യഹോവയുടെ സാക്ഷികൾ നിങ്ങളെ ആവർത്തിച്ചു സന്ദർശിക്കുന്നത് എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികൾ നിങ്ങളെ ആവർത്തിച്ചു സന്ദർശിക്കുന്നത് എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികൾ വീടുതോറുമുള്ള തങ്ങളുടെ ശുശ്രൂഷയിൽ കാട്ടുന്ന സ്ഥിരോത്സാഹം ലോകവ്യാപകമായി അറിയപ്പെടുന്ന ഒന്നാണ്. സാക്ഷികൾ ആവർത്തിച്ച് തങ്ങളെ സന്ദർശിക്കുന്നത് എന്തുകൊണ്ടാണെന്ന് ചില ആളുകൾ അതിശയിക്കുന്നു, വിശേഷിച്ചും സാക്ഷികളുടെ സന്ദേശത്തിൽ മുമ്പൊരിക്കലും അവർ താത്‌പര്യം കാണിച്ചിട്ടില്ലെങ്കിൽ. റഷ്യയിൽ നിന്നുള്ള രണ്ടു കത്തുകൾ ഇതിന്റെ കാരണം വിശദീകരിക്കാൻ സഹായിക്കുന്നു.
“സത്യംപറഞ്ഞാൽ, മുമ്പ് ഞാൻ സാക്ഷികളെ എങ്ങനെയും ഒഴിവാക്കാൻ ശ്രമിച്ചിരുന്നു” എന്ന് ഖാബറൊഫ്‌സ്‌ക്കിൽ താമസിക്കുന്ന മാഷാ എന്ന പത്തൊമ്പതുകാരി സമ്മതിച്ചു പറയുന്നു. എന്നിരുന്നാലും, സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന മാസികകളുടെ ഏതാനും പ്രതികൾ വായിച്ചപ്പോൾ അവളുടെ മനോഭാവം മാറി. അവൾ ഇങ്ങനെ എഴുതുന്നു: “ഇവയിലെ വിവരങ്ങളെല്ലാം വളരെ രസകരവും വിജ്ഞാനപ്രദവുമാണ്. ഏറ്റവും പ്രധാനമായി, ലോകത്തെ മറ്റൊരു ദൃഷ്ടികോണിൽ നോക്കിക്കാണാൻ അവ നിങ്ങളെ സഹായിക്കുന്നു. ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ് എന്ന് സാവധാനം എനിക്കു മനസ്സിലാകാൻ തുടങ്ങി.”
വ്‌ളാഡിവൊസ്റ്റോക്കിന് ഏതാണ്ട് 80 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന യൂസുരിസ്‌ക് നഗരത്തിൽനിന്ന് സ്വയറ്റ്‌ലാനാ ഇങ്ങനെ എഴുതി: “ഈയിടെയാണ് വീക്ഷാഗോപുരം, ഉണരുക! മാസികകൾ ഞാൻ വായിക്കാൻ തുടങ്ങിയത്. ഞങ്ങളെപ്പോലുള്ളവർക്ക് ഇക്കാലത്ത് ഈ മാസികകൾ ശരിക്കും ആവശ്യമാണ്. എല്ലാ ലേഖനങ്ങളും ഞാൻ ആസ്വദിക്കാറുണ്ട്. അവ വളരെ രസകരവും വിജ്ഞാനപ്രദവും പ്രബോധനാത്മകവുമാണ്. നിങ്ങൾക്കു ഞാൻ നന്ദി പറയട്ടെ! ഈ ലോകത്തിൽ ഇത്ര ദയാപൂർണവും അനിവാര്യവുമായ വേല ചെയ്യാൻ നിങ്ങൾ ഉള്ളതിൽ വളരെ വളരെ നന്ദി!”
“പ്രസംഗിക്കുന്നവൻ ഇല്ലാതെ [ആളുകൾ] എങ്ങനെ കേൾക്കും?” എന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ ചിന്തോദ്ദീപകമായ ചോദ്യത്തെ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ഗൗരവത്തോടെ കാണുന്നു. (റോമർ 10:14) അടുത്ത പ്രാവശ്യം യഹോവയുടെ സാക്ഷികൾ നിങ്ങളെ സന്ദർശിക്കുമ്പോൾ അവർ പറയുന്നതു ശ്രദ്ധിക്കാൻ ഏതാനും മിനിട്ടുകൾ എടുത്തുകൂടേ? ദൈവവചനമായ ബൈബിളിലുള്ള സമാശ്വാസത്തിന്റെ സന്ദേശം നിങ്ങളും ആസ്വദിച്ചേക്കാം.