വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതം—അതിന്റെ സ്വാധീനം ഗുണകരമോ ദോഷകരമോ?

മതം—അതിന്റെ സ്വാധീനം ഗുണകരമോ ദോഷകരമോ?

മതം—അതിന്റെ സ്വാധീനം ഗുണകരമോ ദോഷകരമോ?

“ഞാൻ ക്രിസ്‌ത്യാനിത്വത്തോടു കടപ്പെട്ടിരിക്കുന്നു; ഞാൻ മാത്രമല്ല, കഴിഞ്ഞ 2,000 വർഷമായി നാം ജീവിക്കുന്ന ഈ ലോകവും.”​—⁠രണ്ടായിരം വർഷങ്ങൾ​—⁠ആദ്യ സഹസ്രാബ്ദം: ക്രിസ്‌ത്യാനിത്വത്തിന്റെ പിറവി മുതൽ കുരിശുയുദ്ധങ്ങൾ വരെ (ഇംഗ്ലീഷ്‌), ആമുഖം.

“ക്രിസ്‌ത്യാനിത്വ”ത്തിനുള്ള ഈ പരസ്യാംഗീകാരം ഇംഗ്ലീഷ്‌ എഴുത്തുകാരനും ടെലിവിഷൻ അവതാരകനുമായ മെൽവിൻ ബ്രാഗിൽനിന്നാണ്‌. ഏതെങ്കിലും ഒരു മതത്തോട്‌ സമാനമായി ആഴമായ കടപ്പാടും കൂറും തോന്നുന്ന ഭൂമിയിലെ ദശലക്ഷങ്ങളുടെ ചേതോവികാരമാണ്‌ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്‌. തങ്ങളുടെ ജീവിതത്തിൽ മതം വളരെ ഗുണകരമായ ഒരു സ്വാധീനശക്തി ആയിരുന്നിട്ടുണ്ട്‌ എന്ന്‌ അവർ ഉറച്ചു വിശ്വസിക്കുന്നു. ദൃഷ്ടാന്തത്തിന്‌, ഇസ്ലാംമതം “മുഴുലോകത്തെയും സമ്പുഷ്ടമാക്കിയ . . . മഹത്തായ ഒരു സംസ്‌കാരത്തിനു പ്രേരകമായിരിക്കുന്നു” എന്ന്‌ ഒരു എഴുത്തുകാരൻ പറയുന്നു.

മതത്തിന്റെ പങ്ക്‌​—⁠നല്ലതോ മോശമോ?

എന്നിരുന്നാലും, ബ്രാഗിന്റെ അടുത്ത വാക്കുകൾ, പൊതുവേ മതം ഗുണകരമായ ഒരു സ്വാധീനശക്തി ആയിരുന്നിട്ടുണ്ടോ എന്ന ഗൗരവാവഹമായ ചോദ്യം ഉയർത്തുന്നു. അദ്ദേഹം തുടർന്ന്‌ ഇപ്രകാരം എഴുതുന്നു: “എനിക്ക്‌ ഒരു വിശദീകരണം തരാനും ക്രിസ്‌ത്യാനിത്വം കടപ്പെട്ടിരിക്കുന്നു.” എന്തിനുള്ള വിശദീകരണമാണ്‌ അദ്ദേഹം ആഗ്രഹിക്കുന്നത്‌? “അതിന്റെ ചരിത്രത്തിൽ ഏറിയ കാലവും നിറഞ്ഞുനിന്നിട്ടുള്ള അസഹിഷ്‌ണുത, ദുഷ്ടത, മനുഷ്യത്വരഹിതമായ പെരുമാറ്റം, യാഥാർഥ്യത്തിനു നേരെയുള്ള മനഃപൂർവ അവഗണന എന്നിവയ്‌ക്ക്‌,” അദ്ദേഹം പറയുന്നു.

