വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊണ്ട്‌ ധാർമികശുദ്ധി നിലനിറുത്തുക

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊണ്ട്‌ ധാർമികശുദ്ധി നിലനിറുത്തുക

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊണ്ട്‌ ധാർമികശുദ്ധി നിലനിറുത്തുക

“സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത്‌.”​—⁠സദൃശവാക്യങ്ങൾ 4:23.

1-3. (എ) ധാർമികശുദ്ധിയെ തങ്ങൾ വിലമതിക്കുന്നില്ലെന്ന്‌ ആളുകൾ സാധാരണമായി എങ്ങനെ പ്രകടമാക്കുന്നു? ദൃഷ്ടാന്തീകരിക്കുക. (ബി) ധാർമികശുദ്ധിയുടെ മൂല്യം പരിശോധിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ചിത്രം കണ്ടിട്ട്‌ അറുപഴഞ്ചനായി തോന്നിയിട്ടുണ്ടാവണം. ഒരുപക്ഷേ വീട്ടിലെ മറ്റ്‌ അലങ്കാരങ്ങളുമായി അത്‌ ഇണങ്ങിയിട്ടുണ്ടാവില്ല. എന്തായിരുന്നാലും അതുകൊണ്ട്‌ വലിയ പ്രയോജനമൊന്നും ഉണ്ടെന്ന്‌ ഉടമസ്ഥനു തോന്നിയില്ല. അങ്ങനെ ഒടുവിൽ അത്‌, ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന ഒരു കടയിലെത്തി. 1,400 രൂപയായിരുന്നു വിലയിട്ടിരുന്നത്‌. എന്നിരുന്നാലും, ഏതാനും വർഷങ്ങൾക്കു ശേഷം അതിന്‌ 4.7 കോടി രൂപയുടെ മൂല്യമുണ്ടെന്നു കണ്ടെത്തപ്പെട്ടു! അതേ, വാസ്‌തവത്തിൽ വളരെ അപൂർവമായ ഒരു ഉത്‌കൃഷ്ട കലാസൃഷ്ടിയായിരുന്നു അത്‌. അമൂല്യമായ ആ നിധി വേണ്ടവിധം വിലമതിക്കാതെപോയ മുൻ ഉടമസ്ഥന്‌ അത്‌ അറിഞ്ഞപ്പോൾ എന്തു തോന്നിക്കാണും എന്നു ചിന്തിച്ചുനോക്കൂ!

2 ഒരു വ്യക്തിയുടെ ചാരിത്ര്യം, നൈർമല്യം എന്നൊക്കെ വിളിക്കുന്ന ധാർമികശുദ്ധിയുടെ കാര്യത്തിൽ പലപ്പോഴും സമാനമായ ഒരു സംഗതി സംഭവിക്കുന്നു. ഇന്ന്‌ ഒട്ടനവധി ആളുകൾ തങ്ങളുടെ ധാർമികശുദ്ധിക്കു വലിയ വിലയൊന്നും കൽപ്പിക്കുന്നില്ല. ആധുനിക ജീവിതശൈലിക്കു നിരക്കാത്ത ഒരു പഴഞ്ചൻ ആശയമായിട്ടാണ്‌ ചിലയാളുകൾ അതിനെ കാണുന്നത്‌. അങ്ങനെ അവർ നിസ്സാര പ്രതിഫലത്തിന്‌ അതു കളഞ്ഞുകുളിക്കുന്നു. ചിലർ നൈമിഷിക ലൈംഗികാസ്വാദനത്തിനായി തങ്ങളുടെ ചാരിത്ര്യം വിൽക്കുന്നു. വേറെ ചിലർ കൂട്ടുകാരുടെയോ വിപരീത ലിംഗവർഗത്തിൽപ്പെട്ട ആരുടെയെങ്കിലുമോ മുന്നിൽ വലിയ ആളാകാം എന്ന പ്രതീക്ഷയിൽ അതു ബലികഴിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 13:20.

3 തങ്ങളുടെ ധാർമികശുദ്ധി വാസ്‌തവത്തിൽ എത്ര വിലപ്പെട്ട ഒരു സ്വത്തായിരുന്നു എന്ന്‌ അനേകർ വളരെ വൈകിയാണു മനസ്സിലാക്കുന്നത്‌. അവരുടെ നഷ്ടം മിക്കപ്പോഴും ദുരന്തപൂർണമാണ്‌. ബൈബിളിന്റെ ഭാഷയിൽ, അധാർമികതയുടെ ഭവിഷ്യത്തുകൾക്കു വിഷതുല്യം ആയിരിക്കാനാകും, ‘കാഞ്ഞിരംപോലെ കയ്‌ക്കുന്നവ’ തന്നെ. (സദൃശവാക്യങ്ങൾ 5:3, 4) ധാർമികമായി അധഃപതിച്ച ഇന്നത്തെ ചുറ്റുപാടിൽ ധാർമികശുദ്ധി അമൂല്യമായി കരുതാനും കാത്തുസൂക്ഷിക്കാനും നിങ്ങൾക്ക്‌ എങ്ങനെ സാധിക്കും? ഇതിനോടുള്ള ബന്ധത്തിൽ കൈക്കൊള്ളാൻ കഴിയുന്ന മൂന്നു പടികളിൽ നമുക്കു ശ്രദ്ധകേന്ദ്രീകരിക്കാം.

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക

4. ആലങ്കാരിക ഹൃദയം എന്താണ്‌, നാം അതിനെ കാത്തുകൊള്ളേണ്ടത്‌ എന്തുകൊണ്ട്‌?

