വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങളുടെ മൂലകാരണം മതമാണോ?

മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങളുടെ മൂലകാരണം മതമാണോ?

മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങളുടെ മൂലകാരണം മതമാണോ?

“കലഹത്തിനു തിരികൊളുത്താത്ത സമയങ്ങളിൽ മതം, മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഒരു മയക്കുമരുന്നായി വർത്തിക്കുകയും യാഥാർഥ്യങ്ങളിൽനിന്ന്‌ ഒളിച്ചോടാൻ ഇടയാക്കുന്ന മിഥ്യകൾ മനുഷ്യ മസ്‌തിഷ്‌കത്തിൽ കുത്തിനിറയ്‌ക്കുകയും ചെയ്യുന്നു. . . . [അത്‌] മനുഷ്യരെ സങ്കുചിതമനസ്‌കരും അന്ധവിശ്വാസികളും, വിദ്വേഷവും ഭയവും നിറഞ്ഞവരും ആക്കിത്തീർക്കുന്നു” എന്ന്‌ ഒരു മുൻ മെഥഡിസ്റ്റ്‌ മിഷനറി എഴുതി. തുടർന്ന്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ ആരോപണങ്ങൾ ശരിതന്നെ. മോശമായ മതവും നല്ല മതവുമുണ്ട്‌.”​—⁠സ്വന്തമായിട്ടൊരു മതം തുടങ്ങുക (ഇംഗ്ലീഷ്‌).

‘ആ വിമർശനം അന്യായമാണ്‌’ എന്ന്‌ ചിലർ പറഞ്ഞേക്കാം. എന്നാൽ ചരിത്ര യാഥാർഥ്യങ്ങൾ നിഷേധിക്കാൻ ആർക്കാണാവുക? “ദൈവത്തിന്റെയോ പ്രകൃത്യതീതമായ എന്തിന്റെയെങ്കിലുമോ സേവനവും ആരാധനയും” എന്ന്‌ നിർവചിക്കപ്പെടുന്ന മതത്തിന്‌ ഏറിയപങ്കും ഞെട്ടിക്കുന്ന ഒരു ചരിത്രമാണുള്ളത്‌. നമ്മെ പ്രബുദ്ധരാക്കുകയും പ്രചോദിപ്പിക്കുകയുമാണ്‌ അതു ചെയ്യേണ്ടത്‌. എന്നിരുന്നാലും, മിക്കപ്പോഴും അതു ചെയ്യുന്നത്‌ കലഹവും അസഹിഷ്‌ണുതയും വിദ്വേഷവും ഉളവാക്കുകയാണ്‌. അത്‌ എന്തുകൊണ്ടാണ്‌?

വഴിതെറ്റിക്കുന്ന ഒരു ‘വെളിച്ചദൂതൻ’

ബൈബിൾ അനുസരിച്ച്‌ വളരെ ലളിതമായ ഒരു ഉത്തരമുണ്ട്‌. പിശാചായ സാത്താൻ ഒരു “വെളിച്ചദൂതന്റെ” വേഷം ധരിച്ചുകൊണ്ട്‌, ദൈവത്തിന്റേതിനുപകരം തന്റെ ഉപദേശങ്ങൾ പിൻപറ്റുന്നതിലേക്കു ദശലക്ഷങ്ങളെ വഴിതെറ്റിച്ചിരിക്കുന്നു. (2 കൊരിന്ത്യർ 11:14) സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു’ എന്നു പറഞ്ഞുകൊണ്ട്‌ അപ്പൊസ്‌തലനായ യോഹന്നാൻ സാത്താന്റെ സ്വാധീനം എത്ര വിപുലമാണെന്നു വ്യക്തമാക്കി. (1 യോഹന്നാൻ 5:19) സാത്താൻ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയു”കയാണ്‌ എന്ന്‌ യോഹന്നാന്‌ അറിയാമായിരുന്നു.​—⁠വെളിപ്പാടു 12:9.

