മുറുകെപ്പിടിക്കാനും’ യേശുവിന്റെ മാതൃകാ പ്രാർഥന നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

18 ദുഷ്ടനായവനിൽനിന്നും അവന്റെ ദുഷിച്ച വ്യവസ്ഥിതിയിൽനിന്നുമുള്ള നമ്മുടെ പൂർണമായ വിടുതൽ അടുത്തുവരികയാണ്‌. ഭൂമിയിൽ, പ്രത്യേകിച്ച്‌ യഹോവയുടെ വിശ്വസ്‌ത ദാസരുടെമേൽ തന്റെ ‘മഹാക്രോധം’ ചൊരിയാനായി തനിക്ക്‌ ‘അല്‌പകാലം’ മാത്രമേ ശേഷിച്ചിരിപ്പുള്ളുവെന്ന്‌ സാത്താന്‌ നന്നായി അറിയാം. (വെളിപ്പാടു 12:⁠12, 17) “വ്യവസ്ഥിതിയുടെ സമാപനം” (NW) സംബന്ധിച്ചുള്ള സംയുക്ത അടയാളത്തിൽ യേശു ആവേശജനകമായ ചില സംഭവങ്ങൾ മുൻകൂട്ടി പറഞ്ഞു. അവയിൽ ചിലത്‌ ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. (മത്തായി 24:⁠3, 29-31) ഇവ സംഭവിക്കുന്നതായി കാണുമ്പോൾ വിടുതൽ സംബന്ധിച്ച നമ്മുടെ പ്രത്യാശ കൂടുതൽ ശോഭനമായിത്തീരും. യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.”—ലൂക്കൊസ്‌ 21:⁠25-28.

19 യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ ഹ്രസ്വമായ മാതൃകാ പ്രാർഥന, അന്ത്യം അടുത്തുവരവേ നമ്മുടെ പ്രാർഥനകളിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്നതു സംബന്ധിച്ച ഉത്തമ മാർഗരേഖ പ്രദാനം ചെയ്യുന്നു. യഹോവ അവസാനത്തോളം നമ്മുടെ ആത്മീയവും ഭൗതികവുമായ ദൈനംദിന ആവശ്യങ്ങൾക്കായി കരുതുന്നതിൽ തുടരുമെന്ന ബോധ്യത്തോടെ നമുക്കു മുന്നോട്ടുപോകാം. പ്രാർഥനയിൽ ജാഗരൂകരായിരിക്കുന്നത്‌ ‘ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിക്കാൻ’ നമ്മെ പ്രാപ്‌തരാക്കും.​—⁠എബ്രായർ 3:⁠14; 1 പത്രൊസ്‌ 4:⁠7, പി.ഒ.സി. ബൈ.

[അടിക്കുറിപ്പ്‌]

^ ഖ. 15 സത്യവേദപുസ്‌തകം പോലുള്ള ചില ബൈബിളുകളിൽ പിൻവരുന്ന സ്‌തുതിവചനങ്ങളോടെയാണ്‌ കർത്താവിന്റെ പ്രാർഥന ഉപസംഹരിക്കുന്നത്‌: “രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.” ദ ജെറോം ബിബ്ലിക്കൽ കമന്ററി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഏറ്റവും ആശ്രയയോഗ്യമായ [കയ്യെഴുത്തുപ്രതികളിൽ] . . . ആ സ്‌തുതിവചനങ്ങൾ ഇല്ല.”

പുനരവലോകനം

• “അന്നന്നുവേണ്ട ആഹാര”ത്തിനായുള്ള നമ്മുടെ അഭ്യർഥന എന്തെല്ലാം കാര്യങ്ങൾ സൂചിപ്പിക്കുന്നു?

• “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന അഭ്യർഥന വിശദീകരിക്കുക.

• പ്രലോഭനത്തിൽ കടത്തരുതേ എന്നു നാം യഹോവയോട്‌ അപേക്ഷിക്കുന്നതിന്റെ അർഥമെന്ത്‌?

• “ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്നു നാം പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രങ്ങൾ]

നമുക്കു ക്ഷമ ലഭിക്കണമെങ്കിൽ നാം മറ്റുള്ളവരോടു ക്ഷമിക്കണം

[13-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Lydekker