4 ഹൃദയത്തെ കാത്തുകൊള്ളുന്നതാണ്‌ ധാർമികശുദ്ധി നിലനിറുത്തുന്നതിനുള്ള താക്കോൽ. ബൈബിൾ ഇപ്രകാരം പറയുന്നു: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത്‌.” (സദൃശവാക്യങ്ങൾ 4:23) ‘നിന്റെ ഹൃദയം’ എന്ന്‌ ഇവിടെ പരാമർശിച്ചിരിക്കുന്നത്‌ എന്തിനെയാണ്‌? അതു ഹൃദയം എന്ന അക്ഷരീയ അവയവത്തെയല്ല. മറിച്ച്‌ ആലങ്കാരിക ഹൃദയത്തെയാണ്‌. നിങ്ങളുടെ ചിന്തകൾ, വികാരങ്ങൾ, പ്രേരണകൾ എന്നിവ ഉൾപ്പെടെ അകമേ നിങ്ങൾ എപ്രകാരമുള്ള വ്യക്തിയാണ്‌ എന്നതിനെ അതു കുറിക്കുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (ആവർത്തനപുസ്‌തകം 6:5) യേശു ഇതിനെ എല്ലാറ്റിലും മുഖ്യ കൽപ്പനയായി പരാമർശിച്ചു. (മർക്കൊസ്‌ 12:29, 30) വ്യക്തമായും, നമ്മുടെ ഈ ഹൃദയത്തിന്‌ അളവറ്റ മൂല്യമുണ്ട്‌. അത്‌ കാത്തുകൊള്ളേണ്ട ഒന്നുതന്നെയാണ്‌.

5. ഹൃദയത്തിന്‌ ഒരേ സമയം ഉപകാരിയും ഉപദ്രവകാരിയും ആയിരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

5 എന്നിരുന്നാലും, “ഹൃദയം എല്ലാററിനെക്കാളും കപടവും [“വഞ്ചനാത്മകവും,” NW] വിഷമവുമുള്ള”താണ്‌ എന്നു ബൈബിൾ പറയുന്നു. (യിരെമ്യാവു 17:9) ഹൃദയത്തിന്‌ എങ്ങനെ വഞ്ചനാത്മകം ആയിരിക്കാൻ കഴിയും? അത്‌ നമുക്ക്‌ അപകടം വരുത്തിവെച്ചേക്കാവുന്നത്‌ എങ്ങനെ? ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഒരു മോട്ടോർവാഹനം വളരെ ഉപകാരപ്രദമായ ഒന്നാണ്‌. അടിയന്തിര സാഹചര്യങ്ങളിൽ അത്‌ ആളുകളുടെ ജീവൻ രക്ഷിക്കുകപോലും ചെയ്യുന്നു. എന്നാൽ യാത്രയിലുടനീളം ഡ്രൈവർ അതിനെ നിയന്ത്രിച്ചു കൊണ്ടുപോകുന്നില്ലെങ്കിൽ അതേ വാഹനംതന്നെ മരണത്തിനു കാരണമായിത്തീർന്നേക്കാം. സമാനമായി, ഹൃദയത്തെ കാത്തുസൂക്ഷിക്കാത്തപക്ഷം, നിങ്ങൾ സ്വന്തം ആന്തരിക മോഹങ്ങളുടെയും പ്രേരണകളുടെയും ചരടുപാവ ആയിത്തീരുകയും നിങ്ങളുടെ ജീവിതഗതി വിനാശത്തിലേക്കു കൂപ്പുകുത്തുകയും ചെയ്യും. ദൈവവചനം ഇങ്ങനെ പറയുന്നു: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.” (സദൃശവാക്യങ്ങൾ 28:26) അതേ, നിങ്ങളെ നയിക്കാൻ നിങ്ങൾ ദൈവവചനം ഉപയോഗിക്കുന്നെങ്കിൽ ജ്ഞാനത്തോടെ നടക്കാനും വിനാശത്തിൽനിന്നു രക്ഷപ്പെടാനും നിങ്ങൾക്കു കഴിയും. ഒരു യാത്ര പുറപ്പെടുംമുമ്പ്‌ റോഡ്‌ മാപ്പ്‌ പരിശോധിക്കുന്നതുപോലെയാണ്‌ അത്‌.​—⁠സങ്കീർത്തനം 119:105.

6, 7. (എ) എന്താണു വിശുദ്ധി, യഹോവയുടെ ദാസർക്ക്‌ അത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) അപൂർണ മനുഷ്യർക്ക്‌ യഹോവയുടെ വിശുദ്ധി പ്രതിഫലിപ്പിക്കാൻ കഴിയും എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

6 നമ്മുടെ ഹൃദയത്തിന്‌ ധാർമികശുദ്ധി കാത്തുസൂക്ഷിക്കാനുള്ള സ്വാഭാവിക ചായ്‌വില്ല. നാം അതിനെ ആ വഴിയിലൂടെ കൊണ്ടുപോകേണ്ടതുണ്ട്‌. അപ്രകാരം ചെയ്യുന്നതിനുള്ള ഒരു വഴി ധാർമികശുദ്ധിയുടെ യഥാർഥ മൂല്യത്തെ കുറിച്ചു ധ്യാനിക്കുന്നതാണ്‌. ശുദ്ധി, നിർമലത, പാപത്തിൽനിന്നു വേറിട്ടിരിക്കൽ എന്നിവയെ അർഥമാക്കുന്ന വിശുദ്ധിയുമായി ഈ ഗുണം അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. യഹോവയാം ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ ഒരു അനർഘ ഗുണമാണ്‌ വിശുദ്ധി. നൂറുകണക്കിനു ബൈബിൾ വാക്യങ്ങൾ ആ ഗുണത്തെ യഹോവയുമായി ബന്ധപ്പെടുത്തുന്നു. വാസ്‌തവത്തിൽ, “വിശുദ്ധി യഹോവയ്‌ക്കുള്ളതാകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (പുറപ്പാടു 28:​36, NW) എന്നിരുന്നാലും, ആ അത്യുത്‌കൃഷ്ട ഗുണത്തിന്‌ അപൂർണ മനുഷ്യരായ നമ്മളുമായി എന്തു ബന്ധമാണുള്ളത്‌?