ഇതിന്റെ പരിണതഫലങ്ങൾ എന്തായിരുന്നിട്ടുണ്ട്‌? പ്രത്യക്ഷത്തിൽ പരിപാവനമെന്നു തോന്നിക്കുന്ന മത സംഘടനകൾ സാത്താൻ കെട്ടിപ്പടുത്തിരിക്കുന്നു. അവയ്‌ക്കു “മതത്തിന്റെ ബാഹ്യരൂപം” ഉണ്ടെങ്കിലും അവയുടെ മോശമായ ഫലങ്ങളിലൂടെ സത്യാവസ്ഥ മറനീക്കി പുറത്തുവരുന്നു. (2 തിമൊഥെയൊസ്‌ 3:​5, ഓശാന ബൈബിൾ; മത്തായി 7:15-20) മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സഹായിക്കുന്നതിനു പകരം മതംതന്നെ ഒരു പ്രശ്‌നമായിത്തീർന്നിരിക്കുന്നു.

ഈ ആശയത്തെ യാഥാർഥ്യത്തിനു നിരക്കാത്തതും യുക്തിരഹിതവുമായ ഒന്നായി പെട്ടെന്നു തള്ളിക്കളയരുത്‌. വഞ്ചനയുടെ അടിസ്ഥാന സ്വഭാവംതന്നെ വഞ്ചിക്കപ്പെടുന്നവൻ അതു തിരിച്ചറിയാതെ പോകുന്നു എന്നുള്ളതാണെന്ന്‌ ഓർക്കുക. ‘ജാതികൾ ബലികഴിക്കുന്നതു ദൈവത്തിനല്ല ഭൂതങ്ങൾക്കത്രേ’ എന്ന്‌ എഴുതിയപ്പോൾ അപ്പൊസ്‌തലനായ പൗലൊസ്‌ ഇതിനൊരു ദൃഷ്ടാന്തം നൽകി. (1 കൊരിന്ത്യർ 10:20) തങ്ങൾ ഭൂതങ്ങളെയാണ്‌ ആരാധിക്കുന്നത്‌ എന്നു തിരിച്ചറിഞ്ഞിരുന്നെങ്കിൽ സാധ്യതയനുസരിച്ച്‌ ആ ആളുകൾ ഞെട്ടിപ്പോകുമായിരുന്നു. ഏതോ ഒരു നല്ല ദൈവത്തെ അല്ലെങ്കിൽ ദൈവങ്ങളെയാണ്‌ തങ്ങൾ ആരാധിക്കുന്നത്‌ എന്നാണ്‌ അവർ കരുതിയിരുന്നത്‌. എന്നാൽ, മനുഷ്യവർഗത്തെ വഴിതെറ്റിക്കാനുള്ള സാത്താന്റെ ശ്രമത്തിൽ അവനെ പിന്തുണയ്‌ക്കുന്ന “സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേന”യാൽ അവർ വാസ്‌തവത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു.​—⁠എഫെസ്യർ 6:12.

ഉദാഹരണത്തിന്‌, ദുഷ്ടാത്മ സ്വാധീനത്തിനെതിരെയുള്ള അപ്പൊസ്‌തലനായ യോഹന്നാന്റെ മുന്നറിയിപ്പ്‌ അവഗണിച്ച, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്ന അനേകരെ വഞ്ചിക്കാനും വഴിതെറ്റിക്കാനും സാത്താന്‌ എങ്ങനെ സാധിച്ചു എന്ന്‌ നമുക്കു പരിചിന്തിക്കാം.​—⁠1 കൊരിന്ത്യർ 10:12.

