വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യസന്ധമായ ഒരു മനസ്സാക്ഷി

സത്യസന്ധമായ ഒരു മനസ്സാക്ഷി

സത്യസന്ധമായ ഒരു മനസ്സാക്ഷി

ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കു മടങ്ങവേ, കെനിയയിലെ ഒരു സർവകലാശാലാ ജീവനക്കാരനായ ചാൾസിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. കെനിയയിൽ ഇത്‌ ഇപ്പോഴും വിലപിടിപ്പുള്ള ആഡംബര വസ്‌തുവാണ്‌.

“കിട്ടുന്ന ആരെങ്കിലും അതു തിരിച്ചുതരുമെന്നു ഞാൻ കരുതിയില്ല,” ചാൾസ്‌ പറഞ്ഞു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുശേഷം യഹോവയുടെ സാക്ഷികളുടെ കെനിയ ബ്രാഞ്ച്‌ ഓഫീസിൽനിന്ന്‌ ഒരു ഫോൺകോൾ ലഭിച്ചപ്പോൾ ചാൾസ്‌ അതിശയിച്ചുപോയി. ‘ദയവായി താങ്കൾ വന്ന്‌ മൊബൈൽ ഫോൺ കൈപ്പറ്റണം’ എന്നു പറയുന്നതു കേട്ടപ്പോൾ അദ്ദേഹത്തിനു തന്റെ കാതുകളെ വിശ്വസിക്കാനായില്ല! ചാൾസിനോടൊപ്പം ഒരേ വാഹനത്തിൽ യാത്രചെയ്‌തിരുന്ന, യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മുഴുസമയ ശുശ്രൂഷകന്‌ ഫോൺ കളഞ്ഞു കിട്ടിയിരുന്നു. ഉടമസ്ഥനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ, ആ ശുശ്രൂഷകൻ അതു ബ്രാഞ്ച്‌ ഓഫീസിൽ കൊണ്ടുവന്നു. അവിടെയുള്ള സ്വമേധയാ സേവകർ, ഫോണിൽ തെളിഞ്ഞുവന്ന നമ്പർ അനുസരിച്ച്‌ ഒടുവിൽ ചാൾസിനെ കണ്ടെത്തി.

“ഇത്രയൊക്കെ ബുദ്ധിമുട്ടി എന്നെ കണ്ടെത്താൻ നടത്തിയ ശ്രമത്തെ ഞാൻ വളരെയേറെ വിലമതിക്കുന്നു” എന്ന്‌ ബ്രാഞ്ച്‌ ഓഫീസിന്‌ അയച്ച ഒരു കത്തിൽ ചാൾസ്‌ എഴുതി. “എന്റെ മൊബൈൽ ഫോൺ കളഞ്ഞുകിട്ടിയപ്പോൾ എന്നെ കണ്ടെത്തി തിരിച്ചേൽപ്പിക്കാൻ ഉത്സാഹിച്ച നിങ്ങളുടെ സംഘടനയിലെ അംഗങ്ങളോട്‌ ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. ഇക്കാലത്ത്‌ സത്യസന്ധരായ ആളുകളെ കണ്ടെത്തുക എളുപ്പമല്ല, എന്നാൽ യഹോവയാം ദൈവത്തിന്റെ യഥാർഥ സാക്ഷികളെന്ന നിലയിൽ വ്യത്യസ്‌തരായി നിലകൊള്ളുന്ന ഏതാനും ചിലർ സമൂഹത്തിലുണ്ട്‌ എന്നതു പ്രോത്സാഹജനകമാണ്‌.”

എല്ലായിടത്തുമുള്ള യഹോവയുടെ സാക്ഷികൾ സത്യസന്ധതയ്‌ക്ക്‌ കേൾവികേട്ടവരാണ്‌. “സകലത്തിലും നല്ലവരായി [“സത്യസന്ധരായി,” NW] നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല [“സത്യസന്ധമായ,” NW] മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു” എന്നു പറഞ്ഞ അപ്പൊസ്‌തലനായ പൗലൊസിനെ അവർ അനുകരിക്കുന്നു. (എബ്രായർ 13:⁠18; 1 കൊരിന്ത്യർ 11:⁠1) യേശു പറഞ്ഞതുപോലെ, അത്തരം നടത്ത യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റുന്നു എന്ന്‌ അവർക്കറിയാം. “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്ന്‌ യേശു പറയുകയുണ്ടായി​—⁠മത്തായി 5:⁠16.