7 “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന്‌ തന്റെ വചനത്തിലൂടെ യഹോവ പറയുന്നു. (1 പത്രൊസ്‌ 1:16) അതേ നമുക്ക്‌ യഹോവയുടെ വിശുദ്ധി അനുകരിക്കാൻ കഴിയും; ധാർമികശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട്‌ നമുക്ക്‌ അവന്റെ മുമ്പാകെ ശുദ്ധരായി നിലകൊള്ളാൻ കഴിയും. അതുകൊണ്ട്‌ അശുദ്ധമായ, ദുഷിപ്പിക്കുന്ന നടപടികൾ നാം വർജിക്കുമ്പോൾ, അത്യുന്നതനായ ദൈവത്തിന്റെ മനോഹരമായ ഒരു സ്വഭാവവിശേഷത പ്രതിഫലിപ്പിക്കാനുള്ള ഉദാത്തവും വിസ്‌മയകരവുമായ പദവി നാം എത്തിപ്പിടിക്കുകയാണ്‌! (എഫെസ്യർ 5:1) ഇത്‌ നമ്മുടെ എത്തുപാടിന്‌ അതീതമാണെന്നു നാം നിഗമനം ചെയ്യരുത്‌, എന്തുകൊണ്ടെന്നാൽ നമുക്കു ചെയ്യാൻ കഴിയുന്നതിലുമധികം ഒരിക്കലും നമ്മോട്‌ ആവശ്യപ്പെടാത്ത ജ്ഞാനിയും ന്യായയുക്തനുമായ യജമാനനാണ്‌ യഹോവ. (സങ്കീർത്തനം 103:13, 14; യാക്കോബ്‌ 3:​17, NW) ആത്മീയവും ധാർമികവുമായ നൈർമല്യം കാത്തുസൂക്ഷിക്കുന്നതിന്‌ ശ്രമം ആവശ്യമാണ്‌ എന്നതു ശരിതന്നെ. എന്നിരുന്നാലും, ‘ക്രിസ്‌തുവിനു കടപ്പെട്ട ആത്മാർഥതയെയും നിർമലതയെയും’ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുകയുണ്ടായി. (2 കൊരിന്ത്യർ 11:⁠3, NW) ധാർമികശുദ്ധി കാത്തുസൂക്ഷിക്കാൻ സകല ശ്രമവും ചെയ്യാൻ തക്കവണ്ണം നാം യേശുവിനോടും അവന്റെ പിതാവിനോടും കടപ്പെട്ടിരിക്കുന്നില്ലേ? നമുക്ക്‌ എന്നെങ്കിലും തിരികെ കൊടുക്കാൻ കഴിയുന്നതിലുമധികം സ്‌നേഹം അവർ നമ്മോടു കാണിച്ചിട്ടുണ്ട്‌ എന്നു നാം ഓർക്കണം. (യോഹന്നാൻ 3:16; 15:13) നാം സംശുദ്ധമായ ഒരു ധാർമിക ജീവിതം നയിച്ചുകൊണ്ട്‌ നന്ദി പ്രകടിപ്പിക്കുന്നത്‌ തികച്ചും ഉചിതമാണ്‌. നമ്മുടെ ധാർമികശുദ്ധിയെ ഈ വിധത്തിൽ വീക്ഷിക്കുമ്പോൾ നാം അതിനെ വിലമതിപ്പോടെ കരുതുകയും നമ്മുടെ ഹൃദയത്തെ കാത്തുകൊള്ളുകയും ചെയ്യും.

8. (എ) നമുക്ക്‌ ആലങ്കാരിക ഹൃദയത്തെ എങ്ങനെ പരിപോഷിപ്പിക്കാൻ കഴിയും? (ബി) നമ്മുടെ സംഭാഷണം നമ്മെ കുറിച്ച്‌ എന്തു വെളിപ്പെടുത്തിയേക്കാം?

8 നാം നമ്മെത്തന്നെ പോഷിപ്പിക്കുന്ന വിധത്തിനു ശ്രദ്ധ നൽകുന്നതും ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിനുള്ള ഒരു വഴിയാണ്‌. ദൈവരാജ്യ സുവാർത്തയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ നാം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും നല്ല ആത്മീയ ഭക്ഷണത്താൽ ക്രമമായി പരിപോഷിപ്പിക്കണം. (കൊലൊസ്സ്യർ 3:2) ദൈവരാജ്യ സുവാർത്തയിലാണ്‌ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന്‌ നമ്മുടെ സംസാരം പോലും പ്രതിഫലിപ്പിക്കണം. ജഡിക, അധാർമിക വിഷയങ്ങളെ കുറിച്ചു സംസാരിക്കുന്ന വ്യക്തികളായി അറിയപ്പെടുന്നെങ്കിൽ നാം നമ്മുടെ ഹൃദയനില സംബന്ധിച്ച്‌ ചിലതെല്ലാം വെളിപ്പെടുത്തുകയാണ്‌. (ലൂക്കൊസ്‌ 6:45) മറിച്ച്‌, ആത്മീയവും കെട്ടുപണി ചെയ്യുന്നതുമായ കാര്യങ്ങളെ കുറിച്ചു സംസാരിക്കുന്നവരായി നമുക്ക്‌ അറിയപ്പെടാം. (എഫെസ്യർ 5:3) ഹൃദയത്തെ കാത്തുകൊള്ളുന്നതിന്‌ നാം ഒഴിവാക്കേണ്ട ഗുരുതരമായ അപകടങ്ങളുണ്ട്‌. അവയിൽ രണ്ടെണ്ണം നമുക്കു ചർച്ചചെയ്യാം.

പരസംഗം വിട്ട്‌ ഓടുവിൻ

9-11. (എ) 1 കൊരിന്ത്യർ 6:​18-ലെ ബുദ്ധിയുപദേശം അവഗണിക്കുന്നവർ ഗുരുതരമായ അധാർമികതയിൽ ഉൾപ്പെടാൻ കൂടുതൽ സാധ്യതയുള്ളത്‌ എന്തുകൊണ്ട്‌? ദൃഷ്ടാന്തീകരിക്കുക. (ബി) പരസംഗം വിട്ട്‌ ഓടുന്നു എങ്കിൽ നാം എന്ത്‌ ഒഴിവാക്കും? (സി) വിശ്വസ്‌ത മനുഷ്യനായ ഇയ്യോബ്‌ ശ്രദ്ധേയമായ ഏതു മാതൃക വെച്ചു?