യേശു പഠിപ്പിച്ച കാര്യങ്ങൾ ദൈവത്തിൽനിന്ന്‌ ഉള്ളതായിരുന്നു

“എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 7:16) അതേ, അവൻ പഠിപ്പിച്ച കാര്യങ്ങൾ സർവശക്തനായ ദൈവത്തിൽനിന്ന്‌ ഉള്ളതായിരുന്നു. തന്നിമിത്തം അവന്റെ ഉപദേശങ്ങൾ ശ്രോതാക്കളെ പ്രബുദ്ധരാക്കിക്കൊണ്ട്‌ ശക്തമായ പ്രഭാവം ചെലുത്തി. അവ ‘മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുകയോ യാഥാർഥ്യങ്ങളിൽനിന്ന്‌ ഒളിച്ചോടാൻ ഇടയാക്കുന്ന മിഥ്യകൾ മനുഷ്യ മസ്‌തിഷ്‌കത്തിൽ കുത്തിനിറയ്‌ക്കുകയോ’ ചെയ്‌തില്ല. മറിച്ച്‌ യേശുവിന്റെ ഉപദേശങ്ങൾ, പിശാചിന്റെ വഞ്ചന ‘അന്ധകാരത്തിലാക്കിയ’ ലോകം പടച്ചുവിട്ട മതപരമായ അസംബന്ധങ്ങളിൽനിന്നും മാനുഷ തത്ത്വശാസ്‌ത്രങ്ങളിൽനിന്നും ആളുകളെ സ്വതന്ത്രരാക്കി.—എഫെസ്യർ 4:​18, പി.ഒ.സി. ബൈബിൾ; മത്തായി 15:14; യോഹന്നാൻ 8:31, 32.

കേവലം ഭക്തിയുണ്ടെന്ന അവകാശവാദത്താലല്ല, പ്രത്യുത ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഉത്‌പാദിപ്പിക്കുന്ന ആകർഷകമായ ഗുണങ്ങൾ പ്രതിഫലിപ്പിച്ച വിശ്വാസത്താലാണ്‌ സത്യക്രിസ്‌ത്യാനികൾ തിരിച്ചറിയിക്കപ്പെട്ടത്‌. (ഗലാത്യർ 5:22, 23; യാക്കോബ്‌ 1:22; 2:26) സ്‌നേഹമെന്ന സർവോത്‌കൃഷ്ട ഗുണമാണ്‌ ഇവയിൽ ഏറ്റവും ശ്രദ്ധേയം; സത്യക്രിസ്‌ത്യാനിത്വത്തിന്റെ തിരിച്ചറിയിക്കൽ അടയാളവും അതുതന്നെ.​—⁠യോഹന്നാൻ 13:34, 35.

എന്നിരുന്നാലും, നിർണായകമായ ഈ ആശയം കുറിക്കൊള്ളുക: ക്രിസ്‌തീയ സഭ അതിന്റെ പ്രാരംഭ രൂപത്തിൽത്തന്നെ തുടരുമെന്ന്‌ യേശുവോ അവന്റെ അപ്പൊസ്‌തലന്മാരോ പ്രതീക്ഷിച്ചില്ല. വിശ്വാസത്യാഗം ഉടലെടുക്കുമെന്നും സത്യമതം ഒരു കാലഘട്ടത്തേക്കു കാഴ്‌ചയിൽനിന്നു മറയ്‌ക്കപ്പെടുമെന്നും അവർക്ക്‌ അറിയാമായിരുന്നു.

സത്യമതം ഒരു കാലഘട്ടത്തേക്കു കാഴ്‌ചയിൽനിന്നു മറയ്‌ക്കപ്പെടുന്നു

സത്യമതം ഒരു കാലഘട്ടത്തേക്കു കാഴ്‌ചയിൽനിന്നു മറയ്‌ക്കപ്പെടുമെന്ന്‌ കോതമ്പിനെയും കളകളെയും കുറിച്ചുള്ള ഒരു ഉപമയിൽ യേശു മുൻകൂട്ടി പറയുകയുണ്ടായി. മത്തായി 13:24-30, 36-43-ൽ കാണുന്ന ആ വിവരണം നിങ്ങൾതന്നെ വായിച്ചുനോക്കുക. യേശു ഒരു വയലിൽ ‘നല്ല വിത്തായ’ കോതമ്പു വിതച്ചു. കോതമ്പ്‌ ആദിമ ക്രിസ്‌തീയ സഭ ആയിത്തീരുമായിരുന്ന വിശ്വസ്‌ത ശിഷ്യന്മാരെ ചിത്രീകരിച്ചു. എന്നാൽ കാലാന്തരത്തിൽ പിശാചായ സാത്താൻ എന്ന “ശത്രു” കോതമ്പിന്റെ ഇടയിൽ “കള”​—⁠യേശുക്രിസ്‌തുവിനെ അനുഗമിക്കുന്നവർ എന്ന്‌ അവകാശപ്പെടുകയും വാസ്‌തവത്തിൽ അവന്റെ പഠിപ്പിക്കലുകൾ തള്ളിക്കളയുകയും ചെയ്യുന്നവരെ​—⁠വിതയ്‌ക്കുമെന്ന്‌ അവൻ മുന്നറിയിപ്പു നൽകി.

യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ മരണശേഷം പെട്ടെന്നുതന്നെ, “യഹോവയുടെ വചന”ത്തെക്കാൾ അധികം വളച്ചൊടിച്ച മാനുഷ ഉപദേശങ്ങളെ ഇഷ്ടപ്പെട്ട, “കള” എന്നു തെളിഞ്ഞ വ്യക്തികൾ പ്രത്യക്ഷപ്പെട്ടു. (യിരെമ്യാവു 8:8, 9; പ്രവൃത്തികൾ 20:29, 30) തത്‌ഫലമായി മാർഗഭ്രംശം സംഭവിച്ച വ്യാജ ക്രിസ്‌ത്യാനിത്വം ലോകത്തു പ്രത്യക്ഷപ്പെട്ടു. ബൈബിൾ “അധർമ്മമൂർത്തി” എന്നു വിളിക്കുന്ന, “അനീതിയുടെ സകലവഞ്ചന”യിലും മുങ്ങിക്കുളിച്ചുനിൽക്കുന്ന, അഴിമതി നിറഞ്ഞ ഒരു വൈദികവർഗമായിരുന്നു അതിന്റെ അമരത്ത്‌. (2 തെസ്സലൊനീക്യർ 2:6-10) എന്നാൽ ‘വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ’ ഈ സാഹചര്യം മാറുമെന്ന്‌ യേശു മുൻകൂട്ടി പറഞ്ഞു. കോതമ്പുതുല്യ ക്രിസ്‌ത്യാനികൾ ഐക്യത്തിൽ കൂട്ടിച്ചേർക്കപ്പെടുകയും “കള” ഒടുവിൽ നശിപ്പിക്കപ്പെടുകയും ചെയ്യുമായിരുന്നു.

“ശതാബ്ദങ്ങൾ നീണ്ട സമഗ്രമായ കിരാതവാഴ്‌ചയ്‌ക്കും” പിൽക്കാല നൂറ്റാണ്ടുകളിൽ ക്രൈസ്‌തവലോകത്തെ ഗ്രസിച്ച ആത്മീയ അന്ധകാരത്തിനുമുള്ള മുഴു ഉത്തരവാദിത്വവും വഹിക്കുന്നത്‌ ഈ വ്യാജ ക്രിസ്‌ത്യാനിത്വമാണ്‌. ഈ സംഗതിയും അന്നുമുതൽ മതത്തിന്റെപേരിൽ ചെയ്‌തുകൂട്ടിയിരിക്കുന്ന വഷളത്തങ്ങളും അക്രമങ്ങളും മുൻകണ്ടുകൊണ്ട്‌, “അവർ [ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്നവർ] നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ കൃത്യമായി പ്രവചിച്ചു.​—⁠2 പത്രൊസ്‌ 2:1, 2.

“ക്രോധത്തിന്റെയും വിദ്വേഷത്തിന്റെയും ദൈവശാസ്‌ത്രം”