അസഹിഷ്‌ണുത, ദുഷ്ടത, മനുഷ്യത്വരഹിതമായ പെരുമാറ്റം, യാഥാർഥ്യത്തിനു നേരെയുള്ള മനഃപൂർവ അവഗണന എന്നിവ ചരിത്രത്തിൽ ഇന്നോളം മിക്ക ലോകമതങ്ങളെയും കളങ്കപ്പെടുത്തുകതന്നെ ചെയ്‌തിരിക്കുന്നു എന്ന്‌ അനേകരും സമ്മതിക്കും. മതം മനുഷ്യവർഗത്തിന്റെ ഗുണകർത്താവായി വേഷംകെട്ടുക മാത്രമാണെന്നും നന്മയുടെയും പരിശുദ്ധിയുടെയും പൊയ്‌മുഖത്തിനു പിന്നിൽ കാപട്യവും ഭോഷ്‌കുകളും മറഞ്ഞിരിക്കുന്നു എന്നുമാണ്‌ അവരുടെ പക്ഷം. (മത്തായി 23:27, 28) “നമ്മുടെ സാഹിത്യത്തിൽ മറ്റെന്തിനെക്കാളും സാധാരണമായി കാണപ്പെടുന്ന ഒന്നാണ്‌, സംസ്‌കാരത്തോടുള്ള ബന്ധത്തിൽ മതത്തിനു സവിശേഷ മൂല്യമുണ്ട്‌ എന്ന ചിന്താഗതി” എന്ന്‌ ഒരു യുക്തിവാദ വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു. “എന്നാൽ വ്യാജമെന്ന്‌ ഇത്ര ശക്തമായ വിധത്തിൽ ചരിത്ര യാഥാർഥ്യങ്ങൾ തെളിയിച്ചിട്ടുള്ള മറ്റൊന്നുംതന്നെയില്ല” എന്ന്‌ അതു തുടർന്നു പറയുന്നു.

ഇന്നത്തെ ഏതു പത്രവും എടുത്തുനോക്കുക, സ്‌നേഹവും സമാധാനവും സഹാനുഭൂതിയും പ്രസംഗിക്കുകയും മറുവശത്ത്‌ വിദ്വേഷത്തിന്റെ തീനാളങ്ങൾ ഊതിക്കത്തിക്കുകയും തങ്ങളുടെ മൃഗീയ പോരാട്ടങ്ങളെ ദൈവത്തിന്റെ പേരിൽ സാധൂകരിക്കുകയും ചെയ്യുന്ന മതനേതാക്കളുടെ നീണ്ടനിരതന്നെ നിങ്ങൾക്കു കാണാം. മതം ജീവിതത്തിൽ കൂടെക്കൂടെ ഒരു വിനാശക ശക്തിയായി വർത്തിക്കുന്നു എന്ന്‌ അനേകർക്കു തോന്നുന്നതിൽ അത്ഭുതപ്പെടാനില്ല.

മതമില്ലാത്തത്‌ ആയിരിക്കുമോ മെച്ചം?

കാലക്രമത്തിൽ “എല്ലാത്തരം മതവിശ്വാസങ്ങളും തിരോധാനം ചെയ്യുമെങ്കിൽ” അതായിരിക്കും മെച്ചം എന്നുപോലും ആംഗലേയ തത്ത്വചിന്തകനായ ബർട്രൻഡ്‌ റസ്സലിനെപ്പോലെ ചിലർ നിഗമനം ചെയ്‌തിരിക്കുന്നു. അവരുടെ കാഴ്‌ചപ്പാടിൽ മനുഷ്യരാശിയുടെ സകല പ്രശ്‌നങ്ങൾക്കുമുള്ള ശാശ്വത പരിഹാരം മതത്തെ ഉച്ചാടനം ചെയ്യുക എന്നതു മാത്രമാണ്‌. എന്നിരുന്നാലും, മതമൗലികവാദികളെപ്പോലെതന്നെ മതവിരോധികൾക്കും വിദ്വേഷവും അസഹിഷ്‌ണുതയും ഇളക്കിവിടാൻ കഴിയുമെന്ന കാര്യം അവർ മനഃപൂർവം മറക്കുന്നു. മത ലേഖികയായ കാരെൻ ആംസ്‌ട്രോങ്‌ ഇപ്രകാരം ഓർമിപ്പിക്കുന്നു: “കുറഞ്ഞപക്ഷം, ഒരു മതനിരപേക്ഷ പ്രത്യയശാസ്‌ത്രത്തിന്‌ മതത്തിന്റെ പേരിലുള്ള പോരാട്ടങ്ങളുടെ അത്രതന്നെ മാരകമായിരിക്കാൻ കഴിയുമെന്ന്‌ നാസി കൂട്ടക്കൊല തെളിയിച്ചു.”​—⁠ദൈവത്തിനായുള്ള യുദ്ധം​—⁠യഹൂദമതം, ക്രിസ്‌ത്യാനിത്വം, ഇസ്ലാംമതം എന്നിവയിലെ മതമൗലികവാദം (ഇംഗ്ലീഷ്‌).

അങ്ങനെയെങ്കിൽ, മതം യഥാർഥത്തിൽ ഗുണകരമായ ഒരു സ്വാധീനശക്തിയാണോ, അതോ മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങളുടെ മൂലകാരണമാണോ? സകല മതങ്ങളെയും ആമൂലാഗ്രം പിഴുതെറിയുന്നതാണോ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം? ഇതു സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു എന്ന്‌ അടുത്ത ലേഖനത്തിൽ വായിക്കുക. ഉത്തരം നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.