കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസം
കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസം
കഷ്ടത അനുഭവിച്ചപ്പോൾ പുരാതനകാലത്തെ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാർ മാർഗനിർദേശത്തിനായി ദൈവത്തോട് ആത്മാർഥമായി പ്രാർഥിച്ചു. എന്നിരുന്നാലും, പീഡകരിൽനിന്നു രക്ഷപ്പെടാൻ ബുദ്ധിവൈഭവം ഉപയോഗിക്കുന്നതുപോലുള്ള, ദുരിതം കുറയ്‌ക്കാൻ ആവശ്യമായ പ്രായോഗിക നടപടികളും അവർ കൈക്കൊണ്ടു. ദൃഷ്ടാന്തത്തിന്, യഹോവയിലുള്ള ആശ്രയവും ഒപ്പം വ്യക്തിപരമായ ശ്രമവും പ്രതികൂല സാഹചര്യത്തെ സഹിച്ചുനിൽക്കാൻ ദാവീദിനെ പ്രാപ്‌തനാക്കി. ഇന്ന് നമ്മെ സംബന്ധിച്ചോ?
കഷ്ടത അനുഭവിക്കുമ്പോൾ, സാധ്യതയനുസരിച്ച് പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ പടികൾ നിങ്ങൾ സ്വീകരിക്കും. ഉദാഹരണത്തിന്, നിങ്ങൾ തൊഴിൽരഹിതൻ ആണെങ്കിൽ നിങ്ങളെയും കുടുംബത്തെയും പുലർത്തുന്നതിന് യോജിച്ച ഒരു ജോലി കണ്ടെത്താൻ നിങ്ങൾ പരിശ്രമിക്കുകയില്ലേ? (1 തിമൊഥെയൊസ് 5:8) അല്ലെങ്കിൽ ഒരു ശാരീരിക രോഗത്താൽ നിങ്ങൾ ദുരിതം അനുഭവിക്കുകയാണെങ്കിൽ ആവശ്യമായ വൈദ്യസഹായം തേടുകയില്ലേ? എല്ലാത്തരം രോഗങ്ങളും സൗഖ്യമാക്കാനുള്ള ശക്തി ദൈവത്തിൽനിന്നു ലഭിച്ച യേശുതന്നെ ‘ദീനക്കാർക്ക് വൈദ്യനെക്കൊണ്ട് ആവശ്യം’ എന്നു പറയുകയുണ്ടായി എന്നതു ശ്രദ്ധേയമാണ്. (മത്തായി 9:12) എന്നാൽ, നിങ്ങളുടെ പ്രാതികൂല്യങ്ങൾ എല്ലായ്‌പോഴും നീക്കപ്പെടണമെന്നില്ല; ഒരു പരിധിവരെ അവയെ തുടർന്നും സഹിച്ചു നിൽക്കേണ്ടതുണ്ടായിരിക്കാം.
പ്രാർഥനയിൽ എന്തുകൊണ്ട് ഈ സംഗതി യഹോവയാം ദൈവത്തോടു പറഞ്ഞുകൂടാ? ദൃഷ്ടാന്തത്തിന്, ഒരു തൊഴിലിനായി അന്വേഷിക്കുമ്പോൾ പ്രാർഥനാപൂർവം ദൈവത്തിൽ ആശ്രയിക്കുന്നത് ബൈബിൾ തത്ത്വങ്ങൾക്കു നിരക്കാത്ത ഒരു ജോലി സ്വീകരിക്കാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ നമ്മെ സഹായിക്കും. ദുരാഗ്രഹത്താലോ ദ്രവ്യാഗ്രഹത്താലോ “വിശ്വാസം വിട്ടുഴന്നു” പോകുന്നതും നാം ഒഴിവാക്കും. (1 തിമൊഥെയൊസ് 6:10) തൊഴിൽ, കുടുംബം, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയോടു ബന്ധപ്പെട്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നമുക്കു തീർച്ചയായും ദാവീദിന്റെ ആഹ്വാനം അനുസരിച്ചു പ്രവർത്തിക്കാൻ കഴിയും: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.”—സങ്കീർത്തനം 55:22.
കഷ്ടത നമ്മെ തളർത്തിക്കളയാതവണ്ണം മാനസിക സമനില നിലനിറുത്താൻ ഹൃദയംഗമമായ പ്രാർഥനയും നമ്മെ സഹായിക്കും. ഒരു യഥാർഥ ക്രിസ്‌ത്യാനി എന്ന നിലയിൽ അപ്പൊസ്‌തലനായ പൗലൊസ് ഇപ്രകാരം എഴുതി: “എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടത്.” ആത്മാർഥമായ പ്രാർഥനയ്‌ക്ക് നമ്മെ ആശ്വസിപ്പിക്കാൻ കഴിയുന്നത് എങ്ങനെയാണ്? “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ ഫിലിപ്പിയർ 4:6, 7) ദൈവസമാധാനം ‘സകലബുദ്ധിയേയും കവിയുന്നു.’ അതുകൊണ്ട്, ക്ലേശിപ്പിക്കുന്ന വികാരങ്ങളാൽ ഭാരപ്പെടുമ്പോൾ സമനില കാത്തുസൂക്ഷിക്കാൻ അതിനു നമ്മെ സഹായിക്കാനാകും. നമ്മുടെ കഷ്ടത വർധിപ്പിച്ചേക്കാവുന്ന വിധത്തിൽ ബുദ്ധിശൂന്യമായി എടുത്തുചാടി പ്രവർത്തിക്കാതിരിക്കാൻ സഹായിച്ചുകൊണ്ട് അതു നമ്മുടെ ‘ഹൃദയങ്ങളെയും നിനവുകളെയും കാക്കും.’