മതത്തിനു ദുഷ്‌പേര്‌ വരുത്തിവെച്ചിട്ടുള്ളത്‌ തീർച്ചയായും ക്രൈസ്‌തവലോകം മാത്രമല്ല. ദൃഷ്ടാന്തത്തിന്‌, ഒരു കന്യാസ്‌ത്രീ ആയിരുന്ന കാരെൻ ആംസ്‌ട്രോങ്‌ പറയുന്നപ്രകാരം, “ഓരോ പ്രമുഖ മതപാരമ്പര്യവും” വിരിയിച്ചുവിട്ടിരിക്കുന്ന “തീവ്രവാദപരമായ മതഭക്തി”യുടെ മൗലികവാദ രൂപങ്ങളെ കുറിച്ചു ചിന്തിക്കുക. ആംസ്‌ട്രോങ്ങിന്റെ അഭിപ്രായമനുസരിച്ച്‌, “അനുകമ്പ പ്രവൃത്തിപഥത്തിൽ” കൊണ്ടുവരുന്നതിലേക്ക്‌ അതു നയിക്കുന്നുണ്ടോ എന്നുനോക്കി ഏതൊരു മതത്തിന്റെയും മാറ്റുരച്ചു നോക്കാൻ കഴിയും. മൗലികവാദത്തിലൂന്നിയ മതങ്ങൾ ഇക്കാര്യത്തിൽ എവിടെ നിൽക്കുന്നു? “മൗലികവാദപരമായ വിശ്വാസം, അത്‌ യഹൂദന്മാരുടെയോ ക്രിസ്‌ത്യാനികളുടെയോ മുസ്ലീങ്ങളുടെയോ ആയിക്കൊള്ളട്ടെ ക്രോധത്തിന്റെയും വിദ്വേഷത്തിന്റെയും ദൈവശാസ്‌ത്രമായി പരിണമിക്കുന്നെങ്കിൽ ഈ പരിശോധനയിൽ അമ്പേ പരാജയപ്പെടുന്നു” എന്ന്‌ അവർ എഴുതി. (ദൈവത്തിനായുള്ള യുദ്ധം​—⁠യഹൂദമതം, ക്രിസ്‌ത്യാനിത്വം, ഇസ്ലാംമതം എന്നിവയിലെ മതമൗലികവാദം [ഇംഗ്ലീഷ്‌]) “മൗലികവാദത്തിലൂന്നിയ” മതങ്ങൾ മാത്രമാണോ ഈ പരിശോധനയിൽ പരാജയപ്പെട്ട്‌ “ക്രോധത്തിന്റെയും വിദ്വേഷത്തിന്റെയും ദൈവശാസ്‌ത്രമായി” അധഃപതിച്ചിട്ടുള്ളത്‌? ചരിത്രം മറിച്ചാണു കാണിക്കുന്നത്‌.

വാസ്‌തവത്തിൽ സാത്താൻ, ക്രോധവും വിദ്വേഷവും തീരാത്ത രക്തച്ചൊരിച്ചിലും മുഖമുദ്രയായുള്ള ഒരു വ്യാജമത ലോകസാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നു. ബൈബിൾ ഈ സാമ്രാജ്യത്തെ ‘മഹാബാബിലോൺ, ഭൂമിയിലെ മ്ലേച്ഛതകളുടെ മാതാവ്‌’ (NW) എന്നു വിളിക്കുന്നു. മൃഗതുല്യമായ രാഷ്‌ട്രീയ വ്യവസ്ഥിതിയുടെ പുറത്തു സവാരിചെയ്യുന്ന ഒരു വേശ്യയായി അവൾ ചിത്രീകരിക്കപ്പെടുന്നു. “ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്ത”ത്തിന്‌ ഉത്തരവാദിയായി കണക്കാക്കുന്നത്‌ അവളെയാണ്‌ എന്നതു ശ്രദ്ധേയമാണ്‌.​—⁠വെളിപ്പാടു 17:4-6; 18:24.