9 ഹൃദയത്തെ കാത്തുകൊള്ളാനും ധാർമികശുദ്ധി നിലനിറുത്താനും അനേകരെ സഹായിച്ചിരിക്കുന്ന ചില ബുദ്ധിയുപദേശങ്ങൾ രേഖപ്പെടുത്താൻ യഹോവ അപ്പൊസ്‌തലനായ പൗലൊസിനെ നിശ്വസ്‌തനാക്കി. “പരസംഗം വിട്ട്‌ ഓടുവിൻ” എന്ന്‌ പൗലൊസ്‌ പറഞ്ഞു. (1 കൊരിന്ത്യർ 6:​18, NW) കേവലം, “പരസംഗം ഒഴിവാക്കുവിൻ” എന്നല്ല അവൻ പറഞ്ഞത്‌ എന്നതു ശ്രദ്ധിക്കുക. ക്രിസ്‌ത്യാനികൾ അതിലുമധികം ചെയ്യേണ്ടത്‌ ആവശ്യമാണ്‌. ജീവനു ഭീഷണിയായ എന്തിൽനിന്നെങ്കിലും ഓടിയകലുന്നതുപോലെ അവർ അധാർമിക പ്രവൃത്തികൾ വിട്ട്‌ ഓടേണ്ടതുണ്ട്‌. നാം ആ ബുദ്ധിയുപദേശം അവഗണിക്കുന്നെങ്കിൽ, ഗുരുതരമായ അധാർമികതയിൽ ഉൾപ്പെടാനും അങ്ങനെ ദൈവപ്രീതി നഷ്ടപ്പെടുത്താനുമുള്ള സാധ്യത നാം വർധിപ്പിക്കുകയാണ്‌.

10 ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: ഒരു വിശേഷാവസരത്തിനായി ഒരമ്മ തന്റെ കുട്ടിയെ കുളിപ്പിച്ച്‌ വസ്‌ത്രം ധരിപ്പിച്ചു നിറുത്തിയിരിക്കുകയാണ്‌. പുറപ്പെടുംവരെ മുറ്റത്തു കളിച്ചോട്ടെ എന്ന്‌ അവൻ ചോദിക്കുന്നു. അമ്മ അതിന്‌ അനുവദിക്കുന്നെങ്കിലും ഇങ്ങനെ പറയുന്നു: “മുറ്റത്തെ ചെളിവെള്ളത്തിന്‌ അടുത്ത്‌ പോയേക്കരുത്‌. ദേഹത്തെങ്ങാനും ചെളിപറ്റിച്ചാൽ നീ അടി മേടിക്കും.” എന്നാൽ, ഏതാനും മിനിട്ടുകൾക്കുള്ളിൽ കുട്ടി ചെളിവെള്ളത്തിന്റെ തൊട്ടരികിൽചെന്ന്‌ അതിലേക്ക്‌ എത്തിനോക്കുന്നതാണ്‌ അവർ കാണുന്നത്‌. ഇതുവരെയും ദേഹത്ത്‌ ചെളിപുരണ്ടിട്ടില്ല. എങ്കിലും, ചെളിവെള്ളത്തിന്‌ അടുത്ത്‌ പോകരുത്‌ എന്ന അമ്മയുടെ മുന്നറിയിപ്പ്‌ അവൻ അവഗണിക്കുകയാണ്‌, ഏതു നിമിഷവും അവൻ ചെളിയിലേക്കു വീണേക്കാം. (സദൃശവാക്യങ്ങൾ 22:15) യുവജനങ്ങളും മുതിർന്നവരും കൂടുതൽ ശ്രദ്ധാലുക്കൾ ആയിരിക്കാൻ നാം പ്രതീക്ഷിക്കുമെങ്കിലും അവരിൽ അനേകരും സമാനമായ ഒരു തെറ്റ്‌ വരുത്തുന്നതായി കാണുന്നു. അതെങ്ങനെയാണ്‌?

11 അനേകമാളുകൾ ‘അവമാനകരമായ ലൈംഗിക തൃഷ്‌ണകൾക്ക്‌’ (NW) വഴിപ്പെട്ടിരിക്കുന്ന ഇക്കാലത്ത്‌, അവിഹിത ലൈംഗിക ബന്ധങ്ങളെ ഉന്നമിപ്പിക്കുന്ന ഒരു വ്യവസായ സാമ്രാജ്യംതന്നെ ഉയർന്നു വന്നിട്ടുണ്ട്‌. (റോമർ 1:26, 27) മാസികകളിലും പുസ്‌തകങ്ങളിലും വീഡിയോകളിലും ഇന്റർനെറ്റിലും അശ്ലീല ബാധ ആഞ്ഞടിക്കുകയാണ്‌. അത്തരം ചിത്രങ്ങൾ തങ്ങളുടെ മനസ്സിലേക്കു കടത്തിവിടാൻ തീരുമാനിക്കുന്നവർ തീർച്ചയായും പരസംഗം വിട്ട്‌ ഓടുകയല്ല. അവർ അതുമായി വിനോദിക്കുകയാണ്‌. ചെളിവെള്ളത്തിലേക്ക്‌ എത്തിനോക്കുന്ന ഒരു കുട്ടിയെ പോലെ, ബൈബിളിന്റെ മുന്നറിയിപ്പിനെ കാറ്റിൽ പറത്തിക്കൊണ്ട്‌ അവർ തങ്ങളെത്തന്നെ അപകടകരമായ ഒരു സ്ഥാനത്ത്‌ ആക്കിവെക്കുകയാണ്‌. ഹൃദയത്തെ കാത്തുകൊള്ളുന്നതിനു പകരം, ഓർമയിൽനിന്നു മായാൻ വർഷങ്ങൾതന്നെ എടുത്തേക്കാവുന്ന മിഴിവുള്ള ചിത്രങ്ങൾകൊണ്ട്‌ അവർ അതിനെ വിഷലിപ്‌തമാക്കുകയാണ്‌. (സദൃശവാക്യങ്ങൾ 6:27) വിശ്വസ്‌ത പുരുഷനായ ഇയ്യോബിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയും. തെറ്റുചെയ്യാൻ തന്നെ പ്രലോഭിപ്പിക്കുന്നതരം സംഗതികൾ നോക്കാതിരിക്കാൻ അവൻ കണ്ണുമായി ഒരു നിയമം​—⁠ഒരു ഔപചാരിക ഉടമ്പടി​—⁠ചെയ്‌തിരുന്നു. (ഇയ്യോബ്‌ 31:1) അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക!