കാക്കും.” (സാഹചര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടാക്കാനും പ്രാർഥനയ്‌ക്കു സാധിക്കും. അപ്പൊസ്‌തലനായ പൗലൊസ് റോമിൽ തടവിലായിരിക്കെ, തനിക്കുവേണ്ടി പ്രാർഥിക്കാൻ താഴ്‌മയോടെ സഹക്രിസ്‌ത്യാനികളോട് അഭ്യർഥിച്ചു. എന്തുകൊണ്ടാണ് പൗലൊസ് ആ അഭ്യർഥന നടത്തിയത്? “എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിന്നു നിങ്ങൾ പ്രാർത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു” എന്ന് അവൻ അവർക്ക് എഴുതി. (എബ്രായർ 13:19) മറ്റുവാക്കുകളിൽ പറഞ്ഞാൽ, തന്റെ സഹവിശ്വാസികളുടെ നിരന്തര പ്രാർഥന യഹോവ കേൾക്കുന്നത് താൻ എപ്പോൾ വിമോചിതനാകും എന്നുള്ളതിൽ മാറ്റം വരുത്തിയേക്കാം എന്ന് പൗലൊസിന് അറിയാമായിരുന്നു.—ഫിലേമോൻ 22.
നമ്മുടെ കഷ്ടതയുടെ പരിണതഫലത്തിനു മാറ്റം വരുത്താൻ പ്രാർഥനയ്‌ക്കു കഴിയുമോ? ഒരുപക്ഷേ കഴിഞ്ഞേക്കാം. എന്നാൽ, നാം ആഗ്രഹിക്കുന്ന ഒരു വിധത്തിൽ യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകണമെന്നില്ല എന്നു നാം തിരിച്ചറിയേണ്ട ആവശ്യമുണ്ട്. പൗലൊസ് തന്റെ ‘ജഡത്തിലെ ശൂലം’ സംബന്ധിച്ച്—ഒരുപക്ഷേ, അത് ഒരു ശാരീരിക പ്രശ്‌നമായിരുന്നിരിക്കാം—പല തവണ പ്രാർഥിച്ചു. എന്നിരുന്നാലും, കഷ്ടത നീക്കിക്കളയുന്നതിനു പകരം ദൈവം പൗലൊസിനോട് ഇപ്രകാരം പറഞ്ഞു: “എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.”—2 കൊരിന്ത്യർ 12:7-9.
അതുകൊണ്ട് നാം അനുഭവിക്കുന്ന കഷ്ടതകൾ പൊടുന്നനെ അപ്രത്യക്ഷമായെന്നു വരില്ല. എന്നിരുന്നാലും, നമ്മുടെ സ്വർഗീയ പിതാവിലുള്ള ആശ്രയത്വം തെളിയിക്കാനുള്ള അവസരം നമുക്കുണ്ട്. (യാക്കോബ് 1:2-4) യഹോവയാം ദൈവം കഷ്ടത നീക്കിക്കളയുന്നില്ലെങ്കിൽപ്പോലും, “[നമുക്കു] സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” എന്ന ഉറപ്പ് ഉണ്ടായിരിക്കുക. (1 കൊരിന്ത്യർ 10:13) ‘സർവ്വാശ്വാസവും നല്‌കുന്ന ദൈവം കഷ്ടത്തിൽ ഒക്കെയും ആശ്വസിപ്പിക്കുന്നു’ എന്ന് യഹോവയാം ദൈവത്തെ കുറിച്ചു പറഞ്ഞിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. (2 കൊരിന്ത്യർ 1:3, 4) സഹിച്ചുനിൽക്കാൻ നമുക്ക് ആവശ്യമായതു പ്രദാനംചെയ്യാൻ ദൈവത്തിനു കഴിയും, കൂടാതെ നമുക്ക് നിത്യജീവന്റെ പ്രത്യാശയുമുണ്ട്.
യഹോവ “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്ന് ദൈവവചനമായ ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു. (വെളിപ്പാടു 21:3-5) കഷ്ടതയില്ലാത്ത ഒരു ലോകം അസംഭവ്യമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? പ്രാതികൂല്യങ്ങൾ നിറഞ്ഞ ചുറ്റുപാടിലാണ് നിങ്ങൾ ജീവിച്ചു പരിചയിച്ചതെങ്കിൽ അങ്ങനെ തോന്നിയേക്കാം. എന്നിരുന്നാലും, ഭയത്തിൽനിന്നും കഷ്ടതയിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ് ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറും എന്നത് സുനിശ്ചിതമാണുതാനും.—യെശയ്യാവു 55:10, 11.
[9-ാം പേജിലെ ചിത്രങ്ങൾ]
നിരാശയിൽനിന്ന് ആശ്വാസത്തിലേക്ക്