എല്ലാവരും വഞ്ചിക്കപ്പെട്ടിട്ടില്ല

എന്നാൽ എല്ലാവരും വഞ്ചിക്കപ്പെട്ടിട്ടില്ല എന്ന്‌ ചരിത്രം തെളിയിക്കുന്നു. “ഏറ്റവും ഇരുളടഞ്ഞ കാലങ്ങളിൽപ്പോലും, തിന്മചെയ്യുന്ന ഭൂരിപക്ഷത്തിന്മധ്യേ അനേകം നല്ല വ്യക്തികൾ നന്മ പ്രവർത്തിച്ചു” എന്ന്‌ മെൽവിൻ ബ്രാഗ്‌ പ്രസ്‌താവിക്കുന്നു. യഥാർഥ ക്രിസ്‌ത്യാനികൾ ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിച്ചുപോന്നു. (യോഹന്നാൻ 4:21-24) “സൈനിക ശക്തിയെ പിന്തുണയ്‌ക്കുന്നവൾ” എന്ന നിലയിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട ലോകവ്യാപക മതവ്യവസ്ഥിതിയിൽനിന്ന്‌ അവർ വിട്ടുനിന്നു. സഭയും രാഷ്‌ട്രവും തമ്മിലുള്ള ഒരു സജീവ ബന്ധത്തിലേക്കു വലിച്ചിഴയ്‌ക്കപ്പെടാൻ അവർ വിസമ്മതിച്ചു. ചരിത്രം സാക്ഷ്യപ്പെടുത്തുന്ന പ്രകാരം അത്തരമൊരു “ഉടമ്പടി നസറെത്തുകാരനായ ഒരു യേശു നിർമിച്ചതായിരുന്നില്ല മറിച്ച്‌ സാത്താന്റേതായിരുന്നു.”​—⁠രണ്ടായിരം വർഷങ്ങൾ​—⁠രണ്ടാം സഹസ്രാബ്ദം: മധ്യയുഗ ക്രൈസ്‌തവലോകത്തിൽനിന്ന്‌ ആഗോള ക്രിസ്‌ത്യാനിത്വത്തിലേക്ക്‌ (ഇംഗ്ലീഷ്‌).

കുറേക്കൂടെ അടുത്തകാലത്ത്‌, യഹോവയുടെ സാക്ഷികൾ തങ്ങൾ ചെലുത്തുന്ന നല്ല സ്വാധീനം നിമിത്തം ശ്രദ്ധേയരായിത്തീർന്നിരിക്കുന്നു. വ്യാജമതത്തിന്റെ കറപുരളാതിരിക്കാൻ അവർ തങ്ങളുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും പൂർണമായും ദൈവത്തിന്റെ നിശ്വസ്‌തവചനമായ ബൈബിളിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:16, 17) അവർ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെപ്പോലെ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കാനുള്ള യേശുവിന്റെ കൽപ്പന പിൻപറ്റിയിരിക്കുന്നു. (യോഹന്നാൻ 15:17-19; 17:14-16, NW) ദൃഷ്ടാന്തത്തിന്‌, നാസി ജർമനിയിൽ അവർ ക്രിസ്‌തീയ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ വിസമ്മതിച്ചു. തന്നിമിത്തം നാസി പ്രത്യയശാസ്‌ത്രമനുസരിച്ച്‌ അവർ അസ്വീകാര്യരായിരുന്നു. അവരുടെ നിലപാടു നിമിത്തം ഹിറ്റ്‌ലർ അവരെ ദ്വേഷിച്ചു. ഒരു സ്‌കൂൾ പാഠപുസ്‌തകം ഇപ്രകാരം പറയുന്നു: “എന്തുതന്നെ വന്നാലും ആയുധം എടുക്കാതിരിക്കാനുള്ള ബൈബിളിന്റെ ഉപദേശം യഹോവയുടെ സാക്ഷികൾ പിൻപറ്റി. അതുകൊണ്ട്‌ അവർ സൈന്യത്തിൽ സേവിക്കാനോ നാസികളുടെ ഏതെങ്കിലും പ്രവർത്തനത്തിൽ പങ്കുപറ്റാനോ വിസമ്മതിച്ചു. പ്രതികാരമെന്ന നിലയിൽ, എസ്‌എസ്‌ യഹോവയുടെ സാക്ഷികളുടെ കുടുംബങ്ങളെ തുറുങ്കിലടച്ചു.” [ജർമനി—1918-45] വാസ്‌തവത്തിൽ, ജർമനിയിലെ നൂറുകണക്കിന്‌ യഹോവയുടെ സാക്ഷികൾ നാസി പീഡനത്തിന്റെ ഫലമായി മരിച്ചു.