12. കോർട്ടിങ്ങിൽ ഏർപ്പെടുന്ന ക്രിസ്‌തീയ സ്‌ത്രീപുരുഷന്മാർക്ക്‌ എങ്ങനെ ‘പരസംഗം വിട്ട്‌ ഓടാൻ’ കഴിയും?

12 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു പുരുഷനും സ്‌ത്രീയും പരസ്‌പരം അടുത്തറിയുന്നതിനുവേണ്ടി ഒരുമിച്ചു സമയം ചെലവഴിക്കുമ്പോൾ (കോർട്ടിങ്‌) ‘പരസംഗം വിട്ട്‌ ഓടേണ്ടത്‌’ വിശേഷാൽ മർമപ്രധാനമാണ്‌. സുന്ദരപ്രതീക്ഷകൾ നിറംചാർത്തിയ ആഹ്ലാദകരമായ ഒരു സമയമായിരിക്കണം ആ കാലഘട്ടം. എന്നാൽ കോർട്ടിങ്‌ നടത്തുന്ന ചിലർ അധാർമിക നടപടികളിൽ ഏർപ്പെട്ടുകൊണ്ട്‌ ആ നാളുകളെ കളങ്കപ്പെടുത്തുന്നു. അങ്ങനെ, ഒരു ഉത്തമ വിവാഹത്തിന്റെ അടിത്തറയായ നിസ്സ്വാർഥ സ്‌നേഹത്തിലും ആത്മനിയന്ത്രണത്തിലും യഹോവയാം ദൈവത്തോടുള്ള അനുസരണത്തിലും അധിഷ്‌ഠിതമായ ഒരു ബന്ധം അവർ പരസ്‌പരം നഷ്ടമാക്കുന്നു. ഒരു ക്രിസ്‌തീയ സ്‌ത്രീയും പുരുഷനും തങ്ങളുടെ കോർട്ടിങ്ങിനിടയിൽ അധാർമിക നടത്തയിൽ ഏർപ്പെട്ടു. തന്റെ മനസ്സാക്ഷി കുത്തിക്കൊണ്ടിരുന്നു എന്ന്‌ വിവാഹശേഷം ഭാര്യ പറഞ്ഞു. അത്‌ അവരുടെ വിവാഹദിനത്തിന്റെ സന്തോഷം പോലും കവർന്നു കളഞ്ഞു. ആ സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ഞാൻ അനേകവട്ടം യഹോവയോടു ക്ഷമ യാചിക്കുകയുണ്ടായി. ഏഴു വർഷം കടന്നുപോയിരിക്കുന്നെങ്കിലും എന്റെ മനസ്സാക്ഷി ഇപ്പോഴും കുത്തിക്കൊണ്ടിരിക്കുന്നു.” അത്തരം പാപങ്ങൾ ചെയ്യുന്നവർ ക്രിസ്‌തീയ മൂപ്പന്മാരുടെ സഹായം അഭ്യർഥിക്കുന്നത്‌ അനിവാര്യമാണ്‌. (യാക്കോബ്‌ 5:14, 15) എന്നിരുന്നാലും, ക്രിസ്‌ത്യാനികളിൽ അനേകരും ജ്ഞാനത്തോടെ പ്രവർത്തിച്ചുകൊണ്ട്‌ കോർട്ടിങ്ങിനിടയിലെ ഇത്തരം അപായങ്ങൾ ഒഴിവാക്കുന്നു. (സദൃശവാക്യങ്ങൾ 22:3) തങ്ങളുടെ സ്‌നേഹപ്രകടനങ്ങൾക്ക്‌ അവർ അതിരുവെക്കുന്നു. തങ്ങളോടൊപ്പം മറ്റൊരാൾ ഉണ്ടായിരിക്കാൻ അവർ ക്രമീകരിക്കുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഒറ്റയ്‌ക്കായിരിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു.

13. യഹോവയെ സേവിക്കാത്ത ഒരു വ്യക്തിയുമായി ക്രിസ്‌ത്യാനികൾ കോർട്ടിങ്ങിൽ ഏർപ്പെടരുതാത്തത്‌ എന്തുകൊണ്ട്‌?

13 യഹോവയെ സേവിക്കാത്തവരുമായി കോർട്ടിങ്ങിൽ ഏർപ്പെടുന്ന ക്രിസ്‌ത്യാനികൾക്ക്‌ ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ദൃഷ്ടാന്തത്തിന്‌, യഹോവയാം ദൈവത്തെ സ്‌നേഹിക്കാത്ത ഒരാളുമായി നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളെത്തന്നെ കൂട്ടിയോജിപ്പിക്കാൻ കഴിയും? യഹോവയാം ദൈവത്തെ സ്‌നേഹിക്കുകയും ധാർമികശുദ്ധി സംബന്ധിച്ചുള്ള അവന്റെ നിലവാരങ്ങളെ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളുമായി മാത്രം ക്രിസ്‌ത്യാനികൾ തങ്ങളെത്തന്നെ കൂട്ടിയോജിപ്പിക്കുന്നത്‌ ജീവത്‌പ്രധാനമാണ്‌. ദൈവവചനം നമ്മോട്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്‌മ?”​—⁠2 കൊരിന്ത്യർ 6:14.

14, 15. (എ) “പരസംഗ”ത്തിന്റെ അർഥം സംബന്ധിച്ച്‌ അനേകർ ഏതു തെറ്റായ വീക്ഷണം വെച്ചുപുലർത്തുന്നു? (ബി) “പരസംഗ”ത്തിൽ ഏതുതരം പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു, ക്രിസ്‌ത്യാനികൾക്ക്‌ ‘പരസംഗം വിട്ട്‌ ഓടാൻ’ എങ്ങനെ സാധിക്കും?

14 പരിജ്ഞാനവും അനിവാര്യമാണ്‌. എന്താണു പരസംഗം എന്ന്‌ അറിയില്ലെങ്കിൽ നമുക്ക്‌ അതു വിട്ട്‌ ഓടിയകലാൻ സാധിക്കില്ല. ഇന്നത്തെ ലോകത്തിലെ ചിലയാളുകൾ, “പരസംഗം” എന്നതിന്റെ അർഥം സംബന്ധിച്ച്‌ അബദ്ധ ധാരണകൾ വെച്ചുപുലർത്തുന്നു. ലൈംഗിക ബന്ധത്തിൽനിന്നു മാത്രം വിട്ടുനിന്നുകൊണ്ട്‌ വിവാഹത്തിനു പുറത്ത്‌ തങ്ങളുടെ ലൈംഗിക തൃഷ്‌ണകളെ ശമിപ്പിക്കാൻ കഴിയുമെന്ന്‌ അനേകർ വിചാരിക്കുന്നു. കൗമാരപ്രായക്കാരുടെ ഇടയിലെ അനാവശ്യ ഗർഭധാരണ നിരക്ക്‌ കുറയ്‌ക്കാൻ ശ്രമിച്ചുവരുന്ന പേരുകേട്ട ചില ആരോഗ്യസ്ഥാപനങ്ങൾപോലും, ഗർഭധാരണത്തിലേക്കു നയിക്കാത്ത ലൈംഗിക നടപടികളിൽ ഏർപ്പെടാൻ യുവജനങ്ങളെ ഉപദേശിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, അത്തരം ഉപദേശങ്ങൾ വഴിപിഴപ്പിക്കുന്നവയാണ്‌. ധാർമികശുദ്ധി നിലനിറുത്തുക എന്നതിന്റെ അർഥം വിവാഹബാഹ്യ ബന്ധങ്ങളിൽനിന്നുള്ള ഗർഭധാരണം ഒഴിവാക്കുക എന്നല്ല. “പരസംഗ”ത്തിന്റെ യഥാർഥ നിർവചനം അത്ര പരിമിതവും സങ്കുചിതവും അല്ലതാനും.

15 “പരസംഗം” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന പോർണിയ എന്ന ഗ്രീക്കു പദത്തിന്‌ വിപുലമായ അർഥമാണുള്ളത്‌. വിവാഹിത ഇണകളല്ലാത്ത വ്യക്തികൾ തമ്മിലുള്ള ലൈംഗിക ബന്ധങ്ങളോടു ബന്ധപ്പെട്ടുള്ളതാണ്‌ അത്‌; ലൈംഗികാവയവങ്ങളുടെ ദുരുപയോഗമാണ്‌ അതിൽ മുഖ്യമായും ഉൾപ്പെടുന്നത്‌. അധരസംഭോഗം, ഗുദസംഭോഗം, മറ്റൊരാളുടെ ജനനേന്ദ്രിയം ഉത്തേജിപ്പിക്കൽ എന്നിങ്ങനെ സാധാരണഗതിയിൽ വേശ്യാലയങ്ങളോടു ബന്ധപ്പെട്ടുള്ള നിരവധി നടപടികൾ പോർണിയയിൽ പെടുന്നു. അത്തരം നടപടികൾ “പരസംഗം” അല്ലെന്നു ചിന്തിക്കുന്നവർ തങ്ങളെത്തന്നെ വിഡ്‌ഢികളാക്കുകയാണ്‌. സാത്താന്റെ കെണികളിൽ ഒന്നിന്‌ അവർ ഇരകളായിരിക്കുന്നു. (2 തിമൊഥെയൊസ്‌ 2:26) കൂടാതെ, ധാർമികശുദ്ധി നിലനിറുത്തുക എന്നതിന്‌ പരസംഗം ഉൾപ്പെടുന്ന ഏതെങ്കിലും പ്രവൃത്തിയിൽനിന്നു കേവലം വിട്ടുനിൽക്കുക എന്നതിലും കവിഞ്ഞ അർഥമുണ്ട്‌. ‘പരസംഗം വിട്ട്‌ ഓടുന്നതിന്‌,’ പോർണിയ എന്ന ഗുരുതരമായ പാപത്തിലേക്കു നയിച്ചേക്കാവുന്ന സകലതരം ലൈംഗിക അശുദ്ധിയും അഴിഞ്ഞ നടത്തയും നാം ഒഴിവാക്കണം. (എഫെസ്യർ 4:​19, NW) അപ്രകാരം ചെയ്‌തുകൊണ്ട്‌ നാം ധാർമികശുദ്ധി നിലനിറുത്തുന്നു.

ശൃംഗാര പ്രകടനത്തിന്റെ അപകടങ്ങൾ ഒഴിവാക്കുക

16. ഏതു പശ്ചാത്തലത്തിൽ പ്രേമാത്മക പെരുമാറ്റം ഉചിതമാണ്‌, ഏതു തിരുവെഴുത്തു ദൃഷ്ടാന്തത്തിൽ ഇതു കാണാൻ കഴിയും?