മറ്റു മതങ്ങളിൽപ്പെട്ട ധീരരായ വ്യക്തികളും തങ്ങളുടെ വിശ്വാസങ്ങൾക്കായി യാതന അനുഭവിച്ചു എന്നതു ശരിതന്നെ. എന്നാൽ യഹോവയുടെ സാക്ഷികൾ ഒരു ഏകീകൃതമതം എന്നനിലയിൽ ഒറ്റക്കെട്ടായാണ്‌ അങ്ങനെ ചെയ്‌തത്‌. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന അടിസ്ഥാന തിരുവെഴുത്തു തത്ത്വം അവരിൽ ബഹുഭൂരിപക്ഷവും മുറുകെപ്പിടിച്ചു.​—⁠പ്രവൃത്തികൾ 5:29; മർക്കൊസ്‌ 12:17.

പ്രശ്‌നത്തിന്റെ മൂലകാരണം

അതുകൊണ്ട്‌ മനുഷ്യരുടെ പ്രശ്‌നങ്ങളുടെ മൂലകാരണം മതമാണ്‌ എന്നത്‌ ഭാഗികമായി മാത്രമേ ശരിയായിരിക്കുന്നുള്ളൂ. വ്യാജമതമാണ്‌ അവയുടെ മൂലകാരണം. എന്നാൽ വളരെ പെട്ടെന്നുതന്നെ വ്യാജമതങ്ങളെയെല്ലാം തുടച്ചുനീക്കാൻ ദൈവം ഉദ്ദേശിക്കുന്നു. (വെളിപ്പാടു 17:16, 17; 18:21) നീതിയെയും ന്യായത്തെയും സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിയോടുമുള്ള അവന്റെ കൽപ്പന ഇതാണ്‌: “എന്റെ ജനമായുള്ളോരേ, അവളുടെ [അതായത്‌, വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോണിന്റെ] പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്‌.” (വെളിപ്പാടു 18:4, 5) അതേ, ‘കലഹത്തിനു തിരികൊളുത്തുകയും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുകയും യാഥാർഥ്യങ്ങളിൽനിന്ന്‌ ഒളിച്ചോടാൻ ഇടയാക്കുന്ന മിഥ്യകൾ മനുഷ്യ മസ്‌തിഷ്‌കത്തിൽ കുത്തിനിറയ്‌ക്കുകയും മനുഷ്യരെ സങ്കുചിതമനസ്‌കരും അന്ധവിശ്വാസികളും, വിദ്വേഷവും ഭയവും നിറഞ്ഞവരും ആക്കിത്തീർക്കുകയും’ ചെയ്യുന്ന മതം ദൈവത്തെ അങ്ങേയറ്റം കോപിപ്പിക്കുന്നു.

എന്നാൽ അതിനിടയിൽ ദൈവം, സത്യത്തെ സ്‌നേഹിക്കുന്നവരെ നിർമലമതത്തിലേക്കു കൂട്ടിച്ചേർക്കുകയാണ്‌. സ്‌നേഹവാനും നീതിമാനും കരുണാമയനുമായ സ്രഷ്ടാവിന്റെ തത്ത്വങ്ങളോടും ഉപദേശങ്ങളോടും പറ്റിനിൽക്കുന്ന മതമാണ്‌ അത്‌. (മീഖാ 4:1, 2; സെഫന്യാവു 3:8, 9; മത്തായി 13:30) നിങ്ങൾക്ക്‌ അതിന്റെ ഭാഗമായിരിക്കാൻ കഴിയും. നിർമലമതത്തെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി ഈ മാസികയുടെ പ്രസാധകർക്ക്‌ എഴുതുകയോ യഹോവയുടെ സാക്ഷികളിൽ ആരുടെയെങ്കിലും സഹായം ആവശ്യപ്പെടുകയോ ചെയ്യുക.

[7-ാം പേജിലെ ചിത്രം]

എല്ലാ പശ്ചാത്തലങ്ങളിൽനിന്നുമുള്ള ആളുകൾ നിർമലമതത്തിൽ സന്തോഷം കണ്ടെത്തുന്നു