16 ധാർമികശുദ്ധി നിലനിറുത്തണമെങ്കിൽ നാം ജാഗ്രത പാലിക്കേണ്ട മറ്റൊരു അപകടം ശൃംഗാരത്തോടു ബന്ധപ്പെട്ടുള്ളതാണ്‌. ശൃംഗാര പ്രകടനങ്ങൾ എതിർ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള നിർദോഷവും നിരുപദ്രവകരവുമായ നേരമ്പോക്കാണെന്നു ചിലർ പറഞ്ഞേക്കാം. പ്രേമാത്മക പെരുമാറ്റത്തിന്‌ ഉചിതമായ സമയവും സ്ഥലവും ഉണ്ട്‌ എന്നതു ശരിയാണ്‌. യിസ്‌ഹാക്കും റിബെക്കായും “വിനോദിക്കുന്നത്‌” നിരീക്ഷിച്ചപ്പോൾ അവർ കേവലം ആങ്ങളയും പെങ്ങളുമല്ല എന്നത്‌ അതു കാണാനിടയായ വ്യക്തികൾക്കു വ്യക്തമായിരുന്നു. (ഉല്‌പത്തി 26:7-9) എന്നാൽ അവരുടെ കാര്യത്തിൽ, അവർ ഭാര്യയും ഭർത്താവുമായിരുന്നു. അവർക്കിടയിലെ സ്‌നേഹപ്രകടനങ്ങൾ ഉചിതമായിരുന്നു. എന്നാൽ ശൃംഗരിക്കുന്നത്‌ മറ്റൊരു സംഗതിയാണ്‌.

17. എന്താണ്‌ ശൃംഗാരം, ഈ പ്രശ്‌നത്തെ എങ്ങനെ നിയന്ത്രിക്കാവുന്നതാണ്‌?

17 ശൃംഗാരത്തെ ഇങ്ങനെ നിർവചിക്കാവുന്നതാണ്‌: വിവാഹം ചെയ്യാനുള്ള ഉദ്ദേശ്യത്തോടുകൂടിയല്ലാതെ പ്രേമാത്മക താത്‌പര്യം പ്രകടിപ്പിക്കൽ. മനുഷ്യർ സങ്കീർണ സൃഷ്ടികൾ ആയതിനാൽ ശൃംഗരിക്കാനുള്ള എണ്ണമറ്റ വിധങ്ങൾ ഉണ്ടെന്നുള്ളതിൽ സംശയമില്ല. ചിലതാകട്ടെ അത്ര പ്രകടമല്ലാത്ത വിധത്തിലുള്ളതാണ്‌. (സദൃശവാക്യങ്ങൾ 30:18, 19) അതുകൊണ്ട്‌, ഇക്കാര്യത്തിൽ നിശ്ചിത ചട്ടങ്ങൾ വെക്കുക പ്രായോഗികമല്ല. മറിച്ച്‌, ചട്ടങ്ങളെക്കാൾ ഉത്‌കൃഷ്ടമായ ഒരു സംഗതി ഇവിടെ ആവശ്യമാണ്‌​—⁠സത്യസന്ധമായ ആത്മപരിശോധനയും ബൈബിൾ തത്ത്വങ്ങൾ മനസ്സാക്ഷിപൂർവം ബാധകമാക്കുന്നതും.

18. ശൃംഗരിക്കാൻ ചിലയാളുകളെ പ്രേരിപ്പിക്കുന്നതെന്ത്‌, ശൃംഗരിക്കുന്നത്‌ ഹാനികരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 എതിർ ലിംഗവർഗത്തിൽപ്പെട്ട ആർക്കെങ്കിലും നമ്മോടു പ്രേമാത്മക താത്‌പര്യം ഉണ്ടെന്നു നമുക്കു മനസ്സിലാകുമ്പോൾ, നമ്മെ കുറിച്ചുതന്നെ മതിപ്പു തോന്നാൻ അത്‌ ഇടയാക്കുന്നു എന്ന്‌ സ്വന്തം വികാരങ്ങളെ സത്യസന്ധമായി പരിശോധിച്ചാൽ സാധ്യതയനുസരിച്ച്‌ നമ്മിൽ മിക്കവർക്കും കാണാൻ കഴിഞ്ഞേക്കും. ഇതു സ്വാഭാവികമാണ്‌. എന്നാൽ മറ്റുള്ളവർക്ക്‌ നമ്മിൽ അത്തരം താത്‌പര്യം ഉളവാക്കുന്നതിനായി നാം ശൃംഗാര പ്രകടനങ്ങൾ നടത്തുന്നുണ്ടോ? ഒരുപക്ഷേ നമ്മെ കുറിച്ചുള്ള മതിപ്പു വർധിപ്പിക്കാനോ അല്ലെങ്കിൽ അത്തരം ഒരു പ്രതികരണം മറ്റൊരാളിൽ ഉണർത്താനോ ആയി മാത്രം. അങ്ങനെയെങ്കിൽ, നാം ഉളവാക്കിയേക്കാവുന്ന വേദനയെ കുറിച്ചു നാം ചിന്തിച്ചിട്ടുണ്ടോ? ദൃഷ്ടാന്തത്തിന്‌, “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ” എന്ന്‌ സദൃശവാക്യങ്ങൾ 13:12 പറയുന്നു. നാം മനഃപൂർവം ഒരാളോടു ശൃംഗരിക്കുന്നെങ്കിൽ ആ വ്യക്തി എങ്ങനെ ബാധിക്കപ്പെടുന്നു എന്ന്‌ സാധ്യതയനുസരിച്ച്‌ നമുക്കറിയില്ല. അയാളോ അവളോ കോർട്ടിങ്ങിനെ കുറിച്ചും വിവാഹത്തെ കുറിച്ചുപോലും പ്രതീക്ഷകൾ വെച്ചുപുലർത്താൻ തുടങ്ങിയേക്കാം. അതിനെ തുടർന്നെത്തുന്ന നിരാശയ്‌ക്ക്‌ വ്യക്തിയെ ആകെ തകർത്തു കളയാൻ കഴിയും. (സദൃശവാക്യങ്ങൾ 18:14) മനഃപൂർവം മറ്റുള്ളവരുടെ വികാരങ്ങൾകൊണ്ട്‌ പന്താടുന്നത്‌ ക്രൂരതയാണ്‌.

19. ശൃംഗരിക്കുന്നത്‌ ക്രിസ്‌തീയ വിവാഹങ്ങളെ എങ്ങനെ അപകടത്തിലാക്കിയേക്കാം?

19 വിവാഹിതരായ ആളുകളുടെ കാര്യത്തിൽ ശൃംഗാരത്തിനെതിരെ ജാഗ്രത പാലിക്കുന്നതു വിശേഷാൽ പ്രധാനമാണ്‌. ഒരു വിവാഹിത വ്യക്തിയോട്‌, അല്ലെങ്കിൽ ഒരു വിവാഹിത വ്യക്തി വിവാഹ ബന്ധത്തിനു പുറത്തുള്ള ആരോടെങ്കിലും അത്തരം താത്‌പര്യം കാണിക്കുന്നതു തെറ്റാണ്‌. സങ്കടകരമെന്നു പറയട്ടെ, സ്വന്തം ഇണയോടല്ലാതെ എതിർ ലിംഗവർഗത്തിൽപ്പെട്ട മറ്റു വ്യക്തികളോട്‌ പ്രേമാത്മക വികാരങ്ങൾ വളർത്തിയെടുക്കുന്നത്‌ സ്വീകാര്യമാണെന്നുള്ള തെറ്റായ ചിന്താഗതി ചില ക്രിസ്‌ത്യാനികൾ സ്വീകരിച്ചിട്ടുണ്ട്‌. സ്വന്തം ഇണയോടു പങ്കുവെക്കാത്ത സ്വകാര്യങ്ങൾ പോലും വെളിപ്പെടുത്തിക്കൊണ്ട്‌ ചിലർ അത്തരമൊരു “സുഹൃത്തിനോട്‌” തങ്ങളുടെ മനസ്സു തുറക്കുന്നു. തത്‌ഫലമായി, പ്രേമാത്മക വികാരങ്ങൾ ഒരു വൈകാരിക ആശ്രയത്വമായി രൂപാന്തരം പ്രാപിക്കുന്നു. ഇത്‌ ദാമ്പത്യത്തിനു തുരങ്കംവെക്കുകയും അതിനെ താറുമാറാക്കുകയും പോലും ചെയ്‌തേക്കാം. വ്യഭിചാരം ഹൃദയത്തിൽ ആരംഭിക്കുന്നു എന്നുള്ള യേശുവിന്റെ ജ്ഞാനപൂർവകമായ മുന്നറിയിപ്പ്‌ വിവാഹിത ക്രിസ്‌ത്യാനികൾ ഓർമിക്കുന്നതു നന്നായിരിക്കും. (മത്തായി 5:28) അതുകൊണ്ട്‌, നമുക്കു നമ്മുടെ ഹൃദയത്തെ കാത്തുകൊള്ളുകയും അത്തരം വിനാശക ഫലങ്ങളിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യാം.

20. നമ്മുടെ ധാർമികശുദ്ധിയെ എപ്രകാരം വീക്ഷിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം?

20 ഇന്നത്തെ അധാർമിക ലോകത്തിൽ ധാർമികശുദ്ധിയുള്ളവരായി നിലനിൽക്കുക എളുപ്പമല്ല എന്നതു ശരിയാണ്‌. എന്നിരുന്നാലും, ധാർമികശുദ്ധി നഷ്ടമായ ശേഷം അതു വീണ്ടെടുക്കുന്നതിനെക്കാൾ എത്രയോ എളുപ്പമാണ്‌ അതു കറപുരളാതെ സൂക്ഷിക്കുന്നത്‌ എന്ന്‌ ഓർമിക്കുക. ‘ധാരാളമായി ക്ഷമിക്കാൻ’ യഹോവയ്‌ക്കു കഴിയും എന്നതിനു സംശയമില്ല. തങ്ങളുടെ പാപങ്ങളെ കുറിച്ച്‌ ആത്മാർഥമായി അനുതപിക്കുന്നവരെ ശുദ്ധീകരിക്കാനും അവനു സാധിക്കും. (യെശയ്യാവു 55:7) എന്നിരുന്നാലും, അധാർമിക നടത്തയിൽ ഏർപ്പെടുന്നവരെ അതിന്റെ ഭവിഷ്യത്തുകളിൽനിന്ന്‌ യഹോവ സംരക്ഷിക്കുന്നില്ല. പ്രത്യാഘാതങ്ങൾ വർഷങ്ങളോ ഒരുപക്ഷേ ജീവിതകാലം മുഴുവൻതന്നെയോ നീണ്ടുനിന്നേക്കാം. (2 ശമൂവേൽ 12:9-12) അതുകൊണ്ട്‌, ഹൃദയത്തെ കാത്തുകൊണ്ട്‌ നിങ്ങളുടെ ധാർമികശുദ്ധി നിലനിറുത്താൻ സർവ ശ്രമവും ചെയ്യുക. യഹോവയാം ദൈവത്തിനു മുമ്പാകെ നിങ്ങൾക്കുള്ള ശുദ്ധമായ ധാർമിക നിലയെ ഒരു നിധിപോലെ കരുതുക. അതു നഷ്ടമാകാൻ ഒരിക്കലും അനുവദിക്കരുത്‌!

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ധാർമികശുദ്ധി എന്നാൽ എന്ത്‌, അതു വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• നമുക്ക്‌ എങ്ങനെ ഹൃദയത്തെ കാത്തുകൊള്ളാൻ സാധിക്കും?

• പരസംഗം വിട്ട്‌ ഓടുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു?

• നാം ശൃംഗാരം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രം]

ശരിയാംവണ്ണം നിയന്ത്രിച്ചു കൊണ്ടുപോകുന്നില്ലെങ്കിൽ ഒരു കാർ അപകടകാരി ആയിരുന്നേക്കാം

[12-ാം പേജിലെ ചിത്രങ്ങൾ]

നാം മുന്നറിയിപ്പുകളെ അവഗണിക്കുന്നെങ്കിൽ എന്തു സംഭവിച്ചേക്കാം?

[13-ാം പേജിലെ ചിത്രം]

ധാർമികശുദ്ധി പാലിച്ചുകൊണ്ടുള്ള കോർട്ടിങ്‌ സന്തോഷകരവും ദൈവത്തിന്‌ മഹത്ത്വം കരേറ്റുന്നതുമാണ്‌